25 May 2013

ഒരു മല്ലു പ്രേക്ഷകന്‍റെ രോദനം..

"ഞാന്‍ മലയാളം സിനിമകള്‍ അധികം കാണാറില്ല .ഇപ്പോള്‍ ഹോളിവുഡ്‌ അല്ലെങ്കില്‍ കൊറിയന്‍ സിനിമകള്‍ മാത്രമേ കാണാറുള്ളൂ. അല്ലെങ്കില്‍ വല്ല പഴയ മലയാളം സിനിമയും കാണും." എന്നൊക്കെ പറയുന്നവരെ ജാഡ,ബുജി എന്നൊക്കെ പറഞ്ഞു ആക്ഷേപിച്ചു വിടുകയാണ് പലരുടെയും പതിവ്. പക്ഷെ ഒരു നിമിഷം എങ്കിലും അവര്‍ എന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്നും എന്താണ് അവരെ മലയാളം സിനിമകളില്‍ നിന്നും അകറ്റിയത് എന്നും ഒരിക്കലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കില്ലേ?
മലയാളം സിനിമാ ഇന്‍ഡസ്ട്രി ഒരു കാലത്ത് തകര്‍ന്നടിഞ്ഞു പോയിരുന്നു. അതിമാനുഷ കഥാപാത്രങ്ങളും തറവാടുകള്‍ തമ്മിലുള്ള കുടിപ്പകയും പൈങ്കിളി പ്രേമവും ഒക്കെ മലയാളി പ്രേക്ഷകനെ വെറുപ്പിന്റെ നെല്ലിപ്പലക കാണിച്ചു.അന്ന് മലയാളം സിനിമകള്‍ വിട്ടു പ്രേക്ഷകര്‍ ടി വിയിലെക്കും സീരിയലുകളിലേക്കും പിന്നെ തമിഴ്‌ അടക്കമുള്ള അന്യഭാഷകളിലേക്കും ചേക്കേറി. ആയിടയ്ക്കാണ് ഷക്കീല തരംഗവും ഉണ്ടായത്. ഒരു വിഭാഗം പ്രേക്ഷകരെ ഷക്കീല തിയേറ്ററിലേക്ക് കൊണ്ട് വന്നു. പക്ഷെ മുഖ്യധാരസിനിമ ആ പ്രതിസന്ധിക്ക് മുന്നില്‍ പകച്ചു നിന്ന്പോയി. ഒടുവില്‍ അറിയപ്പെടാത്ത ചില സംവിധായകര്‍ അവിടുന്നും ഇവിടുന്നും പൊട്ടിവീണു ചില വ്യത്യസ്തമായ സിനിമകള്‍ ചെയ്തു ഒരു തരംഗം ഉണ്ടാക്കി. അത്തരം കൊച്ചു കൊച്ചു സിനിമകള്‍ പ്രേക്ഷകനെ വീണ്ടും തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു. അതിനിടയ്ക്ക് മികച്ച ചില ഹിറ്റുകള്‍ ഉണ്ടായി. മലയാളം സിനിമ ഉന്മേഷം വീണ്ടെടുത്തു. ഈ ചിത്രങ്ങളുടെ വിജയം ചില പഴയ സംവിധായകരും ഏറ്റെടുത്തു അവരും പരമ്പരാഗതമല്ലാത്ത രീതിയില്‍ ചിന്തിച്ചു തുടങ്ങി.

പക്ഷെ ഈ ഊര്‍ജ്ജം മുതലെടുത്തു ചിലര്‍ പഴയ കാമ്പില്ലാത്ത കച്ചവടസിനിമകള്‍ വീണ്ടും വീണ്ടും പടച്ചു വിടാന്‍ തുടങ്ങിയിരിക്കുന്നു. അവയില്‍ ചിലത് തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട് താനും. അതില്‍ ഒരു കൂട്ടുകെട്ടാണ് സിബി കെ തോമസ്‌ -ഉദയകൃഷ്ണ ടീം. ഇവര്‍ പണ്ട് പടച്ചു വിട്ട ചവറുകള്‍ ആയ മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, ദോസ്ത്‌,സി ഐ ഡി മൂസ ,റണ്‍വേ തുടങ്ങിയവയില്‍ ചിലത് കൊമേഴ്സ്യല്‍ ഹിറ്റ്‌ ആയെങ്കിലും കഥയില്ലായ്മയുടെ അങ്ങേയറ്റം കൊണ്ട് ചെന്നെത്തിച്ചു മടുപ്പിച്ച സിനിമകളാണ്. പിന്നെ സൂപ്പര്‍ താരങ്ങളെ വെച്ചും ഇവര്‍ തുറുപ്പുഗുലാന്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്,പോക്കിരി രാജ എന്നീ കോപ്രായങ്ങള്‍ കാണിച്ചു. അതിനു ശേഷം അവര്‍ ജനപ്രിയ നായകന്‍ ദിലീപിനെ വെച്ച് പടച്ചു വിട്ട മായാമോഹിനി എന്നാ ചിത്രം വലിയൊരു ഹിറ്റ്‌ ആകുന്നതാണ് നാം കണ്ടത്. ദിലീപ്‌ പെണ്‍വേഷത്തില്‍ അഭിനയിച്ച ചിത്രം സ്ത്രീകളെയും കുട്ടികളെയും വന്‍ തോതില്‍ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു എന്നാണു പറയുന്നത്. പക്ഷെ നിലവാരമില്ലായ്മയുടെ അങ്ങേയറ്റം ആയിരുന്നു മായാമോഹിനി എന്നാ സിനിമ. അതിന്‍റെ ഹിറ്റ്‌ മറ പിടിച്ചു അതേപോലെയുള്ള അനേകം തട്ടിക്കൂട്ട് സിനിമകള്‍ ഒരുങ്ങുന്നു ചിലത് ഇറങ്ങുന്നു.

