30 Jun 2013

എന്‍ഗേജ്ഡ് ടോണ്‍

അന്നും പതിവ് പോലെ അയാള്‍ ഓഫീസില്‍ എത്തി... അപ്പോഴാണ്‌ ഓര്‍ത്തത്‌ ഇന്ന് ടെലിഫോണ്‍ ബില്‍ അടയ്ക്കേണ്ട അവസാനദിവസം ആണല്ലോ എന്ന്.. ഭാര്യയോട് കൊണ്ട് പോയി അടയ്ക്കാന്‍ പറയാം എന്ന് കരുതി  ഉടനെ അയാള്‍ മൊബൈല്‍ എടുത്തു വീട്ടിലേക്കു വിളിച്ചു..
വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ എന്‍ഗേജ്ഡ് ആണ്..
കുറെ നേരം അയാള്‍ കുത്തി വിളിച്ചു കൊണ്ടിരുന്നു.. പക്ഷെ ബിസി തന്നെയാണ്..
ഇവളിത് ആരെയാണാവോ വിളിക്കുന്നത്... ഇതിപ്പോ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ബിസി ആകാറുണ്ടല്ലോ എന്ന് അയാള്‍ അല്‍പ്പം സംശയത്തോടെ ഓര്‍ത്തു..

ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും പിന്നെയും ബിസി തന്നെ എന്ന് അറിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ഭ്രാന്തായി.. ചിന്തകള്‍ കാട് കയറി..
കുറച്ചു നാളായി ഭാര്യക്ക് തന്നോടൊരു താല്പ്പര്യക്കുറവുണ്ടോ എന്ന സംശയം അയാളെ പിടി കൂടി.. അവളുടെ മുഖത്തൊരു അസംതൃപ്തി ഇല്ലേ എന്ന് അയാള്‍ ശങ്കിച്ചു..
ഇടയ്ക്ക് അവള്‍ പഴയ കൂട്ടുകാരനെക്കുറിച്ചും അവന്‍ പണിയാന്‍ പോകുന്ന മാളികവീടിനെക്കുറിച്ചും വാചാലയാവാറുണ്ടായിരുന്നത് അയാള്‍ സംശയത്തോടെ ഓര്‍ത്തു.. ഇനി അവനുമായി എങ്ങാനും വല്ല ബന്ധവും തുടങ്ങിയോ.. എണ്ണിച്ചുട്ട അപ്പം  പോലെ കിട്ടുന്ന തന്‍റെ സാലറിയില്‍ അവള്‍ക്കു വേണ്ടതൊക്കെ വാങ്ങി കൊടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല എന്നോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു..
കഴിഞ്ഞ ദിവസം ഷോപ്പിങ്ങിന് പോയപ്പോള്‍ അവള്‍ ഏറെ ആഗ്രഹിച്ച ആ കാഞ്ചീപുരം സാരി വാങ്ങി കൊടുക്കാത്തതിന് അവള്‍ പിണങ്ങി പാതിവഴിയില്‍ വെച്ച് ഷോപ്പിംഗ്‌ മതിയാക്കി തിരിച്ചു വന്ന കാര്യം അയാള്‍ ഓര്‍ത്തു..

അയാള്‍ ആകെ പരിഭ്രാന്തനായി... നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.. എഴുന്നേറ്റു പോയി കുറച്ചു വെള്ളം കുടിച്ചു..
അയാളുടെ പരവേശം കണ്ട ക്ലര്‍ക്ക്‌ സരള എന്താ പ്രശ്നം എന്ന് ചോദിച്ചത് അയാള്‍ കേട്ടില്ല.. അയാളുടെ ചെവിയില്‍ ആ എന്‍ഗേജ്ഡ് ടോണ്‍ മുഴങ്ങുകയായിരുന്നു..

തിരിച്ചു വന്നു കസേരയില്‍ ഇരുന്ന അയാള്‍ ഒന്നുകൂടി വിളിച്ചു നോക്കി... വീണ്ടും അതെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന എന്‍ഗേജ്ഡ് ടോണ്‍ തന്നെ മുഴങ്ങുന്നു.. അയാളുടെ തലയില്‍ ഒരു പെരുപ്പ് കയറി.. ഒരു വട്ടം കൂടി ആ ടോണ്‍ കേട്ടാല്‍ താന്‍ തല കറങ്ങി വീഴുമെന്ന് അയാള്‍ക്ക്‌ തോന്നി...
എന്ത് ചെയ്യണമെന്നു അയാള്‍ക്ക്‌ മനസ്സിലായില്ല... ഒരു വട്ടം കൂടി വിളിക്കാന്‍ അയാള്‍ക്ക്‌ ത്രാണി ഇല്ലായിരുന്നു..

