2 Jul 2013

കുറ്റസമ്മതം



ചില നൊസ്റ്റാള്‍ജിയ പോസ്റ്റുകളും യാഥാര്‍ത്യങ്ങളും...

എന്‍റെ കുറ്റസമ്മതം..!!


പോസ്റ്റ്‌ 1:

കൊടും ചൂടുള്ള ഈ മരുഭൂമിയില്‍ ഷവറിലെ വെള്ളത്തിലെ കുളി മടുത്തു.. എനിക്ക് വീടിനടുത്തുള്ള നല്ല പളുങ്ക് പോലെയുള്ള വെള്ളം നിറഞ്ഞ കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിച്ചും കളിച്ചും തിമിര്‍ത്തത് ഓര്‍മ്മ വരുന്നു.. അതൊക്കെ എന്ത് രസമായിരുന്നെന്നോ... മിസ്സ്‌ യൂ മൈ ഫേവറിറ്റ് കുളം..!!


യാഥാര്‍ത്ഥ്യം:

ആ കുളത്തിന്‍റെ പരിസരത്ത് ഒക്കെ ഞാന്‍ പോകാറുണ്ടായിരുന്നു.. അവിടെ നനയ്ക്കാനും കുളിക്കാനും വരുന്ന പെണ്ണുങ്ങളുടെ കുളി സീന്‍ ഒളിഞ്ഞു നോക്കാന്‍...,.. മാന്യമായി ഒളിഞ്ഞു നോട്ടവും കഴിഞ്ഞു വീട്ടില്‍ എത്തി ഷവറില്‍ ഒരു കുളി പാസ്സാക്കും.. കിണറ്റില്‍ നിന്ന് വെള്ളം കോരിക്കുളിക്കെടാ നല്ല തണുപ്പുണ്ടാകും എന്ന് അമ്മ പറഞ്ഞാല്‍ ഓ ഉള്ള തണുപ്പോക്കെ മതി എന്നും പറഞ്ഞു ഒരു ലോഡ്‌ പുച്ഛവും അങ്ങ് വാരി വിതറും..

പോസ്റ്റ്‌ 2:
നാടും വീടും വയലേലകളും കൊയ്ത്തും പുഞ്ചപ്പാടങ്ങളും കിളികളും വയലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മൂവാണ്ടന്‍ മാവും അതിലെ കണ്ണിമാങ്ങകളും വല്ലാതെ മിസ്സ്‌ ചെയ്യുന്നു.. കൊയ്ത്തു പാട്ടിന്റെ താളത്തില്‍ നൃത്തം ചെയ്ത് കൊയ്തുകാരോടൊപ്പം നെല്ല് കൊയ്തെടുത്തതും അത് മെതിച്ചു ആ അരി കൊണ്ട് ചോറ് വെച്ച് തിന്നതും മനസ്സില്‍ ഒരു കുളിര്മ്മയായി പെയ്തിറങ്ങുന്നു...!!

യാഥാര്‍ത്ഥ്യം:
പേരാമ്പ്രയോ കൊയിലാണ്ടിയോ ഉള്ള ബീവറേജില്‍ പോയി ഒരു ഫുള്ളും വാങ്ങി കൂട്ടുകാരോടൊപ്പം ഏതെങ്കിലും പുഞ്ചപ്പാടത്തോ വയല്‍വരമ്പുകളിലോ പോയിരുന്നു വയലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെ പച്ചമാങ്ങയും കൂട്ടി അടിച്ചു അവിടെ തന്നെ വാള് വെച്ച് കിടന്നിരുന്ന ഞാനാ... ഹോ.. പിറ്റേന്ന് പുല്ലരിയാന്‍ വരുന്ന പെണ്ണുങ്ങള്‍ വിളിച്ചുണര്‍ത്തുമ്പോള്‍ ആണ് വീട്ടില്‍ പോകുന്നത്..

