28 May 2013

ചുവന്ന മഷിക്കുപ്പി

അവള്‍ : നിന്‍റെ കത്തുകള്‍ വായിക്കുമ്പോള്‍ എനിക്ക് ദാഹിക്കും, തൊണ്ട വരളും.

അവന്‍ : അതെന്താ അങ്ങനെ?

അവള്‍ : നിന്‍റെ ചുവന്ന അക്ഷരങ്ങള്‍ അഗ്നിഗോളങ്ങള്‍ ആയി തോന്നുന്നു. അവയുടെ ചൂടേറ്റ് ഞാന്‍ ഉരുകുന്നു. മഞ്ഞയും ചുവപ്പും കലര്‍ന്ന തീജ്വാലകള്‍ എന്നെ വിഴുങ്ങുന്നത് പോലെ.

അവന്‍ : നിന്നെ കരിച്ചു കളയാനുള്ള ശക്തി അവയ്ക്കില്ല. വിരഹത്താല്‍ പൊള്ളുന്ന മനസ്സുമായി എഴുതുന്നത് കൊണ്ടായിരിക്കാം അക്ഷരങ്ങള്‍ അഗ്നി ആകുന്നത്. പക്ഷെ  നിന്‍റെ അടുത്തെത്തുമ്പോഴേക്കും അവയുടെ ചൂട് കുറയും.

അവള്‍ : ഇവിടെ എത്തുമ്പോഴും ആ തീ അണയാതെ നില്‍ക്കുന്നത് നിന്‍റെ പ്രണയം അത്രയും തീക്ഷ്ണമായത് കൊണ്ടല്ലേ. ഇത്രയും ചൂട് സഹിക്കുന്ന നിന്‍റെ ഹൃദയം എന്ത് മാത്രം ചുട്ടു പൊള്ളുന്നുണ്ടാവും?

അവന്‍ : നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ ഹൃദയത്തില്‍ ഒരു കുളിര്‍മഴയായി പെയ്യുന്നത് കൊണ്ട് ചൂട് ഞാന്‍ അറിയാറില്ല.

അവള്‍ :  ഒരു നാള്‍ ഞാന്‍ പേമാരിയായി പെയ്തിറങ്ങി ആ അഗ്നിനാളം കെടുത്തിക്കളഞ്ഞാലോ?  എത്രകാലം നീ ആ അഗ്നി കാത്തു സൂക്ഷിക്കും?

അവന്‍ : നമ്മുടെ ആകാശത്ത് അത്രയും കാര്‍മേഘങ്ങള്‍ ഒരുമിച്ചു വരില്ല എന്ന് എനിക്കുറപ്പുണ്ട്. നിനക്ക് ആവുന്ന അത്ര ഇടിച്ചു കുത്തി പെയ്താലും ആ അഗ്നി അണയില്ല.

അവള്‍ : എത്ര കാലം നിനക്ക് ചുവന്ന അക്ഷരങ്ങള്‍ക്ക് തീ തുപ്പാന്‍ കഴിയും? നിന്‍റെ പേനയിലെ മഷി ഒരുനാള്‍ തീരില്ലേ?

അവന്‍ : എന്‍റെ പേനയിലെ മഷി തീരുന്ന അന്ന് ഞാനും തീരും. എന്‍റെ ചോര കൊണ്ടാണ് ഞാന്‍ എഴുതുന്നത്‌.,. എന്‍റെ ഹൃദയമാണ് എന്‍റെ മഷിക്കുപ്പി..!!

27 May 2013

ചെകുത്താന്‍ തന്ന പെണ്‍കുട്ടി



അവള്‍....,..
മെലിഞ്ഞു കൊലുന്നനെ കറുപ്പിന്‍റെയും വെളുപ്പിന്‍റെയും ഏഴഴകുകള്‍ ചാലിച്ചെടുത്ത സുന്ദരിക്കുട്ടിയായിരുന്നു.. വളരെ ചടുലമായി സംസാരിക്കുന്ന ഒരു വായാടിപ്പെണ്ണ്‍...,.. മഞ്ചാടിക്കുരുക്കള്‍ കൈക്കുള്ളിലൂടെ ഊര്‍ന്നു വീഴുന്നതുപോലെ ചിന്നിച്ചിതറി വാക്കുകള്‍ തെറിപ്പിക്കുന്ന ഒരു സംസാരപ്രിയ...

അവള്‍ എന്നാണ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത് എന്ന് ഞാന്‍ വളരെ കൃത്യമായി ഓര്‍ക്കുന്നു. കാരണം ഓര്‍ക്കാന്‍ വേറെ അധികം ഒന്നുമില്ലല്ലോ. അവള്‍ വന്നതിനു ശേഷമുള്ള ഓരോ പ്രഭാതങ്ങളും ഓരോ സായം സന്ധ്യയും എന്‍റെ സ്വപ്നങ്ങളില്‍ നിറങ്ങള്‍ ചാലിച്ചവയായിരുന്നു. അവളില്ലാതെ ഒരു നിമിഷവും കടന്നു പോയിട്ടില്ല. ഉറങ്ങാന്‍ പോകുന്നതും അവളോടൊപ്പം ഉണരുന്നതും അവള്‍ക്കു വേണ്ടി, ദിവസത്തിന്‍റെ ഭൂരിഭാഗവും അവളുടെ മടിയില്‍ തല വെച്ച് അവളുടെ മൃദുമന്ദഹാസം വിരിയുന്ന മുഖത്തേയ്ക്ക് നോക്കി അങ്ങനെ കിടക്കുക എന്നത് ഒരു സ്വപ്നം..

മൂന്നര കൊല്ലത്തെ പ്രണയത്തിനു ശേഷം എന്‍റെ പ്രിയപ്പെട്ടവള്‍ എന്നെ വിട്ടുപോയപ്പോള്‍ മനസ്സ്‌ വറ്റി വരണ്ടിരുന്നു. അതേസമയം തന്നെയാണ് വരണ്ടുണങ്ങിയ മരുഭൂമിയിലേക്ക് വണ്ടി കയറിയതും. ഓര്‍ക്കാനും ഓര്‍ത്തോര്‍ത്തു സന്തോഷിക്കാനും സങ്കടപ്പെടാനും ഒരുപിടി ഓര്‍മ്മകളുമായി. അവളുടെ ഓര്‍മ്മകളില്‍ വിലയം പ്രാപിച്ചു ഓരോ നിമിഷവും ഓരോ ദിവസവും നീറി നീറി കഴിയുകയായിരുന്നു. ഒരു കൊല്ലം കഴിഞ്ഞിട്ടും മാറാത്ത വിരഹം. ഒരു കൊല്ലം അവള്‍ ഇല്ലാതെ കഴിഞ്ഞിട്ടും അവളെ എന്‍റെ മനസ്സില്‍ നിന്നും കുടിയിറക്കാന്‍ പറ്റിയിരുന്നില്ല. ഹൃദയത്തിന്റെ ഒരു കോണില്‍ അവള്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. സൂര്യതെജസ്സോടെ..

അപ്പോഴാണ്‌ ഒരു മാലാഖയെപ്പോലെ, വള കിലുങ്ങുന്നത് പോലെ സംസാരിച്ചു കൊണ്ട് ചല പില മുത്തുകള്‍ കൊഴിച്ചു കൊണ്ട് മഞ്ചാടിക്കുരുവും പെറുക്കി എന്‍റെ ഹൃദയത്തിലേക്ക് വാരി വിതറിക്കൊണ്ട് അവള്‍ കടന്നു വരുന്നത്. തല്‍ക്കാലം നമുക്കവളെ അനാമിക എന്ന് വിളിക്കാം. അവള്‍ കടന്നു വരികയായിരുന്നോ ചെകുത്താന്‍ അവളെ എനിക്ക് കൊണ്ട് തരികയായിരുന്നോ ഞാന്‍ അവളെ തേടി പിടിക്കുകയായിരുന്നോ എന്നറിയില്ല.

ഒരു ഉടക്കിലൂടെയാണല്ലോ സാധാരണ പ്രണയങ്ങള്‍ തളിരിടാറുള്ളത്. ഇതും ഒരു ഉടക്കിലൂടെ തളിരിട്ടു. സ്നേഹത്തിലൂടെ പൂത്തു. പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്നു. എന്‍റെ നഷ്ടപ്രണയത്തിന്റെ വിരഹവേദനയില്‍ എനിക്കൊരു ആശ്വാസമായിരുന്നു അവള്‍,. വാ തോരാതെ സംസാരിക്കുന്ന ഏതു സങ്കടവും ഒരു ചിരിയില്‍ അലിയിച്ചു കളയുന്ന എന്‍റെ അനാമിക..

രാവുകള്‍ പകലാക്കി ഞങ്ങള്‍ സംസാരിച്ചു. മിണ്ടി തുടങ്ങിയാല്‍ പിന്നെ നല്ലൊരു ശ്രോതാവായി ഇരുന്നു കൊടുക്കുക എന്നാ ധര്‍മ്മം ആയിരുന്നു പലപ്പോഴും എനിക്ക്. അത് ഞാന്‍ ആസ്വദിച്ചിരുന്നു. കലപില പറഞ്ഞു കൊണ്ട് ഇടയ്ക്ക് ഒന്ന് മൂള് മൂള് എന്ന് പറഞ്ഞു കൊണ്ട് ഒരു നിമിഷം ഗ്യാപ്‌ ഇടാതെ അവളുടെ ഓരോ ദിവസത്തിലും നടക്കുന്ന ചെറിയ ചെറിയ സംഭവങ്ങള്‍ വരെ അവള്‍ വര്‍ണിക്കും.എന്‍റെ വിശപ്പ്‌ അവള്‍ക്കു വേണ്ടിയായിരുന്നു. എന്‍റെ ദാഹം അവളുടെ ഇടമുറിയാത്ത വാക്കുകള്‍ക്കു വേണ്ടി ആയിരുന്നു. എന്‍റെ ശരീരം അവളോടായിരുന്നു പ്രതികരിച്ചിരുന്നത്..

ക്ലാരയെപ്പോലെ ഒരു മഴ പോലെ കടന്നു വന്നു ഒരു പേമാരിയായ് എന്നിലേക്ക് പെയ്തിറങ്ങിയ എന്‍റെ അനാമിക. എന്നെന്നും എന്‍റെ കൂടെ എനിക്ക് നനയാന്‍ തോന്നുമ്പോള്‍ മഴയായി പെയ്യാനും എന്‍റെ കൂടെ നനയാനും എന്‍റെ തല തുവര്‍ത്തി തരാനും എന്നോടൊപ്പം എന്നെന്നും അവള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു..


ക്ലാരയും മഴയും അവള്‍ക്കു എന്നും പ്രിയപ്പെട്ടതായിരുന്നു. ഞങ്ങളുടെ ഇഷ്ടങ്ങളില്‍ ഏറ്റവും അടുത്ത് നിന്നിരുന്നതും അവ തന്നെയായിരുന്നു. രണ്ടിനെ പറ്റി സംസാരിക്കുമ്പോഴും അവള്‍ക്കു നൂറു നാവായിരുന്നു. അവള്‍ തന്നെയായിരുന്നോ എന്റെ ജീവിതത്തിലെ മഴ.. അവള്‍ എന്നിലേക്ക് പെയ്യുവാന്‍ ആയിരുന്നില്ലേ ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്. അതെ, ആ മഴയില്‍ നനഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആ യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു..
അവള്‍, കവിതകളെയും കഥകളെയും സ്നേഹിക്കുന്ന, പുസ്തകങ്ങള്‍ക്കിടയില്‍ കൂട് കൂട്ടാന്‍ ഇഷ്ടപ്പെടുന്ന മനസ്സില്‍ കവിത സൂക്ഷിക്കുന്ന എന്‍റെ അനാമിക. അവളുടെ എഴുത്തായിരുന്നു എന്നെ അവളിലേക്ക് അടുപ്പിച്ചത്. എഴുതിക്കൂട്ടിയത് അധികമില്ല. പക്ഷെ ഉള്ളതെല്ലാം എന്‍റെ ഹൃദയത്തില്‍ ഞാന്‍ എടുത്തു വെച്ചു. പിന്നീട് അവളുടെ ഓരോ സൃഷ്ടിക്കും വേണ്ടി കാത്തിരുന്നു. പ്രസവവേദനയുടെ യാമങ്ങളില്‍ സംസാരിച്ചാല്‍ എന്‍റെ കവിതകള്‍ മുറിഞ്ഞു പോകുന്നു എന്നവള്‍ പരാതിപ്പെടുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ച് കാത്തിരുന്നിട്ടുണ്ട്. ആ കവിത എന്നിലേക്ക് പെയ്തു ഇറങ്ങുന്നതും കാത്ത്..

അവള്‍ പിണങ്ങുമ്പോള്‍ എന്‍റെ ആകാശത്തിന് കറുപ്പ് നിറമായിരുന്നു. അവള്‍ ദേഷ്യപ്പെടുമ്പോള്‍ എന്‍റെ കണ്ണിലും കറുപ്പ് പടരും. അവളെ പലവട്ടം വേദനിപ്പിച്ചിട്ടുണ്ട് ഞാന്‍...,. അസ്വസ്ഥതയില്‍ നിന്നും ഉയരുന്ന ക്രൂരമായ വാക്കുകളുടെ മുനകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചിട്ടുണ്ട്...പക്ഷെ അമിതമായ സ്നേഹത്തില്‍ നിന്നും ഉടലെടുത്ത ചില അലോസരങ്ങള്‍ ഞങ്ങളുടെ സ്നേഹത്തെ പങ്കിലമാക്കാന്‍ ഒരിക്കലും സമ്മതിക്കാറില്ല. വഴക്കുകള്‍ക്ക് ഒടുവില്‍ ഞങ്ങളില്‍ ഒരാള്‍ തോറ്റാലും ഞങ്ങളുടെ സ്നേഹം തോല്‍ക്കരുത്.

അവള്‍ ഇന്ന് എന്‍റെ ഹൃദയത്തിന്റെ താളമാണ്.. എന്‍റെ മനസ്സിനെ എന്‍റെ ശരീരവുമായി ഇണക്കുന്ന കണ്ണിയാണ്.. എന്‍റെ കാലുകള്‍ക്ക് എന്നെ വഹിക്കാനുള്ള ഊര്‍ജ്ജമാണ്. എന്‍റെ അക്ഷരങ്ങള്‍ ആണ്..ഇനിയും ഒരുപാട് കാലം എന്നെ സഹിക്കാനുള്ള കരുത്ത് അവള്‍ക്കു ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു.. <3 <3






25 May 2013

മലിന കേരളം - ചില മാലിന്യ വിമുക്ത ചിന്തകള്‍...,..

"നാട്യപ്രധാനം നഗരം ദാരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം"
പണ്ട് മുതലേ പാണനും പാച്ചുവും കവിയും ഗുരുക്കന്മാരുമൊക്കെ പല ചെവികളിലെക്കായി പകര്‍ന്നു നല്‍കിയ രണ്ടു വരികളാണിവ...ബൃഹത്തായ അര്‍ത്ഥതലങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ടു വരികള്‍...,..നഗരത്തിന്റെ നാട്യങ്ങളോ പുക തുപ്പുന്ന അന്തരീക്ഷമോ വിഷം വമിക്കുന്ന കാഴ്ചകളോ ഇല്ലാത്ത ശാന്തസുന്ദരമായ ഗ്രാമ്യഭംഗി കണ്ടു എഴുതിയ വരികള്‍....,. പക്ഷെ നാട്ടിന്‍ പുറത്തെ നന്മകളും നഗരം കവര്‍ന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്... ഒരു കണക്കിന് പറഞ്ഞാല്‍ നാടും നഗരവും ഒരു പോലെ സമൃദ്ധമായിക്കൊണ്ടിരിക്കുകയാണ്...പക്ഷെ നന്മകളാല്‍ എന്നത് മാലിന്യങ്ങളാല്‍ എന്ന് തിരുത്തിപ്പറയേണ്ടി വരും...നഗര മാലിന്യങ്ങള്‍ തള്ളാനുള്ള ഒരു ചവറ്റുകുട്ടയായി ഗ്രാമങ്ങള്‍ മാറിയിരിക്കുന്നു...അല്ലെങ്കില്‍ മാറ്റിയിരിക്കുന്നു...

സ്വന്തം വീടും പുരയിടവും വൃത്തിയില്‍ സൂക്ഷിച്ചാല്‍ എല്ലാമായി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന മലയാളിയെ കാത്തുനില്‍ക്കുന്നത് ദുരിത പൂര്‍ണ്ണമായ ഭാവി തന്നെയാണ്.വീടിനു പുറത്തുള്ള എല്ലായിടങ്ങളും മാലിന്യം തള്ളാനുള്ളതാണെന്ന മലയാളിയുടെ ഭാവം തന്നെയാണ് ഇവിടെ പ്രശ്നമുണ്ടാക്കുന്നത്...

തൊട്ടടുത്ത വീടിന്‍റെ പിന്നാമ്പുത്തെക്ക് മതിലിനു മുകളില്‍ കൂടി മാലിന്യം വലിച്ചെറിയുന്ന കാഴ്ച സിനിമകളില്‍ മാത്രമല്ല നമുക്ക് കാണാന്‍ പറ്റുക...മലയാളിയുടെ ശീലങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു അത്...ഇത്ര ലളിതമായി മാലിന്യനിര്‍മാര്‍ജ്ജനം നടത്തുന്ന ഒരു ജനത വേറെ എവിടെയും ഉണ്ടാവില്ല.....വീട്ടില്‍ നിന്നും ഇറങ്ങുന്ന മലയാളിയുടെ കൈയ്യില്‍ ഒന്നോ രണ്ടോ കവറുകളും കാണും...എന്നിട്ട് പോകുന്ന പോക്കില്‍ തിക്കും പൊക്കും നോക്കി റോഡരികിലോ ഓടയിലോ ആ മാലിന്യം അവന്‍ സുരക്ഷിതമായി നിക്ഷേപിക്കുന്നു...

അത് കൂടാതെ അറവു ശാലകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ഇരുട്ടിന്റെ മറവിലും മറ്റും കൊണ്ട് തള്ളുന്നത് പാതയോരങ്ങളിലും ഓടകളിലുമാണ്...സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ, പാതയോരങ്ങളിലും പുഴയിറമ്പുകളിലും പുറമ്പോക്കുകളിലും അവ കൂമ്പാരമായി മാറുന്നു..ഒടുവില്‍ അതെ പാതയിലൂടെ ഇതിന്റെ ദുര്‍ഗന്ധവും സഹിച്ചു മൂക്കും പൊത്തി നടന്നു പോകുന്നതും ഇതേ മലയാളി തന്നെയാണ്...
നരക” വാസികളുടെ എച്ചില്‍ അവരുടെ അടുക്കള വാതിലും കടന്നു ഗ്രാമത്തിന്റെ നന്മകളിലേക്ക് കടന്നു വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി..നാളെ അവര്‍ തിന്നു തൂറിയത് ഗ്രാമവാസികളുടെ മുറ്റത്ത്‌ കൊണ്ട് വന്നു ഇടാന്‍ തുടങ്ങും.....ഇപ്പോള്‍ തന്നെ ചില മാലിന്യസംസ്ക്കരണ കേന്ദ്രങ്ങള്‍ കുടി കൊള്ളുന്ന പ്രദേശങ്ങളിലെ അവസ്ഥ വളരെ ഭീകരമാണ്... ദുര്‍ഗ്ഗന്ധ പൂരിതമായ വായു ശ്വസിച്ച് ജീവിതം മുഴുവന്‍ തള്ളിനീക്കുന്നു ഇവര്‍.....,..കൂടാതെ , അഴുക്കിന്റെ പാട മൂടിയ കിണറുകളില്‍ നിന്ന് വെള്ളം കോരേണ്ടി വരുന്നു , സുഹൃത്തുക്കളോ ബന്ധുക്കളോ വിരുന്നു വരാനോ വന്നാല്‍ തന്നെ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാനോ തയ്യാറാവാത്ത അവസ്ഥ , വിവാഹാലോചനകള്‍ മുടങ്ങിപ്പോകുന്നു... എങ്ങനെയെങ്കിലും വിറ്റുപെറുക്കി എവിടെയെങ്കിലും പോയി ജീവിക്കാന്‍ തീരുമാനിച്ചാല്‍പോലും കിടപ്പാടത്തിന് വേണ്ടത്ര വില കിട്ടുന്നുമില്ല...ക്ഷമയുടെ നെല്ലിപ്പലക കണ്ടു അവസാനം പ്രതികരിക്കാന്‍ തീരുമാനിച്ച ചില ഗ്രാമങ്ങളില്‍ അധികാരത്തിന്‍റെ മാര്‍ക്കടമുഷ്ട്ടി പ്രയോഗിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു.,..ഞെളിയന്‍ പറമ്പും വിളപ്പില്‍ ശാലയും ലാലൂരും അടക്കമുള്ള പ്രദേശങ്ങള്‍ ഇപ്പോള്‍ ചെറുത്തു നില്‍പ്പിന്റെ പാതയിലാണ്...
മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ കേരളം ഇരുളില്‍ തപ്പുകതന്നെയാണ്. ശാസ്ത്രീയമായ വീക്ഷണത്തിന്റെയും സംവിധാനങ്ങളുടെയും അഭാവമാണ് എല്ലായിടത്തും തടസ്സമാവുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള താല്‍ക്കാലിക നടപടികളല്ല നമുക്കാവശ്യം..ശാസ്ത്രീയമായ രീതിയില്‍ പരിസരവാസികള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രക്രിയ ആണ് നടക്കേണ്ടത്...കേന്ദ്രീകൃതമാലിന്യ സംസ്ക്കരണം എന്നത് കേരളത്തില്‍ ഈ നിലയ്ക്ക് ഫലപ്രദം അല്ല എന്ന് തെളിഞ്ഞതാണ്...അത് കൊണ്ട് തന്നെ ഉത്ഭവസ്ഥാനത്തു തന്നെ സംസ്ക്കരിക്കാനുള്ള ശ്രമവും നടത്തണം...തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട ഒരു പ്രധാന ഉത്തരവാദിത്തമാണ് ഇത് . തമ്മിലടിയും അധികാരത്തിന്‍റെ അപ്പക്കഷണം നുകരാനുള്ള ആര്‍ത്തിയും മൂലം അവന്മാര്‍ക്ക് അതിനൊന്നും സമയവും ഇല്ല...ജനങ്ങളുടെ നികുതിപണം കൊണ്ടാണ് മൂന്നു നേരവും അണ്ണാക്കിലേക്ക് തള്ളിക്കയറ്റുന്നത് എന്നാ ബോധം പോലും ഇല്ലാത്ത ഇവരെയൊക്കെ നിയന്ത്രിക്കേണ്ട ഗവണ്‍മെന്റ് ആകട്ടെ ഈ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല അതു നിലനിര്‍ത്തി ലാഭക്കച്ചവടം നടത്താനാണ് ശ്രമിക്കുന്നത്...

മാലിന്യ സംസ്കരണ മേഖലയിലെ ഗവണ്മെന്റിന്റെ എല്ലാ സംവിധാനങ്ങളെയും പൂട്ടിക്കെട്ടി സ്വകാര്യമുതലാളിമാര്‍ക്ക് കൈ വെള്ളയില്‍ വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്... ഇതിനായി കേരള ശുചിത്വ മിഷന്‍ പിരിച്ചുവിടാന്‍ തീരുമാനമെടുത്തു ..മറ്റു സാങ്കേതിക സംവിധാനങ്ങള്‍ പിരിച്ചു വിട്ടു...ഇനി സര്‍ക്കാരിനു നാമ മാത്രമായ ഓഹരികള്‍ മാത്രമുള്ള സംവിധാനം ഉണ്ടാക്കി , അപ്രായോഗികമെന്നു തെളിഞ്ഞ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി അതില്‍ നിന്നും കാശ് തട്ടിക്കാനാണ് ശ്രമിക്കുന്നത്...ഇതിന്റെ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കാന്‍ എന്നാ പേരില്‍ അച്ചിയെയും മക്കളെയും കൂട്ടി വിദേശരാജ്യങ്ങളില്‍ ടൂര്‍ പോകുന്നു...സുരക്ഷിതവും സുഗമവും ലളിതവും ചെലവു കുറഞ്ഞതുമായ മാലിന്യ സംസ്കരണ പദ്ധതികള്‍ സാധ്യമാവും എന്നിരിക്കെ കോടികള്‍ ചിലവിട്ടു ഇത്തരം മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ അറിയാം എവിടെയാണ് ശരിക്കും ചീഞ്ഞു നാറുന്നത് എന്ന്...

നിഷ്ക്രിയരായ ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദവും നടത്തുന്ന പേക്കൂത്തുകള്‍ കണ്ടു കുറ്റം പറഞ്ഞു ഇരിക്കാതെ നമ്മുടെ ജീവനും ആരോഗ്യത്തിനും വേണ്ടി നാം തന്നെ പ്രവര്‍ത്തിച്ചേ മതിയാകൂ... ഈ പാപത്തില്‍ നിന്ന് നമുക്ക് മാറി നടക്കാന പറ്റില്ല... നമ്മള്‍ പുറന്തള്ളുന്ന എച്ചിലും വിസര്‍ജ്ജ്യങ്ങളും നമ്മുടെ പരിസരത്ത് തന്നെ സംസ്ക്കരിക്കാന്‍ ധൈര്യം കാണിക്കുന്നത് ഈ അധികാരികള്‍ക്ക് ഒരു പാഠം പഠിപ്പിച്ചു കൊടുക്കല്‍ കൂടിയായിരിക്കും...

എല്ലാവരും കൂടി മുന്‍കൈയ്യെടുത്താല്‍ എളുപ്പത്തില്‍ പ്രായോഗികമാക്കാവുന്ന ചില മുന്‍കരുതലുകളും നിര്‍ദേശങ്ങളും ചുവടെ...
1.കടകളിലെയും ഹോട്ടലിലെയും വേസ്റ്റുകള്‍ ഉടമകള് തന്നെ സംസ്കരിക്കാന്‍ വേണ്ട നിര്‍ദേശവും ബോധവല്‍ക്കരണവും നടത്തുക...പാലിക്കാത്ത പക്ഷം ലൈസന്‍സ് റദ്ദാക്കുക.

2.കോഴിഫാമുകളിലേയും ഇറച്ചിവില്‍പനകേന്ദ്രങ്ങലുടെയും ഉടമസ്ഥന്മാര് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുകയാണെങ്കില്‍ മാലിന്യ സംസ്കരണവും ഒപ്പം ഗ്യാസും ലഭ്യമാകുന്ന നില വന്നുചേരും.ഇവര്‍ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം..ഇല്ലെങ്കില്‍ അനുമതി കൊടുക്കാതിരിക്കുക...

3.പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുന്ന സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്കരണ സൌകര്യം നിര്‍ബന്ധമാക്കുക.

