അവള്‍....,..
മെലിഞ്ഞു കൊലുന്നനെ കറുപ്പിന്‍റെയും വെളുപ്പിന്‍റെയും ഏഴഴകുകള്‍ ചാലിച്ചെടുത്ത സുന്ദരിക്കുട്ടിയായിരുന്നു.. വളരെ ചടുലമായി സംസാരിക്കുന്ന ഒരു വായാടിപ്പെണ്ണ്‍...,.. മഞ്ചാടിക്കുരുക്കള്‍ കൈക്കുള്ളിലൂടെ ഊര്‍ന്നു വീഴുന്നതുപോലെ ചിന്നിച്ചിതറി വാക്കുകള്‍ തെറിപ്പിക്കുന്ന ഒരു സംസാരപ്രിയ...
അവള്‍ എന്നാണ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത് എന്ന് ഞാന്‍ വളരെ കൃത്യമായി ഓര്‍ക്കുന്നു. കാരണം ഓര്‍ക്കാന്‍ വേറെ അധികം ഒന്നുമില്ലല്ലോ. അവള്‍ വന്നതിനു ശേഷമുള്ള ഓരോ പ്രഭാതങ്ങളും ഓരോ സായം സന്ധ്യയും എന്‍റെ സ്വപ്നങ്ങളില്‍ നിറങ്ങള്‍ ചാലിച്ചവയായിരുന്നു. അവളില്ലാതെ ഒരു നിമിഷവും കടന്നു പോയിട്ടില്ല. ഉറങ്ങാന്‍ പോകുന്നതും അവളോടൊപ്പം ഉണരുന്നതും അവള്‍ക്കു വേണ്ടി, ദിവസത്തിന്‍റെ ഭൂരിഭാഗവും അവളുടെ മടിയില്‍ തല വെച്ച് അവളുടെ മൃദുമന്ദഹാസം വിരിയുന്ന മുഖത്തേയ്ക്ക് നോക്കി അങ്ങനെ കിടക്കുക എന്നത് ഒരു സ്വപ്നം..
മൂന്നര കൊല്ലത്തെ പ്രണയത്തിനു ശേഷം എന്‍റെ പ്രിയപ്പെട്ടവള്‍ എന്നെ വിട്ടുപോയപ്പോള്‍ മനസ്സ് വറ്റി വരണ്ടിരുന്നു. അതേസമയം തന്നെയാണ് വരണ്ടുണങ്ങിയ മരുഭൂമിയിലേക്ക് വണ്ടി കയറിയതും. ഓര്‍ക്കാനും ഓര്‍ത്തോര്‍ത്തു സന്തോഷിക്കാനും സങ്കടപ്പെടാനും ഒരുപിടി ഓര്‍മ്മകളുമായി. അവളുടെ ഓര്‍മ്മകളില്‍ വിലയം പ്രാപിച്ചു ഓരോ നിമിഷവും ഓരോ ദിവസവും നീറി നീറി കഴിയുകയായിരുന്നു. ഒരു കൊല്ലം കഴിഞ്ഞിട്ടും മാറാത്ത വിരഹം. ഒരു കൊല്ലം അവള്‍ ഇല്ലാതെ കഴിഞ്ഞിട്ടും അവളെ എന്‍റെ മനസ്സില്‍ നിന്നും കുടിയിറക്കാന്‍ പറ്റിയിരുന്നില്ല. ഹൃദയത്തിന്റെ ഒരു കോണില്‍ അവള്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. സൂര്യതെജസ്സോടെ..
