6 Feb 2014

മരുന്നിന്‍റെ മണമുള്ള ഓര്‍മ്മകള്‍ -2

ഏതാണ്ട് രണ്ടാഴ്ചയോളം വേണ്ടി വന്നു ബി പി ഒക്കെ നോര്‍മല്‍ ആയി അച്ഛന്‍ ഓപ്പറേഷന് സജ്ജമാകാന്‍. ഞങ്ങളെക്കാള്‍ മുന്നേ വന്നവര്‍ ഇപ്പോഴും ഓപ്പറേഷന്‍ കാത്തു കഴിയുന്നതും ഞങ്ങള്‍ക്ക് ശേഷം വന്നവര്‍ ഓപ്പറേഷന്‍ കഴിഞ്ഞു സുഖമായി പോയതും ഒക്കെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഓപ്പറേഷന്റെ ദിവസം അടുത്തപ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടി ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ധൈര്യം നല്‍കുന്ന ആള്‍ കിടപ്പിലാകുമ്പോള്‍ തോന്നുന്ന ആ സുരക്ഷിതത്വമില്ലായ്മ.

പക്ഷെ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാം സാന്നിധ്യവും, ഒരു കൈ അകലത്തില്‍ എന്തും കിട്ടുന്ന അന്തരീക്ഷവും അച്ഛന്‍റെ കൂസലില്ലായ്മയും ആയപ്പോള്‍ എവിടെ നിന്നൊക്കെയോ ധൈര്യം കിട്ടിത്തുടങ്ങിയിരുന്നു. ഓപ്പറേഷനോട് അടുപ്പിച്ച്  എക്സ് പ്രണയിനി എന്നോ പ്രണയിനി എന്നോ വിശേഷിപ്പിക്കാവുന്ന അവള്‍ വിളിച്ചു. കുറെ കാലത്തിനു ശേഷം ആദ്യമായും അവസാനമായും കുറെ നേരം സംസാരിച്ചു. ശരിക്കും അതൊരു ധൈര്യം ആയിരുന്നു. ഒരു ആശ്വാസം പോലെ. നമ്മള്‍ ഇഷ്ടപ്പെടുന്നവരോട് മനസ്സ് തുറന്നു സംസാരിച്ചാല്‍, അവരുടെ അടുത്ത് നിന്ന് ഒക്കെ ശരിയാവും ഡാ എന്നൊരു വാക്ക് കേട്ടാല്‍ തന്നെ പലപ്പോഴും നമുക്കൊരു ധൈര്യം കിട്ടും. ഇത്തരം അവസരങ്ങളില്‍ മാത്രമല്ല. സില്ലി ആണെന്ന് തോന്നുന്ന ചില ഫ്രസ്ട്രെഷന്‍സ്‌ അനുഭവിക്കുമ്പോഴും നമുക്ക് ആരോടെങ്കിലും മിണ്ടാന്‍ തോന്നും. ചിലതൊക്കെ നമ്മളെ ശ്രദ്ധിക്കുന്നു എന്ന് തോന്നുന്നവരുമായി പങ്കിട്ടാല്‍ കിട്ടുന്ന ഊര്‍ജ്ജം വളരെ വലുതാണ്‌.

