കേളുവേട്ടന്‍ പാണ്ഡ്യന്‍പാറയുടെ ഉച്ചിയില്‍ നിന്നും ഒരു പറവയായ് രൂപാന്തരപ്പെട്ട് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ച ശേഷം പാറുവമ്മ കഷ്ടപ്പെട്ടാണ് ജീവിതവണ്ടി ഉന്തിത്തീര്‍ത്തത്. തന്‍റെ കൊച്ചു പീടികമുറിയില്‍ കേളുവേട്ടന്‍ അവശേഷിപ്പിച്ചു പോയ കറുത്ത ഫ്രെയിമുകളുള്ള കട്ടിക്കണ്ണടയും ചുവന്ന സ്റ്റിക് പെന്നും പറ്റുപുസ്തകവുമായിരുന്നു പാറുവമ്മയുടെ ഊന്നുവടി. ഊന്നുവടിയാകുമെന്നു കരുതിയ മക്കള്‍ പലവഴി പിരിഞ്ഞു സ്വന്തം ജീവിതങ്ങള്‍ കരുപ്പിടിപ്പിക്കുന്ന തിരക്കിലായിരുന്നു. തല നിലത്ത് മുട്ടുവോളം കുടിച്ച് ഇഴഞ്ഞിഴഞ്ഞു കൂടണയുന്ന വിഷമില്ലാത്ത പാമ്പായ ഇളയമകന്‍ കല്യാണം കഴിക്കുന്നത് വരെ പാറുവമ്മയ്ക്ക് സ്വസ്ഥതയുണ്ടായിരുന്നു. മരുമകള്‍ പാവമായിരുന്നെങ്കിലും മകന് പാറുവമ്മ ഒരു അധികപ്പറ്റായി തോന്നി. കുടിക്കുമ്പോള്‍ മകനുണ്ടായിരുന്ന സ്നേഹമൊന്നും കല്യാണശേഷം കുടി നിര്‍ത്തിയ മകനില്‍ കാണാഞ്ഞപ്പോള്‍ മദ്യമാണോ മദ്യമില്ലാത്ത മനസ്സാണോ വിഷം എന്ന് പാറുവമ്മയ്ക്ക് സന്ദേഹമായിത്തുടങ്ങിയിരുന്നു.
വളരെ പെട്ടെന്നായിരുന്നു പാറുവമ്മയുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്. മകന്‍റെ കല്യാണത്തിന് ഒത്തുകൂടിയ മറ്റു മക്കള്‍ അന്നേ ഗൂഡാലോചന തുടങ്ങിക്കാണണം, അധികം വൈകാതെ തന്നെ ആ വീടും പറമ്പും പീടികയും അമ്മയ്ക്കും അച്ഛനും അവരവരുടെ തറവാടുകള്‍ വീതം വെച്ചപ്പോള്‍ കിട്ടിയ കുറച്ചു സ്ഥലവുമുള്‍പ്പെടെ ഭാഗം വെക്കണമെന്ന് പറഞ്ഞ് മക്കള്‍ കോലാഹലങ്ങള്‍ തുടങ്ങി. തന്നെ അവര്‍ മാറിമാറി കൂടെ താമസിപ്പിക്കാമെന്നു പറഞ്ഞെങ്കിലും തന്‍റെ ഗതി എന്താകുമെന്ന് പാറുവമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്‍റെ കാലശേഷമേ ഭാഗം വെക്കലുണ്ടാകൂ എന്ന് പാറുവമ്മ തീര്‍ത്തു പറഞ്ഞു.
രംഗം മാറി. ക്രൂരതയുടെ നിഴല്‍ ആ വീടിനെ പൊതിഞ്ഞു തുടങ്ങി. പീടികയില്‍ ഇളയമകന്‍ കയറിയിരുപ്പ് തുടങ്ങി. വീട്ടില്‍ അടുപ്പ് പുകയ്ക്കാതെ ആയി. കിണറില്‍ നിന്ന് ആയാസപ്പെട്ട് കോരിക്കുടിക്കുന്ന പച്ചവെള്ളമായിരുന്നു പലപ്പോഴും പാറുവമ്മയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വീണു പോകുമെന്ന് തോന്നിയപ്പോള്‍ താങ്ങായി അയലത്തെ കൌമാരക്കാരി വന്നത് എല്ലാം മനസ്സിലാക്കിയിട്ട് തന്നെയായിരുന്നു. ഒരു മൂട് കപ്പ കൊണ്ട് ഒരു ദിവസം തള്ളിനീക്കേണ്ട അവസ്ഥ വന്നിരുന്ന ദിവസങ്ങളില്‍ പോലും ആ നരച്ച പാവാടക്കാരി തന്‍റെ പങ്കിന്റെ പാതി പാറുവമ്മയ്ക്ക് കൊടുത്തു വന്നു. പക്ഷെ എത്രകാലം? എത്രകാലം ഇങ്ങനെ തള്ളി നീക്കും?
ഒടുവില്‍ വീതം വെക്കാന്‍ പാറുവമ്മ സമ്മതിച്ചു. പക്ഷെ പീടികയും തന്‍റെ പേരിലിരിക്കുന്ന സ്ഥലവും മറ്റാര്‍ക്കും കൊടുക്കില്ലെന്ന ഉപാധിയിന്മേല്‍ കേളുവേട്ടനോടൊപ്പം ജീവിതം തുടങ്ങിയ വീടടക്കം പങ്കു വെച്ച് കൊടുത്ത് പീടികയുടെ പിറകില്‍ ഒരു ചായ്പ്പു കെട്ടി പാറുവമ്മ അങ്ങോട്ട് മാറി. മക്കളുടെ മാറിമാറിയുള്ള വിളി ഗൌനിക്കാതെ ഇനിയുള്ള കാലം ഒറ്റയ്ക്ക് മതിയെന്ന് തീരുമാനിച്ച് അതുവരെ കാട്ടാത്ത ഉശിരോടെ ആ സാധുസ്ത്രീ ജീവിതത്തെ വെല്ലുവിളിച്ചു. ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും കെട്ടുപൊട്ടിച്ചു ഒരു സ്വാതന്ത്ര്യപ്പറവയായി നാടിന്‍റെ നാട്ടാരുടെ അമ്മയായി.
ജീവിതത്തിന്റെ സായന്തനം, ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ഘട്ടമാക്കി മാറ്റിയ പാറുവമ്മ ജീവിതാന്ത്യം ഒരു കടപ്പാടും ബാക്കി വെച്ചില്ല. തന്‍റെ സകലസ്വത്തുക്കളും തനിക്ക് അന്നം തന്ന കൌമാരക്കാരിയുടെ പേരിലാക്കിയിട്ടാണ് പാറുവമ്മ പോയത്. മരിക്കുമ്പോഴും ഒരു ചിരി ആ ചുണ്ടില്‍ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. തന്‍റെ മരണശേഷം ആ സ്വത്തുക്കള്‍ക്ക് കടിപിടി കൂടാന്‍ കാത്തു നിന്ന മക്കളെ വിഡ്ഢികളാക്കിയതിന്റെ സന്തോഷച്ചിരി.