6 Feb 2014

മരുന്നിന്‍റെ മണമുള്ള ഓര്‍മ്മകള്‍ -2

ഏതാണ്ട് രണ്ടാഴ്ചയോളം വേണ്ടി വന്നു ബി പി ഒക്കെ നോര്‍മല്‍ ആയി അച്ഛന്‍ ഓപ്പറേഷന് സജ്ജമാകാന്‍. ഞങ്ങളെക്കാള്‍ മുന്നേ വന്നവര്‍ ഇപ്പോഴും ഓപ്പറേഷന്‍ കാത്തു കഴിയുന്നതും ഞങ്ങള്‍ക്ക് ശേഷം വന്നവര്‍ ഓപ്പറേഷന്‍ കഴിഞ്ഞു സുഖമായി പോയതും ഒക്കെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഓപ്പറേഷന്റെ ദിവസം അടുത്തപ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടി ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ധൈര്യം നല്‍കുന്ന ആള്‍ കിടപ്പിലാകുമ്പോള്‍ തോന്നുന്ന ആ സുരക്ഷിതത്വമില്ലായ്മ.

പക്ഷെ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാം സാന്നിധ്യവും, ഒരു കൈ അകലത്തില്‍ എന്തും കിട്ടുന്ന അന്തരീക്ഷവും അച്ഛന്‍റെ കൂസലില്ലായ്മയും ആയപ്പോള്‍ എവിടെ നിന്നൊക്കെയോ ധൈര്യം കിട്ടിത്തുടങ്ങിയിരുന്നു. ഓപ്പറേഷനോട് അടുപ്പിച്ച്  എക്സ് പ്രണയിനി എന്നോ പ്രണയിനി എന്നോ വിശേഷിപ്പിക്കാവുന്ന അവള്‍ വിളിച്ചു. കുറെ കാലത്തിനു ശേഷം ആദ്യമായും അവസാനമായും കുറെ നേരം സംസാരിച്ചു. ശരിക്കും അതൊരു ധൈര്യം ആയിരുന്നു. ഒരു ആശ്വാസം പോലെ. നമ്മള്‍ ഇഷ്ടപ്പെടുന്നവരോട് മനസ്സ് തുറന്നു സംസാരിച്ചാല്‍, അവരുടെ അടുത്ത് നിന്ന് ഒക്കെ ശരിയാവും ഡാ എന്നൊരു വാക്ക് കേട്ടാല്‍ തന്നെ പലപ്പോഴും നമുക്കൊരു ധൈര്യം കിട്ടും. ഇത്തരം അവസരങ്ങളില്‍ മാത്രമല്ല. സില്ലി ആണെന്ന് തോന്നുന്ന ചില ഫ്രസ്ട്രെഷന്‍സ്‌ അനുഭവിക്കുമ്പോഴും നമുക്ക് ആരോടെങ്കിലും മിണ്ടാന്‍ തോന്നും. ചിലതൊക്കെ നമ്മളെ ശ്രദ്ധിക്കുന്നു എന്ന് തോന്നുന്നവരുമായി പങ്കിട്ടാല്‍ കിട്ടുന്ന ഊര്‍ജ്ജം വളരെ വലുതാണ്‌.

ശരിക്കും എല്ലാവര്‍ക്കും ഓപ്പറേഷന്റെ അന്നാണ് ടെന്‍ഷന്‍ ഉണ്ടാവേണ്ടത്. പക്ഷെ എനിക്ക് നേരെ തിരിച്ചായിരുന്നു. ഓപ്പറേഷന്റെ അന്ന് ഞാന്‍ തികച്ചും നോര്‍മല്‍ ആയിരുന്നു. അധികം ടെന്‍ഷന്‍ ഒന്നും എന്നെ അലട്ടിയില്ല. നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുപോലെ തന്നെ യാതൊരു ബുദ്ധിമുട്ടുകളും വെപ്രാളങ്ങളും ഉണ്ടാകാതെ ഓപ്പറേഷനും കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റി. പക്ഷെ അനസ്ത്യഷ്യുടെ ഒക്കെ പരിണിതഫലമായി ബോധം തീരെ ഇല്ലായിരുന്നു കുറച്ചു സമയം. ഞരങ്ങുകയും മൂളുകയും ഒക്കെ ചെയ്യും. അതുകണ്ട് നില്‍ക്കാന്‍ കുറച്ചു പ്രയാസമാണ്. കാരണം ഞാന്‍ അച്ഛനെപ്പേടിയുള്ള കൂട്ടത്തില്‍ ആയിരുന്നു. വീട്ടില്‍ അധികസമയവും അച്ഛന്റെ മുന്നില്‍ പെടാതെ കഴിയും. ഒരു നോട്ടം നോക്കിയാല്‍ ദഹിച്ചു പോകുന്ന ടൈപ്പ്‌ ബോഡി ലാംഗ്വെജും മറ്റും ആയിരുന്നു അച്ഛന്. ദേഷ്യപ്പെടുമ്പോള്‍ നല്ലപോലെ ഒച്ച ഉയര്‍ത്തി സംസാരിക്കും. മുഖമൊക്കെ ചുവന്ന് വരും. അനിയത്തിയെക്കാളും അമ്മയെക്കാളും എനിക്കായിരുന്നു പേടി. പക്ഷെ ഇതുവരെ തല്ലിയിട്ടുമില്ല.  തല്ലിയെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്. എന്തെങ്കിലും തെറ്റ് ചെയ്‌താല്‍ നമ്മളെ ഓടിച്ചിട്ട്‌ നാല് അടി അടിച്ചാല്‍ കഴിഞ്ഞല്ലോ എന്ന് വിചാരിക്കും. പക്ഷെ അച്ഛന്‍ അങ്ങനെ ആയിരുന്നില്ല. നമ്മളെ മുള്‍മുനയില്‍ നിര്‍ത്തും. ഇപ്പൊ ചോദിക്കും ചോദിക്കും എന്ന് വിചാരിക്കുന്ന അവസരങ്ങളില്‍ ഒന്നും ചോദിക്കില്ല. അപ്രതീക്ഷിതമായാണ് ചോദ്യം വരിക. എത്ര കള്ളങ്ങള്‍ മനസ്സില്‍ ആവര്‍ത്തിച്ചു ഉറപ്പിച്ചാലും ഒടുവില്‍ ആ ചോദ്യം കേള്‍ക്കുമ്പോള്‍ സത്യം തന്നെ പറഞ്ഞു പോകും. പിന്നെ കുറച്ചു ചീത്തയും പറഞ്ഞു ഗുണദോഷിച്ചു വിടും. പക്ഷെ അതിനു ശേഷമുള്ള ശാന്തതയാണ് ഏറ്റവും അസഹനീയം. വേറെ ഒരു കാര്യവും ചോദിക്കില്ല. കണ്ടാല്‍ ചന്തയില്‍ കണ്ട പരിചയം പോലും കാണിക്കില്ല.. അങ്ങനെ ആദ്യം വയലന്റ് ആയി പിന്നീട് സയലന്റ്റ്‌ ആയി ശിക്ഷിക്കുന്ന ഒരു രീതിയായിരുന്നു അച്ഛന്.

