27 Feb 2014

ആര്‍ത്തി, അത്യാര്‍ത്തി, അമളി



   

  ഒരു സാധാരണക്കാരന് എങ്ങനെയെങ്കിലുമൊക്കെ അല്ലലില്ലാതെ ജീവിച്ചു പോണം എന്നേ ആഗ്രഹമുണ്ടാകൂ. അതേ സമയം ഉള്ളവന് കൂടുതല്‍ കൂടുതല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കണം എന്ന ആഗ്രഹമായിരിക്കും. നമ്മുടെ ഗ്രാമങ്ങളില്‍ തന്നെ രണ്ടു കൂട്ടര്‍ക്കുമുള്ള ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും കണ്ടെടുക്കാം.. അത്തരത്തില്‍ അഞ്ചു തലമുറയ്ക്ക് കഴിയാനുള്ള വഹ ഉണ്ടായിട്ടും ആര്‍ത്തി മൂത്തപ്പിരാന്തായി ഇനീം വേണം എന്ന് കരുതി നടക്കുന്ന ഒരാളുടെ കഥയാണ്‌ പറയാന്‍ പോകുന്നത്.

ഞങ്ങള് കഞ്ഞിനമ്പ്യാര് എന്ന് വിളിക്കുന്ന കുഞ്ഞിക്കണ്ണന്‍ നമ്പ്യാര് നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രമാണിയാണ്. പണ്ടത്തെ ജന്മിത്തറവാടായിരുന്നു മൂപ്പരുടെത്‌. എവിടെയൊക്കെ സ്ഥലങ്ങളുണ്ടെന്നു കിടപ്പുമുറിയിലെ ചെറിയ ലോക്കറിലിരിക്കുന്ന ആധാരങ്ങളൊക്കെ തപ്പിയെടുത്താലേ മനസ്സിലാകൂ. ആ ലോക്കറിന്‍റെ കഥ മൂപ്പില്‍സ് തന്നെയാണ് നാട്ടുകാരോട് മൊത്തം പറയാറുള്ളത്‌. "ന്‍റെ വീട്ടില്‍ കക്കാന്‍ കേറീട്ട് കാര്യോല്ല. എല്ലാം ലോക്കറില്‍ സേഫ്‌ ആക്കി വെച്ചിട്ട്ണ്ട്," എന്ന് നാട്ടിലെ ആസ്ഥാന കള്ളന്മാരോട് പറയാതെ പറയുന്നതാവാം. പൊങ്ങച്ചം പറയുന്നതില്‍ നമ്പ്യാര് ഒട്ടും പുറകോട്ടല്ല. മക്കള് അഞ്ചു പേരുണ്ട്. രണ്ടുപേര്‍ അമേരിക്കയിലും മറ്റുമായി പറന്നു കളിക്കുന്നു. പെണ്മക്കളെ കെട്ടിച്ചു വിട്ടു. ബാങ്കുദ്യോഗസ്ഥനായ ഒരു മോനാണ് കൂടെ തറവാട്ടില്‍ താമസിക്കുന്നത്.

ആഡംബരത്തിന് വീട്ടില്‍ രണ്ടുമൂന്നു പുതുപുത്തന്‍ കാറുകള്‍ മേടിച്ചിട്ടിട്ടുണ്ടെങ്കിലും നമ്പ്യാര് അതിലോന്നും അധികം യാത്ര ചെയ്യില്ല. നടത്തമാണ് അധികവും. പിശുക്കായിട്ടാണ് നടക്കുന്നതെന്ന് ആരോപിച്ചാല്‍ നമ്പ്യാര്‍ക്ക് റെഡിമെയ്ഡ് മറുപടിയുണ്ട്. 

"ഞാന്‍ ന്‍റെ ചെറിയവയസ് തൊട്ടേ നടന്നു ശീലിച്ചതാ. ന്‍റെ ആരോഗ്യത്തിന്റെ രഹസ്യവും അതാണ്‌. ചുട്ടയിലെ ശീലം ചുടലവരെ. എനിക്കാവുന്ന കാലത്തോളം ഞാന്‍ നടന്നന്നെ പോകും. ആര്‍ക്കാടാ ന്‍റെ വീടിന്റെ മുമ്പില്‍ കാറിങ്ങനെ നില്‍ക്കുന്നത്‌ കണ്ടിട്ടിത്ര പ്രശ്നം? ഹും"

