25 Feb 2014

അങ്ങാടിയില്‍ സംഗീതം നിറച്ച തുന്നല്‍ക്കാരന്‍

തറമ്മലങ്ങാടി എന്ന എന്‍റെ കൊച്ചുഗ്രാമത്തില്‍ ഒരു ഗ്രാമീണകാഴ്ചയുടെ ചിട്ടവട്ടങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കുറച്ച് കെട്ടിടങ്ങളായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. രണ്ടു ചായപ്പീടികകള്‍, ഒന്ന് രണ്ടു പലച്ചരക്കുകടകള്‍, രണ്ടു വായനശാലകള്‍,  ഒരു ബേക്കറി, ഒരു ബസ്‌സ്റ്റോപ്‌, ഒരു ബാര്‍ബര്‍ഷോപ്പ്, പിന്നെയൊരു ടൈലര്‍ ഷോപ്പും.. അതിനിടയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന കുറച്ച് കെട്ടിടങ്ങളും ഉണ്ടായിരുന്നു. എല്ലാ അങ്ങാടികളെയും പോലെ തന്നെ വൈകുന്നേരമായാല്‍ ഇവയെല്ലാം സജീവമായിത്തുടങ്ങും. സ്കൂള്‍ വിട്ടു വരുന്ന കൊച്ചുകുട്ടികള്‍ മുതല്‍ പണിയും കഴിഞ്ഞു അന്തിക്കള്ള് മോന്തി നാലുകാലില്‍ ആടിയാടി വരുന്ന ആസ്ഥാനകുടിയന്മാര്‍ വരെ അങ്ങാടിയിലെത്തും.

കുടിയന്മാര്‍ അങ്ങാടിയുടെ ഹൃദയസ്പന്ദനങ്ങളില്‍ ഒന്നായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ കുടി തുടങ്ങി എന്ന് പറയപ്പെടുന്ന തെങ്ങ്കയറ്റക്കാരന്‍ ചെക്കിണിയേട്ടനും കൂലിപ്പണിക്കാരന്‍ കണാരേട്ടനും കല്‍പ്പണിക്കാരന്‍ കുഞ്ഞിരാമനും അടക്കമുള്ള കുടിയന്മാര്‍ അങ്ങാടിയില്‍ നിന്നും രണ്ടു രണ്ടര കിലോമീറ്റര്‍ അകലെയുള്ള കള്ളുഷാപ്പില്‍ നിന്നും അന്നത്തെ ക്വോട്ട മോന്തി ഒരു വരവുണ്ട്. വള്ളംകളി മത്സരത്തോടായിരുന്നു ഞങ്ങള്‍ അതിനെ ഉപമിച്ചിരുന്നത്. കാരണം, ഏതാണ്ട് വള്ളംകളിയില്‍ വള്ളങ്ങള്‍ വരുന്നത് പോലെയായിരുന്നു അവരുടെ വരവ്. ചെക്കിണിയേട്ടന്‍ കുറച്ച് നേരം മുന്നിലായിരിക്കും രണ്ടാമത് ഒരു രണ്ടു മീറ്റര്‍ പിന്നിലായി കണാരേട്ടന്‍, അതിനും പിന്നില്‍ അടുത്തോ ഇച്ചിരി ദൂരെയോ ആയി കുഞ്ഞിരാമേട്ടന്‍. റോഡു മുഴുവന്‍ കവര്‍ ചെയ്തു കൊണ്ടായിരിക്കും ഇവരുടെ വരവ്. റോഡിന്റെ രണ്ടു അറ്റങ്ങളിലേക്കുമുള്ള ദൂരമളന്ന്, ടെലിഫോണ്‍ പോസ്റ്റുകളോടും ഇലക്ട്രിക്‌ പോസ്റ്റുകളോടും  കെട്ടിപ്പിടിച്ചു കിന്നാരം പറഞ്ഞ് ആടിയാടി അങ്ങനെ വരും. ഇടയ്ക്ക് ചെക്കിണിയേട്ടന്‍ പോസ്റ്റുകളോട് കിന്നാരം പറഞ്ഞ് കൊഞ്ചിച്ചിരിക്കുമ്പോള്‍ കണാരേട്ടന്‍ മുന്നില്‍ കയറും. കണാരേട്ടന്‍ മൂത്രം ഒഴിക്കാന്‍ സൈഡിലേക്ക് വലിയുമ്പോള്‍ ഏറ്റവും പുറകിലായിരുന്ന കുഞ്ഞിരാമേട്ടന്‍ ഏറ്റവും മുന്നിലാകും. അങ്ങനെ മൂന്നുപേരും അങ്ങാടിയിലെ ഏതെങ്കിലും കടകളുടെ മുന്നിലെ ബെഞ്ചുകളില്‍ ഫിനിഷ്‌ ചെയ്യും.