ആ ആളാണ്‌ ഇങ്ങനെ കിടക്കുന്നത് എന്ന് വിശ്വസിക്കാന്‍ പോലും മനസ്സൊന്നു മടിച്ചു. അച്ഛാ എന്ന് പോലും മുഖത്ത് നോക്കി അധികം വിളിച്ചിട്ടില്ലാത്ത, അധിക നേരം കൂടെ ഇരിക്കാത്ത ഞാന്‍ ശരിക്കും ആ സമയത്ത് ഒരു അപരിചിതനെ പോലെ ആയിരുന്നു അവിടെ നിന്നിരുന്നത്. എന്ത് ചെയ്യണം എന്നറിയാതെ. എങ്ങനെ ശുശ്രൂഷിക്കണം എന്നറിയാതെ. രണ്ടു പതിറ്റാണ്ടുകള്‍ എനിക്ക് തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പകരമായി എനിക്ക് കിട്ടിയ ഒരു അവസരം ആണ് ഇതെന്നു എന്‍റെ മനസ്സ് മന്ത്രിച്ചു. ആദ്യത്തെ അമ്പരപ്പ്‌ മാറിയപ്പോള്‍ ശരിക്കും ഒരു കൊച്ചുകുട്ടിയെപ്പോലെ കണ്ടു അമ്മയോടൊപ്പം ഞാനും കൂടി. പൂര്‍ണമായും ഉറങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ട് മയങ്ങുമ്പോള്‍ ഇടയ്ക്കിടയ്ക്ക് തട്ടി വിളിച്ച് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. സത്യത്തില്‍ പേടിയില്ലാതെ ഞാന്‍ എന്തെങ്കിലും അച്ചന്റെ മുഖത്ത് നോക്കി സംസാരിചിട്ടുണ്ടെങ്കില്‍ അത് അപ്പോഴായിരുന്നു. അതിനു മുന്‍പും അതിനു ശേഷവും അങ്ങനെ ഉണ്ടായിട്ടില്ല. രണ്ടു ദിവസത്തോളം ഒരിടത്തും പോകാതെ കൂടെ നിന്നു. ഒടുവില്‍ ഒരുവിധം ഒക്കെ നോര്‍മല്‍ ആയപ്പോള്‍ ആണ് ഞാന്‍ ആ പരിസരത്ത് നിന്നു അല്‍പ്പം വലിഞ്ഞു തുടങ്ങിയത്. കാരണം ആ കണ്ണുകളില്‍ നോക്കി സംസാരിക്കാനുള്ള മടി തന്നെ. പെട്ടെന്ന് തന്നെ അച്ഛന്‍ ആരോഗ്യം വീണ്ടെടുക്കാന്‍ തുടങ്ങുകയും അങ്ങനെ നാലഞ്ചു ദിവസത്തിന് ശേഷം എണീറ്റ്‌ നടക്കാവുന്ന സ്ഥിതിയാവുകയും ചെയ്തു. അധികം താമസിയാതെ  വീട്ടില്‍ പോകാനും പറ്റി. ഒരു മാസത്തെ കമ്പ്ലീറ്റ്‌ ബെഡ് റസ്റ്റ്‌ ആയിരുന്നു പറഞ്ഞിരുന്നത്. ഇടയ്ക്ക് ഒന്നുരണ്ടു വട്ടം ചില ചെറിയ ചെറിയ പ്രശ്നങ്ങള്‍ മൂലം വീണ്ടും ഡോക്ടറെ കാണേണ്ടി വന്നെങ്കിലും  ഇപ്പോള്‍ ആളു പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നു.  ഞാന്‍ ഇങ്ങ് മണലാരണ്യത്തിലേക്ക് പോരുകയും ചെയ്തു. പോരുന്നതിനു മുന്നേ എന്നെ ഒന്ന് കെട്ടിപ്പിടിച്ചിരുന്നു. അപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. എത്രയോ വട്ടം മാസങ്ങളോളം  വീട്ടില്‍ നിന്നും പിരിഞ്ഞു താമസിച്ചിട്ടും ഒന്നും ഇല്ലാത്ത ആ കണ്ണീര്‍ എന്തിനെന്ന് എനിക്ക് ഊഹിക്കാം. നേരിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും ഞങ്ങളുടെ മനസ്സുകള്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചിരുന്നു.  അല്ലെങ്കിലും വികാരങ്ങള്‍ പങ്കു വെക്കാന്‍ ഭാഷ വേണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. ഒരു തലോടലില്‍, ഒരു ചുംബനത്തില്‍, ഒരു നോട്ടത്തില്‍ എല്ലാം നമുക്ക് ആശയവിനിമയം നടത്താം.

ആശുപത്രിയിലെ ഒരു അനുഭവം കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ത്തിയാവില്ല. യൂറോളജി വാര്‍ഡില്‍ ഞങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് ഓപ്പറേഷന് അഡ്മിറ്റ്‌ ആയ, അല്‍പ്പം പ്രായമായ ഒരാള് ഉണ്ടായിരുന്നു. പുള്ളിയുടെ കൂടെ ഭാര്യയായിരുന്നു ഉണ്ടായിരുന്നത്. ഓപ്പറേഷന് കൊണ്ട് വന്ന ആളെ പോലെ തന്നെ അവശ ആയിരുന്നു ഭാര്യയും. പക്ഷെ രണ്ടു പേരെ കാണാനും നല്ല ഭംഗി ആയിരുന്നു. ഗതകാല പ്രൌഡിയുടെ ഓര്‍മ്മകള്‍ അവരുടെ കണ്ണുകളില്‍ കാണാമായിരുന്നു. പ്രേമിച്ചു വിവാഹം കഴിച്ചതായിരിക്കുമോ എന്നൊക്കെ ഞാന്‍ ഇങ്ങനെ ആലോചിക്കുമായിരുന്നു. ബന്ധുക്കളെയൊക്കെ പിണക്കി. കാരണം അവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ഒരു നഴ്സ് ആയിരുന്നു അവര്‍ക്ക് മരുന്ന് വാങ്ങി കൊണ്ട് കൊടുത്തതും ഭക്ഷണം വാങ്ങി കൊണ്ട് കൊടുത്തതുമൊക്കെ. ഞങ്ങള്‍ വിചാരിച്ചിരുന്നത് അത് അവരുടെ മകളുടെ മകളോ ഏതെങ്കിലും ബന്ധുവോ ഒക്കെ ആണെന്നായിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും വന്നു നോക്കി അഞ്ചു മിനുട്ട് ഇരുന്നിട്ട് പോകുന്ന  ഒന്നോ രണ്ടോ ബന്ധുക്കള്‍ അല്ലാതെ വേറെ സന്ദര്‍ശകര്‍ ആരും വന്നില്ല. ആദ്യത്തെ ഒന്നുരണ്ടു ദിവസങ്ങളില്‍ ഞങ്ങള്‍ സംസാരിക്കാനും പോയില്ലായിരുന്നു. ആ നഴ്സ് വാങ്ങിക്കൊണ്ടു കൊടുക്കുന്ന ഭക്ഷണവും മരുന്നും ഒക്കെ ഭര്‍ത്താവിനെ കൊണ്ട് കഴിപ്പിക്കുന്നതില്‍ അതീവശ്രദ്ധയായിരുന്നു അവര്‍ പുലര്‍ത്തിയിരുന്നത്. സ്നേഹത്തോടെയും ചിലപ്പോള്‍ ശാസിച്ചും അവര്‍ അടുതങ്ങനെ ഇരിക്കും. അത് കാണുമ്പോള്‍ അവരുടെ യൌവ്വനകാലം എത്ര സുന്ദരമായിരിക്കും എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അതോ യൌവ്വനത്തില്‍ കൊടുക്കാന്‍ കഴിയാത്ത സ്നേഹം ഇപ്പോള്‍ ജീവിതസായന്തനത്തില്‍ കൊടുക്കുന്നതാകുമോ?