പക്ഷെ അപ്പോള്‍ അയാളില്‍ ഒരു മറുചിന്ത വന്നു. അവള്‍ ഇതുവരെ അങ്ങനെ വലിയ അസംതൃപ്തി ഒന്നും പ്രകടിപ്പിച്ചിട്ടില്ല.. വീടിനു പുറത്തും അധികം പോയിട്ടില്ല.. മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.. തന്‍റെ പ്രിയപ്പെട്ടവള്‍ തന്നോട് അങ്ങനെ ചെയ്യുമോ എന്ന ചിന്ത അയാളില്‍ അല്‍പ്പം തണുപ്പ് പരത്തി.. ഇനി അവള്‍ അവളുടെ അമ്മയെയോ അച്ഛനെയോ വിളിക്കുകയായിരിക്കും.. അതുമല്ലെങ്കില്‍ കൂട്ടുകാരിയെ വിളിക്കുകയായിരിക്കും...ഈ പെണ്ണുങ്ങള്‍ ഫോണില്‍ സംസാരം തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ലല്ലോ...

ഇങ്ങനെ ഒക്കെ ആലോചിച്ചപ്പോള്‍ അയാള്‍ക്ക്‌ കുറച്ചു സമാധാനമായി.. അയാള്‍ ജോലിയില്‍ മുഴുകി.. കുറച്ചു നേരം തിരക്കില്‍ ആയതുകൊണ്ട് അയാള്‍ ആ വിഷയം മറന്നിരുന്നു.. ഇടയ്ക്ക് മൊബൈലിലേക്ക് ഒരു കോള്‍ വന്നു.. സംസാരിച്ചു കോള്‍ കട്ട് ചെയ്തപ്പോഴാണ് അയാള്‍ക്ക് ഒന്ന് കൂടെ വിളിച്ചു നോക്കാന്‍ തോന്നിയത്.. അപ്പോള്‍ ഏതാണ്ട് രണ്ടു രണ്ടര മണിക്കൂര്‍ കഴിഞ്ഞിരുന്നു ..

അയാള്‍ വിറയ്ക്കുന്ന കൈകളോടെ വിളിച്ചു..
വീണ്ടും എന്‍ഗേജ്ഡ് ടോണ്‍,.. അയാള്‍ വിളറി വെളുത്തു.. ഫോണ്‍ ദേഷ്യത്തോടെ മേശയിലേക്ക് എറിഞ്ഞു..അയാള്‍ക്ക്‌ വീണ്ടും ഭ്രാന്ത്‌ പിടിച്ചു തുടങ്ങിയിരുന്നു.. എത്ര വിശേഷങ്ങള്‍ പറയാനുണ്ടെങ്കിലും  ഉച്ചയ്ക്കത്തെയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കേണ്ട തിരക്കില്‍ അവള്‍ ഇത്രയും നേരം അമ്മയോടോന്നും  ഫോണില്‍ സംസാരിക്കില്ല എന്ന് ആലോചിച്ചപ്പോള്‍ അയാള്‍ക്ക് ഉറപ്പായി ഇത് ശൃംഗാരം തന്നെയാണ്.. അല്ലെങ്കില്‍ ഇങ്ങനെ സ്വയം മറന്നു സംസാരിചിരിക്കില്ല..
ഫോണില്‍ വാള്‍ പേപ്പര്‍ ആയി ഇട്ട അവളുടെ മുഖത്തേയ്ക്ക് അയാള്‍ കുറച്ചു നേരം നോക്കി നിന്നു.. നോക്കുന്തോറും അയാള്‍ക്ക്‌ ദേഷ്യം കൂടികക്കൂടി വന്നു..
അയാള്‍ കുറച്ചു വെള്ളം കൂടി കുടിച്ചു..
തിരിച്ചു വന്ന ശേഷം ഒന്ന് കൂടി വിളിച്ചു.. അപ്പോഴും എന്‍ഗേജ്ഡ് തന്നെ..