പോസ്റ്റ്‌ 3:
മഴ.. പുതുമഴ.. മഴയെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് ക്ലാരയെയാണ് ഓര്‍മ്മ വരുന്നത്... അവള്‍ വരുമ്പോള്‍ ഒക്കെ മഴ ഉണ്ടായിരുന്നു.. മഴ പെയ്യുമ്പോള്‍ വീട്ടില്‍ കൂനിക്കൂടി ഇരുന്ന എനിക്ക് ഒരു ഉന്മേഷം കിട്ടും... ഉടനെ വീട്ടുമുറ്റത്തെയ്ക്ക് ചാടി ഇറങ്ങി ആവേശത്തോടെ മഴ നനഞ്ഞതും പനി പിടിച്ചതും അമ്മ രാസ്നാദി പൊടി തിരുമ്മി തന്നതും ഓര്‍മ്മ വരുന്നു.. മഴ പെയ്യുമ്പോള്‍ എന്‍റെ മനസ്സിലും കുളിരായിരുന്നു.. 'ശ്യാം മഴയെ പ്രണയിക്കുന്നവന്‍' എന്ന് പേര് മാറ്റിയാലോ എന്നാ ചിന്തയിലാണ് ഞാന്‍...,.. ഐ ലവ് യൂ ക്ലാരെ.. ഐ ലവ് യൂ മഴേ..!!

യാഥാര്‍ത്ഥ്യം:
മഴയുള്ള ദിവസം എഴുന്നേല്‍ക്കാന്‍ തന്നെ ഉച്ചയാകും.. മോനെ നീ കടയില്‍ പോയി ഉച്ചയ്ക്കത്തെ കറിയ്ക്ക് വല്ലോം വാങ്ങിക്കൊണ്ടു വാ എന്ന് അമ്മ പറഞ്ഞാല്‍...,. "ഓ ഒന്ന് പോ ഈ പെരുംമഴയത്ത് പുറത്തിറങ്ങാന്‍ എനിക്ക് വട്ടല്ലേ" എന്നും പറഞ്ഞു അമ്മയെ ഒന്നര ലോഡ്‌ പുച്ഛം കൊണ്ട് മൂടി ബ്രേക്ക്‌ഫാസ്റ്റും എടുത്ത് കഴിച്ചു വീണ്ടും ബെഡിലേക്ക്.. അതിനിടയ്ക്ക് ഒരു പ്രാക്കും.. "ഈ മുടിഞ്ഞ മഴ കാരണം ഒന്ന് പുറത്തിറങ്ങാന്‍ പോലും വയ്യ... കോപ്പ്...!!"

പോസ്റ്റ്‌ 4:
അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ കഞ്ഞിയും ചമ്മന്തിയും തുമ്പപ്പൂ ചോറും കിട്ടിയാല്‍ മൂന്നു നേരവും അത് മതി എനിക്ക്.. തേങ്ങാചമ്മന്തിയും ചോറും എന്ത് ടേയ്സ്റ്റ് ആണെന്നോ... ഇത്തിരി കണ്ണിമാങ്ങ അച്ചാര്‍ കൂടെ ഉണ്ടെങ്കില്‍ പിന്നെ ഊണ് കുശാല്‍..,..ആഹാഹ ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളം ഊറുന്നു..!!

യാഥാര്‍ത്ഥ്യം:
നാട് മുഴുവന്‍ തെണ്ടിത്തിരിഞ്ഞു ഉച്ചയ്ക്ക് ഉണ്ണാന്‍ വരുമ്പോള്‍ അമ്മ ചോറും രണ്ടു കൂട്ടം കറിയും ചമ്മന്തിയും മോരും ഒക്കെ ടേബിളില്‍ നിരത്തി വെച്ച് ഇന്നാ മോനെ തിന്നോ എന്ന് പറയുമ്പോള്‍ പൊരിച്ച മീന്‍ എവിടെ? ഇറച്ചി ഒന്നും ഇല്ലേ? ഇത് നിങ്ങള് തന്നെ അങ്ങ് നക്കിയാല്‍ മതി എന്നും പറഞ്ഞു പ്ലേറ്റും തട്ടിമാറ്റി എണീറ്റ്‌ ഹോട്ടലില്‍ പോയി മീനും ഇറച്ചിയും കൂട്ടി ശാപ്പാട് അടിച്ചിരുന്ന ഞാന്‍ ചമ്മന്തിയും ചോറും തിന്നാന്‍...,.. ഒന്ന് പോടെര്‍ക്ക ...!!

നോട്ട്: ഞാന്‍ ഒരു ലോലഹൃദയന്‍ ആണ്.. എത്ര കള്ളം പറഞ്ഞാലും എന്നെങ്കിലും ഒരിക്കല്‍ സത്യം പറയാതിരിക്കാന്‍ എനിക്ക് ആവില്ല...!

No comments:

Post a Comment