അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ, അമ്മ വിളമ്പിത്തരുന്ന ഭക്ഷണത്തിന്‍റെ രുചി എന്ന മട്ടിലുള്ള നൊസ്റ്റാള്‍ജിയകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥിരമായി ഹോട്ടലില്‍ നിന്നും കഴിക്കുന്ന ഒരാള്‍ ആ ഹോട്ടലുകാരന്‍റെ കൈപ്പുണ്യത്തെപ്പറ്റി വാചാലനാവുന്നതിലും പ്രവര്‍ത്തിക്കുന്നത് ഒരേ വികാരം തന്നെയാണ്. ആ രുചിയോടു നാം പൊരുത്തപ്പെട്ട് പോയിരിക്കുന്നു. അത് മാറ്റി നാവില്‍ വേറെ ഒരു രുചി വന്നു ചേരുമ്പോള്‍ സ്വാഭാവികമായി ആദ്യത്തെ രുചിയോടു ഒരു അടുപ്പം തോന്നുകയും നൊസ്റ്റാള്‍ജിയ എലമെന്റിന്റെ ഭാഗമാകുകയും ചെയ്യും. അതിനെയാണ് നാം മഹത്വവല്‍ക്കരിച്ചു ഒരു സംഭവമാക്കിത്തീര്‍ക്കുന്നത്.
ഇവിടെ നാം കാണേണ്ടുന്ന മറ്റൊരു സംഗതികൂടിയുണ്ട്. ഉണ്ടാക്കാന്‍ നല്ല കായികാധ്വാനവും സമയവും നീക്കിവെക്കേണ്ടി വരുന്ന ഭക്ഷണങ്ങളുമായാണ് ഈ രുചികള്‍ എല്ലാം ബന്ധപ്പെട്ടു കിടക്കുന്നത്. ആ അധ്വാനം ഒക്കെ നടത്തുന്നത് ഈ അമ്മയും. രസകരമായ ഒരു വസ്തുത എന്താണെന്ന് വെച്ചാല്‍, നൊസ്റ്റാള്‍ജിയ കൂടിയ ഭക്ഷണവിഭവങ്ങളോട് ഭയങ്കര ഇഷ്ടമുള്ളവര്‍ പോലും ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ അല്ലെങ്കില്‍ അമ്മ ഉണ്ടാക്കിത്തരാത്ത അവസ്ഥ വരുമ്പോള്‍ അതുണ്ടാക്കാണോ കഴിക്കാനോ ശ്രമിക്കുന്നില്ല എന്നതാണ്. എനിക്ക് അമ്മയുടെ അത്ര കൈപ്പുണ്യം ഇല്ല. ഞാന്‍ ഉണ്ടാക്കിയാല്‍ ശരിയാകില്ല എന്നൊക്കെ പറഞ്ഞു തടി തപ്പാമെങ്കിലും യഥാര്‍ത്ഥ വസ്തുത അതുണ്ടാക്കാന്‍ ഇച്ചിരി പാടാണ്. മടിയാണ്. അമ്മയോടാണെങ്കില്‍ ഓര്‍ഡര്‍ കൊടുത്താല്‍ മതി സാധനം മുന്നിലെത്തും എന്നതാണ്.
ചില നൊസ്റ്റാള്‍ജിയകളിലേക്കൊന്ന്‍ ഊളിയിട്ടു നോക്കാം.
