17 Sept 2014

ജീവിതസായന്തനസഹനസമരങ്ങള്‍

കേളുവേട്ടന്‍ പാണ്ഡ്യന്‍പാറയുടെ ഉച്ചിയില്‍ നിന്നും ഒരു പറവയായ്‌ രൂപാന്തരപ്പെട്ട് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ച ശേഷം പാറുവമ്മ കഷ്ടപ്പെട്ടാണ് ജീവിതവണ്ടി ഉന്തിത്തീര്‍ത്തത്. തന്‍റെ കൊച്ചു പീടികമുറിയില്‍ കേളുവേട്ടന്‍ അവശേഷിപ്പിച്ചു പോയ കറുത്ത ഫ്രെയിമുകളുള്ള കട്ടിക്കണ്ണടയും ചുവന്ന സ്റ്റിക് പെന്നും പറ്റുപുസ്തകവുമായിരുന്നു പാറുവമ്മയുടെ ഊന്നുവടി. ഊന്നുവടിയാകുമെന്നു കരുതിയ മക്കള്‍ പലവഴി പിരിഞ്ഞു സ്വന്തം ജീവിതങ്ങള്‍ കരുപ്പിടിപ്പിക്കുന്ന തിരക്കിലായിരുന്നു. തല നിലത്ത് മുട്ടുവോളം കുടിച്ച് ഇഴഞ്ഞിഴഞ്ഞു കൂടണയുന്ന വിഷമില്ലാത്ത പാമ്പായ ഇളയമകന്‍ കല്യാണം കഴിക്കുന്നത് വരെ പാറുവമ്മയ്ക്ക് സ്വസ്ഥതയുണ്ടായിരുന്നു. മരുമകള്‍ പാവമായിരുന്നെങ്കിലും മകന് പാറുവമ്മ ഒരു അധികപ്പറ്റായി തോന്നി. കുടിക്കുമ്പോള്‍ മകനുണ്ടായിരുന്ന സ്നേഹമൊന്നും കല്യാണശേഷം കുടി നിര്‍ത്തിയ മകനില്‍ കാണാഞ്ഞപ്പോള്‍ മദ്യമാണോ മദ്യമില്ലാത്ത മനസ്സാണോ വിഷം എന്ന് പാറുവമ്മയ്ക്ക് സന്ദേഹമായിത്തുടങ്ങിയിരുന്നു.  

വളരെ പെട്ടെന്നായിരുന്നു പാറുവമ്മയുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്‌. മകന്‍റെ കല്യാണത്തിന് ഒത്തുകൂടിയ മറ്റു മക്കള്‍ അന്നേ ഗൂഡാലോചന തുടങ്ങിക്കാണണം, അധികം വൈകാതെ തന്നെ ആ വീടും പറമ്പും പീടികയും അമ്മയ്ക്കും അച്ഛനും അവരവരുടെ തറവാടുകള്‍ വീതം വെച്ചപ്പോള്‍ കിട്ടിയ കുറച്ചു സ്ഥലവുമുള്‍പ്പെടെ ഭാഗം വെക്കണമെന്ന് പറഞ്ഞ് മക്കള്‍ കോലാഹലങ്ങള്‍ തുടങ്ങി. തന്നെ അവര്‍ മാറിമാറി കൂടെ താമസിപ്പിക്കാമെന്നു പറഞ്ഞെങ്കിലും തന്‍റെ ഗതി എന്താകുമെന്ന് പാറുവമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്‍റെ കാലശേഷമേ ഭാഗം വെക്കലുണ്ടാകൂ എന്ന് പാറുവമ്മ തീര്‍ത്തു പറഞ്ഞു. 

രംഗം മാറി. ക്രൂരതയുടെ നിഴല്‍ ആ വീടിനെ പൊതിഞ്ഞു തുടങ്ങി. പീടികയില്‍ ഇളയമകന്‍ കയറിയിരുപ്പ്‌ തുടങ്ങി. വീട്ടില്‍ അടുപ്പ്‌ പുകയ്ക്കാതെ ആയി. കിണറില്‍ നിന്ന് ആയാസപ്പെട്ട് കോരിക്കുടിക്കുന്ന പച്ചവെള്ളമായിരുന്നു പലപ്പോഴും പാറുവമ്മയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വീണു പോകുമെന്ന് തോന്നിയപ്പോള്‍ താങ്ങായി അയലത്തെ കൌമാരക്കാരി വന്നത് എല്ലാം മനസ്സിലാക്കിയിട്ട് തന്നെയായിരുന്നു. ഒരു മൂട് കപ്പ കൊണ്ട് ഒരു ദിവസം തള്ളിനീക്കേണ്ട അവസ്ഥ വന്നിരുന്ന ദിവസങ്ങളില്‍ പോലും ആ നരച്ച പാവാടക്കാരി തന്‍റെ പങ്കിന്റെ പാതി പാറുവമ്മയ്ക്ക് കൊടുത്തു വന്നു. പക്ഷെ എത്രകാലം? എത്രകാലം ഇങ്ങനെ തള്ളി നീക്കും? 

ഒടുവില്‍ വീതം വെക്കാന്‍ പാറുവമ്മ സമ്മതിച്ചു. പക്ഷെ പീടികയും തന്‍റെ പേരിലിരിക്കുന്ന സ്ഥലവും മറ്റാര്‍ക്കും കൊടുക്കില്ലെന്ന ഉപാധിയിന്മേല്‍ കേളുവേട്ടനോടൊപ്പം ജീവിതം തുടങ്ങിയ വീടടക്കം പങ്കു വെച്ച് കൊടുത്ത് പീടികയുടെ പിറകില്‍ ഒരു ചായ്പ്പു കെട്ടി പാറുവമ്മ അങ്ങോട്ട്‌ മാറി. മക്കളുടെ മാറിമാറിയുള്ള വിളി ഗൌനിക്കാതെ ഇനിയുള്ള കാലം ഒറ്റയ്ക്ക് മതിയെന്ന് തീരുമാനിച്ച് അതുവരെ കാട്ടാത്ത ഉശിരോടെ ആ സാധുസ്ത്രീ ജീവിതത്തെ വെല്ലുവിളിച്ചു. ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും കെട്ടുപൊട്ടിച്ചു ഒരു സ്വാതന്ത്ര്യപ്പറവയായി നാടിന്‍റെ നാട്ടാരുടെ അമ്മയായി. 

ജീവിതത്തിന്റെ സായന്തനം, ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ഘട്ടമാക്കി മാറ്റിയ പാറുവമ്മ ജീവിതാന്ത്യം ഒരു കടപ്പാടും ബാക്കി വെച്ചില്ല. തന്‍റെ സകലസ്വത്തുക്കളും തനിക്ക്‌ അന്നം തന്ന കൌമാരക്കാരിയുടെ പേരിലാക്കിയിട്ടാണ് പാറുവമ്മ പോയത്‌. മരിക്കുമ്പോഴും ഒരു ചിരി ആ ചുണ്ടില്‍ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. തന്‍റെ മരണശേഷം ആ സ്വത്തുക്കള്‍ക്ക് കടിപിടി കൂടാന്‍ കാത്തു നിന്ന മക്കളെ വിഡ്ഢികളാക്കിയതിന്റെ സന്തോഷച്ചിരി.

7 Jul 2014

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ചില തിരിച്ചറിവുകള്‍ കാലം തെറ്റി വരുന്നവയാണ്.ചിലര്‍ നമ്മെ വിട്ടുപോയാല്‍ മാത്രമാകും അവര്‍ക്ക് വേണ്ടി ചെയ്യാമായിരുന്ന കൊച്ചു കൊച്ചു കാര്യങ്ങളെപ്പറ്റി നമ്മള്‍ ഓര്‍ക്കുക. അവരെ അവഗണിച്ച ക്രൂരതയെപ്പറ്റി സങ്കടപ്പെടുക. അത്തരത്തില്‍ ഒന്നാണ് ജീവിതസായന്തനത്തില്‍ എത്തിയ മുത്തച്ഛനോടും മുത്തശ്ശിയോടും മറ്റുമുള്ള പെരുമാറ്റം. അവരുടെ പ്രശ്നങ്ങള്‍ ഇടയ്ക്കൊക്കെ നമുക്കൊന്ന് കേട്ടുകൂടെ? വീട്ടിലെ കുഴമ്പ് മണക്കുന്ന മുറിയില്‍ മടുപ്പിക്കുന്ന ഏകാന്തതയോട് മല്ലിട്ട്, ഒന്ന് സംസാരിചിരിക്കാന്‍ പോലും ആരുമില്ലാതെ ജീവിത സായന്തനം തള്ളി നീക്കുന്ന മുത്തച്ഛനോ മുത്തശ്ശിക്കോ ഒരുമ്മ കൊടുക്കാനും അല്‍പ്പനേരമെങ്കിലും അവരോടു സംസാരിച്ചിരിക്കാനും ശ്രമിച്ചു കൂടെ?

ഉപദേശമല്ല, തിരിച്ചറിവുകളില്‍ നിന്നുണ്ടായ ഒരു അഭ്യര്‍ത്ഥനയാണ്.. വീട്ടില്‍ വന്നു കയറുന്ന എന്‍റെ ശബ്ദം കേള്‍ക്കുമ്പോഴേക്കു വിശേഷങ്ങളറിയാന്‍ കാതു കൂര്‍പ്പിചിരിക്കുന്ന, എന്തിനെപ്പറ്റിയാണ് നിങ്ങള്‍ പറയുന്നത് എന്ന് ചോദിക്കുന്ന അച്ഛച്ചനോട് ദേഷ്യപ്പെട്ടിരുന്നു ഒരുപാട്.. പല ചോദ്യങ്ങള്‍ക്കും അസഹിഷ്ണുതയും ദേഷ്യവും ആയിരുന്നു എന്‍റെ മറുപടി.. തെല്ലുറക്കെ സംസാരിച്ച് ചോദ്യങ്ങളെ അടക്കിനിര്‍ത്തിയിരുന്നു.. പറഞ്ഞു തന്നാലും ഒന്നും ഓര്‍ക്കില്ല ,പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടിരിക്കും എന്നതായിരുന്നു എന്‍റെ ന്യായം..