4.ജൈവമാലിന്യസംസ്ക്കരണത്തിന് ഓരോ വീട്ടിലും സംവിധാനം ഉണ്ടാക്കുക. ഭക്ഷണാവശിഷ്ടങ്ങള്, പച്ചക്കറി അവശിഷ്ടം എന്നിവ കുഴി ഉണ്ടാക്കി സംസ്ക്കരിക്കുക, കമ്പോസ്റ്റ് കുഴി ഉണ്ടാക്കാന് പഞ്ചായത്ത് സഹായം നല്‍‍കുക. കുളി മുറി, അടുക്കള ഇവയിലെ മലിനജലം പൈപ്പ് വഴി അകലെ കൊണ്ടുപോയി കുഴിയില്‍ നിക്ഷേപിക്കുക. കുഴി സ്ലാബ് ഇട്ടു മൂടുക..

5.ആഘോഷ വേളയില്‍ പ്ലാസ്റ്റിക്ക്, ഗ്ലാസ്സ് ഉപയൊഗിക്കാതിരിക്കുക ബോധവല്‍‍ക്കണം നടത്തുക.

6.ജൈവമാലിന്യങ്ങള് കമ്പോസ്റ്റ് / മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഉപയോഗപ്പടുത്തുക.. വ്യാപകമായി വീടുകള്‍തോറും കമ്പോസ്റ്റ് കുഴി ഉണ്ടാക്കാനുള്ള ധനസഹായം നല്‍കുകയും മാലിന്യ നിര്‍മാര്‍ജ്ജനം ഒരു ജീവിത ചര്യയാണെന്ന ബോധം ജനതയില്‍‍സൃഷ്ടികുകയും ചെയ്യണം.

7.പ്രധാന സ്ഥലങ്ങളില്‍ കൃത്യമായി ഇടവിട്ട്‌ ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.

8.നഗരത്തിലെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടിക്കുക...മാലിന്യങ്ങള്‍ റോഡരികില്‍ കൊണ്ട് തള്ളുന്നവരെ ബോധവല്‍ക്കരിക്കുക...എന്നിട്ടുംഫലമുണ്ടായില്ലെങ്കില്‍ 'കൈ'കാര്യം ചെയുക...
വഴിവക്കിലും പൊതുസ്ഥലങ്ങളിലും മറ്റും പ്ളാസ്റിക് സഞ്ചികളിലും ജീര്‍ണിക്കാത്ത കവറുകളിലും മാലിന്യം തള്ളുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഈയിടെ ഉത്തരവോക്കെ ഇറക്കിയിരുന്നു... നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നാണ് കോടതി പറയുന്നത്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍..,.... വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. ഇതിന്റെ അടിസ്ഥാനത്തില്‍ പല സ്ഥലങ്ങളിലും പോലീസ് രംഗത്തിറങ്ങണം ..നേരിട്ട് കൈകാര്യം ചെയ്യാന്‍ പറ്റില്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ പോലീസിനെ ഉപയോഗിച്ച് ചെയ്യാവുന്നതാണ്...

ഓരോ മുക്കുകളില്‍ ഒളിച്ചു നിന്ന് ചാടി വീണും സിനിമാ സ്റ്റൈലില്‍ ചേസ്ചെയ്തും പോലീസ്‌ നടത്തുന്ന ഹെല്‍മറ്റ്‌ വേട്ടയും ടയറില്‍ കാറ്റ് പോരാ എന്ന് പറഞ്ഞു കാശ് പിഴിയുന്നതിലും കാണിക്കുന്ന ആത്മാര്‍ഥത ഇക്കാര്യത്തില്‍ കാണിച്ചാല്‍ മാലിന്യം കൊണ്ട് തള്ളുന്നവനെയൊക്കെ നിഷ്പ്രയാസം പിടിക്കാം...


പിന്നെ വേറൊരു കാര്യം ഉള്ളത് അഞ്ചു വര്ഷം കൂടുമ്പോള്‍ നമ്മള്‍ നടത്തുന്ന ഇലക്ഷന്‍ എന്നാ മാലിന്യ നിര്‍മ്മാര്‍ജ്ജനം നേരാം വണ്ണം ചെയ്യുക...വോട്ടും വാങ്ങി പോയിട്ട് ചില്ലിട്ട മുറിയിലെ ശീതളിമയില്‍ സുഖിക്കുന്ന ഭരണാധികാരികളെ വോട്ട് തെണ്ടി വരുമ്പോള്‍ കമ്പോസ്റ്റ്‌ കുഴിയിലേക്ക് തള്ളി ഇറക്കി അതിന്റെ സുഗന്ധം അവരെക്കൊണ്ട് അനുഭവിപ്പിക്കുക...റീസൈക്കിള്‍ ചെയത് മനസ്സ് നന്നാക്കാന്‍ പറ്റിയില്ലെങ്കില്‍ അവനെയൊക്കെ അതില്‍ തന്നെ കുഴിച്ചു മൂടുക...




കേരള ശുചിത്വ മിഷന്‍റെ മുദ്രാവാക്യമായ " ഉത്പാദിപ്പിക്കപ്പെടുന്ന 80% മാലിന്യങ്ങളും കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, പുനഃസംസ്കരിക്കുക, വീണ്ടെടുക്കുക" എന്ന നാല് തത്വങ്ങളില്‍ അധിഷ്ടിതമായി മുന്നോട്ടു പോയി മാലിന്യ വിമുക്തമായ ഒരു കൊച്ചു കേരളം സൃഷ്ടിക്കാന്‍ നമുക്ക് കഴിയും...കഴിയണം...




ശ്രീ സിവിക്‌ ചന്ദ്രന്‍ പറഞ്ഞത് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു....“നിന്‍റെ അഴുകിയ ഭക്ഷണം, നിന്‍റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്‍റെ ഉച്ഛിഷ്ടങ്ങള്‍, നിന്‍റെ കഫം നിറച്ച കോളാമ്പികള്‍, നിന്‍റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്‍റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍ ..ഇതെല്ലാം വലിച്ചെറിയേണ്ടത് എന്‍റെ സന്തതികളുടെ മുകളിലല്ല. നിന്‍റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”

സദാചാരഗുണ്ടായിസം എന്നാ സാമൂഹ്യവിപത്ത്...

കേരളീയ സമൂഹം പലവട്ടം ചര്‍ച്ച ചെയ്യുകയും അതിനിശിതമായി തന്നെ വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു സംഭവമാണ് സദാചാരപോലീസിംഗ് എന്ന് വിളിക്കപ്പെടുന്ന സദാചാര ഗുണ്ടായിസം...ഈ അടുത്ത കാലത്തായി ഉയര്‍ന്നു വന്ന ഒരു പ്രത്യേക സംഭവ വികാസം എന്നാ രീതിയിലാണ് ഇത് പരിഗണിക്കപ്പെടുന്നതും വിശേഷിപ്പിക്കപ്പെടുന്നതും...പക്ഷെ ഈ അടുത്ത കാലത്ത് മാത്രമാണ് ചില പ്രത്യേക

സംഭവപരമ്പരകളിലൂടെ ഇത് ജനശ്രദ്ധ ആകര്‍ഷിച്ചതെന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും...സത്യത്തില്‍ മാനസിക വൈകല്യം ബാധിച്ച മത-സദാചാര ഭ്രാന്തന്മാരുടെ ഈ സദാചാര പോലീസിംഗ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല...മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ ഏറിയും കുറഞ്ഞും സദാചാരപോലീസിങ്ങിന്റെ സാന്നിധ്യം ഉണ്ടായിരുന്നു...മറ്റുള്ളവന്റെ ജീവിതത്തിലേക്ക് എത്തി നോക്കാനും സമൂഹം സ്വയം നിശ്ചയിച്ചിട്ടുള്ള ചില അതിര്‍വരമ്പുകള്‍ അവന്‍ ലംഘിക്കുന്നുണ്ടോ എന്ന് ചികഞ്ഞു നോക്കി കണ്ടു പിടിക്കാനും ഇത്തരം സദാചാരഗുണ്ടകള്‍ ശ്രമിച്ചിരുന്നു...ഇന്ന് അതിനു വന്ന മാറ്റം അത് കൂടുതല്‍ സംഘടിതമായി എന്നതും പോലീസിന്റെയും കോടതിയുടെയും റോള്‍ ഏറ്റെടുത്തു അതില്‍ ഉള്‍പ്പെടുന്ന ആളുകളെ പിടികൂടി കുറ്റം ചുമത്തി ശിക്ഷ വിധിക്കാനും തുടങ്ങി എന്നതുമാണ് ...പക്ഷെ സദാചാരപോലീസും പോലീസും പേരില്‍ മാത്രമല്ല ചില പ്രവൃത്തികളിലൂടെയും ബന്ധപ്പെട്ടിരിക്കുന്നു എന്നതും നാം കാണാതിരിക്കരുത്...
പോലീസ്‌ എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നിയമവ്യവസ്ഥ നടപ്പാക്കാനും അധികാരം നല്‍കപ്പെട്ടിട്ടുള്ള സംഘടിതമായ ഒരു സംവിധാനമാണ്...എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പാരമ്പര്യ സദാചാര മൂല്യങ്ങളും വിലക്കുകളും വേലിക്കെട്ടുകളും നടപ്പിലാക്കി ജനങ്ങളെ സാന്മാര്‍ഗ്ഗികള്‍ ആക്കാന്‍ എന്നാ വ്യാജേന ഭരണഘടനാപരമായി പൗരന്മാര്‍ക്ക്‌ ലഭ്യമായ സ്വാതന്ത്ര്യം സംഘടിതമായി ചെറുക്കുകയും തടസ്സപ്പെടുത്തുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ എന്ന് നമുക്ക് സദാചാരപോലീസ്‌ ചമയുന്നവരെ വിശേഷിപ്പിക്കാം.പെണ്ണ് അല്ലെങ്കില്‍ ആണും പെണ്ണും ഉള്‍പ്പെടുന്നതോ ഒരുമിച്ചു കാണപ്പെടുന്നതോ ആയ അവസരങ്ങളിലാണ് സദാചാര പോലീസ്‌ ഉണ്ടാകുന്നതും ഉണരുന്നതും...അതായത് അവര്‍ക്ക് ഇടപഴകാന്‍ കിട്ടുന്ന അവസരങ്ങള്‍ തനിക്ക് ഇല്ലല്ലോ എന്നാ ചിന്ത ശക്തമാകുന്നു...അങ്ങനെ അവസരങ്ങളുടെ അഭാവം കൊണ്ട് സദാചാരവാദികള്‍ ആകുന്നവരാണ് അധികവും... പോലീസുകാരും ഇത്തരം അവസരങ്ങളില്‍ നിയമത്തിന്റെ മേലങ്കി അണിഞ്ഞു സദാചാരത്തിന്റെ വക്താക്കള്‍ ആകാറുണ്ട് എന്നത് ഒരു നഗ്ന സത്യമാണ്...
ഇനി നമുക്ക് സദാചാരപോലീസുകാരുടെ ചില പ്രവൃത്തികള്‍ നോക്കാം...

ഇവന്മാരുടെ അക്രമങ്ങള്‍ എല്ലാം സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആയിരിക്കും എന്നത് ഒരു പൊതു സ്വഭാവം ആണ്... കണ്ണൂരിലെ കമ്പിലില്‍ ഗര്‍ഭിണിയായ ഭാര്യക്കും ഭര്‍ത്താവിനുമാണ് സദാചാര പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. ഗര്‍ഭിണിയാണെന്ന പരിഗണന പോലും അക്രമികള്‍ നല്‍യില്ല. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതും ഭര്‍ത്താവിനു അവളുടെ 'ഭര്‍ത്താവ്' ആകാന്‍ ഇവര്‍ കല്‍പ്പിച്ചു നിര്‍വചിച്ച ലുക്ക്‌ ഇല്ലെന്നതും ആണ് പ്രകോപനത്തിന് കാരണം...
കായംകുളത്ത് റോഡിലൂടെ നടന്നു പോയ പെണ്‍കുട്ടിയെ സൂക്ഷിച്ചു നോക്കിയതിനാണ് അക്രമം...ചിലയിടങ്ങളില്‍ അത് രാത്രി അന്യപുരുഷന്‍ മറ്റൊരു വീട്ടില്‍ കാണപ്പെട്ടു എന്നാ ന്യായം ആയി മാറുന്നു...രാത്രി പത്തുമണി കഴിഞ്ഞു സ്ത്രീയും പുരുഷനും ഒന്നിച്ചു യാത്ര ചെയ്യുകയാണെങ്കില്‍ ,ഒന്നിച്ചു ഒരു ഹോട്ടലില്‍ റൂം എടുക്കുകയാണെങ്കില്‍ ഒരു പാര്‍ക്കില്‍ ഒന്നിച്ചു ഇരിക്കുകയാണെങ്കില്‍ ചോദ്യം ചെയ്യപ്പെടും...വിശിഷ്യാ അന്യമതസ്ഥര്‍ ആണെങ്കില്‍ ചോദ്യം ചെയ്യല്‍ വേറെ ഒരു തലത്തിലേക്ക് വഴി മാറുകയും അതി രൂക്ഷമായ വിചാരണയും ശിക്ഷയും ഉണ്ടാകും...ബാറുകളിലും പബ്ബുകളിലും എന്തിനു സ്വകാര്യഇടങ്ങളില്‍ പോലും ആണും പെണ്ണും ഒന്നിച്ചു കൂടുന്നതും പാര്‍ട്ടികള്‍ നടത്തുന്നതും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ചോദ്യം ചെയ്യപ്പെടാവുന്ന കുറ്റകൃത്യങ്ങളാണ്...

ഈ അവസ്ഥയില്‍ സദാചാരപോലീസിങ്ങുമായി ബന്ധപ്പെട്ട രണ്ടു വസ്തുതകള്‍ എടുത്തു പരിശോധിക്കേണ്ടതുണ്ട്..

1. പോലീസും സദാചാരപോലീസും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു...

സദാചാര പോലീസ്‌ എന്നാ വിശേഷണം തന്നെ തെറ്റിധാരണജനകമാണ്...സദാചാരഗുണ്ട എന്നാ വിശേഷണം ആണ് ഇവര്‍ക്ക് ചേരുന്നത്...പോലീസുകാരില്‍ ഉള്ള സദാചാര വാദികളെയും സദാചാര ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കാം..സ്ത്രീയും പുരുഷനും തങ്ങള്‍ കല്പിക്കുന്ന ആചാര-വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കണം എന്ന് കരുതുന്നവരും സ്ത്രീ എന്നാല്‍ പുറത്തു ഇറങ്ങി നടക്കാനും സമൂഹത്തില്‍ ഇടപെടാനും അവകാശം ഇല്ലാത്തവരാണ് എന്ന് വിശ്വസിക്കുന്നവരും പിന്നെ സ്ത്രീയെ സംബന്ധിച്ച എന്തായാലും അതൊരു സിനിമ ആയാലും പുസ്തകം ആയാലും ചിത്രങ്ങള്‍ ആയാലും അത് നിര്‍മ്മിക്കേണ്ടത് തങ്ങള്‍ ഉണ്ടാക്കിയ ചില സദാചാര നിയമാവലികല്‍ അനുസരിച്ചാണെന്നും വിശ്വസിക്കുന്നവര്‍ ആണ് സദാചാരഗുണ്ട ആയി രൂപാന്തരപ്പെടുന്നത്...പോലീസ്‌ എന്നാ വാക്ക് ഇവിടെ കടന്നു വന്നത് സദാചാര നിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍ എന്നാ അര്‍ത്ഥത്തില്‍ ആണെങ്കിലും ചിലപ്പോഴൊക്കെ പോലീസുകാരെ അനുകരിക്കുന്നവര്‍ എന്ന രീതിയിലും ഇവരെ കാണാം.... എങ്ങനെ എന്ന് വെച്ചാല്‍ ഈ ഗുണ്ടകള്‍ ചെയ്യുന്ന പല കാര്യങ്ങളും 'ചില' പോലീസുകാര്‍ ചെയ്തിരുന്നു ഇന്നും ചെയ്തു കൊണ്ടിരിക്കുന്നു...

ചില സംഭവങ്ങള്‍ നോക്കാം....
ആണ്‍കുട്ടികള്‍ ലോവേയ്സ്റ്റ് പാന്‍റ്സും പെണ്‍കുട്ടികള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിനുപോലും സംസ്ഥാനത്തെ പല പോലീസ് സ്റ്റെഷനിലും അനധികൃതമായി പിഴ ഈടാക്കുകയും പോലീസിന്റെ അസഭ്യവര്‍ഷം കേള്‍ക്കാനും ഇടയായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്... അടിവസ്ത്രം അല്പം ജീന്‍സിനു മുകളിലൂടെ പ്രദര്‍ശിപ്പിക്കുക അല്ലെങ്കില്‍ ജീന്‍സ്‌ ഇപ്പോള്‍ ഊര്‍ന്നു വീഴും എന്നാ രീതിയില്‍ ധരിക്കുക ഒരു ട്രെന്‍ഡ് ആയി മാറിയിരുന്നു...അതിന്റെ ചുവടു പിടിച്ചു വിമര്‍ശനങ്ങളും പൊന്തി വന്നിരുന്നു... ആ സമയത്ത് ഇത് നിയന്ത്രിക്കാന്‍ എന്നാ പേരില്‍ അവരെ തേടി പിടിച്ചു പിഴ ഈടാക്കിയിരുന്നു പോലീസുകാര്‍,.....

നീ ഇന്നത്‌ പോലെ വസ്ത്രം ധരിക്കണം അല്ലെങ്കില്‍ അത് സഭ്യമല്ലതാകും എന്നാ രീതിയിലുള്ള ഒരു സദാചാര പോലീസിങ്ങായി നമുക്ക് അതിനെ കാണാം...

പിന്നെ നമ്മുടെ ചില നഗരങ്ങളില്‍ പോലും രാത്രി പത്തുമണി കഴിഞ്ഞു സ്ത്രീയും പുരുഷനും ഒന്നിച്ചു യാത്ര ചെയ്യുകയാണെങ്കില്‍ പല തരത്തിലുള്ള പോലീസ് പരിശോധനകള്‍ക്കും വിധേയരാകേണ്ടി വരും.എവിടെ പോകുന്നു,എന്തിനു പോകുന്നു ഇതാരാണ് ,ഇത് നിങ്ങള്‍ പറയുന്ന ആള്‍ ആണെന്നതിന് എന്താണ് തെളിവ് എന്നാ രീതിയിലുള്ള ചോദ്യങ്ങള്‍ വന്നു വന്നു അവസാനം ഭാര്യക്കും ഭര്‍ത്താവിനും ഇറങ്ങി നടക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും കാണിക്കേണ്ട രീതിയിലുള്ള പരിശോധനകള്‍ ആണ് പോലീസ്‌ നടത്തുന്നത്...
അതുപോലെ ലോഡ്ജുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ഥിരമായി റെയ്ഡുകളും പതിവാണ്...അവിടെയൊക്കെ താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ എല്ലാം സംശയിക്കുന്ന, അതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്ന സ്വഭാവമാണ് പോലീസിനു ഉള്ളത്...തുഛമായ വാടകയ്ക്ക് താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന ചെറുകിട ലോഡ്ജുകളില്‍ ഇത്തരം പരിശോധനകള്‍ വളരെ വ്യാപകമാണ്...എന്തെങ്കിലും കാര്യങ്ങള്‍ക്കായി അധികം പരിചയമില്ലാത്ത ഒരു സ്ഥലത്ത് ചെന്ന് പെട്ടാല്‍ അവിടെ എവിടെയെങ്കിലും ചുരുങ്ങിയ ചിലവില്‍ താമസ സൗകര്യം കണ്ടു പിടിക്കുക എന്നത് ഒരു വിഷമകരമായ പ്രക്രിയയാണ്...അവിടെ താമസിക്കുന്ന സദാചാരഗുണ്ടകളുടെ ചുഴിഞ്ഞു നോട്ടങ്ങളും ശല്യപ്പെടുതലുകളും കൂടാതെ പോലീസിനെയും പേടിക്കേണ്ട അവസ്ഥയാണ്...

കൂടാതെ പലയിടങ്ങളിലും പാര്‍ക്കുകളിലും മറ്റും കാമുകീകാമുകന്മാര്‍ക്ക് അപ്രഖ്യാപിത വിലക്കാണ്..അനാശാസ്യം വ്യാപിക്കുന്നു എന്നാ പേരും പറഞ്ഞാണ് സുഹൃത്തുക്കള്‍ക്ക് പോലും അല്‍പ സമയം ചിലവഴിക്കാന്‍ പറ്റാത്ത രീതിയില്‍ പാര്‍ക്കുകളെ പോലീസ്‌ മാറ്റിയെടുത്തത്..ഒറ്റപ്പെട്ട ചില കുറ്റകൃത്യങ്ങള്‍ അവിടെയൊക്കെ നടക്കുന്നുണ്ടെങ്കിലും ഒരു ആണും പെണ്ണും പ്രവേശിക്കുന്നത് തന്നെ സംശയക്കണ്ണ്‍ കൊണ്ടാണ് നോക്കുന്നത്...രണ്ടു വ്യക്തികള്‍ക്ക് അടുത്തിരിക്കാനും സംസാരിക്കാനും വിലക്ക് കല്‍പ്പിക്കുന്ന സദാചാരഗുണ്ടകളുടെ അതെ രീതി തന്നെയാണ് ഇവിടെ പോലീസും അനുവര്‍ത്തിക്കുന്നത്...


വിഴിഞ്ഞത്ത് ഈ വര്‍ഷം ആദ്യം നടന്ന ഒരു സംഭവം പോലീസിനു വളരെ അവമതിപ്പ് ഉണ്ടാക്കിയിരുന്നു...സദാചാര പോലീസ്‌ ചമഞ്ഞ നാട്ടുകാരുടെ പ്രേരണയാല്‍ നിജസ്ഥിതി അന്വേഷിക്കാതെ സെറ്റ്‌ പരീക്ഷ എഴുതാന്‍ പോയ രണ്ടു യുവതികളെ അവരുടെ ഒരു പരിചയക്കാരന്റെ വീട്ടില്‍ കഴിഞ്ഞതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തു..അവിടെ അനാശാസ്യം നടക്കുന്നു എന്നായിരുന്നു ആരോപണം...ഒന്നോ രണ്ടോ ആണും പെണ്ണും ഒരു വീട്ടിലോ റൂമിലോ കഴിഞ്ഞാല്‍ അവിടെ സെക്സ് അല്ലാതെ വേറെ ഒന്നും നടക്കില്ല എന്നാ ചിന്ത വെച്ച് പുലര്‍ത്തുന്ന ഞരമ്പ്‌ രോഗികള്‍ ആയാ നാട്ടുകാരും അതിനു കുടപിടിക്കുന്ന അതെ ഞരമ്പ്‌ രോഗമുള്ള പോലീസും ചേര്‍ന്ന് അവിടെ സദാചാരത്തിന്റെ കാവല്‍ക്കാര്‍ ആകാന്‍ ശ്രമിച്ചു...
മറ്റൊരു ആശങ്കാജനമായ സംഭവം വര്‍ദ്ധിച്ചു വരുന്ന സദാചാര വിചാരണകളില്‍ പ്രതിഷേധിച്ച് 'സ്ത്രീ കൂട്ടായ്മ' എന്ന സ്ത്രീ സംഘടന ജൂലയ് ഇരുപത്തി ഒന്നിന് എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍പോലും അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരില്‍ നിന്നും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നു എന്നൊരു പരാതിയും ഉണ്ടായിട്ടുണ്ട്...ഈ സംഭവങ്ങളില്‍ ഒക്കെ ഒരു ന്യൂനപക്ഷം മാത്രമാണ് ഇടപെടുന്നത്...അത് പോലീസ്‌ ആയാലും സദാചാരഗുണ്ട ആയാലും...ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത്തരം വൈകല്യങ്ങള്‍ ഉള്ള പോലീസുകാരെയും സദാചാര ഗുണ്ടകള്‍ എന്ന് തന്നെ വിശേഷിപ്പിക്കാം...

ഇതൊരു മാനസിക വൈകല്യം എന്നാ രീതിയില്‍ തന്നെയാണ് കാണേണ്ടത്...

2.സദാചാര പോലീസിംഗ് ഒരു പുതിയ പ്രവണതയാണോ..
സദാചാര പോലീസിംഗ് ഒരു പുതിയ പ്രവണത അല്ലെന്നത് ഒന്ന് പുറകിലേക്ക് പോയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും...പണ്ടും ഉണ്ടായിരുന്നു ഇത്തരം വിലക്കുകള്‍...,,.. ഒരു ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാല്‍ കലി ഇളകുന്ന ചിലര്‍ ഉള്‍പ്പെടുന്ന സമൂഹം തന്നെയായിരുന്നു അന്നും ഉണ്ടായിരുന്നത്...ആണും പെണ്ണും തമ്മില്‍ കാണുന്നത് പോലും വിലക്കിയിരുന്നു...സ്ത്രീകള്‍ അടുക്കളയിലും വീടിന്റെ അകത്തളങ്ങളിലും ഒതുങ്ങി നിന്നാല്‍ മതി എന്നും അന്യപുരുഷന്‍ വീട്ടില്‍ വന്നാല്‍ കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ പോലും മുഖം കാണിക്കാന്‍ പാടില്ല എന്ന അലിഖിത നിയമങ്ങള്‍ ഉണ്ടായിരുന്നു...സ്ത്രീകള്‍ പുറത്ത് മുഖം കാണിക്കാതെ മറക്കുടയ്ക്കുള്ളില്‍ മറഞ്ഞ് നടക്കുക സ്വസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളോടും സ്ത്രീകളോടും മറ്റൊരു മതത്തിലും പെട്ട ആളുകള്‍ സംസാരിക്കാന്‍ പൊലും അനുവദിക്കില്ല എന്നിങ്ങനെ സദാചാരത്തിന്റെ മേലങ്കി അണിഞ്ഞ വിലക്കുകള്‍, അതിലും പുറകോട്ടു പോയാല്‍ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നാ വചനം തന്നെ നില നിന്ന ഒരു കാലഘട്ടവും നമുക്ക് ഉണ്ടായിരുന്നു..അതിന്റെയൊക്കെ ഹാംഗ്ഓവര്‍ ഇന്നും നില നില്‍ക്കുന്നു എന്ന് സദാചാര പോലീസിംഗ് കാണിച്ചു തരുന്നു...


