25 May 2013

"പ്രവാസം പ്രയാസമാക്കുന്നത് പ്രവാസികള്‍ തന്നെയോ??

എങ്ങനെയുണ്ട് പ്രവാസ ജീവിതം??
പ്രവാസിയായി ഇരുപത്തഞ്ചു വര്‍ഷം ജീവിച്ച ആളോടും വെറും ഒരു മാസം മാത്രം പ്രവാസജീവിതം നയിച്ച ആളോടും ഈ ചോദ്യം ചോദിച്ചാല്‍ കിട്ടുന്നത് 'വളരെ കഷ്ടമാണ് ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നു' എന്നാ ഒരേ ഒരു മറുപടി ആയിരിക്കും....എന്താണ് അതിനു കാരണം എന്നാ ചോദ്യത്തിന് ഒറ്റവാക്കില്‍ മറുപടി പറയാന്‍ പറ്റില്ല...അനവധി കാരണങ്ങള്‍ ഉണ്ടാകും...പക്ഷെ അതില്‍ എല്ലാവര്‍ക്കും പൊതുവായി ഉള്ള ഒരു കാരണം പ്രവാസജീവിതത്തോടുള്ള മനോഭാവം തന്നെയാണ്...ഭൂരിഭാഗം പേരും പ്രവാസത്തിലേക്കുള്ള വിമാനം പിടിക്കുന്നത്‌ മനസ്സില്‍ ചില കണക്ക്കൂട്ടലുകളുമായാണ്..മുണ്ട് മുറുക്കി ഉടുത്തും ജോലി ചെയ്യണം...കിട്ടുന്ന കാശൊക്കെ കൂട്ടി വെച്ച് നല്ല ഒരു സമ്പാദ്യം ഉണ്ടാക്കി നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ഡ് ആയി കുടുംബവുമൊത്ത് സന്തോഷമായി ജീവിക്കണം...പക്ഷെ,പോകുന്നവരില്‍ ഭൂരിഭാഗം പേരും പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞാലും പണി മതിയാക്കി വരില്ല...ഇനി അഥവാ നേരത്തെ വരുന്നവര്‍ തന്നെ തൊഴില്‍ പ്രശ്നങ്ങള്‍ മൂലമോ രോഗങ്ങള്‍ മൂലമോ വരുന്നവര്‍ ആയിരിക്കും...ഇതിനര്‍ത്ഥം അഞ്ചു കൊല്ലം കൊണ്ട് ഉണ്ടാക്കാം എന്ന് വിചാരിച്ച കാഷ്‌ ഉണ്ടാക്കാനോ തീര്‍ക്കാം എന്ന് വെച്ച പ്രശ്നങ്ങള്‍ തീര്‍ക്കാനോ അതിന്റെ നാലിരട്ടി സമയം കിട്ടിയിട്ടും അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ്...
അതിന്റെ കാരണങ്ങള്‍ അന്വേഷിച്ചു പോകുമ്പോഴാണ് പ്രവാസി നേരിടുന്ന പല പ്രശ്നങ്ങളുടെയും കാരണങ്ങളും രൂക്ഷതയും മനസ്സിലാകുക..

പ്രവാസിയുടെ പ്രയാസങ്ങളിലെക്കും അതിനു ചില സാധ്യമായ പ്രതിവിധികളിലേക്കും  നമുക്ക് ഒന്ന് ഇറങ്ങിചെന്ന് പരിശോധിക്കാം...

രോഗങ്ങളും ചികിത്സയും;