"എന്നോടാരും ഒന്നും മിണ്ടുന്നില്ല, വിശേഷങ്ങള്‍ എന്നോട് കൂടി പറഞ്ഞാലെന്താ" എന്ന് ഒരു തുള്ളി കണ്ണീരിന്റെയും വിതുമ്പലിന്റെയും അകമ്പടിയോടെ അച്ചാച്ചന്‍  ഒരു ദിവസം പൊട്ടിത്തെറിക്കുന്നതുവരെ ഞാന്‍ ആലോചിച്ചിരുന്നില്ല ആ അവസ്ഥയെപ്പറ്റി.. എന്ത് മടുപ്പായിരിക്കും അതിന്? യാതൊരുവിധ മാറ്റങ്ങളുമില്ലാതെ ഒരു മുറിയില്‍ തന്നെ അല്ലെങ്കില്‍ വീടിനുള്ളില്‍ തന്നെ ദിവസങ്ങള്‍ തള്ളി നീക്കുക.. സ്വന്തം മനസ്സിനോട് തന്നെ ചോദ്യങ്ങള്‍ ചോദിച്ചു, ഉത്തരങ്ങള്‍ സ്വയം കണ്ടെത്തുക, സ്വന്തം മനസ്സിനോട് തന്നെ വിശേഷങ്ങള്‍ പങ്കു വെക്കുക.. മനസ്സ് തന്നെ ഒരു ജയിലായി മാറുക.. ഒറ്റപ്പെട്ട ദ്വീപില്‍ അകപ്പെട്ട നാവികനെപ്പോലെ ഒരു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുക, ചുവരുകളോട് സംസാരിക്കുക..

ഓര്‍ത്തപ്പോള്‍ എന്നോട് അതിയായ വെറുപ്പ്‌ തോന്നി, ആ കണ്ണീര്‍ എന്‍റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു..  അന്ന് പിന്നെ ആ മുഖത്ത് നോക്കാനായില്ല.. ചിന്തിച്ചു ചിന്തിച്ചു എന്‍റെ മനസ്സ് ആ മുറിക്കുള്ളില്‍ വട്ടമിട്ടു പറന്നു.. ആ ഏകാന്തത ഞാനും ഏറ്റുവാങ്ങി.. പിറ്റേന്ന് കൂടെ പോയിരുന്നു. മനസ്സ് തുറന്നു സംസാരിച്ച്. നല്ലൊരു കേള്‍വിക്കാരാകാന്‍ ശ്രമിച്ചു.. ഇന്ന് ഭക്ഷണം കഴിച്ചിരുന്നോ എന്ന് പോലും മറന്നു പോകുമായിരുന്ന ആള്‍ മൂന്നു പതിറ്റാണ്ട് മുന്‍പ്‌ നടന്ന കഥകള്‍ പോലും പേരുകള്‍ സഹിതം കൃത്യമായി ഓര്‍ത്തെടുത്തു പറയുന്നത്, ചിലപ്പോള്‍ പൊട്ടിചിരിക്കുന്നത്, ഓര്‍മയായി മാറിയ  ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും  ഓര്‍ത്തെടുത്തു മനസ്സില്‍ തേങ്ങുന്നത്.. എല്ലാം കണ്ടു. ആ കൈ പിടിച്ചു കൂടെ ഇരുന്നു. പറഞ്ഞു തീരുന്നത് വരെ. അന്ന് ആ കണ്ണുകളില്‍ കണ്ട സന്തോഷം ഇപ്പോഴും കണ്‍മുന്നിലുണ്ട്.. ഒരു മഴ പെയ്തൊഴിഞ്ഞതുപോലെ മനസ്സ് പെയ്തു തോര്‍ന്നിട്ടുണ്ടാവും..

ഇങ്ങനെ ഓരോ വീട്ടിലും കാണും ഒരാളെങ്കിലും, ചിലര്‍ മരണഭീതിയോടെ, ചിലര്‍ എങ്ങനെയെങ്കിലും ഈ ജീവിതം ഒന്ന് തീരാന്‍ പ്രാര്‍ഥിച്ചു നാല്ചുമരുകള്‍ക്കുള്ളില്‍..വീട്ടിലാരെന്കിലും വന്നാല്‍,കോളിംഗ് ബെല്‍ കേട്ടാല്‍  ചിലപ്പോള്‍ വാതില്‍ക്കലേക്ക് ആദ്യം വരിക ഇവരായിരിക്കും.. തനിക്ക് സംസാരിക്കാന്‍, തന്നോട് സംസാരിക്കാന്‍ മനസ്സുള്ള ആരെങ്കിലുമായിരികും എന്നാ ശുഭപ്രതീക്ഷയോടെ.. വന്നയാള്‍ മുഖം തിരിച്ചാല്‍ തിരിച്ചു മുറിയിലേക്ക് പോകുമ്പോള്‍ ആ കണ്ണുകളില്‍ നിങ്ങള്ക്ക് കാണാം ഒരു കുന്നോളം നിരാശ..!!

നിരാശപ്പെടുത്തരുത് അവരെ.. സംസാരിക്കുക,,, അവരെക്കൊണ്ട് സംസാരിപ്പിക്കുക.. കേട്ടിരിക്കുക... പെയ്തു തീരുമ്പോള്‍ ഒരു ചെറുചുംബനം നല്‍കുക... അത് മതി അവര്‍ക്ക്... :)

3 May 2014

മണ്ണിലലിഞ്ഞിട്ടും തളിരിടുന്ന ഓര്‍മ്മകള്‍



അച്ഛന്‍റെ അമ്മ മരിച്ചതിന്‍റെ ഏഴാം ദിവസമായിരുന്നു ഇന്ന്.  ഒരു വര്‍ഷത്തോളമായി അല്‍ഷിമേഴ്സ് ബാധിച്ച് മറവിയുടെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു, എവിടെയാണെന്നോ, എന്താണെന്നോ അറിയാതെ ജീവിച്ച് ഒടുവില്‍ ഒരു കണ്ണ് അടച്ചു പിടിച്ചു അന്ധകാരത്തിലേക്ക് ഊളിയിട്ട്, ഒരു കണ്ണ് കൊണ്ട് ഞങ്ങളുടെയൊക്കെ മുഖത്തേയ്ക്ക് മാറിമാറി നോക്കി അച്ഛമ്മ പോയി. ഏഴു ദിവസം കുടുംബാംഗങ്ങള്‍ ഒക്കെ ഒരുമിച്ചു ഒരു കൂരയ്ക്കു കീഴില്‍ ഓര്‍മകളെ ചവച്ചു തുപ്പി. ഒന്നിച്ചുണ്ട്, ഒന്നിച്ചുറങ്ങി.  ഒടുവില്‍ ഏഴാം ദിവസം ഓരോരുത്തരായി പടിയിറങ്ങി. മക്കളും ഞങ്ങള്‍ പേരക്കുട്ടികളും മാത്രമായി.

പെട്ടെന്ന് വീട് ഉറങ്ങിയത് പോലെ തോന്നി, ചെറിയ ഒരു ഒറ്റപ്പെടല്‍ അനുഭവിച്ചപ്പോള്‍ പറമ്പിലൂടെ ഒന്ന് നടക്കാനിറങ്ങി. പറമ്പിന്റെ ഒരു മൂലയില്‍ പിള്ളേര്‍ക്ക് കളിക്കാന്‍ കെട്ടിയ ഊഞാലിന്റെ അരികിലായി ഒരു മണ്‍കൂനയുണ്ട്. അതിന്റെ മുകളില്‍ മൂന്നു നാല് റീത്തുകളും. അകാലത്തില്‍ പൊലിഞ്ഞു പോയ ഞങ്ങളുടെ കരുത്ത്‌, ഇളയച്ഛന്‍ ഉറങ്ങുന്നത് അതിനകത്താണ്. ഏഴു ദിവസവും ഊഞാലിന്റെ അരികിലിരുന്ന് ആ മണ്‍കൂനയിലേക്ക് നോക്കുമായിരുന്നു.  പെട്ടെന്ന് തലയ്ക്കുള്ളില്‍ ഒരു പെരുപ്പ് കയറുമ്പോള്‍ ഊഞാലിന്റെ ഗതിവേഗങ്ങളിലേക്ക് മനസ്സും മുഖവും പിന്‍വലിക്കും. 

പക്ഷെ ഇന്ന് അവിടെപ്പോയി കുറച്ചു നേരം നോക്കി നിന്നു. ഓര്‍മ്മകള്‍ ഇരമ്പിയെത്തുമ്പോള്‍ കണ്ണില്‍ നിന്നും ഒരു തുള്ളി മണ്ണ് നനയിക്കാന്‍ തുടങ്ങുമ്പോള്‍ അഞ്ചാമത്തെ ഇളയച്ചന്‍ അങ്ങോട്ട്‌ വന്നു. റീത്തുകള്‍ ഒക്കെ അങ്ങനെ ഇടുന്നത് ശരിയല്ലല്ലോ. അതെടുത്ത് കത്തിക്കണ്ടേ എന്ന് ചോദിച്ചു. റീത്ത് കാണുമ്പോള്‍ അങ്ങോട്ട്‌ തന്നെ നോക്കി പോകുന്നു. പിന്നെ മനസ്സിന് ആകെ ഒരു വിഷമം എന്നും പുള്ളി പറഞ്ഞപ്പോള്‍ കുറച്ചു മണ്ണെണ്ണയും എടുത്തു ഉണങ്ങിയ ഓലയും ഇലകളും കൂട്ടിയിട്ട് തീ കത്തിച്ച ശേഷം റീത്തുകള്‍ അതിലേക്കു എടുത്തിട്ടു.

മണ്‍കൂനയില്‍ ചില ചെടികള്‍ മുളച്ചു വരുന്നുണ്ട്. ഇളയച്ഛന്‍റെ നെഞ്ചിലേക്ക് അതിന്റെ വേരുകള്‍ ആഴ്ന്നിറങ്ങുകയായിരിക്കും. അത് നോക്കി നിന്നപ്പോള്‍ തീ കത്തുന്നത് കണ്ട് ഊഞ്ഞാലാടുകയായിരുന്ന പിള്ളേര്‍ ഓടി വന്നു. അതില്‍ അല്‍പ്പം കുസൃതിയും എന്നോട് വളരെ അടുപ്പവുമുള്ള അപ്പുവിനോട് മണ്‍കൂന ചൂണ്ടിക്കൊണ്ട് അവിടെ എന്താണുള്ളതെന്നറിയാമോ എന്ന് ചോദിച്ചു. "എനിക്കറിയാം, വല്യച്ഛനല്ലേ" എന്ന് പറയുമ്പോള്‍ സ്വതവേ പ്രസന്നവദനനായ അവന്റെ മുഖം കുനിഞ്ഞിരുന്നു. അവന്‍ പറഞ്ഞത് കേട്ടപ്പോള്‍ പെട്ടെന്ന് ഒന്ന് കരയാനാണ് തോന്നിയത്. ആ മണ്ണില്‍ വീണ്, ഇളയച്ഛന്‍റെ നെഞ്ചില്‍ കിടന്നൊന്നു കരയാന്‍. പക്ഷെ, കണ്ണീര്‍ പൊടിഞ്ഞെങ്കിലും കരച്ചിലടക്കി നിര്‍ത്തി. 

