19 Nov 2012

എയറില്‍ നിര്‍ത്തുന്ന എയര്‍ ഇന്ത്യ

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത്, തപാല്‍ കൊണ്ടുപോകാന്‍ വേണ്ടി കറാച്ചിയില്‍നിന്ന് മുംബൈയിലേക്ക് ഒരു ചെറുവിമാനവുമായി തുടങ്ങിയതാണ് ഇന്നത്തെ എയര്‍ ഇന്ത്യ. ജെ ആര്‍ ഡി ടാറ്റ തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി തുടങ്ങിയ സ്ഥാപനം പതുക്കെ വളര്‍ന്ന് യാത്രാ വിമാനക്കമ്പനിയായി....രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായി എയര്‍ഇന്ത്യയെ മാറ്റിയത് 1953ലാണ്. പാതി ഓഹരി
കള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ആണ് ഇത് സാധ്യമാക്കിയത്...അതിനു ശേഷം വളര്‍ച്ചയുടെ കാലഘട്ടം ആയിരുന്നു...ഒരുഘട്ടത്തില്‍ ലോകത്തെ ഏറ്റവും മികച്ച യാത്രാ വിമാനങ്ങള്‍ എയര്‍ഇന്ത്യയുടേതാണെന്ന് വാഴ്ത്തപ്പെട്ടിരുന്നു. സമയനിഷ്ഠയുടെയും സേവന സന്നദ്ധതയുടെയും കാര്യത്തില്‍ എയര്‍ഇന്ത്യ ലോകനിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു..പെട്ടെന്ന് തന്നെ വിശ്വാസ്യത പിടിച്ചു പറ്റി ലാഭക്കുതിപ്പില്‍ ആയിരുന്നു ഇന്ത്യയുടെ സ്വന്തം പുഷ്പകവിമാനം...
ഇന്ന് എയര്‍ ഇന്ത്യയുടെ ചിഹ്നവുമായി നൂറിലേറെ വിമാനങ്ങള്‍ പറക്കുന്നു. മുപ്പതോളം വിമാനങ്ങള്‍ നിര്‍മാണദശയിലാണ്. പക്ഷേ, എയര്‍ഇന്ത്യയുടെ വളര്‍ച്ച കീഴോട്ടാണ്. വിശ്വസിക്കാന്‍ കൊള്ളാത്ത,യാത്രക്കാരെ ദ്രോഹിക്കുന്ന വിമാന സര്‍വീസുകളുടെ നിരയില്‍ ഒന്നാമതെത്താനാണ് കമ്പനി മത്സരിക്കുന്നത്..കുത്തഴിഞ്ഞ ഭരണവും സ്വകാര്യ എയര്‍ലൈന്‍ മുതലാളിമാരുടെ ഇടപെടലും എയര്‍ ഇന്ത്യയെ വിഴുങ്ങാന്‍ തുടങ്ങുന്നു...

  എയര്‍ ഇന്ത്യ എന്നത് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയാണ്...പക്ഷെ ശത്രു രാജ്യത്തിന്റെ വിമാനക്കമ്പനിയാണോ എന്ന് സംശയിക്കത്തക്ക രീതിയിലാണ് അവരുടെ അതിമഹത്തായ കസ്റ്റമര്‍ സര്‍വീസ്‌...,..മറ്റു രാജ്യങ്ങളുടെ വിമാനക്കമ്പനികളെ അവിടത്തെ സര്‍ക്കാരുകളും ജനങ്ങളും ലാഭത്തിലേക്ക് മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ ഇവിത്തെ ഗവണ്മെന്റും പിച്ചക്കാശിനു ആര്‍ത്തിയുള്ള കുറെ ഉദ്യോഗസ്ഥന്മാരും ഇതിനെ എങ്ങനെയെങ്കിലും തകര്‍ത്തു പൂട്ടിക്കെട്ടാന്‍ ആണ് ശ്രമിക്കുന്നത്... വിമാനം പറത്തി പണം സമ്പാദിച്ചു കുട്ടികള്‍ക്ക് ഭക്ഷണവും ഭാര്യക്ക് ലിപ്സ്റ്റിക്കും  അടക്കം വാങ്ങി കൊടുക്കുന്ന പൈലറ്റും കസ്റ്റമേഴ്സിന്‍റെ കാശ് കൊണ്ട് കുടുംബം പട്ടിണി ആകാതെ നോക്കുന്ന  വിമാന ജോലിക്കാര്‍ വരെ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഒന്നല്ല ഒരായിരം ചോദ്യം നമ്മുടെ ഉള്ളില്‍ നിന്നും ഉയരും...സ്വന്തം കഞ്ഞി കുടി മുട്ടിച്ചും ഒരു ജോലി ചെയ്യുന്ന കമ്പനി പൂട്ടിക്കും എന്ന് വാശി പിടിച്ചു നടക്കുന്നതിനു പിന്നില്‍ അഹങ്കാരം അല്ല മറ്റൊരു നിഗൂഡ ലക്‌ഷ്യം കൂടി ഉണ്ട് എന്ന് ചുഴിഞ്ഞു നോക്കിയാല്‍ മനസ്സിലാകും...
