14 Feb 2014

വായ്‌നോട്ടത്തിന്‍റെ മറുവശം

നമുക്കെല്ലാം ഇരട്ടമുഖങ്ങളുണ്ട്. ചിലര്‍ അത് കാണിക്കാതെ മൂടി വെക്കുന്നു. ചിലരുടേത് അല്‍പ്പാല്‍പ്പം കാണുന്നു. ചിലര്‍ പല അവസരങ്ങളില്‍ അത് പൂര്‍ണമായി പ്രകടിപ്പിക്കുന്നു. നമ്മള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ചിലപ്പോ അല്‍പ്പം തിരക്കുള്ള ഒരാള്‍ മുന്നിലുള്ള ആളോട് സഹായം തേടുന്നതും ചിലപ്പോള്‍ ക്യൂവില്‍ തന്നെ തള്ളിക്കയറുന്നതും നമുക്ക് അലോസരം സൃഷ്ടിക്കും. പക്ഷെ, ഒരുനാള്‍ ആ ക്യൂവില്‍ തള്ളിക്കയറുന്ന ആളായി നാം തന്നെ മാറുകയും നമ്മോട് വഴക്കിടാന്‍ വരുന്നവരെ പുച്ഛം അല്ലെങ്കില്‍ രോഷം കലര്‍ന്ന ഭാഷയിലും ഭാവത്തിലും നേരിടുകയും ചെയ്യും. ഇത് പലയിടങ്ങളില്‍, പല അവസരങ്ങളില്‍ നമുക്ക് കണ്ടും അനുഭവിച്ചും അറിയാം.അതുപോലെയാണ് മറ്റുള്ളവരുടെ പ്രൈവസിയില്‍ കയറി ഇടപെടുന്നതും അലോസരങ്ങള്‍ സൃഷ്ടിക്കുന്നതും. നമുക്ക് അതൊരു നേരമ്പോക്ക് ആണെങ്കിലും അവര്‍ക്ക് എത്രമാത്രം അലോസരമുണ്ടാക്കുമതെന്നൊന്നും നാം ചിന്തിക്കില്ല. അതേ അവസ്ഥ നമുക്ക് വരുമ്പോഴേ പഠിക്കൂ.

അതുപോലെ നടന്ന ഒരു സംഭവം അല്ലെങ്കില്‍ കുറെ പ്രാവശ്യം അനുഭവിച്ച ഒരു കാര്യമാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്. സംഭവം സില്ലി ആണ്. പക്ഷെ ഒരു വിലയേറിയ പാഠം എന്നെ പഠിപ്പിച്ച അനുഭവമാണത്.. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഒരു പാര്‍ക്ക്‌ ആണ് സംഭവസ്ഥലം. ഞാന്‍ അവിടെ പഠിക്കുമ്പോള്‍ സുഹൃത്തുക്കളുമൊത്ത് സ്ഥിരമായി അവിടെ കറങ്ങാന്‍ പോകാറുണ്ടായിരുന്നു. മരങ്ങളും കാടുപിടിച്ച പഴയ കെട്ടിടങ്ങളും പഴയ ഇടിഞ്ഞു പൊളിഞ്ഞ പാര്‍ക്കിന്‍റെ അവശിഷ്ടങ്ങളും ഒക്കെയായി വളരെ വിശാലമായ ഒരു സ്ഥലം ആയിരുന്നു അത്. ഒളിവും മറയും ഒക്കെ നല്ലപോലെ ഉള്ളത് കൊണ്ട് തന്നെ കമിതാക്കളുടെ സ്ഥിരം കേന്ദ്രമായിരുന്നു അത്.

ഓരോ മരത്തിന്റെയും പൊട്ടിപ്പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടെയും തണല്‍ പറ്റി കൊക്കുരുമ്മി ഓരോ ജോഡി കമിതാക്കള്‍ ഉണ്ടാവും. ആ വലിയ ലോകത്തിനുള്ളില്‍ അവരുടെതായ ചെറിയ ചെറിയ ലോകങ്ങള്‍ സൃഷ്ടിച്ചു കൊണ്ട്. ആളുകള്‍ വരുന്നു പോകുന്നു നോക്കുന്നു എന്നതൊന്നും അവര്‍ക്കൊരു വിഷയമല്ല. അവര്‍ വേറെ ആരെയും ശ്രദ്ധിക്കില്ല. സ്വന്തം റൂമില്‍ എന്നാ പോലെ ആയിരിക്കും പെരുമാറ്റം. ഭൂമി ചുരുങ്ങി ചുരുങ്ങി അവര്‍ രണ്ടു പേരും മാത്രമാകും..