"അമ്മേ, നാളെ രാവിലെ പത്തിരിയും കോഴിക്കറിയും വേണം" എന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ ഓര്‍ഡര്‍ കൊടുത്ത് ഉറങ്ങാന്‍ പോകുന്നവന്‍ അറിയുന്നില്ല ഇനിയുള്ള പത്തോ പന്ത്രണ്ടോ മണിക്കൂറില്‍ ഉറക്കവും കഴിച്ച് ബാക്കി എത്ര സമയം വേണം ഈ പറഞ്ഞ പത്തിരിയും കോഴിക്കറിയും ഉണ്ടാക്കാനെന്നു. അതും ആ കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും. അതിനിടയ്ക്ക് ഷര്‍ട്ട് അയണ്‍ ചെയ്തു വെക്കേണ്ടി വരും. ഡിന്നറിനു ഉപയോഗിച്ച പാത്രങ്ങള്‍ കഴുകണം. വൈകിയായിരിക്കും കിടക്കുന്നത്. എന്നിട്ട് ഈ പത്തിരി ഉണ്ടാക്കാന്‍ വളരെ നേരത്തെ എഴുന്നെല്‍ക്കണം. ഇതൊക്കെ ഉണ്ടാക്കി മേശയുടെ മുകളില്‍ നിരത്തി വെച്ചും കൊടുക്കണം. കൈയും കഴുകി വന്നു വിളമ്പി വെച്ച ഭക്ഷണം കഴിച്ചിട്ട് ഏമ്പക്കവും വിട്ടു പോയി അമ്മയുടെ കൈപ്പുണ്യത്തെപ്പറ്റി വര്‍ണിക്കാന്‍ നല്ല സുഖമായിരിക്കും.
കഴിച്ച പാത്രം എങ്കിലും ഒന്ന് കഴുകി വെക്കാന്‍ മനസ്സ് കാണിക്കുന്ന എത്ര മക്കള്‍ ഈ നൊസ്റ്റാള്‍ജിയക്കാരില്‍ ഉണ്ടാകും? ശരിക്കും അമ്മ ഒരു ഹോട്ടല്‍ പോലെയാണ്. വെറുതെയല്ല ചില ഹോട്ടലുകള്‍ക്ക് അമ്മ ഹോട്ടല്‍ എന്നൊക്കെ പേരിടുന്നത്. ആ പേരില്‍ തന്നെയുണ്ട് എല്ലാ പണികളും ചെയ്യുന്ന ഒരു സാധുരൂപം. ഹോട്ടലിനോട് അമ്മയെ ഉപമിക്കാന്‍ കാര്യങ്ങള്‍ ഏറെയുണ്ട്. ഒരേസമയം ഓര്‍ഡര്‍ സ്വീകരിക്കുന്നയാളായും, കുക്ക് ആയും, ഭക്ഷണം വിളമ്പുന്നയാളായും അമ്മ മാറുന്നു. അതിനു ശേഷം പാത്രം ക്ലീന്‍ ചെയ്യുന്ന ജോലിയും. ഭക്ഷണ കാര്യവുമായി ബന്ധപ്പെട്ട് ഏകദേശം നാല് പേര്‍ ഹോട്ടലില്‍ ചെയ്യുന്ന പണി അമ്മ ഒറ്റയാള്‍ ചെയ്യുന്നു. കാഷ്യറുടെ പണി അമ്മയ്ക്ക് കൊടുക്കില്ല എന്നത് മറ്റൊരു വശം. അതായത് ഇതിനൊന്നും കൂലി ഇല്ല. ആകെ കൂലിയായി കിട്ടുന്നത് അമ്മയുടെ കൈപ്പുണ്യം എന്ന പേരും നൊസ്റ്റാള്‍ജിയനിലവിളികളുമാണ്.
അതിനു ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പോലെ 'Laundry' വിഭാഗവും കൈകാര്യം ചെയ്യല്‍ അമ്മയുടെ ഉത്തരവാദിത്വമാണ്. അടിവസ്ത്രം അടക്കം റൂമില്‍ വാരി വിതറുന്ന മുഷിഞ്ഞ തുണികളൊക്കെ വാരിയെടുത്ത് കൊണ്ട് പോയി അലക്കി തേച്ച് റൂമില്‍ തിരിച്ചു കൊണ്ട് വെക്കണം. ചിലര്‍ക്ക് അത് ഇടാന്‍ പോലും അമ്മയുടെ സഹായം വേണം. ഈ തുണി അലക്കല്‍ പ്രക്രിയയെപ്പറ്റി ചില കാര്യങ്ങള്‍ തികട്ടി വരുന്നു.
