25 May 2013

"പ്രവാസം പ്രയാസമാക്കുന്നത് പ്രവാസികള്‍ തന്നെയോ??

എങ്ങനെയുണ്ട് പ്രവാസ ജീവിതം??
പ്രവാസിയായി ഇരുപത്തഞ്ചു വര്‍ഷം ജീവിച്ച ആളോടും വെറും ഒരു മാസം മാത്രം പ്രവാസജീവിതം നയിച്ച ആളോടും ഈ ചോദ്യം ചോദിച്ചാല്‍ കിട്ടുന്നത് 'വളരെ കഷ്ടമാണ് ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നു' എന്നാ ഒരേ ഒരു മറുപടി ആയിരിക്കും....എന്താണ് അതിനു കാരണം എന്നാ ചോദ്യത്തിന് ഒറ്റവാക്കില്‍ മറുപടി പറയാന്‍ പറ്റില്ല...അനവധി കാരണങ്ങള്‍ ഉണ്ടാകും...പക്ഷെ അതില്‍ എല്ലാവര്‍ക്കും പൊതുവായി ഉള്ള ഒരു കാരണം പ്രവാസജീവിതത്തോടുള്ള മനോഭാവം തന്നെയാണ്...ഭൂരിഭാഗം പേരും പ്രവാസത്തിലേക്കുള്ള വിമാനം പിടിക്കുന്നത്‌ മനസ്സില്‍ ചില കണക്ക്കൂട്ടലുകളുമായാണ്..മുണ്ട് മുറുക്കി ഉടുത്തും ജോലി ചെയ്യണം...കിട്ടുന്ന കാശൊക്കെ കൂട്ടി വെച്ച് നല്ല ഒരു സമ്പാദ്യം ഉണ്ടാക്കി നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ഡ് ആയി കുടുംബവുമൊത്ത് സന്തോഷമായി ജീവിക്കണം...പക്ഷെ,പോകുന്നവരില്‍ ഭൂരിഭാഗം പേരും പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞാലും പണി മതിയാക്കി വരില്ല...ഇനി അഥവാ നേരത്തെ വരുന്നവര്‍ തന്നെ തൊഴില്‍ പ്രശ്നങ്ങള്‍ മൂലമോ രോഗങ്ങള്‍ മൂലമോ വരുന്നവര്‍ ആയിരിക്കും...ഇതിനര്‍ത്ഥം അഞ്ചു കൊല്ലം കൊണ്ട് ഉണ്ടാക്കാം എന്ന് വിചാരിച്ച കാഷ്‌ ഉണ്ടാക്കാനോ തീര്‍ക്കാം എന്ന് വെച്ച പ്രശ്നങ്ങള്‍ തീര്‍ക്കാനോ അതിന്റെ നാലിരട്ടി സമയം കിട്ടിയിട്ടും അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ്...
അതിന്റെ കാരണങ്ങള്‍ അന്വേഷിച്ചു പോകുമ്പോഴാണ് പ്രവാസി നേരിടുന്ന പല പ്രശ്നങ്ങളുടെയും കാരണങ്ങളും രൂക്ഷതയും മനസ്സിലാകുക..

പ്രവാസിയുടെ പ്രയാസങ്ങളിലെക്കും അതിനു ചില സാധ്യമായ പ്രതിവിധികളിലേക്കും  നമുക്ക് ഒന്ന് ഇറങ്ങിചെന്ന് പരിശോധിക്കാം...

രോഗങ്ങളും ചികിത്സയും;

ജീവിത ശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കാരണം അനേകം രോഗങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നുണ്ട്...
അങ്ങനെയുള്ള രോഗങ്ങളെ ചേര്‍ത്തുവിളിക്കുന്ന 'ഓമനപ്പേര്' ആണ് സിന്‍ഡ്രോം എക്സ്. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകളെയാണ് സിന്‍ഡ്രോം എക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാംതന്നെ ജീവിതശൈലീരോഗങ്ങളുടെ ഗണത്തില്‍ പെടുന്നവയുമാണ്.
പിന്നെ ഉള്ളത് മാനസിക സംഘര്‍ഷങ്ങളാണ്. കുടുംബത്തെക്കുറിച്ചുള്ള കടുത്ത ഉല്‍ക്കണ്ട, പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാനുള്ള പ്രയാസം, ജോലിസ്ഥലത്തെ കടുത്ത നിലപാടുകള്‍, ജോലിഭാരം, തൊഴിലിലെ അസംതൃപ്തി, ഒറ്റപ്പെടല്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സംഘര്‍ഷങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങളാണ്. വിശ്രമം, വിനോദം, ഉറക്കം, വ്യായാമം, സൌഹൃദങ്ങള്‍ ഇവയൊക്കെ പുതിയൊരു ഗള്‍ഫ് മലയാളിയില്‍ വല്ലാത്ത നഷ്ടബോധമുണ്ടാക്കുന്നു. 
പക്ഷെ ഈ രോഗങ്ങള്‍ക്കെല്ലാം കൂടി ഒരു ഒറ്റമൂലിയാണ് പ്രവാസികള്‍ക്ക് എടുത്തു പ്രയോഗിക്കാന്‍ ഉള്ളത്...പനഡോള്‍ ..!!!
ആദ്യമൊക്കെ ഓരോ പനഡോള്‍ വിഴുങ്ങി രോഗങ്ങളെ അടക്കി നിര്‍ത്തുന്ന പ്രവാസി ഒടുവില്‍ ഭക്ഷണം കഴിക്കുന്നതിനു പകരം ഒരു പ്ലേറ്റ്‌ നിറയെ പനഡോള്‍ വിഴുങ്ങിയാല്‍ മതി എന്നാ നിലയില്‍ എത്തുന്നു...കാരണം മറ്റൊന്നുമല്ല...ഈ രാജ്യങ്ങളില്‍ ഒക്കെ ചികില്‍സ ചെലവ് കൂടുതല്‍ ആയിരിക്കും...ഡോക്ടറെ കാണാന്‍ ചിലവാക്കപ്പെടുന്ന കാശ് ഇന്ത്യന്‍ രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്തു നോക്കുമ്പോള്‍ ഡോക്ടറെ കാണുക എന്ന ചിന്ത തന്നെ പ്രവാസി ഉപേക്ഷിക്കുന്നു...ആ കാശും കൂടി വീട്ടിലേക്കു എത്തിച്ചാല്‍ സമ്പാദ്യത്തിലേക്ക് മുതല്‍ക്കൂട്ടാവുമല്ലോ എന്നാ ചിന്തയാണ് അവന്...പക്ഷെ ചുവര്‍ ഉണ്ടെങ്കിലെ ചിത്രം എഴുതാന്‍ പറ്റൂ എന്ന് അവന്‍ ഓര്‍ക്കുന്നില്ല...

എടുത്താല്‍ പൊങ്ങാത്ത ശരീരവും രോഗങ്ങളുമായി നാട്ടില്‍ ചെന്നാല്‍ ശിഷ്ടകാലം ആശുപത്രിയില്‍ കിടക്കേണ്ടി വരും എന്ന് ഓര്‍ക്കുക...ആശുപത്രിയില്‍ കൂടെ കിടക്കാന്‍ പോലും ബന്ധുക്കളെ കിട്ടാത്ത കാലമാണ്...ഇപ്പോള്‍ ദിവസം ഫോണ്‍ ചെയ്യുന്നവര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും വരും...അതുകൊണ്ട് ആദ്യം സ്വന്തം ആരോഗ്യം നോക്കുക...അസുഖം വന്നാല്‍ നല്ല ഒരു ആശുപത്രിയില്‍ ചികില്‍സ തേടുക...അവിടെ എണ്ണികൊടുക്കുന്ന കാശ് ഇന്ത്യന്‍ രൂപയില്‍ കാല്‍കുലേറ് ചെയ്തു സമയം മിനക്കെടുതാതിരിക്കുക...

വ്യായാമക്കുറവ്...
ഇതിനും കാരണം പ്രവാസി തന്നെയാണ്...ജോലിസമയം കഴിഞ്ഞു വന്നാല്‍ ഒന്നുകില്‍ ടിവിയുടെ മുന്നില്‍ ചടഞ്ഞിരിക്കുക...അല്ലെങ്കില്‍ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ കയറി അടയിരിക്കുക...ഇനി അതുമല്ലെങ്കില്‍ വീട്ടുകാരെയും നാട്ടുകാരെയും ഫോണ്‍ ചെയ്തു മണിക്കൂറുകളോളം സംസാരിക്കുക എന്നിവയാണ് ഒഴിവുസമയ വിനോദങ്ങള്‍....,..അതില്‍ ഒരു മണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി ചിലവഴിക്കാന്‍ തുടങ്ങിയാല്‍ തന്നെ കുടവയറും അത് നിറയെ രോഗങ്ങളുമായി നാട്ടിലേക്ക് വണ്ടി കയറേണ്ടി വരില്ല...വ്യായാമം എന്ന് പറഞ്ഞാല്‍ ഒന്നോ രണ്ടോ കിലോമീറ്റര്‍ ഓട്ടം മാത്രമല്ല...റൂമിനുള്ളില്‍ തന്നെ ചെയ്യാവുന്ന അനേകം വ്യായാമങ്ങള്‍ ഉണ്ട്...നാലാള് കൂടിയാല്‍ കളിക്കാവുന്ന ബാഡ്മിന്റണ്‍,ചെറിയ രീതിയിലുള്ള ഫുട്ബോള്‍,വോളിബോള്‍ ഇങ്ങനെയുള്ള കളികളില്‍ ഏര്‍പ്പെടുക...ഇതിനൊന്നും അധികം ചിലവും വരില്ല...അല്ലാതെ ഈ സമയം കൂടി വീട്ടുകാരെ ഫോണ്‍ ചെയ്യാന്‍ ഉപയോഗിക്കാം എന്ന് വിചാരിച്ചാല്‍ പിന്നെ നാട്ടില്‍ പോയി വീട്ടുകാരോടൊപ്പം മനസമാധാനത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന് മനസ്സിലാക്കുകാ...ആശുപത്രി കയറി ഇറങ്ങാനെ നേരം ഉണ്ടാവൂ...

ഭക്ഷണ ശീലങ്ങള്‍ ;

ഭക്ഷണ ശീലം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസികളെ രണ്ടായി തരാം തിരിക്കാം...അമിതഭക്ഷണം മൂലം പ്രയാസപ്പെടുന്നവരും പിന്നെ പട്ടിണി കിടക്കുന്നവരും...
ആദ്യത്തെ ആള്‍ക്കാര്‍ക്ക് ഭക്ഷണം സുലഭമായിരിക്കും അതുകൊണ്ട് തന്നെ വാരി വലിച്ചു തിന്നുകയും ചെയ്യും...പ്രത്യേകിച്ച് അറബിനാടുകളിലെ പൊരിച്ചതും വറുത്തതും എന്നാ കലര്‍ന്നതും ആയ മാംസാഹാരങ്ങള്‍....,..ഇവയൊക്കെ അപ്പുറവും ഇപ്പുറവും നോക്കാതെ വലിച്ചു കയറ്റും എന്നിട്ട് അതിന്റെ ഫോട്ടോ എടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഇട്ടു നാട്ടുകാരെയും വീട്ടുകാരെയും കാണിച്ചു രോമാഞ്ചം കൊള്ളും...പക്ഷെ പിന്നീട് രോഗങ്ങളുമായി നരകിക്കുമ്പോള്‍ പഴയ ഫോട്ടോകള്‍ എടുത്തു നോക്കി വേണ്ടായിരുന്നു എന്ന് മനസ്സിലെങ്കിലും പറയും...

അതുപോലെ രണ്ടാമത്തെ കൂട്ടര്‍ മുണ്ട് മുറുക്കി ഉടുത്തും കാശ് ഉണ്ടാക്കി വീട്ടില്‍ അയച്ചു കൊടുക്കും...അല്ലെങ്കില്‍ ബാങ്കില്‍ നിക്ഷേപിക്കും...ദാഹിക്കുമ്പോള്‍ ഒരു കുപ്പി വെള്ളം പോലും വാങ്ങി കുടിക്കില്ല...മൂന്നുനേരം ഭക്ഷണം എന്നുള്ളത് ഒരു നേരം ഒഴിവാക്കി രണ്ടു നേരം ആക്കും..ഇത്തരക്കാര്‍ക്ക് അള്‍സര്‍,മൂത്രസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഉറപ്പാണ്...പിന്നീട് ഇങ്ങനെ മുണ്ട് മുറുക്കി ഭക്ഷണം കഴിക്കാതെ ഉണ്ടാക്കിയ കാശ് അവസാനം രോഗങ്ങള്‍ മൂലം നട്ടം തിരിയുമ്പോള്‍ ഡോക്ടര്‍ക്ക് കൊടുക്കാനേ തികയൂ എന്നതാണ് അവസ്ഥ...അതുകൊണ്ട് കൃത്യമായ സമയത്ത് ശരിയായ അളവില്‍ നല്ല ഭക്ഷണം കഴിക്കുക...ധാരാളം വെള്ളം കുടിക്കുക..ഇതിനൊക്കെ കാശ് ചിലവാക്കാന്‍ മടി കാണിക്കാതിരിക്കുക...ഭക്ഷണം കഴിക്കുന്ന കാശ് ഇന്ത്യന്‍ രൂപയിലേക്ക് കാല്‍കുലേറ് ചെയ്യാന്‍ ശ്രമിച്ചു നെഞ്ചിടിപ്പ് കൂട്ടാതിരിക്കുക...

സാമ്പത്തികപ്രശ്നങ്ങള്‍...,..

ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ നിന്നും മറ്റു ചില ടെന്‍ഷനുകളിലേക്ക് പോകാം.....
പ്രവാസിയുടെ സാമ്പത്തികപ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കില്ല...വീട്ടില്‍ അംഗസംഖ്യ കൂടുന്നതിനനനുസരിച്ചു ആവശ്യങ്ങളും ചിലവും കൂടും...അതനുസരിച്ച് കറവപ്പശു ആകാന്‍ നിന്ന് കൊടുത്താല്‍ ടെന്‍ഷന്‍ ഒഴിഞ്ഞ നേരവും കാണില്ല...നാട്ടിലേക്ക് തിരിച്ചു പോക്കും കാണില്ല...
പ്രധാനമായും "എനിക്ക് ഇന്ന സാധനം അയച്ചു തരുമോ " എന്നാ ചോദ്യം ആണ് പ്രവാസിയുടെ ഒരു വിധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം ഒരു കാരണം...കിട്ടുന്ന ശമ്പളം കൊണ്ട് വീട്ടു ചിലവും കഴിച്ചു ഒന്ന് നെടുവീര്‍പ്പ് ഇടുമ്പോള്‍ ആയിരിക്കും ബന്ധുക്കളോ സുഹൃത്തുക്കളോ ഏതെന്കിലും ഇലക്ട്രോണിക് സാധനം അല്ലെങ്കില്‍ ആഡംബര വസ്തു കൊണ്ട് തരണം എന്ന് പറഞ്ഞു വിളിക്കുന്നത്‌...,..ഒരു മാസം ഒരാളുടെ ആവശ്യം നിറവേറ്റിയാല്‍ മതി ബജറ്റ്‌ താളം തെറ്റാന്‍...,..
പിന്നെ നാട്ടില്‍ പോകുമ്പോള്‍ നടത്തുന്ന വലിയ വലിയ ഷോപ്പിങ്ങുകള്‍...,..അതിനായി രണ്ടോ മൂന്നോ മാസത്തെ ശമ്പളം ഒരുമിച്ചു ചിലവാക്കേണ്ടി വരും..വീട്ടിലുള്ളവര്‍ക്ക് പുറമേ അകന്ന ബന്ധത്തില്‍ ഉള്ളവര്‍ക്കും അയല്‍ക്കാര്‍ക്കും വരെ എന്തെങ്കിലും ഒരു സാധനം വാങ്ങി ആയിരിക്കും നാട്ടിലേക്ക് പോകുക...അതിനും നല്ലൊരു തുക തന്നെ പോകും...

ഇതില്‍ നിന്നൊക്കെ രക്ഷ നേടാന്‍ അനാവശ്യം ആയ ആവശ്യങ്ങള്‍ മുഖം നോക്കാതെ നിരസിക്കാന്‍ ഉള്ള ആര്‍ജ്ജവം ഉണ്ടാക്കി എടുക്കുക...അണ്ണാ ഒരു മൊബൈല്‍ ഫോണ്‍ അയച്ചു തരുമോ എന്നാ ചോദ്യം വരുമ്പോള്‍ ഇവിടെ ഈന്തപ്പനയില്‍ മൊബൈല്‍ അല്ല ഈന്തപ്പഴം ആണ് കായ്ക്കുന്നത് എന്ന് പറയാന്‍ ശ്രമിക്കുക...അങ്ങനെ പറയാതിരിക്കാന്‍ മാത്രം വേണ്ടപ്പെട്ടവര്‍ ആണെങ്കില്‍ സൌഹാര്‍ദ്ധപരമായി സംസാരിച്ചു നാട്ടിലെ അതെ പൈസയാണ് ഇവിടെ പിന്നെ അങ്ങോട്ട്‌ അയച്ചു തരാന്‍ വേറെ ചിലവും ഉണ്ടാകും എന്നൊക്ക പറഞ്ഞു അവരെ പരമാവധി നിരുല്സാഹപ്പെടുത്തുക...
പിന്നെ നാട്ടില്‍ പോകുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം വാങ്ങി ബാഗില്‍ നിറയ്ക്കുന്ന ഷോപ്പിംഗ്‌ മാമാങ്കം ഒഴിവാക്കുക...ഗള്‍ഫുകാരന്‍ പത്തു വലിയ ബാഗുകളുമായി വന്നിറങ്ങണം എന്നാ പഴയ സങ്കല്പം മാറ്റി മറിച്ച് നിങ്ങള്‍ക്ക്‌ ഏറ്റവും ആവശ്യമുള്ളതും നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ലാഭത്തില്‍ കിട്ടും എന്ന് ഉറപ്പുള്ളതും ആയ കുറച്ചു സാധനങ്ങള്‍ മാത്രം വാങ്ങുക...നാട്ടുകാര്‍ക്ക് മൊത്തം സ്പ്രേ...പിള്ളേര്‍ക്ക് മുഴുവന്‍ കളിപ്പാട്ടങ്ങള്‍ എന്നിവ വാങ്ങി പോക്കറ്റ്‌ കാലിയാക്കാതിരിക്കുക...
ഒന്നും കിട്ടിയില്ലെങ്കില്‍ ഉള്ള മുറുമുറുപ്പ് ആയാലും സാധനം കൊടുത്താല്‍ ഉള്ള നന്ദി ആയാലും രണ്ടു ദിവസം മാത്രമേ രണ്ടിനും  ആയുസ്സുള്ളൂ എന്നാ സത്യം മനസ്സിലാക്കുക...

സേവിംഗ്സ് എന്നാ അമൂല്യശേഖരം...
ഓരോ മാസാവസാനവും എണ്ണി വാങ്ങുന്ന കാശ് അതേപോലെ തന്നെ നാട്ടിലേക്ക് അയച്ചു കൊടുക്കുന്നവരാണ് ഭൂരിഭാഗവും...നാട്ടിലെ ജീവിതചിലവ് വര്‍ദ്ധിച്ചു എന്നതൊക്കെ കണക്കിലെടുത്താല്‍ തന്നെ മിക്കവാറും പ്രവാസികളുടെയൊക്കെ ശമ്പളത്തിന്റെ മുഴുവനും വേണ്ടി വരില്ല അയാളുടെ കുടുംബത്തിന് ജീവിക്കാന്‍...,..(അങ്ങനെ അല്ലാത്ത അവസ്ഥയുള്ളവരും ഉണ്ട്,അവരെപ്പറ്റിയല്ല പറയുന്നത് )...അതുകൊണ്ട് തന്നെ അയക്കുന്ന കാശ് വക മാറ്റി അനാവശ്യമായി ചിലവഴിക്കപ്പെടുന്നുണ്ട് എന്നത് ഒരു സത്യമാണ്...
കാശ് കയ്യില്‍ കിട്ടുമ്പോള്‍ അച്ഛന്‍ അറിയാതെ ഒന്ന് അടിച്ചു പൊളിക്കാം എന്ന് വിചാരിക്കുന്ന കുട്ടികളും സ്വതന്ത്രമായി പര്‍ച്ചേസ്‌ ചെയ്യാന്‍ അവസരം കിട്ടിയാല്‍ കണ്ണും മൂക്കും ഇല്ലാതെ സാരിയും മറ്റും വാങ്ങി കൂട്ടുന്ന ഭാര്യാ-പെങ്ങന്മാരും, ഒരല്‍പം ആര്‍ഭാടം ആയി മദ്യപാനവും കമ്പനിയും ഒക്കെ ആയി അടിച്ചു പൊളിക്കുന്ന അച്ഛനോ സഹോദരങ്ങളോ മിക്കവാറും കുടുംബങ്ങളില്‍ ഉണ്ടാകും...പ്രവാസി നാട്ടില്‍ വന്നു ബാങ്ക് ബാലന്‍സ്‌ നോക്കിയാല്‍ ചിലപ്പോള്‍  തിരിച്ചു പ്രവാസത്തിലേക്കു തന്നെ മടങ്ങാന്‍ ആവശ്യമായ തുക പോലും കാണില്ല എന്നത് പലരുടെയും ജീവിതത്തില്‍ നിന്നും നാം കാണുന്ന ഒരു ദുരന്തം ആണ്... അതുകൊണ്ട് നാട്ടിലേക്ക് കാഷ്‌ അയക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുക...കുറച്ചു കാശ് സ്വന്തം അക്കൌണ്ടില്‍ സുരക്ഷിതമായി നിക്ഷേപിക്കുക...അതിന്റെ ബാക്കി മാത്രം അയക്കുക...മാസാമാസം ഒരു ചെറിയ തുക നിക്ഷേപിച്ചാലും നാട്ടില്‍ പോയാല്‍ വിശ്വസിച്ചവര്‍ ചതിചാലും ഒരു ചെറുകിട ബിസിനസ് തുടങ്ങിയെങ്കിലും ജീവിക്കാന്‍ കഴിയും...അതുകൊണ്ട് സുരക്ഷിതമായ നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുക...


ഇതിലൊക്കെ ഉപരിയായി ഒരു കാര്യം മാത്രം എപ്പോഴും ചിന്തിക്കുക അമ്പത് വയസ്സ് വരെ എല്ല് മുറിയെ പണി എടുത്തിട്ട് ധാരാളം കാശ് സമ്പാദിച്ചിട്ടു കാര്യം ഒന്നുമില്ല...അത് അനുഭവിക്കാന്‍ നിങ്ങള്ക്ക് യോഗം ഉണ്ടായി എന്ന് വരില്ല...അതുകൊണ്ട് പ്രവാസത്തില്‍ ആയാലും ജീവിതം നല്ല രീതിയില്‍ തിന്നും കുടിച്ചും വിനോദങ്ങളില്‍ ഏര്‍പ്പെട്ടും നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവോ അത് പോലെ ജീവിച്ചു തന്നെ തീര്‍ക്കുക...പ്രവാസം ഒരു പ്രയാസം ആയി കാണാതെ ഒരു അവസരം ആയി കാണുക...ജീവിതവും വിവിധ സംസ്കാരങ്ങളും അറിയാനുള്ള യാത്രയിലെ ഒരു ഏട്...

താരാരാധന അഥവാ ഭ്രാന്ത്‌

മമ്മൂട്ടി എന്ന നടന്‍ സിനിമയില്‍ കയറി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിട്ട് മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ടു...കൃത്യമായി പറഞ്ഞാല്‍ അദ്ദേഹം ആദ്യമായി ഒരു പടത്തില്‍ മുഖം കാണിച്ചത്‌ 1971ല്‍ ആയിരുന്നു...അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നാ സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി....ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കാലചക്രം
എന്ന സിനിമയില്‍ അദ്ദേഹം തന്‍റെ ആദ്യത്തെ ഡയലോഗ് പറഞ്ഞു...പക്ഷെ അദ്ധേഹത്തിന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്‌ 1980കളില്‍ ആയിരുന്നു എന്ന് പറയാം...അന്ന് മുതല്‍ ഇന്നോളം ഏകദേശം മുന്നൂറ്റി അറുപതില്‍ പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു...കാല്‍ നൂറ്റാണ്ടു മുന്‍പേ മലയാളികള്‍ ഒന്നടങ്കം ആരാധിക്കുന്ന രീതിയില്‍ സൂപ്പര്‍ താര പദവിയില്‍ എത്താനും അദ്ദേഹത്തിനായി...തമിഴന്മാരുടെയും തെലുങ്കന്മാരുടെയും രീതിയില്‍ മലയാളത്തില്‍ ആദ്യമായി ആരാധകരുടെ കൂട്ടായ്മകള്‍ അല്ലെങ്കില്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപം കൊണ്ടതും മമ്മൂട്ടിക്ക് വേണ്ടി ആയിരുന്നു....
ഏകദേശം അതേ കാലഘട്ടത്തില്‍ തന്നെയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയും മറ്റും മോഹന്‍ലാല്‍ എന്നാ പ്രതിഭയുടെ ഉദയവും...രണ്ടു പേരും ഒരേ കാലഘട്ടത്തില്‍ വന്നു സൂപ്പര്‍താരപദവി അലങ്കരിക്കുന്ന മലയാളത്തിന്റെ അഭിമാനതാരങ്ങളാണ്...ഇവരെ ചുറ്റിപ്പറ്റിയാണ് കുറച്ചു കാലങ്ങളായി മലയാള സിനിമ ചലിച്ചു കൊണ്ടിരിക്കുന്നത്...കൂടാതെ സാമൂഹ്യസാംസ്ക്കരികരംഗങ്ങളിലും ഇവര്‍ സജീവമാണ്..അതായത് ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും മലയാളി ഇവരെക്കുറിച്ച് പറയുന്നു,ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയുന്നു...പക്ഷെ ഇവരെ ചുറ്റിപ്പറ്റി തീരെ ആശാസ്യമല്ലാത്ത രീതിയിലുള്ള ചില പേക്കൂത്തുകള്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി...ഫാന്‍സ്‌ അസോസിയേഷനുകള്‍ എന്നറിയപെടുന്ന ചില ഇത്തിള്‍ക്കണ്ണികളുടെ അനാരോഗ്യകരമായ ഭ്രാന്തമായ ആരാധനയെക്കുറിച്ചു അനേകമനേകം പരാതികള്‍ പലരും പ്രകടിപ്പിച്ചു കഴിഞ്ഞു ,ചര്‍ച്ചകളും മുറയ്ക്ക് നടന്നു വരുന്നു...പക്ഷെ യാതൊരു മാറ്റവും ഈ ഭ്രാന്തന്മാര്‍ക്ക് ഉണ്ടാവുന്നില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്...


മലയാള സിനിമയിലെ ആദ്യകാല സൂപ്പര്‍ താരങ്ങള്‍ക്കും ആരാധകര്‍ ഉണ്ടായിരുന്നു....വെറുതെ അങ്ങ് ആരാധിക്കുക,ഇഷ്ട്ടപ്പെടുക,അവരുടെ സിനിമകള്‍ കാണുക,അവരെപ്പറ്റി നല്ലത് പറയുക,അവരുടെ ഫോട്ടോകള്‍ ശേഖരിക്കുക,അനുകരിക്കാന്‍ ശ്രമിക്കുക തുടങ്ങിയ നിരുപദ്രവകകരമായ കാര്യങ്ങള്‍ ആയിരുന്നു അന്നത്തെ ആരാധകര്‍ ചെയ്തുകൊണ്ടിരുന്നത്....പക്ഷെ ഇവരുടെ കാലഘട്ടം വന്നതോട് കൂടി സംഘടിതമായ ഫാന്‍സ്‌ കൂട്ടായ്മകള്‍ രൂപപ്പെട്ടു തുടങ്ങി...ഈ താരങ്ങളുടെ ഒരു സിനിമ പ്രഖ്യാപിക്കുമ്പോള്‍ ടെന്‍ഷന്‍ തുടങ്ങുന്നത് ഫാന്‍സ്‌ എന്ന് പറയുന്ന വികാരജീവികള്‍ക്ക് കൂടെയാണ്...പിന്നെ ഇവന്മാര്‍ക്ക് ഊണും ഉറക്കവും ഇല്ല...ആ സിനിമ വിജയിപ്പിച്ചു കൊടുക്കുക എന്നാ ഉത്തരവാദിത്വം തങ്ങളുടെ നെഞ്ചത്താണ് എന്നാ വിചാരവുമായി ഊണും ഉറക്കവും ഇല്ലാതെ അതിനു വേണ്ടിയുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു...

വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാത്തവന്‍ പോലും പടത്തിനെപ്പറ്റി പുതിയ വല്ല വിവരങ്ങളും പുറത്തു വരുന്നുണ്ടോ എന്ന് സാകൂതം അന്വേഷിച്ചു അറിയും...നാല് നേരം ഉരുട്ടി വിഴുങ്ങാനുള്ള അരിയും സാധനങ്ങളും വാങ്ങി കൊടുക്കാന്‍ പോലും കൂട്ടാക്കാത്ത ഈ ഫാന്‍ സിനിമയുടെ പ്രമോഷന്‍ സ്വയമേവ ഏറ്റെടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ മുഖേനയും മറ്റും പടത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നാട്ടുകാരില്‍ എത്തിക്കും..
ഈ താരത്തിന്റെ പടം വിജയിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്ന് ഓരോ ഫാനും ധരിക്കുന്നു...പ്രചാരവേലകള്‍ കഴിഞ്ഞു പടം തിയേറ്ററില്‍ എത്തുമ്പോള്‍ പണ്ട് തമിഴ്നാട്ടിലും ആന്ധ്രയിലും ഒക്കെ കണ്ടതുപോലെ താരങ്ങളുടെ കട്ടൌട്ട്കള്‍ക്ക് പാലഭിഷേകവും പൂജയും ശത്രുസംഹാരപൂജയും ഒക്കെ സംഘടിപ്പിച്ചാണ് ആദ്യ ഷോ ഗംഭീരമാക്കുന്നത്...ഇതിനു വേണ്ടി എന്തെങ്കിലും ജോലി ഉള്ളവന്‍ ആണെങ്കില്‍ കൂടി ലീവെടുക്കാന്‍ വരെ തയ്യാറാകുന്നു...ഒടുവില്‍ പടം കണ്ടിറങ്ങി നാലാളോട് പടത്തെപ്പറ്റി നല്ലവാക്ക് പറഞ്ഞാലേ ഇവനൊക്കെ മുഖം തെളിയൂ..

ഇതൊക്കെ മാത്രമായിരുന്നു ഇവന്റെയൊക്കെ പരിപാടി എങ്കില്‍ സഹിക്കാമായിരുന്നു...പക്ഷെ ഇതും കടന്നു ഒരു പടികൂടി മുന്നോട്ടു പോയാല്‍ മറ്റു താരങ്ങളുടെ സിനിമകളെ പരാജയപ്പെടുത്താന്‍ കൂവല്‍ ,നെഗറ്റീവ് പബ്ലിസിറ്റി തുടങ്ങിയ വൃത്തികെട്ട കലാപരിപാടികളിലൂടെ കച്ച കെട്ടി ഇറങ്ങുന്നിടത്താണ് ഇവരുടെ കേളികള്‍ ഉപദ്രവകരമാകുന്നത്...പ്രധാനമായും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ ബേസ് ചെയ്തു കൊണ്ടാണ് ഇന്ന് ഫാന്‍സ്‌ തറവേലകള്‍ കാണിക്കുന്നത്...ഇവര്‍ രണ്ടു പേരും അടുത്ത സുഹൃത്തുക്കള്‍ ആണ് എന്ന് പോലും മനസ്സിലാക്കാതെ ഇവരുടെ പടങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ചാലി വാരി എറിയുക ,ഇവരുടെ ഫോട്ടോകള്‍ എഡിറ്റ്‌ ചെയ്തു വികൃതമാക്കുക എന്നിട്ട് വികലമായ കോമഡികള്‍ പ്രചരിപ്പിക്കുക എന്നതൊക്കെ ഇവന്മാരുടെ ലീലാവിലാസങ്ങള്‍ ആണ്...സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ഫേസ്ബുക്കില്‍ ഇവരുടെ ഫാന്‍സ്‌ രണ്ടു പേര്‍ക്കും വേണ്ടി പലതരം കമ്മ്യൂണിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്...അതില്‍ ഇവരെപ്പറ്റി മോശമായ രീതിയില്‍ സംസാരിക്കുക,അപഹസിക്കുക എന്നിവയൊക്കെയാണ് നടക്കുന്നത് ഇല്ലാതെ സിനിമയുടെ പുരോഗതിക്ക് വേണ്ടി ഇവന്മാര്‍ ഒന്നും ചെയ്യില്ല...
ഈ ആരാധകരില്‍ ഭൂരിഭാഗവും യുവാക്കളാണ്...ഇവര്‍ കണ്ടു തുടങ്ങിയതോ ഈ അടുത്ത കാലത്ത് ഇറങ്ങിയ ചില പടങ്ങള്‍ മാത്രവും...എണ്‍പതുകളിലും തൊണ്ണൂറുകളിലും ഈ താരങ്ങള്‍ അഭിനയിച്ച ക്ലാസ്സിക്‌ ചിത്രങ്ങള്‍ കണ്ടവര്‍ ഇക്കൂട്ടത്തില്‍ എണ്ണത്തില്‍ വളരെ കുറച്ചേ കാണൂ...അത്തരം നല്ല സിനിമകള്‍ക്ക് പിടിച്ചു ഇരുത്തിയാല്‍ ഇവന്മാര്‍ക്കൊക്കെ ഇരിപ്പ് ഉറയ്കില്ല...മസാല ചിത്രങ്ങള്‍ കണ്ടു കൈയ്യടിക്കാനും സൂപ്പര്‍ എന്ന് ഉദ്ഘോഷിക്കാനും മാത്രമേ ഇവന്മാരെക്കൊണ്ട് പറ്റൂ...ഈ നടന്മാര്‍ക്ക് വേണ്ടി അമ്പലങ്ങള്‍ നിര്‍മ്മിക്കാന്‍ ധൈര്യം കാണിക്കാഞ്ഞത് ഇത് കേരളമായത് കൊണ്ട് മാത്രമായിരിക്കും...അല്ലെങ്കില്‍ അതും ചെയ്തേനെ ഈ വിവരമില്ലാത്തവന്മാര്‍....,...

ഇത് ആരാധനയുടെ ഭാഗമായി ഉണ്ടാകുന്ന ഭ്രാന്ത്‌ എന്ന നിലയില്‍ നിന്നും ഒരുതരം ഉന്മാദ അവസ്ഥയില്‍ എത്തിയിട്ടുണ്ട് ഈയിടെയായി...പരാജയപ്പെടുന്ന സിനിമകള്‍ പോലും വിജയം നേടിയവ ആണെന്ന് കാണിക്കാനും തര്‍ക്കിക്കാനും എത്ര സമയം വേണമെങ്കിലും ഇവര്‍ ചെലവഴിക്കും...ഏതറ്റം വരെ പോകുകയും ചെയ്യും...ഒടുവില്‍ തര്‍ക്കിക്കുന്നവന്റെ കുടുംബത്തിലുള്ള സകലരെയും തെറി വിളിച്ചിട്ടായാലും സിനിമ വിജയമാണെന്ന് സമ്മതിപ്പിക്കും...പക്ഷെ ഈ കോപ്രായങ്ങള്‍ കൊണ്ട് കുത്തുപാള എടുത്തു വീട്ടില്‍ ഇരിക്കുന്ന നിര്‍മാതാവിന് അഞ്ചു നയാപൈസ കൂടുതല്‍ കിട്ടില്ല എന്ന് ഈ മരമണ്ടന്മാര്‍ മനസ്സിലാക്കുന്നുമില്ല...ഇനി അഥവാ നിര്‍മാതാവ് തന്നെ വന്നു പറഞ്ഞാലും കുറച്ചു തെറി വാങ്ങി വെച്ച് വീട്ടില്‍ പോകുക എന്നല്ലാതെ പരാജയം ആയി എന്ന് ഇവന്മാര്‍ സമ്മതിക്കില്ല...
മമ്മൂട്ടിയുടെ പത്തു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത് ഫാന്‍സുകള്‍ തമ്മിലുള്ള ഈ ചെളി വാരി എറിയല്‍ ഒന്ന് കൂടാന്‍ കാരണമായിട്ടുണ്ട്..

ഈ പരാജയപ്പെടുന്ന സിനിമകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ഈ ആരാധകക്രിമിനലുകള്‍ കൂട്ടത്തോടെ പോയി വിമര്‍ശിക്കുന്ന ആളിനെ പച്ചയായി തെറി പറയുന്ന സംഭവങ്ങള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്...ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ത്യവിഷനിലെ ശ്രീ മനീഷ്‌ നാരായണന്‍ എന്ന അവതാരകന്‍ ഈ ഫാന്‍സിന്റെ ക്രിമിനല്‍ സ്വഭാവത്തിന്റെ ഇരയായ വാര്‍ത്ത നമ്മള്‍ വായിച്ചതാണ്...ഒടുവില്‍ ഈ ക്രിമിനലുകള്‍ക്ക് എതിരെ കേസ് കൊടുക്കും എന്ന് വരെ ചിലര്‍ക്ക് പറയേണ്ടി വന്നു...
മറ്റൊരു സംഭവം എടുത്തുപറയാന്‍ ഉള്ളത് എഴുത്തുകാരനും സംവിധായകനും ഒക്കെയായ ചിന്തരവിയുടെ ശവസംസ്കാരച്ചടങ്ങ്‌ നടന്നപ്പോള്‍ ഉണ്ടായ ഫാന്‍സിന്റെ ഇടപെടല്‍ ആണ്...ഷൂട്ടിങ്ങില്‍ ആയിരുന്ന മമ്മൂട്ടിക്ക് വേണ്ടി അല്പസമയം കാത്തിരിക്കേണ്ടി വന്നതില്‍ മംമൂട്ടിയോടെ കവിയും സംവിധായകനും ഒക്കെയായ ഒരാള്‍ അല്പം വികാരവിക്ഷോഭതോടെ സംസാരിച്ചു...പക്ഷെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയ മമ്മൂക്ക എതിര്‍ത്ത് ഒന്നും പറയാതെ തന്റെ കാറില്‍ കയറിപ്പോയി...പക്ഷെ സൂപ്പര്‍താരത്തെ ഒരാള്‍ ചോദ്യം ചെയ്തത് ഇഷ്ട്ടപ്പെടാത്ത ഈ ആരാധകഭ്രാന്തന്മാര്‍ അയാളെ അവിടെത്തന്നെ ഇട്ടു ആക്രമിച്ചു പരിക്കേല്‍പ്പിച്ചു തനി ഗുണ്ടകളെപ്പോലെ പെരുമാറി...ഇങ്ങനെ ഇന്റര്‍നെറ്റ്‌ ലോകത്തായും അല്ലാതെയും താരങ്ങളുടെ പേരില്‍ നിരവധി പേക്കൂത്തുകള്‍ ആണ് നടക്കുന്നത്...ആദ്യമൊക്കെ സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമായിരുന്നു ഫാന്‍സ്‌ അസോസിയേഷനുകള്‍ എങ്കില്‍ ഇപ്പോള്‍ പ്രിത്വിരാജിനും ഈ അടുത്ത കാലത്ത് മാത്രം വന്ന ആസിഫ്‌ അലിക്കും എന്തിനു വിരലില്‍ എണ്ണാവുന്ന നാലാംകിട സിനിമകളില്‍ മാത്രം അഭിനയിച്ച കൊച്ചു നടന്മാര്‍ക്ക് പോലും ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപം കൊള്ളുന്നുണ്ട്...

ഇനി അവരും ഈ അങ്കത്തട്ടിലേക്ക് ഇറങ്ങുന്നതോടെ രംഗം കൂടുതല്‍ മലീമസമാകും...

എന്നാല്‍ ഇവന്മാര്‍ക്കൊക്കെ ഈ കോപ്രായങ്ങള്‍ കൊണ്ട് മലയാളസിനിമയ്ക്ക് ഗുണകരമാകുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് പരിതാപകരമായ്‌ ഏറ്റവും കാര്യം.. പോരാഞ്ഞിട്ട് കൂക്കുവിളിയും ബഹളങ്ങളുമായി തിയേറ്റര്‍ അലമ്പാക്കുന്നത് കൊണ്ട് നേരെ വിപരീതഫലമുണ്ടായി കാണികളെ തിയേറ്ററില്‍ നിന്നും അകറ്റുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട് താനും...ചില ഫാന്‍സ്‌ അസോസിയേഷനുകള്‍ പറയുന്ന ന്യായം തങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനവും നടത്തുന്നുണ്ട് എന്നാണു...പക്ഷെ സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ നിരവധി സാംസ്കാരിക കൂട്ടായ്മകള്‍ ഇന്നുണ്ട്...സാമൂഹ്യപ്രവര്‍ത്തനം നടത്തണം എന്ന് അതിയായ താല്പര്യം ഉള്ളവര്‍ക്ക് അവയോട് കൂടി പ്രവര്‍ത്തിച്ചാല്‍ മതിയാകും....അല്ലാതെ അതിന്റെ മറവില്‍ എന്ത് തോന്നിവാസവും കാണിക്കാന്‍ ശ്രമിക്കരുത്...

ഇവരെ ഇനിയും ഇങ്ങനെ കയറൂരി വിടുകയാണെങ്കില്‍ നടന്മാര്‍ക്ക് തന്നെ പേരുദോഷം ഉണ്ടാകുന്ന സമയം വിദൂരമല്ല....ഇടക്കാലത്ത് ഫാന്‍സിന്റെ അഭിരുചിക്കനുസരിച്ച് തീരെ കലാമൂല്യം ഇല്ലാത്ത തട്ടിക്കൂട്ട് മസാലപടങ്ങളില്‍ അഭിനയിക്കുന്ന പരിപാടി താരങ്ങള്‍ക്കും ഉണ്ടായിരുന്നു...പക്ഷെ ഫാന്‍സ്‌ കിണഞ്ഞു ശ്രമിച്ചിട്ടും അവയൊന്നും വിജയിപ്പിക്കാന്‍ ആയില്ല എന്ന് മാത്രമല്ല വളരെയധികം വിമര്‍ശന ശരങ്ങള്‍ താരങ്ങള്‍ക്ക് നേരെ നീണ്ടിരുന്നു...അതില്‍ നിന്നും താരങ്ങള്‍ പാഠം ഉള്‍ക്കൊള്ളണം..
ഇവരല്ല സിനിമ വിജയിപ്പിക്കുന്നത് എന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കണം..ഉച്ചിയില്‍ വെച്ച കൈ കൊണ്ട് തന്നെ ഉദക ക്രിയയും നടത്തി ഫാന്‍സ്‌ അസോസിയേഷനുകള്‍ പിരിച്ചു വിട്ടു നല്ല സിനിമകളുടെ ഭാഗമായി മാറുക എന്ന ധീരമായ തീരുമാനം താരങ്ങള്‍ എടുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം...

ആധുനിക സമൂഹത്തിലെ പ്രദര്‍ശനപരതയും അഭിനവപ്രാഞ്ചിയേട്ടന്‍മാരും....