അക്കൂട്ടത്തില്‍ പ്രണയത്തിന്‍റെ ആദ്യപടിയില്‍ എത്തി നില്‍ക്കുന്നവര്‍ അല്‍പ്പം തുറസ്സായ സ്ഥലത്ത് കടലയും കൊറിച്ചു ഇരിക്കുന്നുണ്ടാവും. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍. ആദ്യത്തെ ചുംബനമോ ആദ്യത്തെ സ്പര്‍ശനമോ ഒക്കെ നടത്താന്‍ തക്കം പാര്‍ത്തു ഇരിക്കുന്നവര്‍. വിറയ്ക്കുന്ന കൈകളാല്‍ കടലയും വാങ്ങി കൊറിച്ചു ഒരു അവസരത്തിന് വേണ്ടി പയ്യന്‍ ദാഹിച്ചു ഇരിക്കുമ്പോള്‍ , അവന്റെ വാചകമടിയും കേട്ട് പണ്ടാരടങ്ങി ഇവനൊന്നു തൊട്ടാല്‍ എന്താ ഒന്ന് ഉമ്മ വെച്ചാലെന്താ എന്നാലോചിച്ചു അക്ഷമയായി അവളും ഇരിക്കും. സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ എന്നൊക്കെ പറയുന്ന ആ കാഴ്ച കാണാന്‍ ഞങ്ങള്‍ ആ പരിസരത്ത് ചുറ്റിപ്പറ്റി നില്‍ക്കും. ഞങ്ങള്‍ അഞ്ചു പേര്‍ ഉണ്ടെങ്കില്‍ നാല് പേര്‍ പരിസര പ്രദേശങ്ങള്‍ വീക്ഷിച്ചു ഇരകളെ കണ്ടു വെക്കും. ഒരുത്തന്‍ ഈ ഇണക്കിളികളെ നോക്കി നില്‍ക്കും. വല്ല അനക്കവും കണ്ടാല്‍ എല്ലാവരെയും തോണ്ടി വിളിച്ചു കാണിക്കേണ്ടത് അഞ്ചാമന്റെ  ചുമതലയാണ്. അവിടെ വല്ലോം നടക്കുമെങ്കില്‍ അതും നോക്കി എല്ലാരും കുറച്ചു നേരം നില്‍ക്കും. നടന്നില്ലെങ്കില്‍ കുറച്ചു കാത്തു നിന്ന ശേഷം ഇത്തിരി കൂടി ഉള്‍ഭാഗത്തോട്ട് നീങ്ങും.

അവിടെ, അടുത്ത ഘട്ടം അരങ്ങേറുന്നുണ്ടാവും. ആശ്ലേഷങ്ങളും ചുംബനങ്ങളുമൊക്കെ. പൊതുവേ മരങ്ങളുടെ വേരുകളിലും തണലിലും ഒക്കെയാണ് ഇത് അരങ്ങേറുക. ആക്രാന്തം കൊണ്ട് ചുമന്ന മുഖവുമായി ആണും നാണം കൊണ്ട് തുടുത്ത കവിളുമായി പെണ്ണും പരസ്പരം കൊക്കുരുമ്മുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളായി ഉമിനീരും ഇറക്കി തുറിച്ച കണ്ണുകളുമായി ഒരു മൂലയ്ക്ക് ഞങ്ങളും ഉണ്ടാവും. ചിലപ്പോ ചില പെണ്‍കുട്ടികള്‍ക്ക് കുറെ പേര്‍ നോക്കുന്നത് ഇഷ്ടപ്പെടില്ല. അവള്‍ അലോസരം പ്രകടിപ്പിക്കുമ്പോള്‍ കാമുകന്‍ അവളെയും കൊണ്ട് എഴുന്നേറ്റു പോകും. അപ്പോള്‍ ഇളിഭ്യരായി ഞങ്ങള്‍ പരസ്പരം കുറ്റം പറയും. ഒരു മയത്തില്‍ ഒക്കെ നോക്കെടാ , ഇങ്ങനെ കണ്ണെടുക്കാതെ നോക്കി നിന്നിട്ടാണ് അവര്‍ എഴുന്നേറ്റു പോയത് എന്നൊക്കെ പറയും. പക്ഷെ പെട്ടെന്ന് തന്നെ കര്‍മ്മനിരതരായി അടുത്ത സ്ഥലത്തേക്ക് നടക്കും.