കേരളീയനായ വിശ്വവിഖ്യാത ചിത്രകാരന്‍ ശ്രീ രാജരവിവര്‍മ്മ ചെയ്ത ഒരു പെയിന്റിങ്ങിനു പോലും സദാചാരഗുണ്ടകളുടെ കൈയ്യില്‍ നിന്നും രക്ഷ ഇല്ലായിരുന്നു...ഉണ്ണിക്കണ്ണന്‍ അമ്മയായ യശോദയുടെ മടിയിരുന്നു മുല കുടിക്കുന്ന ചിത്രം ആയിരുന്നു അത്...കുഞ്ഞു അമ്മിഞ്ഞപ്പാല്‍ നുണയുമ്പോള്‍ അമ്മയുടെ മാറിടം വിവസ്ത്രമായിരുന്നു എന്നതാണ് സദാചാര ഗുണ്ടകള്‍ക്ക് പിടിക്കാഞ്ഞത്...അന്ന് രവിവര്‍മ്മ പറഞ്ഞത് ഇന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നു...അമ്മിഞ്ഞ കൊതിയോടെ ഉണ്ണിക്കണ്ണന്റെ മുഖം കാണാതെ മുലയൂട്ടുന്ന അമ്മയുടെ മുലയിലേക്ക് മാത്രം തുറിച്ചു നോക്കി കാമം കണ്ടെത്തിയവരോട് എന്ത് പറയാന്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്...താഴ്ന്ന ജാതിയിലുള്ള സ്ത്രീകള്‍ മാറ് മറയ്ക്കാതെ നടക്കണം എന്ന് തീട്ടൂരം ഇറക്കിയ ആളുകള്‍ ഉള്ള കാലഘട്ടത്തില്‍ പോലും ഒരു സ്ത്രീയും അവളുടെ ശരീരവും സദാചാരഗുണ്ടകളുടെ നോട്ടത്തില്‍ തന്നെ ആയിരുന്നു ...
അതുകൊണ്ട് ഇതിനെ ഒരു നവയുഗപ്രവണത എന്നാ രീതിയില്‍ സാമാന്യവല്കരിച്ചു കാണാതെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് ഇറങ്ങി ചെന്ന് പരിശോധിക്കേണ്ടതുണ്ട്..മാനസികമായ പ്രശ്നമാണ് ഇത്...ഒരു സമൂഹം തന്നെ ഇത്തരം മാനസികവൈകല്യങ്ങള്‍ക്കും ചിന്തകള്‍ക്കും അടിപ്പെടുമ്പോള്‍ ചില വ്യക്തികളുടെ പേക്കൂത്തുകള്‍ എന്ന് സാമാന്യവല്‍ക്കരിക്കാതെ അത്യന്തം ഗൌരവമായി തന്നെ കാണണം ഇത്..

മതങ്ങള്‍ക്കും അതിന്റെ പ്രചാരകര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ആകില്ല...സ്വന്തമായി സൃഷ്ടിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ചില നിയമങ്ങളും സദാചാര മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്ന ചിലര്‍ എല്ലാ മതങ്ങളിലും ഉണ്ട്...അവര്‍ തങ്ങളുടെ ആശയങ്ങളെയും ദുരാചാരങ്ങളെയും ഇന്നത്തെ യുവാക്കള്‍ക്കിടയിലേക്ക് പകര്‍ന്നു നല്‍കുന്നു...ഇങ്ങനെ പഴയതും പുതിയതുമായ മൂല്യബോധങ്ങളും സദാചാര സംഹിതകളും പേറി നടക്കുന്ന ചിലര്‍ അവസരം കിട്ടിയാല്‍ സദാചാരത്തിന്‍റെ വേലി ചാടുകയും ചെയ്യും പക്ഷെ മറ്റുള്ളവര്‍ ചാടുന്നത് കണ്ടാല്‍ അസൂയ മൂത്ത് അവരെ വളഞ്ഞു പിടിച്ചു ആക്രമിക്കുകയും ചെയ്യുന്നു...അങ്ങനെയാണ് ഒരു കൂട്ടം സദാചാര പോലീസുകാര്‍ ജനിക്കുന്നത് ... സംഘം ചേര്‍ന്നുള്ള ആക്രമണമാകുമ്പോള്‍ താന്‍ പിടിക്കപെടില്ല എന്ന വിശ്വാസവും ഇതൊക്കെ ചെയ്‌താല്‍ താന്‍ സമൂഹത്തില്‍ നന്മകള്‍ ചെയ്യുന്ന ഒരാള്‍ ആയി എന്നാ ഓരോ മനുഷ്യന്‍റെയും സ്വയം നിര്‍വൃതിയും ഇത്തരം പ്രശ്നങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. സദാചാരപോലിസിങ്ങിനെപ്പറ്റി നിയമത്തില്‍ നിര്‍വ്വചനങ്ങള്‍ ഇല്ലാത്തത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നു.
എന്തായാലും സദാചാരമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ എന്നാ വ്യാജേന ഇത്തരം ഗുണ്ടകള്‍ നടത്തുന്ന കടന്നു കയറ്റങ്ങള്‍ നിയമം മൂലം തന്നെ നിരോധിക്കപ്പെടെണ്ടതാണ്, അത് പോലീസ്‌ കുപ്പായം ഇട്ടവര്‍ ആയാലും മതത്തിന്റെ കുപ്പായം ഇട്ടവര്‍ ആയാലും ശിക്ഷാര്‍ഹമാണ്...

ഭരണഘടനാപരമായി പൗരന്‍മാര്‍ക്ക് ലഭ്യമായ സ്വാതന്ത്ര്യം സംഘടിതമായി ചെറുക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം ഒരു നിയമ നിര്‍മ്മാണം ആലോചനയില്‍ ഉണ്ടെന്നു പോലീസ്‌ അധികാരികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് .

ഇത്തരം കേസുകള്‍ അതീവ ഗൗരവമായി കൈകാര്യം ചെയ്യാന്‍ നിര്‍ദേശം നല്‍കും. കൊള്ള, ആയുധം ഉപയോഗിച്ചുള്ള ലഹള തുടങ്ങിയ കുറ്റങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ ചുമത്തും എന്നാണു പറയുന്നത്... ഇനിയും നാം അമാന്തിച്ചു നിന്നാല്‍ ഒരു സമൂഹം തന്നെ ഇത്തരം വികലചിന്തകള്‍ക്ക് അടിപ്പെട്ടു കപട സദാചാരമൂല്യങ്ങളുടെ പുറകെ പോയി പരസ്പരം അടിച്ചും കുത്തിയും കൊന്നും നശിച്ചു പോകും...അതുകൊണ്ട് സദാചാരഗുണ്ടകളെയും അവരുടെ ഗുണ്ടായിസത്തെയും കര്‍ശനമായ നിയമങ്ങള്‍ മൂലം നിരോധിക്കുകയും സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള അവസരം ജനങ്ങള്‍ക്ക്‌ നല്‍കുകയും വേണം...ഇനിയും ഒരു സദാചാരഗുണ്ടാ വിളയാട്ടം ഈ സാക്ഷര കേരളത്തില്‍ നടക്കാതിരിക്കട്ടെ...

"പ്രവാസം പ്രയാസമാക്കുന്നത് പ്രവാസികള്‍ തന്നെയോ??

എങ്ങനെയുണ്ട് പ്രവാസ ജീവിതം??
പ്രവാസിയായി ഇരുപത്തഞ്ചു വര്‍ഷം ജീവിച്ച ആളോടും വെറും ഒരു മാസം മാത്രം പ്രവാസജീവിതം നയിച്ച ആളോടും ഈ ചോദ്യം ചോദിച്ചാല്‍ കിട്ടുന്നത് 'വളരെ കഷ്ടമാണ് ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നു' എന്നാ ഒരേ ഒരു മറുപടി ആയിരിക്കും....എന്താണ് അതിനു കാരണം എന്നാ ചോദ്യത്തിന് ഒറ്റവാക്കില്‍ മറുപടി പറയാന്‍ പറ്റില്ല...അനവധി കാരണങ്ങള്‍ ഉണ്ടാകും...പക്ഷെ അതില്‍ എല്ലാവര്‍ക്കും പൊതുവായി ഉള്ള ഒരു കാരണം പ്രവാസജീവിതത്തോടുള്ള മനോഭാവം തന്നെയാണ്...ഭൂരിഭാഗം പേരും പ്രവാസത്തിലേക്കുള്ള വിമാനം പിടിക്കുന്നത്‌ മനസ്സില്‍ ചില കണക്ക്കൂട്ടലുകളുമായാണ്..മുണ്ട് മുറുക്കി ഉടുത്തും ജോലി ചെയ്യണം...കിട്ടുന്ന കാശൊക്കെ കൂട്ടി വെച്ച് നല്ല ഒരു സമ്പാദ്യം ഉണ്ടാക്കി നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ഡ് ആയി കുടുംബവുമൊത്ത് സന്തോഷമായി ജീവിക്കണം...പക്ഷെ,പോകുന്നവരില്‍ ഭൂരിഭാഗം പേരും പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞാലും പണി മതിയാക്കി വരില്ല...ഇനി അഥവാ നേരത്തെ വരുന്നവര്‍ തന്നെ തൊഴില്‍ പ്രശ്നങ്ങള്‍ മൂലമോ രോഗങ്ങള്‍ മൂലമോ വരുന്നവര്‍ ആയിരിക്കും...ഇതിനര്‍ത്ഥം അഞ്ചു കൊല്ലം കൊണ്ട് ഉണ്ടാക്കാം എന്ന് വിചാരിച്ച കാഷ്‌ ഉണ്ടാക്കാനോ തീര്‍ക്കാം എന്ന് വെച്ച പ്രശ്നങ്ങള്‍ തീര്‍ക്കാനോ അതിന്റെ നാലിരട്ടി സമയം കിട്ടിയിട്ടും അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ്...
അതിന്റെ കാരണങ്ങള്‍ അന്വേഷിച്ചു പോകുമ്പോഴാണ് പ്രവാസി നേരിടുന്ന പല പ്രശ്നങ്ങളുടെയും കാരണങ്ങളും രൂക്ഷതയും മനസ്സിലാകുക..

പ്രവാസിയുടെ പ്രയാസങ്ങളിലെക്കും അതിനു ചില സാധ്യമായ പ്രതിവിധികളിലേക്കും  നമുക്ക് ഒന്ന് ഇറങ്ങിചെന്ന് പരിശോധിക്കാം...

രോഗങ്ങളും ചികിത്സയും;

ജീവിത ശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കാരണം അനേകം രോഗങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നുണ്ട്...
അങ്ങനെയുള്ള രോഗങ്ങളെ ചേര്‍ത്തുവിളിക്കുന്ന 'ഓമനപ്പേര്' ആണ് സിന്‍ഡ്രോം എക്സ്. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകളെയാണ് സിന്‍ഡ്രോം എക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാംതന്നെ ജീവിതശൈലീരോഗങ്ങളുടെ ഗണത്തില്‍ പെടുന്നവയുമാണ്.
പിന്നെ ഉള്ളത് മാനസിക സംഘര്‍ഷങ്ങളാണ്. കുടുംബത്തെക്കുറിച്ചുള്ള കടുത്ത ഉല്‍ക്കണ്ട, പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാനുള്ള പ്രയാസം, ജോലിസ്ഥലത്തെ കടുത്ത നിലപാടുകള്‍, ജോലിഭാരം, തൊഴിലിലെ അസംതൃപ്തി, ഒറ്റപ്പെടല്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സംഘര്‍ഷങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങളാണ്. വിശ്രമം, വിനോദം, ഉറക്കം, വ്യായാമം, സൌഹൃദങ്ങള്‍ ഇവയൊക്കെ പുതിയൊരു ഗള്‍ഫ് മലയാളിയില്‍ വല്ലാത്ത നഷ്ടബോധമുണ്ടാക്കുന്നു. 
പക്ഷെ ഈ രോഗങ്ങള്‍ക്കെല്ലാം കൂടി ഒരു ഒറ്റമൂലിയാണ് പ്രവാസികള്‍ക്ക് എടുത്തു പ്രയോഗിക്കാന്‍ ഉള്ളത്...പനഡോള്‍ ..!!!
ആദ്യമൊക്കെ ഓരോ പനഡോള്‍ വിഴുങ്ങി രോഗങ്ങളെ അടക്കി നിര്‍ത്തുന്ന പ്രവാസി ഒടുവില്‍ ഭക്ഷണം കഴിക്കുന്നതിനു പകരം ഒരു പ്ലേറ്റ്‌ നിറയെ പനഡോള്‍ വിഴുങ്ങിയാല്‍ മതി എന്നാ നിലയില്‍ എത്തുന്നു...കാരണം മറ്റൊന്നുമല്ല...ഈ രാജ്യങ്ങളില്‍ ഒക്കെ ചികില്‍സ ചെലവ് കൂടുതല്‍ ആയിരിക്കും...ഡോക്ടറെ കാണാന്‍ ചിലവാക്കപ്പെടുന്ന കാശ് ഇന്ത്യന്‍ രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്തു നോക്കുമ്പോള്‍ ഡോക്ടറെ കാണുക എന്ന ചിന്ത തന്നെ പ്രവാസി ഉപേക്ഷിക്കുന്നു...ആ കാശും കൂടി വീട്ടിലേക്കു എത്തിച്ചാല്‍ സമ്പാദ്യത്തിലേക്ക് മുതല്‍ക്കൂട്ടാവുമല്ലോ എന്നാ ചിന്തയാണ് അവന്...പക്ഷെ ചുവര്‍ ഉണ്ടെങ്കിലെ ചിത്രം എഴുതാന്‍ പറ്റൂ എന്ന് അവന്‍ ഓര്‍ക്കുന്നില്ല...

എടുത്താല്‍ പൊങ്ങാത്ത ശരീരവും രോഗങ്ങളുമായി നാട്ടില്‍ ചെന്നാല്‍ ശിഷ്ടകാലം ആശുപത്രിയില്‍ കിടക്കേണ്ടി വരും എന്ന് ഓര്‍ക്കുക...ആശുപത്രിയില്‍ കൂടെ കിടക്കാന്‍ പോലും ബന്ധുക്കളെ കിട്ടാത്ത കാലമാണ്...ഇപ്പോള്‍ ദിവസം ഫോണ്‍ ചെയ്യുന്നവര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും വരും...അതുകൊണ്ട് ആദ്യം സ്വന്തം ആരോഗ്യം നോക്കുക...അസുഖം വന്നാല്‍ നല്ല ഒരു ആശുപത്രിയില്‍ ചികില്‍സ തേടുക...അവിടെ എണ്ണികൊടുക്കുന്ന കാശ് ഇന്ത്യന്‍ രൂപയില്‍ കാല്‍കുലേറ് ചെയ്തു സമയം മിനക്കെടുതാതിരിക്കുക...

വ്യായാമക്കുറവ്...
ഇതിനും കാരണം പ്രവാസി തന്നെയാണ്...ജോലിസമയം കഴിഞ്ഞു വന്നാല്‍ ഒന്നുകില്‍ ടിവിയുടെ മുന്നില്‍ ചടഞ്ഞിരിക്കുക...അല്ലെങ്കില്‍ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ കയറി അടയിരിക്കുക...ഇനി അതുമല്ലെങ്കില്‍ വീട്ടുകാരെയും നാട്ടുകാരെയും ഫോണ്‍ ചെയ്തു മണിക്കൂറുകളോളം സംസാരിക്കുക എന്നിവയാണ് ഒഴിവുസമയ വിനോദങ്ങള്‍....,..അതില്‍ ഒരു മണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി ചിലവഴിക്കാന്‍ തുടങ്ങിയാല്‍ തന്നെ കുടവയറും അത് നിറയെ രോഗങ്ങളുമായി നാട്ടിലേക്ക് വണ്ടി കയറേണ്ടി വരില്ല...വ്യായാമം എന്ന് പറഞ്ഞാല്‍ ഒന്നോ രണ്ടോ കിലോമീറ്റര്‍ ഓട്ടം മാത്രമല്ല...റൂമിനുള്ളില്‍ തന്നെ ചെയ്യാവുന്ന അനേകം വ്യായാമങ്ങള്‍ ഉണ്ട്...നാലാള് കൂടിയാല്‍ കളിക്കാവുന്ന ബാഡ്മിന്റണ്‍,ചെറിയ രീതിയിലുള്ള ഫുട്ബോള്‍,വോളിബോള്‍ ഇങ്ങനെയുള്ള കളികളില്‍ ഏര്‍പ്പെടുക...ഇതിനൊന്നും അധികം ചിലവും വരില്ല...അല്ലാതെ ഈ സമയം കൂടി വീട്ടുകാരെ ഫോണ്‍ ചെയ്യാന്‍ ഉപയോഗിക്കാം എന്ന് വിചാരിച്ചാല്‍ പിന്നെ നാട്ടില്‍ പോയി വീട്ടുകാരോടൊപ്പം മനസമാധാനത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന് മനസ്സിലാക്കുകാ...ആശുപത്രി കയറി ഇറങ്ങാനെ നേരം ഉണ്ടാവൂ...

ഭക്ഷണ ശീലങ്ങള്‍ ;

ഭക്ഷണ ശീലം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസികളെ രണ്ടായി തരാം തിരിക്കാം...അമിതഭക്ഷണം മൂലം പ്രയാസപ്പെടുന്നവരും പിന്നെ പട്ടിണി കിടക്കുന്നവരും...
ആദ്യത്തെ ആള്‍ക്കാര്‍ക്ക് ഭക്ഷണം സുലഭമായിരിക്കും അതുകൊണ്ട് തന്നെ വാരി വലിച്ചു തിന്നുകയും ചെയ്യും...പ്രത്യേകിച്ച് അറബിനാടുകളിലെ പൊരിച്ചതും വറുത്തതും എന്നാ കലര്‍ന്നതും ആയ മാംസാഹാരങ്ങള്‍....,..ഇവയൊക്കെ അപ്പുറവും ഇപ്പുറവും നോക്കാതെ വലിച്ചു കയറ്റും എന്നിട്ട് അതിന്റെ ഫോട്ടോ എടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഇട്ടു നാട്ടുകാരെയും വീട്ടുകാരെയും കാണിച്ചു രോമാഞ്ചം കൊള്ളും...പക്ഷെ പിന്നീട് രോഗങ്ങളുമായി നരകിക്കുമ്പോള്‍ പഴയ ഫോട്ടോകള്‍ എടുത്തു നോക്കി വേണ്ടായിരുന്നു എന്ന് മനസ്സിലെങ്കിലും പറയും...

അതുപോലെ രണ്ടാമത്തെ കൂട്ടര്‍ മുണ്ട് മുറുക്കി ഉടുത്തും കാശ് ഉണ്ടാക്കി വീട്ടില്‍ അയച്ചു കൊടുക്കും...അല്ലെങ്കില്‍ ബാങ്കില്‍ നിക്ഷേപിക്കും...ദാഹിക്കുമ്പോള്‍ ഒരു കുപ്പി വെള്ളം പോലും വാങ്ങി കുടിക്കില്ല...മൂന്നുനേരം ഭക്ഷണം എന്നുള്ളത് ഒരു നേരം ഒഴിവാക്കി രണ്ടു നേരം ആക്കും..ഇത്തരക്കാര്‍ക്ക് അള്‍സര്‍,മൂത്രസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഉറപ്പാണ്...പിന്നീട് ഇങ്ങനെ മുണ്ട് മുറുക്കി ഭക്ഷണം കഴിക്കാതെ ഉണ്ടാക്കിയ കാശ് അവസാനം രോഗങ്ങള്‍ മൂലം നട്ടം തിരിയുമ്പോള്‍ ഡോക്ടര്‍ക്ക് കൊടുക്കാനേ തികയൂ എന്നതാണ് അവസ്ഥ...അതുകൊണ്ട് കൃത്യമായ സമയത്ത് ശരിയായ അളവില്‍ നല്ല ഭക്ഷണം കഴിക്കുക...ധാരാളം വെള്ളം കുടിക്കുക..ഇതിനൊക്കെ കാശ് ചിലവാക്കാന്‍ മടി കാണിക്കാതിരിക്കുക...ഭക്ഷണം കഴിക്കുന്ന കാശ് ഇന്ത്യന്‍ രൂപയിലേക്ക് കാല്‍കുലേറ് ചെയ്യാന്‍ ശ്രമിച്ചു നെഞ്ചിടിപ്പ് കൂട്ടാതിരിക്കുക...

സാമ്പത്തികപ്രശ്നങ്ങള്‍...,..

ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ നിന്നും മറ്റു ചില ടെന്‍ഷനുകളിലേക്ക് പോകാം.....
പ്രവാസിയുടെ സാമ്പത്തികപ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കില്ല...വീട്ടില്‍ അംഗസംഖ്യ കൂടുന്നതിനനനുസരിച്ചു ആവശ്യങ്ങളും ചിലവും കൂടും...അതനുസരിച്ച് കറവപ്പശു ആകാന്‍ നിന്ന് കൊടുത്താല്‍ ടെന്‍ഷന്‍ ഒഴിഞ്ഞ നേരവും കാണില്ല...നാട്ടിലേക്ക് തിരിച്ചു പോക്കും കാണില്ല...
പ്രധാനമായും "എനിക്ക് ഇന്ന സാധനം അയച്ചു തരുമോ " എന്നാ ചോദ്യം ആണ് പ്രവാസിയുടെ ഒരു വിധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം ഒരു കാരണം...കിട്ടുന്ന ശമ്പളം കൊണ്ട് വീട്ടു ചിലവും കഴിച്ചു ഒന്ന് നെടുവീര്‍പ്പ് ഇടുമ്പോള്‍ ആയിരിക്കും ബന്ധുക്കളോ സുഹൃത്തുക്കളോ ഏതെന്കിലും ഇലക്ട്രോണിക് സാധനം അല്ലെങ്കില്‍ ആഡംബര വസ്തു കൊണ്ട് തരണം എന്ന് പറഞ്ഞു വിളിക്കുന്നത്‌...,..ഒരു മാസം ഒരാളുടെ ആവശ്യം നിറവേറ്റിയാല്‍ മതി ബജറ്റ്‌ താളം തെറ്റാന്‍...,..
പിന്നെ നാട്ടില്‍ പോകുമ്പോള്‍ നടത്തുന്ന വലിയ വലിയ ഷോപ്പിങ്ങുകള്‍...,..അതിനായി രണ്ടോ മൂന്നോ മാസത്തെ ശമ്പളം ഒരുമിച്ചു ചിലവാക്കേണ്ടി വരും..വീട്ടിലുള്ളവര്‍ക്ക് പുറമേ അകന്ന ബന്ധത്തില്‍ ഉള്ളവര്‍ക്കും അയല്‍ക്കാര്‍ക്കും വരെ എന്തെങ്കിലും ഒരു സാധനം വാങ്ങി ആയിരിക്കും നാട്ടിലേക്ക് പോകുക...അതിനും നല്ലൊരു തുക തന്നെ പോകും...

ഇതില്‍ നിന്നൊക്കെ രക്ഷ നേടാന്‍ അനാവശ്യം ആയ ആവശ്യങ്ങള്‍ മുഖം നോക്കാതെ നിരസിക്കാന്‍ ഉള്ള ആര്‍ജ്ജവം ഉണ്ടാക്കി എടുക്കുക...അണ്ണാ ഒരു മൊബൈല്‍ ഫോണ്‍ അയച്ചു തരുമോ എന്നാ ചോദ്യം വരുമ്പോള്‍ ഇവിടെ ഈന്തപ്പനയില്‍ മൊബൈല്‍ അല്ല ഈന്തപ്പഴം ആണ് കായ്ക്കുന്നത് എന്ന് പറയാന്‍ ശ്രമിക്കുക...അങ്ങനെ പറയാതിരിക്കാന്‍ മാത്രം വേണ്ടപ്പെട്ടവര്‍ ആണെങ്കില്‍ സൌഹാര്‍ദ്ധപരമായി സംസാരിച്ചു നാട്ടിലെ അതെ പൈസയാണ് ഇവിടെ പിന്നെ അങ്ങോട്ട്‌ അയച്ചു തരാന്‍ വേറെ ചിലവും ഉണ്ടാകും എന്നൊക്ക പറഞ്ഞു അവരെ പരമാവധി നിരുല്സാഹപ്പെടുത്തുക...
പിന്നെ നാട്ടില്‍ പോകുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം വാങ്ങി ബാഗില്‍ നിറയ്ക്കുന്ന ഷോപ്പിംഗ്‌ മാമാങ്കം ഒഴിവാക്കുക...ഗള്‍ഫുകാരന്‍ പത്തു വലിയ ബാഗുകളുമായി വന്നിറങ്ങണം എന്നാ പഴയ സങ്കല്പം മാറ്റി മറിച്ച് നിങ്ങള്‍ക്ക്‌ ഏറ്റവും ആവശ്യമുള്ളതും നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ലാഭത്തില്‍ കിട്ടും എന്ന് ഉറപ്പുള്ളതും ആയ കുറച്ചു സാധനങ്ങള്‍ മാത്രം വാങ്ങുക...നാട്ടുകാര്‍ക്ക് മൊത്തം സ്പ്രേ...പിള്ളേര്‍ക്ക് മുഴുവന്‍ കളിപ്പാട്ടങ്ങള്‍ എന്നിവ വാങ്ങി പോക്കറ്റ്‌ കാലിയാക്കാതിരിക്കുക...
ഒന്നും കിട്ടിയില്ലെങ്കില്‍ ഉള്ള മുറുമുറുപ്പ് ആയാലും സാധനം കൊടുത്താല്‍ ഉള്ള നന്ദി ആയാലും രണ്ടു ദിവസം മാത്രമേ രണ്ടിനും  ആയുസ്സുള്ളൂ എന്നാ സത്യം മനസ്സിലാക്കുക...