ഇങ്ങനെയൊക്കെ പറഞ്ഞാലും ആളു അധികം ബഹളക്കാരനല്ല. ഒരു കാര്യത്തില്‍ തന്‍റെ ഭാഗത്താണ് തെറ്റ് എന്നുകണ്ടാല്‍ പിന്നെയും അതില്‍ പിടിച്ചു വഴക്കുണ്ടാക്കുന്ന ശീലമൊന്നും ഇല്ല. വൈകുന്നേരം അങ്ങാടിയില്‍ വരണം. പഴയ സില്‍ബന്ധികളെയൊക്കെ കാണണം, അല്‍പ്പം വെടി പറഞ്ഞിരിക്കണം, കുറച്ചു പുകഴ്ത്തലുകള്‍ കേള്‍ക്കണം, ഇത്രയോക്കെയാണ് പണി. അതുകൊണ്ടൊക്കെ തന്നെ ഒരു കോമഡിപീസ്‌ ആയിട്ടാണ് നാട്ടുകാര്‍ മൂപ്പിലാനെ കാണുന്നത്.

അങ്ങനെയിരിക്കെ, പുള്ളി നടക്കാനിറങ്ങിയ വഴി, റോഡ്‌ സൈഡില്‍ ആയി ഗോപാലേട്ടന്‍റെ വീട്പണി നടക്കുന്നത് കണ്ടു. ഗോപാലേട്ടന്‍റെ മോള്‍ടെ കല്യാണമാണ്. അതിന്‍റെ ഭാഗായി വീടൊന്നു പുതുക്കിപ്പണിത് പരിസരപ്രദേശങ്ങള്‍ ഒക്കെയോന്നു വൃതിയാക്കുകയാണ്. ഗോപാലേട്ടന്‍റെ വീടിന്‍റെ പുറകിലും വീടിന്‍റെ മുന്നില്‍  റോഡിനിപ്പുറവുമുള്ള പറമ്പുകള്‍ നമ്പ്യാരുടെതാണ്. അതിര് തിരിച്ചു വേലിയൊന്നും കെട്ടിയിട്ടില്ല. കുറച്ചു തെങ്ങിന്‍ തൈകളും ചില ചെടികളും മറ്റും അതിര് തിരിക്കുന്ന സ്ഥലത്ത് നട്ടിട്ടുണ്ട്. 

ഗോപാലെട്ടന്‍ നാട്ടിലെ പാവപ്പെട്ട ഒരു കൂലിപ്പണിക്കാരനാണ്. ആരോടും വഴക്കിനൊന്നും പോകാതെ താന്‍ അന്നന്ന് അധ്വാനിച്ചു കൊണ്ട് വരുന്ന കാശ് കൊണ്ട് കുടുംബത്തിലേക്ക് വല്ലതും വാങ്ങി വൈകുന്നേരത്തെ അങ്ങാടിക്കറക്കം ഒക്കെ കഴിഞ്ഞു ഇരുട്ടുന്നെനു മുന്നേ വീടെത്തി സ്വസ്ഥം ഗൃഹഭരണം എന്ന മട്ടില്‍ ജീവിക്കുന്ന ഒരു കുടുംബസ്നേഹി. 

"എന്താ ഗോപാലാ വീടൊക്കെ വെടിപ്പാക്കുന്നുണ്ടല്ലോ. കല്യാണം ഇങ്ങടുത്തു ല്ലേ?"  എന്നും ചോദിച്ചു നമ്പ്യാര്‍ വീടും പരിസരവും ഒക്കെ ചുറ്റി നടന്നു കണ്ടു. പണിക്കിടയിലായിരുന്നിട്ടും ഗോപാലേട്ടന്‍ നമ്പ്യാര്‍ക്ക് ഇന്നലെ അവിടെ തെങ്ങ് കയറിയപ്പോള്‍ ഇട്ടിരുന്ന കരിക്കുകളില്‍ നിന്നും ഒരെണ്ണം ചെത്തിക്കൊടുത്തു.
ഗോപാലേട്ടന്‍ പണി തുടര്‍ന്നപ്പോള്‍ നമ്പ്യാര്‍ കരിക്കും മൊത്തിക്കൊണ്ട് വീടിന്‍റെ പുറകിലേക്ക് പോയി. 