വീട്ടിലായിരിക്കുമ്പോള്‍ ഒരു ദിവസം ഉപയോഗിച്ച വസ്ത്രം പിറ്റേ ദിവസം ഉപയോഗിക്കാന്‍ ഭയങ്കര മടിയാണ്. എന്തിന് അതെ ദിവസം ചിലപ്പോള്‍ രണ്ടോ മൂന്നോ തവണ ഡ്രസ്സ് മാറും. പക്ഷെ ഹോസ്റ്റല്‍ വാസം തുടങ്ങിയതിനു ശേഷം ആ ശീലത്തില്‍ വന്ന മാറ്റം അതിഭയങ്കരമാണ്. ഒരു ജീന്‍സ് ഒന്നോ രണ്ടോ ആഴ്ച വരെ കഴുകാതെ ഉപയോഗിക്കും. പെര്‍ഫ്യൂം അടിച്ച് അടിച്ച് പെര്ഫ്യൂമിന് തന്നെ നാണക്കേട് തോന്നിത്തുടങ്ങുമ്പോഴാണ് ഷര്‍ട്ട് അല്ലെങ്കില്‍ ടീഷര്‍ട്ട് മാറ്റുന്നത്. ജട്ടിയുടെ കാര്യമാണെങ്കില്‍ പറയണ്ട. ഇട്ടതു തന്നെ ഇട്ടിട്ട് അവസാനം അരിപ്പ പോലെ ആകുന്നത് വരെ ഇടും. കാരണം എന്താ? ഒരു ഷര്‍ട്ട് അളക്കാന്‍ പോലുമുള്ള ബുദ്ധിമുട്ട് അനുഭവിച്ചു തന്നെ അറിയണം. അത് വെള്ള ഷര്‍ട്ട് വല്ലതും ആയാല്‍ അതിന്റെ കോളറില്‍ പിടിച്ചിരിക്കുന്ന അഴുക്കൊക്കെ പോകാന്‍ എത്ര പണിപ്പെടണം എന്നും അനുഭവിച്ചു അറിയണം. അങ്ങനെയുള്ള എത്ര തുണികളാണ് ദിവസവും അമ്മ കഴുകി വൃത്തിയാക്കുന്നത് എന്നോര്‍ത്താല്‍ തന്നെ ബോധം പോകും. അതുകൊണ്ട് തന്നെയാണ് പല ദിവസങ്ങളില്‍ ഇറ്റാവ തന്നെ വീണ്ടും വീണ്ടും ഇടാന്‍ ഹോസ്റ്റലില്‍ വെച്ചി നിര്‍ബന്ധിതന്‍ ആകുന്നത്. അങ്ങനെ ഹോസ്റ്റലില്‍ ജീവിച്ചവന് പോലും വീട്ടിലെത്തിയാല്‍ സ്വഭാവം മാറും. ഒന്ന് ചുളുങ്ങിയ വസ്ത്രം പോലും ഇടാന്‍ മടിയാകും. കാരണം എന്താണ്. അമ്മ എന്ന അലക്ക് മെഷീന്‍ അവിടെയുണ്ടല്ലോ. അലക്കിതെച്ചു വടിയാക്കി കൊണ്ട് തരാന്‍ ഒരാള്‍ ഉള്ളപ്പോള്‍ നമ്മളെന്തിനു കുറയ്ക്കണം. അതിനു ആകെ ചെലവ് അമ്മയെ ഒന്ന് രണ്ടു വാക്കുകളില്‍ ഒരു പുകഴ്ത്തല് , ഒരു കെട്ടിപ്പിടുത്തം.
ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ കുറെയേറെ പറയാനുണ്ടാകും. അതുകൊണ്ട് തിരിച്ചു ഭക്ഷണത്തിലേക്ക് തന്നെ പോകാം. മറ്റു ചില നൊസ്റ്റാള്‍ജിയകളാണ് അമ്മയുടെ കൈകൊണ്ട് തന്ന പൊതിച്ചോറ്, അമ്മയുടെ കൈ കൊണ്ട് അരച്ച ചമ്മന്തി, മോര് കറി, എന്നിങ്ങനെ ഒരുകൂട്ടം ഭക്ഷണസാധനങ്ങളെല്ലാം തന്നെ.