ഒരായുസ് മുഴുവന്‍ കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ഹോമിച്ച് ഒടുവില്‍ എല്ലാം മതിയാക്കി തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ഡ് ആകാന്‍ നോക്കുമ്പോള്‍, കുഞ്ഞുങ്ങളോടൊപ്പം ഇനിയുള്ള കാലം എന്ന് പ്രഖ്യാപിച്ചു തിരിച്ചു വരാനോരുങ്ങുമ്പോള്‍ "നിന്‍റെ ജീവിതമേ ഞാനങ്ങു സെറ്റില്‍ഡ് ആക്കി" എന്ന് പറഞ്ഞു മരണം കയറി വന്നു.  കരുത്തനായിരുന്നു ഇളയച്ഛന്‍ , മനസ്സ് കൊണ്ടും ശരീരം കൊണ്ടും. എന്തിനും പോന്നവന്‍. അതുകൊണ്ട് തന്നെയായിരിക്കാം വയറില്‍ പേറിയ മരണത്തിന്‍റെ വിത്ത് ആരോരുമറിയാതെ കൊണ്ട് നടന്നതും. 

റീത്ത് ഒഴിഞ്ഞ മണ്‍കൂന കുറച്ചുനാള്‍ കൂടി അങ്ങനെ നില്‍ക്കും. ഒടുവില്‍ വരാനിരിക്കുന്ന മഴയുടെ കൂടെ മണ്ണിലേക്ക് അമര്‍ന്നു ചേരും. അങ്ങനെ ഒരിടം ഉണ്ടായിരുന്നു എന്നും, അതിനുള്ളില്‍ ഞങ്ങളുടെ പ്രിയപ്പെട്ടവന്‍ ഉണ്ടായിരുന്നു എന്നും ഒരു തെളിവ് പോലും ബാക്കി വെക്കാതെ.

തീ കത്തിതീരുന്നത് കാത്തു നില്‍ക്കാതെ തിരിഞ്ഞു നടന്നു. ഊഞ്ഞാലിനടുത്തെയ്ക്ക്, ഓര്‍മകളെ ആട്ടിയാട്ടി ആകാശത്തേക്ക് പറത്തിവിടാന്‍ ശ്രമിക്കാന്‍. ഇതെഴുതുമ്പോഴും നിലയ്ക്കാത്ത കണ്ണീരിന്‍റെ അകമ്പടിയോടെ.  എന്നെന്നേക്കുമായി.

30 Mar 2014

ഐസ് പോലൊരു ജീവിതം



ഐസ്‌ പലപ്പോഴും
ജീവിതത്തെ അനുസ്മരിപ്പിക്കുന്നു
നുണഞ്ഞ്‌ നുണഞ്ഞ്‌ കോലു ബാക്കിയാക്കുന്ന
മധുരമുള്ള ഐസ്‌ മുതൽ
ടൈറ്റാനിക്ക്‌ തകർത്ത
ഭീമൻ ഐസ്‌ കട്ട വരെ..
തണുത്തുറഞ്ഞ്‌ രൂപപ്പെടുന്ന
ചെറു ജീവിതങ്ങൾ..
ജീവിതച്ചൂടേറ്റ്‌ പതുക്കെപ്പതുക്കെ
അലിഞ്ഞലിഞ്ഞൊരുനാൾ ഇല്ലാതാകുന്ന
ഭൂമിയിലലിഞ്ഞ്‌ ചേർന്നാൽ
പിന്നെ ജീവിതമില്ലാത്ത,
സ്വപ്നങ്ങളില്ലാത്ത
വെള്ളശിലകൾ..

ചിലത്‌ പ്രകൃതി തീർക്കുന്ന
അതിമനോഹര ഐസ്‌ ശിൽപ്പങ്ങൾ..
ചിലത്‌ ജീവിതത്തോട്‌
പുറംതിരിഞ്ഞു നിൽക്കുന്നവ..

വെള്ള ഐസാകുന്നതിനും
ഐസ്‌ തിരികെ വെള്ളമാകുന്നതിനും
ഇടയിലുള്ള കുഞ്ഞിടവേളയെ
നാം ജീവിതമെന്ന് വിളിക്കുന്നു..

13 Mar 2014

വിഗ്രഹമോഷ്ടാവ്


കുറച്ചുകാലത്തെ ജയില്‍ശിക്ഷകഴിഞ്ഞ്
നാട്ടിലേക്ക് തിരിച്ചതായിരുന്നു അയാള്‍..
തന്‍റെ ഗ്രാമത്തിലേക്ക് പോകുന്ന
മാലാഖ എന്ന ബസ്സ് തപ്പിക്കണ്ടുപിടിച്ചു
അതില്‍ കയറി പുറത്തേക്കു നോക്കിയിരുന്നു..

ബസ്സിലൊന്നും പരിചിതമുഖങ്ങളില്ല..
ആകെയൊരപരിചിതത്വം തോന്നിയയാള്‍ക്ക്..
പുറത്തെ പച്ചപ്പിലേക്ക് കണ്ണുനട്ട്
ഒരു പ്രവാസിയെപ്പോലെ അയാള്‍ ഇരുന്നു..
അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരാള്‍ കയറി
അയാളോട് പറഞ്ഞു, ഇതെന്‍റെ സീറ്റാണെന്ന്..
"വികലാംഗരുടെ സീറ്റിലാണോ താനിരുന്നത്?
അതോ ഇപ്പോള്‍ ഗ്രാമത്തിലേക്കുള്ള ബസ്സിലും
സീറ്റ് റിസര്‍വ്വ്‌ ചെയ്തു തുടങ്ങിയോ?"
എന്നോര്‍ത്ത് കൊണ്ടയാള്‍ മുകളിലേക്ക് നോക്കി
അവിടെ ഇങ്ങനെ എഴുതിയിരുന്നു 'ക്രിസ്ത്യന്‍'..

മറ്റു സീറ്റുകളിലേക്ക് നോക്കി അയാള്‍ വായിച്ചു
ഹിന്ദു,ക്രിസ്ത്യന്‍, മുസ്ലിം, മറ്റുള്ളവര്‍...
എഴുന്നേറ്റു വേറെ സീറ്റ്‌ തിരയുമ്പോള്‍
ജയിലിനടുത്തുള്ള അമ്പലത്തില്‍ നിന്ന് തൊട്ട
ചന്ദനക്കുറി അയാള്‍ മായ്ച്ചു കളഞ്ഞു..

ടിക്കറ്റെടുപ്പിക്കാനായ്‌ കണ്ടക്ടര്‍ വന്നപ്പോള്‍
അയാള്‍ പറഞ്ഞു ഒരു 'കുരുടിമുക്ക്..'
മിഴിച്ചു നോക്കിയതു കണ്ടക്ടര്‍ മാത്രമായിരുന്നില്ല
അടുത്ത സീറ്റുകളിലിരുന്നവര്‍ കൂടിയായിരുന്നു..
തനിക്ക് ബസ്സ് മാറിപ്പോയോ എന്നോര്‍ത്ത്
പരിഭ്രാന്തിയോടെ അയാള്‍ ചുറ്റിനും നോക്കി..

സൌമ്യനായി കണ്ടക്ടര്‍ പറഞ്ഞു
"മാഷേ, ആ സ്ഥലത്തിന്‍റെ പേരൊക്കെ മാറി..
അന്നത്തെ വര്‍ഗ്ഗീയലഹളയ്ക്ക് ശേഷം
ഇപ്പൊ അമ്പലമുക്ക്, പള്ളിമുക്ക്, കുരിശുമുക്ക്
എന്നൊക്കെയാണ് അറിയപ്പെടുന്നത്..."

അഞ്ചുരൂപനോട്ട് നീട്ടിയ അയാള്‍ക്ക്‌,
പത്തുരൂപയുടെ ടിക്കറ്റ്‌ മുറിച്ചു കൊടുത്തു,
ബസ്‌ ചാര്‍ജ്ജ്‌ കൂടിയതും അറിഞ്ഞില്ലേ
ഇയ്യാള്‍ ഇതേതു ലോകത്ത് നിന്നും വരുന്നപ്പ
എന്ന മട്ടില്‍ കണ്ടക്ടര്‍ ഇരുത്തിയോന്നു മൂളി...

മുഖത്തേയ്ക്ക് അടിക്കുന്ന തണുത്ത കാറ്റിലും
വിയര്‍ത്തൊലിച്ചു കൊണ്ട് അയാള്‍ ഓര്‍ത്തു
പിടിക്കപ്പെടുന്നതിനു മുന്‍പേ
അമ്പലത്തില്‍ നിന്നും മോഷ്ടിച്ച്
കുനിയില്‍ മമ്മദിന്റെ പുരയിടത്തിലൊളിപ്പിച്ച
വിഗ്രഹം അവിടെത്തന്നെയുണ്ടാകുമോ?

#അവലംബം : കുരീപ്പുഴയുടെ കുറുക്കന്‍ ചന്തയും, മോഷ്ടിച്ച ചില ആശയങ്ങളും.

2 Mar 2014

അലസതയില്‍ പൊതിഞ്ഞ അമ്മമാഹാത്മ്യങ്ങളും കപടനൊസ്റ്റാള്‍ജിയയും



അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ, അമ്മ വിളമ്പിത്തരുന്ന ഭക്ഷണത്തിന്‍റെ രുചി എന്ന മട്ടിലുള്ള നൊസ്റ്റാള്‍ജിയകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥിരമായി ഹോട്ടലില്‍ നിന്നും കഴിക്കുന്ന ഒരാള്‍ ആ ഹോട്ടലുകാരന്‍റെ കൈപ്പുണ്യത്തെപ്പറ്റി വാചാലനാവുന്നതിലും പ്രവര്‍ത്തിക്കുന്നത്‌ ഒരേ വികാരം തന്നെയാണ്. ആ രുചിയോടു നാം പൊരുത്തപ്പെട്ട് പോയിരിക്കുന്നു. അത് മാറ്റി നാവില്‍ വേറെ ഒരു രുചി വന്നു ചേരുമ്പോള്‍ സ്വാഭാവികമായി ആദ്യത്തെ രുചിയോടു ഒരു അടുപ്പം തോന്നുകയും നൊസ്റ്റാള്‍ജിയ എലമെന്റിന്റെ ഭാഗമാകുകയും ചെയ്യും. അതിനെയാണ് നാം മഹത്വവല്‍ക്കരിച്ചു ഒരു സംഭവമാക്കിത്തീര്‍ക്കുന്നത്.