ശരിക്കും എല്ലാവര്‍ക്കും ഓപ്പറേഷന്റെ അന്നാണ് ടെന്‍ഷന്‍ ഉണ്ടാവേണ്ടത്. പക്ഷെ എനിക്ക് നേരെ തിരിച്ചായിരുന്നു. ഓപ്പറേഷന്റെ അന്ന് ഞാന്‍ തികച്ചും നോര്‍മല്‍ ആയിരുന്നു. അധികം ടെന്‍ഷന്‍ ഒന്നും എന്നെ അലട്ടിയില്ല. നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുപോലെ തന്നെ യാതൊരു ബുദ്ധിമുട്ടുകളും വെപ്രാളങ്ങളും ഉണ്ടാകാതെ ഓപ്പറേഷനും കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റി. പക്ഷെ അനസ്ത്യഷ്യുടെ ഒക്കെ പരിണിതഫലമായി ബോധം തീരെ ഇല്ലായിരുന്നു കുറച്ചു സമയം. ഞരങ്ങുകയും മൂളുകയും ഒക്കെ ചെയ്യും. അതുകണ്ട് നില്‍ക്കാന്‍ കുറച്ചു പ്രയാസമാണ്. കാരണം ഞാന്‍ അച്ഛനെപ്പേടിയുള്ള കൂട്ടത്തില്‍ ആയിരുന്നു. വീട്ടില്‍ അധികസമയവും അച്ഛന്റെ മുന്നില്‍ പെടാതെ കഴിയും. ഒരു നോട്ടം നോക്കിയാല്‍ ദഹിച്ചു പോകുന്ന ടൈപ്പ്‌ ബോഡി ലാംഗ്വെജും മറ്റും ആയിരുന്നു അച്ഛന്. ദേഷ്യപ്പെടുമ്പോള്‍ നല്ലപോലെ ഒച്ച ഉയര്‍ത്തി സംസാരിക്കും. മുഖമൊക്കെ ചുവന്ന് വരും. അനിയത്തിയെക്കാളും അമ്മയെക്കാളും എനിക്കായിരുന്നു പേടി. പക്ഷെ ഇതുവരെ തല്ലിയിട്ടുമില്ല.  തല്ലിയെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്. എന്തെങ്കിലും തെറ്റ് ചെയ്‌താല്‍ നമ്മളെ ഓടിച്ചിട്ട്‌ നാല് അടി അടിച്ചാല്‍ കഴിഞ്ഞല്ലോ എന്ന് വിചാരിക്കും. പക്ഷെ അച്ഛന്‍ അങ്ങനെ ആയിരുന്നില്ല. നമ്മളെ മുള്‍മുനയില്‍ നിര്‍ത്തും. ഇപ്പൊ ചോദിക്കും ചോദിക്കും എന്ന് വിചാരിക്കുന്ന അവസരങ്ങളില്‍ ഒന്നും ചോദിക്കില്ല. അപ്രതീക്ഷിതമായാണ് ചോദ്യം വരിക. എത്ര കള്ളങ്ങള്‍ മനസ്സില്‍ ആവര്‍ത്തിച്ചു ഉറപ്പിച്ചാലും ഒടുവില്‍ ആ ചോദ്യം കേള്‍ക്കുമ്പോള്‍ സത്യം തന്നെ പറഞ്ഞു പോകും. പിന്നെ കുറച്ചു ചീത്തയും പറഞ്ഞു ഗുണദോഷിച്ചു വിടും. പക്ഷെ അതിനു ശേഷമുള്ള ശാന്തതയാണ് ഏറ്റവും അസഹനീയം. വേറെ ഒരു കാര്യവും ചോദിക്കില്ല. കണ്ടാല്‍ ചന്തയില്‍ കണ്ട പരിചയം പോലും കാണിക്കില്ല.. അങ്ങനെ ആദ്യം വയലന്റ് ആയി പിന്നീട് സയലന്റ്റ്‌ ആയി ശിക്ഷിക്കുന്ന ഒരു രീതിയായിരുന്നു അച്ഛന്.