ഈ പൊതിച്ചോറിന്‍റെ കാര്യം പറഞ്ഞാല്‍ രസമാണ്. പൊതിച്ചോറിന്റെ രുചിയില്‍ അമ്മയ്ക്ക് എന്തോ അതിഭയങ്കര പങ്കുണ്ട് എന്നായിരുന്നു എന്‍റെ വിചാരം. പക്ഷെ ഒരു തവണ ഞാന്‍ തന്നെ ചോറ് വെച്ച് ഞാന്‍ തന്നെ അത് ഇലയില്‍ പൊതിഞ്ഞ് ഞാന്‍ തന്നെ കഴിച്ചപ്പോഴും അതേ രുചി എനിക്ക് കിട്ടി. കാര്യം ഭക്ഷണം ഉണ്ടാക്കുന്നതില്‍ നമ്മള് അത്ര വിദഗ്ധന്‍ അല്ലെങ്കിലും അതിന്റേതായ കുറവുകള്‍ ഉണ്ടെങ്കിലും അതില്‍ പ്രത്യേകിച്ചൊരു അമ്മ എലമെന്റും എനിക്ക് പിന്നീട് ഫീല് ചെയ്തിട്ടില്ല.
ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കറികളാണ് മോരുകറിയും സാമ്പാറും. ഈ മോര് കറി ഞാന്‍ കഴിച്ചു തുടങ്ങിയത് എന്‍റെ വീട്ടില്‍ നിന്നാണെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മവീട്ടില്‍ ഉണ്ടാക്കിയപ്പോഴായിരുന്നു. അതിന്റെ ഗുട്ടന്‍സ്, അമ്മ വീട്ടില്‍ പശു ഉണ്ടായിരുന്നത് കൊണ്ട് മോരിന് ഒരു ക്ഷാമവും ഇല്ല. അതുകൊണ്ട് കറിയില്‍ നല്ല മോര് മാത്രം ചേര്‍ത്താണ് ഉണ്ടാക്കിയിരുന്നത്. പക്ഷെ എന്‍റെ വീട്ടില്‍ മോര് വേറെ സ്ഥലത്ത് നിന്നും വാങ്ങേണ്ടി വരുന്നത് കൊണ്ട് അവരുടെ വക വെള്ളം ചേര്‍ക്കലും പിന്നെ അമ്മയുടെ വക വെള്ളം ചേര്‍ക്കലും ഒക്കെ കഴിഞ്ഞു ഉണ്ടാക്കുമ്പോഴേക്കും രുചി അല്‍പ്പം കുറയും. ഇതേ മോര് കറി ഇങ്ങിവിടെ ബഹറിനില്‍ കാന്റീനില്‍ നിന്ന് കഴിക്കുമ്പോഴും എനിക്ക് അതേ രുചി അനുഭവപ്പെടുന്നു. ഇവിടത്തെ കുക്ക് പണിക്കര് ചേട്ടനെയും എന്‍റെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാക്കേണ്ടി വരും.
സാമ്പാര്‍, വീട്ടില്‍ ഉണ്ടാക്കുന്നത് തെങ്ങ അരച്ചാണ്. അന്നെനിക്ക് അതിന്റെ ആ കളറും രുചിയും ഒന്നും അത്ര ഇഷ്ടമല്ലായിരുന്നു. പക്ഷെ തമിഴ്നാട്ടില്‍ പോയി വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നും തെങ്ങ അരയ്ക്കാത്ത ആ മഞ്ഞക്കളറിലുള്ള സാമ്പാര്‍ കഴിച്ചപ്പോള്‍ കിട്ടിയ സംതൃപ്തി വേറെ കിട്ടിയിട്ടില്ല. അങ്ങനെ പറയുമ്പോള്‍ സാമ്പാര്‍ നൊസ്റ്റാള്‍ജിയയില്‍ നിന്നും ആ അമ്മമഹിമ പുറത്താകുന്നു. അതേ സാമ്പാര്‍ തന്നെയാണ് ഞാന്‍ ഇവിടെ മണലാരണ്യത്തിലെ ക്യാന്റീനില്‍ നിന്നും വെട്ടിവിഴുങ്ങി കഴിക്കുന്നത് എന്നും സാമ്പാര്‍ ഉള്ള ദിവസങ്ങളില്‍ ക്യാന്റീനിലേക്ക് പോകാന്‍ പതിവിലുമധികം ആവേശം ഉണ്ടാകാറുണ്ട് എന്നും പറയുമ്പോള്‍ നാടിന്‍റെ രുചികളെ ഞാന്‍ തള്ളിപ്പറയുകയല്ല.