ഞാന്‍ സാധാരണ ഉറങ്ങാന്‍ രണ്ടും മൂന്നും മണി ഒക്കെ ആകും. ഒന്നുകില്‍ ഫേസ്ബുക്കിലും മറ്റും നോക്കി ഇരിക്കും. അല്ലെങ്കില്‍ വീട്ടില്‍ നിന്നു കൊണ്ട് വന്ന എന്തെങ്കിലും പുസ്തകങ്ങള്‍ വായിച്ചു ഇരിക്കും അതും അല്ലെങ്കില്‍ മൊബൈലില്‍ പാട്ട് കേട്ടോ സിനിമ കണ്ടോ ഇരിക്കും. പക്ഷെ ഞാന്‍ ഉറങ്ങാന്‍ പോകുമ്പോഴും അവര്‍ ഉറങ്ങാതിരിക്കുന്നത് ഞാന്‍ ഒരു വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്. അവിടെ ഏറ്റവും അവസാനം ഉറങ്ങുന്ന ആളു ഞാനായിരുന്നു. അത് ഇപ്പോള്‍ അവര്‍ക്കായിരിക്കുന്നു. എപ്പോഴാണ് ഉറങ്ങുന്നതെന്ന് യാതൊരു പിടിയും കിട്ടിയിരുന്നില്ല. രാവിലെ ഞാന്‍ എനീക്കുന്നതിനു മുന്‍പേ എണീറ്റ്‌ ഇരിപ്പുണ്ടാകും. അമ്മയോട് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത് അമ്മയെക്കാളും മുന്‍പേ എഴുന്നേറ്റിട്ടുണ്ട് എന്നായിരുന്നു. ഇവര്‍ ഉറങ്ങാരില്ലേ എന്ന് പോലും ഞാന്‍ സംശയിച്ചു. വേറൊന്നും ചെയ്യാതെ ഭര്‍ത്താവിനോട് സംസാരിച്ചും ചിലപ്പോഴൊക്കെ നിര്‍ന്നിമേഷയായി നോക്കി നിന്നും ചിലപ്പോള്‍ നെറ്റിയില്‍ അതിലോലമായി തഴുകിയും ചിലപ്പോള്‍ ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കിയും അവര്‍ അങ്ങനെ ഇരിക്കും.

ഡ്യൂട്ടി കഴിഞ്ഞു പോയാല്‍ ഡ്രസ്സ്‌ ഒക്കെ മാറ്റി വന്നു ഇടയ്ക്കിടയ്ക്ക് ആ ഭര്‍ത്താവിനെയും ഭാര്യയെയും നോക്കുന്ന ആ നഴ്സ് ആരെന്നറിയാന്‍ നല്ല കൌതുകം ഉണ്ടായിരുന്നു, എന്തായാലും അടുത്ത ബന്ധു ആവാതെ തരമില്ല. ആളു ചെറുപ്പമാണ്. മകള്‍ അല്ല. മകളുടെ മകള്‍ ആണെങ്കില്‍ ആ മകള്‍ എന്താണ് വരാത്തത് എന്ന് ചിന്തിച്ചു.  മകളുടെയോ മകന്റെയോ മകള്‍ക്ക് ഉള്ള സ്നേഹം പോലും മക്കള്‍ക്ക് ഇല്ലാതാവുമോ? ഇങ്ങനെയൊക്കെ ചിന്തിച്ചു ചിന്തിച്ചു അവരുടെ അടുത്ത് പോയി ചോദിച്ചാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ അമ്മ വീട്ടില്‍ പോയിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പെണ്ണുങ്ങളുടെ കമ്പിയില്ലാക്കമ്പി വഴി വാര്‍ത്ത കിട്ടാന്‍ വഴി ഇല്ലായിരുന്നു. എനിക്കാണേല്‍ ചോദിക്കാനും മടി. ഒടുവില്‍ അമ്മ വന്ന ശേഷം ആണ് സംഭവങ്ങള്‍ അറിഞ്ഞത്. പുള്ളിക്കാരന്‍ ഗള്‍ഫില്‍ ആയിരുന്നു ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും. ആകെ ഒരു മകള്‍ ആണ് ഉള്ളത്. മകളും മകളുടെ ഭര്‍ത്താവും കൂടി ആയിരുന്നു വീട് നോക്കിയിരുന്നത്. കാശൊക്കെ കൈകാര്യം ചെയ്തിരുന്നത് അവര് തന്നെ ആയിരുന്നു. ഒടുവില്‍ ഗള്‍ഫ്‌ വാസം ഒക്കെ അവസാനിപ്പിച്ചു പുള്ളി വീട്ടില്‍ വന്നപ്പോഴേക്കും കാശൊക്കെ മകളുടെ ഭര്‍ത്താവിന്‍റെ പേരിലായിരുന്നു. എന്തിനേറെ വീട് അടക്കം പണയം വെച്ച് ലോണ്‍ എടുത്തിരുന്നു. കാറ് അവര് കൊണ്ട് പോയി. ഇതിന്റെ പേരില്‍ പലവട്ടം വാക്ക് തര്‍ക്കം ഉണ്ടായെങ്കിലും ഒന്നും തിരിച്ചു കൊടുക്കാനോ എന്തിനു അവരെ തിരിഞ്ഞൊന്നു നോക്കാനോ പോലും മകളും മരുമകനും തയ്യാറായില്ല എന്ന് മാത്രമല്ല കുറച്ചു മാസങ്ങള്‍ക്ക് ശേഷം അവര്‍ ആസ്ട്രേലിയയിലേക്ക് പോകുകയും അവിടെ മകളുടെ ഭര്‍ത്താവിന്‍റെ അനിയന്‍റെ കൂടെ സെറ്റില്‍ഡ് ആകുകയും ചെയ്തു. ഒടുവില്‍ വീട്  ജപ്തി ചെയത് കഴിഞ്ഞ ശേഷം ഉണ്ടായിരുന്ന സമ്പാദ്യം എല്ലാം നുള്ളിപ്പെറുക്കി അവര്‍ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. പഴയ ചില സുഹൃത്തുക്കള്‍ ഒക്കെ സഹായിച്ചു ഒരു ചെറിയ ജോലിയും ചെയ്തു വരികയായിരുന്നു. അതിനിടയ്ക്കായിരുന്നു മൂത്രസംബന്ധമായ അസുഖം വന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും.

അപ്പോള്‍ ആ നഴ്സ് ആരെന്നായി എന്‍റെ ആകാംക്ഷ. ആ നഴ്സിനെ ആദ്യമായി കാണുന്നത് അവിടെ പരിശോധനകള്‍ക്കായി വന്നപ്പോള്‍ ആണെന്നും വീഴാന്‍ പോയ അദ്ദേഹത്തെ താങ്ങിപ്പിടിക്കാനും പിന്നീടും മരുന്നുകള്‍ വാങ്ങാന് ആ ദിവസം മുഴുവന്‍ ജോലിക്കിടയില്‍ നഴ്സ് കൂടെ ഉണ്ടായിരുന്നുവെന്നും ആ പരിചയം വളര്‍ന്നാണ് ഇങ്ങനെ ആയതെന്നും അറിഞ്ഞ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടു പോയിരുന്നു. ഇത്രയും കാലം പോറ്റി വളര്‍ത്തിയ മക്കള്‍ പോലും മാതാപിതാക്കളെ അവഗണിക്കുമ്പോള്‍ തന്റെ ആരുമല്ലാതിരുന്നിട്ടും ജോലിക്ക് ശേഷവും അവരുടെ കൂടെ നിന്ന ആ നഴ്സിനോട് ബഹുമാനം ആണോ ആരാധനയാണോ തോന്നിയത് എന്ന് ഇപ്പോഴും തിരിച്ചറിയാനാവുന്നില്ല. കോഴിക്കോടിന്‍റെ സഹൃദയത്വം മുഴുവന്‍ കിട്ടിയിരിക്കുന്നത് ആ അവര്‍ക്കാണോ എന്ന് പോലും തോന്നിപ്പോയി.

