25 Oct 2013

ഉപകാരസ്മരണ

മൂന്നുനേരം ഭക്ഷണം
ഉണ്ടാക്കിത്തരുന്നതിനും
ഭക്ഷണം കഴിച്ച പാത്രം
കഴുകി വെക്കുന്നതിനും
അടിവസ്ത്രം പോലും
അലക്കിത്തരുന്നതിനും
അമ്മ സ്നേഹമാണെന്ന
കവിതയിലൂടെ
ഉപകാരസ്മരണ നല്‍കി
കടം വീട്ടുന്ന മക്കള്‍..

ജ്യോതിഷം

ജ്യോതിഷം പഠിക്കണമെനിക്ക്..

നിന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍
നീ അടച്ചു വെച്ചിരിക്കുന്ന
നിന്‍റെ ചിന്തകളറിയാന്‍..

രാഹുവും കേതുവും
ഗുണിച്ചും ഹരിച്ചും
നിന്‍റെ മനസ്സിനെ
നിന്‍റെ പ്രശ്നങ്ങളെ
എന്നിലേക്ക് ആവാഹിച്ചെടുക്കണം..

കവടി നിരത്തി
നിന്‍റെ മുഖത്തേയ്ക്ക് നോക്കി
നിന്‍റെ മനസ്സ് വായിച്ച്
നിന്‍റെ ആധികളറിയണം...

ജ്യോത്സ്യനാവണമെനിക്ക്,,,

ആയതിനാല്‍

എന്‍റെ ഓരോ ചോദ്യങ്ങളും 
നിന്‍റെ സ്വാതന്ത്ര്യത്തിന്‍മേല്‍ 
വീഴുന്ന വിലങ്ങുകളായിരുന്നു..

നിന്നെ അറിയാന്‍ 
ഞാന്‍ ചോദിച്ചതൊക്കെയും 
നിനക്ക് അലോസരങ്ങളായിരുന്നു..

ആയതിനാല്‍,
ഇനി ചോദ്യങ്ങളുണ്ടാവില്ല
ഉത്തരങ്ങളില്ലാത്തത് കൊണ്ടുതന്നെ...


ജാരന്‍

ഒരു പച്ചിലപ്പാമ്പായ്‌
നിന്‍റെ
കാട്ടുവള്ളികളിൽ
പടർന്നുകയറണമെനിക്ക്‌..

നീയേത്‌
ഞാനേതെന്ന്,

ഞാൻ നിന്നിലുണ്ടെന്ന്,
ഒരാള്‍ പോലും
തിരിച്ചറിയാതെ...

മുലകള്‍

മുലകളിൽ
കാമം മാത്രം
കാണുന്നവൻ

മുലകളിൽ
മാതൃത്വം മാത്രം
കാണുന്നവൻ

രണ്ടും
ഒരേതൂവൽപ്പക്ഷികൾ..

പുരുഷാധിപത്യത്തിന്‍റെ ചുവന്ന വഴികള്‍

നിനക്ക് വേണ്ടി ഞാന്‍ രക്തം ചൊരിയാം
പകരം നീ എന്‍റെ പെണ്ണാകുക
എന്ന് പറഞ്ഞു അവന്‍ പ്രണയമായ്
നിന്നില്‍ അധികാരം സ്ഥാപിച്ചു..

നിന്‍റെ കന്യാചര്‍മ്മം അവനു വേണ്ടി
കാത്തുസൂക്ഷിക്കാന്‍
നീ ബാധ്യസ്ഥയാണെന്ന്‍
അവന്‍ നിന്നെ തെറ്റിദ്ധരിപ്പിച്ചു..

അവന്‍റെ കിടക്കവിരി ചുവപ്പിക്കാന്‍
നീ കാത്തു സൂക്ഷിക്കേണ്ട
വിശുദ്ധിയില്‍ അവന്‍
നിന്നെ തളച്ചിട്ടു, നിന്‍റെ സ്വാതന്ത്ര്യത്തെയും..

ആര്‍ത്തവരക്തത്തിന്‍റെ നാളുകള്‍
തൊട്ടുകൂടായ്മയുടെതാക്കിയപ്പോള്‍
അപകര്‍ഷതയോടെ ഉള്‍വലിഞ്ഞ
നിന്നെ, അവന്‍ പാര്ശ്വവല്‍ക്കരിച്ചു..