ആ ആളാണ്‌ ഇങ്ങനെ കിടക്കുന്നത് എന്ന് വിശ്വസിക്കാന്‍ പോലും മനസ്സൊന്നു മടിച്ചു. അച്ഛാ എന്ന് പോലും മുഖത്ത് നോക്കി അധികം വിളിച്ചിട്ടില്ലാത്ത, അധിക നേരം കൂടെ ഇരിക്കാത്ത ഞാന്‍ ശരിക്കും ആ സമയത്ത് ഒരു അപരിചിതനെ പോലെ ആയിരുന്നു അവിടെ നിന്നിരുന്നത്. എന്ത് ചെയ്യണം എന്നറിയാതെ. എങ്ങനെ ശുശ്രൂഷിക്കണം എന്നറിയാതെ. രണ്ടു പതിറ്റാണ്ടുകള്‍ എനിക്ക് തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പകരമായി എനിക്ക് കിട്ടിയ ഒരു അവസരം ആണ് ഇതെന്നു എന്‍റെ മനസ്സ് മന്ത്രിച്ചു. ആദ്യത്തെ അമ്പരപ്പ്‌ മാറിയപ്പോള്‍ ശരിക്കും ഒരു കൊച്ചുകുട്ടിയെപ്പോലെ കണ്ടു അമ്മയോടൊപ്പം ഞാനും കൂടി. പൂര്‍ണമായും ഉറങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ട് മയങ്ങുമ്പോള്‍ ഇടയ്ക്കിടയ്ക്ക് തട്ടി വിളിച്ച് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. സത്യത്തില്‍ പേടിയില്ലാതെ ഞാന്‍ എന്തെങ്കിലും അച്ചന്റെ മുഖത്ത് നോക്കി സംസാരിചിട്ടുണ്ടെങ്കില്‍ അത് അപ്പോഴായിരുന്നു. അതിനു മുന്‍പും അതിനു ശേഷവും അങ്ങനെ ഉണ്ടായിട്ടില്ല. രണ്ടു ദിവസത്തോളം ഒരിടത്തും പോകാതെ കൂടെ നിന്നു. ഒടുവില്‍ ഒരുവിധം ഒക്കെ നോര്‍മല്‍ ആയപ്പോള്‍ ആണ് ഞാന്‍ ആ പരിസരത്ത് നിന്നു അല്‍പ്പം വലിഞ്ഞു തുടങ്ങിയത്. കാരണം ആ കണ്ണുകളില്‍ നോക്കി സംസാരിക്കാനുള്ള മടി തന്നെ. പെട്ടെന്ന് തന്നെ അച്ഛന്‍ ആരോഗ്യം വീണ്ടെടുക്കാന്‍ തുടങ്ങുകയും അങ്ങനെ നാലഞ്ചു ദിവസത്തിന് ശേഷം എണീറ്റ്‌ നടക്കാവുന്ന സ്ഥിതിയാവുകയും ചെയ്തു. അധികം താമസിയാതെ  വീട്ടില്‍ പോകാനും പറ്റി. ഒരു മാസത്തെ കമ്പ്ലീറ്റ്‌ ബെഡ് റസ്റ്റ്‌ ആയിരുന്നു പറഞ്ഞിരുന്നത്. ഇടയ്ക്ക് ഒന്നുരണ്ടു വട്ടം ചില ചെറിയ ചെറിയ പ്രശ്നങ്ങള്‍ മൂലം വീണ്ടും ഡോക്ടറെ കാണേണ്ടി വന്നെങ്കിലും  ഇപ്പോള്‍ ആളു പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നു.  ഞാന്‍ ഇങ്ങ് മണലാരണ്യത്തിലേക്ക് പോരുകയും ചെയ്തു. പോരുന്നതിനു മുന്നേ എന്നെ ഒന്ന് കെട്ടിപ്പിടിച്ചിരുന്നു. അപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. എത്രയോ വട്ടം മാസങ്ങളോളം  വീട്ടില്‍ നിന്നും പിരിഞ്ഞു താമസിച്ചിട്ടും ഒന്നും ഇല്ലാത്ത ആ കണ്ണീര്‍ എന്തിനെന്ന് എനിക്ക് ഊഹിക്കാം. നേരിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും ഞങ്ങളുടെ മനസ്സുകള്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചിരുന്നു.  അല്ലെങ്കിലും വികാരങ്ങള്‍ പങ്കു വെക്കാന്‍ ഭാഷ വേണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. ഒരു തലോടലില്‍, ഒരു ചുംബനത്തില്‍, ഒരു നോട്ടത്തില്‍ എല്ലാം നമുക്ക് ആശയവിനിമയം നടത്താം.

