ഉരുളന്‍കല്ലുകള്‍
ഉരുട്ടിക്കയറ്റിയുന്നതങ്ങളിലെത്തിച്ച്
കൈവിട്ടു കളയുന്ന
നാറാണത്ത്ഭ്രാന്തന്മാരുടെ
വലിയ ലോകമാണിത്..
മധുരപാനീയങ്ങളെ
നിര്‍ന്നിമേഷനായ് നോക്കിനിന്നൊ-
ടുവിലോരു ഗ്ലാസ്
തണുത്തവെള്ളത്താല്‍ ദാഹം തീര്‍ത്ത്
ചില്ലലമാരയില്‍ തന്നെ നോക്കിച്ചിരിക്കും
വിഭവങ്ങളുടെ നേര്‍ക്ക് മുഖം തിരിച്ച്
പാതിവയറുമായ് വീടണഞ്ഞു
മിച്ചം വെച്ച കാശിനാല്‍
സ്വപ്‌നങ്ങള്‍ കൂട്ടിവെച്ചൊരു
കൊട്ടാരം പണിതെടുത്ത്
ജീവിതസായന്തനത്തിലതിലൊരു
ചാരുകസേരയിട്ടിരിക്കാന്‍ നോക്കി-
യവസാനം, വൃദ്ധസദനങ്ങളിലേ
ക്കെടുത്തെറിയപ്പെടുന്ന നാറാണത്ത് ഭ്രാന്തന്മാര്‍..
ചിലവാക്കുന്നോരോചില്ലിക്കാശും
നാട്ടിലേക്കറന്‍സിയില്‍ തുലനം ചെയ്തെ-
ടുത്തതിന്‍ കണക്കില്‍ തല പൂഴ്ത്തി
ചുട്ടുപൊള്ളി, മദ്യത്തിലഭയം പ്രാപിച്ച്
പ്രവാസത്തിന്‍റെ ചൂടും ചൂരുമറിഞ്ഞ്
ഒറ്റപ്പെടലില്‍ ഒറ്റയ്ക്കലിഞ്ഞൊരു
നല്ലഭാവിയിലെക്കൊരു ദിനം
കുടുംബത്തോടൊപ്പം സ്വപ്നം കണ്ട-
വനവനോട് തന്നെപോരാടിയൊടുവില്‍
ചോരയും നീരുമൂറ്റിക്കുടിച്ച
പ്രവാസത്തിന്‍റെയസ്തമയത്തില്‍
രോഗങ്ങളും പേറിയൊരു മടക്കം..
ഒരുണ്ണിക്കുടവയറുമായ് ഉരുണ്ടുരുണ്ടു-
രുണ്ടൊരുരുളന്‍ കല്ലായി...!!