12 Feb 2013

സീരിയലുകളിലെ കൂത്താട്ടങ്ങളും മലയാളിയുടെ കപടസദാചാരബോധവും..

സീരിയലുകളിലെ കൂത്താട്ടങ്ങളും മലയാളിയുടെ കപടസദാചാരബോധവും...

ഈ അടുത്തകാലത്ത് ഇറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന് പറയുന്ന സിനിമ വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സിനിമയാണ്...ഇപ്പോഴും എവിടെയും അതിനെപ്പറ്റി പറയുകയും ഇടിച്ചു താഴ്ത്തുകയും ചെയ്യുന്നത് പലയിടത്തും കാണുന്നുണ്ട്... അശ്ലീല സംഭാഷണങ്ങളും അവിഹിതബന്ധങ്ങളും ഒക്കെയായി കുടുംബപ്രേക്ഷകര്‍ക്ക്‌ കാണാന്‍ പറ്റില്ല എന്നായിരുന്നു മുറവിളി...അതുപോലെ തന്നെ ഇപ്പോള്‍ പുറത്തുവരുന്ന പുതിയ ആള്‍ക്കാരുടെ ന്യൂ ജെനറേഷന്‍ ചിത്രങ്ങള്‍ക്ക് നേരെയും വാളോങ്ങാന്‍ ചില ഉപയ
 ോഗിക്കുന്ന കുറ്റമാണ് അതിലെ അശ്ലീല ഡയലോഗുകളും അവിഹിതബന്ധങ്ങളും ഒക്കെ...ഇതൊക്കെ കണ്ടാല്‍ കുട്ടികള്‍ പിഴച്ചു പോകും മാനം പോകും എന്നൊക്കെയാണ് ഇത്തരക്കാര്‍ പറയുന്നത്...ഈ ഒരു കാരണം വെച്ച് കൊണ്ട് തന്നെ വളരെ വിപുലമായ രീതിയില്‍ ഉള്ള വിമര്‍ശന ശരങ്ങളും താഴ്ത്തിക്കെട്ടാനും ഉള്ള ശ്രമങ്ങളാണ് എല്ലാ കോണുകളില്‍ നിന്നും ചില പുതിയ സിനിമകള്‍ക്കെതിരെ ഉയര്‍ന്നത്..

പക്ഷെ, അവിഹിത ഗര്‍ഭങ്ങളും ജാരസന്തതികളും അരങ്ങു തകര്‍ക്കുന്ന സ്വന്തം വീട്ടിലെ വിഡ്ഢിപെട്ടിയില്‍ ഇതൊക്കെ കുടുംബസമേതം തന്നെ കാണാന്‍ ഇവര്‍ക്കൊന്നും ഒരു മടിയുമില്ല...ഇവിടെയാണ്‌ ഇവരുടെയൊക്കെ ഇരട്ടത്താപ്പും കപടസദാചാരബോധവും പ്രകടമാകുന്നത്....
മലയാളം ചാനലുകളില്‍ വരുന്നവയില്‍ പത്തില്‍ എട്ടു സീരിയലുകളും അവിഹിതബന്ധങ്ങളെയും ജാരസന്തതികള്‍ക്ക് വേണ്ടിയുള്ള കടിപിടികളെയും അടിസ്ഥാനമാക്കിയതാണ്...ഇതിന്റെയൊക്കെ മൂലകഥ തന്നെ അതാണ്‌...,..

