നാലുചുറ്റും ആളുകളാല്‍
വലയം ചെയ്യപ്പെട്ടൊരു
തുരുത്തിലാണെന്‍റെ ജീവിതം
ഒറ്റപ്പെട്ട്, എന്നിലേക്ക് ചുരുങ്ങി..
വേലിയിറക്കത്തില്‍ തുരുത്തിലേക്ക്
കാഴ്ചകാണാന്‍ വരുന്ന
വിനോദസഞ്ചാരികളെപ്പോലെ
ചില സൌഹൃദങ്ങള്‍
മുറിയിലെത്തി നോക്കും..
ഞാനാകെ സംസാരിക്കുന്നത്
ആകാശം നോക്കിക്കിടക്കുമ്പോഴാണ്
അതും, ഒറ്റയ്ക്കിരിക്കുന്നത് കണ്ടു
നക്ഷത്രങ്ങളിലെ കുറുമ്പിയോരോന്ന്‍
കുത്തിക്കുത്തി ചോദിക്കുമ്പോള്‍
തുരുത്തിനു പുറത്തു
ആടിത്തിമിര്‍ത്ത വസന്തകാലത്തിലെ
പൊഴിയുന്ന ഇലകളെണ്ണുമ്പോള്‍
അവളുടെ ചോദ്യങ്ങളെ ഞാന്‍
പരുഷമായ് നേരിടും.
പക്ഷെ ഇലകള്‍ പറയുന്ന കഥകളിലെ
മൃദുസ്വപ്നങ്ങളെ പുല്‍കി
ചുണ്ടിലൊരു ചെറുചിരിയുമായ്
പാതിയടഞ്ഞ കണ്ണുകള്‍
ആകാശത്തേക്ക് നോക്കുമ്പോള്‍
നക്ഷത്രക്കുറുമ്പിയ്ക്കറിയാം
ഇപ്പോള്‍ ഇലയെപ്പറ്റി ചോദിച്ചാല്‍
വൃക്ഷത്തിന്‍റെ ചരിത്രം വരെ
ഞാന്‍ വിസ്തരിച്ചു പറയുമെന്ന്..
അപ്പോഴവള്‍ മെല്ലെയിറങ്ങി വരും
എന്‍റെ ജാലകവാതിലിനടുത്തെയ്ക്ക്
എന്നില്‍ പ്രകാശം ചൊരിഞ്ഞു കൊണ്ട്
മെല്ലെയാ വസന്തകാലത്തിലെയ്ക്ക്
കൈപിടിച്ച് കൊണ്ട് പോകും..
തുരുത്തിനു പുറത്തെ എന്‍റെ ജീവിതം
ചുമരില്‍ നാലുഭാഗത്തെയ്ക്കും
വലിച്ചു കെട്ടിയ മങ്ങിയ വെള്ളത്തുണിയില്‍
ഒന്ന് വിറച്ച് കളറില്‍ മിന്നിമറയും
തന്‍റെ പ്രകാശമെല്ലാംഎന്‍റെ മുഷിഞ്ഞ
കോട്ടിനുള്ളിലൊളിപ്പിച്ച് നക്ഷത്രക്കുറുമ്പി
ഓരോ സീനിനും കയ്യടിക്കും ..
ഇടയ്ക്കിടെയോരോ
പോപ്കോണ്‍ കൊറിച്ചു കൊണ്ട്
ആ ട്രാജഡി ഞങ്ങളിരുന്നു കാണും ..
മറ്റു നക്ഷത്രക്കൂട്ടുകാരോന്നായി
പിരിഞ്ഞു തുടങ്ങിയാലും
ആ കുറുമ്പിയെന്‍റെ നെഞ്ചില്‍
പറ്റിച്ചേര്‍ന്നു കിടക്കും
സൂരകിരണങ്ങള്‍ തുരുത്തിലെ
തെങ്ങിന്‍തലപ്പുകളെ മാടി
ഉണര്‍ത്തുന്നത് വരെ..
അവളും അന്ന് രാത്രിയിലേക്ക്
വിട പറഞ്ഞുപോയാല്‍
തുരുത്തില്‍ പിന്നെയും ഞാനൊറ്റയ്ക്ക്..
ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
ഭൂമിയോട് സംസാരിച്ചു നടക്കും..
നക്ഷത്രക്കുറുമ്പിയോടു
സംസാരിച്ചതിന്റെ ബാക്കി കഥകള്‍..
ഒരിക്കലും പറഞ്ഞു തീരാത്ത
തുരുത്തിനു പുറത്തെ ജീവിതകഥകള്‍..
ഇന്റെര്‍നെറ്റ് നിബദ്ധമാണ് രാഗം (ഗാഡ്ജെറ്റ്സും). We should meet!
ReplyDelete:) :)
Delete