അടുത്ത സ്ഥലത്ത് അല്‍പ്പം മസാല കലര്‍ന്ന പ്രണയരംഗങ്ങള്‍ ആണ് അരങ്ങേറുക. തൊടലും പിടിക്കലും ചുരിദാറിനുള്ളിലും ജീന്‍സിനുള്ളിലും മറ്റും കൈ കടത്തലും സീല്‍ക്കാരങ്ങളും ഒക്കെ കൊണ്ട് ഒരു പ്രത്യേക കാഴ്ചകള്‍ ആണ് അവിടെ. അത് മിക്കവാറും തകര്‍ന്ന കെട്ടിടത്തിന്റെ മൂലയ്ക്ക്  അല്ലെങ്കില്‍ മരത്തിന്‍റെ മറവില്‍ ഒക്കെയാണ് നടക്കുക. പക്ഷെ നമ്മള്‍ അവരുടെ മുന്നില്‍ കയറി മൊട്ടുസൂചി കാണാതായത് തിരയുന്നത് പോലെ താഴോട്ടും മേലോട്ടും നോക്കി പൊട്ടന്‍ കളി കളിക്കും. ഒരു ഉളുപ്പും ഇല്ലാത്ത കമിതാക്കള്‍ ആണെങ്കില്‍ അവര്‍ നമ്മളെ ശ്രദ്ധിക്കാതെ സ്വൈര്യവിഹാരം നടത്തും. പെണ്ണിന് അല്‍പ്പം നാണം ഉള്ള കൂട്ടത്തില്‍ ആണെങ്കില്‍  നമ്മളെ കണ്ടാല്‍ പിന്നെ ചെക്കനെ അവള്‍ ഒന്നിനും സമ്മതിക്കില്ല. അപ്പോള്‍ വിദൂരതയിലേക്ക് നോക്കി കറുത്തമ്മയെയും പരീക്കുട്ടിയെയും പോലെ അവര്‍ ഇരിക്കും. നമ്മടെ കണ്ണ് ഒന്ന് തെറ്റിയാല്‍ പിന്നെയും തുടങ്ങും. വല്ലതും നടക്കും എന്ന് ഉറപ്പായാല്‍ നമ്മള്‍ പിന്നെ അവിടുന്ന് മാറില്ല.  പക്ഷെ നമ്മള്‍ മാറില്ലെന്ന് തോന്നിയാല്‍ ഒന്നുകില്‍ അവര്‍ അവിടുന്ന് എഴുന്നേറ്റു പോകും അല്‍പ്പം സമയം ഉള്ളവര്‍ ആണെങ്കില്‍ നമ്മള്‍ പോകുന്നത് വരെ അവിടെ ഇരിക്കും. ലോക്കല്‍ ആളുകളുമായി പരിചയം ഒക്കെ ഉള്ളതോ അല്ലെങ്കില്‍ നല്ല പിന്‍ബലം ഉള്ളതോ ആയ കാമുകന്മാര്‍ ആണെങ്കില്‍ നമ്മളെ വിരട്ടാന്‍ നോക്കും. എന്താടാ നോക്കുന്നത് എന്നൊക്കെ ദേഷ്യപ്പെട്ടു ചോദിച്ചാല്‍ നമ്മള്‍ പതുക്കെ അവിടുന്ന് വലിയും. ഇതാണ് പതിവ്.ഇങ്ങനെ വരുന്നവരില്‍ ഭൂരിഭാഗവും അവിടെ കോളേജുകളില്‍ പഠിക്കുന്ന മലയാളികള്‍ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