പെണ്ണെ, നിന്‍റെയും അവന്‍റെയും രക്തം
നിന്നില്‍ ആധിപത്യം നേടാന്‍
അവന്‍ തിരഞ്ഞെടുത്ത, ഒരു വളഞ്ഞ,
ചുവന്ന വഴിയായിരുന്നു...!!! —

ലേബലുകള്‍

തറവാടിത്തം
--------------------
ആഭിജാത്യവും കുലമഹിമയുമുള്ള
തറവാട്ടില്‍ പിറന്ന
എട്ടുവീട്ടുകാരനായ പുരുഷന്‍,
വീട്ടുപണിക്കാരി മാണിക്യത്തിന്‍റെ
കൈകളുടെ പാടും കവിളില്‍ പേറി
ഉമ്മറക്കോലായില്‍
അന്തസ്സോടെ വിരിഞ്ഞിരിക്കുന്നു..
മാതാപിതാക്കളെ
വൃദ്ധസദനത്തിലേയ്ക്ക്‌
എടുത്തെറിഞ്ഞ ആശ്വാസത്തോടെ..

കുലട
-----------
അന്തിമയങ്ങിയപ്പോള്‍
അരിയും പച്ചക്കറികളുമായി
വീട്ടിലെത്തി
ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്ക്‌
കഞ്ഞിവെച്ചു കൊടുത്ത്
ഒറ്റമുറിയിലെ കട്ടിലില്‍
അവരെ കിടത്തി
കുഞ്ഞുങ്ങളോടൊപ്പം
തറയില്‍ കിടന്ന്
ചുമരില്‍ മാലയിട്ടു തൂക്കിയ
ഭര്‍ത്താവിന്‍റെ ചിത്രത്തിലേക്ക് നോക്കി
നെടുവീര്‍പ്പിട്ടു
തളര്‍ന്നു കിടന്നുറങ്ങുന്ന മാണിക്യം..

പാരമ്പര്യം
-------------------
പാതിരാവില്‍
മാണിക്യത്തിന്‍റെ വീടിന്‍റെ
അടുക്കളവാതില്‍ തുറന്ന്
അകത്തുകയറിപ്പോള്‍
ഇറങ്ങിപ്പോടാ നായെ
എന്ന അലര്‍ച്ചയ്ക്കിടെ
ഉടുമുണ്ടും കുത്തിപ്പിടിച്ച്
എട്ടുവീട്ടിലെ
ഇളയസന്തതിയുടെ ഓട്ടം..

വളര്‍ച്ച

മനുഷ്യനാകുന്നത്‌
അഥവാ
യുക്തിവാദിയാകുന്നത്‌
ഒരു നിരന്തരപ്രക്രിയയിലൂടെയാണു..

താൻ നായരാണെന്ന്
താൻ തീയനാണെന്ന്
താൻ പുലയനാണെന്ന്
താൻ സുന്നിയാണെന്ന്
താൻ മുജാഹിദാണെന്ന്
താൻ കത്തോലിക്കനാണെന്ന്
താൻ ഓർത്തഡോക്സുകാരനെന്ന്
താൻ പ്രൊട്ടസ്റ്റന്റുകാരനെന്ന്
വിശ്വസിച്ച്‌ ജീവിതം തുടങ്ങുന്നവർ

ബൗദ്ധികപരമായി അൽപ്പം
വളർച്ച നേടുമ്പോൾ
കുറച്ചുകൂടി
വിശാലമായി ചിന്തിക്കുന്നു..

താൻ ഹിന്ദുവാണെന്ന്
താൻ മുസ്ലിമാണെന്ന്
താൻ ക്രിസ്ത്യാനിയാണെന്ന്
ചിന്തിച്ച്‌ തുടങ്ങുമ്പോൾ
അവന്റെ മനസ്സിലെ
ദുഷിച്ച ജാതിചിന്തകൾ
തൂത്തെറിയപ്പെടുന്നു..