സേവിംഗ്സ് എന്നാ അമൂല്യശേഖരം...
ഓരോ മാസാവസാനവും എണ്ണി വാങ്ങുന്ന കാശ് അതേപോലെ തന്നെ നാട്ടിലേക്ക് അയച്ചു കൊടുക്കുന്നവരാണ് ഭൂരിഭാഗവും...നാട്ടിലെ ജീവിതചിലവ് വര്‍ദ്ധിച്ചു എന്നതൊക്കെ കണക്കിലെടുത്താല്‍ തന്നെ മിക്കവാറും പ്രവാസികളുടെയൊക്കെ ശമ്പളത്തിന്റെ മുഴുവനും വേണ്ടി വരില്ല അയാളുടെ കുടുംബത്തിന് ജീവിക്കാന്‍...,..(അങ്ങനെ അല്ലാത്ത അവസ്ഥയുള്ളവരും ഉണ്ട്,അവരെപ്പറ്റിയല്ല പറയുന്നത് )...അതുകൊണ്ട് തന്നെ അയക്കുന്ന കാശ് വക മാറ്റി അനാവശ്യമായി ചിലവഴിക്കപ്പെടുന്നുണ്ട് എന്നത് ഒരു സത്യമാണ്...
കാശ് കയ്യില്‍ കിട്ടുമ്പോള്‍ അച്ഛന്‍ അറിയാതെ ഒന്ന് അടിച്ചു പൊളിക്കാം എന്ന് വിചാരിക്കുന്ന കുട്ടികളും സ്വതന്ത്രമായി പര്‍ച്ചേസ്‌ ചെയ്യാന്‍ അവസരം കിട്ടിയാല്‍ കണ്ണും മൂക്കും ഇല്ലാതെ സാരിയും മറ്റും വാങ്ങി കൂട്ടുന്ന ഭാര്യാ-പെങ്ങന്മാരും, ഒരല്‍പം ആര്‍ഭാടം ആയി മദ്യപാനവും കമ്പനിയും ഒക്കെ ആയി അടിച്ചു പൊളിക്കുന്ന അച്ഛനോ സഹോദരങ്ങളോ മിക്കവാറും കുടുംബങ്ങളില്‍ ഉണ്ടാകും...പ്രവാസി നാട്ടില്‍ വന്നു ബാങ്ക് ബാലന്‍സ്‌ നോക്കിയാല്‍ ചിലപ്പോള്‍  തിരിച്ചു പ്രവാസത്തിലേക്കു തന്നെ മടങ്ങാന്‍ ആവശ്യമായ തുക പോലും കാണില്ല എന്നത് പലരുടെയും ജീവിതത്തില്‍ നിന്നും നാം കാണുന്ന ഒരു ദുരന്തം ആണ്... അതുകൊണ്ട് നാട്ടിലേക്ക് കാഷ്‌ അയക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുക...കുറച്ചു കാശ് സ്വന്തം അക്കൌണ്ടില്‍ സുരക്ഷിതമായി നിക്ഷേപിക്കുക...അതിന്റെ ബാക്കി മാത്രം അയക്കുക...മാസാമാസം ഒരു ചെറിയ തുക നിക്ഷേപിച്ചാലും നാട്ടില്‍ പോയാല്‍ വിശ്വസിച്ചവര്‍ ചതിചാലും ഒരു ചെറുകിട ബിസിനസ് തുടങ്ങിയെങ്കിലും ജീവിക്കാന്‍ കഴിയും...അതുകൊണ്ട് സുരക്ഷിതമായ നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുക...


ഇതിലൊക്കെ ഉപരിയായി ഒരു കാര്യം മാത്രം എപ്പോഴും ചിന്തിക്കുക അമ്പത് വയസ്സ് വരെ എല്ല് മുറിയെ പണി എടുത്തിട്ട് ധാരാളം കാശ് സമ്പാദിച്ചിട്ടു കാര്യം ഒന്നുമില്ല...അത് അനുഭവിക്കാന്‍ നിങ്ങള്ക്ക് യോഗം ഉണ്ടായി എന്ന് വരില്ല...അതുകൊണ്ട് പ്രവാസത്തില്‍ ആയാലും ജീവിതം നല്ല രീതിയില്‍ തിന്നും കുടിച്ചും വിനോദങ്ങളില്‍ ഏര്‍പ്പെട്ടും നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവോ അത് പോലെ ജീവിച്ചു തന്നെ തീര്‍ക്കുക...പ്രവാസം ഒരു പ്രയാസം ആയി കാണാതെ ഒരു അവസരം ആയി കാണുക...ജീവിതവും വിവിധ സംസ്കാരങ്ങളും അറിയാനുള്ള യാത്രയിലെ ഒരു ഏട്...

താരാരാധന അഥവാ ഭ്രാന്ത്‌

മമ്മൂട്ടി എന്ന നടന്‍ സിനിമയില്‍ കയറി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിട്ട് മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ടു...കൃത്യമായി പറഞ്ഞാല്‍ അദ്ദേഹം ആദ്യമായി ഒരു പടത്തില്‍ മുഖം കാണിച്ചത്‌ 1971ല്‍ ആയിരുന്നു...അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നാ സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി....ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കാലചക്രം
എന്ന സിനിമയില്‍ അദ്ദേഹം തന്‍റെ ആദ്യത്തെ ഡയലോഗ് പറഞ്ഞു...പക്ഷെ അദ്ധേഹത്തിന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്‌ 1980കളില്‍ ആയിരുന്നു എന്ന് പറയാം...അന്ന് മുതല്‍ ഇന്നോളം ഏകദേശം മുന്നൂറ്റി അറുപതില്‍ പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു...കാല്‍ നൂറ്റാണ്ടു മുന്‍പേ മലയാളികള്‍ ഒന്നടങ്കം ആരാധിക്കുന്ന രീതിയില്‍ സൂപ്പര്‍ താര പദവിയില്‍ എത്താനും അദ്ദേഹത്തിനായി...തമിഴന്മാരുടെയും തെലുങ്കന്മാരുടെയും രീതിയില്‍ മലയാളത്തില്‍ ആദ്യമായി ആരാധകരുടെ കൂട്ടായ്മകള്‍ അല്ലെങ്കില്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപം കൊണ്ടതും മമ്മൂട്ടിക്ക് വേണ്ടി ആയിരുന്നു....
ഏകദേശം അതേ കാലഘട്ടത്തില്‍ തന്നെയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയും മറ്റും മോഹന്‍ലാല്‍ എന്നാ പ്രതിഭയുടെ ഉദയവും...രണ്ടു പേരും ഒരേ കാലഘട്ടത്തില്‍ വന്നു സൂപ്പര്‍താരപദവി അലങ്കരിക്കുന്ന മലയാളത്തിന്റെ അഭിമാനതാരങ്ങളാണ്...ഇവരെ ചുറ്റിപ്പറ്റിയാണ് കുറച്ചു കാലങ്ങളായി മലയാള സിനിമ ചലിച്ചു കൊണ്ടിരിക്കുന്നത്...കൂടാതെ സാമൂഹ്യസാംസ്ക്കരികരംഗങ്ങളിലും ഇവര്‍ സജീവമാണ്..അതായത് ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും മലയാളി ഇവരെക്കുറിച്ച് പറയുന്നു,ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയുന്നു...പക്ഷെ ഇവരെ ചുറ്റിപ്പറ്റി തീരെ ആശാസ്യമല്ലാത്ത രീതിയിലുള്ള ചില പേക്കൂത്തുകള്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി...ഫാന്‍സ്‌ അസോസിയേഷനുകള്‍ എന്നറിയപെടുന്ന ചില ഇത്തിള്‍ക്കണ്ണികളുടെ അനാരോഗ്യകരമായ ഭ്രാന്തമായ ആരാധനയെക്കുറിച്ചു അനേകമനേകം പരാതികള്‍ പലരും പ്രകടിപ്പിച്ചു കഴിഞ്ഞു ,ചര്‍ച്ചകളും മുറയ്ക്ക് നടന്നു വരുന്നു...പക്ഷെ യാതൊരു മാറ്റവും ഈ ഭ്രാന്തന്മാര്‍ക്ക് ഉണ്ടാവുന്നില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്...


മലയാള സിനിമയിലെ ആദ്യകാല സൂപ്പര്‍ താരങ്ങള്‍ക്കും ആരാധകര്‍ ഉണ്ടായിരുന്നു....വെറുതെ അങ്ങ് ആരാധിക്കുക,ഇഷ്ട്ടപ്പെടുക,അവരുടെ സിനിമകള്‍ കാണുക,അവരെപ്പറ്റി നല്ലത് പറയുക,അവരുടെ ഫോട്ടോകള്‍ ശേഖരിക്കുക,അനുകരിക്കാന്‍ ശ്രമിക്കുക തുടങ്ങിയ നിരുപദ്രവകകരമായ കാര്യങ്ങള്‍ ആയിരുന്നു അന്നത്തെ ആരാധകര്‍ ചെയ്തുകൊണ്ടിരുന്നത്....പക്ഷെ ഇവരുടെ കാലഘട്ടം വന്നതോട് കൂടി സംഘടിതമായ ഫാന്‍സ്‌ കൂട്ടായ്മകള്‍ രൂപപ്പെട്ടു തുടങ്ങി...ഈ താരങ്ങളുടെ ഒരു സിനിമ പ്രഖ്യാപിക്കുമ്പോള്‍ ടെന്‍ഷന്‍ തുടങ്ങുന്നത് ഫാന്‍സ്‌ എന്ന് പറയുന്ന വികാരജീവികള്‍ക്ക് കൂടെയാണ്...പിന്നെ ഇവന്മാര്‍ക്ക് ഊണും ഉറക്കവും ഇല്ല...ആ സിനിമ വിജയിപ്പിച്ചു കൊടുക്കുക എന്നാ ഉത്തരവാദിത്വം തങ്ങളുടെ നെഞ്ചത്താണ് എന്നാ വിചാരവുമായി ഊണും ഉറക്കവും ഇല്ലാതെ അതിനു വേണ്ടിയുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു...

വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാത്തവന്‍ പോലും പടത്തിനെപ്പറ്റി പുതിയ വല്ല വിവരങ്ങളും പുറത്തു വരുന്നുണ്ടോ എന്ന് സാകൂതം അന്വേഷിച്ചു അറിയും...നാല് നേരം ഉരുട്ടി വിഴുങ്ങാനുള്ള അരിയും സാധനങ്ങളും വാങ്ങി കൊടുക്കാന്‍ പോലും കൂട്ടാക്കാത്ത ഈ ഫാന്‍ സിനിമയുടെ പ്രമോഷന്‍ സ്വയമേവ ഏറ്റെടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ മുഖേനയും മറ്റും പടത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നാട്ടുകാരില്‍ എത്തിക്കും..
ഈ താരത്തിന്റെ പടം വിജയിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്ന് ഓരോ ഫാനും ധരിക്കുന്നു...പ്രചാരവേലകള്‍ കഴിഞ്ഞു പടം തിയേറ്ററില്‍ എത്തുമ്പോള്‍ പണ്ട് തമിഴ്നാട്ടിലും ആന്ധ്രയിലും ഒക്കെ കണ്ടതുപോലെ താരങ്ങളുടെ കട്ടൌട്ട്കള്‍ക്ക് പാലഭിഷേകവും പൂജയും ശത്രുസംഹാരപൂജയും ഒക്കെ സംഘടിപ്പിച്ചാണ് ആദ്യ ഷോ ഗംഭീരമാക്കുന്നത്...ഇതിനു വേണ്ടി എന്തെങ്കിലും ജോലി ഉള്ളവന്‍ ആണെങ്കില്‍ കൂടി ലീവെടുക്കാന്‍ വരെ തയ്യാറാകുന്നു...ഒടുവില്‍ പടം കണ്ടിറങ്ങി നാലാളോട് പടത്തെപ്പറ്റി നല്ലവാക്ക് പറഞ്ഞാലേ ഇവനൊക്കെ മുഖം തെളിയൂ..

ഇതൊക്കെ മാത്രമായിരുന്നു ഇവന്റെയൊക്കെ പരിപാടി എങ്കില്‍ സഹിക്കാമായിരുന്നു...പക്ഷെ ഇതും കടന്നു ഒരു പടികൂടി മുന്നോട്ടു പോയാല്‍ മറ്റു താരങ്ങളുടെ സിനിമകളെ പരാജയപ്പെടുത്താന്‍ കൂവല്‍ ,നെഗറ്റീവ് പബ്ലിസിറ്റി തുടങ്ങിയ വൃത്തികെട്ട കലാപരിപാടികളിലൂടെ കച്ച കെട്ടി ഇറങ്ങുന്നിടത്താണ് ഇവരുടെ കേളികള്‍ ഉപദ്രവകരമാകുന്നത്...പ്രധാനമായും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ ബേസ് ചെയ്തു കൊണ്ടാണ് ഇന്ന് ഫാന്‍സ്‌ തറവേലകള്‍ കാണിക്കുന്നത്...ഇവര്‍ രണ്ടു പേരും അടുത്ത സുഹൃത്തുക്കള്‍ ആണ് എന്ന് പോലും മനസ്സിലാക്കാതെ ഇവരുടെ പടങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ചാലി വാരി എറിയുക ,ഇവരുടെ ഫോട്ടോകള്‍ എഡിറ്റ്‌ ചെയ്തു വികൃതമാക്കുക എന്നിട്ട് വികലമായ കോമഡികള്‍ പ്രചരിപ്പിക്കുക എന്നതൊക്കെ ഇവന്മാരുടെ ലീലാവിലാസങ്ങള്‍ ആണ്...സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ഫേസ്ബുക്കില്‍ ഇവരുടെ ഫാന്‍സ്‌ രണ്ടു പേര്‍ക്കും വേണ്ടി പലതരം കമ്മ്യൂണിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്...അതില്‍ ഇവരെപ്പറ്റി മോശമായ രീതിയില്‍ സംസാരിക്കുക,അപഹസിക്കുക എന്നിവയൊക്കെയാണ് നടക്കുന്നത് ഇല്ലാതെ സിനിമയുടെ പുരോഗതിക്ക് വേണ്ടി ഇവന്മാര്‍ ഒന്നും ചെയ്യില്ല...
ഈ ആരാധകരില്‍ ഭൂരിഭാഗവും യുവാക്കളാണ്...ഇവര്‍ കണ്ടു തുടങ്ങിയതോ ഈ അടുത്ത കാലത്ത് ഇറങ്ങിയ ചില പടങ്ങള്‍ മാത്രവും...എണ്‍പതുകളിലും തൊണ്ണൂറുകളിലും ഈ താരങ്ങള്‍ അഭിനയിച്ച ക്ലാസ്സിക്‌ ചിത്രങ്ങള്‍ കണ്ടവര്‍ ഇക്കൂട്ടത്തില്‍ എണ്ണത്തില്‍ വളരെ കുറച്ചേ കാണൂ...അത്തരം നല്ല സിനിമകള്‍ക്ക് പിടിച്ചു ഇരുത്തിയാല്‍ ഇവന്മാര്‍ക്കൊക്കെ ഇരിപ്പ് ഉറയ്കില്ല...മസാല ചിത്രങ്ങള്‍ കണ്ടു കൈയ്യടിക്കാനും സൂപ്പര്‍ എന്ന് ഉദ്ഘോഷിക്കാനും മാത്രമേ ഇവന്മാരെക്കൊണ്ട് പറ്റൂ...ഈ നടന്മാര്‍ക്ക് വേണ്ടി അമ്പലങ്ങള്‍ നിര്‍മ്മിക്കാന്‍ ധൈര്യം കാണിക്കാഞ്ഞത് ഇത് കേരളമായത് കൊണ്ട് മാത്രമായിരിക്കും...അല്ലെങ്കില്‍ അതും ചെയ്തേനെ ഈ വിവരമില്ലാത്തവന്മാര്‍....,...

ഇത് ആരാധനയുടെ ഭാഗമായി ഉണ്ടാകുന്ന ഭ്രാന്ത്‌ എന്ന നിലയില്‍ നിന്നും ഒരുതരം ഉന്മാദ അവസ്ഥയില്‍ എത്തിയിട്ടുണ്ട് ഈയിടെയായി...പരാജയപ്പെടുന്ന സിനിമകള്‍ പോലും വിജയം നേടിയവ ആണെന്ന് കാണിക്കാനും തര്‍ക്കിക്കാനും എത്ര സമയം വേണമെങ്കിലും ഇവര്‍ ചെലവഴിക്കും...ഏതറ്റം വരെ പോകുകയും ചെയ്യും...ഒടുവില്‍ തര്‍ക്കിക്കുന്നവന്റെ കുടുംബത്തിലുള്ള സകലരെയും തെറി വിളിച്ചിട്ടായാലും സിനിമ വിജയമാണെന്ന് സമ്മതിപ്പിക്കും...പക്ഷെ ഈ കോപ്രായങ്ങള്‍ കൊണ്ട് കുത്തുപാള എടുത്തു വീട്ടില്‍ ഇരിക്കുന്ന നിര്‍മാതാവിന് അഞ്ചു നയാപൈസ കൂടുതല്‍ കിട്ടില്ല എന്ന് ഈ മരമണ്ടന്മാര്‍ മനസ്സിലാക്കുന്നുമില്ല...ഇനി അഥവാ നിര്‍മാതാവ് തന്നെ വന്നു പറഞ്ഞാലും കുറച്ചു തെറി വാങ്ങി വെച്ച് വീട്ടില്‍ പോകുക എന്നല്ലാതെ പരാജയം ആയി എന്ന് ഇവന്മാര്‍ സമ്മതിക്കില്ല...
മമ്മൂട്ടിയുടെ പത്തു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത് ഫാന്‍സുകള്‍ തമ്മിലുള്ള ഈ ചെളി വാരി എറിയല്‍ ഒന്ന് കൂടാന്‍ കാരണമായിട്ടുണ്ട്..

ഈ പരാജയപ്പെടുന്ന സിനിമകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ഈ ആരാധകക്രിമിനലുകള്‍ കൂട്ടത്തോടെ പോയി വിമര്‍ശിക്കുന്ന ആളിനെ പച്ചയായി തെറി പറയുന്ന സംഭവങ്ങള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്...ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ത്യവിഷനിലെ ശ്രീ മനീഷ്‌ നാരായണന്‍ എന്ന അവതാരകന്‍ ഈ ഫാന്‍സിന്റെ ക്രിമിനല്‍ സ്വഭാവത്തിന്റെ ഇരയായ വാര്‍ത്ത നമ്മള്‍ വായിച്ചതാണ്...ഒടുവില്‍ ഈ ക്രിമിനലുകള്‍ക്ക് എതിരെ കേസ് കൊടുക്കും എന്ന് വരെ ചിലര്‍ക്ക് പറയേണ്ടി വന്നു...
മറ്റൊരു സംഭവം എടുത്തുപറയാന്‍ ഉള്ളത് എഴുത്തുകാരനും സംവിധായകനും ഒക്കെയായ ചിന്തരവിയുടെ ശവസംസ്കാരച്ചടങ്ങ്‌ നടന്നപ്പോള്‍ ഉണ്ടായ ഫാന്‍സിന്റെ ഇടപെടല്‍ ആണ്...ഷൂട്ടിങ്ങില്‍ ആയിരുന്ന മമ്മൂട്ടിക്ക് വേണ്ടി അല്പസമയം കാത്തിരിക്കേണ്ടി വന്നതില്‍ മംമൂട്ടിയോടെ കവിയും സംവിധായകനും ഒക്കെയായ ഒരാള്‍ അല്പം വികാരവിക്ഷോഭതോടെ സംസാരിച്ചു...പക്ഷെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയ മമ്മൂക്ക എതിര്‍ത്ത് ഒന്നും പറയാതെ തന്റെ കാറില്‍ കയറിപ്പോയി...പക്ഷെ സൂപ്പര്‍താരത്തെ ഒരാള്‍ ചോദ്യം ചെയ്തത് ഇഷ്ട്ടപ്പെടാത്ത ഈ ആരാധകഭ്രാന്തന്മാര്‍ അയാളെ അവിടെത്തന്നെ ഇട്ടു ആക്രമിച്ചു പരിക്കേല്‍പ്പിച്ചു തനി ഗുണ്ടകളെപ്പോലെ പെരുമാറി...ഇങ്ങനെ ഇന്റര്‍നെറ്റ്‌ ലോകത്തായും അല്ലാതെയും താരങ്ങളുടെ പേരില്‍ നിരവധി പേക്കൂത്തുകള്‍ ആണ് നടക്കുന്നത്...ആദ്യമൊക്കെ സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമായിരുന്നു ഫാന്‍സ്‌ അസോസിയേഷനുകള്‍ എങ്കില്‍ ഇപ്പോള്‍ പ്രിത്വിരാജിനും ഈ അടുത്ത കാലത്ത് മാത്രം വന്ന ആസിഫ്‌ അലിക്കും എന്തിനു വിരലില്‍ എണ്ണാവുന്ന നാലാംകിട സിനിമകളില്‍ മാത്രം അഭിനയിച്ച കൊച്ചു നടന്മാര്‍ക്ക് പോലും ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപം കൊള്ളുന്നുണ്ട്...

ഇനി അവരും ഈ അങ്കത്തട്ടിലേക്ക് ഇറങ്ങുന്നതോടെ രംഗം കൂടുതല്‍ മലീമസമാകും...

എന്നാല്‍ ഇവന്മാര്‍ക്കൊക്കെ ഈ കോപ്രായങ്ങള്‍ കൊണ്ട് മലയാളസിനിമയ്ക്ക് ഗുണകരമാകുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് പരിതാപകരമായ്‌ ഏറ്റവും കാര്യം.. പോരാഞ്ഞിട്ട് കൂക്കുവിളിയും ബഹളങ്ങളുമായി തിയേറ്റര്‍ അലമ്പാക്കുന്നത് കൊണ്ട് നേരെ വിപരീതഫലമുണ്ടായി കാണികളെ തിയേറ്ററില്‍ നിന്നും അകറ്റുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട് താനും...ചില ഫാന്‍സ്‌ അസോസിയേഷനുകള്‍ പറയുന്ന ന്യായം തങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനവും നടത്തുന്നുണ്ട് എന്നാണു...പക്ഷെ സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ നിരവധി സാംസ്കാരിക കൂട്ടായ്മകള്‍ ഇന്നുണ്ട്...സാമൂഹ്യപ്രവര്‍ത്തനം നടത്തണം എന്ന് അതിയായ താല്പര്യം ഉള്ളവര്‍ക്ക് അവയോട് കൂടി പ്രവര്‍ത്തിച്ചാല്‍ മതിയാകും....അല്ലാതെ അതിന്റെ മറവില്‍ എന്ത് തോന്നിവാസവും കാണിക്കാന്‍ ശ്രമിക്കരുത്...

ഇവരെ ഇനിയും ഇങ്ങനെ കയറൂരി വിടുകയാണെങ്കില്‍ നടന്മാര്‍ക്ക് തന്നെ പേരുദോഷം ഉണ്ടാകുന്ന സമയം വിദൂരമല്ല....ഇടക്കാലത്ത് ഫാന്‍സിന്റെ അഭിരുചിക്കനുസരിച്ച് തീരെ കലാമൂല്യം ഇല്ലാത്ത തട്ടിക്കൂട്ട് മസാലപടങ്ങളില്‍ അഭിനയിക്കുന്ന പരിപാടി താരങ്ങള്‍ക്കും ഉണ്ടായിരുന്നു...പക്ഷെ ഫാന്‍സ്‌ കിണഞ്ഞു ശ്രമിച്ചിട്ടും അവയൊന്നും വിജയിപ്പിക്കാന്‍ ആയില്ല എന്ന് മാത്രമല്ല വളരെയധികം വിമര്‍ശന ശരങ്ങള്‍ താരങ്ങള്‍ക്ക് നേരെ നീണ്ടിരുന്നു...അതില്‍ നിന്നും താരങ്ങള്‍ പാഠം ഉള്‍ക്കൊള്ളണം..
ഇവരല്ല സിനിമ വിജയിപ്പിക്കുന്നത് എന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കണം..ഉച്ചിയില്‍ വെച്ച കൈ കൊണ്ട് തന്നെ ഉദക ക്രിയയും നടത്തി ഫാന്‍സ്‌ അസോസിയേഷനുകള്‍ പിരിച്ചു വിട്ടു നല്ല സിനിമകളുടെ ഭാഗമായി മാറുക എന്ന ധീരമായ തീരുമാനം താരങ്ങള്‍ എടുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം...

ആധുനിക സമൂഹത്തിലെ പ്രദര്‍ശനപരതയും അഭിനവപ്രാഞ്ചിയേട്ടന്‍മാരും....

ലോകം സാങ്കേതികതയില്‍ അഭിരമിച്ച് കൊണ്ടിരിക്കുകയാണ്....അതുകൊണ്ട് തന്നെ അതിന്‍റെ വ്യാപ്തി ചുരുങ്ങി ചുരുങ്ങി വന്നു ഒരു കൊച്ചു മുറിയുടെ അത്രയും ആയി മാറുന്നു...ഒരു വിരല്‍തുമ്പില്‍ തൂങ്ങി നമുക്ക് ലോകം മുഴുവന്‍ സഞ്ചരിക്കാം...ഓരോ രാജ്യങ്ങളിലെ സംസ്ക്കാരം,ജീവിത രീതികള്‍,ഭക്ഷണശീലങ്ങള്‍ എന്ന് വേണ്ട സകലമാന വിവരങ്ങളും ഒരു ക്ലിക്കില്‍ നമ്മുടെ മുന്നിലെത്തും...ഇനി അതും പോരാഞ്ഞിട്ട്
ഒന്ന് പുറത്തേക്കു ഇറങ്ങിയാല്‍ നമുക്ക് വേണ്ടതെല്ലാം ഞൊടിയിടയില്‍ കമ്പോളം നമ്മുടെ മുന്നില്‍ നിരത്തി വെച്ച് തരും...അതിന്‍റെ ഫലമായി പല പല പുതിയ കാര്യങ്ങളും നമ്മുടെ ജീവിതരീതിയിലേക്ക് കടന്നു വന്നു സ്വാധീനം ചെലുത്തി തുടങ്ങിയിരിക്കുന്നു....ചിലര്‍ അതിനെ പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നുകയറ്റം എന്ന് ആക്ഷേപിക്കും ചിലര്‍ ഫാഷന്‍ എന്ന് അഭിമാനം കൊള്ളും....രണ്ടായാലും അതിനു ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്...അതിന്റെ ഭാഗമായി തന്നെ കടന്നു വന്നതാണ് പ്രദര്‍ശനപരത അല്ലെങ്കില്‍ സ്വന്തം സൌഭാഗ്യങ്ങളില്‍ മേനി നടിക്കല്‍..., പൊങ്ങച്ചം പറയല്‍... ഇത്യാദി പരിപാടികള്‍...,..
ഉദാഹരണമായി വസ്ത്രധാരണത്തില്‍ കാണിക്കുന്ന പൊങ്ങച്ചങ്ങള്‍...,...ഓരോ സ്ഥലങ്ങളിലെയും ജനങ്ങള്‍ അവിടുത്തെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപരമായ മറ്റു പ്രത്യേകതകള്‍ക്കും അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ആണ് ധരിക്കുന്നത്....അതായത് തണുപ്പ് രാജ്യങ്ങളില്‍ അവര്‍ തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ കോട്ടും സൂട്ടും ഒക്കെ ഇടും അല്ലെങ്കില്‍ ജാക്കറ്റുകള്‍ ധരിക്കും...ചൂട് കാലാവസ്ഥയില്‍ അതിനനുസരിച്ചുള്ള നേര്‍ത്ത വസ്ത്രങ്ങള്‍ ധരിക്കും...പക്ഷെ നമ്മുടെ നാടന്‍ സായിപ്പുമാര്‍ അതൊക്കെ അനുകരിച്ചു സ്റ്റാറ്റസ് സിംബല്‍ ആയി മാറ്റി ചൂട് സമയത്തും കോട്ടും സൂട്ടും ഒക്കെ അണിഞ്ഞു ഗമയില്‍ നടക്കും...അത് കണ്ടു പിടിച്ച സായിപ്പ് നമ്മുടെ നാട്ടില്‍ വന്നു ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ചു നമ്മെ നോക്കി ചിരിക്കും....പക്ഷെ നമ്മുടെ അഭിനവ സായിപ്പന്മാര്‍ക്ക് അത് മനസ്സിലാകില്ല...കോട്ട് ഒക്കെ ഇട്ടാല്‍ താന്‍ എന്തോ വലിയ സംഭവം ആയി എന്നാ മട്ടാണ് അവര്‍ക്ക്...പിന്നെ ഇവര്‍ വീട്ടില്‍ പോലും സ്വന്തം ഭാഷ സംസാരിക്കില്ല...സായിപ്പിന്റെ ഭാഷ മാത്രമേ സംസാരിക്കൂ...സ്വന്തം ഭാഷ സംസാരിച്ചാല്‍ താന്‍ പഴഞ്ചന്‍ ആയി എന്നും മറ്റുള്ളവരുടെ മുന്നില്‍ തന്റെ സ്റ്റാറ്റസ് ഇടിയുമെന്നും അവര്‍ കരുതുന്നു..ഞാനും എന്റെ കുടുംബവും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത് എന്ന് നാലാളെ ബോധ്യപ്പെടുത്താന്‍ എവിടെ പോയാലും അവര്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ...പക്ഷെ എന്തെങ്കിലും അപകടത്തില്‍ പെടുമ്പോള്‍ മാത്രം ഒന്നും ഓര്‍ക്കാതെ അമ്മേ എന്ന് വിളിച്ചു പോകും....