   
  എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും ഇന്ത്യക്കാര്‍ ആദ്യം ആശ്രയിക്കുക സ്വന്തം വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ തന്നെയാണ്...കുറഞ്ഞ ടിക്കറ്റ്‌ നിരക്കുകള്‍ മാത്രമല്ല സ്വന്തം കമ്പനിയോടുള്ള സ്നേഹവും അതിനൊരു കാരണമാണ്...പക്ഷെ പ്രവാസികളുടെ പിന്തുണ ഇത്രയധികം ഉണ്ടായിട്ടും, ഒരു ട്രിപ്പ്‌ പോലും ആളില്ലാതെ പറക്കേണ്ട അവസ്ഥ ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും എയര്‍ ഇന്ത്യ ചിറ്റമ്മ നയം തുടരുന്നത് ആരോടൊക്കെയോ എന്തൊക്കെയോ പിച്ചക്കാശു വാങ്ങിയിട്ട് തന്നെയാണെന്ന് വ്യക്തമാണ്...പൊതുവേ ഏറ്റവും അധികം യാത്രക്കാര്‍ ഉണ്ടാകാറുള്ള കേരള- ഗള്‍ഫ്‌ സെക്ടര്‍ മേഖലയോടാണ് എയര്‍ ഇന്ത്യ കടുത്ത അവഗണന കാണിക്കാറുള്ളത്...തിരുവനന്തപുരത്ത് ഈ ആഴ്ച അരങ്ങേറിയ റാഞ്ചല്‍ നാടകത്തിന് ശേഷം എയര്‍ ഇന്ത്യക്കെതിരെ പ്രവാസികളുടെ രോഷം അണ പൊട്ടി ഒഴുകുകയാണ്...
  ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രവാസികാര്യമന്ത്രിയോ മലയാളികളായ മറ്റു കേന്ദ്രമന്ത്രിമാരോ ഈ വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പറയാനോ ഒരു ആശ്വാസവാക്ക് എങ്കിലും കേസ്‌ എടുത്തു പീഡിപ്പിക്കപ്പെടുന്ന യാത്രക്കാരോട് പറയാനോ കൂട്ടാക്കിയിട്ടില്ല...അവഗണനയും അവഹേളനവും പരമാവധി അനുഭവിച്ചു...കൊച്ചുകുട്ടികള്‍ മുതല്‍ ഗര്‍ഭിണികള്‍ വരെ ഉള്ളവര്‍ എന്ത് ചെയ്യണം ആരോട് പറയണം എന്നറിയാതെ വിഷമിക്കുന്നു...വെള്ളം കുടിക്കാന്‍ ചോദിച്ചപ്പോള്‍ ഏതോ അപരിഷ്കൃത ലോകത്ത് നിന്നും വന്നത് പോലെ മൂത്രം കുടിക്കാന്‍ പറയുന്നു...ഇതൊക്കെ പറയുന്നത് മൂത്രം കുടിച്ചും ഉച്ചിഷ്ടം തിന്നും ജീവിക്കുന്നവരല്ല...ജനങ്ങളുടെ കാശ് കൊണ്ട് പഞ്ചനക്ഷത്രഹോട്ടലുകളിലും മറ്റും താമസിച്ചു മൃഷ്ടാന്നം ഭക്ഷിച്ചു വീമാനം പറത്താന്‍ വരുന്ന വിദ്യാസമ്പന്നര്‍ എന്ന് അഹങ്കരിക്കുന്ന വിമാന ജോലിക്കാര്‍ തന്നെയാണ്... ഇതിനെതിരെയൊക്കെ പ്രതികരിച്ചപ്പോള്‍ രാജ്യദ്രോഹി ആയി മുദ്ര കുത്തപ്പെടുകയും ചെയ്തിരിക്കുന്നു...അതിനു ശേഷമാണ് എയര്‍ ഇന്ത്യ ബഹിഷ്കരിക്കുക എന്നാ ഒരു ആഹ്വാനം പ്രവാസികള്‍ക്കിടയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും മറ്റു ഇന്റര്‍നെറ്റ്‌ കൂട്ടായ്മകളിലൂടെയും മുഴങ്ങി കേള്‍ക്കുന്നത്...