ഇവിടെ നാം കാണേണ്ടുന്ന മറ്റൊരു സംഗതികൂടിയുണ്ട്.  ഉണ്ടാക്കാന്‍ നല്ല കായികാധ്വാനവും സമയവും നീക്കിവെക്കേണ്ടി വരുന്ന ഭക്ഷണങ്ങളുമായാണ് ഈ രുചികള്‍ എല്ലാം ബന്ധപ്പെട്ടു കിടക്കുന്നത്. ആ അധ്വാനം ഒക്കെ നടത്തുന്നത് ഈ അമ്മയും. രസകരമായ ഒരു വസ്തുത എന്താണെന്ന് വെച്ചാല്‍, നൊസ്റ്റാള്‍ജിയ കൂടിയ ഭക്ഷണവിഭവങ്ങളോട് ഭയങ്കര ഇഷ്ടമുള്ളവര്‍ പോലും ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ അല്ലെങ്കില്‍ അമ്മ ഉണ്ടാക്കിത്തരാത്ത അവസ്ഥ വരുമ്പോള്‍  അതുണ്ടാക്കാണോ കഴിക്കാനോ ശ്രമിക്കുന്നില്ല എന്നതാണ്. എനിക്ക് അമ്മയുടെ അത്ര കൈപ്പുണ്യം ഇല്ല. ഞാന്‍ ഉണ്ടാക്കിയാല്‍ ശരിയാകില്ല എന്നൊക്കെ പറഞ്ഞു തടി തപ്പാമെങ്കിലും യഥാര്‍ത്ഥ വസ്തുത അതുണ്ടാക്കാന്‍ ഇച്ചിരി പാടാണ്. മടിയാണ്. അമ്മയോടാണെങ്കില്‍ ഓര്‍ഡര്‍ കൊടുത്താല്‍ മതി സാധനം മുന്നിലെത്തും എന്നതാണ്.

ചില നൊസ്റ്റാള്‍ജിയകളിലേക്കൊന്ന്‍ ഊളിയിട്ടു നോക്കാം.

"അമ്മേ, നാളെ രാവിലെ പത്തിരിയും കോഴിക്കറിയും വേണം" എന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ ഓര്‍ഡര്‍ കൊടുത്ത് ഉറങ്ങാന്‍ പോകുന്നവന്‍ അറിയുന്നില്ല ഇനിയുള്ള പത്തോ പന്ത്രണ്ടോ മണിക്കൂറില്‍ ഉറക്കവും കഴിച്ച് ബാക്കി എത്ര സമയം വേണം ഈ പറഞ്ഞ പത്തിരിയും കോഴിക്കറിയും ഉണ്ടാക്കാനെന്നു. അതും ആ കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും. അതിനിടയ്ക്ക് ഷര്‍ട്ട് അയണ്‍ ചെയ്തു വെക്കേണ്ടി വരും. ഡിന്നറിനു ഉപയോഗിച്ച പാത്രങ്ങള്‍ കഴുകണം. വൈകിയായിരിക്കും കിടക്കുന്നത്. എന്നിട്ട് ഈ പത്തിരി ഉണ്ടാക്കാന്‍ വളരെ നേരത്തെ എഴുന്നെല്‍ക്കണം. ഇതൊക്കെ ഉണ്ടാക്കി മേശയുടെ മുകളില്‍ നിരത്തി വെച്ചും കൊടുക്കണം. കൈയും കഴുകി വന്നു വിളമ്പി വെച്ച ഭക്ഷണം കഴിച്ചിട്ട് ഏമ്പക്കവും വിട്ടു പോയി അമ്മയുടെ കൈപ്പുണ്യത്തെപ്പറ്റി വര്‍ണിക്കാന്‍ നല്ല സുഖമായിരിക്കും.

കഴിച്ച പാത്രം എങ്കിലും ഒന്ന് കഴുകി വെക്കാന്‍ മനസ്സ് കാണിക്കുന്ന എത്ര മക്കള്‍ ഈ നൊസ്റ്റാള്‍ജിയക്കാരില്‍ ഉണ്ടാകും? ശരിക്കും അമ്മ ഒരു ഹോട്ടല്‍ പോലെയാണ്. വെറുതെയല്ല ചില ഹോട്ടലുകള്‍ക്ക് അമ്മ ഹോട്ടല്‍ എന്നൊക്കെ പേരിടുന്നത്. ആ പേരില്‍ തന്നെയുണ്ട് എല്ലാ പണികളും ചെയ്യുന്ന ഒരു സാധുരൂപം. ഹോട്ടലിനോട് അമ്മയെ ഉപമിക്കാന്‍ കാര്യങ്ങള്‍ ഏറെയുണ്ട്. ഒരേസമയം ഓര്‍ഡര്‍ സ്വീകരിക്കുന്നയാളായും, കുക്ക് ആയും, ഭക്ഷണം വിളമ്പുന്നയാളായും അമ്മ മാറുന്നു. അതിനു ശേഷം പാത്രം ക്ലീന്‍ ചെയ്യുന്ന ജോലിയും. ഭക്ഷണ കാര്യവുമായി ബന്ധപ്പെട്ട് ഏകദേശം നാല് പേര്‍ ഹോട്ടലില്‍ ചെയ്യുന്ന പണി അമ്മ ഒറ്റയാള്‍ ചെയ്യുന്നു. കാഷ്യറുടെ പണി അമ്മയ്ക്ക് കൊടുക്കില്ല എന്നത് മറ്റൊരു വശം. അതായത് ഇതിനൊന്നും കൂലി ഇല്ല. ആകെ കൂലിയായി കിട്ടുന്നത് അമ്മയുടെ കൈപ്പുണ്യം എന്ന പേരും നൊസ്റ്റാള്‍ജിയനിലവിളികളുമാണ്.

അതിനു ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പോലെ 'Laundry' വിഭാഗവും കൈകാര്യം ചെയ്യല്‍ അമ്മയുടെ ഉത്തരവാദിത്വമാണ്. അടിവസ്ത്രം അടക്കം റൂമില്‍ വാരി വിതറുന്ന മുഷിഞ്ഞ തുണികളൊക്കെ വാരിയെടുത്ത്‌ കൊണ്ട് പോയി അലക്കി തേച്ച് റൂമില്‍ തിരിച്ചു കൊണ്ട് വെക്കണം. ചിലര്‍ക്ക് അത് ഇടാന്‍ പോലും അമ്മയുടെ സഹായം വേണം. ഈ തുണി അലക്കല്‍ പ്രക്രിയയെപ്പറ്റി ചില കാര്യങ്ങള്‍ തികട്ടി വരുന്നു.



വീട്ടിലായിരിക്കുമ്പോള്‍ ഒരു ദിവസം ഉപയോഗിച്ച വസ്ത്രം പിറ്റേ ദിവസം ഉപയോഗിക്കാന്‍ ഭയങ്കര മടിയാണ്. എന്തിന് അതെ ദിവസം ചിലപ്പോള്‍ രണ്ടോ മൂന്നോ തവണ ഡ്രസ്സ്‌ മാറും. പക്ഷെ ഹോസ്റ്റല്‍ വാസം തുടങ്ങിയതിനു ശേഷം ആ ശീലത്തില്‍ വന്ന മാറ്റം അതിഭയങ്കരമാണ്. ഒരു ജീന്‍സ്‌ ഒന്നോ രണ്ടോ ആഴ്ച വരെ കഴുകാതെ ഉപയോഗിക്കും. പെര്‍ഫ്യൂം അടിച്ച് അടിച്ച് പെര്ഫ്യൂമിന് തന്നെ നാണക്കേട് തോന്നിത്തുടങ്ങുമ്പോഴാണ് ഷര്‍ട്ട് അല്ലെങ്കില്‍ ടീഷര്‍ട്ട് മാറ്റുന്നത്. ജട്ടിയുടെ കാര്യമാണെങ്കില്‍ പറയണ്ട. ഇട്ടതു തന്നെ ഇട്ടിട്ട് അവസാനം അരിപ്പ പോലെ ആകുന്നത് വരെ ഇടും. കാരണം എന്താ? ഒരു ഷര്‍ട്ട് അളക്കാന്‍ പോലുമുള്ള ബുദ്ധിമുട്ട് അനുഭവിച്ചു തന്നെ അറിയണം. അത് വെള്ള ഷര്‍ട്ട് വല്ലതും ആയാല്‍ അതിന്റെ കോളറില്‍ പിടിച്ചിരിക്കുന്ന അഴുക്കൊക്കെ പോകാന്‍ എത്ര പണിപ്പെടണം എന്നും അനുഭവിച്ചു അറിയണം. അങ്ങനെയുള്ള എത്ര തുണികളാണ് ദിവസവും അമ്മ കഴുകി വൃത്തിയാക്കുന്നത് എന്നോര്‍ത്താല്‍ തന്നെ ബോധം പോകും. അതുകൊണ്ട് തന്നെയാണ് പല ദിവസങ്ങളില്‍ ഇറ്റാവ തന്നെ വീണ്ടും വീണ്ടും ഇടാന്‍ ഹോസ്റ്റലില്‍ വെച്ചി നിര്‍ബന്ധിതന്‍ ആകുന്നത്.  അങ്ങനെ ഹോസ്റ്റലില്‍ ജീവിച്ചവന് പോലും വീട്ടിലെത്തിയാല്‍ സ്വഭാവം മാറും. ഒന്ന് ചുളുങ്ങിയ വസ്ത്രം പോലും ഇടാന്‍ മടിയാകും. കാരണം എന്താണ്. അമ്മ എന്ന അലക്ക് മെഷീന്‍ അവിടെയുണ്ടല്ലോ. അലക്കിതെച്ചു വടിയാക്കി കൊണ്ട് തരാന്‍ ഒരാള്‍ ഉള്ളപ്പോള്‍ നമ്മളെന്തിനു കുറയ്ക്കണം. അതിനു ആകെ ചെലവ് അമ്മയെ ഒന്ന് രണ്ടു വാക്കുകളില്‍ ഒരു പുകഴ്ത്തല് , ഒരു കെട്ടിപ്പിടുത്തം.

ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ കുറെയേറെ പറയാനുണ്ടാകും. അതുകൊണ്ട് തിരിച്ചു ഭക്ഷണത്തിലേക്ക് തന്നെ പോകാം. മറ്റു ചില നൊസ്റ്റാള്‍ജിയകളാണ് അമ്മയുടെ കൈകൊണ്ട് തന്ന പൊതിച്ചോറ്, അമ്മയുടെ കൈ കൊണ്ട് അരച്ച ചമ്മന്തി, മോര് കറി, എന്നിങ്ങനെ ഒരുകൂട്ടം ഭക്ഷണസാധനങ്ങളെല്ലാം തന്നെ.

ഈ പൊതിച്ചോറിന്‍റെ കാര്യം പറഞ്ഞാല്‍ രസമാണ്. പൊതിച്ചോറിന്റെ രുചിയില്‍ അമ്മയ്ക്ക് എന്തോ അതിഭയങ്കര പങ്കുണ്ട് എന്നായിരുന്നു എന്‍റെ വിചാരം. പക്ഷെ ഒരു തവണ ഞാന്‍ തന്നെ ചോറ് വെച്ച് ഞാന്‍ തന്നെ അത് ഇലയില്‍ പൊതിഞ്ഞ് ഞാന്‍ തന്നെ കഴിച്ചപ്പോഴും അതേ രുചി എനിക്ക് കിട്ടി. കാര്യം ഭക്ഷണം ഉണ്ടാക്കുന്നതില്‍ നമ്മള് അത്ര വിദഗ്ധന്‍ അല്ലെങ്കിലും അതിന്റേതായ കുറവുകള്‍ ഉണ്ടെങ്കിലും അതില്‍ പ്രത്യേകിച്ചൊരു അമ്മ എലമെന്റും എനിക്ക് പിന്നീട് ഫീല് ചെയ്തിട്ടില്ല.

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കറികളാണ്  മോരുകറിയും സാമ്പാറും. ഈ മോര് കറി ഞാന്‍ കഴിച്ചു തുടങ്ങിയത് എന്‍റെ വീട്ടില്‍ നിന്നാണെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മവീട്ടില്‍ ഉണ്ടാക്കിയപ്പോഴായിരുന്നു. അതിന്റെ ഗുട്ടന്‍സ്‌, അമ്മ വീട്ടില്‍ പശു ഉണ്ടായിരുന്നത് കൊണ്ട് മോരിന് ഒരു ക്ഷാമവും ഇല്ല. അതുകൊണ്ട് കറിയില്‍ നല്ല മോര് മാത്രം ചേര്‍ത്താണ് ഉണ്ടാക്കിയിരുന്നത്. പക്ഷെ എന്‍റെ വീട്ടില്‍ മോര് വേറെ സ്ഥലത്ത് നിന്നും വാങ്ങേണ്ടി വരുന്നത് കൊണ്ട് അവരുടെ വക വെള്ളം ചേര്‍ക്കലും പിന്നെ അമ്മയുടെ വക വെള്ളം ചേര്‍ക്കലും ഒക്കെ കഴിഞ്ഞു ഉണ്ടാക്കുമ്പോഴേക്കും രുചി അല്‍പ്പം കുറയും. ഇതേ മോര് കറി ഇങ്ങിവിടെ ബഹറിനില്‍ കാന്റീനില്‍ നിന്ന് കഴിക്കുമ്പോഴും എനിക്ക് അതേ രുചി അനുഭവപ്പെടുന്നു. ഇവിടത്തെ കുക്ക് പണിക്കര് ചേട്ടനെയും എന്‍റെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാക്കേണ്ടി വരും.

സാമ്പാര്‍, വീട്ടില്‍ ഉണ്ടാക്കുന്നത് തെങ്ങ അരച്ചാണ്. അന്നെനിക്ക് അതിന്റെ ആ കളറും രുചിയും ഒന്നും അത്ര ഇഷ്ടമല്ലായിരുന്നു. പക്ഷെ തമിഴ്നാട്ടില്‍ പോയി വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നും തെങ്ങ അരയ്ക്കാത്ത ആ മഞ്ഞക്കളറിലുള്ള സാമ്പാര്‍ കഴിച്ചപ്പോള്‍ കിട്ടിയ സംതൃപ്തി വേറെ കിട്ടിയിട്ടില്ല. അങ്ങനെ പറയുമ്പോള്‍ സാമ്പാര്‍ നൊസ്റ്റാള്‍ജിയയില്‍ നിന്നും ആ അമ്മമഹിമ പുറത്താകുന്നു. അതേ സാമ്പാര്‍ തന്നെയാണ് ഞാന്‍ ഇവിടെ മണലാരണ്യത്തിലെ ക്യാന്റീനില്‍ നിന്നും വെട്ടിവിഴുങ്ങി കഴിക്കുന്നത് എന്നും സാമ്പാര്‍ ഉള്ള ദിവസങ്ങളില്‍ ക്യാന്റീനിലേക്ക് പോകാന്‍ പതിവിലുമധികം ആവേശം ഉണ്ടാകാറുണ്ട് എന്നും പറയുമ്പോള്‍ നാടിന്‍റെ രുചികളെ ഞാന്‍ തള്ളിപ്പറയുകയല്ല.

ഉണ്ടാക്കുന്നത് ആര് എന്നതിനെക്കാളും എങ്ങനെ , എന്താണ് ഉണ്ടാക്കുന്നത് എന്നതാണ് രുചിഭേദങ്ങളെ ബാധിക്കുന്നത്. കാശ് കൊടുത്തു വാങ്ങുന്ന രുചി അവിടെത്തന്നെ ഉണ്ടാകുമെന്നും കാശ് കൊടുക്കാതെ കിട്ടുന്ന രുചി എന്നും അതുപോലെ കിട്ടണമെങ്കില്‍ അല്‍പ്പം ഒന്ന് പൊക്കിപ്പറയണമെന്നും മറ്റാരെക്കാളും അധികം നമുക്കറിയാം. അതുകൊണ്ടായിരിക്കാം അതിന്‍റെ മഹിമ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു കൂവികൊണ്ടിരിക്കുന്നത്.

നാളെ ഉപ്പുമാവാണ് എന്ന് അമ്മ പറയുമ്പോള്‍ നിങ്ങള്‍ ദേഷ്യപ്പെടുന്നു. എന്തുകൊണ്ട് പുട്ടും കടലയും ഉണ്ടാക്കുന്നില്ല എന്ന് ചോദിക്കുന്നു. പുട്ടിനു അരി ഇടിക്കാനും, കടല വെള്ളത്തിലിട്ടു കുതിര്‍ത്തു വെക്കാനും അമ്മയ്ക്ക് അന്ന് കഴിഞ്ഞില്ല അല്ലെങ്കില്‍ വയ്യായിരുന്നു എന്ന് എന്തുകൊണ്ട് നിങ്ങള്‍ മനസ്സിലാക്കുന്നില്ല? ഉപ്പുമാവ് ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണെന്നും അമ്മയുടെ ജോലിഭാരത്തിന് അതൊരു ആശ്വസമാകുമെന്നും കാണാന്‍ എന്തുകൊണ്ട് നിങ്ങളുടെ നൊസ്റ്റാള്‍ജിയഭ്രാന്ത്‌ ബാധിച്ച കണ്ണുകള്‍ക്ക്‌ കഴിയുന്നില്ല? അരിപ്പൊടിയൊക്കെ മാര്‍ക്കറ്റില്‍ റെഡിമെയ്ഡ് ആയി കിട്ടുന്ന സമയമാണിത്. പക്ഷെ അരിപ്പൊടി കടയില്‍ നിന്ന് വാങ്ങിച്ചാല്‍ രുചി പോരെന്നും വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്യണമെന്നും വാശി പിടിക്കുമ്പോള്‍ അതിനു പിന്നിലുള്ള അധ്വാനം നിങ്ങള്‍ ഓര്‍ക്കാത്തതെന്ത്. ചുരുങ്ങിയത് നിങ്ങളുടെ രുചിയില്‍ ചെറിയ വിട്ടുവീഴ്ച ചെയ്തു അരിപ്പൊടി കടയില്‍ നിന്നും വാങ്ങിക്കൊണ്ടു ചെന്ന് ഉണ്ടാക്കാന്‍ പറയുകയെങ്കിലും ചെയ്തുകൂടെ?

കഞ്ഞി നൊസ്റ്റാള്‍ജിയ ആണ് മറ്റൊന്ന്. കഞ്ഞിയും ചമ്മന്തിയും മഹിമ പറയും. എന്നാലോ വീട്ടില്‍ കഞ്ഞി വെച്ചാല്‍ അമ്മെ, ഇന്നും കഞ്ഞിയാണോ? എന്ന ചോദ്യം ചോദിക്കാത്ത എത്ര പേരുണ്ട് ഈ നൊസ്റ്റാള്‍ജിയക്കാരില്‍. അഹങ്കാരം പറയുകയല്ല. ഞങ്ങള് മലബാറുകാര്‍ക്ക് ഈ കഞ്ഞി വല്ല പനിയും മറ്റു അസുഖങ്ങളും വരുമ്പോള്‍ കുടിക്കാനുള്ളതാണ്. കഞ്ഞി മാത്രം കുടിച്ചാല്‍ മതി എന്ന് ഡോക്ടര്‍ പറയുമ്പോഴേ നമ്മുടെ മുഖം ഒന്ന് കറുക്കും. മനസ്സില്ലാമനസ്സോടെ കഞ്ഞി കുടിച്ചു ഒപ്പിച്ച എത്രയോ ദിവസങ്ങളുണ്ട്.