ആശുപത്രിയിലെ ഒരു അനുഭവം കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ത്തിയാവില്ല. യൂറോളജി വാര്‍ഡില്‍ ഞങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് ഓപ്പറേഷന് അഡ്മിറ്റ്‌ ആയ, അല്‍പ്പം പ്രായമായ ഒരാള് ഉണ്ടായിരുന്നു. പുള്ളിയുടെ കൂടെ ഭാര്യയായിരുന്നു ഉണ്ടായിരുന്നത്. ഓപ്പറേഷന് കൊണ്ട് വന്ന ആളെ പോലെ തന്നെ അവശ ആയിരുന്നു ഭാര്യയും. പക്ഷെ രണ്ടു പേരെ കാണാനും നല്ല ഭംഗി ആയിരുന്നു. ഗതകാല പ്രൌഡിയുടെ ഓര്‍മ്മകള്‍ അവരുടെ കണ്ണുകളില്‍ കാണാമായിരുന്നു. പ്രേമിച്ചു വിവാഹം കഴിച്ചതായിരിക്കുമോ എന്നൊക്കെ ഞാന്‍ ഇങ്ങനെ ആലോചിക്കുമായിരുന്നു. ബന്ധുക്കളെയൊക്കെ പിണക്കി. കാരണം അവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ഒരു നഴ്സ് ആയിരുന്നു അവര്‍ക്ക് മരുന്ന് വാങ്ങി കൊണ്ട് കൊടുത്തതും ഭക്ഷണം വാങ്ങി കൊണ്ട് കൊടുത്തതുമൊക്കെ. ഞങ്ങള്‍ വിചാരിച്ചിരുന്നത് അത് അവരുടെ മകളുടെ മകളോ ഏതെങ്കിലും ബന്ധുവോ ഒക്കെ ആണെന്നായിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും വന്നു നോക്കി അഞ്ചു മിനുട്ട് ഇരുന്നിട്ട് പോകുന്ന  ഒന്നോ രണ്ടോ ബന്ധുക്കള്‍ അല്ലാതെ വേറെ സന്ദര്‍ശകര്‍ ആരും വന്നില്ല. ആദ്യത്തെ ഒന്നുരണ്ടു ദിവസങ്ങളില്‍ ഞങ്ങള്‍ സംസാരിക്കാനും പോയില്ലായിരുന്നു. ആ നഴ്സ് വാങ്ങിക്കൊണ്ടു കൊടുക്കുന്ന ഭക്ഷണവും മരുന്നും ഒക്കെ ഭര്‍ത്താവിനെ കൊണ്ട് കഴിപ്പിക്കുന്നതില്‍ അതീവശ്രദ്ധയായിരുന്നു അവര്‍ പുലര്‍ത്തിയിരുന്നത്. സ്നേഹത്തോടെയും ചിലപ്പോള്‍ ശാസിച്ചും അവര്‍ അടുതങ്ങനെ ഇരിക്കും. അത് കാണുമ്പോള്‍ അവരുടെ യൌവ്വനകാലം എത്ര സുന്ദരമായിരിക്കും എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അതോ യൌവ്വനത്തില്‍ കൊടുക്കാന്‍ കഴിയാത്ത സ്നേഹം ഇപ്പോള്‍ ജീവിതസായന്തനത്തില്‍ കൊടുക്കുന്നതാകുമോ?