അല്ലെങ്കിലും പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക എന്ന സ്വഭാവം ചിലര്‍ക്ക് പണ്ടേ ഉണ്ടല്ലോ.  അതും പാല് കൊടുത്ത ഉടനെ തന്നെ കൊത്തുന്നവര്‍ ഇത്തിരിഏറെയുണ്ട്. നമ്പ്യാര്‍ക്ക് ഗോപാലേട്ടന്റെ ഇളനീര്‍ അങ്ങ് അകത്തു ചെന്നപ്പോള്‍ കുത്തിക്കഴപ്പിന്റെ അസ്കിതയിളകി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇളനീര് കുടിക്കുമ്പോള്‍ അതിരിലേക്കായി നമ്പ്യാരുടെ ശ്രദ്ധ. അതിരില്‍ വളര്‍ന്നു നില്‍ക്കുന്ന ശീമക്കൊന്ന ഗോപാലേട്ടന്‍റെ പറമ്പില്‍ ആയിരുന്നു. അത് തന്‍റെ പറമ്പില്‍ താന്‍ പണ്ട്  നട്ടതല്ലേ എന്നൊരു ചിന്ത ഫ്ലാഷ് ന്യൂസ് പോകുമ്പോലെ നമ്പ്യാരുടെ മനസ്സിലൂടെ കടന്നു പോയി. ആ ഫ്ലാഷ് മെമ്മറിയെ പിടിച്ചു കെട്ടി കൊണ്ട് വന്നു മുന്നിലിട്ടു നമ്പ്യാര്‍ കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. 

''അതെ അന്നൊരു നാള്‍ തെങ്ങിന്‍ തൈകള്‍ ഒക്കെ നടുന്നതിന്റെ ഇടയ്ക്ക് താന്‍ നട്ടതാണ് ആ ശീമക്കൊന്ന. അപ്പൊ അത് തന്‍റെ പറമ്പിലാണ് നില്‍ക്കേണ്ടത്. പക്ഷെ ഇപ്പൊ നില്‍ക്കുന്നത്‌ ഗോപാലന്‍റെ പറമ്പില്‍, അതായത് തന്‍റെ സ്ഥലം ഗോപാലന്‍ കയ്യേറി അതിര് കെട്ടിയിരിക്കുന്നു. ഹോ, അനീതി, അക്രമം, തന്‍റെ സ്ഥലം തട്ടിയെടുത്ത്‌ തന്നെ മയക്കാന്‍ ഗോപാലന്‍ ഇതാ കരിക്കും വെട്ടിത്തന്നിരിക്കുന്നു. ഒരു കരിക്കില്‍ താന്‍ വീണു പോകുമെന്നാണോ അവന്‍റെ വിചാരം. കാണിച്ചു കൊടുക്കാം ഞാന്‍" എന്നൊക്കെ മനസ്സില്‍ മുരണ്ടു കൊണ്ട് കുടിച്ച ഇളനീര്‍തൊണ്ട് തന്‍റെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു നമ്പ്യാര്‍ സടകുടഞ്ഞെണീറ്റ് ഗോപാലേട്ടന്റെ അടുത്തേക്ക്‌ പോയി. എന്നിട്ട് ഗോപാലേട്ടനോട് പറഞ്ഞു.

"ഗോപാലാ, ഇഞ്ഞി അതിര് തിരിച്ച് മതില് കെട്ടുന്നുണ്ടോ കല്യാണത്തിന് മുന്നേ?"

"ഇല്ലല്ലോ നമ്പ്യാരെ, അതിനൊന്നും ഇനി സമയമില്ല, കാശുമില്ല, അതങ്ങനെ തന്നെ കിടന്നോട്ടെ"

"ഉം, ന്നാ ഞാനെറങ്ങ്വ" 

എന്ന് പറഞ്ഞു നമ്പ്യാര്‍ യാത്രപറഞ്ഞിറങ്ങി. പതിവ് നടത്തത്തിനൊന്നും നില്‍ക്കാതെ വീട്ടിലേക്കു തന്നെ പോയി. വീട്ടിലെത്തിയ ഉടന്‍ ആ സ്ഥലത്തിന്‍റെ ആധാരം എടുത്ത് എത്ര സെന്റ്‌ ഉണ്ടെന്നൊക്കെ നോക്കി അതും പിടിച്ചു കുറെ നേരം അങ്ങ് ഇരുന്നു. ഊണിലും ഒന്നും ശ്രദ്ധയില്ലാതെ ഭര്‍ത്താവ് എന്തോ ആലോചിച്ചു ഇരിക്കുമ്പോള്‍ മൂപ്പിലാന്റെ ഭാര്യ സരസ്വതിയമ്മ എന്താ കാര്യമെന്ന് ചോദിച്ചു. ഒന്നുമില്ലന്നു പറഞ്ഞെങ്കിലും അവര്‍ കുത്തിക്കുത്തി ചോദിച്ചപ്പോള്‍ നമ്പ്യാര് കാര്യം പറഞ്ഞു.

