പെണ്ണെ എന്നെ താങ്ങി നിര്‍ത്തുന്ന ഭൂമിയാണ് നീ...
വിശാലമായ ആകാശം നമ്മുടെ പ്രണയവും ..
നിന്‍റെ കരുത്തില്‍ പ്രണയത്തിന്‍റെ വിശാലതയിലേക്ക്
കണ്ണ് നട്ടിരിക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കുന്നു...
ഇണക്കങ്ങളും പിണക്കങ്ങളും വെയിലും മഴയും പോലെ
പ്രണയത്തിന്‍റെ ആകാശത്തിലും നിറഞ്ഞു നില്‍ക്കുന്നു..
കത്തുന്ന വെയില്‍ ഇടയ്ക്ക് നമ്മെ ചുട്ടു പൊള്ളിക്കുമ്പോള്‍
കുളിര്‍മ്മഴയായി പെയ്യുന്ന സ്നേഹത്തില്‍ നാം അലിയുന്നു ..
നിന്‍റെ മാറിന്‍റെ സുരക്ഷിതത്വത്തില്‍ മുഖം ഒളിപ്പിക്കുമ്പോള്‍
എന്‍റെ ഹൃദയത്തില്‍ ഒരേയൊരു മോഹം മാത്രമേയുള്ളൂ
കടുത്ത വേനല്‍ വന്നു ഭൂമി വരണ്ടുണങ്ങാതിരിക്കട്ടെ
കൊടുങ്കാറ്റിലെന്‍ കരുത്തായ മണ്ണൊലിച്ചു പോകാതിരിക്കട്ടെ..
പെണ്ണെ, കടുത്ത വേനല്‍ നമ്മെ വരള്‍ച്ചയിലേക്ക് നയിച്ചേക്കാം
കൊടുങ്കാറ്റും പേമാരിയും നമ്മെ പിരിക്കാന്‍ ശ്രമിച്ചേക്കാം
പക്ഷെ നിന്‍റെ മാറില്‍ നിന്നും ഞാന്‍ അടരില്ല ഒരിക്കലും
അതിന്‍റെ സുരക്ഷിതത്വമില്ലെങ്കില്‍ ഞാനില്ല, എന്നിലെ നീയും..