ഇതൊക്കെ അറിഞ്ഞ ശേഷം ഞങ്ങളും മറ്റുള്ളവരും ഒക്കെ അവരുമായി കൂടുതല്‍ അടുത്തു. ഭക്ഷണവും മരുന്നും ഒക്കെ വാങ്ങാന്‍ എല്ലാവരും സഹായിച്ചു. ശരിക്കും പിന്നീട് ആ നഴ്സിന് നോക്കേണ്ടി വരാത്ത വിധത്തില്‍ എല്ലാവരും അവരുടെ കാര്യത്തിലും ഒരു ശ്രദ്ധ ചെലുത്തിയിരുന്നു. ഇപ്പോള്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റുമായി സാമ്പത്തികസഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ആകെ കൂട്ടിനു ആരും ഇല്ലാത്ത വിഷമം മാത്രമാണ് ഉള്ളതെന്നും അവര്‍ പറഞ്ഞപ്പോള്‍ കടുത്ത നിരാശ ആ കണ്ണുകളില്‍ തളം കെട്ടി നിന്നിരുന്നു. മക്കള്‍ക്ക്‌ എങ്ങനെയാണ് ഇത്രയും വലിയ ദ്രോഹം സ്വന്തം മാതാപിതാക്കളോട് ചെയ്യാന്‍ കഴിയുന്നത് എന്ന് അവരുടെ കണ്ണുകള്‍ ചോദിക്കുന്നത് പോലെ തോന്നി. അപ്പോള്‍ അച്ഛനെ ഒന്ന് കൂടി നെഞ്ചോട്‌ ചേര്‍ക്കാന്‍ തോന്നിപ്പോയി..

ഞങ്ങള്‍ അവിടുന്ന് ഡിസ്ചാര്‍ജ് ആയി വരുമ്പോഴും അവര്‍ അവിടെ ഉണ്ടായിരുന്നു.  എനിക്കുറപ്പായിരുന്നു. അവിടെയുള്ള എല്ലാവരും ആ നഴ്സും അവരെ പൊന്നുപോലെ നോക്കുമെന്ന്. അവര്‍ അത് അര്‍ഹിച്ചിരുന്നു. തങ്ങളുടെ യൌവ്വനം മക്കള്‍ക്കായി ഹോമിച്ചു ജീവിത സായന്തനത്തില്‍ അല്‍പ്പം വിശ്രമിക്കാന്‍ പോലും അനുവദിക്കാത്ത ലോകം അവരോടു അത്രയെങ്കിലും കരുണ കാട്ടേണ്ടിയിരുന്നു. അവര്‍ക്ക് നല്ലത് വരട്ടെ എന്ന് മാത്രം ആശിക്കുന്നു.


2 Feb 2014

മരുന്നിന്‍റെ മണമുള്ള ഓര്‍മ്മകള്‍ -1

ആശുപത്രികളോട് ഒരുതരം വൈമുഖ്യം ചെറുപ്പകാലത്ത് തന്നെ എനിക്കുണ്ടായിരുന്നു. അവിടത്തെ ആ പ്രത്യേക മണം മൂലമാണോ കൂനിക്കൂടിയും ചുമച്ചും ശരീരം വയ്യാതെയും നടന്നു പോകുന്ന രോഗികളോടുള്ള ദീനാനുകമ്പ മൂലമാണോ പേടി മൂലമാണോ അതോ ആശുപത്രി വരാന്തകളില്‍ തളം കെട്ടി നില്‍ക്കുന്ന ഭീതി കലര്‍ന്ന ഒരുതരം ശോകാന്തരീക്ഷം കാരണമാണോ എന്നറിയില്ല... ആശുപത്രികളില്‍ പോകേണ്ട അവസ്ഥകള്‍ പരമാവധി ഒഴിവാക്കുകയായിരുന്നു പതിവ്. പക്ഷെ പ്രവാസജീവിതതിലേക്ക് എടുത്തെറിയപ്പെടുന്നതിനു മുന്‍പ് കുറച്ചു കാലം ആശുപത്രികളില്‍ സ്ഥിരതാമസം ആക്കേണ്ടി വന്നിരുന്നു. അച്ഛനോടൊപ്പം,അമ്മയോടൊപ്പം,അച്ഛച്ചനോടൊപ്പം,പെങ്ങളോടൊപ്പം പല ഘട്ടങ്ങളിലായി എന്നെ ആശുപത്രികളില്‍ നിന്നും അകറ്റി നിര്‍ത്തിയതൊക്കെ അനുഭവിക്കേണ്ടി വന്നു...

ആദ്യം മുന്നില്‍ തെളിയുന്നത് അച്ഛനോടൊപ്പം നിന്ന ദിവസങ്ങള്‍ ആണ്. ആയിടയ്ക്ക് തന്നെയായിരുന്നു മൂന്നരവര്‍ഷം നീണ്ട ഒരു പ്രണയബന്ധത്തിനും തിരശ്ശീല വീണു കൊണ്ടിരുന്നത്. നമ്മള്‍ വലുതായി കൊണ്ട് നടക്കുന്ന പല പ്രശ്നങ്ങളും എത്ര ചെറുതാണെന്ന് അതിലും വലിയ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോഴേ നമുക്ക് മനസ്സിലാകൂ...

പ്രണയിനിയുടെ കല്യാണം നിശ്ചയിച്ച സമയത്ത് എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ ഒരു മൂലയില്‍ പകച്ചു നില്‍ക്കുമ്പോഴായിരുന്നു മൂത്രത്തില്‍ കല്ല്‌ എന്ന് ഞങ്ങടെ നാട്ടുഭാഷയില്‍ പറയുന്ന കിഡ്നി സ്റ്റോണ്‍ എന്ന അസുഖം കാരണം ഒരു ഓപ്പറേഷന് വേണ്ടി അച്ഛനെ ആശുപത്രിയില്‍ പ്രവേശിപിക്കേണ്ടി വന്നത്. പിന്നീട് മനസ്സ് നിറയെ ഓപ്പറേഷനും അതിന്റെ തയ്യാറെടുപ്പുകളും മാത്രമായിരുന്നു. കല്യാണത്തിന് തയ്യാറെടുക്കുന്ന പ്രണയിനിയെപ്പറ്റിയുള്ള ചിന്തകള്‍ മൂടിക്കെട്ടിയ ആകാശത്ത് മേഘങ്ങളാല്‍ മറയ്ക്കപ്പെട്ട സൂര്യനെപ്പോലെ ആയിരുന്നു. ഇടയ്ക്ക് അവള്‍ തെളിഞ്ഞു വരും.പക്ഷെ അതേ നൊടിയില്‍ തന്നെ മേഘങ്ങള്‍ക്കുള്ളില്‍ മറയുകയും ചെയ്യും. പക്ഷെ അവളുടെ ഓര്‍മകളുടെ പ്രകാശം എന്‍റെ ചുറ്റും ഉണ്ടായിരുന്നു. സത്യത്തില്‍ മറക്കാന്‍ ശ്രമിക്കുകയായിരുന്നോ അതോ മറക്കുകയായിരുന്നോ എന്ന കാര്യം ഇപ്പോഴും വലിയ പിടിയില്ല.

വലിയ ഒരു ഉത്തരവാദിത്വബോധം എന്നെ ഗ്രസിച്ചിരുന്നു. കാരണം അച്ഛന്‍ ആയിരുന്നു ഇതുവരെ എല്ലാത്തിന്റെയും നെടുംതൂണായി നിന്നിരുന്നത്. കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ എന്ത് പ്രശ്നം വന്നാലും അതിനെ നേരിടാന്‍ കൂടയൂണ്ടായിരുന്നത് അച്ഛന്‍ ആയിരുന്നു. ആശുപത്രികളില്‍ മറ്റാരും ഉള്ളില്‍ എങ്കിലും പിടച്ചു പോകുന്ന അവസരങ്ങളില്‍ പോലും അചഞ്ചലനായി നില്‍ക്കുന്ന അച്ഛന്‍. എല്ലാ കാര്യത്തിനും മുന്നില്‍ നിന്ന് ഓടി നടക്കുന്ന അച്ഛന്‍. ആ അച്ഛന്‍ ആണ് ആശുപത്രിയില്‍ ഒരു മേജര്‍ ഓപ്പറേഷനും കാത്തു കിടക്കുന്നത്. സ്വാഭാവികമായും ഉത്തരവാദിത്വങ്ങള്‍ എന്നില്‍ ആയിരുന്നു. അച്ഛന്റെ അനിയന്മാരും അമ്മാവനും എല്ലാവരും കൂടെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ ആണ് എല്ലാത്തിനും മുന്നില്‍ നില്‍ക്കേണ്ടത് എന്ന ഒരു ബോധം എന്നില്‍ വന്നു ചേര്‍ന്നിരുന്നു. ചിലപ്പോള്‍ അച്ഛനില്‍ നിന്നും പകര്‍ന്ന്നു കിട്ടിയതായിരിക്കാം.

