ഫേസ്ബുക്ക് തുടങ്ങിയ അന്ന് മുതല്‍ അഭിമുഖീകരിക്കുന്ന
ഒരു പ്രശ്നമാണ് എവിടെ നിന്നോ ആരൊക്കെയോ പടച്ചു വിടുന്ന വാര്‍ത്തകള്‍
പ്രചരിക്കുന്നതും അതിന്‍റെ പേരില്‍ ചില യഥാര്‍ത്ഥ വാര്‍ത്തകള്‍ പോലും
സംശയത്തിന്‍റെ മുനയില്‍ നില്‍ക്കുന്നതും. ആദ്യമൊക്കെ ഈ ഏര്‍പ്പാട് വളരെ
കുറവായിരുന്നു. പക്ഷെ പിന്നീട് കൂണുകള്‍ പോലെ പേജുകളും ഗ്രൂപ്പുകളും മറ്റും
പൊങ്ങി വന്നതിനു ശേഷം പോസ്റ്റുകള്‍ക്കും ഷെയര്‍ ചെയ്യാന്‍
വാര്‍ത്തകള്‍ക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ ആണ് സ്വന്തമായി
പോസ്റ്റുകളും ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഫോട്ടോകളും ഉണ്ടാക്കുക എന്ന പരിപാടി
ഫേസ്ബുക്കില്‍ അരങ്ങേറി തുടങ്ങിയത്. ഒരു തരത്തില്‍ പറഞ്ഞാല്‍ പത്രങ്ങളും ടി
വി ചാനലുകളും മറ്റാര്‍ക്കും കിട്ടാത്ത എക്സ്ക്ലുസീവ് വാര്‍ത്തകള്‍ക്ക്
വേണ്ടി കാണിക്കുന്ന പരാക്രമങ്ങള്‍ ആയിരുന്നു ഇവരും കാണിച്ചിരുന്നത്. പല
ചാനലുകളും കെട്ടുകഥകള്‍ നെയ്തും ഫേക്ക് വാര്‍ത്തകള്‍ പടച്ചു വിറ്റും
എക്സ്ക്ലുസീവ്സ് ഉണ്ടാക്കിയ അതേ മാതൃക തന്നെയാണ് ഫേസ്ബുക്കിലും ആളുകള്‍
പിന്തുടരുന്നത്. ചാനലുകള്‍ക്കും മറ്റും കുറച്ചു കൂടി ഉത്തരവാദിത്വവും
ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യതയും ഉണ്ടായിരുന്നെങ്കില്‍
ഫേസ്ബുക്കില്‍ അങ്ങനെ ഒന്നില്ല എന്നതാണ് ഏകവ്യത്യാസം. ആര്‍ക്കും എന്തും
എഴുതി വിടാം ആരാണ് ഉണ്ടാക്കിയത് എന്നോ എവിടെയാണ് ഉറവിടം എന്നോ
കണ്ടുപിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടും എന്നതാണ് സ്ഥിതി.
ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ കാരണം ദിനംപ്രതി
ഓരോരുത്തര്‍ പല പേരുകളില്‍ ക്രിയേറ്റ് ചെയ്യുന്ന പേജുകള്‍ ആണ്. പേജുകള്‍
എന്ന ആശയം ഫേസ്ബുക്ക് കൊണ്ട് വരുന്നത് ചില കമ്പനികള്‍ക്ക് അവരുടെ
പ്രോഡക്റ്റുകളും മറ്റും മാര്‍ക്കറ്റ് ചെയ്യുക ,പ്രശസ്തര്‍ക്ക് അവരുടെ
ആരാധകരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഒരു വഴി തുറന്നിടുക, ആശയങ്ങള്‍
പ്രചരിപ്പിക്കാനും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക്
ആയിരുന്നു.പക്ഷെ ഇന്ന് കാണുന്നത് ബാലചിത്രകഥകളിലെ ഫിക്ഷണല്‍
ക്യാരക്ടെഴ്സിന്റെ പേരില്‍ മുതല് ഭക്ഷണ സാധ.൦നങ്ങള്‍,പക്ഷിമൃഗാദികളുടെ
പേരുകള്‍ എന്ന് വേണ്ട ചട്ടി കലം എന്ന് വരെ പേരുകള്‍ ഉള്ള പേജുകള്‍
ഉണ്ട്.ഇവയില്‍ പത്തു പേജുകള്‍ വരെ കൈകാര്യം ചെയ്യുന്നവര്‍ ഉണ്ട്
ഫേസ്ബുക്കില്‍., പ്രത്യേകിച്ച് ഗുണങ്ങള്‍ ഒന്നും ഉണ്ടായിട്ടല്ല വെറുതെ ഒരു
സുഖം. അങ്ങനെ വെറുതെ ഇരുന്നു പേജുകള്‍ ഉണ്ടാക്കുമ്പോള്‍ ദിനംപ്രതി ഇവയില്‍
ഒക്കെ ഇടാന്‍ പോസ്റ്റുകള്‍ വേണ്ടേ.വാര്‍ത്തകള്‍ വേണ്ടേ..? അത് കിട്ടാതെ
ആകുമ്പോഴാണ് ഇവര്‍ സാങ്കല്‍പ്പിക വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും അപ്പോള്‍
നടക്കുന്ന സംഭവങ്ങളെ അധികരിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കാര്യങ്ങള്‍
ഭാവനാത്മകമായി ചിത്രീകരിച്ചു ഷെയര്‍ ചെയ്യുന്നതും.