ഇതിനേക്കാള്‍ ഒക്കെ അപകടകരമായതും അത്യന്തം ഗൌരവമേറിയതുമായ ഒരു കാര്യമാണ് ജാതിചിന്താഗതികളില്‍ വിദ്യാസമ്പന്നര്‍ ആയ ആധുനിക ജനത ആകൃഷ്ടരാകുന്നത്.... ജാതിമതഭ്രാന്തുകള്‍ കൊടി കുത്തിവാണ സമയത്ത് പോലും കാണാത്തത്ര രീതിയില്‍ ചിലര്‍ ജാതിചിന്തകളില്‍ അഭിരമിക്കുന്നു...മേനോന്‍,നായര്‍,നമ്പ്യാര്‍ എന്നൊക്കെയുള്ള ജാതികള്‍ വരേണ്യവര്‍ഗ്ഗം ആണെന്നും ബാക്കിയുള്ളവര്‍ തങ്ങള്‍ക്കു താഴെയാണെന്നും പണ്ടുള്ളവര്‍ പറഞ്ഞു പഠിപ്പിച്ചത് ഏറ്റുപാടാന്‍ ആളുകള്‍ കൂടി വരുന്നു....തങ്ങള്‍ തറവാടികള്‍ ആണ് എന്ന് ആരെയൊക്കെയോ ബോധ്യപ്പെടുത്താന്‍ പേരിനു പുറകില്‍ വാലായി ഇത്തരം ജാതിപ്പേരുകള്‍ ചേര്‍ക്കുന്നത് വ്യാപകമായി വരുന്നു...പ്രത്യേകിച്ച് യുവാക്കളില്‍....,..ജാതി മത ചിന്തകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ പോലും പേരിനു പുറകിലുള്ള വാല് നീക്കം ചെയ്യാന്‍ തയ്യാറാകുന്നില്ല....ചെത്തിമിനുക്കിയ പുറംമോടിയും മാറാല പിടിച്ച മനസ്സുമായി കഴിയുന്ന ഇവര്‍ സാക്ഷരകേരളത്തിന്‌ തന്നെ അപമാനമാണ്...
മറ്റൊരു ദയനീയമായ കാര്യം ബ്രാന്‍ഡുകളോടുള്ള അഭിനിവേശമാണ്...ബഹുരാഷ്ട്ര ഭീമന്മാരായ കെ എഫ്‌ സി, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകള്‍ ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ആണ് തങ്ങള്‍ കഴിക്കാറുള്ളത് എന്ന് നാട്ടുകാരെ കാണിക്കാന്‍ അവരുടെ ഔട്ട്‌ലെറ്റുകളില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്റെയും കഴിച്ചു കഴിഞ്ഞ ശേഷം ഉച്ചിഷ്ടത്തിന്റെയും ഫോട്ടോകള്‍ എടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ മുഖേന നാലാളെ കാണിക്കുക.. എന്നിട്ട് താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആണ്,സ്വല്‍പ്പം കൂടിയ ഇനം ആണെന്ന് കാണുന്നവനെ ബോധ്യപ്പെടുത്താന്‍ വെപ്രാളപ്പെടുക...ഇതൊക്കെ കാണുമ്പോള്‍ അല്‍പ്പനു അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുടപിടിക്കും എന്നാ ചൊല്ലാണ് ഓര്‍മ്മ വരുന്നത്...പാശ്ചാത്യര്‍ അവരുടെ ജീവിത ശൈലിക്കും മറ്റും ഇണങ്ങുന്ന രീതിയില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കണ്ടു ഭ്രമിച്ച്‌ അവരെ അനുകരിച്ചു അതൊക്കെ വലിച്ചു വാരി തിന്നു വയറും ആരോഗ്യവും കേടാക്കുന്നതും പോരാ അത് നാലാളെ കൂടെ കാണിച്ചാലേ ഇവനൊക്കെ തൃപ്തിയാകൂ....അതുപോലെ പ്രശസ്തങ്ങളായ പാശ്ചാത്യബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില എത്ര തന്നെ ആയാലും സ്വന്തം കൈക്കുള്ളില്‍ ഒതുങ്ങിയില്ലെങ്കില്‍ പോലും കണ്ണുമടച്ചു വാങ്ങുക എന്നിട്ട് അത് വിളിച്ചു പറഞ്ഞു അഭിമാനം കൊള്ളുക,അത് കാണിച്ചു മേനി പറഞ്ഞു നടക്കുക എന്നിവയും ഈ പ്രദര്‍ശനപരതയുടെ ഭാഗമായി ഉയര്‍ന്നു വന്ന ഒരു വൈകൃതവിനോദമാണ്...അണ്ടര്‍വെയര്‍ പോലും ബഹുരാഷ്ട്ര ബ്രാന്‍ഡിന്റേത് തന്നെ വേണമെന്നും ഇവര്‍ക്ക് വാശിയുണ്ട്...അത് വിളിച്ചു പറഞ്ഞു നടക്കാനും യാതൊരു ജാള്യതയുമില്ല...ഇനി അതും നാലാളെ കാണിക്കാന്‍ വേണ്ടി കോമിക് ഫീറോകളെപ്പോലെ അണ്ടര്‍വെയര്‍ മുകളില്‍ ധരിക്കുന്ന ഏര്‍പ്പാടും വന്നു കൂടെന്നില്ല...
ഇതില്‍ നിന്നൊക്കെ വിഭിന്നമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്ന മറ്റൊരു കൂട്ടരാണ് അഭിനവസ്വയംപ്രഖ്യാപിത സാമൂഹ്യപ്രവര്‍ത്തകര്‍..,..സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നാലാള്‍ കൂടി ഒരു ഗ്യാംഗ് ആയാല്‍ ആദ്യത്തെ ചിന്ത പോകുന്നത് സാമൂഹ്യപ്രവര്‍ത്തനം നടത്താം എന്നതിലെക്കാണ്...അതൊരു നല്ല കാര്യം തന്നെയാണ്...അഭിനവപ്രാഞ്ചിയേട്ടന്‍മാരെക്കൊണ്ടായാലും ആര്‍ക്കെങ്കിലും സഹായം കിട്ടുന്നത് ഒരു മഹത്കര്‍മ്മം തന്നെയാണ്...പക്ഷെ ആ സഹായം നല്‍കി കഴിഞ്ഞു അല്ലങ്കില്‍ നല്കുന്നതിനിടയ്ക്കു ഇവര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ആണ് അതിന്റെ മാറ്റ് കുറയ്ക്കുന്നതും അവരുടെ ഉദ്ദേശശുദ്ധിയെ തന്നെ സംശയിക്കപ്പെടാന്‍ കാരണം ആകുന്നതും...സഹായം നല്‍കാന്‍ തീരുമാനിച്ചാല്‍ അത് നാട് മുഴുവന്‍ പെരുമ്പറ കൊട്ടി നടക്കല്‍ ആണ് അടുത്ത പടി...നാലാളുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്താന്‍ ആണെങ്കില്‍ കൂടി അതിനു മാന്യമായ വഴികള്‍ ഉണ്ട്...അതൊന്നും ചെയ്യാതെ പ്രമുഖനായ ഒരു ജ്വല്ലറി മുതലാളി ഏതോ ഒരു ഹോസ്പിറ്റലില്‍ പോയി രോഗികളുടെ കാലു കഴുകുന്നതും അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നതുമായ്‌ വീഡിയോകളും ഫോട്ടോകളും എടുത്തു പരസ്യം ചെയ്തത് പോലെ ഓരോ വിവരങ്ങളും എല്ലാവരെയും അറിയിക്കണം എന്ന് ഇവര്‍ക്ക് നിര്‍ബന്ധമാണ്...ഒരു കൈ ചെയ്യുന്ന സഹായം മറുകൈ അറിയരുത് എന്ന് നിര്‍ബന്ധം ഉള്ള ചില നല്ല മനുഷ്യ സ്നേഹികള്‍ ഇപ്പോഴും ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല....പക്ഷെ ഇത്തരക്കാര്‍ അവര്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കും...

വഴിയില്‍ കിടക്കുന്ന ഒരുത്തന് വെള്ളം കൊടുത്താല്‍ പോലും അതിന്റെ ഫോട്ടോ എടുത്തു നാലാളെ കാണിച്ചു ഞാന്‍ ഇന്നൊരു സല്‍ക്കര്‍മ്മം ചെയ്തു എന്ന് വീമ്പിളക്കുന്ന ഈ പ്രാഞ്ചിയേട്ടന്മാരുടെ സഹായം സ്വീകരിക്കുന്നവര്‍ ചിലര്ക്കെങ്കിലും അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് പ്രകടനം....ഇത്തരം പൊങ്ങച്ചങ്ങള്‍ കാട്ടുന്നത് ഇന്നൊരു ഫാഷന്‍ തന്നെയായി മാറിയിരിക്കുകയാണ്...പൊങ്ങച്ചമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിന്റെ മേലങ്കി എടുത്തണിയാന്‍ മടിയില്ലാത്ത സമൂഹമായി മാറിയിരിക്കുന്നു ആധുനികസമൂഹം...
"കണ്ടാല്‍ ഒരു ലുക്കില്ലന്നെയുള്ളൂ, ഞാനൊരു വക്കീലാ' എന്ന് സലീം കുമാര്‍ മീശമാധവനില്‍ പറയുന്നത് പോലെ ഞാനും ഒരു ആഡ്യന്‍ ആണ് എന്ന് ദയനീയമായി വിളിച്ചു പറയുന്ന ഇത്തരക്കാരോട് സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല...ഇവര്‍ക്ക് തിരിച്ചരിവുണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം, വെറുതെയെങ്കിലും..

ഒരു സിനിമാപ്രേമിയ്ക്ക് പറയാനുള്ളത്‌.

ഒരു സിനിമാപ്രേമിയ്ക്ക് പറയാനുള്ളത്‌...,..

മലയാളം സിനിമാ ഇന്‍ഡസ്ട്രി ഇപ്പോള്‍ തിരിച്ചു വരവിന്‍റെ പാതയിലാണ്...ധാരാളം പുതു സംവിധായകരും അഭിനേതാക്കളും നിര്‍മാതാക്കളും സാങ്കേതികപ്രവര്‍ത്തകരും കടന്നു വന്നു കൊണ്ടിരിക്കുന്നു...
അത് കൂടാതെ സിനിമയിലേക്കുള്ള ചവിട്ടു പടി എന്നാ നിലയില്‍ തങ്ങളുടെ കഴിവ് പരീക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച യുവപ്രതിഭകളുടെ പരീക്ഷണ ഷോര്‍ട്ട് മൂവികളും ദിനംപ്രതി ഇറങ്ങുന്നുണ്ട്...വ്യക്തമായ ഒരു സിനിമാ സംസ്കാരം തന്നെ രൂപപ്പെട്ടു വരുന്നുണ്ട് എന്ന് പറയാം...

താരാധിപത്യവും കഥയില്ലായ്മയും സംഘടന വഴക്കുകളും ചേര്‍ന്ന് വെട്ടി തുണ്ടം തുണ്ടമാക്കിയ മലയാള സിനിമയെ ചോരയും നീരും കൊടുത്തു കൂട്ടിയോജിപ്പിച്ച് പഴയ സുവര്‍ണ്ണകാലത്തേയ്ക്ക് കൊണ്ട് പോകാന്‍ ഈ പുതുതലമുറയില്‍ ആളുകള്‍ ഉണ്ട് എന്നും ആ മാറ്റത്തിന് അനുസരിച്ച് മാറാന്‍ പഴയ തലമുറ ശ്രമിക്കുന്നുവെന്നും കുറച്ചു നാളുകള്‍ കൊണ്ട് സിനിമാപ്രേമികള്‍ക്ക് മനസ്സിലായി വരുന്നു...

ആകാംക്ഷയോടെയാണ് ഈ മാറ്റങ്ങളെ എല്ലാവരും നോക്കി കാണുന്നത്...പക്ഷെ ഒരു വിഭാഗം ഇതിനെ വളരെ സംശയ കണ്ണുകളോടെ വീക്ഷിക്കുന്നുണ്ട്...പല സിനിമകളുടെയും കഥകളും പാട്ടുകളുമൊക്കെ കോപ്പിയടി ആണെന്നും സ്വന്തമായി ഒന്നും ഉണ്ടാക്കാന്‍ കഴിവില്ലാത്തവര്‍ ആണ് ഈ പുതുതലമുറ സിനിമാപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും എന്നും അവര്‍ ആക്ഷേപിക്കുന്നു...പക്ഷെ പണ്ടും കോപ്പി അടി ഉണ്ടായിരുന്നു എന്ന് മറുപക്ഷം വാദിക്കുന്നു... അന്ന് പാശ്ചാത്യ സിനിമകള്‍ കാണാന്‍ അധികം അവസരങ്ങള്‍ ഇല്ലായിരുന്നത് കൊണ്ട് അന്നുള്ളവര്‍ക്ക് കോപ്പി അടി ആണെന്ന് മനസ്സിലാവാഞ്ഞതാണെന്നും അവര്‍ വാദിക്കുന്നു.. തന്‍റെ ഹിറ്റ്‌ സിനിമകള്‍ പലതും താന്‍ കോപ്പി അടിച്ചു ഉണ്ടാക്കിയതാണ് എന്നാ പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍ ആണ് ഇന്നത്തെ കോപ്പി അടിയെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത്...

ഇത്തരം വാദപ്രതിവാദങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ കോപ്പി അടിക്കപ്പെട്ടിട്ടുള്ളതും ഇല്ലാത്തതുമായ ഒട്ടുമിക്ക ചിത്രങ്ങളും നല്ല പ്രതികരണം ഉണ്ടാക്കിക്കൊണ്ട് നിറഞ്ഞോടുന്നുണ്ട്...പക്ഷെ കോപ്പി അടിയെ കോപ്പി അടി എന്ന് തുറന്നു പറയുവാനും ക്രെഡിറ്റ്‌ നല്‍കുവാനും സിനിമാപ്രവര്‍ത്തകര്‍ തയ്യാറാകണം അതാണ്‌ മാന്യത...

എന്ത് തന്നെ ആയാലും ഈ ആവേശം നിലനില്‍ക്കട്ടെ എന്നും ഇനിയുമിനിയും പ്രതിഭകള്‍ കടന്നു വരട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് ഒരു സാദാസിനിമാപ്രേമിയുടെ ചില ആഗ്രഹങ്ങള്‍ ഇവിടെ രേഖപ്പെടുത്തട്ടെ...

ആദ്യമായി പറയാനുള്ളത്‌ ഒരു കാലത്ത് തിയേറ്ററുകള്‍ പൂരപ്പറമ്പ് ആക്കിയിരുന്ന അമാനുഷികനായകര്‍ ഹീറോയിസം കാണിച്ചിരുന്ന വണ്‍മാന്‍ഷോ സിനിമകള്‍ ഇനി ഇറക്കരുത് എന്നാണു...നൂറാളുകളെ നായകന്‍ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തുന്ന തരം സിനിമകള്‍ കണ്ടു മടുത്തു...ഇനിയും അത്തരം ചവറുകളുമായി വരരുത്...കണ്ടിരിക്കാനുള്ള സമനില കാണിച്ചു എന്ന് വരില്ല...അതിപ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആയാലും ശരി സൂപ്പര്‍സ്റ്റാറുകളുടെ മക്കള്‍ ആയാലും ശരി,യുവസൂപ്പര്‍സ്റ്റാറുകള്‍ ആയാലും ശരി...

സിനിമകളുടെ സമയദൈര്‍ഘ്യവും അതിലെ പാട്ടുകളും ഫൈറ്റ് സീനുകളും ഒക്കെ നന്നായി ശ്രദ്ധ ചെലുത്തേണ്ട സംഗതികള്‍ തന്നെയാണ്...മൂന്നു മണിക്കൂറില്‍ അധികം ദൈര്‍ഘ്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നു...അത്രയും നേരം തിയേറ്ററില്‍ ഇരിക്കാന്‍ ഇന്ന് സമയവും ഇല്ല താല്പര്യവും ഇല്ല...അതുകൊണ്ട് പാശ്ചാത്യ സിനിമകള്‍ പോലെ ഒന്നരമണിക്കൂര്‍ അല്ലെങ്കില്‍ രണ്ടു മണിക്കൂറില്‍ താഴെ ദൈര്‍ഘ്യം ഉള്ള സിനിമകള്‍ ഉണ്ടാക്കിയാല്‍ വളരെ ഉപകാരമായിരുന്നു...നായകന് നായികയെ ഓരോ വട്ടം കാണുമ്പോഴും അവളെ സ്വപ്നം കാണുമ്പോഴും അവസാനം തെറ്റി പിരിയുമ്പോഴും ഒക്കെ ഉള്ള അഞ്ചും ആറും പാട്ടുകള്‍ കുത്തി തിരുകി വെറുപ്പിക്കുന്നതിനു പകരം പാട്ടുകള്‍ക്കായി ഓഡിയോ സിഡികള്‍ പുറത്തിറക്കി കഥാഗതിയെ നിര്‍ണായകമായി സ്വാധീനിക്കുന്ന പാട്ട് മാത്രം തിയേറ്ററില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു... പിന്നെ അന്നും ഇന്നും മലയാള സിനിമയിലെ ഫൈറ്റ് സീനുകളുടെ നിലവാരം വെറും 'തറ' നിലവാരം തന്നെയാണ്...പത്തും പതിനഞ്ചും മിനുറ്റ് നീണ്ടു നില്‍ക്കുന്ന കൂട്ടതല്ലുകള്‍ വ്യാപകമായിരുന്നു ഒരു കാലത്ത്‌.....,..വില്ലന്മാരുടെ മൂക്കില്‍ പത്തു ഇടി ഇടിച്ചാലും ഒരു തുള്ളി ചോര പോലും വരാത്ത രീതിയിലുള്ള ഇടി...ആ സംഭവങ്ങള്‍ ഒക്കെ ഒന്ന് മാറ്റി കുറച്ചെങ്കിലും റിയലിസ്റ്റിക് ആയ ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തും എന്ന് ആശിക്കുന്നു...

പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം താരങ്ങള്‍ക്ക് വേണ്ടി കഥകള്‍ ഉണ്ടാക്കാതെ സിനിമക്ക് വേണ്ടി നല്ല കഥകള്‍ ഉണ്ടാക്കാനും അതില്‍ പറ്റിയ താരങ്ങളെ കാസ്റ്റ് ചെയ്യാനും ധൈര്യവും കഴിവും പ്രകടിപ്പിക്കുക...താരങ്ങളെ കാണാന്‍ വേണ്ടി മാത്രം തിയേറ്ററില്‍ പോകുന്ന പരിപാടി ഞങ്ങള്‍ പ്രേക്ഷകര്‍ നിര്‍ത്തി...കഥയാണ്‌ താരം...താരപ്രഭ കൊണ്ട് മാത്രം ചിത്രങ്ങള്‍ ഓടില്ല എന്നതിന്റെ ഒരു ഉദാഹരണമാണ് ഒരു താരരാജാവിന്റെ പടങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പരാജയപ്പെടുന്നത്....

ഇത്തരം കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിച്ചു നല്ല കാമ്പും കഥയും ഉള്ള സിനിമകള്‍ ചെയ്യാന്‍ സിനിമാപ്രവര്‍ത്തകര്‍ മുന്നോട്ടു വരട്ടെ എന്നും ഇത്തരം നല്ല സിനിമകള്‍ വിജയിപ്പിക്കാന്‍ സിനിമാപ്രേമികള്‍ തയ്യാറാകട്ടെ എന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു...

വസ്ത്രധാരണക്കമ്മിറ്റിക്കാര്‍ അഥവാ കാഴ്ചയെ ബലാല്‍സംഘം ചെയ്യുന്നവര്‍.

പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അതിനെതിരെ എഴുതാനോ പറയാനോ ഇരിക്കാനാവില്ല...പീഡനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്നവര്‍ എന്നാ ഒരു ദുഷ്പേരും നമുക്കുണ്ട്..അത് മാറ്റിയെടുക്കാനും നിരന്തരമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയര്‍ത്താനും നമ്മള്‍ പഠിച്ചിരിക്കുന്നു എന്നാണു ചില ദിവസങ്ങളായി നടക്കുന്ന സമരങ്ങള്‍ തെളിയിക്കുന്നത്..പക്ഷെ,കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചു കളയാം എന്ന ഉദ്ദേശത്തോടെ വളരെ വ്യക്തമായ ലക്ഷ്യങ്ങളുമായി ചിലര്‍ നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവന്‍ ഇരുമ്പ്‌ ചട്ട കൊണ്ട് മൂടി ഒരു താഴിട്ടു പൂട്ടി വീട്ടില്‍ ഇരുത്തണം എന്ന വാദവുമായി രംഗത്ത്‌ എത്തിയിട്ടുണ്ട്... പ്രകോപനപരമായി വസ്ത്രം ധരിക്കരുത് എന്നാണു ഇവരുടെ ആവശ്യം...പ്രകോപനം എന്നത് എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്ന് തെളിച്ചു പറയുന്നില്ലെങ്കിലും ശരീരഭാഗങ്ങള്‍ എല്ലാം മറച്ചു വെക്കണം അല്ലെങ്കില്‍ മറച്ചു വെക്കേണ്ടതാണ് എന്നാണു ഇവര്‍ വാദിച്ചു കൊണ്ടിരിക്കുന്നത്..

സ്വന്തം വീട് തുറന്നിട്ടിട്ടു കള്ളന്മാരെ നിങ്ങള്‍ മോഷ്ട്ടിക്കരുത് നിങ്ങള്‍ നല്ല മനുഷ്യര്‍ ആവൂ എന്ന് പറയുന്നത് പോലെയാണ് പീഡകരുടെ മുന്നിലേക്ക്‌ ശരീരം മുഴുവന്‍ മറയ്ക്കാതെ ഇറങ്ങുന്നത് എന്നാണു ഇവര്‍ പറയുന്നത്..ഇവന്മാരുടെയൊക്കെ വാദങ്ങള്‍ കേട്ടാല്‍ തോന്നും അടച്ചിട്ട വീടുകളില്‍ ഒന്നും കള്ളന്‍ കയറുന്നില്ലെന്ന്...വീടുകള്‍ക്കെല്ലാം ഇരുമ്പിന്‍റെ പൂട്ടും താക്കോലും ഫിറ്റ്‌ ചെയ്തത് കൊണ്ട് കള്ളന്മാര്‍ എല്ലാം മാനസാന്തരപ്പെട്ട് ഇപ്പോള്‍ ബ്ലോഗ്‌ എഴുത്ത്,വാഴ നടല്‍ തുടങ്ങിയ ക്രിയാത്മക ജോലികളിലേക്ക് നീങ്ങിയെന്ന്..കേരളത്തില്‍ ദിനംപ്രതി ഓരോ മൂലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മോഷണക്കേസുകള്‍ എത്രയാണെന്ന് ഇവന്മാര്‍ക്കൊക്കെ വല്ല പിടുത്തവും ഉണ്ടോ ആവോ? മോഷ്ടിക്കണം എന്നാ ഉദ്ധേഷവുമായി നടക്കുന്നവന്‍ വീട് എത്ര അടച്ചു പൂട്ടി വെച്ചാലും എങ്ങനെയെങ്കിലും കുത്തി തുറന്നു അതിനുള്ളിലുല്ലത് അടിച്ചു കൊണ്ട് പോകും..അതുപോലെ തന്നെയാണ് പീഡിപ്പിക്കുന്നവനും...എന്തൊക്കെ വസ്ത്രങ്ങള്‍ ധരിച്ചു ശരീരം മുഴുവന്‍ മൂടിയാലും പെണ്ണിനെ കാണുമ്പോള്‍ അവന്റെ ലിംഗം ഉദ്ധരിക്കുകയും അവനിലെ ഞരമ്പ്‌ രോഗി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും..അതിനു ഉത്തമ ഉദാഹരണമാണ് ഈയിടെ കോളിളക്കം സൃഷ്ടിച്ച പീഡനത്തിലെ ഇരയായ സൌമ്യ എന്നാ സഹോദരി...ആ കുട്ടി ചുരിദാര്‍ കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ യൂണിഫോമും ധരിച്ചിരുന്നു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്...എന്നിട്ടും ഒരുത്തന് അവളിലെ പെണ്ണിനെ കണ്ടപ്പോള്‍ ഉദ്ധാരണം ഉണ്ടാകുകയും പീഡിപ്പിക്കുകയും ചെയ്തു..

ഒരു പടി കൂടി കടന്നു ചിലര്‍ പറയുന്നത് നിരന്തരം അല്പ്പവസ്ത്രധാരിണികളായ സ്ത്രീകളെ കാണുന്നതിലൂടെ ഒരുവനില്‍ നിരന്തരം കാമോദ്ധീപനം നടക്കുമെന്നും ആ മാനസികാവസ്ഥ വികസിച്ചാണ് അവന്‍ പീഡകനായി മാറുന്നത് എന്നുമാണ്..അങ്ങനെ ആണെങ്കില്‍ നിരന്തരം ഹിന്ദി ഇംഗ്ലീഷ് തമിഴ്‌ സിനിമകളും  ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ സണ്ണി ലിയോനിയുടെ പോണ്‍ വീഡിയോകളും കാണുന്നവന്മാര്‍ എല്ലാം റോഡില്‍ ഇറങ്ങി പീഡിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...അപ്പോള്‍ അങ്ങനെ സംഭാവിക്കാതിടത്തോളം കാലം സണ്ണി ലിയോനിയെ കണ്ടു നാട്ടിലുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ആണുങ്ങള്‍ ഇറങ്ങും എന്നാ വാദത്തിനു പ്രസക്തി നഷ്ട്ടപെടുന്നു...