ഇതൊക്കെ കണ്ടു അങ്ങാടിയില്‍ നില്‍ക്കുന്ന പിള്ളേര്‍ അവരുടെ വീട്ടുപേര് വെച്ച് അതാ കൈതക്കല്‍ ചുണ്ടന്‍ ഒന്നാം സ്ഥാനത്ത് ആണ് ഇപ്പോള്‍ പുളിയങ്ങല്‍ ചുണ്ടന്‍ ഇഞ്ചോടിഞ്ച് പോരാടിക്കൊണ്ട് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമത്‌ ഉള്ള ഈനാരി ചുണ്ടന് ഇവരുടെ ഒപ്പമെത്താന്‍ ഇന്ന് സാധിക്കും എന്ന് തോന്നുന്നില്ല എന്ന മട്ടില്‍ ലൈവ്  കമന്ററി നടത്തും. അങ്ങാടിയില്‍ കൂട്ടച്ചിരി ആയിരിക്കും. തങ്ങള്‍ക്കു ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ അവര്‍ കടകളില്‍ വന്നിരുന്നു വല്ല ബീഡിയോ സിഗരറ്റോ വലിക്കുകയും അന്നത്തെ കഥകള്‍ പറഞ്ഞിരിക്കുകയും ചെയ്യും.

അങ്ങാടിയുടെ കേന്ദ്രസ്ഥാനത്ത് തന്നെ മുകളിലും താഴെയുമായി ആറു മുറികള്‍ ഉള്ള ഒരു വലിയ കെട്ടിടം ഉണ്ടായിരുന്നു. അന്ന് അങ്ങാടിയിലുള്ള ഏകഇരുനിലക്കെട്ടിടം അതായിരുന്നു. അതില്‍ ആകെ ഒരു മുറി മാത്രമാണ് ഉപയോഗിക്കുന്നത്. മുകളിലെ മുറിയിലെ ടൈലര്‍ ഷോപ്പാണത്. അങ്ങാടിയില്‍ രാവിലെയോ വൈകുന്നേരമോ എന്ന ഭേദമില്ലാതെ എപ്പോഴും സജീവമായ ഷോപ്പ്. ഷാജിയെട്ടന്‍ ആയിരുന്നു അതിന്‍റെ ഉടമ. ആദ്യം പുള്ളി ഒറ്റയ്ക്ക് ആയിരുന്നു അത് നടത്തിയത്. പിന്നീട് പുള്ളിയുടെ കഴിവ് കൊണ്ടും പരിശ്രമം കൊണ്ടും നല്ല പേര് സമ്പാദിക്കുകയും ഇത്തിരി ദൂരെ നിന്ന് പോലും ആളുകള്‍ വരികയും ചെയ്തതോടെ രണ്ടു സഹായികള്‍ കൂടി വന്നു.

ഷാജിയെട്ടനെ പറ്റി പറയുകയാണെങ്കില്‍ ആളു കാണാന്‍ ഗ്ലാമര്‍ ആയിരുന്നു. ഇരുപത്തി ആറു വയസ്സ് കാണും. പഴയകാല ദിലീപിനെ പോലെ ആയിരുന്നു. മെലിഞ്ഞു വെളുത്തു നല്ല കട്ടിമീശയും കുരുവിക്കൂട് പോലെ മുന്നിലേക്ക്‌ ചുരുട്ടി വെക്കുന്ന മുടിയും എപ്പോഴും ചുണ്ടില്‍ ചിരിയുമായി നല്ല പ്രസരിപ്പോടെ ഓടി നടന്ന ഒരു നിഷ്കളങ്കന്‍..