ഇപ്പോള്‍ ഈ ഫേക്ക് ന്യൂസുകളെ പറ്റി ആശങ്കപ്പെടാനും ഒരു
വിശകലനം നടത്താനും കാരണമായിരിക്കുന്നത് ഡല്‍ഹിയില്‍ ക്രൂരമായി ബലാല്‍സംഘം
ചെയ്യപ്പെട്ടു മരണത്തെ പുല്‍കിയ പെണ്‍കുട്ടിയുടെ ഫോട്ടോ എന്ന് പറഞ്ഞു
കൊണ്ട് പല പല ഫേക്ക് ഫോട്ടോകളും സൈബര്‍ ലോകത്ത് പ്രചരിക്കുന്നതും അതില്‍
ഒന്ന് മലയാളിയായ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെതാണ് എന്ന വാര്‍ത്തയും
ആണ്. ഡല്‍ഹി പെണ്‍കുട്ടി ഹോസ്പിറ്റലില്‍ ആയ അന്ന് മുതല്‍ ഹോസ്പിറ്റല്‍
ബെഡില്‍ കിടക്കുന്ന ഫോട്ടോ എന്ന് പറഞ്ഞു ദക്ഷിണാഫ്രിക്കയിലെ പീഡനത്തിനിരയായ
ഒരാളുടെ ഫോട്ടോ പ്രചരിച്ചു തുടങ്ങിയിരുന്നു.മുഖവും മറ്റും ട്യൂബും മറ്റും
ഇട്ടതു കൊണ്ട് വ്യക്തമല്ലാതിരുന്ന ആ ഫോട്ടോ വ്യാജമാണെന്ന്
കണ്ടുപിടിക്കപ്പെടുകയും മുന്നറിയിപ്പുകള്‍ നല്‍കപ്പെടുകയും ചെയ്തിരുന്നു.
പക്ഷെ പെണ്‍കുട്ടി സിംഗപ്പൂരില്‍ മരിച്ച ശേഷമാണ് യഥാര്‍ത്ഥ ബഹളം
തുടങ്ങിയത്. മലയാളിയായ ഒരു വിദ്യാര്‍ഥിനിയുടെ ഫോട്ടോ അവരുടെ ഗൂഗിള്‍
പ്ലസിലെ പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്തു വേറെ ആരോ
ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോ ഇന്‍സെറ്റില്‍ ഇട്ടു അതോടൊപ്പം വ്യാപകമായി
പ്രചരിപ്പിക്കപ്പെട്ടു. കണ്ടവര്‍ ഒക്കെ ആ പെണ്‍കുട്ടിയോടുള്ള
അനുകമ്പയുടെയും സ്നേഹത്തിന്റെയും പേരില്‍ ആദരാഞ്ജലികള്‍ എന്നാ രീതിയില്‍ ആ
പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു,.പക്ഷെ ഉടന്‍ തന്നെ ആ ഫോട്ടോ വ്യാജമാണെന്ന്
ചിലര്‍ കണ്ടുപിടിക്കുകയും ആ വാര്‍ത്തയും ഷെയര്‍ ചെയ്യുകയും ചെയ്തു.ഉടന്‍
തന്നെ ആദ്യ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവര്‍ തെറ്റായ ഫോട്ടോ ആണ് എന്ന്
ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഖേദം അവ ഡിലീറ്റ്
ചെയ്യാനും തുടങ്ങി.ഇവിടെയും യഥാര്‍ത്ഥ പ്രശ്നക്കാര്‍ ആളുകളിലേക്ക് കൂടുതല്‍
റീച്ച് ഉള്ള പേജുകാര്‍ തന്നെ ആയിരുന്നു.
