രാവിലെ എഴുന്നേറ്റതിൻ പിറകെ
അടുക്കളയിലേക്കൊന്നെത്തി നോക്കി
ഒരു കപ്പ് ചായ കിട്ടുമോന്ന്
നോക്കുമ്പോൾ കുളിച്ചീറനായി
നിൽക്കുന്നു പ്രിയതമ..
എന്താടാ നിനക്കിവളെ കണ്ട്
മതിയായില്ലേ എന്ന് അമ്മ
ഒരു കുസൃതിച്ചിരിയോടെ..
അമ്മായിയുടെ മുഖത്തുമൊരാക്കിയ ചിരി..
ഒടുവിലവളുടെ കൈകൊണ്ട് കിട്ടിയ
ഒരു ചുടുചായയുമായുമ്മറത്തേക്ക്..
പത്രം വായിച്ചുകൊണ്ടിരുന്ന അഛൻ
മുഖമൊന്നുയർത്തിയാപാദചൂഡം നോക്കി..
അച്ഛന്‍റെ ചുണ്ടിലുമുണ്ടൊരു പുഞ്ചിരി
പത്രത്തിൽ നിന്നിടയ്ക്കിടെ പാളിനോട്ടവും..
മുറ്റമടിക്കുന്ന ചേച്ചി
ചിരിയടക്കാൻ പാടുപെടുന്നത് പോലെ
എനിക്ക് തോന്നിയതാണോ ആവോ..
ഓടിവന്ന ചേച്ചിയുടെ മകളെ
വാരിയെടുത്തതും
അവളൊരു ബോംബ് പൊട്ടിച്ചു
മാമന്‍റെ മുടിയിൽ ദേ മുല്ലപ്പൂ..
പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു
അടുക്കളയിൽ നിന്നും
അരങ്ങത്തേക്ക് ഓടിയെത്തിയ
പെണ്ണുങ്ങളെല്ലാം കൂടെ..
ചിരി സഹിക്കാനാവാതെ
അച്ഛനകത്തേയ്ക്ക് കയറിപ്പോയി
അപ്പോൾ ദയനീയമായി ഞാൻ അവരിൽ
അവളുടെ മുഖം തിരയുകയായിരുന്നു..
അവൾക്കല്ലേ അറിയൂ
ഇന്നലെയൊന്നും നടന്നിട്ടില്ലെന്നും
ടെൻഷനും ക്ഷീണവും കാരണം
ആദ്യരാത്രി നീട്ടിവെച്ചെന്നും..
ഹ ഹ ഹ..കൊള്ളാം :D
ReplyDelete