അങ്ങനെ പ്രണയിക്കുന്നവര്‍ക്ക് അലോസരം ഉണ്ടാക്കി നമ്മള്‍ കണ്ണിനു ആനന്ദം നല്‍കുന്ന കാഴ്ച്ചകള്‍ക്കായി അലഞ്ഞു തിരിയും. അന്നൊന്നും ഈ കാമുകീ കാമുകന്മാര്‍ക്ക് ഉണ്ടാകുന്ന വിഷമങ്ങള്‍ നമുക്ക് അറിയില്ല, ഒരു ടൈം പാസായി മാത്രമേ എടുത്തിരുന്നുള്ളൂ. പക്ഷെ, ആ അവസ്ഥയുടെ ബുദ്ധിമുട്ട് പിന്നീട് മനസ്സിലായി. അതിനു ഒരു പ്രണയം പൊട്ടി വീഴുന്നത് വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ..

അവളെ തല്‍ക്കാലം നമുക്ക് അവള്‍ എന്ന് തന്നെ വിളിക്കാം. പേര് പറഞ്ഞാല്‍ സത്യപ്രതിജ്ഞാലംഘനം ആവും. പേര് മാറ്റിപ്പറയാന്‍ മനസ്സനുവദിക്കുന്നുമില്ല.  അവളുമായി പ്രണയം തുടങ്ങി ഏറെ കാലങ്ങള്‍ക്കു ശേഷമാണ് നേരില്‍ കണ്ടത്. ആദ്യത്തെ കാഴ്ചയ്ക്ക് ശേഷം നിരന്തരമായ കണ്ടുമുട്ടലുകള്‍ ഉണ്ടായി.  അങ്ങനെ ആദ്യകാലത്ത് നടന്ന ഒരു കണ്ടുമുട്ടലിനു ശേഷം കുറച്ചു നേരം സ്വസ്ഥമായി ഇരിക്കാന്‍ ഞങ്ങള്‍ ആ പാര്‍ക്കിലേക്ക് പോയി. സുഹൃത്തുക്കള്‍ക്കൊപ്പം നിരന്തരമായി പൊയ്ക്കൊണ്ടിരുന്ന പാര്‍ക്ക് ആയിരുന്നെങ്കിലും അവളുമായി പോയപ്പോള്‍ ഒരു അപരിചിതത്വം അനുഭവപ്പെട്ടു. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോള്‍ എല്ലാ മൂലയില്‍ നിന്നും ഓരോ കൂട്ടമായി ചിലര്‍ നമ്മളെ തുറിച്ചു നോക്കുന്നത് കണ്ടു. എന്‍റെ പ്രണയമുത്തപ്പാ കുറെ എണ്ണത്തിന്റെ  ചോര കുടിച്ചതിനൊക്കെ പണി തിരിച്ചു വരുകയാണല്ലോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്ക് വലിയ ഉളുപ്പോന്നും ഇല്ലാത്തതുകൊണ്ട് എവിടെ വെച്ചും നമ്മുടെ പരിപാടി നടക്കും. പക്ഷെ അവള്‍ അങ്ങനെ അല്ല. പ്രൈവസി ഇല്ലെങ്കില്‍ ഒന്നും സമ്മതിക്കാത്ത കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ അവിടെയൊന്നും ഇരിക്കാതെ കടലയും വാങ്ങി അവളുടെ കൈയും പിടിച്ചു കുറച്ചു ഉള്ളിലേക്ക് നടന്നു. അവിടെ ഒരു ആല്‍മരത്തിന്റെ ചെറിയ തറയില്‍ ഇരുന്നു. അവളുടെ ബാഗ് പുറകിലോ വെച്ച് അവളോട്‌ ഉരുമ്മി ഇരുന്നു. അവളുടെ കൈകള്‍ എടുത്തു എന്‍റെ കയ്യിലേക്ക് വെച്ച് അവളുടെ കണ്ണുകളില്‍ നോക്കി ഇരുന്നു.