നീണ്ട രണ്ടാഴ്ചക്കാലം പ്രഷര്‍ നോര്‍മല്‍ ആവാനും ഓപ്പറേഷന് തയ്യാറെടുക്കാനും ആശുപതിയില്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജിലെ ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ പോയാല്‍ റൂം കണ്ടുപിടിക്കാന്‍ പാടുപെടുന്ന ഞാന്‍ മരുന്നുകള്‍ വാങ്ങാനും ലാബ് റിസള്‍ട്ടുകള്‍ വാങ്ങാനും കാണിക്കാനും ഒക്കെയായി മെഡിക്കല്‍ കോളേജ്‌ മുഴുവന്‍ ഓടിനടന്നത് ഇപ്പോഴും എനിക്ക് അവിശ്വസനീയം ആണ്. ചിലപ്പോള്‍ എന്‍റെ ഉള്ളിലേക്ക് അച്ഛന്‍റെ സകലകരുത്തും വന്നു ചെര്‍ന്നതായിരിക്കണം . യാതൊരു പ്രശ്നങ്ങളോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ ആശുപത്രിവാസം മുന്നോട്ടു നീങ്ങി.

ദിവസവും കാണുന്ന കാഴ്ചകളില്‍ നിന്ന് എന്‍റെ മനസ്സ് പാകപ്പെടുകയായിരുന്നു. ചില വേദനകള്‍ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കാനും ചിലതിനു നേരെ കണ്ണടയ്ക്കാനും ഒഴിഞ്ഞു മാറാനും മനസ്സിനെ പാകപ്പെടുതുകയായിരുന്നു. അതിനിടയ്ക്ക് ഒന്നുരണ്ടു പ്രാവശ്യം പ്രണയിനിയെ വിളിച്ചു. വികാരരഹിതമായി അഞ്ചുമിനുട്ടുകള്‍ നീളുന്ന സംഭാഷണങ്ങള്‍.എനിക്കിന്നും അത്ഭുതം തോന്നുന്ന കാര്യം എത്രയോ രാത്രികളില്‍ ഇയര്‍ ഫോണും ചെവിയില്‍ തിരുകി പാട്ടും കേട്ട് മണിക്കൂറുകളോളം ആശുപതിയില്‍ കൂട്ടിരുപ്പുകാരനായി വെറുതെ ഇരുന്നിട്ടും അധികമൊന്നും അവളെപ്പറ്റി ഓര്‍ത്തതുമില്ല സംസാരിച്ചതുമില്ല എന്നതാണ്.ഒരുപക്ഷെ പിറ്റേന്ന് രാവിലെ ഡോക്ടര്‍ റൌണ്ട്സിന് വരുമ്പോള്‍ എന്താകും പറയുക, ഓപ്പറേഷന്‍ ഉടനെ ഉണ്ടാകുമോ തുടങ്ങിയ ചിന്തകള്‍ ആയിരിക്കാം മനസ്സ് നിറയെ. എന്ത് തന്നെയായാലും ജീവിതത്തിലെ രണ്ടു വിഷമസന്ധികള്‍ ഒരുമിച്ചു അനുഭവിക്കേണ്ടി വന്നതുകൊണ്ട് തമ്മില്‍ പ്രാധാന്യം കുറഞ്ഞത് മനസ്സിനെ ബാധിക്കാതെ പോയി എന്ന് പറയാം.

രാവിലെ എഴുന്നേല്‍ക്കുക. പ്രാഥമികകൃത്യങ്ങള്‍ക്ക് ശേഷം അച്ഛനെ പ്രാഥമികകൃത്യങ്ങള്‍ക്ക് സഹായിച്ച ശേഷം ക്യാന്റീനില്‍ പോയി പ്രാതല്‍ വാങ്ങിക്കൊണ്ടു വരിക. മരുന്ന് കഴിപ്പിക്കുക. മുഷിഞ്ഞ വസത്രങ്ങള്‍ വീട്ടിലേക്കു അളക്കാന്‍ കൊടുത്തുവിടുക, സന്ദര്‍ശനത്തിന് വരുന്നവരുമായി സംസാരിക്കുക. ഡോക്ടര്‍ വരുമ്പോള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ വാങ്ങുക, ടെസ്റ്റുകള്‍ നടത്താന്‍ ലാബോരട്ടരികളിലേക്ക് പോകുക, രാത്രി അച്ഛന്‍ ഉറങ്ങിയാല്‍ പാട്ടും കേട്ട് വല്ലതും വായിച്ചു ഇരിക്കുക ഇങ്ങനെ ഒരു ചില ദിനചര്യകള്‍ തന്നെ രൂപപ്പെട്ടിരുന്നു.

അതിനിടയ്ക്ക് കണ്ടുമുട്ടിയ പലപല മുഖങ്ങള്‍, പല പല രോഗങ്ങള്‍, അതിനെ അതിജീവിക്കുന്ന ചിലരുടെ കരുത്ത്, തളര്‍ന്നു വീഴുന്നവരുടെ കണ്ണുകളിലെ ദൈന്യത എല്ലാം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

ആശുപത്രികള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്. അവിടെ എല്ലാവരും നല്ല അയല്‍ക്കാരാണ്. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇല്ലാതെ, കുശുമ്പും കുന്നായ്മയും ഇല്ലാതെ, പരദൂഷണങ്ങള്‍ ഇല്ലാതെ,പലതരം കോംപ്ലക്സുകള്‍ ഇല്ലാതെ പരസ്പരം സഹായിച്ചും സഹകരിച്ചും സഹവര്‍ത്തിത്വത്തോടെ വസിക്കുന്നവരാണ് ഭൂരിഭാഗവും. ആകെ ഒരു വിഷമം ഉണ്ടാകുക അടുത്തുള്ള ആരെങ്കിലും ഡിസ്ചാര്‍ജ് ചെയ്തു പോകുമ്പോഴാണ്. പക്ഷെ അവര്‍ക്ക് സുഖമായല്ലോ എന്ന ആശ്വാസവും അതിന്റെ സന്തോഷവും ആ ദുഖത്തെ കവച്ചു വെയ്ക്കും. ഏറ്റവും സങ്കടം പോയവര്‍ വീണ്ടും തിരികെ വരുമ്പോഴാണ്. അങ്ങനെയും ചില കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞു.