വസ്ത്രം വസ്ത്രം എന്ന് മുറവിളി കൂട്ടുന്നവന്മാര്‍ കാണേണ്ട മറ്റൊരു വസ്തുതയുണ്ട്..ഈയിടെയായി കേരളത്തില്‍ നടക്കുന്ന പീഡനങ്ങളില്‍ നാലും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളും ഇരകളാകുന്നുണ്ട്..അതും വസ്ത്രധാരണത്തിലെ പിഴവ് എന്ന് പറഞ്ഞു നിസ്സാരവല്‍ക്കരിക്കാന്‍ കഴിയില്ല..ശരിക്കും പീടിപ്പിക്കുന്നവരുടെ മാനസികാവസ്ഥയാണ് പീടനങ്ങള്‍ക്ക് കാരണമാകുന്നത്...ചില പ്രത്യേക മാനസിക അവസ്ഥയിലുള്ളവര്‍ മാനസിക നില ചില തലങ്ങളില്‍ എത്തുമ്പോള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് അപ്പോള്‍ മുന്നില്‍ വന്നു പെടുന്നവര്‍ ആരാണോ അവര്‍ ആണ് ഇരയാകുക...അത് ആറുമാസം പ്രായമുള്ള കുഞ്ഞു ആയാലും ശരി അറുപതു വയസ്സുള്ള വൃദ്ധ ആയാലും ശരി ശരീരം മുഴുവന്‍ തുണി ചുറ്റിയ ഒരു പെണ്‍രൂപം ആയാലും ശരി ബിക്കിനി ധരിച്ച സുന്ദരി ആയാലും ശരി...ഇതൊരു രോഗമാണ്..ചികില്‍സ ലഭിക്കേണ്ട ഒരു തരം മാനസിക വൈകല്യം..അതിനു രോഗികളെയാണ് ചികിത്സിക്കേണ്ടത്..അല്ലാതെ നാട്ടുകാരെ മുഴുവന്‍ രോഗിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കുകയല്ല..

"ലോകത്തെ മാറ്റി മറിക്കുന്ന കാര്യം എല്ലാവരും ആലോചിച്ചു തല പുകയ്ക്കുന്നു..എന്നാല്‍ സ്വയം മാറുന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല" എന്ന് പണ്ട് ലിയോ ടോള്‍സ്റ്റോയ്‌ പറഞ്ഞിട്ടുണ്ട്...അതുപോലെ തന്നെയാണ് വസ്ത്രധാരണകമ്മിറ്റിക്കാരുടെ കാര്യവും..സ്ത്രീകളുടെ വസ്ത്രധാരണവും സമൂഹത്തിലുള്ള ഇടപെടലും പ്രകോപനപരം എന്ന് കുറ്റം ചുമത്തി അങ്ങ് നിയന്ത്രിച്ചു കളയാമെന്നു കരുതുന്നവര്‍ എന്ത് കൊണ്ട് ആ പ്രകോപനത്തിന് അടിപ്പെടാതെ തന്റെ വികാരങ്ങളും വിചാരങ്ങളും സ്വയം നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നില്ല...മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് ഉപദേശിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ താന്‍ എങ്ങനെ നടക്കണം എന്ന് തീരുമാനിക്കുന്നത്...

നിങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഞങ്ങള്‍ ഒഴിവാക്കി തരാം പകരം നിങ്ങള്‍ എങ്ങനെ,എന്ത് വസ്ത്രം ധരിക്കണമെന്ന് ഞങ്ങള്‍ പറയും എന്ന് പറയുന്നവര്‍ ഭംഗ്യന്തരേണ പറഞ്ഞു വെക്കുന്നത് നിങ്ങള്‍ അവര്‍  പറയുന്നത് പോലെ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് നിങ്ങളെ പീഡിപ്പിക്കാന്‍ ഉള്ള ലൈസന്‍സ്‌ ആണ് എന്നതാണ്..വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണെന്ന് മനസ്സിലാക്കാത്തവര്‍ അല്ല ഇവര്‍..,..പക്ഷെ വസ്ത്രധാരണമാണ് ഇത്തരം പീഡനങ്ങള്‍ക്ക് കാരണം എന്ന് വരുത്തി തീര്‍ത്താല്‍ സ്ത്രീകളെ തങ്ങള്‍ ഉദ്ദേശിക്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കമെന്നും തങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ തളച്ചിടാം എന്നും വിചാരിച്ചാണ് ഇവര്‍  ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നത് ഗൌരവത്തോടെ കാണേണ്ടതാണ്...


പീഡിപ്പിക്കുന്നവരെയാണ് മാറ്റുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യേണ്ടത് അല്ലാതെ സ്ത്രീകളെ മൊത്തം പീഡിപിക്കുന്നവന്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് മാറ്റുക എന്നത് ഉട്ടോപ്പിയന്‍ ആശയമാണ്..എം എന്‍ കാരശ്ശേരി പറഞ്ഞത് പോലെ "കാഴ്ചയെ മൂടി വെക്കാന്‍ കല്‍പ്പിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ദുഷിച്ച കണ്ണുകള്‍ മൂടിക്കെട്ടി വെക്കുക,അല്ലെങ്കില്‍ അങ്ങ് കുത്തിപ്പോട്ടിക്കുക.."

ഫേസ്ബുക്കും ഫേക്ക് ന്യൂസുകളും ചില ആശങ്കകളും


ഫേസ്ബുക്ക് തുടങ്ങിയ അന്ന് മുതല്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് എവിടെ നിന്നോ ആരൊക്കെയോ പടച്ചു വിടുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതും  അതിന്‍റെ പേരില്‍ ചില യഥാര്‍ത്ഥ വാര്‍ത്തകള്‍ പോലും സംശയത്തിന്‍റെ മുനയില്‍ നില്‍ക്കുന്നതും. ആദ്യമൊക്കെ ഈ ഏര്‍പ്പാട് വളരെ കുറവായിരുന്നു. പക്ഷെ പിന്നീട് കൂണുകള്‍ പോലെ പേജുകളും ഗ്രൂപ്പുകളും മറ്റും പൊങ്ങി വന്നതിനു ശേഷം പോസ്റ്റുകള്‍ക്കും ഷെയര്‍ ചെയ്യാന്‍ വാര്‍ത്തകള്‍ക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ ആണ് സ്വന്തമായി പോസ്റ്റുകളും ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഫോട്ടോകളും ഉണ്ടാക്കുക എന്ന പരിപാടി ഫേസ്ബുക്കില്‍ അരങ്ങേറി തുടങ്ങിയത്. ഒരു തരത്തില്‍ പറഞ്ഞാല്‍ പത്രങ്ങളും ടി വി ചാനലുകളും മറ്റാര്‍ക്കും കിട്ടാത്ത എക്സ്ക്ലുസീവ് വാര്‍ത്തകള്‍ക്ക് വേണ്ടി കാണിക്കുന്ന പരാക്രമങ്ങള്‍ ആയിരുന്നു ഇവരും കാണിച്ചിരുന്നത്. പല ചാനലുകളും കെട്ടുകഥകള്‍ നെയ്തും ഫേക്ക് വാര്‍ത്തകള്‍ പടച്ചു വിറ്റും എക്സ്ക്ലുസീവ്സ് ഉണ്ടാക്കിയ അതേ മാതൃക തന്നെയാണ് ഫേസ്ബുക്കിലും ആളുകള്‍ പിന്തുടരുന്നത്. ചാനലുകള്‍ക്കും മറ്റും കുറച്ചു കൂടി ഉത്തരവാദിത്വവും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യതയും ഉണ്ടായിരുന്നെങ്കില്‍ ഫേസ്ബുക്കില്‍ അങ്ങനെ ഒന്നില്ല എന്നതാണ് ഏകവ്യത്യാസം. ആര്‍ക്കും എന്തും എഴുതി വിടാം ആരാണ് ഉണ്ടാക്കിയത് എന്നോ  എവിടെയാണ് ഉറവിടം എന്നോ കണ്ടുപിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടും എന്നതാണ് സ്ഥിതി.

ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ കാരണം ദിനംപ്രതി ഓരോരുത്തര്‍ പല പേരുകളില്‍ ക്രിയേറ്റ് ചെയ്യുന്ന പേജുകള്‍ ആണ്. പേജുകള്‍ എന്ന ആശയം ഫേസ്ബുക്ക് കൊണ്ട് വരുന്നത് ചില കമ്പനികള്‍ക്ക് അവരുടെ പ്രോഡക്റ്റുകളും മറ്റും മാര്‍ക്കറ്റ്‌ ചെയ്യുക ,പ്രശസ്തര്‍ക്ക് അവരുടെ ആരാധകരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഒരു വഴി തുറന്നിടുക, ആശയങ്ങള്‍ പ്രചരിപ്പിക്കാനും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ആയിരുന്നു.പക്ഷെ ഇന്ന് കാണുന്നത് ബാലചിത്രകഥകളിലെ ഫിക്ഷണല്‍ ക്യാരക്ടെഴ്സിന്റെ പേരില്‍ മുതല് ഭക്ഷണ സാധ.൦നങ്ങള്‍,പക്ഷിമൃഗാദികളുടെ പേരുകള്‍ എന്ന് വേണ്ട ചട്ടി കലം എന്ന് വരെ പേരുകള്‍ ഉള്ള പേജുകള്‍ ഉണ്ട്.ഇവയില്‍ പത്തു പേജുകള്‍ വരെ കൈകാര്യം ചെയ്യുന്നവര്‍ ഉണ്ട് ഫേസ്ബുക്കില്‍., പ്രത്യേകിച്ച് ഗുണങ്ങള്‍ ഒന്നും ഉണ്ടായിട്ടല്ല വെറുതെ ഒരു സുഖം. അങ്ങനെ വെറുതെ ഇരുന്നു പേജുകള്‍ ഉണ്ടാക്കുമ്പോള്‍ ദിനംപ്രതി ഇവയില്‍ ഒക്കെ ഇടാന്‍ പോസ്റ്റുകള്‍ വേണ്ടേ.വാര്‍ത്തകള്‍ വേണ്ടേ..? അത് കിട്ടാതെ ആകുമ്പോഴാണ് ഇവര്‍ സാങ്കല്‍പ്പിക വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും അപ്പോള്‍ നടക്കുന്ന സംഭവങ്ങളെ അധികരിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കാര്യങ്ങള്‍ ഭാവനാത്മകമായി ചിത്രീകരിച്ചു ഷെയര്‍ ചെയ്യുന്നതും.

ഇപ്പോള്‍ ഈ ഫേക്ക് ന്യൂസുകളെ പറ്റി ആശങ്കപ്പെടാനും ഒരു വിശകലനം നടത്താനും കാരണമായിരിക്കുന്നത് ഡല്‍ഹിയില്‍ ക്രൂരമായി ബലാല്‍സംഘം ചെയ്യപ്പെട്ടു മരണത്തെ പുല്‍കിയ പെണ്‍കുട്ടിയുടെ ഫോട്ടോ എന്ന് പറഞ്ഞു കൊണ്ട് പല പല ഫേക്ക് ഫോട്ടോകളും സൈബര്‍ ലോകത്ത് പ്രചരിക്കുന്നതും അതില്‍ ഒന്ന് മലയാളിയായ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെതാണ് എന്ന വാര്‍ത്തയും ആണ്. ഡല്‍ഹി പെണ്‍കുട്ടി ഹോസ്പിറ്റലില്‍ ആയ അന്ന് മുതല്‍ ഹോസ്പിറ്റല്‍ ബെഡില്‍ കിടക്കുന്ന ഫോട്ടോ എന്ന് പറഞ്ഞു ദക്ഷിണാഫ്രിക്കയിലെ പീഡനത്തിനിരയായ ഒരാളുടെ ഫോട്ടോ പ്രചരിച്ചു തുടങ്ങിയിരുന്നു.മുഖവും മറ്റും ട്യൂബും മറ്റും ഇട്ടതു കൊണ്ട് വ്യക്തമല്ലാതിരുന്ന ആ ഫോട്ടോ വ്യാജമാണെന്ന് കണ്ടുപിടിക്കപ്പെടുകയും മുന്നറിയിപ്പുകള്‍ നല്‍കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ പെണ്‍കുട്ടി സിംഗപ്പൂരില്‍ മരിച്ച ശേഷമാണ് യഥാര്‍ത്ഥ ബഹളം തുടങ്ങിയത്. മലയാളിയായ ഒരു വിദ്യാര്‍ഥിനിയുടെ ഫോട്ടോ അവരുടെ ഗൂഗിള്‍ പ്ലസിലെ പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്തു വേറെ ആരോ ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോ ഇന്‍സെറ്റില്‍ ഇട്ടു അതോടൊപ്പം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കണ്ടവര്‍ ഒക്കെ ആ പെണ്‍കുട്ടിയോടുള്ള അനുകമ്പയുടെയും സ്നേഹത്തിന്റെയും പേരില്‍ ആദരാഞ്ജലികള്‍ എന്നാ രീതിയില്‍ ആ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു,.പക്ഷെ ഉടന്‍ തന്നെ ആ ഫോട്ടോ വ്യാജമാണെന്ന് ചിലര്‍ കണ്ടുപിടിക്കുകയും ആ വാര്‍ത്തയും ഷെയര്‍ ചെയ്യുകയും ചെയ്തു.ഉടന്‍ തന്നെ ആദ്യ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവര്‍ തെറ്റായ ഫോട്ടോ ആണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഖേദം അവ ഡിലീറ്റ്‌ ചെയ്യാനും തുടങ്ങി.ഇവിടെയും യഥാര്‍ത്ഥ പ്രശ്നക്കാര്‍ ആളുകളിലേക്ക് കൂടുതല്‍ റീച്ച് ഉള്ള പേജുകാര്‍ തന്നെ ആയിരുന്നു.

ഈ സംഭവങ്ങളെ തുടര്‍ന്ന് ഏഷ്യാനെറ്റ്‌ ഉള്‍പ്പെടെയുള്ള ചില ടെലിവിഷന്‍ ചാനലുകളും മറ്റു മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്യുകയും ഫേസ്ബുക്ക് വിമര്‍ശനവിധേയം ആകുകയും ചെയ്തു.തങ്ങളുടെ ചോര്‍ന്നു വരുന്ന ജനപ്രീതിയിലും വിശ്വാസ്യതയിലും പരിഭ്രാന്തരായി നിന്നിരുന്ന മാധ്യമങ്ങള്‍ക്ക് ഫേസ്ബുക്കിനെ വിമര്‍ശിക്കാനും വിശ്വാസ്യതയില്‍ തങ്ങള്‍ തന്നെയാണ് മുന്നില്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഉള്ള അവസരമായാണ് അവര്‍ ഇതിനെ കണ്ടത്. സത്യത്തില്‍ ഇത്രയധികം ധാര്‍മിക രോഷം കൊള്ളാനുള്ള യാതൊരു വിധ അവകാശവും ഏഷ്യാനെറ്റ്‌ ഉള്‍പ്പെടയുള്ള മാധ്യമങ്ങള്‍ക്ക് ഇല്ല. എക്സ്ക്ലുസീവ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലില്‍ എത്രയോ ജീവിതങ്ങള്‍ തുലച്ചവരാണ്  ഇവര്‍,.. ഏറ്റവും വലിയ ഉദാഹരണമായി ഇന്നും നമ്മുടെ മുന്നിലുണ്ട് ഐ എസ് ആര്‍ ഒ ചാരക്കേസ്.അതുപോലെ വാര്‍ത്തകള്‍ ചമച്ചും പൊലിപ്പിച്ചും റേറ്റിംഗിന് വേണ്ടി കുറെ ഉപയോഗിച്ചവരാന് ഇന്ന് ചാരിത്ര്യപ്രസംഗം നടത്തുന്നതും ആശങ്കപ്പെടുന്നതും.

യഥാര്‍ത്ഥത്തില്‍ ഫേസ്ബുക്കില്‍ തന്നെ അതിശക്തമായ ഒരു തിരുത്തല്‍ ശക്തിയും  പ്രവര്‍ത്തിക്കുന്നുണ്ട്.ഒരു വാര്‍ത്ത അല്ലെങ്കില്‍ ഫോട്ടോ വ്യാജമാണ് എന്ന് അറിഞ്ഞാല്‍ ഒട്ടും സമയം കളയാതെ തന്നെ അതും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ മുന്നില്‍ എത്തുന്നുണ്ട് അവര്‍ തിരുത്തുന്നുമുണ്ട്.ഈ വിവാദസംഭവത്തില്‍ തന്നെ ഫോട്ടോ ഷെയര്‍ ചെയ്തവര്‍ ദുരുദ്ദേശപരമായോ എന്തെങ്കിലും കാര്യം നേടണം എന്ന ലക്ഷ്യത്തോടെയോ അല്ല ഈ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.മറിച്ചു ഡല്‍ഹിയിലെ പെണ്‍കുട്ടിയോടുള്ള സ്നേഹവും ഐക്യദാര്‍ഡ്യവും പ്രകടിപ്പിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശം. ഇവരില്‍ തന്നെ മിക്കവാറും പേര്‍ ഇടയ്ക്കോ മറ്റോ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ആണ്.അവര്‍ക്ക് ഒരു ഫോട്ടോ അല്ലെങ്കില്‍ വാര്‍ത്ത സത്യമാണോ എന്ന് പരിശോധിക്കാന്‍ ഉള്ള സമയം ലഭിക്കുന്നില്ല..ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്‌താല്‍ കണ്ണില്‍ കാണുന്ന കുറച്ചു ഫോട്ടോകള്‍ ഷെയര്‍ ചെയ്തു പോകുക എന്നിട്ട് ലോഗ് ഔട്ട്‌ ചെയ്യുക എന്നതാണ് പൊതുവേ ഇത്തരക്കാര്‍ ചെയ്യുന്നത്.അതുകൊണ്ട് ഈ വാര്‍ത്ത തെറ്റാണ് എന്നാ സന്ദേശം അവര്‍ കാണാതെ പോകുന്നു.,ഇവിടെ തന്നെ ഇത് ഷെയര്‍ ചെയ്തവര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ അല്ല. ഈ വ്യാജ ഫോട്ടോ ഉണ്ടാക്കിയവാന്‍ ആണ് ദുരുദ്ദേശത്തോടെ പ്രവര്‍ത്തിച്ചതും കുറ്റകരമായ ഒരു പ്രവൃത്തി നടത്തിയതും.അത്തരം ആള്‍ക്കാരെ കണ്ടെത്തി ആദ്യമേ തള്ള ശിക്ഷ നല്‍കിയാല്‍ ബാക്കി ഉള്ളവര്‍ക്കും അതൊരു മുന്നറിയിപ്പ് ആകുകയും ചെയ്യും ഭാവിയില്‍ എങ്കിലും ഇത്തരം പ്രവൃത്തികള്‍ തടയാന്‍ കഴിയുകയും ചെയ്യും.ആരാണ് ഇത് ചെയ്തത് എന്ന് വളരെ കൃത്യമായി തന്നെ സൈബര്‍ സെല്ലിനു കണ്ടെത്താന്‍ കഴിയും.


ഇത്തരം ഫോട്ടോകളും വാര്‍ത്തകളും തടയാനും പ്രോല്‍സാഹിപ്പിക്കാതിരിക്കാനും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ തന്നെ മനസ്സ് വെച്ചാല്‍ സാധിക്കും.പ്രചാരമുള്ള പേജുകള്‍ നിയന്ത്രിക്കുന്നവരും ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നവരും അല്‍പ്പം ശ്രദ്ധിച്ചാല്‍ മാത്രം മതി.ഒരു വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് ഉറപ്പു വരുത്തിയിട്ടു മാത്രം അത് ഷെയര്‍ ചെയ്യുക എന്നാ പൊതുമാനദണ്ഡം ഇവര്‍ പാലിച്ചാല്‍ തന്നെ ഒരു പരിധി വരെ ഇത്തരം വാര്‍ത്തകള്‍ തടയാന്‍ പറ്റും.അതുപോലെ തന്നെ ഷെയര്‍ ചെയ്യുന്നവര്‍ ഏതൊരു വാര്‍ത്ത ഷെയര്‍ ചെയ്യുന്നതിന് മുന്‍പേയും ഒന്ന് രണ്ടു വിശ്വസനീയ സോഴ്സുകള്‍ പരിശോധിച്ചിട്ട് വാര്‍ത്ത സത്യമാണ് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം ഷെയര്‍ ചെയ്യുക.ഇനി ഒരു വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് ഷെയര്‍ ചെയ്യുന്നത് പരമാവധി തടയുക.മറ്റാരെങ്കിലും അത് ചെയ്യും എന്ന് വിചാരിച്ചു കാത്തിരിക്കാതെ സ്വയം അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുക.ഇനിയും അപകീര്‍ത്തിപരമായത്തും തെറ്റിദ്ധാരണജനകമായതുമായ ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെടാതിരിക്കട്ടെ. അതിനു വേണ്ടി സൈബര്‍ ലോകത്തു ലിഖിതമായ നിയമങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ തന്നെ സ്വയം ചില നിയന്ത്രണങ്ങള്‍ പാലിക്കുക തന്നെ വേണം.

പ്രതികരണം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം..

വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് മുതല്‍ ക്യാമറക്കണ്ണുകള്‍ കൊണ്ടുള്ള തുറിച്ചു നോട്ടം ഏതു സ്ത്രീയും നേരിടേണ്ടി വരും. പ്രത്യേകിച്ച് അവള്‍ കുറച്ചു സുന്ദരി കൂടെ ആണെങ്കില്‍ കുറച്ചധികം നേരിടേണ്ടി വരും. അത് തിരക്കുള്ള പൊതു ഇടങ്ങളിലേക്ക് എത്തിയാല്‍ കണ്ണുകള്‍ കൊണ്ടുള്ള അക്രമം കൂടാതെ ശരീരം കൊണ്ടുള്ള അക്രമങ്ങളും നേരിടേണ്ടി വരുന്നു. ബസുകളിലും മറ്റു തിരക്കുള്ള സ്ഥലങ്ങളിലും മുട്ടാനും ഉരുമ്മാനും വരുന്ന ആണുങ്ങള്‍ അനവധി ഉണ്ടാകും. ഇതില്‍ ദര്‍ശന സുഖത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ മുതല്‍ സ്പര്‍ശനസുഖത്തിന്റെ ലഹരിയിലേക്ക് പോകുന്നവരും അതും കടന്നു ബലാല്‍ക്കാരത്തിന്റെ വന്യമായ വഴിയിലേക്ക് പോകുന്നവരും ഉണ്ട്. ഇങ്ങനെ ഒരേ സമൂഹത്തിലെ തന്നെ പല തരം ആള്‍ക്കാരെ നേരിട്ട് കൊണ്ട് വേണം ഒരു സ്ത്രീക്ക് പുറത്തിറങ്ങി നടക്കാന്‍ അല്ലെങ്കില്‍ ജോലി ചെയ്തു തിരിച്ചു വീട്ടില്‍ എത്താന്‍.,.നമ്മുടെ സമൂഹത്തിന്‍റെ മൂല്യച്യുതി,ഞരമ്പ് രോഗം എന്നൊക്കെ എന്ത് പേരിട്ടു വിളിച്ചാലും അതൊരു പച്ചയായ യാഥാര്‍ത്ഥ്യം തന്നെയാണ്. ഒരു ദിവസം കൊണ്ട് ഇല്ലാതാക്കാനോ മാറ്റിയെടുക്കാനോ കഴിയുന്ന ഒരു കാര്യമല്ല അത്. അതുകൊണ്ട് തല്‍ക്കാലം നമുക്ക് സമൂഹം മാറണം എന്ന് അലമുറയിട്ടു കരയാതെ നമ്മെ ശല്യപ്പെടുത്തുന്ന ഓരോരുത്തരെയും മാറ്റാന്‍ അല്ലെങ്കില്‍ ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ് കൊടുക്കാന്‍ മാത്രം ശ്രമിക്കാം. കുറച്ചു കൂടി പ്രായോഗികമായ വഴി അത് തന്നെയാണ്.

അതിനു വേണ്ടത് ഈ ഭൂമി ഇതിലെ ഇടവഴികള്‍ ,റോഡുകള്‍,ബസ്സുകള്‍,സിനിമാ തിയേറ്ററുകള്‍ എന്നിങ്ങനെ ഓരോ പൊതു ഇടവും എന്റേത് കൂടിയാണ് എന്നാ തിരിച്ചറിവ് സ്ത്രീക്ക് വരണം. അങ്ങനെ ഇറങ്ങി നടക്കുമ്പോള്‍ എന്‍റെ നേരെ ഉയരുന്ന ഓരോ കമന്റിന് നേരെയും ഓരോ കൈയ്ക്ക് നേരെയും പ്രതികരിക്കാന്‍ ഉള്ള അവകാശം എനിക്കുണ്ട് എന്നാ സ്വയം ബോധ്യം ആദ്യം ഉണ്ടാക്കി എടുക്കണം. എന്‍റെ ശരീരവും സ്വകാര്യതയും എന്റേത് മാത്രമാണ്. മറ്റൊരാള്‍ക്ക് എന്‍റെ അനുവാദമില്ലാതെ അതിലേക്കു കടന്നു കയറാന്‍ അവകാശമില്ല എന്ന ബോധം സ്വയം ഉണ്ടാകണം.അങ്ങനെ കടന്നു കയറുന്നവന് നേരെ പ്രതികരിക്കാനുള്ള അവകാശം എനിക്കുണ്ട് എന്നും അതിനു സമൂഹത്തിന്‍റെ പിന്തുണ ഉണ്ട് എന്നുമുള്ള സത്യം മനസ്സില്‍ അരക്കിട്ടുറപ്പിക്കണം.

ഇനിയെങ്കിലും തല ഉയര്‍ത്തി നടക്കാന്‍ പഠിക്കുക..സ്വന്തം ശരീരത്തിലേക്ക് ചുഴിഞ്ഞു നോക്കുന്നവനെ നോക്കി എന്താടാ എന്ന് ചോദിക്കാന്‍ പഠിക്കുക.. സ്വന്തം ശരീരത്തില്‍ തൊടുന്നവന്റെ കൈ തട്ടിമാറ്റി അവന്‍റെ കരണം പുകയ്ക്കാന്‍ പഠിക്കുക..കാമവെറിയന്‍മാര്‍ക്ക് നേരെ കൈ ഉയര്‍ത്താന്‍ ചങ്കൂറ്റം കാണിക്കുക. പ്രതികരിക്കാന്‍ പഠിക്കുക. അതാണ്‌ നിങ്ങളുടെ ആയുധം. അല്ലാതെ ഓരോ അപമാനങ്ങളും സഹിച്ചു വീട്ടില്‍ പോയിരുന്നു കരഞ്ഞും സങ്കടം പങ്കിട്ടും ഇരുന്നാല്‍ ഇനിയുമിനിയും നിങ്ങള്ക്ക് അതെ അനുഭവം ഉണ്ടാകാം. നിങ്ങള്‍ ഒരു കൈ ഉയര്‍ത്തിയാല്‍ നിങ്ങളെ കാണുന്ന ഓരോ സഹോദരിക്കും അവളുടെ കൈയും ഉയര്‍ത്താന്‍ ഉള്ള ധൈര്യം വരും.