ലോകം സാങ്കേതികതയില്‍ അഭിരമിച്ച് കൊണ്ടിരിക്കുകയാണ്....അതുകൊണ്ട് തന്നെ അതിന്‍റെ വ്യാപ്തി ചുരുങ്ങി ചുരുങ്ങി വന്നു ഒരു കൊച്ചു മുറിയുടെ അത്രയും ആയി മാറുന്നു...ഒരു വിരല്‍തുമ്പില്‍ തൂങ്ങി നമുക്ക് ലോകം മുഴുവന്‍ സഞ്ചരിക്കാം...ഓരോ രാജ്യങ്ങളിലെ സംസ്ക്കാരം,ജീവിത രീതികള്‍,ഭക്ഷണശീലങ്ങള്‍ എന്ന് വേണ്ട സകലമാന വിവരങ്ങളും ഒരു ക്ലിക്കില്‍ നമ്മുടെ മുന്നിലെത്തും...ഇനി അതും പോരാഞ്ഞിട്ട്
ഒന്ന് പുറത്തേക്കു ഇറങ്ങിയാല്‍ നമുക്ക് വേണ്ടതെല്ലാം ഞൊടിയിടയില്‍ കമ്പോളം നമ്മുടെ മുന്നില്‍ നിരത്തി വെച്ച് തരും...അതിന്‍റെ ഫലമായി പല പല പുതിയ കാര്യങ്ങളും നമ്മുടെ ജീവിതരീതിയിലേക്ക് കടന്നു വന്നു സ്വാധീനം ചെലുത്തി തുടങ്ങിയിരിക്കുന്നു....ചിലര്‍ അതിനെ പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നുകയറ്റം എന്ന് ആക്ഷേപിക്കും ചിലര്‍ ഫാഷന്‍ എന്ന് അഭിമാനം കൊള്ളും....രണ്ടായാലും അതിനു ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്...അതിന്റെ ഭാഗമായി തന്നെ കടന്നു വന്നതാണ് പ്രദര്‍ശനപരത അല്ലെങ്കില്‍ സ്വന്തം സൌഭാഗ്യങ്ങളില്‍ മേനി നടിക്കല്‍..., പൊങ്ങച്ചം പറയല്‍... ഇത്യാദി പരിപാടികള്‍...,..
ഉദാഹരണമായി വസ്ത്രധാരണത്തില്‍ കാണിക്കുന്ന പൊങ്ങച്ചങ്ങള്‍...,...ഓരോ സ്ഥലങ്ങളിലെയും ജനങ്ങള്‍ അവിടുത്തെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപരമായ മറ്റു പ്രത്യേകതകള്‍ക്കും അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ആണ് ധരിക്കുന്നത്....അതായത് തണുപ്പ് രാജ്യങ്ങളില്‍ അവര്‍ തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ കോട്ടും സൂട്ടും ഒക്കെ ഇടും അല്ലെങ്കില്‍ ജാക്കറ്റുകള്‍ ധരിക്കും...ചൂട് കാലാവസ്ഥയില്‍ അതിനനുസരിച്ചുള്ള നേര്‍ത്ത വസ്ത്രങ്ങള്‍ ധരിക്കും...പക്ഷെ നമ്മുടെ നാടന്‍ സായിപ്പുമാര്‍ അതൊക്കെ അനുകരിച്ചു സ്റ്റാറ്റസ് സിംബല്‍ ആയി മാറ്റി ചൂട് സമയത്തും കോട്ടും സൂട്ടും ഒക്കെ അണിഞ്ഞു ഗമയില്‍ നടക്കും...അത് കണ്ടു പിടിച്ച സായിപ്പ് നമ്മുടെ നാട്ടില്‍ വന്നു ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ചു നമ്മെ നോക്കി ചിരിക്കും....പക്ഷെ നമ്മുടെ അഭിനവ സായിപ്പന്മാര്‍ക്ക് അത് മനസ്സിലാകില്ല...കോട്ട് ഒക്കെ ഇട്ടാല്‍ താന്‍ എന്തോ വലിയ സംഭവം ആയി എന്നാ മട്ടാണ് അവര്‍ക്ക്...പിന്നെ ഇവര്‍ വീട്ടില്‍ പോലും സ്വന്തം ഭാഷ സംസാരിക്കില്ല...സായിപ്പിന്റെ ഭാഷ മാത്രമേ സംസാരിക്കൂ...സ്വന്തം ഭാഷ സംസാരിച്ചാല്‍ താന്‍ പഴഞ്ചന്‍ ആയി എന്നും മറ്റുള്ളവരുടെ മുന്നില്‍ തന്റെ സ്റ്റാറ്റസ് ഇടിയുമെന്നും അവര്‍ കരുതുന്നു..ഞാനും എന്റെ കുടുംബവും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത് എന്ന് നാലാളെ ബോധ്യപ്പെടുത്താന്‍ എവിടെ പോയാലും അവര്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ...പക്ഷെ എന്തെങ്കിലും അപകടത്തില്‍ പെടുമ്പോള്‍ മാത്രം ഒന്നും ഓര്‍ക്കാതെ അമ്മേ എന്ന് വിളിച്ചു പോകും....

ഇതിനേക്കാള്‍ ഒക്കെ അപകടകരമായതും അത്യന്തം ഗൌരവമേറിയതുമായ ഒരു കാര്യമാണ് ജാതിചിന്താഗതികളില്‍ വിദ്യാസമ്പന്നര്‍ ആയ ആധുനിക ജനത ആകൃഷ്ടരാകുന്നത്.... ജാതിമതഭ്രാന്തുകള്‍ കൊടി കുത്തിവാണ സമയത്ത് പോലും കാണാത്തത്ര രീതിയില്‍ ചിലര്‍ ജാതിചിന്തകളില്‍ അഭിരമിക്കുന്നു...മേനോന്‍,നായര്‍,നമ്പ്യാര്‍ എന്നൊക്കെയുള്ള ജാതികള്‍ വരേണ്യവര്‍ഗ്ഗം ആണെന്നും ബാക്കിയുള്ളവര്‍ തങ്ങള്‍ക്കു താഴെയാണെന്നും പണ്ടുള്ളവര്‍ പറഞ്ഞു പഠിപ്പിച്ചത് ഏറ്റുപാടാന്‍ ആളുകള്‍ കൂടി വരുന്നു....തങ്ങള്‍ തറവാടികള്‍ ആണ് എന്ന് ആരെയൊക്കെയോ ബോധ്യപ്പെടുത്താന്‍ പേരിനു പുറകില്‍ വാലായി ഇത്തരം ജാതിപ്പേരുകള്‍ ചേര്‍ക്കുന്നത് വ്യാപകമായി വരുന്നു...പ്രത്യേകിച്ച് യുവാക്കളില്‍....,..ജാതി മത ചിന്തകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ പോലും പേരിനു പുറകിലുള്ള വാല് നീക്കം ചെയ്യാന്‍ തയ്യാറാകുന്നില്ല....ചെത്തിമിനുക്കിയ പുറംമോടിയും മാറാല പിടിച്ച മനസ്സുമായി കഴിയുന്ന ഇവര്‍ സാക്ഷരകേരളത്തിന്‌ തന്നെ അപമാനമാണ്...
മറ്റൊരു ദയനീയമായ കാര്യം ബ്രാന്‍ഡുകളോടുള്ള അഭിനിവേശമാണ്...ബഹുരാഷ്ട്ര ഭീമന്മാരായ കെ എഫ്‌ സി, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകള്‍ ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ആണ് തങ്ങള്‍ കഴിക്കാറുള്ളത് എന്ന് നാട്ടുകാരെ കാണിക്കാന്‍ അവരുടെ ഔട്ട്‌ലെറ്റുകളില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്റെയും കഴിച്ചു കഴിഞ്ഞ ശേഷം ഉച്ചിഷ്ടത്തിന്റെയും ഫോട്ടോകള്‍ എടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ മുഖേന നാലാളെ കാണിക്കുക.. എന്നിട്ട് താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആണ്,സ്വല്‍പ്പം കൂടിയ ഇനം ആണെന്ന് കാണുന്നവനെ ബോധ്യപ്പെടുത്താന്‍ വെപ്രാളപ്പെടുക...ഇതൊക്കെ കാണുമ്പോള്‍ അല്‍പ്പനു അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുടപിടിക്കും എന്നാ ചൊല്ലാണ് ഓര്‍മ്മ വരുന്നത്...പാശ്ചാത്യര്‍ അവരുടെ ജീവിത ശൈലിക്കും മറ്റും ഇണങ്ങുന്ന രീതിയില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കണ്ടു ഭ്രമിച്ച്‌ അവരെ അനുകരിച്ചു അതൊക്കെ വലിച്ചു വാരി തിന്നു വയറും ആരോഗ്യവും കേടാക്കുന്നതും പോരാ അത് നാലാളെ കൂടെ കാണിച്ചാലേ ഇവനൊക്കെ തൃപ്തിയാകൂ....അതുപോലെ പ്രശസ്തങ്ങളായ പാശ്ചാത്യബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില എത്ര തന്നെ ആയാലും സ്വന്തം കൈക്കുള്ളില്‍ ഒതുങ്ങിയില്ലെങ്കില്‍ പോലും കണ്ണുമടച്ചു വാങ്ങുക എന്നിട്ട് അത് വിളിച്ചു പറഞ്ഞു അഭിമാനം കൊള്ളുക,അത് കാണിച്ചു മേനി പറഞ്ഞു നടക്കുക എന്നിവയും ഈ പ്രദര്‍ശനപരതയുടെ ഭാഗമായി ഉയര്‍ന്നു വന്ന ഒരു വൈകൃതവിനോദമാണ്...അണ്ടര്‍വെയര്‍ പോലും ബഹുരാഷ്ട്ര ബ്രാന്‍ഡിന്റേത് തന്നെ വേണമെന്നും ഇവര്‍ക്ക് വാശിയുണ്ട്...അത് വിളിച്ചു പറഞ്ഞു നടക്കാനും യാതൊരു ജാള്യതയുമില്ല...ഇനി അതും നാലാളെ കാണിക്കാന്‍ വേണ്ടി കോമിക് ഫീറോകളെപ്പോലെ അണ്ടര്‍വെയര്‍ മുകളില്‍ ധരിക്കുന്ന ഏര്‍പ്പാടും വന്നു കൂടെന്നില്ല...
ഇതില്‍ നിന്നൊക്കെ വിഭിന്നമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്ന മറ്റൊരു കൂട്ടരാണ് അഭിനവസ്വയംപ്രഖ്യാപിത സാമൂഹ്യപ്രവര്‍ത്തകര്‍..,..സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നാലാള്‍ കൂടി ഒരു ഗ്യാംഗ് ആയാല്‍ ആദ്യത്തെ ചിന്ത പോകുന്നത് സാമൂഹ്യപ്രവര്‍ത്തനം നടത്താം എന്നതിലെക്കാണ്...അതൊരു നല്ല കാര്യം തന്നെയാണ്...അഭിനവപ്രാഞ്ചിയേട്ടന്‍മാരെക്കൊണ്ടായാലും ആര്‍ക്കെങ്കിലും സഹായം കിട്ടുന്നത് ഒരു മഹത്കര്‍മ്മം തന്നെയാണ്...പക്ഷെ ആ സഹായം നല്‍കി കഴിഞ്ഞു അല്ലങ്കില്‍ നല്കുന്നതിനിടയ്ക്കു ഇവര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ആണ് അതിന്റെ മാറ്റ് കുറയ്ക്കുന്നതും അവരുടെ ഉദ്ദേശശുദ്ധിയെ തന്നെ സംശയിക്കപ്പെടാന്‍ കാരണം ആകുന്നതും...സഹായം നല്‍കാന്‍ തീരുമാനിച്ചാല്‍ അത് നാട് മുഴുവന്‍ പെരുമ്പറ കൊട്ടി നടക്കല്‍ ആണ് അടുത്ത പടി...നാലാളുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്താന്‍ ആണെങ്കില്‍ കൂടി അതിനു മാന്യമായ വഴികള്‍ ഉണ്ട്...അതൊന്നും ചെയ്യാതെ പ്രമുഖനായ ഒരു ജ്വല്ലറി മുതലാളി ഏതോ ഒരു ഹോസ്പിറ്റലില്‍ പോയി രോഗികളുടെ കാലു കഴുകുന്നതും അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നതുമായ്‌ വീഡിയോകളും ഫോട്ടോകളും എടുത്തു പരസ്യം ചെയ്തത് പോലെ ഓരോ വിവരങ്ങളും എല്ലാവരെയും അറിയിക്കണം എന്ന് ഇവര്‍ക്ക് നിര്‍ബന്ധമാണ്...ഒരു കൈ ചെയ്യുന്ന സഹായം മറുകൈ അറിയരുത് എന്ന് നിര്‍ബന്ധം ഉള്ള ചില നല്ല മനുഷ്യ സ്നേഹികള്‍ ഇപ്പോഴും ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല....പക്ഷെ ഇത്തരക്കാര്‍ അവര്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കും...

വഴിയില്‍ കിടക്കുന്ന ഒരുത്തന് വെള്ളം കൊടുത്താല്‍ പോലും അതിന്റെ ഫോട്ടോ എടുത്തു നാലാളെ കാണിച്ചു ഞാന്‍ ഇന്നൊരു സല്‍ക്കര്‍മ്മം ചെയ്തു എന്ന് വീമ്പിളക്കുന്ന ഈ പ്രാഞ്ചിയേട്ടന്മാരുടെ സഹായം സ്വീകരിക്കുന്നവര്‍ ചിലര്ക്കെങ്കിലും അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് പ്രകടനം....ഇത്തരം പൊങ്ങച്ചങ്ങള്‍ കാട്ടുന്നത് ഇന്നൊരു ഫാഷന്‍ തന്നെയായി മാറിയിരിക്കുകയാണ്...പൊങ്ങച്ചമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിന്റെ മേലങ്കി എടുത്തണിയാന്‍ മടിയില്ലാത്ത സമൂഹമായി മാറിയിരിക്കുന്നു ആധുനികസമൂഹം...
"കണ്ടാല്‍ ഒരു ലുക്കില്ലന്നെയുള്ളൂ, ഞാനൊരു വക്കീലാ' എന്ന് സലീം കുമാര്‍ മീശമാധവനില്‍ പറയുന്നത് പോലെ ഞാനും ഒരു ആഡ്യന്‍ ആണ് എന്ന് ദയനീയമായി വിളിച്ചു പറയുന്ന ഇത്തരക്കാരോട് സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല...ഇവര്‍ക്ക് തിരിച്ചരിവുണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം, വെറുതെയെങ്കിലും..

ഒരു സിനിമാപ്രേമിയ്ക്ക് പറയാനുള്ളത്‌.

ഒരു സിനിമാപ്രേമിയ്ക്ക് പറയാനുള്ളത്‌...,..

മലയാളം സിനിമാ ഇന്‍ഡസ്ട്രി ഇപ്പോള്‍ തിരിച്ചു വരവിന്‍റെ പാതയിലാണ്...ധാരാളം പുതു സംവിധായകരും അഭിനേതാക്കളും നിര്‍മാതാക്കളും സാങ്കേതികപ്രവര്‍ത്തകരും കടന്നു വന്നു കൊണ്ടിരിക്കുന്നു...
അത് കൂടാതെ സിനിമയിലേക്കുള്ള ചവിട്ടു പടി എന്നാ നിലയില്‍ തങ്ങളുടെ കഴിവ് പരീക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച യുവപ്രതിഭകളുടെ പരീക്ഷണ ഷോര്‍ട്ട് മൂവികളും ദിനംപ്രതി ഇറങ്ങുന്നുണ്ട്...വ്യക്തമായ ഒരു സിനിമാ സംസ്കാരം തന്നെ രൂപപ്പെട്ടു വരുന്നുണ്ട് എന്ന് പറയാം...