ജീവിത ശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കാരണം അനേകം രോഗങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നുണ്ട്...
അങ്ങനെയുള്ള രോഗങ്ങളെ ചേര്‍ത്തുവിളിക്കുന്ന 'ഓമനപ്പേര്' ആണ് സിന്‍ഡ്രോം എക്സ്. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകളെയാണ് സിന്‍ഡ്രോം എക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാംതന്നെ ജീവിതശൈലീരോഗങ്ങളുടെ ഗണത്തില്‍ പെടുന്നവയുമാണ്.
പിന്നെ ഉള്ളത് മാനസിക സംഘര്‍ഷങ്ങളാണ്. കുടുംബത്തെക്കുറിച്ചുള്ള കടുത്ത ഉല്‍ക്കണ്ട, പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാനുള്ള പ്രയാസം, ജോലിസ്ഥലത്തെ കടുത്ത നിലപാടുകള്‍, ജോലിഭാരം, തൊഴിലിലെ അസംതൃപ്തി, ഒറ്റപ്പെടല്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സംഘര്‍ഷങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങളാണ്. വിശ്രമം, വിനോദം, ഉറക്കം, വ്യായാമം, സൌഹൃദങ്ങള്‍ ഇവയൊക്കെ പുതിയൊരു ഗള്‍ഫ് മലയാളിയില്‍ വല്ലാത്ത നഷ്ടബോധമുണ്ടാക്കുന്നു. 
പക്ഷെ ഈ രോഗങ്ങള്‍ക്കെല്ലാം കൂടി ഒരു ഒറ്റമൂലിയാണ് പ്രവാസികള്‍ക്ക് എടുത്തു പ്രയോഗിക്കാന്‍ ഉള്ളത്...പനഡോള്‍ ..!!!
ആദ്യമൊക്കെ ഓരോ പനഡോള്‍ വിഴുങ്ങി രോഗങ്ങളെ അടക്കി നിര്‍ത്തുന്ന പ്രവാസി ഒടുവില്‍ ഭക്ഷണം കഴിക്കുന്നതിനു പകരം ഒരു പ്ലേറ്റ്‌ നിറയെ പനഡോള്‍ വിഴുങ്ങിയാല്‍ മതി എന്നാ നിലയില്‍ എത്തുന്നു...കാരണം മറ്റൊന്നുമല്ല...ഈ രാജ്യങ്ങളില്‍ ഒക്കെ ചികില്‍സ ചെലവ് കൂടുതല്‍ ആയിരിക്കും...ഡോക്ടറെ കാണാന്‍ ചിലവാക്കപ്പെടുന്ന കാശ് ഇന്ത്യന്‍ രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്തു നോക്കുമ്പോള്‍ ഡോക്ടറെ കാണുക എന്ന ചിന്ത തന്നെ പ്രവാസി ഉപേക്ഷിക്കുന്നു...ആ കാശും കൂടി വീട്ടിലേക്കു എത്തിച്ചാല്‍ സമ്പാദ്യത്തിലേക്ക് മുതല്‍ക്കൂട്ടാവുമല്ലോ എന്നാ ചിന്തയാണ് അവന്...പക്ഷെ ചുവര്‍ ഉണ്ടെങ്കിലെ ചിത്രം എഴുതാന്‍ പറ്റൂ എന്ന് അവന്‍ ഓര്‍ക്കുന്നില്ല...

എടുത്താല്‍ പൊങ്ങാത്ത ശരീരവും രോഗങ്ങളുമായി നാട്ടില്‍ ചെന്നാല്‍ ശിഷ്ടകാലം ആശുപത്രിയില്‍ കിടക്കേണ്ടി വരും എന്ന് ഓര്‍ക്കുക...ആശുപത്രിയില്‍ കൂടെ കിടക്കാന്‍ പോലും ബന്ധുക്കളെ കിട്ടാത്ത കാലമാണ്...ഇപ്പോള്‍ ദിവസം ഫോണ്‍ ചെയ്യുന്നവര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും വരും...അതുകൊണ്ട് ആദ്യം സ്വന്തം ആരോഗ്യം നോക്കുക...അസുഖം വന്നാല്‍ നല്ല ഒരു ആശുപത്രിയില്‍ ചികില്‍സ തേടുക...അവിടെ എണ്ണികൊടുക്കുന്ന കാശ് ഇന്ത്യന്‍ രൂപയില്‍ കാല്‍കുലേറ് ചെയ്തു സമയം മിനക്കെടുതാതിരിക്കുക...