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം അവിടെ ഇരുന്നിട്ടുണ്ടാകും. സ്കൂള്‍ വിട്ടു വന്നാല്‍ ബാഗും വീട്ടില്‍ വെച്ച് നേരെ അങ്ങോട്ട്‌ ഓടുമായിരുന്നു. അതിനു കാരണം അവിടെ കഥ പറയാനും പുളുവടിച്ചിരിക്കാനും കുറെ ആളുകള്‍ ഉണ്ടാകും എന്നത് മാത്രമല്ല സംഗീതമയമായിരുന്നു ആ കൊച്ചുമുറി. നാല് ഭാഗത്തും വലിയ സ്പീക്കറുകളും വെച്ച് മുഴങ്ങുന്ന വലിയ ശബ്ദത്തില്‍ പാട്ട് വെക്കുമായിരുന്നു അവിടെ. രാവിലെ കട തുറക്കുന്നത് മുതല്‍ അടയ്ക്കുന്നത് വരെ ഇടവേളകള്‍ ഇല്ലാതെ പാട്ട് വെക്കും. അങ്ങാടിയിലുള്ള മുഴവന്‍ പേര്‍ക്കും കേള്‍ക്കാന്‍ പറ്റുമായിരുന്നു.  പാട്ട് വെക്കുന്നതിനും ചില ചിട്ടവട്ടങ്ങള്‍ ഉണ്ടായിരുന്നു. രാവിലെ ഭക്തിഗാനങ്ങള്‍ വെച്ച് പത്തുമണി ആകുമ്പോഴേക്കും ഇത്തിരി മെലോഡിയസ് പാട്ടുകളും ഒക്കെയായി പുരോഗമിച്ചു പിന്നീട് അടിപൊളി പാട്ടുകളിലേക്ക് നീളും. ഉച്ചഭക്ഷണം ഒക്കെ കഴിഞ്ഞു വന്നാല്‍ പിന്നെ പഴയകാല സിനിമാപാട്ടുകള്‍ പതിയെ മുഴങ്ങും. വൈകുന്നേരം ആകുമ്പോള്‍ അടിച്ചുപൊളി മൂഡിലുള്ള പാട്ടുകള്‍ വെക്കും. രാത്രിയായാല്‍ പാട്ടിന്റെ ശബ്ദം കുറയുന്നതോടൊപ്പം പതിഞ്ഞ താളത്തിലുള്ള പാട്ടുകളിലേക്ക് മാറും. ഞാന്‍ പുതിയ കാസറ്റുകളും കൊണ്ട് പോകുന്ന സമയത്താണ് ഇതിനൊക്കെ ഒരു മാറ്റം വരിക.

പാട്ടെന്നു വെച്ചാല്‍ എനിക്ക് ജീവനായിരുന്നു അന്ന്. വീട്ടിലുള്ള സ്റ്റീരിയോവില്‍ എത്ര ഉച്ചത്തില്‍ പാട്ട് വെച്ചാലും ഒരു സുഖം കിട്ടില്ലായിരുന്നു. സ്പീക്കര്‍ വാങ്ങാന്‍ കാശ് ചോദിച്ചാല്‍  "ഈ സൌണ്ടില്‍ തന്നെ പാട്ട് വെച്ചിട്ട് മനുഷ്യന് സ്വസ്ഥമായി ഇരിക്കാന്‍ പറ്റുന്നില്ല പിന്നെയാ സ്പീക്കര്‍ " എന്ന് പറഞ്ഞ് അച്ഛന്‍ ഓടിക്കും. അതുകൊണ്ട് നല്ല കിടിലം കൊള്ളിക്കുന്ന സൌണ്ടില്‍ പാട്ടുകേള്‍ക്കാന്‍ ഉള്ള ആശ്രയം ആയിരുന്നു ഷാജിയെട്ടനും പുള്ളിയുടെ ടൈലര്‍ ഷോപ്പും.