നിങ്ങളുടെ ഇടയിലും പ്രതികരിക്കുന്ന സഹോദരിമാര്‍ ഉണ്ട് എന്ന് അറിയുക. ഒരു അനുഭവം ഇവിടെ ഷെയര്‍ ചെയ്യട്ടെ.
കുറച്ച്‌ ദിവസങ്ങളായി എന്റെ ഒരു സുഹൃത്തിനെ ഞരമ്പ് രോഗം കൂടി നില്‍ക്കുന്ന ഒരുത്തൻ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു..
ചില സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ഉള്ള അവളുടെ ഫോട്ടോസ്‌ ഒക്കെ എടുത്തു മോർഫ്‌ ചെയ്ത്‌ പ്രചരിപ്പിക്കും..പല പല അപവാദങ്ങളും പറഞ്ഞുണ്ടാക്കും എന്നൊക്കെ ആയിരുന്നു അവന്‍റെ ഭീഷണി .ഇതൊന്നും ചെയ്യാതിരിക്കണമെങ്കില്‍ അവന്‍റെ ചില ഇംഗിതങ്ങള്‍ സാധിച്ചു കൊടുക്കണം എന്ന് ബ്ലാക്ക്മെയിലിംഗ് രൂപത്തില്‍ അവന്‍ ഭീഷണി തുടങ്ങി.ആദ്യം അത് കാര്യമായി എടുക്കാതിരുന്ന അവള്‍ ക്ഷമിച്ച്‌ അവനെ ഒഴിവാക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല...ശല്യം നിരന്തരം തുടര്‍ന്ന്. ഒടുവില്‍ സഹികെട്ട അവള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ അവളുടെ കൃത്യമായ തെളിവുകളോടെ ഉള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അവന്‍ അഴിയെണ്ണുകായും കൂടുതല്‍ നിയമനടപടികള്‍ കാത്തിരിക്കുകയും ചെയ്യുന്നു. പ്രതികരിച്ചത് കൊണ്ട് അവള്‍ക്കു എന്നെന്നേക്കുമായി ആ ശല്യം ഒഴിഞ്ഞു കിട്ടി. കൂടാതെ അവള്‍ ഒരു മാതൃകയും ആയി.

ഇതുപോലെ പ്രതികരിക്കേണ്ട സമയത്ത് കൃത്യമായി പ്രതികരിച്ചാല്‍ നിങ്ങളുടെ പിന്നാലെ മുട്ടിയുരുമ്മി നടക്കാന്‍ ശ്രമിക്കാനോ കമന്റ് അടിക്കാനോ ഒരാള്‍ക്കും ധൈര്യം ഉണ്ടാവില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. ബസില്‍ വച്ച് പുറകില്‍ വന്നു നിന്ന് സ്പര്‍ശന സുഖം ആസ്വടിക്കുന്നവനെ തിരിഞ്ഞു നനിന്ന് അടിക്കാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ നിങ്ങള്‍ അടിച്ചു തീരുന്നതിനു മുന്‍പേ അവനെ അടിച്ചു പുറത്തു കളയാന്‍ പുരുഷന്മാര്‍ തന്നെ നിങ്ങളുടെ കൂടെ ഉണ്ടാകും എന്നത് ഒരു സത്യമാണ്.നിങ്ങളുടെ അഭിമാനം ഉയരുകയെ ഉള്ളൂ..അല്ലാതെ എല്ലാം സഹിച്ചു നിന്നിട്ട് അവസാനം തന്നെ രക്ഷിക്കാനും മാനം സംരക്ഷിക്കാനും ഒരു രാജകുമാരന്‍ കുതിരപ്പുറത്തു വരും എന്ന് വിചാരിച്ചു ഇരുന്നാല്‍ പിന്നെ നിങ്ങള്‍ ജീവിതകാലം മുഴുവന്‍ അങ്ങനെ പീഡന അപമാനങ്ങള്‍ സഹിച്ചു ഇരിക്കേണ്ടി വരും. ആരും കൂടെ നില്‍ക്കും എന്ന ബോധം ഒന്നും ഇല്ലാതെ തന്നെ സ്വയം സംരക്ഷിക്കാന്‍ അറിയാം എന്നാ ഒരു ഉള്‍ബോധം തന്നെ മതി സ്വയരക്ഷയ്ക്ക്. പിന്നെ പെപ്പര്‍ സ്പ്രേ മുതലായ പ്രതിരോധ ഉപാധികള്‍ കയ്യില്‍ കൊണ്ട് നടക്കുന്നതും ഒരു ആത്മധൈര്യം തരും.

വരും തലമുറ ഇതാണോ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി വെച്ച സമൂഹം എന്ന് ചോദിക്കാന്‍ ഇടവരുത്താതെ പ്രതികരിക്കുക ,പ്രതിരോധിക്കുക..നമുക്കും നമ്മുടെ സഹോദരികള്‍ക്കും വേണ്ടി...നമ്മുടെ വരും തലമുറയ്ക്ക് നിര്‍ഭയരായി നടക്കാന്‍ വേണ്ടി..

ഒരു മല്ലു പ്രേക്ഷകന്‍റെ രോദനം..

"ഞാന്‍ മലയാളം സിനിമകള്‍ അധികം കാണാറില്ല .ഇപ്പോള്‍ ഹോളിവുഡ്‌ അല്ലെങ്കില്‍ കൊറിയന്‍ സിനിമകള്‍ മാത്രമേ കാണാറുള്ളൂ. അല്ലെങ്കില്‍ വല്ല പഴയ മലയാളം സിനിമയും കാണും." എന്നൊക്കെ പറയുന്നവരെ ജാഡ,ബുജി എന്നൊക്കെ പറഞ്ഞു ആക്ഷേപിച്ചു വിടുകയാണ് പലരുടെയും പതിവ്. പക്ഷെ ഒരു നിമിഷം എങ്കിലും അവര്‍ എന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്നും എന്താണ് അവരെ മലയാളം സിനിമകളില്‍ നിന്നും അകറ്റിയത് എന്നും ഒരിക്കലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കില്ലേ?
മലയാളം സിനിമാ ഇന്‍ഡസ്ട്രി ഒരു കാലത്ത് തകര്‍ന്നടിഞ്ഞു പോയിരുന്നു. അതിമാനുഷ കഥാപാത്രങ്ങളും തറവാടുകള്‍ തമ്മിലുള്ള കുടിപ്പകയും പൈങ്കിളി പ്രേമവും ഒക്കെ മലയാളി പ്രേക്ഷകനെ വെറുപ്പിന്റെ നെല്ലിപ്പലക കാണിച്ചു.അന്ന് മലയാളം സിനിമകള്‍ വിട്ടു പ്രേക്ഷകര്‍ ടി വിയിലെക്കും സീരിയലുകളിലേക്കും പിന്നെ തമിഴ്‌ അടക്കമുള്ള അന്യഭാഷകളിലേക്കും ചേക്കേറി. ആയിടയ്ക്കാണ് ഷക്കീല തരംഗവും ഉണ്ടായത്. ഒരു വിഭാഗം പ്രേക്ഷകരെ ഷക്കീല തിയേറ്ററിലേക്ക് കൊണ്ട് വന്നു. പക്ഷെ മുഖ്യധാരസിനിമ ആ പ്രതിസന്ധിക്ക് മുന്നില്‍ പകച്ചു നിന്ന്പോയി. ഒടുവില്‍ അറിയപ്പെടാത്ത ചില സംവിധായകര്‍ അവിടുന്നും ഇവിടുന്നും പൊട്ടിവീണു ചില വ്യത്യസ്തമായ സിനിമകള്‍ ചെയ്തു ഒരു തരംഗം ഉണ്ടാക്കി. അത്തരം കൊച്ചു കൊച്ചു സിനിമകള്‍ പ്രേക്ഷകനെ വീണ്ടും തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു. അതിനിടയ്ക്ക് മികച്ച ചില ഹിറ്റുകള്‍ ഉണ്ടായി. മലയാളം സിനിമ ഉന്മേഷം വീണ്ടെടുത്തു. ഈ ചിത്രങ്ങളുടെ വിജയം ചില പഴയ സംവിധായകരും ഏറ്റെടുത്തു അവരും പരമ്പരാഗതമല്ലാത്ത രീതിയില്‍ ചിന്തിച്ചു തുടങ്ങി.

പക്ഷെ ഈ ഊര്‍ജ്ജം മുതലെടുത്തു ചിലര്‍ പഴയ കാമ്പില്ലാത്ത കച്ചവടസിനിമകള്‍ വീണ്ടും വീണ്ടും പടച്ചു വിടാന്‍ തുടങ്ങിയിരിക്കുന്നു. അവയില്‍ ചിലത് തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട് താനും. അതില്‍ ഒരു കൂട്ടുകെട്ടാണ് സിബി കെ തോമസ്‌ -ഉദയകൃഷ്ണ ടീം. ഇവര്‍ പണ്ട് പടച്ചു വിട്ട ചവറുകള്‍ ആയ മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, ദോസ്ത്‌,സി ഐ ഡി മൂസ ,റണ്‍വേ തുടങ്ങിയവയില്‍ ചിലത് കൊമേഴ്സ്യല്‍ ഹിറ്റ്‌ ആയെങ്കിലും കഥയില്ലായ്മയുടെ അങ്ങേയറ്റം കൊണ്ട് ചെന്നെത്തിച്ചു മടുപ്പിച്ച സിനിമകളാണ്. പിന്നെ സൂപ്പര്‍ താരങ്ങളെ വെച്ചും ഇവര്‍ തുറുപ്പുഗുലാന്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്,പോക്കിരി രാജ എന്നീ കോപ്രായങ്ങള്‍ കാണിച്ചു. അതിനു ശേഷം അവര്‍ ജനപ്രിയ നായകന്‍ ദിലീപിനെ വെച്ച് പടച്ചു വിട്ട മായാമോഹിനി എന്നാ ചിത്രം വലിയൊരു ഹിറ്റ്‌ ആകുന്നതാണ് നാം കണ്ടത്. ദിലീപ്‌ പെണ്‍വേഷത്തില്‍ അഭിനയിച്ച ചിത്രം സ്ത്രീകളെയും കുട്ടികളെയും വന്‍ തോതില്‍ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു എന്നാണു പറയുന്നത്. പക്ഷെ നിലവാരമില്ലായ്മയുടെ അങ്ങേയറ്റം ആയിരുന്നു മായാമോഹിനി എന്നാ സിനിമ. അതിന്‍റെ ഹിറ്റ്‌ മറ പിടിച്ചു അതേപോലെയുള്ള അനേകം തട്ടിക്കൂട്ട് സിനിമകള്‍ ഒരുങ്ങുന്നു ചിലത് ഇറങ്ങുന്നു.

ഇതേ ജനുസ്സില്‍ ഇറങ്ങുന്ന പടങ്ങളില്‍ ഇപ്പോള്‍ ജനപ്രിയ നായകന്‍ പദവി അലങ്കരിക്കുന്ന ദിലീപിനും ഗണ്യമായ ഒരു സ്ഥാനമുണ്ട് എന്നത് മറക്കാന്‍ പറ്റില്ല. അംഗവൈകല്യം വന്ന കഥാപാത്രങ്ങളിലൂടെയും അയലത്തെ പയ്യന്‍ ഇമേജിലൂടെയും നിലനില്‍ക്കാന്‍ ആണ് അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു സിനിമയില്‍ കൂനുള്ള കഥാപാത്രമായി അഭിനയിച്ചാല്‍ അടുത്തതില്‍ മന്ദബുദ്ധി, അടുത്തത് ആകുമ്പോള്‍ മുച്ചുണ്ടന്‍..,..ഇങ്ങനെ പോകുന്നു അദ്ധേഹത്തിന്റെ വ്യത്യസ്തത.

ഇവിടെയാണ്‌ നാം ഒരു കാര്യം ശ്രദ്ധിക്കേണ്ടത്. ഇത്തരം തട്ടിക്കൂട്ട് സിനിമകള്‍ക്ക് എത്രകാലം മലയാളം സിനിമാമേഖലയെ പിടിച്ചു നിര്‍ത്താന്‍ കഴിയും?അഞ്ചോ പത്തോ ഹിറ്റുകള്‍ക്ക്അപ്പുറം എന്താണ് ഇവയ്ക്ക് നല്‍കാന്‍ കഴിയുന്ന ഗുണം? ഗുണങ്ങള്‍ ഒന്നുമില്ല എന്ന് മാത്രമല്ല കോട്ടങ്ങള്‍ ഏറെയുണ്ട് താനും. ഇത്തരം സിനിമകള്‍ സ്ഥിരമായാല്‍ പ്രേക്ഷകര്‍ക്ക്‌ വീണ്ടും മടുക്കുകയും അവര്‍ വീണ്ടും വിഡ്ഢിപ്പെട്ടിയുടെ മുന്നിലേക്ക്‌ കണ്ണീര്‍ സീരിയലുകള്‍ കാണാന്‍ പോകുകയും ചെയ്യും എന്നത് നമുക്ക് മുന്നിലുള്ള മുന്‍കാലഅനുഭവങ്ങള്‍ വ്യക്തമാക്കി തരുന്നു. ഫലത്തില്‍ നവസിനിമയുടെ വക്താക്കള്‍ ഉണ്ടാക്കിയെടുത്ത മാറ്റം വഴി തിരിച്ചു വിടാനും ചങ്കരന്‍ തെങ്ങില്‍ തന്നെ എന്നപോലെ മലയാളം സിനിമ ആ പഴയ ഇരുണ്ട കാലത്തിലേക്ക് തന്നെ എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാനും ഇടയാക്കും.

പ്രേക്ഷകന് വേണ്ടത് നായകന്മാരുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ മാത്രമല്ല എന്നും നായകന്മാരെക്കാള്‍ കഥയാണ്‌ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നത് എന്നും തിരിച്ചറിയാന്‍ മലയാളം സിനിമാപ്രവര്‍ത്തകര്‍ എന്നാണു അറിയാന്‍ ശ്രമിക്കുക. സിനിമ ഉണ്ടാക്കാന്‍ ആദ്യം വേണ്ടത് നായക നടന്റെ ഡേറ്റ് ആണെന്നും കഥയൊക്കെ പിന്നെ നായകനെ അനുസരിച്ച് രൂപപ്പെടുത്തി എടുക്കാമെന്നും കരുതുന്ന കൂപമണ്ടൂകങ്ങള്‍ ആണ് സിനിമാമേഖലയില്‍ അധികവും ഉള്ളത്.

പ്രിയ സിനിമാക്കാരെ ഞങ്ങള്‍ മോഹന്‍ലാലിന്‍റെ അമാനുഷിക കഥാപാത്രങ്ങളോ മമ്മൂട്ടിയുടെ ഫണ്ണി ഡാന്‍സോ സുരേഷ് ഗോപിയുടെ ക്ഷോഭമോ ദിലെപിന്റെ ഒരു കാലിലെ മന്ത് മറ്റേ കാലില്‍ ആക്കുന്ന വ്യത്യസ്തതയോ കാണാന്‍ വരുന്നവര്‍ അല്ല..ഞങ്ങള്‍ക്ക് വേണ്ടത് കെട്ടുറപ്പുള്ള കഥയും ജീവിതഗന്ധിയായ കഥാപാത്രങ്ങളും ആണ്. അത് തന്നില്ലെങ്കില്‍ ഷക്കീല തരംഗം വീണ്ടും ഉണ്ടാവേണ്ടി വരും മലയാളം സിനിമയെ തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും പിടിച്ചു ഉയര്‍ത്താന്‍.,ഓര്‍ക്കുക ഓര്‍ത്താല്‍ നന്ന്.

24 May 2013

വാശി

നിന്‍റെ വാശി
എന്‍റെ അനിഷ്ടത്തോടാണെങ്കിൽ
എന്‍റെ അനിഷ്ടം
വാശിയായി രൂപാന്തരപ്പട്ടേക്കാം..

ഹൃദയമാറ്റം

രോഗപങ്കിലമായ ഹൃദയം
മാറ്റി പകരം വെച്ചതും
രോഗതുരമാണെങ്കിൽ
പിന്നെ എന്തിനു
നീയത്‌ മാറ്റി വെച്ചു..??
ഒരു മാറ്റം കൂടി താങ്ങാൻ
നിന്റെ ശരീരത്തിനു
ശേഷിയുണ്ടോ പെണ്ണേ..!!

കാടിന്‍റെ വിളി

കാട് ഒരു പ്രഹേളികയാണ്....
പച്ചപ്പ് കാട്ടി നമ്മെ ആകര്‍ഷിക്കും..
കിളികളും കൊച്ചരുവികളും കാട്ടി
കൊതിപ്പിച്ചു മാടി വിളിയ്ക്കും..

പക്ഷെ പച്ചപ്പ് തേടി ഉള്ളില്‍ കടന്നാല്‍
കാട് അതിന്റെ വന്യമുഖം കാണിയ്ക്കും..
ചതിക്കുഴികള്‍ ഉണ്ടാകും നിറയെ
ദിക്കറിയാതെ നീ അലയേണ്ടി വരും..

നീ അന്വേഷിച്ചു പോയ പച്ചപ്പ്
വന്യമായ ഒരു ഓര്‍മ്മയായി മാറും
ഒടുവില്‍ പുറത്തു കടക്കാന്‍ നീ വെമ്പും
ഓടി എന്‍റെ അരികിലേക്ക് അണയാന്‍...,.

പക്ഷെ എന്നിട്ടും നീ പോയി
ഞാന്‍ അരുതേ എന്ന് വിലക്കിയിട്ടും
ധിക്കരിക്കാന്‍ നിനക്ക് ഉത്സാഹമായിരുന്നു
നിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ ഉദ്ഘോഷം നടത്താന്‍..

അരുതെന്ന് ഞാന്‍ പറഞ്ഞതല്ലേ പെണ്ണെ
കാടിനെ നിനക്കറിയില്ലെന്ന്...
കാടിന്‍റെ വന്യതയെ നിനക്കറിയില്ലെന്ന്..
എന്നിട്ടും എന്നെ ധിക്കരിച്ചു നീ പോയി..

നിന്‍റെ നിലവിളിശബ്ദം എന്‍റെ കാതുകളില്‍ മുഴങ്ങുന്നു
നിന്‍റെ അടുത്തേക്ക് ഓടിവരണമേന്നുണ്ട്
പക്ഷെ എന്‍റെ ശരീരം നിശ്ചലമാണ്
നീ എന്നെ വിട്ടു പോയത് മുതല്‍ ...


19 May 2013

ഹൃദയം കൊണ്ടൊരു അച്ചാര്‍

നിന്‍റെ വീട്ടുമുറ്റത്തെ  മാവിന്‍റെ
ചില്ലയില്‍ തൂങ്ങിയാടുന്ന
കണ്ണിമാങ്ങകളുടെ ഇടയില്‍
തൂങ്ങിക്കിടക്കുന്ന എന്‍റെ ഹൃദയം...

പറമ്പിലെ ഒഴിഞ്ഞ കോണില്‍ നിന്ന്
കല്ലെടുത്തെറിഞ്ഞിടുമ്പോള്‍
കണ്ണിയറുത്തിടുക, നോവിക്കാതെ
മണ്ണില്‍ തൊടാതെ പിടിച്ചിടേണം..

പെറുക്കിക്കൊണ്ടുപോകുമ്പോള്‍
നിന്‍റെ നെഞ്ചോട്‌ ചേര്‍ത്ത് പിടിയ്ക്കുക...
കഷ്ണങ്ങളായി നുറുക്കി അച്ചാറിലിടുക
നിന്‍റെ കല്യാണത്തിന് വിളമ്പാന്‍ ഞാന്‍ ഉണ്ടാകും.. 

15 May 2013

മരുപ്പച്ച

എന്‍റെ സ്വപ്നങ്ങളിൽ നീ ഇല്ലാതാകുന്നു..
മരുഭൂമിയിലെ മരുപ്പച്ച പോലെ
കൊതിപ്പിച്ച്‌ നീയും  അകന്നുപോകുന്നു..
എന്‍റെ മനസ്സ്‌ വീണ്ടും ചുട്ടുപൊള്ളുന്നു..
ഇനി ഞാൻ അൽപം വിശ്രമിയ്ക്കട്ടെ
കൊതിപ്പിക്കുന്ന മരുപ്പച്ചകൾ തേടിയലയാതെ..
അവശേഷിക്കുന്ന ദാഹജലവും കുടിച്ച്‌ തീർക്കട്ടെ..
അവസാനയാത്രയ്ക്കുള്ള ഊർജ്ജത്തിനായ്‌.....,..

13 May 2013

അക്ഷയജെട്ടീയ

അക്ഷയജട്ടീയയ്ക്ക് ഭാഗ്യം വരാന്‍ വേണ്ടി ലോട്ടറി എടുക്കാന്‍ വെച്ച പത്ത് രൂപയ്ക്ക് മൂന്നു ജട്ടിയും വാങ്ങി വീട്ടില്‍ എത്തിയ പ്രമുഖ ഡിങ്കോയിസ്റ്റ്‌ പി പി രതീഷിനെ കാത്തിരുന്നത് ഐശ്വര്യത്തിന്റെ ഒരു കലവറ തന്നെയായിരുന്നു...

അയയില്‍ ഉണക്കാന്‍ ഇട്ടിരുന്ന പഴയ ഓട്ട വീണ ജട്ടികളുടെ ഓട്ടകള്‍ ഒക്കെ അടഞ്ഞിരിക്കുന്നു... കൂടാതെ ഗ്യാരണ്ടി കളറും തിരിച്ചു വന്നിരിക്കുന്നു...!!

ഡിങ്കേലൂയ ഡിങ്കേലൂയ എന്ന് ആര്‍പ്പ് വിളിച്ചു കൊണ്ട് അടുക്കളയിലേക്കു ഓടിയ രതീഷിന് അമ്മ കഞ്ഞിക്കലത്തില്‍ നിന്നും ചിക്കന്‍ ബിരിയാണി എടുത്തു വിളമ്പിക്കൊടുത്തു...!!

സണ്ണി ലിയോണിയുടെ ജന്മദിനം പ്രമാണിച്ചു ജട്ടി വാങ്ങാന്‍ പോകുമ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ട ഒന്നര ജിബിയുടെ HD പോണ്‍ വീഡിയോസ് നാലെണ്ണം വെറും ഒരു മണിക്കൂര്‍ കൊണ്ട് ഡൌണ്‍ലോഡ് ആയിരിക്കുന്നു..!!

രാത്രി ആര്‍മ്മാദിക്കണം എന്ന് വിചാരിച്ച രതീഷ്‌ ഓര്‍ത്തു അയ്യോ വെളിച്ചെണ്ണ തീര്‍ന്നു പോയിരിക്കുന്നല്ലോ...അവന്‍ ഓടി വെളിച്ചെണ്ണക്കുപ്പി തുറന്നു നോക്കുമ്പോള്‍ അതില്‍ നിറയെ വെളിച്ചെണ്ണ..മഹാത്ഭുതം..!!

ബെഡ്റൂമില്‍ എത്തിയ രതീഷ്‌ അസ്ത്രപ്രജ്ഞനായിപ്പോയി..തെക്കേലെ രമണിയുടെ മതില് ചാടാന്‍ പോയപ്പോ പുരുഷു അനുഗ്രഹിക്കുമ്പോള്‍ നഷ്ടപ്പെട്ട അഡിഡാസിന്‍റെ പുത്തന്‍ ഷൂസ് റൂമിന്‍റെ തെക്കേ മൂലയില്‍ ഇരിക്കുന്നു...!!

അഹം ഡിങ്കാസ്മി എന്ന് പ്രാര്‍ഥിച്ചു കൊണ്ട് തുള്ളിച്ചാടിയ രതീഷിനോട് ഒരു കവര്‍ കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു മോനെ പോസ്റ്റ്മാന്‍ കൊണ്ട് തന്നതാണെന്ന്..അത് പൊട്ടിച്ചു നോക്കിയ രതീഷ്‌ ബോധം കെട്ട് വീണു...കേരളത്തിലെ ഏറ്റവും വലിയ ജട്ടി നിര്‍മ്മാതാക്കള്‍ ആയ 'ആയിഷ' ജട്ടീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ജട്ടി ക്വാളിറ്റി ഇന്‍സ്പെക്ടര്‍ ആയി തനിക്ക് ജോലി കിട്ടിയിരിക്കുന്നു..!!

ബോധം വീണ രതീഷ്‌ താന്‍ വാങ്ങിയ ജട്ടികളും എടുത്തു കൊണ്ട് പൂജാമുറിയിലേക്ക് ഓടി...ജട്ടിപൂജ ചെയ്തു തന്റെ ഒരു ജട്ടി കത്തിച്ചു ഭഗവാന്‍ ഡിങ്കന് നിവേദിച്ചു...!!

ജയ്‌ ഡിങ്കന്‍....,.. ജയ്‌ അക്ഷയജെട്ടീയ....!!

അഹം ഡിങ്കാസ്മി....!!

ഇ-ജന്മിയും ഇ-കുടിയാനും..

സ്ഥലം ഫേസ്ബുക്ക് ആപ്പീസ്...

ജന്മിമാര്‍
വിവാദത്തിന്‍റെ വിത്തുകള്‍ 
വിതരണം ചെയ്യുന്നു..
ഫേസ്ബുക്ക് കര്‍ഷകര്‍ 
അവ ക്യൂ നിന്ന് വാങ്ങുന്നു..!!
സ്വന്തം വാളില്‍ കൊണ്ട് പോയി വിതയ്ക്കുന്നു...
കമന്റടി തൊഴിലാളികള്‍
വളമിടുന്നു, വെള്ളം നനയ്ക്കുന്നു...
വിത്ത് വളരുന്നു..ചെടിയാകുന്നു..
പൂക്കുന്നു.. കായ്ക്കുന്നു...
അവന്‍ അത് കണ്ടു പുളകിതനാകുന്നു..
പാതിരായ്ക്ക് ജന്മിമാര്‍ വന്നു
വിള കൊയ്ത് കൊണ്ട് പോകുന്നു...!!!