അപ്പോള്‍ ദാണ്ടെ വരുന്നു സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളെപ്പോലെ കുറച്ചു പിള്ളേര്‍. മലയാളികളാണെന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി.അവര്‍ ഞങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. പോകാന്‍ ഭാവമില്ല. ഞങ്ങളെ ഇങ്ങനെ ശല്യപ്പെടുത്തി ഞങ്ങള്‍ എണീറ്റ്‌ പോകാതെ അവര്‍ പോകില്ലെന്ന് എനിക്ക് തോന്നി. ഒന്ന് വിരട്ടിയാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ അവള്‍ വേണ്ടാന്നു പറഞ്ഞു. ഒന്നാമത് അവളുടെ കോളേജിലെ പിള്ളേരെ ഒന്നും ശരിക്ക് അറിയില്ല. പരിചയപ്പെട്ടു വരുന്നതെ ഉള്ളൂ. ഇനി സീനിയേഴ്സ് വല്ലോം ആണെങ്കില്‍ പിന്നെ അവളുടെ കാര്യം കോളേജില്‍ പ്രശ്നമാകും. അതുമല്ല അവള്‍ക്കാണെങ്കില്‍ ഹോസ്റ്റലില്‍ തിരിച്ചു കയറാന്‍ സമയം ആയിരിക്കുന്നു. ഒരു രക്ഷയും ഇല്ല. അവളുടെ മുഖത്ത് ഇന്നിനി വേണ്ടടാ, പിന്നെ ആവാം എന്നൊരു ദയനീയ ഭാവം. തീരെ കംഫര്‍ട്ടബിള്‍ അല്ല എന്നെനിക്ക് മനസ്സിലായി. എങ്കില്‍ പിന്നെ പോയേക്കാം എന്ന് പറഞ്ഞു ഞങ്ങള്‍ എഴുന്നേറ്റു. അവന്മാര്‍ പതുക്കെ ഒന്ന് വലിഞ്ഞു. നിനക്കൊക്കെ ഞാന്‍ വെച്ചിട്ടുണ്ടെടാ കാലന്മാരെ എന്ന് മനസ്സില്‍ പറഞ്ഞു പല്ലിറുമ്മി ഞാനും നടന്നു. അല്‍പ്പം ഇച്ഛാഭംഗത്തോടെ..

താന്‍താന്‍ നിരന്തരം ചെയ്യുന്ന പാപങ്ങള്‍ താന്താന്‍ അനുഭവിചീടുകെന്നെ വരൂ എന്ന് പറഞ്ഞപോലെ , ഞാന്‍ അതുവരെ വായ്നോക്കി ചോര കുടിച്ച എല്ലാ കമിതാക്കളുടെയും ശാപം എന്നെ പിടികൂടിയതായി എനിക്ക് തോന്നി. ഇനി മേലില്‍ പ്രേമിക്കുന്നവരുടെ ചോര കുടിക്കില്ല, ഒന്ന് തുറിച്ചു നോക്കുക പോലുമില്ല , ഇതുപോലത്തെ അനുഭവം ഇനി ഉണ്ടാക്കരുതെ എന്ന് മനസ്സ് നൊന്ത് പറഞ്ഞാണ് അവിടുന്ന് ഇറങ്ങിയത്. പക്ഷെ അത് പ്രാവര്‍ത്തികമാക്കാന്‍ അധികം കഴിഞ്ഞിട്ടില്ല എന്നത് വേറെ കാര്യം. എന്നാലും പരമാവധി തുറിച്ചു നോട്ടങ്ങളും മറ്റും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്യരുടെ സ്വകാര്യതയെ മാനിക്കാന്‍ പഠിക്കുക എന്നതും നല്ല സംസ്ക്കാരത്തിന്റെ ഭാഗമാണല്ലോ.  സദാചാരഗുണ്ടകളുടെയും തുറിച്ചു നോക്കി ചോര കുടിക്കുന്ന ഡ്രാക്കുളകളുടെയും ശല്യമില്ലാത്ത പാര്‍ക്കുകളും കാമുകീകാമുകന്മാരും അവരുടെ പ്രണയം പൂത്തുലയുന്ന മരത്തണലുകളും ഉണ്ടാവട്ടെ നമ്മുടെ നാട്ടില്‍ അങ്ങോളമിങ്ങോളം..

2 comments:

  1. ഹാ...പോസ്റ്റുകളിലെപ്പോലെതന്നാ അല്ലെ കയ്യിലിരിപ്പും ?

    ReplyDelete
    Replies
    1. പുലികല്‍ക്കിടയിലെ ഒരു പൂച്ചയുടെ കയ്യിലിരുപ്പ്.. :)

      Delete