വ്യായാമക്കുറവ്...
ഇതിനും കാരണം പ്രവാസി തന്നെയാണ്...ജോലിസമയം കഴിഞ്ഞു വന്നാല്‍ ഒന്നുകില്‍ ടിവിയുടെ മുന്നില്‍ ചടഞ്ഞിരിക്കുക...അല്ലെങ്കില്‍ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ കയറി അടയിരിക്കുക...ഇനി അതുമല്ലെങ്കില്‍ വീട്ടുകാരെയും നാട്ടുകാരെയും ഫോണ്‍ ചെയ്തു മണിക്കൂറുകളോളം സംസാരിക്കുക എന്നിവയാണ് ഒഴിവുസമയ വിനോദങ്ങള്‍....,..അതില്‍ ഒരു മണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി ചിലവഴിക്കാന്‍ തുടങ്ങിയാല്‍ തന്നെ കുടവയറും അത് നിറയെ രോഗങ്ങളുമായി നാട്ടിലേക്ക് വണ്ടി കയറേണ്ടി വരില്ല...വ്യായാമം എന്ന് പറഞ്ഞാല്‍ ഒന്നോ രണ്ടോ കിലോമീറ്റര്‍ ഓട്ടം മാത്രമല്ല...റൂമിനുള്ളില്‍ തന്നെ ചെയ്യാവുന്ന അനേകം വ്യായാമങ്ങള്‍ ഉണ്ട്...നാലാള് കൂടിയാല്‍ കളിക്കാവുന്ന ബാഡ്മിന്റണ്‍,ചെറിയ രീതിയിലുള്ള ഫുട്ബോള്‍,വോളിബോള്‍ ഇങ്ങനെയുള്ള കളികളില്‍ ഏര്‍പ്പെടുക...ഇതിനൊന്നും അധികം ചിലവും വരില്ല...അല്ലാതെ ഈ സമയം കൂടി വീട്ടുകാരെ ഫോണ്‍ ചെയ്യാന്‍ ഉപയോഗിക്കാം എന്ന് വിചാരിച്ചാല്‍ പിന്നെ നാട്ടില്‍ പോയി വീട്ടുകാരോടൊപ്പം മനസമാധാനത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന് മനസ്സിലാക്കുകാ...ആശുപത്രി കയറി ഇറങ്ങാനെ നേരം ഉണ്ടാവൂ...

ഭക്ഷണ ശീലങ്ങള്‍ ;

ഭക്ഷണ ശീലം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസികളെ രണ്ടായി തരാം തിരിക്കാം...അമിതഭക്ഷണം മൂലം പ്രയാസപ്പെടുന്നവരും പിന്നെ പട്ടിണി കിടക്കുന്നവരും...
ആദ്യത്തെ ആള്‍ക്കാര്‍ക്ക് ഭക്ഷണം സുലഭമായിരിക്കും അതുകൊണ്ട് തന്നെ വാരി വലിച്ചു തിന്നുകയും ചെയ്യും...പ്രത്യേകിച്ച് അറബിനാടുകളിലെ പൊരിച്ചതും വറുത്തതും എന്നാ കലര്‍ന്നതും ആയ മാംസാഹാരങ്ങള്‍....,..ഇവയൊക്കെ അപ്പുറവും ഇപ്പുറവും നോക്കാതെ വലിച്ചു കയറ്റും എന്നിട്ട് അതിന്റെ ഫോട്ടോ എടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഇട്ടു നാട്ടുകാരെയും വീട്ടുകാരെയും കാണിച്ചു രോമാഞ്ചം കൊള്ളും...പക്ഷെ പിന്നീട് രോഗങ്ങളുമായി നരകിക്കുമ്പോള്‍ പഴയ ഫോട്ടോകള്‍ എടുത്തു നോക്കി വേണ്ടായിരുന്നു എന്ന് മനസ്സിലെങ്കിലും പറയും...