"അതൊന്ന് അളക്കണം. നമ്മുടെ പറമ്പ്‌ അങ്ങനെ അന്യന്‍ കൊണ്ടോവാന്‍ പാടില്ല. സെന്റിന് ലക്ഷം രൂപ പറഞ്ഞ പറമ്പാണത്"

അപ്പോള്‍ സരസ്വതിയമ്മ പറഞ്ഞു..

"ഇങ്ങളിപ്പോ അളക്കാനും പിടിക്കാനും ഒന്നും പോണ്ട. ഒരു കല്യാണം നടക്കുന്ന വീടാത്‌. ഇപ്പൊ അവരെ ബുധിമുട്ടിക്കണ്ട. കല്യാണോക്കെ കഴിഞ്ഞിട്ട് സാവകാശം എന്താന്നു വച്ചാല്‍ ചെയ്യാം."

നമ്പ്യാര്‍ ഒന്ന് ഇരുത്തി മൂളി. ഭാര്യ പറഞ്ഞതില്‍ കാര്യമുണ്ട്. ഇപ്പൊ ഇത് കുത്തിപ്പൊക്കിയാല്‍ തനിക്ക് പേരുദോഷം ആകും. കല്യാണം കഴിയുന്നത് വരെ കാത്തു നില്‍ക്കാം എന്ന് വിചാരിച്ചു അതങ്ങു വിട്ടു തല്‍ക്കാലം.

പക്ഷെ, ആയിടയ്ക്കാണ് നമ്പ്യാരെയും ഭാര്യയെയൂം വിസിറ്റിംഗിന് അമേരിക്കയില്‍ കൊണ്ടോവാന്‍ മൂത്തമകന്‍ വന്നത്. രണ്ടു മാസം അവിടെ നിന്നിട്ട് വരാം എന്ന പ്ലാനില്‍ നമ്പ്യാരും ഭാര്യയും പോയി. അതിനിടയ്ക്ക് സ്ഥലത്തിന്‍റെ കാര്യമൊക്കെ നമ്പ്യാരോട് മറന്നു പോയി.

അങ്ങനെ നമ്പ്യാര്‍ അമേരിക്കയില്‍ പോയ സമയത്ത് ഗോപാലേട്ടന്‍റെ മോള്‍ടെ കല്യാണവും കഴിഞ്ഞു. കൂടാതെ വീടിനു മുന്നിലെ റോഡിനു വീതി കൂട്ടുന്നതിന്റെ ഭാഗമായി മുന്‍വശത്തെ കുറച്ചു സ്ഥലം പഞ്ചായത്ത് എടുക്കുകയും ചെയ്തു. 

നമ്പ്യാര്‍ അമേരിക്കയില്‍ നിന്നും വന്നു ആദ്യം ചെയ്തത് ഗോപാലെട്ടനോട് സ്ഥലത്തെ പറ്റി സംസാരിക്കുകയാണ്. അളക്കണം എന്ന് നമ്പ്യാര്‍ പറഞ്ഞപ്പോള്‍ ഗോപാലേട്ടന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. തനിക്ക് ആരുടേയും ഒരുതരി മണ്ണ് പോലും വേണ്ടെന്നും അളന്നു അങ്ങോട്ട്‌ വല്ലോം ഉണ്ടെങ്കില്‍ എടുത്തോളാനും ഗോപാലേട്ടന്‍ പറഞ്ഞു.

പിന്നെയെല്ലാം എടുപിടീന്നായിരുന്നു. നമ്പ്യാര്‍ അധികാരികളെ കൊണ്ട് വന്നു സ്ഥലം അളപ്പിച്ചു. അവരുടെ കൂടെ കരിക്കും വെട്ടി കൊടുത്തു കൊണ്ട് ആകാംക്ഷയോടെ നമ്പ്യാരും. ഗോപാലേട്ടന്‍ മൂപ്പരുടെ പുറകിലെ കോലായയില്‍ ഇരുന്ന് ഇതെല്ലം കൌതുകത്തോടെ നോക്കി. പക്ഷെ നമ്പ്യാരുടെ മനസ്സ് ലോകകപ്പ്‌ ഫുട്ബോള്‍ മത്സരത്തിന്‍റെ അവസാനനിമിഷങ്ങള്‍ കാണുന്ന കാണിയെപ്പോലെ ആയിരുന്നു. ആകാംക്ഷ സഹിക്കാനാകാതെ കുടിക്കുന്ന കരിക്കുകളുടെ എണ്ണം കൂടികൊണ്ടിരുന്നു.