അപ്പോഴാണ് ഒരു മാലാഖയെപ്പോലെ, വള കിലുങ്ങുന്നത് പോലെ സംസാരിച്ചു കൊണ്ട് ചല പില മുത്തുകള്‍ കൊഴിച്ചു കൊണ്ട് മഞ്ചാടിക്കുരുവും പെറുക്കി എന്‍റെ ഹൃദയത്തിലേക്ക് വാരി വിതറിക്കൊണ്ട് അവള്‍ കടന്നു വരുന്നത്. തല്‍ക്കാലം നമുക്കവളെ അനാമിക എന്ന് വിളിക്കാം. അവള്‍ കടന്നു വരികയായിരുന്നോ ചെകുത്താന്‍ അവളെ എനിക്ക് കൊണ്ട് തരികയായിരുന്നോ ഞാന്‍ അവളെ തേടി പിടിക്കുകയായിരുന്നോ എന്നറിയില്ല.
ഒരു ഉടക്കിലൂടെയാണല്ലോ സാധാരണ പ്രണയങ്ങള്‍ തളിരിടാറുള്ളത്. ഇതും ഒരു ഉടക്കിലൂടെ തളിരിട്ടു. സ്നേഹത്തിലൂടെ പൂത്തു. പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്നു. എന്‍റെ നഷ്ടപ്രണയത്തിന്റെ വിരഹവേദനയില്‍ എനിക്കൊരു ആശ്വാസമായിരുന്നു അവള്‍,. വാ തോരാതെ സംസാരിക്കുന്ന ഏതു സങ്കടവും ഒരു ചിരിയില്‍ അലിയിച്ചു കളയുന്ന എന്‍റെ അനാമിക..
രാവുകള്‍ പകലാക്കി ഞങ്ങള്‍ സംസാരിച്ചു. മിണ്ടി തുടങ്ങിയാല്‍ പിന്നെ നല്ലൊരു ശ്രോതാവായി ഇരുന്നു കൊടുക്കുക എന്നാ ധര്‍മ്മം ആയിരുന്നു പലപ്പോഴും എനിക്ക്. അത് ഞാന്‍ ആസ്വദിച്ചിരുന്നു. കലപില പറഞ്ഞു കൊണ്ട് ഇടയ്ക്ക് ഒന്ന് മൂള് മൂള് എന്ന് പറഞ്ഞു കൊണ്ട് ഒരു നിമിഷം ഗ്യാപ് ഇടാതെ അവളുടെ ഓരോ ദിവസത്തിലും നടക്കുന്ന ചെറിയ ചെറിയ സംഭവങ്ങള്‍ വരെ അവള്‍ വര്‍ണിക്കും.എന്‍റെ വിശപ്പ് അവള്‍ക്കു വേണ്ടിയായിരുന്നു. എന്‍റെ ദാഹം അവളുടെ ഇടമുറിയാത്ത വാക്കുകള്‍ക്കു വേണ്ടി ആയിരുന്നു. എന്‍റെ ശരീരം അവളോടായിരുന്നു പ്രതികരിച്ചിരുന്നത്..
ക്ലാരയെപ്പോലെ ഒരു മഴ പോലെ കടന്നു വന്നു ഒരു പേമാരിയായ് എന്നിലേക്ക് പെയ്തിറങ്ങിയ എന്‍റെ അനാമിക. എന്നെന്നും എന്‍റെ കൂടെ എനിക്ക് നനയാന്‍ തോന്നുമ്പോള്‍ മഴയായി പെയ്യാനും എന്‍റെ കൂടെ നനയാനും എന്‍റെ തല തുവര്‍ത്തി തരാനും എന്നോടൊപ്പം എന്നെന്നും അവള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു..
ക്ലാരയും മഴയും അവള്‍ക്കു എന്നും പ്രിയപ്പെട്ടതായിരുന്നു. ഞങ്ങളുടെ ഇഷ്ടങ്ങളില്‍ ഏറ്റവും അടുത്ത് നിന്നിരുന്നതും അവ തന്നെയായിരുന്നു. രണ്ടിനെ പറ്റി സംസാരിക്കുമ്പോഴും അവള്‍ക്കു നൂറു നാവായിരുന്നു. അവള്‍ തന്നെയായിരുന്നോ എന്റെ ജീവിതത്തിലെ മഴ.. അവള്‍ എന്നിലേക്ക് പെയ്യുവാന്‍ ആയിരുന്നില്ലേ ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്. അതെ, ആ മഴയില്‍ നനഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആ യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു..