ഞാന്‍ സാധാരണ ഉറങ്ങാന്‍ രണ്ടും മൂന്നും മണി ഒക്കെ ആകും. ഒന്നുകില്‍ ഫേസ്ബുക്കിലും മറ്റും നോക്കി ഇരിക്കും. അല്ലെങ്കില്‍ വീട്ടില്‍ നിന്നു കൊണ്ട് വന്ന എന്തെങ്കിലും പുസ്തകങ്ങള്‍ വായിച്ചു ഇരിക്കും അതും അല്ലെങ്കില്‍ മൊബൈലില്‍ പാട്ട് കേട്ടോ സിനിമ കണ്ടോ ഇരിക്കും. പക്ഷെ ഞാന്‍ ഉറങ്ങാന്‍ പോകുമ്പോഴും അവര്‍ ഉറങ്ങാതിരിക്കുന്നത് ഞാന്‍ ഒരു വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്. അവിടെ ഏറ്റവും അവസാനം ഉറങ്ങുന്ന ആളു ഞാനായിരുന്നു. അത് ഇപ്പോള്‍ അവര്‍ക്കായിരിക്കുന്നു. എപ്പോഴാണ് ഉറങ്ങുന്നതെന്ന് യാതൊരു പിടിയും കിട്ടിയിരുന്നില്ല. രാവിലെ ഞാന്‍ എനീക്കുന്നതിനു മുന്‍പേ എണീറ്റ്‌ ഇരിപ്പുണ്ടാകും. അമ്മയോട് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത് അമ്മയെക്കാളും മുന്‍പേ എഴുന്നേറ്റിട്ടുണ്ട് എന്നായിരുന്നു. ഇവര്‍ ഉറങ്ങാരില്ലേ എന്ന് പോലും ഞാന്‍ സംശയിച്ചു. വേറൊന്നും ചെയ്യാതെ ഭര്‍ത്താവിനോട് സംസാരിച്ചും ചിലപ്പോഴൊക്കെ നിര്‍ന്നിമേഷയായി നോക്കി നിന്നും ചിലപ്പോള്‍ നെറ്റിയില്‍ അതിലോലമായി തഴുകിയും ചിലപ്പോള്‍ ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കിയും അവര്‍ അങ്ങനെ ഇരിക്കും.

ഡ്യൂട്ടി കഴിഞ്ഞു പോയാല്‍ ഡ്രസ്സ്‌ ഒക്കെ മാറ്റി വന്നു ഇടയ്ക്കിടയ്ക്ക് ആ ഭര്‍ത്താവിനെയും ഭാര്യയെയും നോക്കുന്ന ആ നഴ്സ് ആരെന്നറിയാന്‍ നല്ല കൌതുകം ഉണ്ടായിരുന്നു, എന്തായാലും അടുത്ത ബന്ധു ആവാതെ തരമില്ല. ആളു ചെറുപ്പമാണ്. മകള്‍ അല്ല. മകളുടെ മകള്‍ ആണെങ്കില്‍ ആ മകള്‍ എന്താണ് വരാത്തത് എന്ന് ചിന്തിച്ചു.  മകളുടെയോ മകന്റെയോ മകള്‍ക്ക് ഉള്ള സ്നേഹം പോലും മക്കള്‍ക്ക് ഇല്ലാതാവുമോ? ഇങ്ങനെയൊക്കെ ചിന്തിച്ചു ചിന്തിച്ചു അവരുടെ അടുത്ത് പോയി ചോദിച്ചാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ അമ്മ വീട്ടില്‍ പോയിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പെണ്ണുങ്ങളുടെ കമ്പിയില്ലാക്കമ്പി വഴി വാര്‍ത്ത കിട്ടാന്‍ വഴി ഇല്ലായിരുന്നു. എനിക്കാണേല്‍ ചോദിക്കാനും മടി. ഒടുവില്‍ അമ്മ വന്ന ശേഷം ആണ് സംഭവങ്ങള്‍ അറിഞ്ഞത്. പുള്ളിക്കാരന്‍ ഗള്‍ഫില്‍ ആയിരുന്നു ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും. ആകെ ഒരു മകള്‍ ആണ് ഉള്ളത്. മകളും മകളുടെ ഭര്‍ത്താവും കൂടി ആയിരുന്നു വീട് നോക്കിയിരുന്നത്. കാശൊക്കെ കൈകാര്യം ചെയ്തിരുന്നത് അവര് തന്നെ ആയിരുന്നു. ഒടുവില്‍ ഗള്‍ഫ്‌ വാസം ഒക്കെ അവസാനിപ്പിച്ചു പുള്ളി വീട്ടില്‍ വന്നപ്പോഴേക്കും കാശൊക്കെ മകളുടെ ഭര്‍ത്താവിന്‍റെ പേരിലായിരുന്നു. എന്തിനേറെ വീട് അടക്കം പണയം വെച്ച് ലോണ്‍ എടുത്തിരുന്നു. കാറ് അവര് കൊണ്ട് പോയി. ഇതിന്റെ പേരില്‍ പലവട്ടം വാക്ക് തര്‍ക്കം ഉണ്ടായെങ്കിലും ഒന്നും തിരിച്ചു കൊടുക്കാനോ എന്തിനു അവരെ തിരിഞ്ഞൊന്നു നോക്കാനോ പോലും മകളും മരുമകനും തയ്യാറായില്ല എന്ന് മാത്രമല്ല കുറച്ചു മാസങ്ങള്‍ക്ക് ശേഷം അവര്‍ ആസ്ട്രേലിയയിലേക്ക് പോകുകയും അവിടെ മകളുടെ ഭര്‍ത്താവിന്‍റെ അനിയന്‍റെ കൂടെ സെറ്റില്‍ഡ് ആകുകയും ചെയ്തു. ഒടുവില്‍ വീട്  ജപ്തി ചെയത് കഴിഞ്ഞ ശേഷം ഉണ്ടായിരുന്ന സമ്പാദ്യം എല്ലാം നുള്ളിപ്പെറുക്കി അവര്‍ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. പഴയ ചില സുഹൃത്തുക്കള്‍ ഒക്കെ സഹായിച്ചു ഒരു ചെറിയ ജോലിയും ചെയ്തു വരികയായിരുന്നു. അതിനിടയ്ക്കായിരുന്നു മൂത്രസംബന്ധമായ അസുഖം വന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും.