അന്നൊക്കെ അമ്മവീട്ടില്‍ ആഴ്ചയവധിക്കു രണ്ടു ദിവസം താമസിക്കാന്‍ പോകുമായിരുന്നു. അവിടെ കുറെ കൂട്ടുകാര്‍ ഉള്ളതുകൊണ്ടും ഇഷ്ടം പോലെ സമയം ടിവി കാണാനും അമ്മാവന്‍ കൊണ്ട് വരുന്ന പുതിയ സിനിമകള്‍ കാണാനും പറ്റുന്നത് കൊണ്ട് അമ്മവീടിനോട് പ്രത്യേക ഇഷ്ടമായിരുന്നു. കൂടാതെ അവധി കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ അമ്മാവനോ അമ്മായിയോ അച്ഛചനോ അമ്മമ്മയോ തരുന്ന പത്തു രൂപാനോട്ടും ഒരു വലിയ സന്തോഷമായിരുന്നു. ചിലപ്പോള്‍ ഇരുപതു രൂപയും കിട്ടും.  അത് കിട്ടിയാല്‍ അവധി തീര്‍ന്ന ദുഃഖം ഒക്കെ പമ്പ കടക്കും. ആ കാശും കൊണ്ട് നേരെ പോകുന്നത് അങ്ങാടിയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെയുള്ള നാല്‍ക്കവലയും ഇത്തിരി കൂടി വലിയ അങ്ങാടിയും ആയ കുരുടിമുക്കിലെയ്ക്കാണ്. അതെ, മീശമാധവന്‍ എന്ന സിനിമയില്‍ പിള്ളേച്ചന്റെ അഞ്ചു സെന്റ്‌ സ്ഥലം നില്‍ക്കുന്ന കുരുടിമുക്ക് തന്നെ. മീശമാധവന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്‌ ഞങ്ങടെ നാട്ടുകാരനാണ്. ഞങ്ങടെ തൊട്ടടുത്ത പ്രദേശമായ കാവുന്തറ എന്നും പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഖാന്‍ കാവിലിന്റെ വാലായ കാവില്‍ എന്നും അറിയപ്പെടുന്ന പ്രദേശത്തെ അനേകം നാടകപ്രവര്‍ത്തകരില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വന്ന കലാകാരന്‍ ആണ് രഞ്ജന്‍ പ്രമോദ്‌. അങ്ങനെയാണ് കുരുടിമുക്ക് അദ്ധേഹത്തിന്റെ തിരക്കഥയില്‍ സ്ഥാനം പിടിക്കുന്നത്. ആ കുരുടിമുക്കില്‍ ഒരു കാസറ്റ്‌ കടയുണ്ടായിരുന്നു. അന്നൊക്കെ ഓഡിയോ കാസറ്റുകളില്‍ പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്തു കൊടുക്കുന്ന പരിപാടി ഉണ്ടായിരുന്നു. പത്തുരൂപയായിരുന്നു അതിനു ഈടാക്കിയിരുന്നത്. നമുക്ക് വേണ്ട കുറച്ച് പാട്ടുകള്‍ സെലക്റ്റ്‌ ചെയ്യുക. പിറ്റേദിവസം അത് റെക്കോര്‍ഡ്‌ ചെയ്തു തരും.

എല്ലാ ആഴ്ചയും അവിടെ പോയി പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യല്‍ എന്‍റെ ഹോബി ആയിരുന്നു. എന്നിട്ട് അത് നേരെ ഷാജിയേട്ടന്റെ കടയില്‍ കൊണ്ട് പോയി പ്ലേ ചെയ്യും. തിരിച്ചും മറിച്ചും ഒന്ന് രണ്ടു തവണ മുഴുവന്‍ കേട്ട് കഴിഞ്ഞേ വീട്ടില്‍ പോകൂ. ചിലപ്പോള്‍ കാസറ്റ്‌ വീട്ടിലേക്കു കൊണ്ട് പോകും. ചിലപ്പോള്‍ അവിടെ തന്നെ വെക്കും. പുള്ളിയുടെ കയ്യില്‍ ഓഡിയോ കാസറ്റുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടായിരുന്നു. അതില്‍ കാല്‍ഭാഗവും എന്‍റെതായിരുന്നു. വീട്ടില്‍ കാസറ്റുകള്‍ വെച്ചാല്‍ ഉള്ള കാശ് മുഴുവന്‍ അതിനു ചിലവാക്കുന്നു എന്ന് പറഞ്ഞ് ബഹളമാകും. അതുകൊണ്ട് വീട്ടിലേക്കു അധികം കൊണ്ട് പോകില്ല.  ഹിന്ദി,മലയാളം, തമിഴ് എന്നിങ്ങനെ ഭാഷാഭേദമന്യേ എല്ലാ പാട്ടുകളും കേള്‍ക്കുമായിരുന്നു അന്ന്. ഒരു പുതിയ പടം ഇറങ്ങിയാല്‍ അതിലെ പാട്ടുകള്‍ റെക്കോര്‍ഡു ചെയ്തു കേട്ടില്ലെങ്കില്‍ ഉറക്കം വരില്ലായിരുന്നു.

ഷാജിയേട്ടന്‍ ആയിരുന്നു അന്ന് എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. പുള്ളി നല്ല തമാശക്കാരന്‍ കൂടിയായിരുന്നു. പാട്ട് കേള്‍ക്കുന്നതിനിടെ, തയ്യല്‍ പണികള്‍ ചെയ്യുന്നതിനിടെ തമാശയുടെ കുത്തൊഴുക്കായിരുന്നു അവിടെ. പുള്ളിയുടെ കൂട്ടുകാരും എന്നെക്കാള്‍ മുതിര്‍ന്നവരുമായ പലരും വന്നും പോയും അതില്‍ പങ്കു ചേരും. ആരൊക്കെ വന്നാലും പോയാലും എനിക്കായി ഒരു കസേര അവിടെ ഉണ്ടായിരുന്നു. അത് ഞാന്‍ ആര്‍ക്കും കൊടുക്കില്ല. നിന്റെ ഇരിപ്പ് കണ്ടാല്‍ നീ വീട്ടില്‍ നിന്നും കൊണ്ട് വന്ന കസേര പോലെ ഉണ്ടല്ലോടെയ്‌ എന്ന് എന്നെ ഇടയ്ക്കിടയ്ക്ക് കളിയാക്കുമായിരുന്നു പുള്ളി.