നമ്മുടെ ഭക്ഷണശീലങ്ങള്‍ ഒക്കെ എത്രമേല്‍ സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാകുന്നത് ഈയടുത്തകാലത്താണ്. മാടിനെപ്പോലെ പണിയെടുക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ മാത്രം വരുന്ന നൊസ്റ്റാള്‍ജിയകള്‍, അത് അമ്മയായും, പിന്നീട് ഭാര്യയായും, പിന്നീട് മക്കളുടെ ഭാര്യമാര്‍ ആയും നമ്മുടെ മുന്നിലെത്തുന്ന കൊതിയൂറും വിഭവങ്ങള്‍ക് പിന്നിലുള്ള അധ്വാനത്തെ മനസ്സിലാക്കുമ്പോള്‍ പൊഴിഞ്ഞു വീഴുന്നതാണ്. അത് മനസ്സിലാക്കാന്‍ അടുക്കള വരെ ഒന്ന് പോയി നോക്കിയാല്‍ മതി. അര മണിക്കൂര്‍ ഒന്ന് നിരീക്ഷിച്ചാല്‍ മാത്രം മതിയാകും. എന്നിട്ടും ഈ നൊസ്റ്റാള്‍ജിയകളില്‍ അഭിരമിക്കാന്‍ നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളൊരു കടുത്ത സ്ത്രീവിരുദ്ധനാണ്. സംശയമില്ല തന്നെ.


(ഫേസ്ബുക്കില്‍ ശ്രീ റോബി കുര്യന്റെ പോസ്റ്റിലും അതിനെ തുടര്‍ന്ന് ഉണ്ടായ ചില പോസ്റ്റുകളും ഈ അഭിപ്രായ രൂപീകരണത്തിനു പിന്നില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞ നൊസ്റ്റാള്‍ജിയകളില്‍ അഭിരമിച്ചിരുന്ന ഒരു ടിപ്പിക്കല്‍ മലയാളി ആണ്/ആയിരുന്നു ഞാനും. മാറാന്‍ ശ്രമിക്കുന്നു.)

ഇതുകൂടി വായിക്കുക. http://www.mathrubhumi.com/books/article/nostalgia/2195/ 


28 Feb 2014

തുരുത്ത്



നാലുചുറ്റും ആളുകളാല്‍
വലയം ചെയ്യപ്പെട്ടൊരു
തുരുത്തിലാണെന്‍റെ ജീവിതം
ഒറ്റപ്പെട്ട്, എന്നിലേക്ക് ചുരുങ്ങി..
വേലിയിറക്കത്തില്‍ തുരുത്തിലേക്ക്
കാഴ്ചകാണാന്‍ വരുന്ന
വിനോദസഞ്ചാരികളെപ്പോലെ
ചില  സൌഹൃദങ്ങള്‍
മുറിയിലെത്തി നോക്കും..

ഞാനാകെ സംസാരിക്കുന്നത്
ആകാശം നോക്കിക്കിടക്കുമ്പോഴാണ്
അതും, ഒറ്റയ്ക്കിരിക്കുന്നത് കണ്ടു
നക്ഷത്രങ്ങളിലെ കുറുമ്പിയോരോന്ന്‍
കുത്തിക്കുത്തി ചോദിക്കുമ്പോള്‍
തുരുത്തിനു പുറത്തു
ആടിത്തിമിര്‍ത്ത വസന്തകാലത്തിലെ
പൊഴിയുന്ന ഇലകളെണ്ണുമ്പോള്‍
അവളുടെ ചോദ്യങ്ങളെ ഞാന്‍
പരുഷമായ്‌ നേരിടും.
പക്ഷെ ഇലകള്‍ പറയുന്ന കഥകളിലെ
മൃദുസ്വപ്നങ്ങളെ പുല്‍കി
ചുണ്ടിലൊരു ചെറുചിരിയുമായ്‌
പാതിയടഞ്ഞ കണ്ണുകള്‍
ആകാശത്തേക്ക് നോക്കുമ്പോള്‍
നക്ഷത്രക്കുറുമ്പിയ്ക്കറിയാം
ഇപ്പോള്‍ ഇലയെപ്പറ്റി ചോദിച്ചാല്‍
വൃക്ഷത്തിന്‍റെ ചരിത്രം വരെ
ഞാന്‍ വിസ്തരിച്ചു പറയുമെന്ന്..

അപ്പോഴവള്‍ മെല്ലെയിറങ്ങി വരും
എന്‍റെ ജാലകവാതിലിനടുത്തെയ്ക്ക്
എന്നില്‍ പ്രകാശം ചൊരിഞ്ഞു കൊണ്ട്
മെല്ലെയാ വസന്തകാലത്തിലെയ്ക്ക്
കൈപിടിച്ച് കൊണ്ട് പോകും..
തുരുത്തിനു പുറത്തെ എന്‍റെ ജീവിതം
ചുമരില്‍ നാലുഭാഗത്തെയ്ക്കും
വലിച്ചു കെട്ടിയ മങ്ങിയ വെള്ളത്തുണിയില്‍
ഒന്ന് വിറച്ച് കളറില്‍ മിന്നിമറയും
തന്‍റെ പ്രകാശമെല്ലാംഎന്‍റെ മുഷിഞ്ഞ
കോട്ടിനുള്ളിലൊളിപ്പിച്ച് നക്ഷത്രക്കുറുമ്പി
ഓരോ സീനിനും കയ്യടിക്കും ..
ഇടയ്ക്കിടെയോരോ
പോപ്കോണ്‍ കൊറിച്ചു കൊണ്ട്
ആ ട്രാജഡി ഞങ്ങളിരുന്നു കാണും ..

മറ്റു നക്ഷത്രക്കൂട്ടുകാരോന്നായി
പിരിഞ്ഞു തുടങ്ങിയാലും
ആ കുറുമ്പിയെന്‍റെ നെഞ്ചില്‍
പറ്റിച്ചേര്‍ന്നു കിടക്കും
സൂരകിരണങ്ങള്‍ തുരുത്തിലെ
തെങ്ങിന്‍തലപ്പുകളെ മാടി
ഉണര്‍ത്തുന്നത് വരെ..
അവളും അന്ന് രാത്രിയിലേക്ക്
വിട പറഞ്ഞുപോയാല്‍
തുരുത്തില്‍ പിന്നെയും ഞാനൊറ്റയ്ക്ക്..
ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
ഭൂമിയോട് സംസാരിച്ചു നടക്കും..
നക്ഷത്രക്കുറുമ്പിയോടു
സംസാരിച്ചതിന്റെ ബാക്കി കഥകള്‍..
ഒരിക്കലും പറഞ്ഞു തീരാത്ത
തുരുത്തിനു പുറത്തെ ജീവിതകഥകള്‍..

ഹൈക്കു കവിതകള്‍



മഴയുമായൊരുമെയ്യായിണ
ചേര്‍ന്നൊരു കുഞ്ഞുതുള്ളിയെ 
പ്രസവിക്കുന്ന ചേമ്പില..

------------------------------------------------------------------------------------------------------



പഴുത്തില വീഴുമ്പോൾ 
ചിരിക്കുന്ന പച്ചിലയെ നോക്കി
കണ്ണീര്‍ പൊഴിക്കുന്ന മരച്ചില്ലകൾ..

--------------------------------------------------------------------------------------------------




വെളുത്ത ചായം തേച്ച് മിനുക്കി,
മറ്റൊരാളാകാന്‍ ശ്രമിക്കുമ്പോള്‍ 
നിനക്ക് നഷ്ടം നിന്നിലെ നിന്നെ..

 ------------------------------------------------------------------------------------------------





മഴയിലും ഓണത്തിലും കുത്തരിച്ചോറിലു-
മൊളിപ്പിച്ചു വെച്ച ഗൃഹാതുരത്വം
നാവുനീട്ടിനുണയുന്ന പ്രവാസം ..

---------------------------------------------------------------------------------------------------------





അടച്ചവാതിലിനിപ്പുറം കൊട്ടിയടച്ച മനസ്സുമായ്‌ 
എനിക്കുമാത്രമായ്‌ തുറന്നോരീ 
ചെറിയജാലകത്തിലൂടെന്‍ ,വലിയ ലോകത്തിലേയ്ക്ക്..
-----------------------------------------------------------------------------------------------------------------------




എന്‍റെയലസതയില്‍ പൊതിഞ്ഞമ്മതരുന്നൊരാ
പൊതിച്ചോറൊരിക്കലും നിലയ്കാതിരിയ്ക്കാന-
തിനെയമ്മമണമെന്ന് വിളിച്ച് ഞാനവകാശമാക്കി..

------------------------------------------------------------------------------------------------------------------------

27 Feb 2014

ആര്‍ത്തി, അത്യാര്‍ത്തി, അമളി



   

  ഒരു സാധാരണക്കാരന് എങ്ങനെയെങ്കിലുമൊക്കെ അല്ലലില്ലാതെ ജീവിച്ചു പോണം എന്നേ ആഗ്രഹമുണ്ടാകൂ. അതേ സമയം ഉള്ളവന് കൂടുതല്‍ കൂടുതല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കണം എന്ന ആഗ്രഹമായിരിക്കും. നമ്മുടെ ഗ്രാമങ്ങളില്‍ തന്നെ രണ്ടു കൂട്ടര്‍ക്കുമുള്ള ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും കണ്ടെടുക്കാം.. അത്തരത്തില്‍ അഞ്ചു തലമുറയ്ക്ക് കഴിയാനുള്ള വഹ ഉണ്ടായിട്ടും ആര്‍ത്തി മൂത്തപ്പിരാന്തായി ഇനീം വേണം എന്ന് കരുതി നടക്കുന്ന ഒരാളുടെ കഥയാണ്‌ പറയാന്‍ പോകുന്നത്.

ഞങ്ങള് കഞ്ഞിനമ്പ്യാര് എന്ന് വിളിക്കുന്ന കുഞ്ഞിക്കണ്ണന്‍ നമ്പ്യാര് നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രമാണിയാണ്. പണ്ടത്തെ ജന്മിത്തറവാടായിരുന്നു മൂപ്പരുടെത്‌. എവിടെയൊക്കെ സ്ഥലങ്ങളുണ്ടെന്നു കിടപ്പുമുറിയിലെ ചെറിയ ലോക്കറിലിരിക്കുന്ന ആധാരങ്ങളൊക്കെ തപ്പിയെടുത്താലേ മനസ്സിലാകൂ. ആ ലോക്കറിന്‍റെ കഥ മൂപ്പില്‍സ് തന്നെയാണ് നാട്ടുകാരോട് മൊത്തം പറയാറുള്ളത്‌. "ന്‍റെ വീട്ടില്‍ കക്കാന്‍ കേറീട്ട് കാര്യോല്ല. എല്ലാം ലോക്കറില്‍ സേഫ്‌ ആക്കി വെച്ചിട്ട്ണ്ട്," എന്ന് നാട്ടിലെ ആസ്ഥാന കള്ളന്മാരോട് പറയാതെ പറയുന്നതാവാം. പൊങ്ങച്ചം പറയുന്നതില്‍ നമ്പ്യാര് ഒട്ടും പുറകോട്ടല്ല. മക്കള് അഞ്ചു പേരുണ്ട്. രണ്ടുപേര്‍ അമേരിക്കയിലും മറ്റുമായി പറന്നു കളിക്കുന്നു. പെണ്മക്കളെ കെട്ടിച്ചു വിട്ടു. ബാങ്കുദ്യോഗസ്ഥനായ ഒരു മോനാണ് കൂടെ തറവാട്ടില്‍ താമസിക്കുന്നത്.