അവള്‍, കവിതകളെയും കഥകളെയും സ്നേഹിക്കുന്ന, പുസ്തകങ്ങള്‍ക്കിടയില്‍ കൂട് കൂട്ടാന്‍ ഇഷ്ടപ്പെടുന്ന മനസ്സില്‍ കവിത സൂക്ഷിക്കുന്ന എന്‍റെ അനാമിക. അവളുടെ എഴുത്തായിരുന്നു എന്നെ അവളിലേക്ക് അടുപ്പിച്ചത്. എഴുതിക്കൂട്ടിയത് അധികമില്ല. പക്ഷെ ഉള്ളതെല്ലാം എന്‍റെ ഹൃദയത്തില്‍ ഞാന്‍ എടുത്തു വെച്ചു. പിന്നീട് അവളുടെ ഓരോ സൃഷ്ടിക്കും വേണ്ടി കാത്തിരുന്നു. പ്രസവവേദനയുടെ യാമങ്ങളില്‍ സംസാരിച്ചാല്‍ എന്‍റെ കവിതകള്‍ മുറിഞ്ഞു പോകുന്നു എന്നവള്‍ പരാതിപ്പെടുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ച് കാത്തിരുന്നിട്ടുണ്ട്. ആ കവിത എന്നിലേക്ക് പെയ്തു ഇറങ്ങുന്നതും കാത്ത്..
അവള്‍ പിണങ്ങുമ്പോള്‍ എന്‍റെ ആകാശത്തിന് കറുപ്പ് നിറമായിരുന്നു. അവള്‍ ദേഷ്യപ്പെടുമ്പോള്‍ എന്‍റെ കണ്ണിലും കറുപ്പ് പടരും. അവളെ പലവട്ടം വേദനിപ്പിച്ചിട്ടുണ്ട് ഞാന്‍...,. അസ്വസ്ഥതയില്‍ നിന്നും ഉയരുന്ന ക്രൂരമായ വാക്കുകളുടെ മുനകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചിട്ടുണ്ട്...പക്ഷെ അമിതമായ സ്നേഹത്തില്‍ നിന്നും ഉടലെടുത്ത ചില അലോസരങ്ങള്‍ ഞങ്ങളുടെ സ്നേഹത്തെ പങ്കിലമാക്കാന്‍ ഒരിക്കലും സമ്മതിക്കാറില്ല. വഴക്കുകള്‍ക്ക് ഒടുവില്‍ ഞങ്ങളില്‍ ഒരാള്‍ തോറ്റാലും ഞങ്ങളുടെ സ്നേഹം തോല്‍ക്കരുത്.
അവള്‍ ഇന്ന് എന്‍റെ ഹൃദയത്തിന്റെ താളമാണ്.. എന്‍റെ മനസ്സിനെ എന്‍റെ ശരീരവുമായി ഇണക്കുന്ന കണ്ണിയാണ്.. എന്‍റെ കാലുകള്‍ക്ക് എന്നെ വഹിക്കാനുള്ള ഊര്‍ജ്ജമാണ്. എന്‍റെ അക്ഷരങ്ങള്‍ ആണ്..ഇനിയും ഒരുപാട് കാലം എന്നെ സഹിക്കാനുള്ള കരുത്ത് അവള്‍ക്കു ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു.. <3 <3
പ്രണയ ഗര്‍ജ്ജനം !! ചിലതൊക്കെ കരിഞ്ഞുമണക്കുന്നില്ലേ എന്നൊരു സംശയം ശ്യാം ..
ReplyDeleteഒരുത്തി മൂടടക്കം കരിച്ചു പോയതാ... ചിലപ്പോ അതിന്റെ മണം ആയിരിക്കും... ;)
ReplyDelete