28 Jun 2013

ഇരുട്ടിന്‍റെ പുത്രന്‍



എന്‍റെ ആകാശം നീലയായിരുന്നു...

കുഞ്ഞു കുഞ്ഞു മേഘങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട വിശാലമായ നീലാകാശം..ഒരു നാള്‍ അതില്‍ തിളങ്ങുന്ന ഒരു നക്ഷത്രമായി നീ പ്രത്യക്ഷപ്പെട്ടു...
നീ എന്നെ നോക്കി കണ്ണിറുക്കി..
ഞാന്‍ ചിരിച്ചു... നിന്നെത്തന്നെ നോക്കി നിന്നു..!!

പിന്നെ എല്ലാ ദിവസവും ഞാന്‍ നിന്നെ തേടി വന്നു...
നിന്നെത്തന്നെ നോക്കി നിന്നു... നിന്നോട് സംസാരിക്കാന്‍ ശ്രമിച്ചു..നീ പുഞ്ചിരിച്ചു.. ഇരുള്‍ നിറഞ്ഞ എന്‍റെ ജീവിതത്തില്‍ പ്രകാശം പരത്തി...
ഞാന്‍ നിന്നോട് മൌനമായി സംസാരിച്ചു... നീ എന്നോട് പുഞ്ചിരി തൂകി..
ആകാശത്ത് നിന്നും വാക്കുകള്‍ ഉല്‍ക്കകള്‍ പോലെ പെയ്തിറങ്ങി...

നിന്നോട് സംസാരിക്കാത്ത ഒരു ദിവസം എന്‍റെ ജീവിതത്തില്‍ പിന്നീട് ഉണ്ടായിരുന്നില്ല...
നിന്നെ കാണാത്ത ഒരു നിമിഷം പോലും എനിക്ക് സാധ്യമായിരുന്നില്ലാ..
നമ്മള്‍ സന്തോഷത്തോടെ ജീവിച്ചു... !!

അന്നൊരു അമാവാസി ആയിരുന്നു... ഇരുണ്ട ആകാശം... ഞാന്‍ നിന്നെ കാണാതെ നോക്കി നിന്നു..
പിന്നെ ആകാശത്ത് നീ തെളിഞ്ഞു വന്നു.. പക്ഷെ കുറച്ചു അകലെയായി മറ്റൊരു നക്ഷത്രം കൂടി ഉണ്ടായിരുന്നു..

ഞാന്‍ ആകാംക്ഷയോടെ നോക്കി..
നീ പറഞ്ഞു, അതാ അങ്ങ് ദൂരെ കാണുന്നത് എന്‍റെ സുഹൃത്താണ്... നിന്‍റെയും..
ഞാന്‍ പുതിയ നക്ഷത്രത്തെ സന്തോഷത്തോടെ സ്വീകരിച്ചു... സംസാരിച്ചു..
പക്ഷെ...

അടുത്ത ദിവസം നീയും ആ നക്ഷത്രവും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു...
നീ എന്നോട് സംസാരിക്കുന്നതിലേറെ അതിനോട് സംസാരിച്ചു...
നിങ്ങള്‍ കണ്ണിറുക്കി... കഥ പറഞ്ഞു.. പരസ്പരം പ്രകാശം ചൊരിഞ്ഞു..
ഇടയ്ക്ക് നീ എന്നെ നോക്കിയും കണ്ണിറുക്കി... ഞാന്‍ പിന്തിരിഞ്ഞു നടന്നു..

അന്ന് എന്‍റെ സ്വപ്നങ്ങളില്‍ നീ പ്രകാശം പരത്തിയില്ല... എന്‍റെ മോഹങ്ങളില്‍ കരിനിഴല്‍ വീണു..
ഞാന്‍ ഉറങ്ങിയില്ല... ഇരുട്ട് എനിക്ക് കൂട്ടായി ഇരുന്നു...നേരം വെളുക്കുവോളം...

പിന്നെയും ദിവസങ്ങളോളം ഞാന്‍ ആകാശത്തേയ്ക്ക് കണ്ണു നട്ടിരുന്നു...
ഇടയ്ക്ക് നീ വന്നു ... എന്നോട് കണ്ണിറുക്കി.. നിന്‍റെ സുഹൃത്തിനോടും.. നിങ്ങള്‍ സംസാരിച്ചു.. പ്രകാശം ചൊരിഞ്ഞു..
പ്രകാശം ഇല്ലാത്ത ഞാന്‍ നിന്നെ നോക്കി നിന്നു... നീ എന്നെ നോക്കുന്നതും കാത്ത്..
പക്ഷെ...

നിന്നില്‍ നിന്നും എന്നിലേക്ക് അകലം കൂടി വന്നു... നിന്‍റെ സുഹൃദ്‌ നക്ഷത്രം നിന്നോട് കൂടുതല്‍ അടുക്കുന്നത് എനിക്ക് കാണാമായിരുന്നു..
എന്നിലേക്ക് നീ ചൊരിഞ്ഞിരുന്ന പ്രകാശം ആ നക്ഷത്രതിലെക്കാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലായി...!!

പതിയെ ആ നക്ഷത്രം നിന്നോട് കൂടുതല്‍ അടുത്തു.. നിങ്ങള്‍ കൈ കോര്‍ത്ത്‌ സംസാരിക്കുന്നതും കണ്ണിറുക്കുന്നതും എനിക്ക് കാണാമായിരുന്നു...
നിങ്ങള്‍ എന്നെക്കുറിച്ച് സംസാരിച്ചിരുന്നുവോ..?
അതിനു ഞാന്‍ ആരായിരുന്നു... കോടാനുകോടി ദൂരെ ഇങ്ങു ഭൂമിയില്‍ ഇരുട്ടില്‍ നില്‍ക്കുന്നവന്‍ മാത്രം...

നിങ്ങള്‍ നക്ഷത്രങ്ങള്‍...,.. പ്രകാശം പരത്തുന്നവര്‍,.. അന്യോന്യം പ്രകാശം പരത്തുന്നു..
അതിനിടയില്‍ ഇരുളില്‍ നില്‍ക്കുന്ന ഇരുണ്ട ഞാന്‍ എവിടെ...
നിങ്ങള്‍ക്കിടയില്‍ ഒരു തടസ്സമാണോ ഞാന്‍...,..
നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടാന്‍ വെമ്പിയ ഇരുളിന്‍റെ പുത്രന്‍...,..!!

ഞാനല്ലനിങ്ങളാണ് ശരി... പ്രകാശം പരത്തുന്ന രണ്ടു നക്ഷത്രങ്ങള്‍,..
നിങ്ങളാണ് ചേരേണ്ടത്... നിങ്ങള്‍ക്കിടയില്‍ ഇരുട്ടായ ഞാന്‍ വിടവാങ്ങണം...!!
എന്‍റെ ഇരുട്ടിലേക്ക് നിന്നെ ഞാന്‍ ക്ഷണിക്കുന്നില്ല...
നീയും നിന്‍റെ നക്ഷത്രവും പരസ്പരം പ്രകാശം പരത്തി ജീവിക്കുക...

ഞാന്‍ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നോളാം.. ഇരുട്ടിന്‍റെ പുത്രനല്ലേ ഞാന്‍,..!!

2 comments:

  1. സംശയത്തില്‍ നിന്നും ഉടലെടുത്ത complex പോലെ തോന്നുന്നു..

    ReplyDelete