14 Jun 2013

ഞാനും എം ജി കോളേജും പിന്നെ വക്കീല് സത്യന്‍ മാഷും



പണ്ട് പ്ലസ്‌ ടുവിന് പഠിക്കുമ്പോള്‍ എം ജി കോളേജില്‍ ട്യൂഷന് പോയ സമയത്ത് ഉണ്ടായ ഒരനുഭവം ഓര്‍ത്തു പോകുന്നു..

പേരാമ്പ്ര-കൊയിലാണ്ടി ബസിലെ തിരക്ക് സഹിച്ചു പഠിക്കാന്‍ പോവുക എന്ന് പറഞ്ഞാല്‍ ഒരു ത്യഗഭരിതമായ സഹനസമരം തന്നെയാണ്. അത്രയ്ക്ക് തിരക്കുള്ള റൂട്ടാണ്. അടിയും ഇടിയും കൂടി ഒരു യുദ്ധം തന്നെ ചെയ്യണം യാത്ര ചെയ്യാന്‍.,.
അങ്ങനെ എന്നത്തേയും പോലെ അന്നും സര്‍ക്കസ് കളിച്ച് ബസില്‍ കയറിപ്പറ്റി . ഒരിടത്ത് നില്‍പ്പുറപ്പിച്ചു.. ഒരു നോട്ട് ബുക്ക്‌ മാത്രമുള്ളതുകൊണ്ട് അത് ബാക്കിലെ പോക്കറ്റിലിട്ട് കമ്പിയില്‍ പിടിക്കാന്‍ പറ്റി. ഇടയ്ക്കൂടെ ഓരോരുത്തര്‍ നുഴഞ്ഞു കയറി മുന്നോട്ടു പോകുന്നത് കാണാം. ബസ്സില്‍ കൂടുതല്‍ ആളെ കയറ്റാന്‍ വേണ്ടി അവര്‍ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുകയാണ് എന്നാണു അവരുടെ ഭാവം കണ്ടാല്‍ നമുക്ക് തോന്നുക. എന്നാല്‍ സത്യത്തില്‍ ബസ്സില്‍ കയറുന്ന പെണ്ണുങ്ങളെയും സ്കൂള്‍ പിള്ളേരെയും ജാക്കി വെക്കാന്‍ ഉള്ള പോക്കാണ് അത്. അപ്പൊ നിങ്ങള് വിചാരിക്കും ഞാന്‍ വല്യ മാന്യന്‍ ആണെന്ന്. അല്ല.. മുന്നോട്ടു പോകണം എന്നും സ്പര്‍ശനസുഖം അറിയണം എന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷെ നാട്ടിലുള്ള നല്ല പേരും പിന്നെ ബസ്സില്‍ ഉള്ളവര്‍ കൂടുതലും എന്നെ അറിയാവുന്നവര്‍ ആണ് എന്ന നഗ്ന സത്യവും എന്നെ ആ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു.