അപ്പോള്‍ ആ നഴ്സ് ആരെന്നായി എന്‍റെ ആകാംക്ഷ. ആ നഴ്സിനെ ആദ്യമായി കാണുന്നത് അവിടെ പരിശോധനകള്‍ക്കായി വന്നപ്പോള്‍ ആണെന്നും വീഴാന്‍ പോയ അദ്ദേഹത്തെ താങ്ങിപ്പിടിക്കാനും പിന്നീടും മരുന്നുകള്‍ വാങ്ങാന് ആ ദിവസം മുഴുവന്‍ ജോലിക്കിടയില്‍ നഴ്സ് കൂടെ ഉണ്ടായിരുന്നുവെന്നും ആ പരിചയം വളര്‍ന്നാണ് ഇങ്ങനെ ആയതെന്നും അറിഞ്ഞ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടു പോയിരുന്നു. ഇത്രയും കാലം പോറ്റി വളര്‍ത്തിയ മക്കള്‍ പോലും മാതാപിതാക്കളെ അവഗണിക്കുമ്പോള്‍ തന്റെ ആരുമല്ലാതിരുന്നിട്ടും ജോലിക്ക് ശേഷവും അവരുടെ കൂടെ നിന്ന ആ നഴ്സിനോട് ബഹുമാനം ആണോ ആരാധനയാണോ തോന്നിയത് എന്ന് ഇപ്പോഴും തിരിച്ചറിയാനാവുന്നില്ല. കോഴിക്കോടിന്‍റെ സഹൃദയത്വം മുഴുവന്‍ കിട്ടിയിരിക്കുന്നത് ആ അവര്‍ക്കാണോ എന്ന് പോലും തോന്നിപ്പോയി.