ഇപ്പോഴത്തെ സീരിയലുകളുടെ പരസ്യവാചകങ്ങള്‍ തന്നെ നോക്കിയാല്‍ അറിയാം എത്രമാത്രം അധപതിച്ചു എന്ന്....ഈയിടെ ചാനലില്‍ ഇടയ്ക്കിടെ കാണിച്ച ഒരു പരസ്യമാണ് മാനവരാശിയുടെ ചരിത്രത്തില്‍ ആദ്യമായി മകളിലൂടെ അമ്മ സത്യം അറിയുന്നു...അമ്മ മകളെ തിരിച്ചറിയുന്നു എന്ന്...ഇവിടെ അമ്മയ്ക്ക് തന്റെ മകളെ അറിഞ്ഞു കൂടാ..അമ്മയ്ക്ക് വേറെ ഭര്‍ത്താവും മകനും ഉണ്ട്...അപ്പോള്‍ മകള്‍ അവിഹിതബന്ധത്തില്‍ ഉള്ള കുട്ടി...ആ കുട്ടി ഉണ്ടായതിനെപ്പറ്റിയും മറ്റും നിരത്തുന്ന ന്യായീകരണങ്ങളും മറ്റും വിവരിക്കുന്നത് ഒക്കെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുമിച്ചു ഇരുന്നു കാണുന്നു...ഇത്തരത്തില്‍ ഏതു സീരിയല്‍ എടുത്തു നോക്കിയാലും ഒന്നില്‍ കുറയാത്ത അവിഹിതബന്ധങ്ങളും ജാരസന്തതികളും അതിനെ അടിസ്ഥാനമാക്കിയുള്ള കഥാവിഗതികളും കാണാം...ആര്‍ക്കു ആരോടോക്കെയാണ് ബന്ധം , ആരൊക്കെയാണ് അച്ഛന്മാര്‍,ആരുടെ കുട്ടികള്‍ ആണ് എന്നൊക്കെ കാണുന്നവര്‍ക്ക് തന്നെ സംശയം തോന്നും ,ദിവസവും ഇത് കാണുന്നവര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ കണ്ഫ്യൂശന്‍ ആകും..ചിലപ്പോള്‍ എഴുതിയവന് വരെ മനസ്സിലാകില്ല ആരൊക്കെ തമ്മിലാണ് അവിഹിതമെന്ന്... ഇതൊക്കെ ഒരു ഉളുപ്പും ഇല്ലാതെ വീട്ടില്‍ ഇരുന്നു കാണുന്നവര്‍ ആണ് വലിയ സ്ക്രീനില്‍ ഇത്തരത്തില്‍ ഒരെണ്ണം കണ്ടാല്‍ സദാചാരം അറബിക്കടലില്‍ പോയി,സമൂഹം നാശത്തിലേക്ക് എന്നൊക്കെ പറഞ്ഞു വാള്‍ എടുത്തു ഉറഞ്ഞു തുള്ളുന്നത്,.

ഇത്തരം അവിഹിതങ്ങള്‍ ഒക്കെ സീരിയലുകളില്‍ കണ്ടു കഴിഞ്ഞു മടുത്തത് കൊണ്ടാണോ എന്തോ യഥാര്‍ത്ഥ ജീവിതത്തിലെ അവിഹിതക്കാരെ നേരിട്ട് തപ്പിപ്പിടിച്ചു കൊണ്ട് വന്നു ചാനല്‍ സ്റ്റുഡിയോയില്‍ ഇരുത്തി അവര്‍ക്ക് കൌണ്‍സലിംഗ് നടത്താന്‍ എന്നാ വ്യാജേന അവരുടെ ജീവിതത്തിലെ എരിവും പുളിയും നിറഞ്ഞ അനുഭവങ്ങള്‍ കണ്ണീരില്‍ മുക്കി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു...
ഇവിടെയും ചര്‍ച്ച അവിഹിതങ്ങളെപ്പറ്റി...അതും ഇതില്‍ ഉള്‍പ്പെട്ട ആളുകളുടെ അച്ഛനും അമ്മയും അടക്കമുള്ള കുടുംബക്കാരെ മുഴുവന്‍ വിളിച്ചു വരുത്തി അവരുടെ മുന്നില്‍ ഇട്ടാണ് ഈ ബന്ധങ്ങളുടെ ഭാണ്ഡക്കെട്ട് അഴിക്കുന്നത്...ഭക്ഷണവും തീന്മേശയുടെ മുകളില്‍ വെച്ച് അതില്‍ കൈയും കുത്തി ഇതൊക്കെ കുടുബസമേതം കണ്ടു രസിക്കുന്നതും മലയാളി തന്നെ...ഈ മലയാളിക്കാണ് ചിലരുടെ ലൈംഗികപ്രശ്നങ്ങള്‍ സിനിമയില്‍ ആക്കിയപ്പോള്‍ സദാചാരബോധം മൂര്‍ചിച്ചത്...