താരാധിപത്യവും കഥയില്ലായ്മയും സംഘടന വഴക്കുകളും ചേര്‍ന്ന് വെട്ടി തുണ്ടം തുണ്ടമാക്കിയ മലയാള സിനിമയെ ചോരയും നീരും കൊടുത്തു കൂട്ടിയോജിപ്പിച്ച് പഴയ സുവര്‍ണ്ണകാലത്തേയ്ക്ക് കൊണ്ട് പോകാന്‍ ഈ പുതുതലമുറയില്‍ ആളുകള്‍ ഉണ്ട് എന്നും ആ മാറ്റത്തിന് അനുസരിച്ച് മാറാന്‍ പഴയ തലമുറ ശ്രമിക്കുന്നുവെന്നും കുറച്ചു നാളുകള്‍ കൊണ്ട് സിനിമാപ്രേമികള്‍ക്ക് മനസ്സിലായി വരുന്നു...

ആകാംക്ഷയോടെയാണ് ഈ മാറ്റങ്ങളെ എല്ലാവരും നോക്കി കാണുന്നത്...പക്ഷെ ഒരു വിഭാഗം ഇതിനെ വളരെ സംശയ കണ്ണുകളോടെ വീക്ഷിക്കുന്നുണ്ട്...പല സിനിമകളുടെയും കഥകളും പാട്ടുകളുമൊക്കെ കോപ്പിയടി ആണെന്നും സ്വന്തമായി ഒന്നും ഉണ്ടാക്കാന്‍ കഴിവില്ലാത്തവര്‍ ആണ് ഈ പുതുതലമുറ സിനിമാപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും എന്നും അവര്‍ ആക്ഷേപിക്കുന്നു...പക്ഷെ പണ്ടും കോപ്പി അടി ഉണ്ടായിരുന്നു എന്ന് മറുപക്ഷം വാദിക്കുന്നു... അന്ന് പാശ്ചാത്യ സിനിമകള്‍ കാണാന്‍ അധികം അവസരങ്ങള്‍ ഇല്ലായിരുന്നത് കൊണ്ട് അന്നുള്ളവര്‍ക്ക് കോപ്പി അടി ആണെന്ന് മനസ്സിലാവാഞ്ഞതാണെന്നും അവര്‍ വാദിക്കുന്നു.. തന്‍റെ ഹിറ്റ്‌ സിനിമകള്‍ പലതും താന്‍ കോപ്പി അടിച്ചു ഉണ്ടാക്കിയതാണ് എന്നാ പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍ ആണ് ഇന്നത്തെ കോപ്പി അടിയെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത്...

ഇത്തരം വാദപ്രതിവാദങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ കോപ്പി അടിക്കപ്പെട്ടിട്ടുള്ളതും ഇല്ലാത്തതുമായ ഒട്ടുമിക്ക ചിത്രങ്ങളും നല്ല പ്രതികരണം ഉണ്ടാക്കിക്കൊണ്ട് നിറഞ്ഞോടുന്നുണ്ട്...പക്ഷെ കോപ്പി അടിയെ കോപ്പി അടി എന്ന് തുറന്നു പറയുവാനും ക്രെഡിറ്റ്‌ നല്‍കുവാനും സിനിമാപ്രവര്‍ത്തകര്‍ തയ്യാറാകണം അതാണ്‌ മാന്യത...

എന്ത് തന്നെ ആയാലും ഈ ആവേശം നിലനില്‍ക്കട്ടെ എന്നും ഇനിയുമിനിയും പ്രതിഭകള്‍ കടന്നു വരട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് ഒരു സാദാസിനിമാപ്രേമിയുടെ ചില ആഗ്രഹങ്ങള്‍ ഇവിടെ രേഖപ്പെടുത്തട്ടെ...

ആദ്യമായി പറയാനുള്ളത്‌ ഒരു കാലത്ത് തിയേറ്ററുകള്‍ പൂരപ്പറമ്പ് ആക്കിയിരുന്ന അമാനുഷികനായകര്‍ ഹീറോയിസം കാണിച്ചിരുന്ന വണ്‍മാന്‍ഷോ സിനിമകള്‍ ഇനി ഇറക്കരുത് എന്നാണു...നൂറാളുകളെ നായകന്‍ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തുന്ന തരം സിനിമകള്‍ കണ്ടു മടുത്തു...ഇനിയും അത്തരം ചവറുകളുമായി വരരുത്...കണ്ടിരിക്കാനുള്ള സമനില കാണിച്ചു എന്ന് വരില്ല...അതിപ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആയാലും ശരി സൂപ്പര്‍സ്റ്റാറുകളുടെ മക്കള്‍ ആയാലും ശരി,യുവസൂപ്പര്‍സ്റ്റാറുകള്‍ ആയാലും ശരി...

സിനിമകളുടെ സമയദൈര്‍ഘ്യവും അതിലെ പാട്ടുകളും ഫൈറ്റ് സീനുകളും ഒക്കെ നന്നായി ശ്രദ്ധ ചെലുത്തേണ്ട സംഗതികള്‍ തന്നെയാണ്...മൂന്നു മണിക്കൂറില്‍ അധികം ദൈര്‍ഘ്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നു...അത്രയും നേരം തിയേറ്ററില്‍ ഇരിക്കാന്‍ ഇന്ന് സമയവും ഇല്ല താല്പര്യവും ഇല്ല...അതുകൊണ്ട് പാശ്ചാത്യ സിനിമകള്‍ പോലെ ഒന്നരമണിക്കൂര്‍ അല്ലെങ്കില്‍ രണ്ടു മണിക്കൂറില്‍ താഴെ ദൈര്‍ഘ്യം ഉള്ള സിനിമകള്‍ ഉണ്ടാക്കിയാല്‍ വളരെ ഉപകാരമായിരുന്നു...നായകന് നായികയെ ഓരോ വട്ടം കാണുമ്പോഴും അവളെ സ്വപ്നം കാണുമ്പോഴും അവസാനം തെറ്റി പിരിയുമ്പോഴും ഒക്കെ ഉള്ള അഞ്ചും ആറും പാട്ടുകള്‍ കുത്തി തിരുകി വെറുപ്പിക്കുന്നതിനു പകരം പാട്ടുകള്‍ക്കായി ഓഡിയോ സിഡികള്‍ പുറത്തിറക്കി കഥാഗതിയെ നിര്‍ണായകമായി സ്വാധീനിക്കുന്ന പാട്ട് മാത്രം തിയേറ്ററില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു... പിന്നെ അന്നും ഇന്നും മലയാള സിനിമയിലെ ഫൈറ്റ് സീനുകളുടെ നിലവാരം വെറും 'തറ' നിലവാരം തന്നെയാണ്...പത്തും പതിനഞ്ചും മിനുറ്റ് നീണ്ടു നില്‍ക്കുന്ന കൂട്ടതല്ലുകള്‍ വ്യാപകമായിരുന്നു ഒരു കാലത്ത്‌.....,..വില്ലന്മാരുടെ മൂക്കില്‍ പത്തു ഇടി ഇടിച്ചാലും ഒരു തുള്ളി ചോര പോലും വരാത്ത രീതിയിലുള്ള ഇടി...ആ സംഭവങ്ങള്‍ ഒക്കെ ഒന്ന് മാറ്റി കുറച്ചെങ്കിലും റിയലിസ്റ്റിക് ആയ ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തും എന്ന് ആശിക്കുന്നു...

പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം താരങ്ങള്‍ക്ക് വേണ്ടി കഥകള്‍ ഉണ്ടാക്കാതെ സിനിമക്ക് വേണ്ടി നല്ല കഥകള്‍ ഉണ്ടാക്കാനും അതില്‍ പറ്റിയ താരങ്ങളെ കാസ്റ്റ് ചെയ്യാനും ധൈര്യവും കഴിവും പ്രകടിപ്പിക്കുക...താരങ്ങളെ കാണാന്‍ വേണ്ടി മാത്രം തിയേറ്ററില്‍ പോകുന്ന പരിപാടി ഞങ്ങള്‍ പ്രേക്ഷകര്‍ നിര്‍ത്തി...കഥയാണ്‌ താരം...താരപ്രഭ കൊണ്ട് മാത്രം ചിത്രങ്ങള്‍ ഓടില്ല എന്നതിന്റെ ഒരു ഉദാഹരണമാണ് ഒരു താരരാജാവിന്റെ പടങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പരാജയപ്പെടുന്നത്....

ഇത്തരം കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിച്ചു നല്ല കാമ്പും കഥയും ഉള്ള സിനിമകള്‍ ചെയ്യാന്‍ സിനിമാപ്രവര്‍ത്തകര്‍ മുന്നോട്ടു വരട്ടെ എന്നും ഇത്തരം നല്ല സിനിമകള്‍ വിജയിപ്പിക്കാന്‍ സിനിമാപ്രേമികള്‍ തയ്യാറാകട്ടെ എന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു...

വസ്ത്രധാരണക്കമ്മിറ്റിക്കാര്‍ അഥവാ കാഴ്ചയെ ബലാല്‍സംഘം ചെയ്യുന്നവര്‍.

പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അതിനെതിരെ എഴുതാനോ പറയാനോ ഇരിക്കാനാവില്ല...പീഡനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്നവര്‍ എന്നാ ഒരു ദുഷ്പേരും നമുക്കുണ്ട്..അത് മാറ്റിയെടുക്കാനും നിരന്തരമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയര്‍ത്താനും നമ്മള്‍ പഠിച്ചിരിക്കുന്നു എന്നാണു ചില ദിവസങ്ങളായി നടക്കുന്ന സമരങ്ങള്‍ തെളിയിക്കുന്നത്..പക്ഷെ,കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചു കളയാം എന്ന ഉദ്ദേശത്തോടെ വളരെ വ്യക്തമായ ലക്ഷ്യങ്ങളുമായി ചിലര്‍ നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവന്‍ ഇരുമ്പ്‌ ചട്ട കൊണ്ട് മൂടി ഒരു താഴിട്ടു പൂട്ടി വീട്ടില്‍ ഇരുത്തണം എന്ന വാദവുമായി രംഗത്ത്‌ എത്തിയിട്ടുണ്ട്... പ്രകോപനപരമായി വസ്ത്രം ധരിക്കരുത് എന്നാണു ഇവരുടെ ആവശ്യം...പ്രകോപനം എന്നത് എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്ന് തെളിച്ചു പറയുന്നില്ലെങ്കിലും ശരീരഭാഗങ്ങള്‍ എല്ലാം മറച്ചു വെക്കണം അല്ലെങ്കില്‍ മറച്ചു വെക്കേണ്ടതാണ് എന്നാണു ഇവര്‍ വാദിച്ചു കൊണ്ടിരിക്കുന്നത്..

സ്വന്തം വീട് തുറന്നിട്ടിട്ടു കള്ളന്മാരെ നിങ്ങള്‍ മോഷ്ട്ടിക്കരുത് നിങ്ങള്‍ നല്ല മനുഷ്യര്‍ ആവൂ എന്ന് പറയുന്നത് പോലെയാണ് പീഡകരുടെ മുന്നിലേക്ക്‌ ശരീരം മുഴുവന്‍ മറയ്ക്കാതെ ഇറങ്ങുന്നത് എന്നാണു ഇവര്‍ പറയുന്നത്..ഇവന്മാരുടെയൊക്കെ വാദങ്ങള്‍ കേട്ടാല്‍ തോന്നും അടച്ചിട്ട വീടുകളില്‍ ഒന്നും കള്ളന്‍ കയറുന്നില്ലെന്ന്...വീടുകള്‍ക്കെല്ലാം ഇരുമ്പിന്‍റെ പൂട്ടും താക്കോലും ഫിറ്റ്‌ ചെയ്തത് കൊണ്ട് കള്ളന്മാര്‍ എല്ലാം മാനസാന്തരപ്പെട്ട് ഇപ്പോള്‍ ബ്ലോഗ്‌ എഴുത്ത്,വാഴ നടല്‍ തുടങ്ങിയ ക്രിയാത്മക ജോലികളിലേക്ക് നീങ്ങിയെന്ന്..കേരളത്തില്‍ ദിനംപ്രതി ഓരോ മൂലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മോഷണക്കേസുകള്‍ എത്രയാണെന്ന് ഇവന്മാര്‍ക്കൊക്കെ വല്ല പിടുത്തവും ഉണ്ടോ ആവോ? മോഷ്ടിക്കണം എന്നാ ഉദ്ധേഷവുമായി നടക്കുന്നവന്‍ വീട് എത്ര അടച്ചു പൂട്ടി വെച്ചാലും എങ്ങനെയെങ്കിലും കുത്തി തുറന്നു അതിനുള്ളിലുല്ലത് അടിച്ചു കൊണ്ട് പോകും..അതുപോലെ തന്നെയാണ് പീഡിപ്പിക്കുന്നവനും...എന്തൊക്കെ വസ്ത്രങ്ങള്‍ ധരിച്ചു ശരീരം മുഴുവന്‍ മൂടിയാലും പെണ്ണിനെ കാണുമ്പോള്‍ അവന്റെ ലിംഗം ഉദ്ധരിക്കുകയും അവനിലെ ഞരമ്പ്‌ രോഗി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും..അതിനു ഉത്തമ ഉദാഹരണമാണ് ഈയിടെ കോളിളക്കം സൃഷ്ടിച്ച പീഡനത്തിലെ ഇരയായ സൌമ്യ എന്നാ സഹോദരി...ആ കുട്ടി ചുരിദാര്‍ കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ യൂണിഫോമും ധരിച്ചിരുന്നു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്...എന്നിട്ടും ഒരുത്തന് അവളിലെ പെണ്ണിനെ കണ്ടപ്പോള്‍ ഉദ്ധാരണം ഉണ്ടാകുകയും പീഡിപ്പിക്കുകയും ചെയ്തു..