ഈ സംഭവങ്ങളെ തുടര്‍ന്ന് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള
ചില ടെലിവിഷന്‍ ചാനലുകളും മറ്റു മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്യുകയും
ഫേസ്ബുക്ക് വിമര്‍ശനവിധേയം ആകുകയും ചെയ്തു.തങ്ങളുടെ ചോര്‍ന്നു വരുന്ന
ജനപ്രീതിയിലും വിശ്വാസ്യതയിലും പരിഭ്രാന്തരായി നിന്നിരുന്ന
മാധ്യമങ്ങള്‍ക്ക് ഫേസ്ബുക്കിനെ വിമര്‍ശിക്കാനും വിശ്വാസ്യതയില്‍ തങ്ങള്‍
തന്നെയാണ് മുന്നില്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഉള്ള അവസരമായാണ്
അവര്‍ ഇതിനെ കണ്ടത്. സത്യത്തില്‍ ഇത്രയധികം ധാര്‍മിക രോഷം കൊള്ളാനുള്ള
യാതൊരു വിധ അവകാശവും ഏഷ്യാനെറ്റ് ഉള്‍പ്പെടയുള്ള മാധ്യമങ്ങള്‍ക്ക് ഇല്ല.
എക്സ്ക്ലുസീവ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലില്‍ എത്രയോ
ജീവിതങ്ങള്‍ തുലച്ചവരാണ് ഇവര്‍,.. ഏറ്റവും വലിയ ഉദാഹരണമായി ഇന്നും നമ്മുടെ
മുന്നിലുണ്ട് ഐ എസ് ആര്‍ ഒ ചാരക്കേസ്.അതുപോലെ വാര്‍ത്തകള്‍ ചമച്ചും
പൊലിപ്പിച്ചും റേറ്റിംഗിന് വേണ്ടി കുറെ ഉപയോഗിച്ചവരാന് ഇന്ന്
ചാരിത്ര്യപ്രസംഗം നടത്തുന്നതും ആശങ്കപ്പെടുന്നതും.
യഥാര്‍ത്ഥത്തില്‍ ഫേസ്ബുക്കില്‍ തന്നെ അതിശക്തമായ ഒരു
തിരുത്തല്‍ ശക്തിയും പ്രവര്‍ത്തിക്കുന്നുണ്ട്.ഒരു വാര്‍ത്ത അല്ലെങ്കില്‍
ഫോട്ടോ വ്യാജമാണ് എന്ന് അറിഞ്ഞാല്‍ ഒട്ടും സമയം കളയാതെ തന്നെ അതും
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ മുന്നില്‍ എത്തുന്നുണ്ട് അവര്‍
തിരുത്തുന്നുമുണ്ട്.ഈ വിവാദസംഭവത്തില്‍ തന്നെ ഫോട്ടോ ഷെയര്‍ ചെയ്തവര്‍
ദുരുദ്ദേശപരമായോ എന്തെങ്കിലും കാര്യം നേടണം എന്ന ലക്ഷ്യത്തോടെയോ അല്ല ഈ
ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.മറിച്ചു ഡല്‍ഹിയിലെ പെണ്‍കുട്ടിയോടുള്ള സ്നേഹവും
ഐക്യദാര്‍ഡ്യവും പ്രകടിപ്പിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശം. ഇവരില്‍
തന്നെ മിക്കവാറും പേര്‍ ഇടയ്ക്കോ മറ്റോ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍
ആണ്.അവര്‍ക്ക് ഒരു ഫോട്ടോ അല്ലെങ്കില്‍ വാര്‍ത്ത സത്യമാണോ എന്ന്
പരിശോധിക്കാന്‍ ഉള്ള സമയം ലഭിക്കുന്നില്ല..ഫേസ്ബുക്കില്‍ ലോഗിന്‍
ചെയ്‌താല്‍ കണ്ണില്‍ കാണുന്ന കുറച്ചു ഫോട്ടോകള്‍ ഷെയര്‍ ചെയ്തു പോകുക