കാലം കഴിയുന്തോറും ഷാജിയെട്ടന്റെ കടയില്‍ തുന്നല്‍ മെഷീനുകളും ആളുകളും കൂടിക്കൂടി വന്നു. ക്ലാസുകള്‍ ഓരോന്നായി പിച്ച വെച്ച് കയറവെ പഠിത്തത്തിന്റെ ഭാരം എന്നില്‍ കൂടുന്നതിനു അനുസരിച്ച് അവിടെ ചിലവഴിക്കുന്ന സമയവും കുറഞ്ഞു വന്നു. ആ മൂന്നു നാല് വര്‍ഷത്തിനിടെ അങ്ങാടിയില്‍ ചില മാറ്റങ്ങളും വന്നിരുന്നു. ഷാജിയെട്ടന്റെ കടയുടെ തൊട്ടടുത്ത മുറിയില്‍ പുതുതായി ഒരു കാസറ്റ്‌ കട വന്നു.  അങ്ങാടിയിലെ ഒരു വായനശാലയും ചായക്കടയും അടച്ചു പൂട്ടി, മില്‍മ പാല്‍ സൊസൈറ്റിയും കുടുംബശ്രീയുടെ കടയും വന്നു. ഷാജിയെട്ടന്‍ കടയുടെ മുന്നില്‍ നാട്ടിലെ വളര്‍ന്നു വരുന്ന യുവചിത്രകാരന്‍ വരച്ച ഒരു പെണ്‍കുട്ടിയുടെ പെയിന്റിങ്ങോടെ കടയുടെ പേര് എഴുതിയ ബോര്‍ഡും വെച്ചു. സിറ്റാഡല്‍ എന്നായിരുന്നു കടയുടെ പേര്. അന്നൊക്കെ അവിടെ പണ്ടത്തെപ്പോലെ അധികം ഇരിക്കല്‍ സാധ്യമല്ലായിരുന്നു. തിരക്ക് അനുദിനം വര്‍ദ്ധിച്ചു വന്നു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ സ്റ്റിച്ച് ചെയ്തു കൊടുക്കല്‍ തുടങ്ങിയതോടെ അവരുടെ വരവും അളവുകള്‍ എടുക്കലും ഒക്കെയായി അവിടെ ഇരിക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. ശരിക്കും പുള്ളി വളരുകയായിരുന്നു, തന്‍റെ ജോലിയില്‍ എക്സ്പേര്‍ട്ട് ആയിരുന്നു ഷാജിയെട്ടന്‍. തന്‍റെ മേഖലയിലെ ട്രെന്‍ഡുകളും പുതിയ മോഡലുകളും ഒക്കെ അപ്പോഴപ്പോള്‍ സ്വായത്തമാക്കി അതിനനുസരിച്ച് മാറിക്കൊണ്ടിരുന്ന നല്ലൊരു ബിസിനസ്സുകാരന്‍.

