തറവാടിത്തം
--------------------
ആഭിജാത്യവും കുലമഹിമയുമുള്ള
തറവാട്ടില്‍ പിറന്ന
എട്ടുവീട്ടുകാരനായ പുരുഷന്‍,
വീട്ടുപണിക്കാരി മാണിക്യത്തിന്‍റെ
കൈകളുടെ പാടും കവിളില്‍ പേറി
ഉമ്മറക്കോലായില്‍
അന്തസ്സോടെ വിരിഞ്ഞിരിക്കുന്നു..
മാതാപിതാക്കളെ
വൃദ്ധസദനത്തിലേയ്ക്ക്
എടുത്തെറിഞ്ഞ ആശ്വാസത്തോടെ..
കുലട
-----------
അന്തിമയങ്ങിയപ്പോള്‍
അരിയും പച്ചക്കറികളുമായി
വീട്ടിലെത്തി
ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്ക്
കഞ്ഞിവെച്ചു കൊടുത്ത്
ഒറ്റമുറിയിലെ കട്ടിലില്‍
അവരെ കിടത്തി
കുഞ്ഞുങ്ങളോടൊപ്പം
തറയില്‍ കിടന്ന്
ചുമരില്‍ മാലയിട്ടു തൂക്കിയ
ഭര്‍ത്താവിന്‍റെ ചിത്രത്തിലേക്ക് നോക്കി
നെടുവീര്‍പ്പിട്ടു
തളര്‍ന്നു കിടന്നുറങ്ങുന്ന മാണിക്യം..
പാരമ്പര്യം
-------------------
പാതിരാവില്‍
മാണിക്യത്തിന്‍റെ വീടിന്‍റെ
അടുക്കളവാതില്‍ തുറന്ന്
അകത്തുകയറിപ്പോള്‍
ഇറങ്ങിപ്പോടാ നായെ
എന്ന അലര്‍ച്ചയ്ക്കിടെ
ഉടുമുണ്ടും കുത്തിപ്പിടിച്ച്
എട്ടുവീട്ടിലെ
ഇളയസന്തതിയുടെ ഓട്ടം..
No comments:
Post a Comment