പക്ഷെ മനസ്സിനെ വല്ലാതെ ഉലച്ച ഒരു സംഭവം ഉണ്ടായി അതിനിടയ്ക്ക്. മനുഷ്യജീവിതം എത്ര നശ്വരം ആണെന്നും നാം കാണിക്കുന്ന അഹങ്കാരങ്ങളും വിദ്വേഷങ്ങളും എത്രമാത്രം നൈമിഷികം ആണെന്നും ഒക്കെ ഓര്‍ത്തുപോയ സംഭവം. സന്ദര്‍ശിക്കാന്‍ വന്ന ഒരു ബന്ധുവിന്‍റെ കൂടെ അദ്ദേഹത്തിന്‍റെ നാട്ടുകാരന്‍ കിടക്കുന്ന മുറിയില്‍ പോയതായിരുന്നു. എന്താണ് അസുഖം എന്നൊന്നും എന്നോട് പറഞ്ഞിരുന്നില്ല. സംസാരിച്ചു സംസാരിച്ചു പുള്ളിയുടെ റൂമിലെത്തി. ഒരു മുസ്ലിം കുടുംബം. കുറെ സ്ത്രീകള്‍ കുട്ടികള്‍ ഒക്കെ ആയി കളിയും ചിരിയും തമാശകളും കൂടി വീട് പോലെ ഒരു [പ്രതീതി.  ഉച്ചസമയം ആയിരുന്നു. രോഗിയായ ആള്‍ ഭക്ഷണം കഴിക്കുന്നു. കഴിപ്പിക്കുന്നു എന്ന് പറയുന്നതാവും ശരി. കാരണം പുള്ളിയുടെ സഹോദരിമാര്‍ ആയ മൂന്നു പേര്‍ ചുറ്റും ഇരുന്ന് പുള്ളിയുടെ കൂടെ ഇരുന്ന്  ഭക്ഷണം നിര്‍ബന്ധിച്ചു കൊടുക്കുകയായിരുന്നു.  നല്ല കോഴിബിരിയാണിമണം റൂമില്‍ മുഴുവന്‍ ഒഴുകി നടക്കുന്നു. രോഗിയായ ആള്‍ കാണാന്‍ ഒക്കെ സുമുഖനാണ്. മുപ്പത്തി അഞ്ചിനോട് അടുത്ത് പ്രായം തോന്നിക്കും.

കുട്ടിത്തം വിട്ടുമാറാത്ത സ്വഭാവം ഉള്ളയാളാണ് എന്ന് തോന്നും. ചിലപ്പോള്‍ മൂന്നു സഹോദരിമാരുടെ പൊന്നോമാനയായി വളര്‍ന്നത്‌ കൊണ്ടാവാം ഒരു കൊചുകുട്ടിയെപ്പോലെ അവര്‍ക്ക് വഴങ്ങി കൊടുക്കുന്നു. അവര്‍ പറയുന്നതെല്ലാം അനുസരിക്കുന്നു. കാണാന്‍  പറയത്തക്ക രോഗങ്ങള്‍ ഒന്നുമില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.  വീടിനടുത്തുള്ള ആരുടെയോ കല്യാണക്കാര്യം സംസാരിക്കുന്നതിന്റെ ഇടയ്ക്ക് അടുത്ത ആഴ്ചത്തെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്ന് അയാള്‍ ആശങ്കപ്പെടുന്നുണ്ട്. അപ്പോഴേക്കും ഡിസ്ചാര്‍ജ് ആകുമെന്നും കല്യാണം അടിച്ചുപൊളിക്കണമെന്നും സഹോദരിമാര്‍ പറയുന്നു. പുള്ളിക്കെന്താണ് രോഗം എന്ന് അപ്പോഴും ഞാന്‍ സംശയിച്ചു നില്‍ക്കുകയാണ്.

"ഇങ്ങള് ദിവസവും ഇങ്ങനെ ബിരിയാണിയും നെയ്ച്ചോറും തീറ്റിച്ചാല്‍ എനിക്ക് കൊളസ്ട്രോളും പൊണ്ണത്തടിയും ഉണ്ടാകും, നാളെ കുത്തരിചോറും മീന്‍ കറിയും ഒക്കെ കൊണ്ട് വന്നാല്‍ മതി" എന്നു പുള്ളി പറഞ്ഞു. അപ്പോള്‍ ഇഞ്ഞി ഇത്രേം വല്യ ബിരിയാണി പ്രാന്തന്‍ ആയിട്ടും അനക്ക് ബിരിയാണി മടുത്തോ എന്ന് ഇളയ സഹോദരി മൂക്കില്‍ വിരല്‍ വെച്ച് ആശ്ചര്യപ്പെടുന്നു. എന്നിട്ട് പുള്ളി കല്യാണ വീടുകളില്‍ ബിരിയാണി കഴിക്കാന്‍ വേണ്ടി മാത്രമായിരുന്നു പോയിരുന്നത് എന്നും മറ്റുമൊക്കെ പറഞ്ഞു കളിയാക്കി.

രോഗം ഭേദമായി അടുത്ത ദിവസങ്ങളിലൊന്നില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ പോകുന്ന ഒരു രോഗിയുടെ മുറി പോലെയായിരുന്നു അത്. ഞാന്‍ എന്‍റെ ഒപ്പമുള്ളയാളോട് പതുക്കെ ചോദിച്ചു എന്തായിരുന്നു പുള്ളിക്ക് അസുഖമെന്ന്. പുള്ളി കൈകാട്ടി പിന്നെ പറയാം എന്ന് പറഞ്ഞു. റൂമിനു പുറത്തിറങ്ങിയപ്പോള്‍ വരാന്തയില്‍ നിന്ന് ഒരു സ്ത്രീ കരയുന്നുണ്ടായിരുന്നു. സഹോദരിമാരില്‍ ഒരാള്‍ പാത്രങ്ങള്‍ കഴുകാന്‍ പുറത്തിറങ്ങി കരയുന്ന സ്ത്രീയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണിലും കണ്ണീരു പൊടിയുന്നുണ്ടായിരുന്നു. ഞാന്‍ അല്‍പ്പം മുന്‍പ് മുറിയില്‍ വെച്ച് കണ്ട സന്തോഷം നിറഞ്ഞു തുളുമ്പുന്ന കളിയും ചിരിയുമായി നടന്ന മുഖം സെക്കണ്ടുകളുടെ വ്യത്യാസത്തില്‍ ആയിരുന്നു മാറിയത്. പിന്നീട് അവരുമായി സംസാരിച്ചപ്പോള്‍ മനസ്സിലായി പുറത്തു നിന്ന് കരഞ്ഞ സ്ത്രീ രോഗിയുടെ ഭാര്യ ആയിരുന്നു. അവര്‍ക്ക്‌ ഒരു കുട്ടിയും ഉണ്ടായിരുന്നു. പുള്ളിക്ക് ക്യാന്‍സര്‍ ആയിരുന്നു. ഒരുതരത്തിലും രക്ഷപ്പെടുത്താന്‍ പറ്റിയ കേസ്‌ ആയിരുന്നില്ലത്രേ. അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌ പുള്ളിയുടെ മൊട്ടത്തലയെപ്പറ്റി. തീരെ പ്രതീക്ഷിക്കാതതുകൊണ്ടും ഇപ്പോഴും പുള്ളിയുടെ കണ്ണുകളിലെ തിളക്കം കണ്ടതുകൊണ്ടും സഹോദരിമാരുടെ ഇടപെടലും എല്ലാം ആയപ്പോള്‍ ഞാന്‍ ശ്രദ്ധിക്കാതെ വിട്ട കീമോ കഴിഞ്ഞു മുടികള്‍ ഒക്കെ പോയ ആ മൊട്ടത്തല.

എന്താണ് അസുഖമെന്ന് പുള്ളിയോട് പറഞ്ഞിരുന്നില്ല അപ്പോഴും. രോഗത്തെ സംബന്ധിച്ച് ഒരു വിവരവും പുള്ളിയുടെ ചെവിയില്‍ എത്താതിരിക്കാന്‍ സഹോദരിമാര്‍ അത്യന്തം ശ്രദ്ധ പുലര്‍ത്തിയിരുന്നു. വാടിയ മുഖം കൊണ്ട് പോലും പുള്ളിക്ക് അത് മനസ്സിലാകാതിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നുവത്രേ. ചെറിയ എന്തോ രോഗമാണെന്നും ചില ടെസ്റ്റുകള്‍ക്ക് വേണ്ടിയാണ് മോട്ടയടിക്കുന്നതും ബോധം കെടുത്തുന്നതും എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

ജീവിതത്തില്‍ ബോള്‍ഡ്‌ ആയ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന പല സ്ത്രീകളെ കണ്ടിട്ടുണ്ടെങ്കിലും ആ സഹോദരിമാരെ പോലെ ധൈര്യം ഉള്ള സ്ത്രീകളെ ഞാന്‍ കണ്ടിട്ടില്ല. ഒരുനിമിഷം പോലും പുള്ളിയുടെ മുന്‍പില്‍ വെച്ച് പതറാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒരു കണ്ണുനീര്‍ത്തുള്ളി പോലും ആ മുറിയില്‍ ഇറ്റിറ്റു വീണില്ല.സഹോദരന് ഇഷ്ടപ്പെട്ട കോഴിബിരിയാണി എന്നും ഉണ്ടാക്കി കൊണ്ട് വന്ന് കൂടെ ഇരുന്ന് അത് തീറ്റിച്ചിരുന്ന, കളിചിരികള്‍ കൊണ്ട് പരിഹാസശരങ്ങള്‍ കൊണ്ടും ആ മുറി ഒരു വീട് പോലെ ആക്കിയ അവരുടെ സ്നേഹം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല.