അങ്ങനെ ബസ്‌ മുക്കിനു മുക്കിനുള്ള സ്റ്റോപ്പുകളില്‍ നിന്നും ആളെയും എടുത്ത് ഒരുവിധം നിരങ്ങി നീങ്ങി കൊയിലാണ്ടിയില്‍ എത്തി.ക്ലാസ്‌ കഴിഞ്ഞ് ഉച്ചയ്ക്ക് ഇന്ന് ഏതു ഫിലിം കാണണം എന്നാലോചിച്ചാണ് കോളേജില്‍ പോകാന്‍ കൊയിലാണ്ടി സ്റ്റാന്‍ഡില്‍ ബസ്‌ ഇറങ്ങിയത്..അപ്പൊ ഇങ്ങള് ചോദിക്കും എം ജിയില്‍ പോകാന്‍ ബോയ്സ് സ്കൂളിന്‍റെ അടുത്തങ്ങ് ഇറങ്ങിയാല്‍ പോരെടാ പഹയാ എന്ന്. പക്ഷെ സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന പെണ്‍പിള്ളേരൊക്കെ എന്നെ അന്വേഷിക്കത്തില്യോ?? അതോണ്ട് സ്റ്റാന്‍ഡില്‍ ഇറങ്ങി ലലനാമണികളുടെ കൂടെ കൊളെജിലോട്ടു നടത്തം തുടങ്ങി.
ആര്‍ട്സ് കോളേജിലെ പെണ്‍പിള്ളേരോട് ഞാന്‍ എം ജിയിലാ എന്ന് പറയുമ്പോള്‍ മഹാത്മാ ഗാന്ധി കോളേജ് എന്ന ഗമയിലാ പറയുന്നേ ..മഹാത്മാ ഗാന്ധി യൂനിവേര്‍സിറ്റി എന്ന് കേട്ടിടുള്ളത് കൊണ്ട് ഏതാണ്ട് അതുപോലത്തെ ഒരു സംഭവം ആയിരിക്കുമെന്നാണ് ധാരണ..അതല്ല കോളേജ് മൊതലാളിയുടെ പെണ്കൊച്ചുങ്ങളുടെ പെരെങ്ങാണ്ട് ആണെന്ന് പറഞ്ഞു തന്നത് നമ്മടെ അരുമ സുഹൃത്ത് ആണെന്ന് തോന്നുന്നു..
അതോടെ ആ ഗമയങ്ങു നിന്നു..
ആഹ് ഇനി മാറ്റെറിലോട്ടു വരാം..
അങ്ങനെ പെണ്‍കുട്ടികളുടെ അന്നനടയും കണ്ട് നടക്കുന്നതിന്‍റെ ഇടയിലാണ് ഇന്നലെ ലീവ് ആയിരുന്നല്ലോ എന്നോര്‍ത്തത്. ഇന്നലെ സത്യന്‍ മാഷിന്റെ ടെസ്റ്റ്‌ ഇണ്ടാരുന്നു. ലീവെടുത്തത് അത് പേടിച്ചിട്ടൊന്നുമല്ല എന്നത് മാഷ്‌ക്ക് അറിയുല്ലാല്ലോ..
ആഹ് സാഹചര്യം പോലെ കള്ളം പറയാം എന്ന് കല്പിച്ചങ്ങു ക്ലാസ്സില്‍ കേറി..
സുഗു മാഷിന്റെ ഫീസ് പിരിക്കല്‍ കലാപരിപാടിയോടെ ക്ലാസ്സ്‌ തുടങ്ങി..
നാളെ ഫീസടചില്ലേല്‍ ക്ലാസ്സില്‍ കേറ്റില്ല എന്ന അന്ത്യശാസനം പതിനഞ്ചാമത്തെ പ്രാവശ്യം ഉറക്കെ ഉറക്കെ ഉദ്ഘോഷിച്ചു കൊണ്ട് അങ്ങേരു പോയി..
പിന്നെ വന്നത് സ്റ്റാറ്റിസ്റ്റിക്സ് എടുക്കുന്ന ശ്യം ജീത്ത് മാഷാണ്.
എന്‍റെ അതെ മനോഹരമായ പേരുള്ളതുകൊണ്ട് എനിക്ക് അങ്ങേരെ വല്യ ഇഷ്ടാരുന്നു ..
അതോണ്ട് വല്യ പ്രശ്നോന്നുല്ലാണ്ട് ആ പിരീഡും കഴിഞ്ഞു.
പിന്നെയതാ മ്മളെ പുലി വരുന്നു.. അഡ്വക്കേറ്റ് സത്യന്‍ മാഷ്‌..,. നല്ല നിരയൊത്ത പല്ലുകള്‍ ആണ് മാഷിന്‍റെ പ്രത്യേകത. നല്ല പാല്‍പുഞ്ചിരിയും.
അങ്ങേരു വന്ന ഉടനെ ഒരു കള്ളച്ചിരി ചിരിച്ചു..
ഇന്നലെ വരാത്തോര്‍ കള്ളം പറയാന്‍ ഒരുങ്ങിക്കോ എന്നാണു ആ ചിരിയുടെ അര്‍ത്ഥം.
മുന്‍ബെഞ്ചിലിരിക്കുന്നത്തിന്‍റെ ഗുണം പിന്‍ബെഞ്ചിലിരുന്ന എനിക്ക് അന്നാണ് പുടി കിട്ടിയത്..
മുന്നിലിരുന്ന തെണ്ടികളൊക്കെ പനി,ചര്‍ദ്ധി,വയറുവേദന ഇത്യാദി അസുഖങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞു എന്‍റെ അടുത്തെത്തിയപ്പോള്‍ എനിക്ക് പറയാന്‍ അസുഖങ്ങളൊന്നും സ്റ്റോക്ക്‌ ഇല്ലാണ്ടായി..
എന്‍റെ മുത്തപ്പാ (അന്ന് ഡിങ്കഭക്തന്‍ അല്ലായിരുന്നു) എന്ന് വിളിച്ചപ്പോള്‍ ഒരു ഐഡിയ കത്തി..കല്യാണം ..ബുഹഹഹ ..അങ്ങനെ അടുത്തവീട്ടിലെ സന്തോഷനെ കല്യാണം കഴിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു..!!
നിനക്ക് ഇവര് പറയാത്ത അസുഖത്തിന്‍റെ പേര് വല്ലോം പറയാന്‍ ഉണ്ടോടാ എന്ന ഭാവത്തില്‍ മാഷ്‌ എന്നോട് വെവരം ചോദിച്ചു..ഞാന്‍ ന്യൂട്ടന്റെ തലേല്‍ ആപ്പിള്‍ വീണപ്പോ ഉണ്ടായ സന്തോഷ ഭാവത്തോടെ പറഞ്ഞു "അടുത്ത വീട്ടിലെ സന്തോഷിന്‍റെ കല്യാണം ആയിരുന്നു മാഷേ .."
ഇത് കേട്ടതും അങ്ങേരോന്നും മിണ്ടാതെ അങ്ങ് തിരിച്ചു മേശയുടെ അടുത്തേയ്ക്ക് പോയി..
സന്തോഷത്തോടെ ഇരിക്കാന്‍ തുടങ്ങിയ എന്നോട് അങ്ങേരു തിരിഞ്ഞു നിന്നു മൂന്നു വാക്കുകള്‍ പറഞ്ഞു "കല്യാണം,ഇന്നലെ,ചൊവ്വാഴ്ച"