  അഴിമതിക്കാര്‍ ഇച്ചിച്ചതും പ്രവാസികള്‍ കല്‍പ്പിച്ചതും പാല് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്...പ്രവാസികള്‍ എയര്‍ ഇന്ത്യയെ ബഹിഷ്കരിച്ചു മറ്റു വിമാന കമ്പനികളെ ആശ്രയിക്കേണ്ടത് കേന്ദ്രമന്ത്രിസഭയില്‍ പിടിപാടുള്ള ചില സ്വകാര്യവിമാനകമ്പനി മുതലാളിമാരുടെയും രാഷ്ട്രീയഭിക്ഷാംദേഹികളുടെയും ആവശ്യമായിരുന്നു....പ്രവാസികള്‍ ഒന്നിച്ച് എയര്‍ ഇന്ത്യയെ വിശ്വസിക്കാന്‍ കഴിയില്ല എന്ന് മുറവിളി കൂട്ടുമ്പോള്‍ വിശ്വാസ്യത അഭിനയിച്ച് മേഖല കൈയടക്കുന്നത് ചില കേന്ദ്രമന്ത്രിമാര്‍ക്കടക്കം പങ്കാളിത്തമുള്ള സ്വകാര്യ കമ്പനികളാണ്. എയര്‍ഇന്ത്യ സര്‍വീസ് റദ്ദാക്കുമ്പോള്‍ പെട്ടെന്ന് യാത്രചെയ്യാന്‍ വലിയ തുക കൊടുത്ത് സ്വകാര്യ കമ്പനികളെ തേടിപ്പോകാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നു...അതിനു വേണ്ടി തന്നെയാണ് അവരുടെ കോഴ വാങ്ങി ഈ അധികാരികള്‍ ഇത്രയും വൃത്തി കെട്ട കളികള്‍ കളിക്കുന്നത്...ഗള്‍ഫ് സെക്ടറില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 10,000 ചുവടെയാണ് പൊതുവെ നിരക്ക്. എയര്‍ഇന്ത്യ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ അരലക്ഷം രൂപവരെ ടിക്കറ്റ് നിരക്ക് ഈടാക്കിയ അനുഭവമുണ്ടായി..അപ്പോള്‍ പിന്നെ എയര്‍ ഇന്ത്യ ഇല്ലാതായാല്‍ ഉള്ള അവസ്ഥ പറയേണ്ടതില്ലല്ലോ...