എന്നിട്ട് ലോഗ് ഔട്ട് ചെയ്യുക എന്നതാണ് പൊതുവേ ഇത്തരക്കാര്‍
ചെയ്യുന്നത്.അതുകൊണ്ട് ഈ വാര്‍ത്ത തെറ്റാണ് എന്നാ സന്ദേശം അവര്‍ കാണാതെ
പോകുന്നു.,ഇവിടെ തന്നെ ഇത് ഷെയര്‍ ചെയ്തവര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍
അല്ല. ഈ വ്യാജ ഫോട്ടോ ഉണ്ടാക്കിയവാന്‍ ആണ് ദുരുദ്ദേശത്തോടെ
പ്രവര്‍ത്തിച്ചതും കുറ്റകരമായ ഒരു പ്രവൃത്തി നടത്തിയതും.അത്തരം ആള്‍ക്കാരെ
കണ്ടെത്തി ആദ്യമേ തള്ള ശിക്ഷ നല്‍കിയാല്‍ ബാക്കി ഉള്ളവര്‍ക്കും അതൊരു
മുന്നറിയിപ്പ് ആകുകയും ചെയ്യും ഭാവിയില്‍ എങ്കിലും ഇത്തരം പ്രവൃത്തികള്‍
തടയാന്‍ കഴിയുകയും ചെയ്യും.ആരാണ് ഇത് ചെയ്തത് എന്ന് വളരെ കൃത്യമായി തന്നെ
സൈബര്‍ സെല്ലിനു കണ്ടെത്താന്‍ കഴിയും.
ഇത്തരം ഫോട്ടോകളും വാര്‍ത്തകളും തടയാനും
പ്രോല്‍സാഹിപ്പിക്കാതിരിക്കാനും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ തന്നെ മനസ്സ്
വെച്ചാല്‍ സാധിക്കും.പ്രചാരമുള്ള പേജുകള്‍ നിയന്ത്രിക്കുന്നവരും
ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നവരും അല്‍പ്പം ശ്രദ്ധിച്ചാല്‍ മാത്രം മതി.ഒരു
വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് ഉറപ്പു വരുത്തിയിട്ടു മാത്രം അത് ഷെയര്‍
ചെയ്യുക എന്നാ പൊതുമാനദണ്ഡം ഇവര്‍ പാലിച്ചാല്‍ തന്നെ ഒരു പരിധി വരെ ഇത്തരം
വാര്‍ത്തകള്‍ തടയാന്‍ പറ്റും.അതുപോലെ തന്നെ ഷെയര്‍ ചെയ്യുന്നവര്‍ ഏതൊരു
വാര്‍ത്ത ഷെയര്‍ ചെയ്യുന്നതിന് മുന്‍പേയും ഒന്ന് രണ്ടു വിശ്വസനീയ
സോഴ്സുകള്‍ പരിശോധിച്ചിട്ട് വാര്‍ത്ത സത്യമാണ് എന്ന് ബോധ്യപ്പെട്ടാല്‍
മാത്രം ഷെയര്‍ ചെയ്യുക.ഇനി ഒരു വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത്
ഷെയര്‍ ചെയ്യുന്നത് പരമാവധി തടയുക.മറ്റാരെങ്കിലും അത് ചെയ്യും എന്ന്
വിചാരിച്ചു കാത്തിരിക്കാതെ സ്വയം അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍
പെടുത്തുക.ഇനിയും അപകീര്‍ത്തിപരമായത്തും തെറ്റിദ്ധാരണജനകമായതുമായ
ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെടാതിരിക്കട്ടെ. അതിനു വേണ്ടി സൈബര്‍ ലോകത്തു
ലിഖിതമായ നിയമങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഫേസ്ബുക്ക്
ഉപയോഗിക്കുന്നവര്‍ തന്നെ സ്വയം ചില നിയന്ത്രണങ്ങള്‍ പാലിക്കുക തന്നെ വേണം.
No comments:
Post a Comment