ക്ലാസ്സിലെ ഒരു ബുദ്ധിജീവി ചിരി തുടങ്ങി..അപ്പൊ എനിക്കങ്ങു എന്തോ പന്തികേട്‌ തോന്നി..
ഇടിവെട്ടും പോലെ അങ്ങേരുടെ ശബ്ദം അമ്പാടി തിയേറ്ററിലെ ഡോള്‍ബി ഡിജിറ്റല്‍ ഡി ടി എസ്സില്‍ മുഴങ്ങുന്ന പോലെ മുഴങ്ങി " ഡാ കോപ്പേ നീ എന്നെ ശശി ആക്കരുത്" (പറഞ്ഞ വാക്കുകള്‍ വേറെയാണ്.. ഞാന്‍ ഒരു പകല്‍മാന്യന്‍ ആയതുകൊണ്ടും കൂടുതല്‍ നാണം കെടാന്‍ വയ്യാത്തത് കൊണ്ടും അത് അതേപോലെ ഇവിടെ പകര്‍ത്തുന്നില്ല)
അപ്പോള്‍ ബുദ്ധിജീവി സുകേഷ് സ്വകാര്യമായി എന്നോട് പറഞ്ഞു..എടാ മൈ മൈ മൈത്രെയാ ഹിന്ദുക്കളുടെ ഇടയില്‍ ചൊവ്വാഴ്ച കല്യാണം ഉണ്ടാകാറില്ല!!!!!!!!!
കരണ്ടു ബില്‍ കിട്ടിയ പ്രിന്‍സിപ്പാളിനെ പോലെ ഞാന്‍ ഒരൊറ്റ നില്പങ്ങു നിന്നു..
ഇനി പോയി ഫീസടചിട്ട് എന്‍റെ ക്ലാസ്സില്‍ കേറിയാല്‍ മതി എന്നും പറഞ്ഞു അങ്ങേരു ക്ലാസെടുക്കല്‍ പരിപാടി തുടങ്ങുകേം ചെയ്തു..
നൂറു ഉറുപ്പിക ഫീസ്‌ ഇനത്തില്‍ പോയല്ലോ എന്ന സങ്കടത്തോടെ ഞാന്‍ ഓഫീസിലെ ക്ലര്‍ക്ക്‌ ശില്‍പയുടെ മേശയുടെ അടുത്തേക്കും പോയി ..!!
വാല്‍ക്കഷ്ണം: ചൊവ്വാഴ്ച ഹിന്ദുക്കളുടെ കല്യാണം നടക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇന്നും പിടി കിട്ടിയിടില്ല..!!!
ഗുണപാഠം: വക്കീലിനോട് കള്ളം പറയരുത്..

No comments:

Post a Comment