കുറച്ചുകാലത്തെ ജയില്‍ശിക്ഷകഴിഞ്ഞ്
നാട്ടിലേക്ക് തിരിച്ചതായിരുന്നു അയാള്‍..
തന്‍റെ ഗ്രാമത്തിലേക്ക് പോകുന്ന
മാലാഖ എന്ന ബസ്സ് തപ്പിക്കണ്ടുപിടിച്ചു
അതില്‍ കയറി പുറത്തേക്കു നോക്കിയിരുന്നു..
ബസ്സിലൊന്നും പരിചിതമുഖങ്ങളില്ല..
ആകെയൊരപരിചിതത്വം തോന്നിയയാള്‍ക്ക്..
പുറത്തെ പച്ചപ്പിലേക്ക് കണ്ണുനട്ട്
ഒരു പ്രവാസിയെപ്പോലെ അയാള്‍ ഇരുന്നു..
അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരാള്‍ കയറി
അയാളോട് പറഞ്ഞു, ഇതെന്‍റെ സീറ്റാണെന്ന്..
"വികലാംഗരുടെ സീറ്റിലാണോ താനിരുന്നത്?
അതോ ഇപ്പോള്‍ ഗ്രാമത്തിലേക്കുള്ള ബസ്സിലും
സീറ്റ് റിസര്‍വ്വ് ചെയ്തു തുടങ്ങിയോ?"
എന്നോര്‍ത്ത് കൊണ്ടയാള്‍ മുകളിലേക്ക് നോക്കി
അവിടെ ഇങ്ങനെ എഴുതിയിരുന്നു 'ക്രിസ്ത്യന്‍'..
മറ്റു സീറ്റുകളിലേക്ക് നോക്കി അയാള്‍ വായിച്ചു
ഹിന്ദു,ക്രിസ്ത്യന്‍, മുസ്ലിം, മറ്റുള്ളവര്‍...
എഴുന്നേറ്റു വേറെ സീറ്റ് തിരയുമ്പോള്‍
ജയിലിനടുത്തുള്ള അമ്പലത്തില്‍ നിന്ന് തൊട്ട
ചന്ദനക്കുറി അയാള്‍ മായ്ച്ചു കളഞ്ഞു..
ടിക്കറ്റെടുപ്പിക്കാനായ് കണ്ടക്ടര്‍ വന്നപ്പോള്‍
അയാള്‍ പറഞ്ഞു ഒരു 'കുരുടിമുക്ക്..'
മിഴിച്ചു നോക്കിയതു കണ്ടക്ടര്‍ മാത്രമായിരുന്നില്ല
അടുത്ത സീറ്റുകളിലിരുന്നവര്‍ കൂടിയായിരുന്നു..
തനിക്ക് ബസ്സ് മാറിപ്പോയോ എന്നോര്‍ത്ത്
പരിഭ്രാന്തിയോടെ അയാള്‍ ചുറ്റിനും നോക്കി..
സൌമ്യനായി കണ്ടക്ടര്‍ പറഞ്ഞു
"മാഷേ, ആ സ്ഥലത്തിന്‍റെ പേരൊക്കെ മാറി..
അന്നത്തെ വര്‍ഗ്ഗീയലഹളയ്ക്ക് ശേഷം
ഇപ്പൊ അമ്പലമുക്ക്, പള്ളിമുക്ക്, കുരിശുമുക്ക്
എന്നൊക്കെയാണ് അറിയപ്പെടുന്നത്..."
അഞ്ചുരൂപനോട്ട് നീട്ടിയ അയാള്‍ക്ക്,
പത്തുരൂപയുടെ ടിക്കറ്റ് മുറിച്ചു കൊടുത്തു,
ബസ് ചാര്‍ജ്ജ് കൂടിയതും അറിഞ്ഞില്ലേ
ഇയ്യാള്‍ ഇതേതു ലോകത്ത് നിന്നും വരുന്നപ്പ
എന്ന മട്ടില്‍ കണ്ടക്ടര്‍ ഇരുത്തിയോന്നു മൂളി...
മുഖത്തേയ്ക്ക് അടിക്കുന്ന തണുത്ത കാറ്റിലും
വിയര്‍ത്തൊലിച്ചു കൊണ്ട് അയാള്‍ ഓര്‍ത്തു
പിടിക്കപ്പെടുന്നതിനു മുന്‍പേ
അമ്പലത്തില്‍ നിന്നും മോഷ്ടിച്ച്
കുനിയില്‍ മമ്മദിന്റെ പുരയിടത്തിലൊളിപ്പിച്ച
വിഗ്രഹം അവിടെത്തന്നെയുണ്ടാകുമോ?
#അവലംബം : കുരീപ്പുഴയുടെ കുറുക്കന്‍ ചന്തയും, മോഷ്ടിച്ച ചില ആശയങ്ങളും.