അവിടെ ചിന്തിച്ച്‌ നിർത്താതെ
താൻ മനുഷ്യനാണെന്ന്
താൻ മനുഷ്യൻ മാത്രമാണെന്ന്
മറ്റുള്ളവർ തന്നെപ്പോലെ
മനുഷ്യന്മാരാണെന്ന്
ജാതികളും മതങ്ങളും
അവ സൃഷ്ടിച്ച ദൈവങ്ങളും
വെറും മിഥ്യകളാണെന്ന്
ചിന്തിച്ചു തുടങ്ങുന്നിടത്ത്‌
അവൻ യുക്തിവാദിയാകുന്നു..

വർണഭേദമില്ലാത്ത
ജാതിഭേദമില്ലാത്ത
മതഭേദമില്ലാത്ത
വെറും പച്ചമനുഷ്യൻ..

മനുഷ്യനാകുന്നത്‌
അഥവാ
യുക്തിവാദിയാകുന്നത്‌
ബൗദ്ധികമായ
വളർച്ചയിലൂടെയാണു..!!

മനുഷ്യനിൽ നിന്നും
മതങ്ങളിലേക്കും
ജാതികളിലേക്കും
ഉപജാതികളിലേക്കും
ഒതുങ്ങി
പടവലങ്ങ പോലെ വളരാതെ

വിശാലമാവട്ടെ
യുക്തിപരമാവട്ടെ
ബുദ്ധിപരമാവട്ടെ
നമ്മുടെ വളർച്ച..!!

ലിംഗവിശപ്പിന്‍റെ ബാക്കിപത്രം

കവി അത് ചോദിച്ചപ്പോള്‍
-----------------------------------------

ഒന്ന് പണിയാൻ തരുമോ എന്ന്
അവളോട്‌ ചോദിക്കാൻ
ഒരവസരം
നോക്കിയിരിക്കുകയായിരുന്നു ഞാൻ..
ഇടവഴികളിൽ ,ബസ്‌ സ്റ്റോപ്പുകളിൽ
എല്ലാം ഞാനവളെ പിന്തുടർന്നു..

ഒടുവിലൊരുനാൾ
ബസ്സിലെ തിരക്കിൽ തൊട്ടുരുമ്മി
അവളെ കിട്ടിയപ്പോൾ
അവളുടെ നിതംബത്തോട്‌
ഒട്ടിയും ഉരസിയും നിന്നു..
ബസ്സിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോൾ
അവളുടെ കുറുകെക്കയറി നിന്ന്
കൈയിൽ കയറിപ്പിടിച്ച്‌ ചോദിച്ചു
ഒന്നു പണിയാൻ തരുമോ,
വരുന്നോ വീട്ടിലേയ്ക്ക്‌..!!

അവളുടെ മറുപടി
---------------------------

വലംകൈ കൊണ്ടെന്‍റെ
കവിളിൽ ചിത്രം വരച്ചിട്ട്‌
എന്‍റെ കൈ മെല്ലെപ്പിടിച്ചുമാറ്റി
ശാന്തയായി അവൾ പറഞ്ഞു..

ഹേ, വേട്ടക്കാരാ
നിന്‍റെ ലിംഗവിശപ്പടക്കാൻ
വേട്ടയാടിപ്പിടിച്ച്‌
ഭക്ഷിക്കാനും ഭോഗിക്കാനുമുള്ള
മാംസപിണ്ഡമല്ല ഞാൻ..

'ചരക്ക്‌'വൽക്കരിച്ച മാംസപിണ്ഡങ്ങളനേകം
ചുവന്ന തെരുവുകളിലെ
മാംസക്കടകളിൽ
നിരനിരയായി തൂങ്ങുന്നുണ്ട്‌..
നിന്റേതുൾപ്പെടെ ഉദ്ധരിച്ച ലിംഗങ്ങളുടെ
വിശപ്പ്‌ തീർക്കാനറുക്കപ്പെട്ട
ബലിമൃഗങ്ങൾ..
വിലപേശി വാങ്ങിക്കൊൾക
ഇരയാകാനും കിതച്ചോടാനും
എനിക്കിനി വയ്യ.. മനസ്സുമില്ല..
എന്നെ വെറുതെ വിടുക ..!!