ആഡംബരത്തിന് വീട്ടില്‍ രണ്ടുമൂന്നു പുതുപുത്തന്‍ കാറുകള്‍ മേടിച്ചിട്ടിട്ടുണ്ടെങ്കിലും നമ്പ്യാര് അതിലോന്നും അധികം യാത്ര ചെയ്യില്ല. നടത്തമാണ് അധികവും. പിശുക്കായിട്ടാണ് നടക്കുന്നതെന്ന് ആരോപിച്ചാല്‍ നമ്പ്യാര്‍ക്ക് റെഡിമെയ്ഡ് മറുപടിയുണ്ട്. 

"ഞാന്‍ ന്‍റെ ചെറിയവയസ് തൊട്ടേ നടന്നു ശീലിച്ചതാ. ന്‍റെ ആരോഗ്യത്തിന്റെ രഹസ്യവും അതാണ്‌. ചുട്ടയിലെ ശീലം ചുടലവരെ. എനിക്കാവുന്ന കാലത്തോളം ഞാന്‍ നടന്നന്നെ പോകും. ആര്‍ക്കാടാ ന്‍റെ വീടിന്റെ മുമ്പില്‍ കാറിങ്ങനെ നില്‍ക്കുന്നത്‌ കണ്ടിട്ടിത്ര പ്രശ്നം? ഹും"

ഇങ്ങനെയൊക്കെ പറഞ്ഞാലും ആളു അധികം ബഹളക്കാരനല്ല. ഒരു കാര്യത്തില്‍ തന്‍റെ ഭാഗത്താണ് തെറ്റ് എന്നുകണ്ടാല്‍ പിന്നെയും അതില്‍ പിടിച്ചു വഴക്കുണ്ടാക്കുന്ന ശീലമൊന്നും ഇല്ല. വൈകുന്നേരം അങ്ങാടിയില്‍ വരണം. പഴയ സില്‍ബന്ധികളെയൊക്കെ കാണണം, അല്‍പ്പം വെടി പറഞ്ഞിരിക്കണം, കുറച്ചു പുകഴ്ത്തലുകള്‍ കേള്‍ക്കണം, ഇത്രയോക്കെയാണ് പണി. അതുകൊണ്ടൊക്കെ തന്നെ ഒരു കോമഡിപീസ്‌ ആയിട്ടാണ് നാട്ടുകാര്‍ മൂപ്പിലാനെ കാണുന്നത്.

അങ്ങനെയിരിക്കെ, പുള്ളി നടക്കാനിറങ്ങിയ വഴി, റോഡ്‌ സൈഡില്‍ ആയി ഗോപാലേട്ടന്‍റെ വീട്പണി നടക്കുന്നത് കണ്ടു. ഗോപാലേട്ടന്‍റെ മോള്‍ടെ കല്യാണമാണ്. അതിന്‍റെ ഭാഗായി വീടൊന്നു പുതുക്കിപ്പണിത് പരിസരപ്രദേശങ്ങള്‍ ഒക്കെയോന്നു വൃതിയാക്കുകയാണ്. ഗോപാലേട്ടന്‍റെ വീടിന്‍റെ പുറകിലും വീടിന്‍റെ മുന്നില്‍  റോഡിനിപ്പുറവുമുള്ള പറമ്പുകള്‍ നമ്പ്യാരുടെതാണ്. അതിര് തിരിച്ചു വേലിയൊന്നും കെട്ടിയിട്ടില്ല. കുറച്ചു തെങ്ങിന്‍ തൈകളും ചില ചെടികളും മറ്റും അതിര് തിരിക്കുന്ന സ്ഥലത്ത് നട്ടിട്ടുണ്ട്. 

ഗോപാലെട്ടന്‍ നാട്ടിലെ പാവപ്പെട്ട ഒരു കൂലിപ്പണിക്കാരനാണ്. ആരോടും വഴക്കിനൊന്നും പോകാതെ താന്‍ അന്നന്ന് അധ്വാനിച്ചു കൊണ്ട് വരുന്ന കാശ് കൊണ്ട് കുടുംബത്തിലേക്ക് വല്ലതും വാങ്ങി വൈകുന്നേരത്തെ അങ്ങാടിക്കറക്കം ഒക്കെ കഴിഞ്ഞു ഇരുട്ടുന്നെനു മുന്നേ വീടെത്തി സ്വസ്ഥം ഗൃഹഭരണം എന്ന മട്ടില്‍ ജീവിക്കുന്ന ഒരു കുടുംബസ്നേഹി. 

"എന്താ ഗോപാലാ വീടൊക്കെ വെടിപ്പാക്കുന്നുണ്ടല്ലോ. കല്യാണം ഇങ്ങടുത്തു ല്ലേ?"  എന്നും ചോദിച്ചു നമ്പ്യാര്‍ വീടും പരിസരവും ഒക്കെ ചുറ്റി നടന്നു കണ്ടു. പണിക്കിടയിലായിരുന്നിട്ടും ഗോപാലേട്ടന്‍ നമ്പ്യാര്‍ക്ക് ഇന്നലെ അവിടെ തെങ്ങ് കയറിയപ്പോള്‍ ഇട്ടിരുന്ന കരിക്കുകളില്‍ നിന്നും ഒരെണ്ണം ചെത്തിക്കൊടുത്തു.
ഗോപാലേട്ടന്‍ പണി തുടര്‍ന്നപ്പോള്‍ നമ്പ്യാര്‍ കരിക്കും മൊത്തിക്കൊണ്ട് വീടിന്‍റെ പുറകിലേക്ക് പോയി. 

അല്ലെങ്കിലും പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക എന്ന സ്വഭാവം ചിലര്‍ക്ക് പണ്ടേ ഉണ്ടല്ലോ.  അതും പാല് കൊടുത്ത ഉടനെ തന്നെ കൊത്തുന്നവര്‍ ഇത്തിരിഏറെയുണ്ട്. നമ്പ്യാര്‍ക്ക് ഗോപാലേട്ടന്റെ ഇളനീര്‍ അങ്ങ് അകത്തു ചെന്നപ്പോള്‍ കുത്തിക്കഴപ്പിന്റെ അസ്കിതയിളകി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇളനീര് കുടിക്കുമ്പോള്‍ അതിരിലേക്കായി നമ്പ്യാരുടെ ശ്രദ്ധ. അതിരില്‍ വളര്‍ന്നു നില്‍ക്കുന്ന ശീമക്കൊന്ന ഗോപാലേട്ടന്‍റെ പറമ്പില്‍ ആയിരുന്നു. അത് തന്‍റെ പറമ്പില്‍ താന്‍ പണ്ട്  നട്ടതല്ലേ എന്നൊരു ചിന്ത ഫ്ലാഷ് ന്യൂസ് പോകുമ്പോലെ നമ്പ്യാരുടെ മനസ്സിലൂടെ കടന്നു പോയി. ആ ഫ്ലാഷ് മെമ്മറിയെ പിടിച്ചു കെട്ടി കൊണ്ട് വന്നു മുന്നിലിട്ടു നമ്പ്യാര്‍ കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. 

''അതെ അന്നൊരു നാള്‍ തെങ്ങിന്‍ തൈകള്‍ ഒക്കെ നടുന്നതിന്റെ ഇടയ്ക്ക് താന്‍ നട്ടതാണ് ആ ശീമക്കൊന്ന. അപ്പൊ അത് തന്‍റെ പറമ്പിലാണ് നില്‍ക്കേണ്ടത്. പക്ഷെ ഇപ്പൊ നില്‍ക്കുന്നത്‌ ഗോപാലന്‍റെ പറമ്പില്‍, അതായത് തന്‍റെ സ്ഥലം ഗോപാലന്‍ കയ്യേറി അതിര് കെട്ടിയിരിക്കുന്നു. ഹോ, അനീതി, അക്രമം, തന്‍റെ സ്ഥലം തട്ടിയെടുത്ത്‌ തന്നെ മയക്കാന്‍ ഗോപാലന്‍ ഇതാ കരിക്കും വെട്ടിത്തന്നിരിക്കുന്നു. ഒരു കരിക്കില്‍ താന്‍ വീണു പോകുമെന്നാണോ അവന്‍റെ വിചാരം. കാണിച്ചു കൊടുക്കാം ഞാന്‍" എന്നൊക്കെ മനസ്സില്‍ മുരണ്ടു കൊണ്ട് കുടിച്ച ഇളനീര്‍തൊണ്ട് തന്‍റെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു നമ്പ്യാര്‍ സടകുടഞ്ഞെണീറ്റ് ഗോപാലേട്ടന്റെ അടുത്തേക്ക്‌ പോയി. എന്നിട്ട് ഗോപാലേട്ടനോട് പറഞ്ഞു.

"ഗോപാലാ, ഇഞ്ഞി അതിര് തിരിച്ച് മതില് കെട്ടുന്നുണ്ടോ കല്യാണത്തിന് മുന്നേ?"