ഇവരൊക്കെ പറയുന്ന ന്യായം ഭാര്യയേയും കുട്ടികളെയും കാണിക്കാന്‍ കൊള്ളില്ല എന്നാണു...അല്ലങ്കില്‍ ഭാര്യയോടും മക്കളോടും ഒപ്പം ഇരുന്നു കാണാന്‍ പറ്റില്ല എന്ന്...ആദ്യം മക്കളുടെ കാര്യം നോക്കാം...ഈ മക്കള്‍ ഇന്റര്‍നെറ്റ് വഴി കണ്ണില്‍ കണ്ട പോണ്‍ സൈറ്റുകളില്‍ ഒക്കെ കയറി ഇതിലും വലുത് കാണുന്നവരാണ് എന്നാ യാഥാര്‍ത്ഥ്യം ഇവര്‍ക്ക് അറിയാഞ്ഞിട്ടാണോ അതോ അറിയില്ലെന്ന് നടിക്കുകയാണോ? അവര്‍ക്ക്‌ ഇതൊന്നും ഒരു പുത്തരിയല്ല...പിന്നെ ഭാര്യയുമായി ഇരുട്ടിന്റെ മറവില്‍ ലൈംഗികബന്ധം ആവാം...പക്ഷെ പകല്‍ വെളിച്ചത്തില്‍ ലൈംഗികതയെപ്പറ്റി പറയുവാനോ ഒരുമിച്ചിരുന്നു അത്തരം കാര്യങ്ങള്‍ കാണുവാനോ പാടുള്ളതല്ല എന്നാണു ഇവരുടെ വിചാരം...സത്യത്തില്‍ ഇവര്‍ക്കാണ് ലൈഗികവിദ്യാഭ്യാസം വേണ്ടത്‌...,..ഇന്നത്തെ തലമുറ ലൈംഗികതയെ തുറന്നു കാണുന്നവരാണ്..അവര്‍ക്ക് അതിനെ പറ്റി പറയാനോ ചര്‍ച്ച ചെയ്യാനോ ഒരു സങ്കോചവും ഇല്ല...പക്ഷെ ഒന്നോ രണ്ടോ അശ്ലീലവാക്കുകള്‍ പറയുന്നത് അവര്‍ കേട്ടാല്‍ അവര്‍ ചീത്ത ആയിപ്പോകും എന്നാ മിഥ്യാബോധത്തില്‍ ഇരിക്കുന്ന ചിലരുണ്ട്...അവര്‍ക്കാണ് ലൈംഗികതയെപ്പറ്റി തുറന്നു പരാമര്‍ശിക്കുന്ന ഇത്തരം സിനിമകള്‍ക്കെതിരെ കൂടുതല്‍ വെറുപ്പ്‌...,..

എന്തായാലും ഒരാളെ പ്രേമിച്ചു മറ്റൊരാളെ കല്യാണം കഴിച്ചു വേറൊരുത്തന്റെ കുട്ടിയെ പ്രസവിച്ചു ആദ്യത്തെ ബന്ധത്തില്‍ ഉള്ള കുട്ടിയെ അന്വേഷിച്ചു നടക്കുന്ന 'പതിവ്രത'കളെപ്പറ്റി മൂന്നു കൊല്ലം കഥ പറഞ്ഞു വീട്ടിലെ സ്വീകരണമുറികളെ മലീമസമാക്കുന്ന സീരിയലുകളെക്കാളും പതിന്മടങ്ങ്‌ സദാചാരം ഉണ്ട് ട്രിവാന്‍ഡ്രം ലോഡ്ജ് പോലെയുള്ള സിനിമകള്‍ക്ക്...
അതുകൊണ്ട് ഇത്തരം സിനിമകള്‍ക്കെതിരെ വാള്‍ എടുക്കുന്നതിനു മുന്‍പ് ആ സ്വീകരണമുറിയിലെ ടെലിവിഷന്‍ ഓഫ് ചെയ്യാന്‍ എങ്കിലും ഉള്ള മര്യാദ കാണിക്കുക...അതിനു പറ്റില്ലെങ്കില്‍ കപടസദാചാരവാദവുമായി ഈ വഴി വരാതിരിക്കുക...

No comments:

Post a Comment