ഒരു പടി കൂടി കടന്നു ചിലര്‍ പറയുന്നത് നിരന്തരം അല്പ്പവസ്ത്രധാരിണികളായ സ്ത്രീകളെ കാണുന്നതിലൂടെ ഒരുവനില്‍ നിരന്തരം കാമോദ്ധീപനം നടക്കുമെന്നും ആ മാനസികാവസ്ഥ വികസിച്ചാണ് അവന്‍ പീഡകനായി മാറുന്നത് എന്നുമാണ്..അങ്ങനെ ആണെങ്കില്‍ നിരന്തരം ഹിന്ദി ഇംഗ്ലീഷ് തമിഴ്‌ സിനിമകളും  ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ സണ്ണി ലിയോനിയുടെ പോണ്‍ വീഡിയോകളും കാണുന്നവന്മാര്‍ എല്ലാം റോഡില്‍ ഇറങ്ങി പീഡിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...അപ്പോള്‍ അങ്ങനെ സംഭാവിക്കാതിടത്തോളം കാലം സണ്ണി ലിയോനിയെ കണ്ടു നാട്ടിലുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ആണുങ്ങള്‍ ഇറങ്ങും എന്നാ വാദത്തിനു പ്രസക്തി നഷ്ട്ടപെടുന്നു...

വസ്ത്രം വസ്ത്രം എന്ന് മുറവിളി കൂട്ടുന്നവന്മാര്‍ കാണേണ്ട മറ്റൊരു വസ്തുതയുണ്ട്..ഈയിടെയായി കേരളത്തില്‍ നടക്കുന്ന പീഡനങ്ങളില്‍ നാലും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളും ഇരകളാകുന്നുണ്ട്..അതും വസ്ത്രധാരണത്തിലെ പിഴവ് എന്ന് പറഞ്ഞു നിസ്സാരവല്‍ക്കരിക്കാന്‍ കഴിയില്ല..ശരിക്കും പീടിപ്പിക്കുന്നവരുടെ മാനസികാവസ്ഥയാണ് പീടനങ്ങള്‍ക്ക് കാരണമാകുന്നത്...ചില പ്രത്യേക മാനസിക അവസ്ഥയിലുള്ളവര്‍ മാനസിക നില ചില തലങ്ങളില്‍ എത്തുമ്പോള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് അപ്പോള്‍ മുന്നില്‍ വന്നു പെടുന്നവര്‍ ആരാണോ അവര്‍ ആണ് ഇരയാകുക...അത് ആറുമാസം പ്രായമുള്ള കുഞ്ഞു ആയാലും ശരി അറുപതു വയസ്സുള്ള വൃദ്ധ ആയാലും ശരി ശരീരം മുഴുവന്‍ തുണി ചുറ്റിയ ഒരു പെണ്‍രൂപം ആയാലും ശരി ബിക്കിനി ധരിച്ച സുന്ദരി ആയാലും ശരി...ഇതൊരു രോഗമാണ്..ചികില്‍സ ലഭിക്കേണ്ട ഒരു തരം മാനസിക വൈകല്യം..അതിനു രോഗികളെയാണ് ചികിത്സിക്കേണ്ടത്..അല്ലാതെ നാട്ടുകാരെ മുഴുവന്‍ രോഗിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കുകയല്ല..

"ലോകത്തെ മാറ്റി മറിക്കുന്ന കാര്യം എല്ലാവരും ആലോചിച്ചു തല പുകയ്ക്കുന്നു..എന്നാല്‍ സ്വയം മാറുന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല" എന്ന് പണ്ട് ലിയോ ടോള്‍സ്റ്റോയ്‌ പറഞ്ഞിട്ടുണ്ട്...അതുപോലെ തന്നെയാണ് വസ്ത്രധാരണകമ്മിറ്റിക്കാരുടെ കാര്യവും..സ്ത്രീകളുടെ വസ്ത്രധാരണവും സമൂഹത്തിലുള്ള ഇടപെടലും പ്രകോപനപരം എന്ന് കുറ്റം ചുമത്തി അങ്ങ് നിയന്ത്രിച്ചു കളയാമെന്നു കരുതുന്നവര്‍ എന്ത് കൊണ്ട് ആ പ്രകോപനത്തിന് അടിപ്പെടാതെ തന്റെ വികാരങ്ങളും വിചാരങ്ങളും സ്വയം നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നില്ല...മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് ഉപദേശിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ താന്‍ എങ്ങനെ നടക്കണം എന്ന് തീരുമാനിക്കുന്നത്...

നിങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഞങ്ങള്‍ ഒഴിവാക്കി തരാം പകരം നിങ്ങള്‍ എങ്ങനെ,എന്ത് വസ്ത്രം ധരിക്കണമെന്ന് ഞങ്ങള്‍ പറയും എന്ന് പറയുന്നവര്‍ ഭംഗ്യന്തരേണ പറഞ്ഞു വെക്കുന്നത് നിങ്ങള്‍ അവര്‍  പറയുന്നത് പോലെ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് നിങ്ങളെ പീഡിപ്പിക്കാന്‍ ഉള്ള ലൈസന്‍സ്‌ ആണ് എന്നതാണ്..വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണെന്ന് മനസ്സിലാക്കാത്തവര്‍ അല്ല ഇവര്‍..,..പക്ഷെ വസ്ത്രധാരണമാണ് ഇത്തരം പീഡനങ്ങള്‍ക്ക് കാരണം എന്ന് വരുത്തി തീര്‍ത്താല്‍ സ്ത്രീകളെ തങ്ങള്‍ ഉദ്ദേശിക്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കമെന്നും തങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ തളച്ചിടാം എന്നും വിചാരിച്ചാണ് ഇവര്‍  ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നത് ഗൌരവത്തോടെ കാണേണ്ടതാണ്...


പീഡിപ്പിക്കുന്നവരെയാണ് മാറ്റുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യേണ്ടത് അല്ലാതെ സ്ത്രീകളെ മൊത്തം പീഡിപിക്കുന്നവന്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് മാറ്റുക എന്നത് ഉട്ടോപ്പിയന്‍ ആശയമാണ്..എം എന്‍ കാരശ്ശേരി പറഞ്ഞത് പോലെ "കാഴ്ചയെ മൂടി വെക്കാന്‍ കല്‍പ്പിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ദുഷിച്ച കണ്ണുകള്‍ മൂടിക്കെട്ടി വെക്കുക,അല്ലെങ്കില്‍ അങ്ങ് കുത്തിപ്പോട്ടിക്കുക.."

ഫേസ്ബുക്കും ഫേക്ക് ന്യൂസുകളും ചില ആശങ്കകളും


ഫേസ്ബുക്ക് തുടങ്ങിയ അന്ന് മുതല്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് എവിടെ നിന്നോ ആരൊക്കെയോ പടച്ചു വിടുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതും  അതിന്‍റെ പേരില്‍ ചില യഥാര്‍ത്ഥ വാര്‍ത്തകള്‍ പോലും സംശയത്തിന്‍റെ മുനയില്‍ നില്‍ക്കുന്നതും. ആദ്യമൊക്കെ ഈ ഏര്‍പ്പാട് വളരെ കുറവായിരുന്നു. പക്ഷെ പിന്നീട് കൂണുകള്‍ പോലെ പേജുകളും ഗ്രൂപ്പുകളും മറ്റും പൊങ്ങി വന്നതിനു ശേഷം പോസ്റ്റുകള്‍ക്കും ഷെയര്‍ ചെയ്യാന്‍ വാര്‍ത്തകള്‍ക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ ആണ് സ്വന്തമായി പോസ്റ്റുകളും ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഫോട്ടോകളും ഉണ്ടാക്കുക എന്ന പരിപാടി ഫേസ്ബുക്കില്‍ അരങ്ങേറി തുടങ്ങിയത്. ഒരു തരത്തില്‍ പറഞ്ഞാല്‍ പത്രങ്ങളും ടി വി ചാനലുകളും മറ്റാര്‍ക്കും കിട്ടാത്ത എക്സ്ക്ലുസീവ് വാര്‍ത്തകള്‍ക്ക് വേണ്ടി കാണിക്കുന്ന പരാക്രമങ്ങള്‍ ആയിരുന്നു ഇവരും കാണിച്ചിരുന്നത്. പല ചാനലുകളും കെട്ടുകഥകള്‍ നെയ്തും ഫേക്ക് വാര്‍ത്തകള്‍ പടച്ചു വിറ്റും എക്സ്ക്ലുസീവ്സ് ഉണ്ടാക്കിയ അതേ മാതൃക തന്നെയാണ് ഫേസ്ബുക്കിലും ആളുകള്‍ പിന്തുടരുന്നത്. ചാനലുകള്‍ക്കും മറ്റും കുറച്ചു കൂടി ഉത്തരവാദിത്വവും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യതയും ഉണ്ടായിരുന്നെങ്കില്‍ ഫേസ്ബുക്കില്‍ അങ്ങനെ ഒന്നില്ല എന്നതാണ് ഏകവ്യത്യാസം. ആര്‍ക്കും എന്തും എഴുതി വിടാം ആരാണ് ഉണ്ടാക്കിയത് എന്നോ  എവിടെയാണ് ഉറവിടം എന്നോ കണ്ടുപിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടും എന്നതാണ് സ്ഥിതി.

ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ കാരണം ദിനംപ്രതി ഓരോരുത്തര്‍ പല പേരുകളില്‍ ക്രിയേറ്റ് ചെയ്യുന്ന പേജുകള്‍ ആണ്. പേജുകള്‍ എന്ന ആശയം ഫേസ്ബുക്ക് കൊണ്ട് വരുന്നത് ചില കമ്പനികള്‍ക്ക് അവരുടെ പ്രോഡക്റ്റുകളും മറ്റും മാര്‍ക്കറ്റ്‌ ചെയ്യുക ,പ്രശസ്തര്‍ക്ക് അവരുടെ ആരാധകരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഒരു വഴി തുറന്നിടുക, ആശയങ്ങള്‍ പ്രചരിപ്പിക്കാനും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ആയിരുന്നു.പക്ഷെ ഇന്ന് കാണുന്നത് ബാലചിത്രകഥകളിലെ ഫിക്ഷണല്‍ ക്യാരക്ടെഴ്സിന്റെ പേരില്‍ മുതല് ഭക്ഷണ സാധ.൦നങ്ങള്‍,പക്ഷിമൃഗാദികളുടെ പേരുകള്‍ എന്ന് വേണ്ട ചട്ടി കലം എന്ന് വരെ പേരുകള്‍ ഉള്ള പേജുകള്‍ ഉണ്ട്.ഇവയില്‍ പത്തു പേജുകള്‍ വരെ കൈകാര്യം ചെയ്യുന്നവര്‍ ഉണ്ട് ഫേസ്ബുക്കില്‍., പ്രത്യേകിച്ച് ഗുണങ്ങള്‍ ഒന്നും ഉണ്ടായിട്ടല്ല വെറുതെ ഒരു സുഖം. അങ്ങനെ വെറുതെ ഇരുന്നു പേജുകള്‍ ഉണ്ടാക്കുമ്പോള്‍ ദിനംപ്രതി ഇവയില്‍ ഒക്കെ ഇടാന്‍ പോസ്റ്റുകള്‍ വേണ്ടേ.വാര്‍ത്തകള്‍ വേണ്ടേ..? അത് കിട്ടാതെ ആകുമ്പോഴാണ് ഇവര്‍ സാങ്കല്‍പ്പിക വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും അപ്പോള്‍ നടക്കുന്ന സംഭവങ്ങളെ അധികരിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കാര്യങ്ങള്‍ ഭാവനാത്മകമായി ചിത്രീകരിച്ചു ഷെയര്‍ ചെയ്യുന്നതും.

ഇപ്പോള്‍ ഈ ഫേക്ക് ന്യൂസുകളെ പറ്റി ആശങ്കപ്പെടാനും ഒരു വിശകലനം നടത്താനും കാരണമായിരിക്കുന്നത് ഡല്‍ഹിയില്‍ ക്രൂരമായി ബലാല്‍സംഘം ചെയ്യപ്പെട്ടു മരണത്തെ പുല്‍കിയ പെണ്‍കുട്ടിയുടെ ഫോട്ടോ എന്ന് പറഞ്ഞു കൊണ്ട് പല പല ഫേക്ക് ഫോട്ടോകളും സൈബര്‍ ലോകത്ത് പ്രചരിക്കുന്നതും അതില്‍ ഒന്ന് മലയാളിയായ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെതാണ് എന്ന വാര്‍ത്തയും ആണ്. ഡല്‍ഹി പെണ്‍കുട്ടി ഹോസ്പിറ്റലില്‍ ആയ അന്ന് മുതല്‍ ഹോസ്പിറ്റല്‍ ബെഡില്‍ കിടക്കുന്ന ഫോട്ടോ എന്ന് പറഞ്ഞു ദക്ഷിണാഫ്രിക്കയിലെ പീഡനത്തിനിരയായ ഒരാളുടെ ഫോട്ടോ പ്രചരിച്ചു തുടങ്ങിയിരുന്നു.മുഖവും മറ്റും ട്യൂബും മറ്റും ഇട്ടതു കൊണ്ട് വ്യക്തമല്ലാതിരുന്ന ആ ഫോട്ടോ വ്യാജമാണെന്ന് കണ്ടുപിടിക്കപ്പെടുകയും മുന്നറിയിപ്പുകള്‍ നല്‍കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ പെണ്‍കുട്ടി സിംഗപ്പൂരില്‍ മരിച്ച ശേഷമാണ് യഥാര്‍ത്ഥ ബഹളം തുടങ്ങിയത്. മലയാളിയായ ഒരു വിദ്യാര്‍ഥിനിയുടെ ഫോട്ടോ അവരുടെ ഗൂഗിള്‍ പ്ലസിലെ പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്തു വേറെ ആരോ ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോ ഇന്‍സെറ്റില്‍ ഇട്ടു അതോടൊപ്പം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കണ്ടവര്‍ ഒക്കെ ആ പെണ്‍കുട്ടിയോടുള്ള അനുകമ്പയുടെയും സ്നേഹത്തിന്റെയും പേരില്‍ ആദരാഞ്ജലികള്‍ എന്നാ രീതിയില്‍ ആ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു,.പക്ഷെ ഉടന്‍ തന്നെ ആ ഫോട്ടോ വ്യാജമാണെന്ന് ചിലര്‍ കണ്ടുപിടിക്കുകയും ആ വാര്‍ത്തയും ഷെയര്‍ ചെയ്യുകയും ചെയ്തു.ഉടന്‍ തന്നെ ആദ്യ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവര്‍ തെറ്റായ ഫോട്ടോ ആണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഖേദം അവ ഡിലീറ്റ്‌ ചെയ്യാനും തുടങ്ങി.ഇവിടെയും യഥാര്‍ത്ഥ പ്രശ്നക്കാര്‍ ആളുകളിലേക്ക് കൂടുതല്‍ റീച്ച് ഉള്ള പേജുകാര്‍ തന്നെ ആയിരുന്നു.