ഒടുവില്‍ അധികാരികള്‍ ആധാരങ്ങള്‍ ഒക്കെ നോക്കി അളന്നതു നോക്കി തിട്ടപ്പെടുത്തി പറഞ്ഞു. അതിര് ഇതല്ല. ഇത്തിരി കൂടെ നമ്പ്യാരുടെ പറമ്പിലേക്ക് നീങ്ങിയാണ്. അതായത് ഇപ്പോള്‍ നമ്പ്യാരാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. 

നമ്പ്യാര്‍ വെട്ടിയിട്ട വാഴ പോലെ തെങ്ങിന്‍ ചുവട്ടിലേക്ക് ഇരുന്ന്. നമ്പ്യാര്‍ വെച്ച തെങ്ങിന്‍ തൈകളില്‍ ആറെണ്ണം ഗോപാലേട്ടന്റെ പറമ്പില്‍ ആയിരുന്നു. ഗോപാലേട്ടന്‍ പതുക്കെ ഇറങ്ങി വന്ന് ഒരു കരിക്ക് വെട്ടി നമ്പ്യാര്‍ക്ക് കൊടുത്തു. ന്നിട്ട് പറഞ്ഞു.

"ഇങ്ങള് വെഷമിക്കണ്ട നമ്പ്യാരെ, ഞാന്‍ മതിലൊന്നും കെട്ടാന്‍ പോണില്ല. തെങ്ങ് വലുതായി അയിന്റെ മേല്‍ തെങ്ങ ഇണ്ടാകുമ്പോ അതൊക്കെ ഇങ്ങക്ക് തന്നെ തരുന്നുണ്ട്. ഇനിയ്ക്ക്‌ ഇങ്ങളെ തങ്ങും മാണ്ട, തേങ്ങേം മാണ്ട..ഇനിയും ഇങ്ങനെ അത്യാര്‍ത്തിയും കൊണ്ട് ന്‍റെ പറമ്പിലേക്ക് വരാണ്ടിരുന്നാ മതി."

ശവത്തില്‍ കുത്തുന്ന പോലത്തെ ഗോപാലേട്ടന്റെ വര്‍ത്തമാനം കേട്ടപ്പോ വെട്ടിയ കരിക്ക് പോലും കുടിക്കാതെ നമ്പ്യാര്‍ വീട്ടിലേക്കു നടന്നു. പിന്നീട് നമ്പ്യാര്‍ വഴി തെറ്റി പോലും നടക്കാന്‍ ആ വഴി വന്നിട്ടില്ല. തെങ്ങ ഇടീക്കാന്‍ പോലും ആ പറമ്പില്‍ കുറേക്കാലം കേറിയിട്ടില്ല.

പക്ഷെ കഞ്ഞിനമ്പ്യാര്‍ എന്നാ വട്ടപ്പെരിനു പുറമേ അതിര്നമ്പ്യാര്‍ എന്ന പേരുകൂടി മൂപ്പില്‍സിനു വീണു എന്നതാണ് ഇതിന്റെ ബാക്കിപത്രം.

4 comments:

  1. ഇതുവഴി വന്നിട്ട് ഒരുപാടായി...കുറേ മാറ്റങ്ങള്‍ വന്നല്ലോ...എഴുത്തിന്‍റെ ശൈലിയിലും, കാഴ്ച്ചയ്ക്കും, ബ്ലോഗിന്‍റെ പേരിനു പോലും...:)

    ReplyDelete
    Replies
    1. എല്ലാം മാറ്റത്തിന് വിധേയമാണെന്നല്ലേ പണ്ടാരോ പറഞ്ഞത്... ശൈലിയും കാഴ്ചയും പേരും അടക്കം മൊത്തമങ്ങ് ഉടച്ചു വാര്‍ത്തു .. :)

      Delete
  2. അസുരവിത്ത്‌5 March 2014 at 05:11

    റബ്ബര്‍ബാന്‍ഡ്.. (ഇത്ര നീട്ടണമായിരുന്നോ?)

    ReplyDelete
    Replies
    1. എഴുതിയെഴുതിയെഴുതിയെഴുതിയങ്ങ് പോയി... പിന്നെ എഡിറ്റ്‌ ചെയ്തു ചുരുക്കാനും തോന്നിയില്ല... :)

      Delete