7 Feb 2013

വിശ്വരൂപം ചവിട്ടിമെതിച്ചതിന്‍റെ ബാക്കിപത്രം..

വിശ്വരൂപം വിവാദം ഒരുവിധം കെട്ടടങ്ങിയിരിക്കുന്നു. അങ്ങുമിങ്ങും ചില അലയൊലികള്‍ മുഴങ്ങുന്നുണ്ടെങ്കില്‍ പോലും. ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു വിവാദം അതിശക്തമായ വാദപ്രതിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കും വെല്ലുവിളികള്‍ക്കും കോടതിവിധികള്‍ക്കും ശേഷം  സമൂഹത്തിനോ സിനിമാമേഖലയ്ക്കോ മതങ്ങള്‍ക്കോ മതവിശ്വാസികള്‍ക്കോ യാതൊരുവിധ ഗുണപരമായ മാറ്റങ്ങളും ഉണ്ടാക്കാതെ തന്നെയാണ് അവസാനിച്ചിരിക്കുന്നത്. മറിച്ച് വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന തരത്തില്‍ ഉള്ള പല കാര്യങ്ങളും ഈ വിവാദം കൊണ്ട് ചിലര്‍ നേടിയിട്ടുണ്ട്.ഒരു പ്രത്യേക മതത്തില്‍ പെട്ട തീവ്രവാദികളുടെ കഥ പറയുന്നു എന്നത് കൊണ്ട് ആ പ്രത്യേക മതത്തില്‍ പെട്ട ആളുകളെ എല്ലാം ജനങ്ങള്‍ തെറ്റിദ്ധരിക്കും എന്നതാണല്ലോ വാദം.. അതേ വാദവുമായി റോമന്‍സ് എന്നാ ചിത്രം ഇറങ്ങിയപ്പോള്‍ ചില ക്രിസ്ത്യന്‍ സംഘടനകളും ഇറങ്ങിയിരുന്നു. വിശ്വരൂപത്തില്‍ മുങ്ങിപ്പോയത് കൊണ്ടാണോ എന്തോ അധിക നാള്‍ ആ വിവാദം നീണ്ടതുമില്ല, ആ പടത്തിനു അല്‍പ്പം പബ്ലിസിറ്റി കിട്ടി എന്നല്ലാതെ കൂടുതല്‍ ഒന്നും ആ ചിത്രത്തിനെതിരെ ചെയ്യാന്‍ അവര്‍ക്ക് ആയില്ല.

പക്ഷെ വിശ്വരൂപതിനെതിരെ വാള്‍ എടുത്തവര്‍ക്ക് അവരുടെ ലക്‌ഷ്യം സാധിക്കാനായി എന്നതാണ്  ഏറ്റവും ദുഖകരമായ കാര്യം. അതില്‍ നിന്നും മര്‍മ്മ പ്രധാനമായ ഏഴു സീനുകള്‍ വെട്ടി മാറ്റാന്‍ ഈ സംഘടനകള്‍ക്ക് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല. അതും കമലഹാസനെപ്പോലെ ഇത്രയധികം ജനങ്ങളുടെ സപ്പോര്‍ട്ടും സ്നേഹവും ഉള്ള ഒരു നടന്‍റെ സിനിമ. ജാതിമത ശക്തികള്‍ക്കെതിരെ എന്നും ശക്തമായ നിലപാടുകള്‍ എടുത്ത ഒരു നടന്‍റെ സിനിമ. അദ്ദേഹത്തിനും അടിയറവു പറയേണ്ടി വന്നിരിക്കുന്നു ഒരു കൂട്ടം മതതീവ്രവാദികളുടെ മുന്നില്‍.,.. ഇതുണ്ടാക്കുന്ന ഫലങ്ങള്‍ രണ്ടാണ്.

1. ജാതിമത സംഘടനകള്‍ ഒരു സെന്‍സര്‍ സംവിധാനമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.
        
          യഥാര്‍ത്ഥത്തില്‍ സെന്‍സര്‍ ബോര്‍ഡ്‌ ചെയ്യേണ്ട പണി ആണ് ഇപ്പോള്‍ ചില സംഘടനകള്‍ ഏറ്റെടുത്തു ചെയ്തിരിക്കുന്നത്. നിയമങ്ങള്‍ അനുശാസിക്കുന്ന വിധം നിര്‍മ്മിക്കപ്പെടാത്ത ചിത്രത്തിലെ രംഗങ്ങള്‍ മുറിച്ചു മാറ്റാനും ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനും ആണ് സെന്‍സര്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്‌..,. അങ്ങനെ ഗവന്മേന്റ്റ്‌ ചുമതലപ്പെടുത്തിയ സെന്‍സര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ കണ്ടു സര്‍ട്ടിഫൈ ചെയ്ത ചിത്രം രണ്ടാമതൊരു സെന്‍സറിങ്ങിനു കൂടി വിധേയമാകേണ്ടി വന്നിരിക്കുകയാണ്. അങ്ങനെ സെന്‍സര്‍ ചെയ്യാന്‍ ജാതിമതസംഘടനകള്‍ക്ക് അവകാശം പതിച്ചു കൊടുക്കുകയാണെങ്കില്‍ ജാതിമത ഉച്ചനീച്ചത്വങ്ങളെ എതിര്‍ക്കുന്ന സിനിമകള്‍ ഇനി നിലം തൊടാന്‍ ചാന്‍സില്ല. അതിലെ ഓരോ രംഗവും കത്രിക വെച്ച് വികലമാക്കും. ഫലം ഇത്തരം പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടപ്പെടുകയില്ല. 