ഉണ്ടാക്കുന്നത് ആര് എന്നതിനെക്കാളും എങ്ങനെ , എന്താണ് ഉണ്ടാക്കുന്നത് എന്നതാണ് രുചിഭേദങ്ങളെ ബാധിക്കുന്നത്. കാശ് കൊടുത്തു വാങ്ങുന്ന രുചി അവിടെത്തന്നെ ഉണ്ടാകുമെന്നും കാശ് കൊടുക്കാതെ കിട്ടുന്ന രുചി എന്നും അതുപോലെ കിട്ടണമെങ്കില്‍ അല്‍പ്പം ഒന്ന് പൊക്കിപ്പറയണമെന്നും മറ്റാരെക്കാളും അധികം നമുക്കറിയാം. അതുകൊണ്ടായിരിക്കാം അതിന്‍റെ മഹിമ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു കൂവികൊണ്ടിരിക്കുന്നത്.
നാളെ ഉപ്പുമാവാണ് എന്ന് അമ്മ പറയുമ്പോള്‍ നിങ്ങള്‍ ദേഷ്യപ്പെടുന്നു. എന്തുകൊണ്ട് പുട്ടും കടലയും ഉണ്ടാക്കുന്നില്ല എന്ന് ചോദിക്കുന്നു. പുട്ടിനു അരി ഇടിക്കാനും, കടല വെള്ളത്തിലിട്ടു കുതിര്‍ത്തു വെക്കാനും അമ്മയ്ക്ക് അന്ന് കഴിഞ്ഞില്ല അല്ലെങ്കില്‍ വയ്യായിരുന്നു എന്ന് എന്തുകൊണ്ട് നിങ്ങള്‍ മനസ്സിലാക്കുന്നില്ല? ഉപ്പുമാവ് ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണെന്നും അമ്മയുടെ ജോലിഭാരത്തിന് അതൊരു ആശ്വസമാകുമെന്നും കാണാന്‍ എന്തുകൊണ്ട് നിങ്ങളുടെ നൊസ്റ്റാള്‍ജിയഭ്രാന്ത് ബാധിച്ച കണ്ണുകള്‍ക്ക് കഴിയുന്നില്ല? അരിപ്പൊടിയൊക്കെ മാര്‍ക്കറ്റില്‍ റെഡിമെയ്ഡ് ആയി കിട്ടുന്ന സമയമാണിത്. പക്ഷെ അരിപ്പൊടി കടയില്‍ നിന്ന് വാങ്ങിച്ചാല്‍ രുചി പോരെന്നും വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്യണമെന്നും വാശി പിടിക്കുമ്പോള്‍ അതിനു പിന്നിലുള്ള അധ്വാനം നിങ്ങള്‍ ഓര്‍ക്കാത്തതെന്ത്. ചുരുങ്ങിയത് നിങ്ങളുടെ രുചിയില്‍ ചെറിയ വിട്ടുവീഴ്ച ചെയ്തു അരിപ്പൊടി കടയില്‍ നിന്നും വാങ്ങിക്കൊണ്ടു ചെന്ന് ഉണ്ടാക്കാന്‍ പറയുകയെങ്കിലും ചെയ്തുകൂടെ?