പക്ഷെന അവിടെ നിന്ന് പോരുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു. ഇനി ചിലപ്പോള്‍ പുള്ളിക്ക് മനസ്സിലായിരിക്കുമോ താന്‍ ഓരോ ദിവസവും ഉണരുന്നത് മരണത്തിലേക്ക്‌ അടുത്ത്കൊണ്ടാണെന്ന്. സഹോദരിമാരെ വിഷമിപ്പിക്കാതിരിക്കാന്‍ പുള്ളിയും അവരുടെ കൂടെ അഭിനയിക്കുകയായിരുന്നോ?  അങ്ങനെയാണെങ്കില്‍ ആ സഹോദരിമാരെക്കാള്‍ ധീരന്‍ പുള്ളി തന്നെയാണ്. അങ്ങനെയാവാനേ തരമുള്ളൂ എന്ന് എന്‍റെ മനസ്സ് പറയുന്നു. കാരണം ആ ധീരസഹോദരിമാരുടെ ഏക സഹോദരന് അങ്ങനെയാവാനേ കഴിയൂ..

ഒരു ദുരന്തവാര്‍ത്ത കേള്‍ക്കാന്‍ എന്‍റെ മനസ്സ് അനുവദിക്കാത്തത് കൊണ്ടാവാം പിന്നീട് ഒരിക്കല്‍ പോലും ഞാന്‍ ആ റൂമിലേക്ക്‌ പോയിട്ടില്ല. അവരെപ്പറ്റി അന്വേഷിച്ചിട്ടുമില്ല.; കളിചിരികലുമായി ഭക്ഷണം കഴിക്കുന്ന ആ കുടുംബത്തോടൊപ്പം ചിലവഴിച്ച ആ നല്ല നിമിഷങ്ങള്‍ മാത്രം ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കുന്നു.

തുടരും..

13 Jan 2014

ഉരുളന്‍ കല്ലുകളുടെ ലോകം.

ഉരുളന്‍കല്ലുകള്‍
ഉരുട്ടിക്കയറ്റിയുന്നതങ്ങളിലെത്തിച്ച്
കൈവിട്ടു കളയുന്ന
നാറാണത്ത്ഭ്രാന്തന്മാരുടെ
വലിയ ലോകമാണിത്..

മധുരപാനീയങ്ങളെ
നിര്‍ന്നിമേഷനായ് നോക്കിനിന്നൊ-
ടുവിലോരു ഗ്ലാസ്‌
തണുത്തവെള്ളത്താല്‍ ദാഹം തീര്‍ത്ത്‌
ചില്ലലമാരയില്‍ തന്നെ നോക്കിച്ചിരിക്കും
വിഭവങ്ങളുടെ നേര്‍ക്ക്‌ മുഖം തിരിച്ച്
പാതിവയറുമായ് വീടണഞ്ഞു
മിച്ചം വെച്ച കാശിനാല്‍
സ്വപ്‌നങ്ങള്‍ കൂട്ടിവെച്ചൊരു
കൊട്ടാരം പണിതെടുത്ത്
ജീവിതസായന്തനത്തിലതിലൊരു
ചാരുകസേരയിട്ടിരിക്കാന്‍ നോക്കി-
യവസാനം, വൃദ്ധസദനങ്ങളിലേ
ക്കെടുത്തെറിയപ്പെടുന്ന നാറാണത്ത് ഭ്രാന്തന്മാര്‍..

ചിലവാക്കുന്നോരോചില്ലിക്കാശും
നാട്ടിലേക്കറന്‍സിയില്‍ തുലനം ചെയ്തെ-
ടുത്തതിന്‍ കണക്കില്‍ തല പൂഴ്ത്തി
ചുട്ടുപൊള്ളി, മദ്യത്തിലഭയം പ്രാപിച്ച്‌
പ്രവാസത്തിന്‍റെ ചൂടും ചൂരുമറിഞ്ഞ്
ഒറ്റപ്പെടലില്‍ ഒറ്റയ്ക്കലിഞ്ഞൊരു
നല്ലഭാവിയിലെക്കൊരു ദിനം
കുടുംബത്തോടൊപ്പം സ്വപ്നം കണ്ട-
വനവനോട് തന്നെപോരാടിയൊടുവില്‍
ചോരയും നീരുമൂറ്റിക്കുടിച്ച
പ്രവാസത്തിന്‍റെയസ്തമയത്തില്‍
രോഗങ്ങളും പേറിയൊരു മടക്കം..
ഒരുണ്ണിക്കുടവയറുമായ്‌ ഉരുണ്ടുരുണ്ടു-
രുണ്ടൊരുരുളന്‍ കല്ലായി...!!

3 Jan 2014

നിന്നിലെ ഞാന്‍

എനിക്കെന്താവണമെന്ന്
ചോദിച്ചാൽ
ഞാൻ പറയും
നിന്‍റെ ശരീരത്തിലോടുന്ന
രക്തമാകണമെന്ന്..

ഹൃദയത്തിൽ നിന്നും
ഉൽഭവിച്ച്‌
ഓരോ ഞരമ്പിലൂടെയും
സഞ്ചരിച്ച്‌
നിന്‍റെ കൈകളിൽ
നിൻ വിരലുകളിൽ
കാൽപാദങ്ങിൽ
നിന്‍റെ തുടയിടുക്കിലൂടലഞ്ഞ്
അടിവയറ്റിൽ
വിലയം പ്രാപിച്ച്‌
അമ്മിഞ്ഞയുടെ
വിശാലതയിലൂടൊഴുകി
കവിൾ തുടുപ്പിച്ച്‌
ചുണ്ടുകളിൽ ശോണിമ പടർത്തി
കണ്ണ് ചുവപ്പിച്ച്
നിന്‍റെ ശരീരത്തിലെ
ഓരൊ ഇഞ്ചിലും
നിറഞ്ഞുനിൽക്കണമെനിക്ക്‌..
ഞാനില്ലെങ്കിൽ നീയില്ലാതെ
നീയില്ലെങ്കിൽ ഞാനില്ലാതെ..

പ്രണയപുഷ്പം

പൂവും കായും ഇലകളും
ചേർന്നൊരു
ചെടിപോലെയാണു പ്രണയം..
സന്തോഷവും
നല്ല നിമിഷങ്ങളും പുഷ്പിക്കാൻ
അതിനു കീഴെ
പിണക്കങ്ങൾ ഇലകളായ്‌
വളരുക തന്നെ വേണം..

ഇലകൾ പഴുത്ത്‌
കൊഴിഞ്ഞുവീണു മണ്ണിലലിയും
പിണക്കങ്ങളും
കൊഴിഞ്ഞുവീണ
ഇലകളെ നോക്കി
ചെടി നെടുവീർപ്പിടാറില്ല..


സുഗന്ധവാഹിനിയായ
മനോഹരങ്ങളായ പുഷ്പങ്ങൾ
വിടർന്ന് നിൽക്കുമ്പോൾ
ചെടിയ്ക്കെങ്ങനെ
ദുഖിതയായിരിക്കാനാകും..