പിറ്റേന്ന് രാവിലെ
അവന്‍ അടുത്ത വിത്തിനായ്
ആപ്പീസില്‍ ക്യൂ നില്‍ക്കുന്നു...!!

12 May 2013

ഓണ്‍ലൈന്‍ ഫെമിനിസം



ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്‌ അമ്മ ആയിരുന്നു...

അച്ഛന്‍റെ സ്ഥായിയായ ഗൌരവം വിട്ട് സ്നേഹത്തോടെ ഒരു സാരി വാങ്ങിക്കൊടുക്കാനും പുറത്തു പോകുമ്പോള്‍ കൂടെ കൊണ്ട് പോകാനും ആവശ്യപ്പെട്ടു നിരന്തരം കലഹിച്ചിരുന്ന അമ്മ...

അടുക്കളയിലെ മിക്സിയോ ഗ്രൈന്‍ഡറോ കേടാകുമ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ അച്ഛന്‍ താല്പര്യം കാണിച്ചില്ലെങ്കില്‍ ഞാന്‍ വീട്ടുജോലി ചെയ്യുന്നതിന്‍റെ കണക്കില്‍ പെടുത്തി നന്നാക്കാന്‍ കാശ് താ എന്ന് പറഞ്ഞു കലഹിച്ചിരുന്ന വീട്ടമ്മ ...!!

പക്ഷെ ഒരു സന്നിഗ്ധഘട്ടം വരുമ്പോള്‍ അച്ഛന്‍ ആദ്യം ഓടി എത്തിയിരുന്നത് അമ്മയുടെ അടുത്തേക്ക്‌ ആയിരുന്നു..ഏതു പ്രതിസന്ധി ഘട്ടത്തിലും അമ്മയ്ക്ക് ഒരു ധൈര്യം പകരാന്‍ ആകുമായിരുന്നു...
വീട് ഭരിക്കാന്‍ ആയിരുന്നുഎന്നും അമ്മയ്ക്കിഷ്ടം...
അമ്മയോടുള്ള അച്ഛന്റെ ബഹുമാനം ആണോ ഗൌരവമാര്‍ന്ന മുഖത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ചത് എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട് ഞാന്‍...,..!!

പിന്നെ കണ്ട ഫെമിനിസ്റ്റ്‌ സഹോദരി ആയിരുന്നു...
പെണ്ണ് കാണാന്‍ വന്ന ചെക്കനോട് കല്യാണം കഴിഞ്ഞാലും എനിക്ക് ജോലി ചെയ്യണം എന്നാവശ്യപ്പെട്ട, സ്ത്രീധനം വാങ്ങാതെ കെട്ടാമോ എന്ന് ചോദിച്ച പ്രിയ സഹോദരി... !!

അത് കഴിഞ്ഞു വിശാലമായ ലോകത്തേക്ക് ഇറങ്ങിയപ്പോള്‍ ഒരു കൂട്ടം ഫെമിനിസ്ട്ടുകളെ കണ്ടു..ഭര്‍ത്താവ് അറിയപ്പെടുന്നത് പോലും തന്‍റെ നാമത്തില്‍ ആക്കി മാറ്റിയ ആര്‍ജ്ജവമുള്ള കുറച്ചു സ്ത്രീകള്‍..,.വാര്‍ഡ്‌ മെമ്പര്‍ ദേവ്യേടത്തി,പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാദേവി, പാര്‍ട്ടി പ്രവര്‍ത്തകമാരായ, വര്‍ഗ്ഗബഹുജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം സ്ത്രീകള്‍..,..!!
ബഹുമാനം ആയിരുന്നു അവരോടൊക്കെ സ്ത്രീ വീടിനുളിലെ അടുക്കളയില്‍ കരിപുരണ്ടു കിടക്കേണ്ട, കൊച്ചുങ്ങളെ പ്രസവിച്ചു നല്‍കേണ്ട ഒരു യന്ത്രമല്ല എന്ന് ഉറച്ചു വിശ്വസിക്കാന്‍ അന്നും ഇന്നും കഴിയുന്നത് ഈ വെയിലത്ത്‌ വാടാത്ത ഉദാഹരണങ്ങള്‍ മുന്നില്‍ ഉള്ളത് കൊണ്ടാണ്...!!

പക്ഷെ ഓണ്‍ലൈനില്‍ എത്തിയപ്പോള്‍ ഫെമിനിസം ഫെമിനിസ്റ്റുകള്‍ എന്നൊക്കെ വെച്ചാല്‍ എന്താണെന്ന് പഠിപ്പിക്കാന്‍ കുറെ കണ്ണട വെച്ചതും വെക്കാതതുമായ ബുദ്ധിജീവികള്‍ വന്നു...
ആണിനെ തെറി വിളിച്ചു നാല് പോസ്റ്റ്‌ ഇടുക, ആണിനെക്കൊണ്ട് ചായ ഉണ്ടാക്കിച്ചു കുടിക്കുന്നതാണ് തന്‍റെ സ്വപ്നം എന്നും പേരിന്റെ വാലായി ഭര്‍ത്താവിന്‍റെ പേര് ചെര്‍ക്കുന്നവല്‍ പെണ്ണല്ല എന്നും പ്രഖ്യാപിച്ച കുറെ ഓണ്‍ലൈന്‍ ഫെമിനിസ്റ്റുകള്‍,..!!
നിലനില്‍പ്പിന് വേണ്ടി സാധാരണ ജനങ്ങള്‍ നടത്തുന്ന സമരങ്ങളില്‍ പോലും സ്ത്രീവിരുദ്ധത ചികഞ്ഞു നോക്കുന്ന ഫെമിനിസ്റ്റുകള്‍...,..
ആണിനെ പോലെ ഡ്രസ്സ്‌ ചെയ്‌താല്‍ , മാറ് മറയ്ക്കാതെ തെരുവില്‍ കിടന്നു അലറി വിളിച്ചാല്‍ സമത്വം ഉണ്ടാകുമെന്ന് വൃഥാമോഹിക്കുന്നവര്‍,..!!

കള്ളുകുടിച്ച് വീട്ടില്‍ കയറി വന്നു തല്ലുണ്ടാക്കുന്ന, അയല്‍പക്കത്തെ ചേച്ചിയുമായി രഹസ്യബന്ധം പുലര്‍ത്തുന്ന, കെട്ടിയോനോട് ഒരു വാക്ക് പോലും എതിര്‍ത്ത് പറയാതെ ഫേസ്ബുക്കില്‍ വന്നു നാട്ടിലുള്ള ആണുങ്ങള്‍ മുഴുവന്‍ കാമവേറിയന്മാരും കള്ളുകുടിയന്‍മാരും ആണെന്നും ഉദ്ഘോഷിച്ചു മറ്റു സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്ന ഒരു സ്ത്രീയും അതില്‍ ഉണ്ടായിരുന്നു...!!

ഇതാണോ ഫെമിനിസം എന്ന് അന്തം വിട്ട് പോയ ...!!
കഷ്ടപ്പെടുന്ന ഒരു പെണ്ണിന് താങ്ങാകാന്‍, അല്‍പ്പം ധൈര്യം പകരാന്‍ അവള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഇവള്‍ക്കൊന്നും നേരമില്ല...
പെണ്ണെ ആണിനെപ്പോലെ ആകാന്‍ നടക്കുന്നതല്ല ഫെമിനിസം..
നിന്നിലെ പെണ്ണിനെ, പെണ്ണിന്റെ ശക്തിയെ കണ്ടെത്തുന്നതാണ് ഫെമിനിസം...!!!

പുറത്തു പോയി ജോലി ചെയ്തു കാശുണ്ടാക്കി സ്വന്തം കാലില്‍ നില്‍ക്കുന്നത് മാത്രമല്ല ഫെമിനിസം..
വീട് ഭരിക്കുന്നതും വീടിനു വേണ്ടി കഷ്ടപ്പെടുന്നതും ഫെമിനിസം തന്നെയാണ്..!!
രണ്ടും സ്വന്തം കുടുംബത്തിന് വേണ്ടിയാണ്..തന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി..!!!!

മകന്‍

അഛനും അമ്മയും രണ്ടു ഘട്ടങ്ങളിലായി ഓപ്പറേഷനു വേണ്ടി ഹോസ്പിറ്റലൈസ്‌ ചെയ്യപ്പെട്ട സമയമാണു എന്റെ ജീവിതത്തിലെ ഏറ്റവും 'സന്തോഷകരവും' ധന്യവുമായ ദിവസങ്ങൾ..!! 
ഇത്‌ ഞാൻ പറയുമ്പോൾ നിങ്ങൾ തുറിച്ചു നോക്കുന്നതും അമ്പരക്കുന്നതും എനിക്ക്‌ കാണാം.. 
പക്ഷെ നിങ്ങൾ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ എന്നും ഞാൻ നല്ല അസ്സലായി സെന്റിയടിക്കാൻ പോകുകയാണെന്നും മുന്നറിയിപ്പ്‌ തരാൻ ഞാൻ ആഗ്രഹിക്കുന്നു.. !!
ഗർജ്ജിക്കുന്ന പ്രതികരണത്തൊഴിലാളികൾ സെന്റി അടിക്കാൻ പാടില്ല എന്നാണു സംഘടനാനിയമമെങ്കിലും ഒരു സംഘടനയുടെ നിയമാവലിക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കാത്ത ആളാണെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ വേണ്ടി ഞാൻ ചിലത്‌ അയവിറക്കട്ടെ..

രണ്ടു മാസത്തിന്‍റെ ഇടവേളയില്‍ ഏതാണ്ട് ഒന്നര മാസക്കാലം രണ്ടു പേരും കൂടി ഹോസ്പ്പിറ്റ്ലില്‍ ആയിരുന്നു...
മുന്‍പേ ഫിക്സ് ചെയ്തതായിരുന്നു രണ്ടു ഓപ്പറേഷന്‍സും..
രണ്ടു പേരുടെയും ഓപ്പറേഷൻസ്‌ മേജർ ആയിരുന്നെങ്കിലും വലിയ കോമ്പ്ലിക്കേഷൻസ്‌ ഒന്നും ഇല്ലായിരുന്നു..
ഒരു പണിയും ഇല്ലാതെ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന എന്നെ ആയിരുന്നു ഹോസ്പിറ്റലിൽ കൂട്ടുകിടക്കാൻ നിയോഗിച്ചത്‌.. ഹോസ്പിറ്റൽ പരിസരത്ത്‌ പോകുന്നത്‌ പോലും എന്നിൽ ഭയം ജനിപ്പിക്കുന്ന കാര്യമായിരുന്നെങ്കിലും പെട്ടെന്ന് തന്നെ സാഹചര്യങ്ങളോട്‌ ഇണങ്ങാൻ പറ്റിയത്‌ മാതാപിതാക്കളുടെ കാര്യമായത്‌ കൊണ്ട്‌ മാത്രമായിരുന്നു..

ഇള്ളക്കുട്ടിയായിരുന്നപ്പോൾ ശ്വാസതടസ്സവും അല്ലറചില്ലറ അസുഖങ്ങളും മൂലം സ്ഥിരമായി എന്നെയും കൊണ്ട്‌ അവർക്ക്‌ ഹോസ്പിറ്റലിലേക്ക്‌ ഓടെണ്ടി വന്നിട്ടുണ്ട്‌. ഞാൻ ജീവിച്ചിരിക്കും എന്ന് പോലും ഗ്യാരണ്ടിയില്ലാത്ത അവസ്ഥയിൽ അവർ എന്നെയും കൊണ്ട്‌ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്‌.. അതൊക്കെ ഓർത്തപ്പോൾ ഇനി എന്റെ ഊഴമാണെന്ന് എന്റെ മനസ്സ്‌ പറഞ്ഞു.. മൂന്ന് നേരവും ഭക്ഷണം വാങ്ങിക്കൊണ്ട്‌ വരാനും ഓരോ ദിവസവും പലതവണ ഡോക്റ്റർ കുറിച്ച്‌ തരുന്ന മരുന്നുകൾ ഷോപ്പുകൾ തോറും ഓടിനടന്ന് വാങ്ങാനും എനിക്ക്‌ ഒരു നിമിഷം പോലും മടി അനുഭവപ്പെട്ടിരുന്നില്ല..

ഒരു തവണ പോലും ക്ഷീണം തോന്നിയിട്ടില്ല.. അവരുടെ വസ്ത്രങ്ങൾ മാറ്റാനും ടോയിലെറ്റിൽ കൊണ്ടു പോകാനും ഒക്കെ എന്തോ വല്ലാത്തൊരു ആവേശം പോലെ ആയിരുന്നു.. ബന്ധുബലം ഇഷ്ടം പോലെ ഉണ്ടായിരുന്നെങ്കിലും എല്ലാം ഒറ്റയ്ക്‌ ചെയ്യണം എന്ന് ഭയങ്കര ആശയായിരുന്നു.. അവരെ ശുശ്രൂഷിക്കുന്നതിൽ എന്തോ അമൂർത്തമായ ഒരു ആനന്ദം ഉണ്ടായിരുന്നു..!!
കൂട്ടുകിടക്കാൻ പലരും സന്നദ്ധത പ്രകടിപ്പിച്ചിട്ടും എന്നും ഞാൻ തന്നെ ഉറക്കമിളച്ചും അല്ലാതെയും കാവലിരിക്കുമായിരുന്നു.. അവരുടെ മുഖത്തേയ്ക്‌ നോക്കുമ്പോൾ ആ കണ്ണുകളിലെ സ്നേഹം കാണുമ്പോൾ ഉറക്ക ക്ഷീണമൊക്കെ പമ്പ കടക്കും..
സ്നേഹപൂർവ്വം നിർബന്ധിപ്പിച്ച്‌ ഭക്ഷണം കഴിപ്പിക്കുമ്പോൾ എന്റെ ജീവിതത്തിനും എന്തൊക്കെയോ അർത്ഥങ്ങൾ വന്നതു പോലെയായിരുന്നു.. ആശുപത്രിയിലെ ഓരൊ നിമിഷവും സേവനം ചെയ്യുന്നതിന്റെ സുഖവും സംതൃപ്തിയും ഞാനറിഞ്ഞു.. പരുക്കനായ അൽപം മുൻശുണ്ഠിയുള്ള അച്ഛൻ ഒരു കൊച്ചുകുട്ടിയെപ്പോലെ എന്നോട്‌ കൂടുതൽ അടുത്തു.. എന്നും കണ്ടു തുടങ്ങുന്നതും കണ്ടുകൊണ്ടിരിക്കുന്നതും കണ്ടുറങ്ങുന്നതും അവരുടെ മുഖം.. സ്നേഹം,ദയ,വാൽസല്യം എന്നതൊക്കെ എന്താണെന്ന് ശരിക്കും അറിഞ്ഞ ദിവസങ്ങൾ..!!

അഛനെയും അമ്മയെയും ഏറ്റവും അടുത്തറിഞ്ഞ ദിവസങ്ങൾ.. സ്നേഹം എന്നതിന്റെ അർത്ഥം മനസ്സിലാക്കിയ ദിവസങ്ങൾ.. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാജ്ജ്‌ ആയ ദിവസം ഒരു ജന്മം സഫലമായതു പോലെ തോന്നി രണ്ടു പേരെ ഡിസ്ചാർജ്ജ്‌ ചെയ്തപ്പോഴും ആ ഒരു പ്രത്യേക അവസ്ഥ ഞാൻ അനുഭവിച്ചു..!! പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം.. അവർക്ക്‌ വേണ്ടി എന്തൊ വലിയ കാര്യം ചെയ്തത്‌ പോലെ അല്ല..
ഇതൊന്നും ഒരു ത്യാഗമല്ലെന്നും കടമയാണെന്നും എനിക്ക്‌ നല്ലതുപോലെ അറിയാം.. എന്നാലും ഇത്തരം കൊച്ചു കൊച്ചു നിമിഷങ്ങൾ ജീവിതത്തിൽ എത്രമാത്രം വിലപ്പെട്ടതാണെന്നും ആർക്കും ഒരുപകാരവുമില്ലാതെ നീങ്ങുകയായിരുന്ന എന്റെ ജീവിതത്തിൽ ഓർമ്മയിൽ സൂക്ഷിക്കാൻ അൽപം വെളിച്ചം ഇതൊക്കെയേ ഉള്ളൂവെന്നും ഞാൻ തിരിച്ചറിയുന്നു.. മാതാപിതാഗുരുർ ദൈവം എന്നതിൽ ഗുരുവിന്റെ കാര്യം എനിക്കറിയില്ലെങ്കിലും മാതാവും പിതാവും ദൈവം തന്നെയാണു..അവരാണു എന്റെ ദൈവം..!! അവരെ സ്നേഹിക്കുന്നതിലും പരിചരിക്കുന്നതിലും വലിയ ഒരു പുണ്യവും ഒരു സുഖവും ഈ ജീവിതത്തില്‍ ഇല്ല എന്ന് എനിക്ക് ഉത്തമവിശ്വാസമുണ്ട്...!!

അവരെ രണ്ടു പേരെയും അനിയത്തിയെയും വല്ലാതെ മിസ്സ്‌ ചെയ്യുകയും ഗൃഹാതുരത്വം വല്ലാണ്ടങ്ങ് കൂടുകയും ചെയ്യുന്നു..!!
ഈ അവസ്ഥയില്‍ ഇത്തരം ചില നിമിഷങ്ങള്‍ ഓര്‍ത്തിരിക്കാന്‍ വല്ലാത്തൊരു സുഖവും ഉണ്ട്... നൊമ്പരം നിറഞ്ഞ സുഖം...!!

കാലില്‍ ദര്‍ഭമുന കൊണ്ട റിമി ടോമി

ഋഷ്യശൃംഗൻ പുല്ലു പറിക്കാൻ
വന്നതായിരുന്നു..
അപ്പോളാണു ചിങ്ങമാസം
വന്നു ചേർന്നാൽ എന്ന് പാടിക്കൊണ്ട്‌
റിമി ടോമി ആ വഴി വന്നത്‌....,..
തുള്ളിക്കളിയ്ക്കുന്നതിനിടയ്ക്ക്‌
അവളുടെ കാലിൽ ദർഭമുന കൊണ്ടു..
റിമിയുടെ നിലവിളി കേട്ട് 
ഋഷ്യശൃംഗൻ ഓടിയെത്തി..
കാലിൽ ആണി കൊണ്ടേ എന്നു പറഞ്ഞു
നിലവിളിച്ച റിമി ടോമിയോട്‌
ഋഷ്യശൃംഗൻ അത്‌
ദർഭമുനയാണെന്ന് പറഞ്ഞു..
അത്‌ കേട്ടതും
ഗർഭം നിന്റെഅപ്പൻ വിഭാണ്ഡകന്റെ
തള്ളയ്ക്കാണെന്നും പറഞ്ഞു
റിമി ടോമി ചാടിത്തുള്ളിപ്പോയി..
ഇത് തന്നെയാണ് താന്‍ ഇതുവരെ
കാണാത്ത പെണ്ണ് എന്ന അത്ഭുതജീവി
എന്ന് ഉറപ്പിച്ച ഋഷ്യശൃംഗൻ
അസ്ത്രപ്രജ്ഞനായിപ്പോയി...!!

11 May 2013

അമ്മിഞ്ഞ

അമ്മതന്നമ്മിഞ്ഞപ്പാലിന്‍റെ മാധുര്യ-
മാദ്യത്തെയന്നമായറിഞ്ഞൊരാ ബാല്യ-
കാലത്തിലേയ്ക്ക്‌ തിരിച്ചൊന്നു പോകുവാ-
നമ്മതൻ മാറിൻ ചൂടേറ്റുകിടക്കുവാ-
നൊരുമോഹമെന്‍റെയുള്ളിന്‍റെയുള്ളില്‍
തളിർക്കവേയമ്മിഞ്ഞ തീർന്നെന്നൊ-
രാധിയുണ്ടയിരുന്നെങ്കിലും പൊന്നമ്മ
സ്നേഹം ചുരത്തിയെന്നാത്മാവിനെയൂട്ടി..!!

പ്രണയം

"പ്രണയം ഷഡ്ഡി പോലെയാണ്...
നിറയെ തുള വീണു നരച്ചതാണ് ഭൂരിഭാഗത്തിനും ഉള്ളത്..
ചിലര്‍ ഇടയ്ക്കിടയ്ക്ക് മാറ്റി പുതിയത് വാങ്ങുന്നു...
ഇടാത്തവര്‍ ഭാഗ്യവാന്മാര്‍, കാശ് മിച്ചം..സര്‍വ്വതന്ത്രസ്വതന്ത്രരും..

വീക്ഷണകോണകവാഗ്വാദം

വീക്ഷണകോണകങ്ങള്‍..,..
നമ്മുടെ വീക്ഷണകോണകങ്ങൾ 
വളരെ വളരെ വ്യത്യസ്തങ്ങളാണു.. നിന്റേത്‌ വെളുത്ത നിറത്തിലുള്ളതാണു 
പഴയതും നീളം കൂടിയതുമാണു..
നിന്റെ ചിന്തകൾ പോലെ മുഷിഞ്ഞതും.. 

എന്റേത്‌ ജോക്കിയുടേതാണു..
ചിലപ്പോൾ അയിഷയുടേതും.. 
ചിലപ്പോൾ റോഡ്‌ സൈഡിൽ പത്ത്‌ രൂപയ്ക്ക്‌ 
മൂന്നെണ്ണം കിട്ടുന്നതുമാവാം..
പക്ഷെ ഇടയ്ക്കിടക്‌ ഞാനവ അപ്ഡേറ്റ്‌ ചെയ്യുന്നുണ്ട്‌....,.
നീ നിന്റെ കോണകം ഇടുമ്പോൾ
അതിന്റെ പോരായ്മകൾ അറിയുന്നില്ല ..
അത്‌ പ്രസരിപ്പിക്കുന്ന മുഷിഞ്ഞ നാറ്റവും..
നീ പറയും അത്‌ മഹത്തരമെന്ന്..
അതിന്റെ പൈതൃകത്തെപ്പറ്റിയും നന്മയെപ്പറ്റിയും
നീ വാ തോരാതെ സംസാരിക്കും..
പക്ഷെ മാറുന്ന ലോകത്തെക്ക്‌
നീയൊരിക്കലും എത്തിനോക്കില്ല..
നിന്റെ കോണകങ്ങൾ ഷഡ്ഡിയായും
ട്രൗസർ ആയും മാറിയത്‌ നീയറിയില്ല..
നിന്റെ ചിന്തകൾക്ക്‌ ക്ലാവ്‌ പിടിച്ചതും..
എന്റെ കോണകം അഥവാ ഷഡ്ഡി
മഹത്തരമെന്ന് ഞാൻ പറയില്ല..
കാരണം കാലഹരണപ്പെടുന്നതിനനുസരിച്ച്‌
അവ മാറ്റത്തിനു വിധേയമാണു..
എന്റെ ചിന്തകൾ പോലെ വിജ്ഞാനം പോലെ..
നീ എന്നെ അംഗീകരിക്കൂ എന്റെ ചിന്തകളെയും..
ഞാൻ നിനക്ക്‌ പുതിയ കോണകം തരാം..
പുതിയത്‌ ഇടാൻ മടിയാണെങ്കിൽ
എന്റെ പഴയവ എങ്കിലും തരാം..
നിന്റെ മുഷിഞ്ഞ കോണകത്തേക്കാളും
ഏറെ ഏറെ മെച്ചമായിരിക്കും അത്‌.....,..

സംശയം

മുറിച്ചിട്ടാലും മുറി കൂടുന്ന
സംശയത്തിന്റെ കൂർത്ത മുനകൾ
നിന്റെ നേർക്ക്‌ 
നീണ്ട്‌ നീണ്ട്‌ വരുമ്പോൾ
പതുക്കെ പതുക്കെ
പിന്നിലേക്കു നീങ്ങി
ഒഴിഞ്ഞുപോകുകയേ 
എനിക്ക്‌ നിവൃത്തിയുള്ളൂ..
എന്തെന്നാൽ
ആ കൂർത്തമുനകൾ
നിന്റെ മൃദുമേനിയിൽ കുത്തി
നിന്നെ മുറിവേൽപ്പിക്കുന്നതെനിക്കിഷ്ടമല്ല..!!

ചോരയില്‍ കുതിര്‍ന്ന റോസാപ്പൂ

ഞാനവളെ പ്രണയിക്കുന്നു..
-അതിനു?

-എനിക്കവളെ കെട്ടണം, കൂടെ കഴിയണം..
-അതിനു?

-അവളു ക്രിസ്ത്യാനിയാ..
-അതിനു?

-എന്റെ എസ്സ്‌ എസ്സ്‌ എൽ സി ബുക്കിൽ ഹിന്ദു എന്നാണത്രെ..
-അതിനു?
-ഹിന്ദു ക്രിസ്ത്യാനിയെ കെട്ടാൻ പാടില്ലത്രെ..

-കെട്ടിയാൽ?
-നാട്ടുകാർക്കു രോഷം വരും. വികാരം പൊട്ടും.

-ഒളിച്ചോടിക്കൂടെ?
-അതെന്റെ ആദർശ്ശങ്ങൾക്കെതിരാണു.

-നിന്റെ കോപ്പിലെ ഒരാദർശ്ശം.ഒഞ്ഞു പോടാപ്പാ..
-അതല്ല. ചിലപ്പോ അവളുടെ വീട്ടുകാർ കടുംകൈ എന്തേലും ചെയ്യും.

-അതിനു?
-അവരുടെ ചോര കൊണ്ട്‌ ചുവപ്പിച്ച റോസാപ്പൂ എനിക്ക്‌ വേണ്ട..

-ഇനി?
-ശേഷം ഭാഗം സ്ക്രീനിൽ..!!

ചാരം

ഒരിക്കലും തീരാത്ത ഒരു നൊമ്പരമായി 
എന്‍റെ ഹൃദയത്തില്‍ കത്തുന്ന ഒരോര്‍മ്മയാണ് നീ...
അവസാനശ്വാസം വരെ അത് കത്തിക്കൊണ്ടേ ഇരിക്കും...
തെക്കെപ്പുറത്തെ ഉഴുതുമറിച്ച കണ്ടത്തില്‍
ഒരു ചിതയില്‍ ഒടുങ്ങും വരെ..
ഒടുവില്‍ ചിത കത്തിതീര്‍ന്നാലും പുകഞ്ഞു കൊണ്ടേയിരിക്കും...
ആ ചാരം വാരാന്‍ എങ്കിലും നീ വരണം പെണ്ണേ...
കൊണ്ട് പോയി നിന്‍റെ വീട്ടുമുറ്റത്തെ റോസാചെടികള്‍ക്ക് വളമായി ഇടണം...
അതില്‍ വിരിയുന്ന പൂക്കള്‍ ഇറുത്തു വെക്കണം..
നിന്‍റെ മകള്‍ക്ക് കൊടുക്കാന്‍,
മറ്റൊരു ജന്മം കൂടി പുകച്ചു കളയാന്‍.......,....