ഇതൊക്കെ അറിഞ്ഞ ശേഷം ഞങ്ങളും മറ്റുള്ളവരും ഒക്കെ അവരുമായി കൂടുതല്‍ അടുത്തു. ഭക്ഷണവും മരുന്നും ഒക്കെ വാങ്ങാന്‍ എല്ലാവരും സഹായിച്ചു. ശരിക്കും പിന്നീട് ആ നഴ്സിന് നോക്കേണ്ടി വരാത്ത വിധത്തില്‍ എല്ലാവരും അവരുടെ കാര്യത്തിലും ഒരു ശ്രദ്ധ ചെലുത്തിയിരുന്നു. ഇപ്പോള്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റുമായി സാമ്പത്തികസഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ആകെ കൂട്ടിനു ആരും ഇല്ലാത്ത വിഷമം മാത്രമാണ് ഉള്ളതെന്നും അവര്‍ പറഞ്ഞപ്പോള്‍ കടുത്ത നിരാശ ആ കണ്ണുകളില്‍ തളം കെട്ടി നിന്നിരുന്നു. മക്കള്‍ക്ക്‌ എങ്ങനെയാണ് ഇത്രയും വലിയ ദ്രോഹം സ്വന്തം മാതാപിതാക്കളോട് ചെയ്യാന്‍ കഴിയുന്നത് എന്ന് അവരുടെ കണ്ണുകള്‍ ചോദിക്കുന്നത് പോലെ തോന്നി. അപ്പോള്‍ അച്ഛനെ ഒന്ന് കൂടി നെഞ്ചോട്‌ ചേര്‍ക്കാന്‍ തോന്നിപ്പോയി..

ഞങ്ങള്‍ അവിടുന്ന് ഡിസ്ചാര്‍ജ് ആയി വരുമ്പോഴും അവര്‍ അവിടെ ഉണ്ടായിരുന്നു.  എനിക്കുറപ്പായിരുന്നു. അവിടെയുള്ള എല്ലാവരും ആ നഴ്സും അവരെ പൊന്നുപോലെ നോക്കുമെന്ന്. അവര്‍ അത് അര്‍ഹിച്ചിരുന്നു. തങ്ങളുടെ യൌവ്വനം മക്കള്‍ക്കായി ഹോമിച്ചു ജീവിത സായന്തനത്തില്‍ അല്‍പ്പം വിശ്രമിക്കാന്‍ പോലും അനുവദിക്കാത്ത ലോകം അവരോടു അത്രയെങ്കിലും കരുണ കാട്ടേണ്ടിയിരുന്നു. അവര്‍ക്ക് നല്ലത് വരട്ടെ എന്ന് മാത്രം ആശിക്കുന്നു.


5 comments:

  1. ഇങ്ങനെയൊക്കെ എഴുതാനും അറിയാമല്ലേ ? കൊള്ളാം..

    ReplyDelete
    Replies
    1. ഇടയ്ക്കൊന്ന് മാറ്റിപ്പിടിക്കാന്‍ വിദഗ്ധോപദേശം കിട്ടി... ടൈപ്പ്‌ ചെയ്യപ്പെട്ടു പോകാതിരിക്കാന്‍.. :)

      Delete
  2. അസുരവിത്ത്‌22 February 2014 at 08:02

    ഡോ.... ജ്ജി ന്റെ ഡ്യൂപ്പ് ആണ്ടാ. അന്നൊന്നു ഞാന്‍ കെട്ടിപ്പിടിച്ചോട്ടെ?~ :)

    ReplyDelete
    Replies
    1. അയ്ശ്ശേരി ഇജ്ജി മ്മളെ ആളാ? അപ്പൊ എന്നെപ്പോലത്തെ ഏഴുപേരില്‍ രണ്ടാമത്തെ ആളെ കണ്ടുകിട്ടി... ഇനി മ്മക്ക് കെട്ടിപ്പിടിച്ചാളയാം..

      Delete
  3. അസുരവിത്ത്‌26 February 2014 at 07:22

    മ്മളെ 'തറവാട്ടില്‍' വെച്ച് വേണമെങ്കില്‍ ഒന്ന് കെട്ടിപ്പിടിച്ചു 'കൈഫക്‌ ഹബീബീ....' പറയാവുന്നതേയുള്ളൂ.... ;)

    ReplyDelete