"ഇല്ലല്ലോ നമ്പ്യാരെ, അതിനൊന്നും ഇനി സമയമില്ല, കാശുമില്ല, അതങ്ങനെ തന്നെ കിടന്നോട്ടെ"

"ഉം, ന്നാ ഞാനെറങ്ങ്വ" 

എന്ന് പറഞ്ഞു നമ്പ്യാര്‍ യാത്രപറഞ്ഞിറങ്ങി. പതിവ് നടത്തത്തിനൊന്നും നില്‍ക്കാതെ വീട്ടിലേക്കു തന്നെ പോയി. വീട്ടിലെത്തിയ ഉടന്‍ ആ സ്ഥലത്തിന്‍റെ ആധാരം എടുത്ത് എത്ര സെന്റ്‌ ഉണ്ടെന്നൊക്കെ നോക്കി അതും പിടിച്ചു കുറെ നേരം അങ്ങ് ഇരുന്നു. ഊണിലും ഒന്നും ശ്രദ്ധയില്ലാതെ ഭര്‍ത്താവ് എന്തോ ആലോചിച്ചു ഇരിക്കുമ്പോള്‍ മൂപ്പിലാന്റെ ഭാര്യ സരസ്വതിയമ്മ എന്താ കാര്യമെന്ന് ചോദിച്ചു. ഒന്നുമില്ലന്നു പറഞ്ഞെങ്കിലും അവര്‍ കുത്തിക്കുത്തി ചോദിച്ചപ്പോള്‍ നമ്പ്യാര് കാര്യം പറഞ്ഞു.

"അതൊന്ന് അളക്കണം. നമ്മുടെ പറമ്പ്‌ അങ്ങനെ അന്യന്‍ കൊണ്ടോവാന്‍ പാടില്ല. സെന്റിന് ലക്ഷം രൂപ പറഞ്ഞ പറമ്പാണത്"

അപ്പോള്‍ സരസ്വതിയമ്മ പറഞ്ഞു..

"ഇങ്ങളിപ്പോ അളക്കാനും പിടിക്കാനും ഒന്നും പോണ്ട. ഒരു കല്യാണം നടക്കുന്ന വീടാത്‌. ഇപ്പൊ അവരെ ബുധിമുട്ടിക്കണ്ട. കല്യാണോക്കെ കഴിഞ്ഞിട്ട് സാവകാശം എന്താന്നു വച്ചാല്‍ ചെയ്യാം."

നമ്പ്യാര്‍ ഒന്ന് ഇരുത്തി മൂളി. ഭാര്യ പറഞ്ഞതില്‍ കാര്യമുണ്ട്. ഇപ്പൊ ഇത് കുത്തിപ്പൊക്കിയാല്‍ തനിക്ക് പേരുദോഷം ആകും. കല്യാണം കഴിയുന്നത് വരെ കാത്തു നില്‍ക്കാം എന്ന് വിചാരിച്ചു അതങ്ങു വിട്ടു തല്‍ക്കാലം.

പക്ഷെ, ആയിടയ്ക്കാണ് നമ്പ്യാരെയും ഭാര്യയെയൂം വിസിറ്റിംഗിന് അമേരിക്കയില്‍ കൊണ്ടോവാന്‍ മൂത്തമകന്‍ വന്നത്. രണ്ടു മാസം അവിടെ നിന്നിട്ട് വരാം എന്ന പ്ലാനില്‍ നമ്പ്യാരും ഭാര്യയും പോയി. അതിനിടയ്ക്ക് സ്ഥലത്തിന്‍റെ കാര്യമൊക്കെ നമ്പ്യാരോട് മറന്നു പോയി.

അങ്ങനെ നമ്പ്യാര്‍ അമേരിക്കയില്‍ പോയ സമയത്ത് ഗോപാലേട്ടന്‍റെ മോള്‍ടെ കല്യാണവും കഴിഞ്ഞു. കൂടാതെ വീടിനു മുന്നിലെ റോഡിനു വീതി കൂട്ടുന്നതിന്റെ ഭാഗമായി മുന്‍വശത്തെ കുറച്ചു സ്ഥലം പഞ്ചായത്ത് എടുക്കുകയും ചെയ്തു. 

നമ്പ്യാര്‍ അമേരിക്കയില്‍ നിന്നും വന്നു ആദ്യം ചെയ്തത് ഗോപാലെട്ടനോട് സ്ഥലത്തെ പറ്റി സംസാരിക്കുകയാണ്. അളക്കണം എന്ന് നമ്പ്യാര്‍ പറഞ്ഞപ്പോള്‍ ഗോപാലേട്ടന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. തനിക്ക് ആരുടേയും ഒരുതരി മണ്ണ് പോലും വേണ്ടെന്നും അളന്നു അങ്ങോട്ട്‌ വല്ലോം ഉണ്ടെങ്കില്‍ എടുത്തോളാനും ഗോപാലേട്ടന്‍ പറഞ്ഞു.

പിന്നെയെല്ലാം എടുപിടീന്നായിരുന്നു. നമ്പ്യാര്‍ അധികാരികളെ കൊണ്ട് വന്നു സ്ഥലം അളപ്പിച്ചു. അവരുടെ കൂടെ കരിക്കും വെട്ടി കൊടുത്തു കൊണ്ട് ആകാംക്ഷയോടെ നമ്പ്യാരും. ഗോപാലേട്ടന്‍ മൂപ്പരുടെ പുറകിലെ കോലായയില്‍ ഇരുന്ന് ഇതെല്ലം കൌതുകത്തോടെ നോക്കി. പക്ഷെ നമ്പ്യാരുടെ മനസ്സ് ലോകകപ്പ്‌ ഫുട്ബോള്‍ മത്സരത്തിന്‍റെ അവസാനനിമിഷങ്ങള്‍ കാണുന്ന കാണിയെപ്പോലെ ആയിരുന്നു. ആകാംക്ഷ സഹിക്കാനാകാതെ കുടിക്കുന്ന കരിക്കുകളുടെ എണ്ണം കൂടികൊണ്ടിരുന്നു.

ഒടുവില്‍ അധികാരികള്‍ ആധാരങ്ങള്‍ ഒക്കെ നോക്കി അളന്നതു നോക്കി തിട്ടപ്പെടുത്തി പറഞ്ഞു. അതിര് ഇതല്ല. ഇത്തിരി കൂടെ നമ്പ്യാരുടെ പറമ്പിലേക്ക് നീങ്ങിയാണ്. അതായത് ഇപ്പോള്‍ നമ്പ്യാരാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. 

നമ്പ്യാര്‍ വെട്ടിയിട്ട വാഴ പോലെ തെങ്ങിന്‍ ചുവട്ടിലേക്ക് ഇരുന്ന്. നമ്പ്യാര്‍ വെച്ച തെങ്ങിന്‍ തൈകളില്‍ ആറെണ്ണം ഗോപാലേട്ടന്റെ പറമ്പില്‍ ആയിരുന്നു. ഗോപാലേട്ടന്‍ പതുക്കെ ഇറങ്ങി വന്ന് ഒരു കരിക്ക് വെട്ടി നമ്പ്യാര്‍ക്ക് കൊടുത്തു. ന്നിട്ട് പറഞ്ഞു.

"ഇങ്ങള് വെഷമിക്കണ്ട നമ്പ്യാരെ, ഞാന്‍ മതിലൊന്നും കെട്ടാന്‍ പോണില്ല. തെങ്ങ് വലുതായി അയിന്റെ മേല്‍ തെങ്ങ ഇണ്ടാകുമ്പോ അതൊക്കെ ഇങ്ങക്ക് തന്നെ തരുന്നുണ്ട്. ഇനിയ്ക്ക്‌ ഇങ്ങളെ തങ്ങും മാണ്ട, തേങ്ങേം മാണ്ട..ഇനിയും ഇങ്ങനെ അത്യാര്‍ത്തിയും കൊണ്ട് ന്‍റെ പറമ്പിലേക്ക് വരാണ്ടിരുന്നാ മതി."

ശവത്തില്‍ കുത്തുന്ന പോലത്തെ ഗോപാലേട്ടന്റെ വര്‍ത്തമാനം കേട്ടപ്പോ വെട്ടിയ കരിക്ക് പോലും കുടിക്കാതെ നമ്പ്യാര്‍ വീട്ടിലേക്കു നടന്നു. പിന്നീട് നമ്പ്യാര്‍ വഴി തെറ്റി പോലും നടക്കാന്‍ ആ വഴി വന്നിട്ടില്ല. തെങ്ങ ഇടീക്കാന്‍ പോലും ആ പറമ്പില്‍ കുറേക്കാലം കേറിയിട്ടില്ല.

പക്ഷെ കഞ്ഞിനമ്പ്യാര്‍ എന്നാ വട്ടപ്പെരിനു പുറമേ അതിര്നമ്പ്യാര്‍ എന്ന പേരുകൂടി മൂപ്പില്‍സിനു വീണു എന്നതാണ് ഇതിന്റെ ബാക്കിപത്രം.

ഇരിക്കുന്ന കൊമ്പ്



ആകെയുള്ളോരാ കാട്ടിലേക്കൊന്ന്‍ പോണം
കാരിരുമ്പിന്‍ മഴുവും, ഹൃദയവുമായ്‌
തുടിച്ചു നില്‍ക്കും പച്ചപ്പിലേയ്ക്കിറങ്ങിടേണം  
ദുരാഗ്രഹത്താല്‍ പുളയും മനസ്സുമായ്‌..

ആകെയുള്ളോരാ മരങ്ങള്‍ ഒന്നൊന്നായ് 
വെട്ടി മുറിച്ചു മണ്ണിലേക്കിട്ടിടേണം  
ചില്ലകളൊന്നായ്‌ അരിഞ്ഞെടുത്തിട്ടതിന്‍  
പച്ചയ്ക്ക് മേലെ കോടി പുതപ്പിച്ചീടേണം..

അവസാനമരത്തിന്നവസാനക്കൊമ്പില്‍
മരത്തിന്നഭിമുഖമായിരുന്നിടേണം  
ഇരിക്കുന്ന കൊമ്പില്‍ മഴുകുത്തിവെച്ച് 
ഹൃദയം പൊട്ടിയൊന്ന്‍ മാപ്പിരന്നിടേണം..

സര്‍വ്വശക്തിയും സംഭരിച്ചതിന്‍ ഹൃത്തില്‍ 
ആഞ്ഞാഞ്ഞാഞ്ഞാഞ്ഞു വെട്ടിടേണം
ഒടുവിലത് മുറിഞ്ഞ് നിലംപതിയ്ക്കവേ 
അതിന്‍ പിറകെ ഭൂമിയിലേക്കെത്തിടേണം..

ഇടനെഞ്ചില്‍ തറച്ചൊരാ കൊച്ചുമഴുവും 
കൈകളില്‍ പിടയുന്ന മരച്ചില്ലയും പേറിയ- 
യന്ത്യശ്വാസംവരെയാകാശം നോക്കി കിടന്നിടേണം     
ഇരിക്കും കൊമ്പ് മുറിച്ചൊരു രക്തസാക്ഷിയായ്‌..