അപ്പോഴേക്കും ഞാന്‍ പ്ലസ്‌ ടു ഒക്കെ കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ഉപരിപഠനത്തിനായി പോയി. പുള്ളിയുടെ കടയില്‍ നിന്നും വലിഞ്ഞു തുടങ്ങിയതോടെ എന്‍റെ സംഗീതഭ്രാന്തും കുറേശ്ശെ കുറഞ്ഞു തുടങ്ങിയിരുന്നു. വീട്ടില്‍ മൂന്നു നാല് സ്പീക്കറുകള്‍ ഒക്കെ വാങ്ങി വെക്കാന്‍ അനുവാദം കിട്ടിയ സമയം ആയിട്ട് കൂടി ഷാജിയെട്ടന്റെ കടയില്‍ നിന്നും പാട്ട് കേള്‍ക്കുന്ന സുഖം കിട്ടുന്നില്ലായിരുന്നു. എന്തോ ഒരു കുറവ് പോലെ അനുഭവപ്പെട്ടു. പുള്ളി അങ്ങാടിയില്‍ പുതിയ കെട്ടിടം പണി കഴിപ്പിച്ചു തുടങ്ങിയ സമയം ആയിരുന്നു അത്. അതോടൊപ്പം പുള്ളിയുടെ കല്യാണവും നിശ്ചയിച്ചു,  കല്യാണത്തില്‍ ഒക്കെ ഞാന്‍ പങ്കെടുത്തിരുന്നു. ജീവിതം നല്ല സന്തോഷഭരിതമായി പോകുകയായിരുന്നു. പുള്ളി പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള പരിപാടികള്‍ പ്ലാന്‍ ചെയ്യുന്ന സമയം. ഞാന്‍ അപ്പോഴേക്കും കോളേജ്‌ ഹോസ്റ്റലില്‍ നിന്ന് മാറി വെളിയില്‍ റൂം എടുത്തിരുന്നു. ഞങ്ങള്‍ റൂം മേറ്റ്സ് വെള്ളമടി പ്ലാന്‍ ചെയ്യുന്ന സമയം. എന്‍റെ കൂടെ എന്‍റെ നാട്ടുകാരനും പഠിക്കുന്നുണ്ടായിരുന്നു. അവനു അമ്മ എന്ന് വെച്ചാല്‍ ജീവനാണ്. ഒറ്റമോന്‍ ആണ്. ദിവസവും അമ്മയെ വിളിച്ചില്ലെങ്കില്‍ അവനു ഉറക്കം വരില്ല. ഞാന്‍ ആണെങ്കില്‍ ആഴ്ചയില്‍ ഒന്ന് എന്ന തോതിലാണ് വിളിക്കുന്നത്. ഞങ്ങള്‍ അവനെ കുപ്പി വാങ്ങാന്‍ ബീവറേജിലേക്ക് പറഞ്ഞയച്ചു. ടച്ചിംഗ്സിനുള്ള സാധനങ്ങള്‍ ഒക്കെ ഒരുക്കി അവനെയും കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ്‌ അവന്‍ ഓടിക്കിതച്ചു വരുന്നത്. കയ്യില്‍ കുപ്പിയൊന്നും ഇല്ല. ഞങ്ങള്‍ വയലന്റായി കുപ്പി എവിടെടാ തെണ്ടീ എന്നും ചോദിച്ചു അവനെ ഒന്നും ഇങ്ങോട്ട് പറയാന്‍ വിട്ടില്ല. അവന്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു, അവന്റെ മുഖം ഒക്കെ വിളറിവെളുത്തിരുന്നു. കിതപ്പിനിടയില്‍ അവനു പറഞ്ഞൊപ്പിച്ചു.

"നമ്മുടെ ഷാജിയെട്ടന്‍ മരിച്ചെടാ."

ഞാന്‍ അല്‍പ്പസമയം ഒന്നും മിണ്ടാനാകാതെ ഇരുന്നുപോയി. സത്യത്തില്‍ എങ്ങനെ, എപ്പോള്‍ എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ നാവു പൊങ്ങിയില്ല. അല്‍പ്പസമയം അങ്ങനെ ഇരുന്നു. അപ്പോള്‍ കോട്ടയംകാരനായ സഹമുറിയന്‍ ആരാട മരിച്ചത് എന്ന് ചോദിച്ചപ്പോള്‍ ആണ് സ്ഥലകാലബോധം വീണത്‌.

"ഇന്ന് രാവിലെ ആയിരുന്നു മരണം. ആത്മഹത്യ ആയിരുന്നു, ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു. രാവിലെ എണീറ്റ പുള്ളിയുടെ അമ്മയാണ് കണ്ടത്.പോസ്റ്റ്‌ മോര്‍ട്ടം ഒക്കെ കഴിഞ്ഞു ഇന്ന് തന്നെ അടക്കും."