പഴുത്തിലകൾ കൊഴിയുമ്പോൾ
പുതിയ ഇലകൾ തളിർക്കും
പൂവിനു ഭംഗി കൂട്ടാനായ്‌ മാത്രം..
പിണക്കങ്ങളില്ലെങ്കിൽ
പ്രണയത്തിനെന്ത്‌ ഭംഗി..


ഇലകളില്ലാതെ
പൂക്കൾക്കെന്ത്‌ ഭംഗി..
ചെടി ചെടിയാവാൻ
പ്രണയം പ്രണയമാകാൻ
എല്ലാം കൂടിയേ തീരൂ..

27 Nov 2013

ആദ്യരാത്രിക്ക്‌ ശേഷം

രാവിലെ എഴുന്നേറ്റതിൻ പിറകെ
അടുക്കളയിലേക്കൊന്നെത്തി നോക്കി
ഒരു കപ്പ്‌ ചായ കിട്ടുമോന്ന്
നോക്കുമ്പോൾ കുളിച്ചീറനായി
നിൽക്കുന്നു പ്രിയതമ..

എന്താടാ നിനക്കിവളെ കണ്ട്‌
മതിയായില്ലേ എന്ന് അമ്മ
ഒരു കുസൃതിച്ചിരിയോടെ..
അമ്മായിയുടെ മുഖത്തുമൊരാക്കിയ ചിരി..

ഒടുവിലവളുടെ കൈകൊണ്ട്‌ കിട്ടിയ
ഒരു ചുടുചായയുമായുമ്മറത്തേക്ക്‌..
പത്രം വായിച്ചുകൊണ്ടിരുന്ന അഛൻ
മുഖമൊന്നുയർത്തിയാപാദചൂഡം നോക്കി..
അച്ഛന്‍റെ ചുണ്ടിലുമുണ്ടൊരു പുഞ്ചിരി
പത്രത്തിൽ നിന്നിടയ്ക്കിടെ പാളിനോട്ടവും..

മുറ്റമടിക്കുന്ന ചേച്ചി
ചിരിയടക്കാൻ പാടുപെടുന്നത്‌ പോലെ
എനിക്ക്‌ തോന്നിയതാണോ ആവോ..
ഓടിവന്ന ചേച്ചിയുടെ മകളെ
വാരിയെടുത്തതും 
അവളൊരു ബോംബ്‌ പൊട്ടിച്ചു
മാമന്‍റെ മുടിയിൽ ദേ മുല്ലപ്പൂ..

പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു
അടുക്കളയിൽ നിന്നും 
അരങ്ങത്തേക്ക്‌ ഓടിയെത്തിയ 
പെണ്ണുങ്ങളെല്ലാം കൂടെ..
ചിരി സഹിക്കാനാവാതെ
അച്ഛനകത്തേയ്ക്ക്‌ കയറിപ്പോയി
അപ്പോൾ ദയനീയമായി ഞാൻ അവരിൽ
അവളുടെ മുഖം തിരയുകയായിരുന്നു..
അവൾക്കല്ലേ അറിയൂ
ഇന്നലെയൊന്നും നടന്നിട്ടില്ലെന്നും
ടെൻഷനും ക്ഷീണവും കാരണം
ആദ്യരാത്രി നീട്ടിവെച്ചെന്നും..

22 Nov 2013

മരണം

എന്‍റെ
മിഴികളുടെ
ഓരോ
ഇമവെട്ടലും
ഓരോ
മരണമാണു..
നീയെന്ന
കാഴ്ചയിൽ നിന്നുള്ള
മരണം..

12 Nov 2013

ഞാന്‍

നിങ്ങൾ വിചാരിക്കുന്ന
ആളല്ല ഞാൻ
നിങ്ങൾ വിചാരിക്കുന്ന
ആളേയല്ല ഞാൻ..

ഊതിവീർപ്പിക്കപ്പെട്ടൊരു
ബലൂണാണു ഞാൻ..
ഒരു കുത്തിനു പൊട്ടി
കാറ്റു പോകുന്ന മനസ്സ്..

വിട്ടാൽ പറന്നകലുന്നൊരു
പട്ടമാണു ഞാൻ
പിടിച്ചാൽ ഇച്ഛയ്ക്കൊത്തു
ചലിക്കും എന്റെ ഹൃദയം..

സൗഹൃദങ്ങളിലലിയുന്നൊരു
ഐസ്ക്യൂബാണു ഞാൻ
ഒരു നോവായ്‌ പൊട്ടിച്ചെറിഞ്ഞവ
ഏറെയുണ്ടെങ്കിലും

സാരിവിടവിലെ പൊക്കിളിൾ
കണ്ണുകളെയ്യും ഞാൻ
എങ്കിലും വീണുപോയവൾതൻ
നഗ്നതയിലസ്വസ്ഥമാകും മനം

നിങ്ങളുദ്ധേശിക്കുന്ന
ആളല്ല ഈ ഞാൻ
നിങ്ങളുദ്ധേശിക്കുന്ന
ആ ആളേയല്ല ഞാൻ..

8 Nov 2013

മറവി

ബാല്യത്തില്‍
പഠിപ്പിക്കുന്നതൊക്കെ മറന്നതിന്
അധ്യാപകരും രക്ഷാകർത്താക്കളും
എന്‍റെ മറവിയെ ശിക്ഷിച്ചു..

യൌവ്വനത്തില്‍
കാമുകിയുടെ ജന്മദിനങ്ങളും
കൊച്ചു കൊച്ചു സ്വകാര്യങ്ങളും
മറന്നതിനു അവളുടെ വക ശകാരം..

വിവാഹശേഷം
വീട്ടുസാധനങ്ങളും സാരിയും
വാങ്ങാൻ മറന്നതിനു
ഭാര്യയുടെ വക കുറ്റപ്പെടുത്തലുകള്‍..

വാർദ്ധക്യത്തിൽ
ബെഡിൽ തന്നെ
പ്രാഥമികകൃത്യങ്ങൾ നിർവ്വഹിച്ചതിനും
മര്യാദകൾ മറക്കുന്നതിനും
മക്കൾ വക വഴക്കുകൾ..

മറവി ഒരനുഗ്രഹമല്ല..
ഒരു ദുര്യോഗമാണു..

ഓര്‍മ്മക്കുറവിന്‍റെ
കഷ്ടനഷ്ടങ്ങളുടെ പാപഭാരം
മറക്കാനെങ്കിലും,
മറവി ഒരനുഗ്രഹമാകട്ടെ...!!

തണല്‍മരം

എന്‍റെ ചിന്തകൾക്ക്‌
തീ പിടിക്കുന്നു
അക്ഷരങ്ങളാക്കും മുൻപെ
ചിന്തകൾ
കരിഞ്ഞു വെണ്ണീറാകുന്നു.
തീയണയ്ക്കാൻ
ഉള്ളിലൽപ്പം
തണുപ്പ്‌ പകരാൻ
ഒരു തണൽമരം തേടിയിറങ്ങി
ചില്ലകൾ മാത്രം ബാക്കിയായ
മരത്തിന്‍റെ ചുവട്ടിൽ
അതിന്‍റെ
വ്യഥകൾ കൂടി പങ്കിട്ട്‌
ഞാനൊരു തീഗോളമായി
മരത്തെയും ചുട്ടെരിച്ചുകൊണ്ട്‌
ആകാശത്തോളമുയർന്നു
ഒടുവിലൊരു പുകച്ചുരുളായ്‌
അന്തരീക്ഷത്തിൽ
വിലയം പ്രാപിച്ചു..
മഴയായ്‌ പെയ്ത്‌
മരത്തിൽ ഒളിച്ചിരിക്കാൻ
സ്വയം തണുപ്പായ്‌ മാറാൻ..