3 May 2014

മണ്ണിലലിഞ്ഞിട്ടും തളിരിടുന്ന ഓര്‍മ്മകള്‍



അച്ഛന്‍റെ അമ്മ മരിച്ചതിന്‍റെ ഏഴാം ദിവസമായിരുന്നു ഇന്ന്.  ഒരു വര്‍ഷത്തോളമായി അല്‍ഷിമേഴ്സ് ബാധിച്ച് മറവിയുടെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു, എവിടെയാണെന്നോ, എന്താണെന്നോ അറിയാതെ ജീവിച്ച് ഒടുവില്‍ ഒരു കണ്ണ് അടച്ചു പിടിച്ചു അന്ധകാരത്തിലേക്ക് ഊളിയിട്ട്, ഒരു കണ്ണ് കൊണ്ട് ഞങ്ങളുടെയൊക്കെ മുഖത്തേയ്ക്ക് മാറിമാറി നോക്കി അച്ഛമ്മ പോയി. ഏഴു ദിവസം കുടുംബാംഗങ്ങള്‍ ഒക്കെ ഒരുമിച്ചു ഒരു കൂരയ്ക്കു കീഴില്‍ ഓര്‍മകളെ ചവച്ചു തുപ്പി. ഒന്നിച്ചുണ്ട്, ഒന്നിച്ചുറങ്ങി.  ഒടുവില്‍ ഏഴാം ദിവസം ഓരോരുത്തരായി പടിയിറങ്ങി. മക്കളും ഞങ്ങള്‍ പേരക്കുട്ടികളും മാത്രമായി.

പെട്ടെന്ന് വീട് ഉറങ്ങിയത് പോലെ തോന്നി, ചെറിയ ഒരു ഒറ്റപ്പെടല്‍ അനുഭവിച്ചപ്പോള്‍ പറമ്പിലൂടെ ഒന്ന് നടക്കാനിറങ്ങി. പറമ്പിന്റെ ഒരു മൂലയില്‍ പിള്ളേര്‍ക്ക് കളിക്കാന്‍ കെട്ടിയ ഊഞാലിന്റെ അരികിലായി ഒരു മണ്‍കൂനയുണ്ട്. അതിന്റെ മുകളില്‍ മൂന്നു നാല് റീത്തുകളും. അകാലത്തില്‍ പൊലിഞ്ഞു പോയ ഞങ്ങളുടെ കരുത്ത്‌, ഇളയച്ഛന്‍ ഉറങ്ങുന്നത് അതിനകത്താണ്. ഏഴു ദിവസവും ഊഞാലിന്റെ അരികിലിരുന്ന് ആ മണ്‍കൂനയിലേക്ക് നോക്കുമായിരുന്നു.  പെട്ടെന്ന് തലയ്ക്കുള്ളില്‍ ഒരു പെരുപ്പ് കയറുമ്പോള്‍ ഊഞാലിന്റെ ഗതിവേഗങ്ങളിലേക്ക് മനസ്സും മുഖവും പിന്‍വലിക്കും. 

പക്ഷെ ഇന്ന് അവിടെപ്പോയി കുറച്ചു നേരം നോക്കി നിന്നു. ഓര്‍മ്മകള്‍ ഇരമ്പിയെത്തുമ്പോള്‍ കണ്ണില്‍ നിന്നും ഒരു തുള്ളി മണ്ണ് നനയിക്കാന്‍ തുടങ്ങുമ്പോള്‍ അഞ്ചാമത്തെ ഇളയച്ചന്‍ അങ്ങോട്ട്‌ വന്നു. റീത്തുകള്‍ ഒക്കെ അങ്ങനെ ഇടുന്നത് ശരിയല്ലല്ലോ. അതെടുത്ത് കത്തിക്കണ്ടേ എന്ന് ചോദിച്ചു. റീത്ത് കാണുമ്പോള്‍ അങ്ങോട്ട്‌ തന്നെ നോക്കി പോകുന്നു. പിന്നെ മനസ്സിന് ആകെ ഒരു വിഷമം എന്നും പുള്ളി പറഞ്ഞപ്പോള്‍ കുറച്ചു മണ്ണെണ്ണയും എടുത്തു ഉണങ്ങിയ ഓലയും ഇലകളും കൂട്ടിയിട്ട് തീ കത്തിച്ച ശേഷം റീത്തുകള്‍ അതിലേക്കു എടുത്തിട്ടു.