പണ്ടൊക്കെ സമയത്തിന് വരാത്തതും പോകാത്തതുമായിരുന്നു എയര്‍ ഇന്ത്യ വീമാനത്തിന്‍റെ പ്രധാന വിനോദമെങ്കില്‍ ഇന്നിപ്പോള്‍ ക്രൂരതകള്‍ നിരവധിയാണ്. അടുപ്പിച്ചു അടുപ്പിച്ചു പല പല അഴകൊഴമ്പന്‍ ന്യായങ്ങള്‍ പറഞ്ഞു വിമാനങ്ങള്‍ റദ്ദു ചെയ്യല്‍ കലാപരിപാടികള്‍ സ്ഥിരമായിരിക്കുന്നു. ടിക്കറ്റ്‌ ഒക്കെ എടുത്തു ലഗേജ്‌ ഒക്കെ കയറ്റി മറ്റു നടപടികളെല്ലാം കഴിഞ്ഞ് വിമാനത്തില്‍ കയറിയിരുന്നാലും പുറപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥ..ഇനി അഥവാ പുറപ്പെട്ടാലും എത്തേണ്ട ഇടത്ത് ഇറക്കുമെന്ന കാര്യത്തിലും ഉറപ്പില്ല...വന്‍ തുക നല്കി് ടിക്കെറ്റെടുത്താലും സ്ഥിതി മറിച്ചല്ല.യാത്രക്കാരന്റെ് ലഗേജ്‌ സമയത്തിനു കിട്ടാത്തതും, നഷ്ടപ്പെടുന്നതും, വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്നതും ഒരു പുതിയ വാര്‍ത്ത അല്ല...
ഇതിനെ ചോദ്യം ചെയ്ത യാത്രക്കാരെ ആക്രമിക്കാനും ,തെറി പറയാനും ഒടുവില്‍ “വിമാന റാഞ്ചികള്‍” എന്നും മുദ്രകുത്തി കേസ്‌ എടുത്തു പീഡിപ്പിക്കാനും എയര്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നു...
ഇതൊക്കെ കണ്ടു പാവം പ്രവാസി ഇനി പ്രതികരിക്കാന്‍ ഇല്ല സഹിച്ചിടത്തോളം മതി...ഇനി ബഹിഷ്കരണം തന്നെയാണ് പ്രതിവിധി എന്ന് മനസ്സില്ലാ മനസ്സോടെ പ്രഖ്യാപിക്കുന്നു..ഇതുകേട്ട് കൈ കൊട്ടി ചിരിക്കുന്നവര്‍ അങ്ങ് മണിമാളികകളില്‍ ഉണ്ട് എന്ന് നാം തിരിച്ചറിയണം...ഇതിനു വേണ്ടിയാണ് സ്വകാര്യവിമാനകമ്പനി മുതലാളിമാര്‍ ശ്രമിച്ചതും അധികാരികളെ വാടകയ്ക്ക് എടുത്തത്‌ എന്നും നാം മനസ്സിലാക്കണം...
ബഹിഷ്കരണം അല്ല അതിശക്തമായ സമരം ആണ് നടത്തേണ്ടത്..അതിനുള്ള നടപടികള്‍ ആണ് തുടങ്ങേണ്ടത്...
ആദ്യം ഗള്‍ഫില്‍ പുട്ടടിക്കാനും പിരിവിനും വരുന്ന കുറച്ചു അഴിമതിക്കാരും ഇത്തിള്‍ക്കണ്ണികളും നുണയന്‍മാരുമായ നേതാക്കന്മാരെ ആണ് ബഹിഷ്ക്കരിക്കേണ്ടത്...അവര്‍ വരുമ്പോള്‍ പരവതാനി വിരിച്ചു സ്വന്തം വീട്ടില്‍ കൊണ്ട് പോയി ഭക്ഷണം കൊടുത്തും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താംസിപ്പിച്ചും തിരിച്ചു പോകുമ്പോള്‍ മക്കള്‍ക്ക്‌ കളിപ്പാട്ടങ്ങളും ഭാര്യക്ക് അടുക്കള സാധനങ്ങളും കൈ നിറയെ കാശും കൊടുത്തു വിടുന്ന ഏര്‍പ്പാട് നിര്‍ത്തേണ്ടിയിരിക്കുന്നു....പ്രതിഷേധം സംഘടിപ്പിക്കാനും അത് നാട്ടിലും ഇവിടെയും അതിശക്തമായി നിലനിര്‍ത്താനും ശ്രമിക്കണം... അതിലൂടെ പ്രവാസികളുടെ ശക്തി എന്താണെന്ന് കാണിച്ചു കൊടുക്കണം...
അതായിരിക്കട്ടെ ഇനി പ്രവാസികളുടെ മുദ്രാവാക്യം...