ഈ സംഭവങ്ങളെ തുടര്‍ന്ന് ഏഷ്യാനെറ്റ്‌ ഉള്‍പ്പെടെയുള്ള ചില ടെലിവിഷന്‍ ചാനലുകളും മറ്റു മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്യുകയും ഫേസ്ബുക്ക് വിമര്‍ശനവിധേയം ആകുകയും ചെയ്തു.തങ്ങളുടെ ചോര്‍ന്നു വരുന്ന ജനപ്രീതിയിലും വിശ്വാസ്യതയിലും പരിഭ്രാന്തരായി നിന്നിരുന്ന മാധ്യമങ്ങള്‍ക്ക് ഫേസ്ബുക്കിനെ വിമര്‍ശിക്കാനും വിശ്വാസ്യതയില്‍ തങ്ങള്‍ തന്നെയാണ് മുന്നില്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഉള്ള അവസരമായാണ് അവര്‍ ഇതിനെ കണ്ടത്. സത്യത്തില്‍ ഇത്രയധികം ധാര്‍മിക രോഷം കൊള്ളാനുള്ള യാതൊരു വിധ അവകാശവും ഏഷ്യാനെറ്റ്‌ ഉള്‍പ്പെടയുള്ള മാധ്യമങ്ങള്‍ക്ക് ഇല്ല. എക്സ്ക്ലുസീവ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലില്‍ എത്രയോ ജീവിതങ്ങള്‍ തുലച്ചവരാണ്  ഇവര്‍,.. ഏറ്റവും വലിയ ഉദാഹരണമായി ഇന്നും നമ്മുടെ മുന്നിലുണ്ട് ഐ എസ് ആര്‍ ഒ ചാരക്കേസ്.അതുപോലെ വാര്‍ത്തകള്‍ ചമച്ചും പൊലിപ്പിച്ചും റേറ്റിംഗിന് വേണ്ടി കുറെ ഉപയോഗിച്ചവരാന് ഇന്ന് ചാരിത്ര്യപ്രസംഗം നടത്തുന്നതും ആശങ്കപ്പെടുന്നതും.

യഥാര്‍ത്ഥത്തില്‍ ഫേസ്ബുക്കില്‍ തന്നെ അതിശക്തമായ ഒരു തിരുത്തല്‍ ശക്തിയും  പ്രവര്‍ത്തിക്കുന്നുണ്ട്.ഒരു വാര്‍ത്ത അല്ലെങ്കില്‍ ഫോട്ടോ വ്യാജമാണ് എന്ന് അറിഞ്ഞാല്‍ ഒട്ടും സമയം കളയാതെ തന്നെ അതും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ മുന്നില്‍ എത്തുന്നുണ്ട് അവര്‍ തിരുത്തുന്നുമുണ്ട്.ഈ വിവാദസംഭവത്തില്‍ തന്നെ ഫോട്ടോ ഷെയര്‍ ചെയ്തവര്‍ ദുരുദ്ദേശപരമായോ എന്തെങ്കിലും കാര്യം നേടണം എന്ന ലക്ഷ്യത്തോടെയോ അല്ല ഈ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.മറിച്ചു ഡല്‍ഹിയിലെ പെണ്‍കുട്ടിയോടുള്ള സ്നേഹവും ഐക്യദാര്‍ഡ്യവും പ്രകടിപ്പിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശം. ഇവരില്‍ തന്നെ മിക്കവാറും പേര്‍ ഇടയ്ക്കോ മറ്റോ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ആണ്.അവര്‍ക്ക് ഒരു ഫോട്ടോ അല്ലെങ്കില്‍ വാര്‍ത്ത സത്യമാണോ എന്ന് പരിശോധിക്കാന്‍ ഉള്ള സമയം ലഭിക്കുന്നില്ല..ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്‌താല്‍ കണ്ണില്‍ കാണുന്ന കുറച്ചു ഫോട്ടോകള്‍ ഷെയര്‍ ചെയ്തു പോകുക എന്നിട്ട് ലോഗ് ഔട്ട്‌ ചെയ്യുക എന്നതാണ് പൊതുവേ ഇത്തരക്കാര്‍ ചെയ്യുന്നത്.അതുകൊണ്ട് ഈ വാര്‍ത്ത തെറ്റാണ് എന്നാ സന്ദേശം അവര്‍ കാണാതെ പോകുന്നു.,ഇവിടെ തന്നെ ഇത് ഷെയര്‍ ചെയ്തവര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ അല്ല. ഈ വ്യാജ ഫോട്ടോ ഉണ്ടാക്കിയവാന്‍ ആണ് ദുരുദ്ദേശത്തോടെ പ്രവര്‍ത്തിച്ചതും കുറ്റകരമായ ഒരു പ്രവൃത്തി നടത്തിയതും.അത്തരം ആള്‍ക്കാരെ കണ്ടെത്തി ആദ്യമേ തള്ള ശിക്ഷ നല്‍കിയാല്‍ ബാക്കി ഉള്ളവര്‍ക്കും അതൊരു മുന്നറിയിപ്പ് ആകുകയും ചെയ്യും ഭാവിയില്‍ എങ്കിലും ഇത്തരം പ്രവൃത്തികള്‍ തടയാന്‍ കഴിയുകയും ചെയ്യും.ആരാണ് ഇത് ചെയ്തത് എന്ന് വളരെ കൃത്യമായി തന്നെ സൈബര്‍ സെല്ലിനു കണ്ടെത്താന്‍ കഴിയും.


ഇത്തരം ഫോട്ടോകളും വാര്‍ത്തകളും തടയാനും പ്രോല്‍സാഹിപ്പിക്കാതിരിക്കാനും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ തന്നെ മനസ്സ് വെച്ചാല്‍ സാധിക്കും.പ്രചാരമുള്ള പേജുകള്‍ നിയന്ത്രിക്കുന്നവരും ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നവരും അല്‍പ്പം ശ്രദ്ധിച്ചാല്‍ മാത്രം മതി.ഒരു വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് ഉറപ്പു വരുത്തിയിട്ടു മാത്രം അത് ഷെയര്‍ ചെയ്യുക എന്നാ പൊതുമാനദണ്ഡം ഇവര്‍ പാലിച്ചാല്‍ തന്നെ ഒരു പരിധി വരെ ഇത്തരം വാര്‍ത്തകള്‍ തടയാന്‍ പറ്റും.അതുപോലെ തന്നെ ഷെയര്‍ ചെയ്യുന്നവര്‍ ഏതൊരു വാര്‍ത്ത ഷെയര്‍ ചെയ്യുന്നതിന് മുന്‍പേയും ഒന്ന് രണ്ടു വിശ്വസനീയ സോഴ്സുകള്‍ പരിശോധിച്ചിട്ട് വാര്‍ത്ത സത്യമാണ് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം ഷെയര്‍ ചെയ്യുക.ഇനി ഒരു വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് ഷെയര്‍ ചെയ്യുന്നത് പരമാവധി തടയുക.മറ്റാരെങ്കിലും അത് ചെയ്യും എന്ന് വിചാരിച്ചു കാത്തിരിക്കാതെ സ്വയം അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുക.ഇനിയും അപകീര്‍ത്തിപരമായത്തും തെറ്റിദ്ധാരണജനകമായതുമായ ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെടാതിരിക്കട്ടെ. അതിനു വേണ്ടി സൈബര്‍ ലോകത്തു ലിഖിതമായ നിയമങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ തന്നെ സ്വയം ചില നിയന്ത്രണങ്ങള്‍ പാലിക്കുക തന്നെ വേണം.

പ്രതികരണം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം..

വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് മുതല്‍ ക്യാമറക്കണ്ണുകള്‍ കൊണ്ടുള്ള തുറിച്ചു നോട്ടം ഏതു സ്ത്രീയും നേരിടേണ്ടി വരും. പ്രത്യേകിച്ച് അവള്‍ കുറച്ചു സുന്ദരി കൂടെ ആണെങ്കില്‍ കുറച്ചധികം നേരിടേണ്ടി വരും. അത് തിരക്കുള്ള പൊതു ഇടങ്ങളിലേക്ക് എത്തിയാല്‍ കണ്ണുകള്‍ കൊണ്ടുള്ള അക്രമം കൂടാതെ ശരീരം കൊണ്ടുള്ള അക്രമങ്ങളും നേരിടേണ്ടി വരുന്നു. ബസുകളിലും മറ്റു തിരക്കുള്ള സ്ഥലങ്ങളിലും മുട്ടാനും ഉരുമ്മാനും വരുന്ന ആണുങ്ങള്‍ അനവധി ഉണ്ടാകും. ഇതില്‍ ദര്‍ശന സുഖത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ മുതല്‍ സ്പര്‍ശനസുഖത്തിന്റെ ലഹരിയിലേക്ക് പോകുന്നവരും അതും കടന്നു ബലാല്‍ക്കാരത്തിന്റെ വന്യമായ വഴിയിലേക്ക് പോകുന്നവരും ഉണ്ട്. ഇങ്ങനെ ഒരേ സമൂഹത്തിലെ തന്നെ പല തരം ആള്‍ക്കാരെ നേരിട്ട് കൊണ്ട് വേണം ഒരു സ്ത്രീക്ക് പുറത്തിറങ്ങി നടക്കാന്‍ അല്ലെങ്കില്‍ ജോലി ചെയ്തു തിരിച്ചു വീട്ടില്‍ എത്താന്‍.,.നമ്മുടെ സമൂഹത്തിന്‍റെ മൂല്യച്യുതി,ഞരമ്പ് രോഗം എന്നൊക്കെ എന്ത് പേരിട്ടു വിളിച്ചാലും അതൊരു പച്ചയായ യാഥാര്‍ത്ഥ്യം തന്നെയാണ്. ഒരു ദിവസം കൊണ്ട് ഇല്ലാതാക്കാനോ മാറ്റിയെടുക്കാനോ കഴിയുന്ന ഒരു കാര്യമല്ല അത്. അതുകൊണ്ട് തല്‍ക്കാലം നമുക്ക് സമൂഹം മാറണം എന്ന് അലമുറയിട്ടു കരയാതെ നമ്മെ ശല്യപ്പെടുത്തുന്ന ഓരോരുത്തരെയും മാറ്റാന്‍ അല്ലെങ്കില്‍ ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ് കൊടുക്കാന്‍ മാത്രം ശ്രമിക്കാം. കുറച്ചു കൂടി പ്രായോഗികമായ വഴി അത് തന്നെയാണ്.

അതിനു വേണ്ടത് ഈ ഭൂമി ഇതിലെ ഇടവഴികള്‍ ,റോഡുകള്‍,ബസ്സുകള്‍,സിനിമാ തിയേറ്ററുകള്‍ എന്നിങ്ങനെ ഓരോ പൊതു ഇടവും എന്റേത് കൂടിയാണ് എന്നാ തിരിച്ചറിവ് സ്ത്രീക്ക് വരണം. അങ്ങനെ ഇറങ്ങി നടക്കുമ്പോള്‍ എന്‍റെ നേരെ ഉയരുന്ന ഓരോ കമന്റിന് നേരെയും ഓരോ കൈയ്ക്ക് നേരെയും പ്രതികരിക്കാന്‍ ഉള്ള അവകാശം എനിക്കുണ്ട് എന്നാ സ്വയം ബോധ്യം ആദ്യം ഉണ്ടാക്കി എടുക്കണം. എന്‍റെ ശരീരവും സ്വകാര്യതയും എന്റേത് മാത്രമാണ്. മറ്റൊരാള്‍ക്ക് എന്‍റെ അനുവാദമില്ലാതെ അതിലേക്കു കടന്നു കയറാന്‍ അവകാശമില്ല എന്ന ബോധം സ്വയം ഉണ്ടാകണം.അങ്ങനെ കടന്നു കയറുന്നവന് നേരെ പ്രതികരിക്കാനുള്ള അവകാശം എനിക്കുണ്ട് എന്നും അതിനു സമൂഹത്തിന്‍റെ പിന്തുണ ഉണ്ട് എന്നുമുള്ള സത്യം മനസ്സില്‍ അരക്കിട്ടുറപ്പിക്കണം.

ഇനിയെങ്കിലും തല ഉയര്‍ത്തി നടക്കാന്‍ പഠിക്കുക..സ്വന്തം ശരീരത്തിലേക്ക് ചുഴിഞ്ഞു നോക്കുന്നവനെ നോക്കി എന്താടാ എന്ന് ചോദിക്കാന്‍ പഠിക്കുക.. സ്വന്തം ശരീരത്തില്‍ തൊടുന്നവന്റെ കൈ തട്ടിമാറ്റി അവന്‍റെ കരണം പുകയ്ക്കാന്‍ പഠിക്കുക..കാമവെറിയന്‍മാര്‍ക്ക് നേരെ കൈ ഉയര്‍ത്താന്‍ ചങ്കൂറ്റം കാണിക്കുക. പ്രതികരിക്കാന്‍ പഠിക്കുക. അതാണ്‌ നിങ്ങളുടെ ആയുധം. അല്ലാതെ ഓരോ അപമാനങ്ങളും സഹിച്ചു വീട്ടില്‍ പോയിരുന്നു കരഞ്ഞും സങ്കടം പങ്കിട്ടും ഇരുന്നാല്‍ ഇനിയുമിനിയും നിങ്ങള്ക്ക് അതെ അനുഭവം ഉണ്ടാകാം. നിങ്ങള്‍ ഒരു കൈ ഉയര്‍ത്തിയാല്‍ നിങ്ങളെ കാണുന്ന ഓരോ സഹോദരിക്കും അവളുടെ കൈയും ഉയര്‍ത്താന്‍ ഉള്ള ധൈര്യം വരും.

നിങ്ങളുടെ ഇടയിലും പ്രതികരിക്കുന്ന സഹോദരിമാര്‍ ഉണ്ട് എന്ന് അറിയുക. ഒരു അനുഭവം ഇവിടെ ഷെയര്‍ ചെയ്യട്ടെ.
കുറച്ച്‌ ദിവസങ്ങളായി എന്റെ ഒരു സുഹൃത്തിനെ ഞരമ്പ് രോഗം കൂടി നില്‍ക്കുന്ന ഒരുത്തൻ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു..
ചില സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ഉള്ള അവളുടെ ഫോട്ടോസ്‌ ഒക്കെ എടുത്തു മോർഫ്‌ ചെയ്ത്‌ പ്രചരിപ്പിക്കും..പല പല അപവാദങ്ങളും പറഞ്ഞുണ്ടാക്കും എന്നൊക്കെ ആയിരുന്നു അവന്‍റെ ഭീഷണി .ഇതൊന്നും ചെയ്യാതിരിക്കണമെങ്കില്‍ അവന്‍റെ ചില ഇംഗിതങ്ങള്‍ സാധിച്ചു കൊടുക്കണം എന്ന് ബ്ലാക്ക്മെയിലിംഗ് രൂപത്തില്‍ അവന്‍ ഭീഷണി തുടങ്ങി.ആദ്യം അത് കാര്യമായി എടുക്കാതിരുന്ന അവള്‍ ക്ഷമിച്ച്‌ അവനെ ഒഴിവാക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല...ശല്യം നിരന്തരം തുടര്‍ന്ന്. ഒടുവില്‍ സഹികെട്ട അവള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ അവളുടെ കൃത്യമായ തെളിവുകളോടെ ഉള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അവന്‍ അഴിയെണ്ണുകായും കൂടുതല്‍ നിയമനടപടികള്‍ കാത്തിരിക്കുകയും ചെയ്യുന്നു. പ്രതികരിച്ചത് കൊണ്ട് അവള്‍ക്കു എന്നെന്നേക്കുമായി ആ ശല്യം ഒഴിഞ്ഞു കിട്ടി. കൂടാതെ അവള്‍ ഒരു മാതൃകയും ആയി.