ഇപ്പോള്‍ തന്നെ ആദി ഭഗവാന്‍ എന്നാ ചിത്രത്തിനെതിരെ ചില ഹിന്ദു സംഘടനകള്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. അവരുടെ വികാരം  വ്രണപ്പെടുത്തി എന്നതാണ് ആരോപണം. വിശ്വരൂപം മാതൃക സ്വീകരിച്ചാല്‍  ഈ സിനിമയും എഡിറ്റിങ്ങിനു വിധേയമാകേണ്ടി വരും. മതവാദികളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് കഥകള്‍ എഴുതേണ്ടി വരും. കഥകള്‍ തിരുത്തേണ്ടി വരും.ഫലം ആവിഷ്കാര സ്വാതന്ത്ര്യം നഷ്ടപ്പെടല്‍., ഒരുവന് സ്വന്തം ചിന്തകള്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയാതെ വരും. ഇവരെയൊക്കെ തൃപ്തിപ്പെടുത്തി കഥകള്‍ രൂപീകരിക്കേണ്ടി വരും. അത് സമ്മര്‍ദ്ധത്തിലേക്ക് നയിക്കും. അവിടെ ഒരു കലാകാരന്‍ മൃതി അടയുന്നു. അവന്‍റെ ചിന്തകള്‍ കുഴിച്ചു മൂടപ്പെടുന്നു. 

മതേതരത്വം എന്നാല്‍ എല്ലാ മതങ്ങളെയും ബഹുമാനിച്ചും അംഗീകരിച്ചും പോകുക എന്നത് മാത്രമല്ല എല്ലാ മതങ്ങളെയും എതിര്‍ക്കാനും അവയിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാനുമുള്ള സ്വാതന്ത്ര്യമാണ്. മതേതരത്വം എല്ലാ അനാചാരങ്ങളും മതത്തിന്‍റെ പേരില്‍ അനുവദിക്കപ്പെടാന്‍ ഉള്ള ഒരു വിശുദ്ധവാക്കല്ല. അതുകൊണ്ട് തന്നെ മതങ്ങളെ ബഹുമാനിക്കുന്ന കലകള്‍ മാത്രമേ പുറത്തു വരാവൂ എന്ന് നിര്‍ബന്ധം പിടിക്കാന്‍ അവകാശമില്ല. മതങ്ങളെ കളിയാക്കാനും കല ഉപാധിയാക്കാം. അതാണ്‌ ഇവിടെ ലംഘിക്കപ്പെട്ടത്‌. ,.

2. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയേ സിനിമ എടുക്കാന്‍ കഴിയൂ എന്നാ നില സംജാതമാകും..

മതവിശ്വാസികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തു കലാകാരന്റെ സ്വാതന്ത്ര്യം നിഷേധിച്ചത് പോലെ അതില്‍ നിന്നും ഊര്‍ജ്ജം  ഉള്‍ക്കൊണ്ടു ഇനി പലവിധവിഭാഗക്കാര്‍ വ്രണപ്പെടുന്ന വികാരങ്ങളും കൊണ്ട് പ്രത്യക്ഷപ്പെടും. ഉദാഹരണമായി ഏതെന്കിലും ഒരു പ്രത്യേക തരം ജോലി ചെയ്യുന്നവരെ പറ്റി  സിനിമ വരികയാണെങ്കില്‍ ഉടന്‍ തന്നെ തങ്ങളുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞു അവര്‍ക്ക് കോടതി കയറാവുന്നതെ ഉള്ളൂ. മുന്‍കാല ഉദാഹരണങ്ങള്‍ കണക്കിലെടുത്താല്‍ അവര്‍ക്കതിന് ന്യായം ഉണ്ട് താനും. സംഘടിതരായ ആളുകളുടെ ജോലിയെക്കുറിച്ചോ ജീവിതങ്ങളെ കുറിച്ചോ സിനിമ എടുക്കാന്‍ കഴിയില്ല എന്ന് വരും. അത്തരം ആള്‍ക്കാര്‍ സിനിമയില്‍ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാനെങ്കില്‍ തങ്ങളെ മുഴുവന്‍ മോശക്കാരായി ചിത്രീകരിച്ചു എന്ന് അവര്‍ക്ക് ആരോപിക്കാം. ആ ഭാഗങ്ങള്‍ എന്ന് വേണ്ട ആ സിനിമ തന്നെ നിരോധിക്കാം. അത് സിനിമാ മേഖലയെ മാത്രമല്ല ആ തൊഴിലും അനുബന്ധ തൊഴിലുകളും ചെയ്യുന്നവരെ ബാധിക്കും.

ഇതൊരു ഗുരുതരമായ സ്ഥിതിവിശേഷമാണ്. അതുകൊണ്ട് വിശ്വരൂപം വിവാദത്തിനുശേഷം അതെ രീതിയില്‍ ഉള്ള എന്തെന്കിലുംന്നീക്കങ്ങള്‍ ഇനി സിനിമകള്‍ക്കെതിരെ ഉണ്ടായാല്‍ അത് മുളയിലെ നുള്ളാന്‍ നമുക്ക് കഴിയണം. 
വികാരം എളുപ്പത്തില്‍ വ്രണപ്പെടുന്നവര്‍ സിനിമകള്‍ കാണാന്‍ ബുദ്ധിമുട്ടി പോകാതിരിക്കുക. ഇനി അഥവാ പോകുകയാണെങ്കില്‍ വ്രണപ്പെടുന്ന മുറിവില്‍ പുരട്ടാന്‍ അല്‍പ്പം മുളക് പൊടി കൂടി കരുതുക..

No comments:

Post a Comment