അപ്പോള്‍ ഭ്രാന്തമായ ഒരു വേഗതയോടെ അയാള്‍ എഴുന്നേറ്റു .. എന്നിട്ട് ഹാഫ്‌ ഡേ ലീവ് എഴുതി കൊടുത്തു ഓഫീസില്‍ നിന്നും ഇറങ്ങി.. നല്ല വേഗതയില്‍  ആയിരുന്നു അയാള്‍ വണ്ടി ഓടിച്ചിരുന്നത്.. വീട്ടില്‍ ചെന്ന് കയറുന്നതും ഫോണില്‍ അയാളുമായി കൊഞ്ചി കുഴഞ്ഞു ഇരിക്കുന്ന ഭാര്യയെ കരണക്കുറ്റി നോക്കി അടിക്കുന്നതും അവള്‍ തളര്‍ന്നു ഇരിക്കുന്നതും അയാള്‍ ഓര്‍ത്തു..
അതിനു ശേഷം അവളെ എന്ത് ചെയ്യണം എന്ന വ്യക്തമായ രൂപം അയാള്‍ക്ക്‌ ഉണ്ടായിരുന്നില്ല.. ഇതിന്‍റെ പേരില്‍ ഡൈവോഴ്സ് ചെയ്യണോ? അതോ വേറെ ഒരാളെയും മനസ്സില്‍ വെച്ച് ജീവിക്കുന്ന അവളുടെ കൂടെ കഴിയാന്‍ തനിക്ക് ആവുമോ എന്നൊക്കെ അയാള്‍ ആലോചിച്ചു..

ഇത്രയും ആലോചിച്ചു തീരുമ്പോഴേക്കും വീടെത്തി... ഇത്ര വേഗം വീട് എത്തിയപ്പോള്‍ ആണ് താന്‍ നല്ല വേഗതയില്‍ ആണ് വണ്ടി ഓടിച്ചിരുന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലായത്‌..,.. പക്ഷെ അതൊന്നും ഓര്‍ത്തിരിക്കാന്‍ ഉള്ള സമയമല്ല ഇത്.. തന്‍റെ വണ്ടിയുടെ സൌണ്ട് കേട്ടാല്‍ അവള്‍ ചിലപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു പോകും.. അവളെ തനിക്ക് കയ്യോടെ പിടിക്കണം എന്ന് കരുതി അയാള്‍ ശബ്ദം ഉണ്ടാക്കാതെ ഉമ്മറത്തെയ്ക്ക് കയറി.. ശബ്ദം ഉണ്ടാക്കാതെ ഡോര്‍ തുറന്നു...
സ്വീകരണമുറിയില്‍ നിന്നും കിച്ചനിലേക്ക് പോകുന്ന ആ കോര്‍ണറില്‍ ആണ് ഫോണ്‍ ഉള്ളത്.. അയാള്‍ അങ്ങോട്ട്‌ നോക്കി അവിടെ ഭാര്യ ഇല്ലായിരുന്നു.. !!

താന്‍ വരുന്നത് കണ്ട ഭാര്യ ഫോണ്‍ വെച്ചിട്ട് ഓടിയതാണോ എന്ന് അയാള്‍ ഒരു നിമിഷം സംശയിച്ചു..
പിന്നെ ഫോണിന്റെ അടുത്തേക്ക് മെല്ലെ നീങ്ങി..
അപ്പോഴാണ്‌ അയാള്‍ ശ്രദ്ധിച്ചത് റിസീവര്‍ ശരിയായി അല്ല വെച്ചിരിക്കുന്നത് ക്രാഡിലില്‍ നിന്നും അല്‍പ്പം തെന്നി ആണ് നില്‍ക്കുന്നത്.. താന്‍ വരുന്നത് കണ്ടുള്ള ഓട്ടപ്പാച്ചിലില്‍ ഭാര്യ വെച്ചതായിരിക്കും എന്ന് അയാള്‍ കരുതി..

അവളുടെ ഒരു അനക്കവും കേള്‍ക്കുന്നില്ല... ഓടി കിച്ചനില്‍ നില്‍കുന്നുണ്ടായിരിക്കും എന്ന് അയാള്‍ വിചാരിച്ചു.. ആരെയാണ് വിളിച്ചത് എന്ന് അറിയാന്‍ അയാള്‍ വിറയ്ക്കുന്ന കൈകളോടെ  റീഡയല്‍ അടിച്ചു...
ഇറ്റിറ്റു വീഴുന്ന വിയര്‍പ്പുതുള്ളികള്‍ ഇടതു കൈ കൊണ്ട് തുടച്ചു അയാള്‍ ഫോണ്‍ ആകാംക്ഷയോടെ ചെവിയില്‍ ചേര്‍ത്തു.. അപ്പുറത്ത് റിംഗ് ചെയ്യുന്നുണ്ട്.. നാല് റിങ്ങിന് ശേഷം ഫോണ്‍ എടുത്തു..