അവന്‍ ബീവറേജില്‍ ഇത്തിരി വലിയ ക്യൂ കണ്ടപ്പോള്‍ സമയം കൊല്ലാനായി അവന്റെ അമ്മയെ വിളിച്ചപ്പോള്‍ അവരാണ് പറഞ്ഞത്. ഞാന്‍ കുറെ നേരം അന്തിച്ചു ഇരുന്ന ശേഷം നാട്ടിലേക്കും വീട്ടിലേക്കും ഒക്കെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. ആര്‍ക്കും മരണകാരണം അറിയില്ല. പുള്ളി മരിക്കുന്നതിന്റെ തലേന്ന് ഭാര്യവീട്ടില്‍ ആയിരുന്നു. ഭാര്യയെ അവിടെ നിര്‍ത്തി ആയിരുന്നു വന്നത്. അതുമാത്രമേ എല്ലാവര്ക്കും അറിയൂ. എനിക്ക് പോകണം എന്ന് ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ എത്തുമ്പോഴേക്കും മരണാനന്തരക്രിയകള്‍ ഒക്കെ കഴിയും. നേരത്തെ അറിയിക്കാഞ്ഞതിനു വീട്ടുകാരെ കുറെ തെറി വിളിച്ചു.. സത്യത്തില്‍ അവരും ഒരു ഷോക്കില്‍ ആയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിരുന്നു എല്ലാവര്ക്കും അത്. ഒരു നാട് മുഴുവന്‍ ഞെട്ടിത്തരിച്ചു ഇരുന്നു. വിളിച്ചവരുടെയൊക്കെ ശബ്ദത്തില്‍ ആ സങ്കടം നിഴലിച്ചിരുന്നു. അടുത്ത ഒരു ബന്ധു മരിച്ചത് പോലെ. ഷാജിയെട്ടന്‍ ആരായിരുന്നു ഞങ്ങള്‍ക്ക്, ഒരു വെറും ടൈലര്‍ ആയിരുന്നില്ല. ഒരു സുഹൃത്ത്‌, ഒരു ചേട്ടന്‍, ഒത്തിരി തമാശകള്‍ പറയുന്ന ചുറ്റുമുള്ള ആളുകളെ കൂടി ഒരു പോസിറ്റീവ് എനര്‍ജ്ജിയുടെ വലയത്തില്‍ ആക്കുന്ന ഒരാള്‍. ആ ആളാണ്‌ പെട്ടെന്ന് ഞങ്ങളെയെല്ലാം വിട്ടു പോയിരിക്കുന്നത്. അത് അംഗീകരിക്കാന്‍ ദിവസങ്ങള്‍ ഒത്തിരിയെടുത്തു.

പിന്നീട് നാട്ടിലൊക്കെ വന്നു അന്വേഷിച്ചപ്പോള്‍ ആര്‍ക്കും യഥാര്‍ത്ഥ കാരണങ്ങള്‍ അറിയില്ല. പുള്ളിയുടെ ഒരു കാലിനു അല്‍പ്പം നീളക്കുറവ് ഉണ്ടായിരുന്നു. പെട്ടെന്ന് ആര്‍ക്കും മനസ്സിലാക്കാനാവില്ല അത്. എന്തിനു പുള്ളിയുമായി ഡെയിലി ഇടപഴകുന്നവര്‍ പോലും പലരും പറഞ്ഞതിന് ശേഷമാണ് അങ്ങനെ ഒരു സംഭവം അറിയുന്നത്. നീളക്കുറവ് അറിയിക്കാതിര്‍ക്കാന്‍ പുള്ളി ഇപ്പോഴും മുണ്ട് മടക്കി കുത്താതെയാണ് നടക്കാറുള്ളത്. പക്ഷെ നടക്കുമ്പോള്‍ യാതൊരു അസ്വാഭാവികതയും ഇല്ലായിരുന്നു. പെണ്ണിന്റെ വീട്ടുകാര്‍ ഈ കാര്യം വൈകിയാണ് അറിഞ്ഞതെന്നും അവിടെ താമസിക്കാന്‍ പോയപ്പോള്‍ ആരോ അതെടുത്ത് പുള്ളിയെ പരിഹസിച്ച് വഴക്കായി അതില്‍ വിഷമം കൂടിയാണ് പുള്ളി ആത്മഹത്യ ചെയ്തതെന്ന് ചിലര്‍ പറയുന്നു. അതല്ല പുള്ളിക്ക് അതിനടുത്ത വീട്ടിലെ വിവാഹിതയായ ഒരു സ്ത്രീയുമായി അടുപ്പം ഉണ്ടായിരുന്നു. അത് ഭാര്യയും ഭാര്യവീട്ടുകാരും അറിഞ്ഞതിനു ശേഷമാണ് ആത്മഹത്യ ചെയ്തതെന്നും ചിലര്‍ പറയുന്നു. ചിലപ്പോള്‍ രണ്ടും കൂടിയാവാം കാരണമെന്നും പറയപ്പെടുന്നു.  അതിനു ശേഷം പുള്ളിയുടെ വീട്ടുകാര്‍ ഒക്കെ ആകെ തകര്‍ന്നു പോയിരുന്നു. ആരോടും മിണ്ടാട്ടം ഒന്നുമില്ലാതെ ഒറ്റപ്പെട്ട പോലെ ആയിരുന്നു അവര്‍ ജീവിച്ചിരുന്നത്. മരണാന്തരകൃത്യങ്ങള്‍ കഴിഞ്ഞു പോയ പുള്ളിയുടെ ഭാര്യ പിന്നെ ആ വീട്ടിലേക്കു വന്നിട്ടില്ല.