ഇതേ ജനുസ്സില്‍ ഇറങ്ങുന്ന പടങ്ങളില്‍ ഇപ്പോള്‍ ജനപ്രിയ നായകന്‍ പദവി അലങ്കരിക്കുന്ന ദിലീപിനും ഗണ്യമായ ഒരു സ്ഥാനമുണ്ട് എന്നത് മറക്കാന്‍ പറ്റില്ല. അംഗവൈകല്യം വന്ന കഥാപാത്രങ്ങളിലൂടെയും അയലത്തെ പയ്യന്‍ ഇമേജിലൂടെയും നിലനില്‍ക്കാന്‍ ആണ് അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു സിനിമയില്‍ കൂനുള്ള കഥാപാത്രമായി അഭിനയിച്ചാല്‍ അടുത്തതില്‍ മന്ദബുദ്ധി, അടുത്തത് ആകുമ്പോള്‍ മുച്ചുണ്ടന്‍..,..ഇങ്ങനെ പോകുന്നു അദ്ധേഹത്തിന്റെ വ്യത്യസ്തത.

ഇവിടെയാണ്‌ നാം ഒരു കാര്യം ശ്രദ്ധിക്കേണ്ടത്. ഇത്തരം തട്ടിക്കൂട്ട് സിനിമകള്‍ക്ക് എത്രകാലം മലയാളം സിനിമാമേഖലയെ പിടിച്ചു നിര്‍ത്താന്‍ കഴിയും?അഞ്ചോ പത്തോ ഹിറ്റുകള്‍ക്ക്അപ്പുറം എന്താണ് ഇവയ്ക്ക് നല്‍കാന്‍ കഴിയുന്ന ഗുണം? ഗുണങ്ങള്‍ ഒന്നുമില്ല എന്ന് മാത്രമല്ല കോട്ടങ്ങള്‍ ഏറെയുണ്ട് താനും. ഇത്തരം സിനിമകള്‍ സ്ഥിരമായാല്‍ പ്രേക്ഷകര്‍ക്ക്‌ വീണ്ടും മടുക്കുകയും അവര്‍ വീണ്ടും വിഡ്ഢിപ്പെട്ടിയുടെ മുന്നിലേക്ക്‌ കണ്ണീര്‍ സീരിയലുകള്‍ കാണാന്‍ പോകുകയും ചെയ്യും എന്നത് നമുക്ക് മുന്നിലുള്ള മുന്‍കാലഅനുഭവങ്ങള്‍ വ്യക്തമാക്കി തരുന്നു. ഫലത്തില്‍ നവസിനിമയുടെ വക്താക്കള്‍ ഉണ്ടാക്കിയെടുത്ത മാറ്റം വഴി തിരിച്ചു വിടാനും ചങ്കരന്‍ തെങ്ങില്‍ തന്നെ എന്നപോലെ മലയാളം സിനിമ ആ പഴയ ഇരുണ്ട കാലത്തിലേക്ക് തന്നെ എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാനും ഇടയാക്കും.

പ്രേക്ഷകന് വേണ്ടത് നായകന്മാരുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ മാത്രമല്ല എന്നും നായകന്മാരെക്കാള്‍ കഥയാണ്‌ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നത് എന്നും തിരിച്ചറിയാന്‍ മലയാളം സിനിമാപ്രവര്‍ത്തകര്‍ എന്നാണു അറിയാന്‍ ശ്രമിക്കുക. സിനിമ ഉണ്ടാക്കാന്‍ ആദ്യം വേണ്ടത് നായക നടന്റെ ഡേറ്റ് ആണെന്നും കഥയൊക്കെ പിന്നെ നായകനെ അനുസരിച്ച് രൂപപ്പെടുത്തി എടുക്കാമെന്നും കരുതുന്ന കൂപമണ്ടൂകങ്ങള്‍ ആണ് സിനിമാമേഖലയില്‍ അധികവും ഉള്ളത്.

പ്രിയ സിനിമാക്കാരെ ഞങ്ങള്‍ മോഹന്‍ലാലിന്‍റെ അമാനുഷിക കഥാപാത്രങ്ങളോ മമ്മൂട്ടിയുടെ ഫണ്ണി ഡാന്‍സോ സുരേഷ് ഗോപിയുടെ ക്ഷോഭമോ ദിലെപിന്റെ ഒരു കാലിലെ മന്ത് മറ്റേ കാലില്‍ ആക്കുന്ന വ്യത്യസ്തതയോ കാണാന്‍ വരുന്നവര്‍ അല്ല..ഞങ്ങള്‍ക്ക് വേണ്ടത് കെട്ടുറപ്പുള്ള കഥയും ജീവിതഗന്ധിയായ കഥാപാത്രങ്ങളും ആണ്. അത് തന്നില്ലെങ്കില്‍ ഷക്കീല തരംഗം വീണ്ടും ഉണ്ടാവേണ്ടി വരും മലയാളം സിനിമയെ തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും പിടിച്ചു ഉയര്‍ത്താന്‍.,ഓര്‍ക്കുക ഓര്‍ത്താല്‍ നന്ന്.

No comments:

Post a Comment