കഞ്ഞി നൊസ്റ്റാള്‍ജിയ ആണ് മറ്റൊന്ന്. കഞ്ഞിയും ചമ്മന്തിയും മഹിമ പറയും. എന്നാലോ വീട്ടില്‍ കഞ്ഞി വെച്ചാല്‍ അമ്മെ, ഇന്നും കഞ്ഞിയാണോ? എന്ന ചോദ്യം ചോദിക്കാത്ത എത്ര പേരുണ്ട് ഈ നൊസ്റ്റാള്‍ജിയക്കാരില്‍. അഹങ്കാരം പറയുകയല്ല. ഞങ്ങള് മലബാറുകാര്‍ക്ക് ഈ കഞ്ഞി വല്ല പനിയും മറ്റു അസുഖങ്ങളും വരുമ്പോള്‍ കുടിക്കാനുള്ളതാണ്. കഞ്ഞി മാത്രം കുടിച്ചാല്‍ മതി എന്ന് ഡോക്ടര്‍ പറയുമ്പോഴേ നമ്മുടെ മുഖം ഒന്ന് കറുക്കും. മനസ്സില്ലാമനസ്സോടെ കഞ്ഞി കുടിച്ചു ഒപ്പിച്ച എത്രയോ ദിവസങ്ങളുണ്ട്.
നമ്മുടെ ഭക്ഷണശീലങ്ങള്‍ ഒക്കെ എത്രമേല്‍ സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാകുന്നത് ഈയടുത്തകാലത്താണ്. മാടിനെപ്പോലെ പണിയെടുക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ മാത്രം വരുന്ന നൊസ്റ്റാള്‍ജിയകള്‍, അത് അമ്മയായും, പിന്നീട് ഭാര്യയായും, പിന്നീട് മക്കളുടെ ഭാര്യമാര്‍ ആയും നമ്മുടെ മുന്നിലെത്തുന്ന കൊതിയൂറും വിഭവങ്ങള്‍ക് പിന്നിലുള്ള അധ്വാനത്തെ മനസ്സിലാക്കുമ്പോള്‍ പൊഴിഞ്ഞു വീഴുന്നതാണ്. അത് മനസ്സിലാക്കാന്‍ അടുക്കള വരെ ഒന്ന് പോയി നോക്കിയാല്‍ മതി. അര മണിക്കൂര്‍ ഒന്ന് നിരീക്ഷിച്ചാല്‍ മാത്രം മതിയാകും. എന്നിട്ടും ഈ നൊസ്റ്റാള്‍ജിയകളില്‍ അഭിരമിക്കാന്‍ നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളൊരു കടുത്ത സ്ത്രീവിരുദ്ധനാണ്. സംശയമില്ല തന്നെ.
(ഫേസ്ബുക്കില്‍ ശ്രീ റോബി കുര്യന്റെ പോസ്റ്റിലും അതിനെ തുടര്‍ന്ന് ഉണ്ടായ ചില പോസ്റ്റുകളും ഈ അഭിപ്രായ രൂപീകരണത്തിനു പിന്നില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞ നൊസ്റ്റാള്‍ജിയകളില്‍ അഭിരമിച്ചിരുന്ന ഒരു ടിപ്പിക്കല്‍ മലയാളി ആണ്/ആയിരുന്നു ഞാനും. മാറാന്‍ ശ്രമിക്കുന്നു.)
ഇതുകൂടി വായിക്കുക. http://www.mathrubhumi.com/books/article/nostalgia/2195/
ഗുഡ് പോസ്റ്റ് !
ReplyDeleteനന്ദി അജിത്.. :)
Delete'അമ്മമാഹാത്മ്യം'
ReplyDeleteഗൃഹാതുരത്വസ്മരണകള്‍ ഉണര്‍ത്തുന്ന നല്ലൊരു വായന
സമ്മാനിച്ച രചന...!!
അഭിനന്ദനങ്ങള്‍.. ശ്യാം....
നന്ദി അക്കാക്കുക്കാ... :)
Deleteനൊസ്റ്റാള്‍ജിയകളില്‍ ഏറെക്കുറെ സ്വതന്ത്രമായിരിക്കുന്നു ഇപ്പോള്‍ ജീവിതം. കണ്ട ഒരു സിനിമ പോലെ ചില സീനുകള്‍ മാത്രം അങ്ങിങ്ങായി തങ്ങി നില്‍ക്കുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ തന്നെ 'പ്രൊഫഷണല്‍' എന്ന് പരിചയപ്പെടുത്തുന്നത് കേള്‍ക്കാം.
ReplyDeleteനിഷ്കളങ്കമായ വരികള്‍ക്ക് സല്യൂട്ട്! :D
നന്ദി.. :)
Delete