അതുകൊണ്ട് കഴിഞ്ഞില്ലായിരുന്നു. ഷാജിയെട്ടന്റെ മരണത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിച്ചു കൊണ്ട് ഒരു ആത്മഹത്യ കൂടി ആ വീട്ടില്‍ നടന്നു. പുള്ളിയുടെ അച്ഛന്‍ കണാരേട്ടന്‍. ഞാന്‍ നേരത്തെ പറഞ്ഞ നാട്ടിലെ കുടിയന്‍മാരില്‍ പ്രധാനിയായ കണാരേട്ടന്‍ വീടിനു പുറകിലെ മരത്തിന്‍റെ കൊമ്പിലായിരുന്നു തൂങ്ങിയത്. എന്തിനെന്നോ ഏതിനെന്നോ ഒന്നും ആരോടും പറയാതെ... മകന്റെ അടുത്തേക്ക് പുള്ളിയും പോയി.

ഇന്നും നല്ല തെളിമയോടെ ഓര്‍ക്കുന്നു രണ്ടു പേരെയും. ഷാജിയെട്ടന്റെ കടയില്‍ നിന്നും കേട്ട സംഗീതത്തിന്റെ അലയൊലികള്‍ ചെവിയില്‍ മുഴങ്ങുമ്പോള്‍ വെള്ളമടിച്ച്‌ ആടിയാടി വരുന്ന കണാരേട്ടന്‍ കണ്ണില്‍ നിന്നും മായാതെ നില്‍ക്കുന്നു..

ഷാജിയെട്ടന്‍ സ്റ്റിച്ച് ചെയ്തു തന്ന, ഷര്‍ട്ടുകളില്‍ ചിലതെല്ലാം അടുത്ത കാലം വരെ ഞാന്‍ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും എന്തെങ്കിലും തിരയുമ്പോള്‍ പഴയ സാധനങ്ങളുടെയും തുണികളുടെയും കൂട്ടത്തില്‍ ആ ഷര്‍ട്ടുകള്‍ കാണുമ്പോള്‍ മനസ്സില്‍ എന്തൊക്കെയോ തിക്കിത്തികട്ടി വരും.. കഭി കഭി മേരെ ദില്‍ മേം, ഖയാല് ആത്താ ഹേ എന്ന പാട്ട് പോലെ... ഓര്‍മ്മകള്‍... ഓര്‍മ്മകള്‍.... സംഗീതം നിറഞ്ഞ ഓര്‍മ്മകള്‍... ഇപ്പോള്‍ പുള്ളിയോടൊപ്പം പുള്ളിയുടെ കടയില്‍ നിന്നും ഇറങ്ങിവന്നു അങ്ങാടിയെ  സജീവമാക്കിയിരുന്ന പാട്ടുകളും ഇന്നില്ല. രണ്ടും ഒരുപോലെ മിസ്സ്‌ ചെയ്യുന്നു..

Photo : Mira Images

5 comments:

  1. എന്താ ആകെ ഒരു മാറ്റം ? ഇപ്പോള്‍ നന്നായിട്ടുണ്ട്, പോസ്റ്റും പൂമുഖവും :)

    ReplyDelete
    Replies
    1. എഴുത്തിലും ചില മാറ്റങ്ങള്‍ വരുത്തി... അപ്പോള്‍ പിന്നെ മൊത്തം അങ്ങ് ഉടച്ചു വാര്‍ത്തു കളയാം എന്ന് കരുതി.. :)

      Delete
  2. അസുരവിത്ത്‌27 February 2014 at 00:02

    ഓര്‍മ്മകള്‍.... അവ ഓര്‍മ്മകള്‍ മാത്രമാണ്. തിരിച്ചു കിട്ടുമായിരുന്നുവെങ്കില്‍ അവയെ ഞാന്‍ "സ്വന്തം" എന്ന് വിളിച്ചേനേ...

    ReplyDelete
  3. citadel നമ്മുടെ പണ്ടത്തെ ഒരു താവളം ആയിരുന്നു..എന്നും ഷാജി ഏട്ടൻ ഓർമ്മയായി മനസ്സിൽ ഉണ്ടാവും

    ReplyDelete