ഇതുപോലെ പ്രതികരിക്കേണ്ട സമയത്ത് കൃത്യമായി പ്രതികരിച്ചാല്‍ നിങ്ങളുടെ പിന്നാലെ മുട്ടിയുരുമ്മി നടക്കാന്‍ ശ്രമിക്കാനോ കമന്റ് അടിക്കാനോ ഒരാള്‍ക്കും ധൈര്യം ഉണ്ടാവില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. ബസില്‍ വച്ച് പുറകില്‍ വന്നു നിന്ന് സ്പര്‍ശന സുഖം ആസ്വടിക്കുന്നവനെ തിരിഞ്ഞു നനിന്ന് അടിക്കാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ നിങ്ങള്‍ അടിച്ചു തീരുന്നതിനു മുന്‍പേ അവനെ അടിച്ചു പുറത്തു കളയാന്‍ പുരുഷന്മാര്‍ തന്നെ നിങ്ങളുടെ കൂടെ ഉണ്ടാകും എന്നത് ഒരു സത്യമാണ്.നിങ്ങളുടെ അഭിമാനം ഉയരുകയെ ഉള്ളൂ..അല്ലാതെ എല്ലാം സഹിച്ചു നിന്നിട്ട് അവസാനം തന്നെ രക്ഷിക്കാനും മാനം സംരക്ഷിക്കാനും ഒരു രാജകുമാരന്‍ കുതിരപ്പുറത്തു വരും എന്ന് വിചാരിച്ചു ഇരുന്നാല്‍ പിന്നെ നിങ്ങള്‍ ജീവിതകാലം മുഴുവന്‍ അങ്ങനെ പീഡന അപമാനങ്ങള്‍ സഹിച്ചു ഇരിക്കേണ്ടി വരും. ആരും കൂടെ നില്‍ക്കും എന്ന ബോധം ഒന്നും ഇല്ലാതെ തന്നെ സ്വയം സംരക്ഷിക്കാന്‍ അറിയാം എന്നാ ഒരു ഉള്‍ബോധം തന്നെ മതി സ്വയരക്ഷയ്ക്ക്. പിന്നെ പെപ്പര്‍ സ്പ്രേ മുതലായ പ്രതിരോധ ഉപാധികള്‍ കയ്യില്‍ കൊണ്ട് നടക്കുന്നതും ഒരു ആത്മധൈര്യം തരും.

വരും തലമുറ ഇതാണോ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി വെച്ച സമൂഹം എന്ന് ചോദിക്കാന്‍ ഇടവരുത്താതെ പ്രതികരിക്കുക ,പ്രതിരോധിക്കുക..നമുക്കും നമ്മുടെ സഹോദരികള്‍ക്കും വേണ്ടി...നമ്മുടെ വരും തലമുറയ്ക്ക് നിര്‍ഭയരായി നടക്കാന്‍ വേണ്ടി..

ഒരു മല്ലു പ്രേക്ഷകന്‍റെ രോദനം..

"ഞാന്‍ മലയാളം സിനിമകള്‍ അധികം കാണാറില്ല .ഇപ്പോള്‍ ഹോളിവുഡ്‌ അല്ലെങ്കില്‍ കൊറിയന്‍ സിനിമകള്‍ മാത്രമേ കാണാറുള്ളൂ. അല്ലെങ്കില്‍ വല്ല പഴയ മലയാളം സിനിമയും കാണും." എന്നൊക്കെ പറയുന്നവരെ ജാഡ,ബുജി എന്നൊക്കെ പറഞ്ഞു ആക്ഷേപിച്ചു വിടുകയാണ് പലരുടെയും പതിവ്. പക്ഷെ ഒരു നിമിഷം എങ്കിലും അവര്‍ എന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്നും എന്താണ് അവരെ മലയാളം സിനിമകളില്‍ നിന്നും അകറ്റിയത് എന്നും ഒരിക്കലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കില്ലേ?
മലയാളം സിനിമാ ഇന്‍ഡസ്ട്രി ഒരു കാലത്ത് തകര്‍ന്നടിഞ്ഞു പോയിരുന്നു. അതിമാനുഷ കഥാപാത്രങ്ങളും തറവാടുകള്‍ തമ്മിലുള്ള കുടിപ്പകയും പൈങ്കിളി പ്രേമവും ഒക്കെ മലയാളി പ്രേക്ഷകനെ വെറുപ്പിന്റെ നെല്ലിപ്പലക കാണിച്ചു.അന്ന് മലയാളം സിനിമകള്‍ വിട്ടു പ്രേക്ഷകര്‍ ടി വിയിലെക്കും സീരിയലുകളിലേക്കും പിന്നെ തമിഴ്‌ അടക്കമുള്ള അന്യഭാഷകളിലേക്കും ചേക്കേറി. ആയിടയ്ക്കാണ് ഷക്കീല തരംഗവും ഉണ്ടായത്. ഒരു വിഭാഗം പ്രേക്ഷകരെ ഷക്കീല തിയേറ്ററിലേക്ക് കൊണ്ട് വന്നു. പക്ഷെ മുഖ്യധാരസിനിമ ആ പ്രതിസന്ധിക്ക് മുന്നില്‍ പകച്ചു നിന്ന്പോയി. ഒടുവില്‍ അറിയപ്പെടാത്ത ചില സംവിധായകര്‍ അവിടുന്നും ഇവിടുന്നും പൊട്ടിവീണു ചില വ്യത്യസ്തമായ സിനിമകള്‍ ചെയ്തു ഒരു തരംഗം ഉണ്ടാക്കി. അത്തരം കൊച്ചു കൊച്ചു സിനിമകള്‍ പ്രേക്ഷകനെ വീണ്ടും തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു. അതിനിടയ്ക്ക് മികച്ച ചില ഹിറ്റുകള്‍ ഉണ്ടായി. മലയാളം സിനിമ ഉന്മേഷം വീണ്ടെടുത്തു. ഈ ചിത്രങ്ങളുടെ വിജയം ചില പഴയ സംവിധായകരും ഏറ്റെടുത്തു അവരും പരമ്പരാഗതമല്ലാത്ത രീതിയില്‍ ചിന്തിച്ചു തുടങ്ങി.

പക്ഷെ ഈ ഊര്‍ജ്ജം മുതലെടുത്തു ചിലര്‍ പഴയ കാമ്പില്ലാത്ത കച്ചവടസിനിമകള്‍ വീണ്ടും വീണ്ടും പടച്ചു വിടാന്‍ തുടങ്ങിയിരിക്കുന്നു. അവയില്‍ ചിലത് തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട് താനും. അതില്‍ ഒരു കൂട്ടുകെട്ടാണ് സിബി കെ തോമസ്‌ -ഉദയകൃഷ്ണ ടീം. ഇവര്‍ പണ്ട് പടച്ചു വിട്ട ചവറുകള്‍ ആയ മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, ദോസ്ത്‌,സി ഐ ഡി മൂസ ,റണ്‍വേ തുടങ്ങിയവയില്‍ ചിലത് കൊമേഴ്സ്യല്‍ ഹിറ്റ്‌ ആയെങ്കിലും കഥയില്ലായ്മയുടെ അങ്ങേയറ്റം കൊണ്ട് ചെന്നെത്തിച്ചു മടുപ്പിച്ച സിനിമകളാണ്. പിന്നെ സൂപ്പര്‍ താരങ്ങളെ വെച്ചും ഇവര്‍ തുറുപ്പുഗുലാന്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്,പോക്കിരി രാജ എന്നീ കോപ്രായങ്ങള്‍ കാണിച്ചു. അതിനു ശേഷം അവര്‍ ജനപ്രിയ നായകന്‍ ദിലീപിനെ വെച്ച് പടച്ചു വിട്ട മായാമോഹിനി എന്നാ ചിത്രം വലിയൊരു ഹിറ്റ്‌ ആകുന്നതാണ് നാം കണ്ടത്. ദിലീപ്‌ പെണ്‍വേഷത്തില്‍ അഭിനയിച്ച ചിത്രം സ്ത്രീകളെയും കുട്ടികളെയും വന്‍ തോതില്‍ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു എന്നാണു പറയുന്നത്. പക്ഷെ നിലവാരമില്ലായ്മയുടെ അങ്ങേയറ്റം ആയിരുന്നു മായാമോഹിനി എന്നാ സിനിമ. അതിന്‍റെ ഹിറ്റ്‌ മറ പിടിച്ചു അതേപോലെയുള്ള അനേകം തട്ടിക്കൂട്ട് സിനിമകള്‍ ഒരുങ്ങുന്നു ചിലത് ഇറങ്ങുന്നു.

ഇതേ ജനുസ്സില്‍ ഇറങ്ങുന്ന പടങ്ങളില്‍ ഇപ്പോള്‍ ജനപ്രിയ നായകന്‍ പദവി അലങ്കരിക്കുന്ന ദിലീപിനും ഗണ്യമായ ഒരു സ്ഥാനമുണ്ട് എന്നത് മറക്കാന്‍ പറ്റില്ല. അംഗവൈകല്യം വന്ന കഥാപാത്രങ്ങളിലൂടെയും അയലത്തെ പയ്യന്‍ ഇമേജിലൂടെയും നിലനില്‍ക്കാന്‍ ആണ് അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു സിനിമയില്‍ കൂനുള്ള കഥാപാത്രമായി അഭിനയിച്ചാല്‍ അടുത്തതില്‍ മന്ദബുദ്ധി, അടുത്തത് ആകുമ്പോള്‍ മുച്ചുണ്ടന്‍..,..ഇങ്ങനെ പോകുന്നു അദ്ധേഹത്തിന്റെ വ്യത്യസ്തത.

ഇവിടെയാണ്‌ നാം ഒരു കാര്യം ശ്രദ്ധിക്കേണ്ടത്. ഇത്തരം തട്ടിക്കൂട്ട് സിനിമകള്‍ക്ക് എത്രകാലം മലയാളം സിനിമാമേഖലയെ പിടിച്ചു നിര്‍ത്താന്‍ കഴിയും?അഞ്ചോ പത്തോ ഹിറ്റുകള്‍ക്ക്അപ്പുറം എന്താണ് ഇവയ്ക്ക് നല്‍കാന്‍ കഴിയുന്ന ഗുണം? ഗുണങ്ങള്‍ ഒന്നുമില്ല എന്ന് മാത്രമല്ല കോട്ടങ്ങള്‍ ഏറെയുണ്ട് താനും. ഇത്തരം സിനിമകള്‍ സ്ഥിരമായാല്‍ പ്രേക്ഷകര്‍ക്ക്‌ വീണ്ടും മടുക്കുകയും അവര്‍ വീണ്ടും വിഡ്ഢിപ്പെട്ടിയുടെ മുന്നിലേക്ക്‌ കണ്ണീര്‍ സീരിയലുകള്‍ കാണാന്‍ പോകുകയും ചെയ്യും എന്നത് നമുക്ക് മുന്നിലുള്ള മുന്‍കാലഅനുഭവങ്ങള്‍ വ്യക്തമാക്കി തരുന്നു. ഫലത്തില്‍ നവസിനിമയുടെ വക്താക്കള്‍ ഉണ്ടാക്കിയെടുത്ത മാറ്റം വഴി തിരിച്ചു വിടാനും ചങ്കരന്‍ തെങ്ങില്‍ തന്നെ എന്നപോലെ മലയാളം സിനിമ ആ പഴയ ഇരുണ്ട കാലത്തിലേക്ക് തന്നെ എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാനും ഇടയാക്കും.

പ്രേക്ഷകന് വേണ്ടത് നായകന്മാരുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ മാത്രമല്ല എന്നും നായകന്മാരെക്കാള്‍ കഥയാണ്‌ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നത് എന്നും തിരിച്ചറിയാന്‍ മലയാളം സിനിമാപ്രവര്‍ത്തകര്‍ എന്നാണു അറിയാന്‍ ശ്രമിക്കുക. സിനിമ ഉണ്ടാക്കാന്‍ ആദ്യം വേണ്ടത് നായക നടന്റെ ഡേറ്റ് ആണെന്നും കഥയൊക്കെ പിന്നെ നായകനെ അനുസരിച്ച് രൂപപ്പെടുത്തി എടുക്കാമെന്നും കരുതുന്ന കൂപമണ്ടൂകങ്ങള്‍ ആണ് സിനിമാമേഖലയില്‍ അധികവും ഉള്ളത്.

പ്രിയ സിനിമാക്കാരെ ഞങ്ങള്‍ മോഹന്‍ലാലിന്‍റെ അമാനുഷിക കഥാപാത്രങ്ങളോ മമ്മൂട്ടിയുടെ ഫണ്ണി ഡാന്‍സോ സുരേഷ് ഗോപിയുടെ ക്ഷോഭമോ ദിലെപിന്റെ ഒരു കാലിലെ മന്ത് മറ്റേ കാലില്‍ ആക്കുന്ന വ്യത്യസ്തതയോ കാണാന്‍ വരുന്നവര്‍ അല്ല..ഞങ്ങള്‍ക്ക് വേണ്ടത് കെട്ടുറപ്പുള്ള കഥയും ജീവിതഗന്ധിയായ കഥാപാത്രങ്ങളും ആണ്. അത് തന്നില്ലെങ്കില്‍ ഷക്കീല തരംഗം വീണ്ടും ഉണ്ടാവേണ്ടി വരും മലയാളം സിനിമയെ തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും പിടിച്ചു ഉയര്‍ത്താന്‍.,ഓര്‍ക്കുക ഓര്‍ത്താല്‍ നന്ന്.

24 May 2013

വാശി

നിന്‍റെ വാശി
എന്‍റെ അനിഷ്ടത്തോടാണെങ്കിൽ
എന്‍റെ അനിഷ്ടം
വാശിയായി രൂപാന്തരപ്പട്ടേക്കാം..

ഹൃദയമാറ്റം

രോഗപങ്കിലമായ ഹൃദയം
മാറ്റി പകരം വെച്ചതും
രോഗതുരമാണെങ്കിൽ
പിന്നെ എന്തിനു
നീയത്‌ മാറ്റി വെച്ചു..??
ഒരു മാറ്റം കൂടി താങ്ങാൻ
നിന്റെ ശരീരത്തിനു
ശേഷിയുണ്ടോ പെണ്ണേ..!!