അപ്പുറത്ത് ഒരു പെണ്‍ശബ്ദം... അത് തന്‍റെ സഹോദരിയുടെതാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് കുറച്ചു നിമിഷങ്ങള്‍ വേണ്ടി വന്നു.. അവര്‍ ഹലോ ഹലോ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയ്ക്കു അയാള്‍ കോള്‍ കട്ട് ചെയ്തു.. സോഫയിലേക്ക് ഇരുന്നു..!!

അപ്പോള്‍ അയാള്‍ ഓര്‍ത്തു രാവിലെ ഓഫീസില്‍ പോകുന്നതിന്‍റെ ഇടയ്ക്ക് താന്‍ സഹോദരിയെ വിളിച്ചതും ഓഫീസില്‍ പോകാന്‍ സമയം വൈകിയത് മൂലം പെട്ടെന്ന് തന്നെ ഫോണ്‍ വെച്ച് വീടിനു പുറത്തേക്കു ഇറങ്ങിയതും..!!
തിരക്കിനിടയില്‍ റിസീവര്‍ തെറ്റി വെച്ചത് താന്‍ തന്നെയാണെന്ന് അയാള്‍ക്ക്‌ മനസ്സിലായി...

അല്‍പ്പം ആശ്വാസവും അതോടൊപ്പം കടുത്ത കുറ്റബോധവും തോന്നി അയാള്‍ക്ക്‌..,..!!
അപ്പോള്‍ ഭാര്യ അടുക്കളയില്‍ നിന്നും അയാളുടെ അടുത്തേക്ക് വന്നു അതിശയപ്പെട്ടു.. നിങ്ങള്‍ ഇന്ന് നേരത്തെ വന്നോ എന്ന് അതിശയപ്പെട്ട ഭാര്യയോട് തലവേദന ആണെന്നും ഒരു ചായ എടുക്കാനും പറഞ്ഞു..!!

ചായയും കൊണ്ട് വന്നു ഭാര്യ നെറ്റിയില്‍ തണുത്ത കൈ കൊണ്ട് സ്പര്‍ശിച്ചു തടവിയപ്പോള്‍ അയാള്‍ അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു...
അപ്പോള്‍ അയാളുടെ ചെവിയില്‍ എന്‍ഗേജ്ഡ് ടോണ്‍ ആയിരുന്നില്ല.. അവളുടെ, സാരമില്ല എന്ന  ആശ്വാസവചനങ്ങള്‍  ആയിരുന്നു മുഴങ്ങിയിരുന്നത്... !! 

6 comments:

  1. ഭാര്യ..!!
    സുന്ദരിയും, സുശീലയും, പതിവ്രതയുമായ ഒരു ഭാര്യ
    ജീവിതത്തില്‍ വലിയൊരു ആശ്വാസം തന്നെയാണ്.
    ചില ജീവിതങ്ങളില്‍ ഭാര്യയോടുള്ള അമിതമായ ഇഷ്ടം
    ഇങ്ങിനെയുള്ള മാനസികനിലകളില്‍ ചില ഭര്‍ത്താക്കന്മാരെക്കൊണ്ടെത്തിക്കാറും ഉണ്ട്‌..

    നന്നായി എഴുതി..!!
    ആശംസകള്‍..

    ReplyDelete
    Replies
    1. നന്ദി അക്കാക്കുക്ക... ചുമ്മാ ഒന്നെഴുതി നോക്കിയതാ... :)

      Delete
  2. എഴുത്ത് നന്നായി പക്ഷെ എന്ഗേജ് ആകാനുള്ള കാരണം ചിലരുടെ ഉള്ളില്‍ എങ്കിലും വായിച്ചു തുടങ്ങുമ്പോഴേ മിന്നും.എങ്കിലും അവസാനം ഏറെ നന്നായി.ഒന്ന് കൂടി വെട്ടി ചുരുക്കിയാല്‍ കുറേക്കൂടി തിളങ്ങിയേനെ.ആശംസകള്‍ ഈ മാറ്റത്തിന്

    ReplyDelete
    Replies
    1. അതെ എനിക്കും തോന്നിയിരുന്നു കാരണം ആദ്യമേ മിന്നുമെന്ന്.. പിന്നെ വെട്ടിചുരുക്കാന്‍ കുറെ ഉണ്ടായിരുന്നു.. പക്ഷെ തീരെ ക്ഷമ ഇല്ലാത്തത് കാരണം എഴുതിയ ഉടനെ അങ്ങ് പോസ്റ്റ്‌ ചെയ്തു.. അടുത്ത തവണ ശ്രദ്ധിക്കാം... നന്ദി നജീബ്ക്കാ...

      Delete
  3. നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി ...സന്തോഷം...

      Delete