മണ്‍കൂനയില്‍ ചില ചെടികള്‍ മുളച്ചു വരുന്നുണ്ട്. ഇളയച്ഛന്‍റെ നെഞ്ചിലേക്ക് അതിന്റെ വേരുകള്‍ ആഴ്ന്നിറങ്ങുകയായിരിക്കും. അത് നോക്കി നിന്നപ്പോള്‍ തീ കത്തുന്നത് കണ്ട് ഊഞ്ഞാലാടുകയായിരുന്ന പിള്ളേര്‍ ഓടി വന്നു. അതില്‍ അല്‍പ്പം കുസൃതിയും എന്നോട് വളരെ അടുപ്പവുമുള്ള അപ്പുവിനോട് മണ്‍കൂന ചൂണ്ടിക്കൊണ്ട് അവിടെ എന്താണുള്ളതെന്നറിയാമോ എന്ന് ചോദിച്ചു. "എനിക്കറിയാം, വല്യച്ഛനല്ലേ" എന്ന് പറയുമ്പോള്‍ സ്വതവേ പ്രസന്നവദനനായ അവന്റെ മുഖം കുനിഞ്ഞിരുന്നു. അവന്‍ പറഞ്ഞത് കേട്ടപ്പോള്‍ പെട്ടെന്ന് ഒന്ന് കരയാനാണ് തോന്നിയത്. ആ മണ്ണില്‍ വീണ്, ഇളയച്ഛന്‍റെ നെഞ്ചില്‍ കിടന്നൊന്നു കരയാന്‍. പക്ഷെ, കണ്ണീര്‍ പൊടിഞ്ഞെങ്കിലും കരച്ചിലടക്കി നിര്‍ത്തി. 

ഒരായുസ് മുഴുവന്‍ കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ഹോമിച്ച് ഒടുവില്‍ എല്ലാം മതിയാക്കി തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ഡ് ആകാന്‍ നോക്കുമ്പോള്‍, കുഞ്ഞുങ്ങളോടൊപ്പം ഇനിയുള്ള കാലം എന്ന് പ്രഖ്യാപിച്ചു തിരിച്ചു വരാനോരുങ്ങുമ്പോള്‍ "നിന്‍റെ ജീവിതമേ ഞാനങ്ങു സെറ്റില്‍ഡ് ആക്കി" എന്ന് പറഞ്ഞു മരണം കയറി വന്നു.  കരുത്തനായിരുന്നു ഇളയച്ഛന്‍ , മനസ്സ് കൊണ്ടും ശരീരം കൊണ്ടും. എന്തിനും പോന്നവന്‍. അതുകൊണ്ട് തന്നെയായിരിക്കാം വയറില്‍ പേറിയ മരണത്തിന്‍റെ വിത്ത് ആരോരുമറിയാതെ കൊണ്ട് നടന്നതും. 

റീത്ത് ഒഴിഞ്ഞ മണ്‍കൂന കുറച്ചുനാള്‍ കൂടി അങ്ങനെ നില്‍ക്കും. ഒടുവില്‍ വരാനിരിക്കുന്ന മഴയുടെ കൂടെ മണ്ണിലേക്ക് അമര്‍ന്നു ചേരും. അങ്ങനെ ഒരിടം ഉണ്ടായിരുന്നു എന്നും, അതിനുള്ളില്‍ ഞങ്ങളുടെ പ്രിയപ്പെട്ടവന്‍ ഉണ്ടായിരുന്നു എന്നും ഒരു തെളിവ് പോലും ബാക്കി വെക്കാതെ.

തീ കത്തിതീരുന്നത് കാത്തു നില്‍ക്കാതെ തിരിഞ്ഞു നടന്നു. ഊഞ്ഞാലിനടുത്തെയ്ക്ക്, ഓര്‍മകളെ ആട്ടിയാട്ടി ആകാശത്തേക്ക് പറത്തിവിടാന്‍ ശ്രമിക്കാന്‍. ഇതെഴുതുമ്പോഴും നിലയ്ക്കാത്ത കണ്ണീരിന്‍റെ അകമ്പടിയോടെ.  എന്നെന്നേക്കുമായി.

3 comments:

  1. Neethu Surendran3 May 2014 at 11:42

    :( തീയ്യുരുംബുകള്‍ തിന്നു കളഞ്ഞ തളിര്നാമ്പിന്‍ വേര് പോലെ.. ചവച്ചു തുപ്പാന്‍ ഒരോര്‍മ്മ കൂടി വേരെടുത്തു തന്നു.. ശരിക്കും ഹൃദയ സ്പര്‍ശി..

    ReplyDelete