16 Jun 2013

മറ്റൊരാള്‍




പുകഴ്ത്തിപ്പാടാൻ നമുക്ക് നന്മയുടെ മാതൃത്വമുണ്ട്‌.. 

പേറ്റുനോവിന്‍റെയും അമ്മിഞ്ഞയുടെയും 
ആയിരമായിരം കഥകൾ ഉണ്ട്‌.....,.
സൂര്യോദയത്തിൽ പടികടന്ന് പോയി 
അസ്തമയത്തിൽ വിയർത്തൊലിച്ച്‌ വരുന്ന
വണ്ടിക്കാളയെപ്പോലെ മറ്റൊരാൾ
ഉണ്ടെന്നത്‌ മറന്നു പോകരുത്‌....,..

പേറ്റുനോവിന്‍റെ കഥകളില്ലാത്ത
മുലപ്പാലിന്‍റെ മാധുര്യം കിനിയാത്ത
വിയര്‍പ്പിന്‍റെ ഉപ്പുരസമുള്ള ഉമ്മ തരുന്ന
ജീവിതത്തിന്‍റെ ഒരു പരുക്കന്‍ മുഖം..

കഴിയ്ക്കുന്ന ചോറിന്‍റെ ഓരോ ഉരുളയിലും
പുത്തനുടുപ്പിന്‍റെ ഓരോ നൂലിഴയിലും
രാവിന്‍റെ പാതിയില്‍ കിട്ടുന്ന സ്നേഹം നിറച്ച
പഴംപൊരിയിലും ആ മുഖമായിരുന്നു...

കണ്ണുനീര്‍ പേമാരിയിലും ഇടറാതെ നിന്ന്
എല്ലാം നെഞ്ചില്‍ ഏറ്റുവാങ്ങി ചിരിക്കുന്ന
സൂര്യതാപത്താല്‍ സ്വയമുരുകി തണല്‍ പരത്തി
ഒറ്റത്തടി പോലെ നില്‍ക്കുന്ന മറ്റൊരാള്‍, അച്ഛന്‍...,..!!

No comments:

Post a Comment