അതുപോലെ രണ്ടാമത്തെ കൂട്ടര്‍ മുണ്ട് മുറുക്കി ഉടുത്തും കാശ് ഉണ്ടാക്കി വീട്ടില്‍ അയച്ചു കൊടുക്കും...അല്ലെങ്കില്‍ ബാങ്കില്‍ നിക്ഷേപിക്കും...ദാഹിക്കുമ്പോള്‍ ഒരു കുപ്പി വെള്ളം പോലും വാങ്ങി കുടിക്കില്ല...മൂന്നുനേരം ഭക്ഷണം എന്നുള്ളത് ഒരു നേരം ഒഴിവാക്കി രണ്ടു നേരം ആക്കും..ഇത്തരക്കാര്‍ക്ക് അള്‍സര്‍,മൂത്രസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഉറപ്പാണ്...പിന്നീട് ഇങ്ങനെ മുണ്ട് മുറുക്കി ഭക്ഷണം കഴിക്കാതെ ഉണ്ടാക്കിയ കാശ് അവസാനം രോഗങ്ങള്‍ മൂലം നട്ടം തിരിയുമ്പോള്‍ ഡോക്ടര്‍ക്ക് കൊടുക്കാനേ തികയൂ എന്നതാണ് അവസ്ഥ...അതുകൊണ്ട് കൃത്യമായ സമയത്ത് ശരിയായ അളവില്‍ നല്ല ഭക്ഷണം കഴിക്കുക...ധാരാളം വെള്ളം കുടിക്കുക..ഇതിനൊക്കെ കാശ് ചിലവാക്കാന്‍ മടി കാണിക്കാതിരിക്കുക...ഭക്ഷണം കഴിക്കുന്ന കാശ് ഇന്ത്യന്‍ രൂപയിലേക്ക് കാല്‍കുലേറ് ചെയ്യാന്‍ ശ്രമിച്ചു നെഞ്ചിടിപ്പ് കൂട്ടാതിരിക്കുക...

സാമ്പത്തികപ്രശ്നങ്ങള്‍...,..

ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ നിന്നും മറ്റു ചില ടെന്‍ഷനുകളിലേക്ക് പോകാം.....
പ്രവാസിയുടെ സാമ്പത്തികപ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കില്ല...വീട്ടില്‍ അംഗസംഖ്യ കൂടുന്നതിനനനുസരിച്ചു ആവശ്യങ്ങളും ചിലവും കൂടും...അതനുസരിച്ച് കറവപ്പശു ആകാന്‍ നിന്ന് കൊടുത്താല്‍ ടെന്‍ഷന്‍ ഒഴിഞ്ഞ നേരവും കാണില്ല...നാട്ടിലേക്ക് തിരിച്ചു പോക്കും കാണില്ല...
പ്രധാനമായും "എനിക്ക് ഇന്ന സാധനം അയച്ചു തരുമോ " എന്നാ ചോദ്യം ആണ് പ്രവാസിയുടെ ഒരു വിധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം ഒരു കാരണം...കിട്ടുന്ന ശമ്പളം കൊണ്ട് വീട്ടു ചിലവും കഴിച്ചു ഒന്ന് നെടുവീര്‍പ്പ് ഇടുമ്പോള്‍ ആയിരിക്കും ബന്ധുക്കളോ സുഹൃത്തുക്കളോ ഏതെന്കിലും ഇലക്ട്രോണിക് സാധനം അല്ലെങ്കില്‍ ആഡംബര വസ്തു കൊണ്ട് തരണം എന്ന് പറഞ്ഞു വിളിക്കുന്നത്‌...,..ഒരു മാസം ഒരാളുടെ ആവശ്യം നിറവേറ്റിയാല്‍ മതി ബജറ്റ്‌ താളം തെറ്റാന്‍...,..
പിന്നെ നാട്ടില്‍ പോകുമ്പോള്‍ നടത്തുന്ന വലിയ വലിയ ഷോപ്പിങ്ങുകള്‍...,..അതിനായി രണ്ടോ മൂന്നോ മാസത്തെ ശമ്പളം ഒരുമിച്ചു ചിലവാക്കേണ്ടി വരും..വീട്ടിലുള്ളവര്‍ക്ക് പുറമേ അകന്ന ബന്ധത്തില്‍ ഉള്ളവര്‍ക്കും അയല്‍ക്കാര്‍ക്കും വരെ എന്തെങ്കിലും ഒരു സാധനം വാങ്ങി ആയിരിക്കും നാട്ടിലേക്ക് പോകുക...അതിനും നല്ലൊരു തുക തന്നെ പോകും...

ഇതില്‍ നിന്നൊക്കെ രക്ഷ നേടാന്‍ അനാവശ്യം ആയ ആവശ്യങ്ങള്‍ മുഖം നോക്കാതെ നിരസിക്കാന്‍ ഉള്ള ആര്‍ജ്ജവം ഉണ്ടാക്കി എടുക്കുക...അണ്ണാ ഒരു മൊബൈല്‍ ഫോണ്‍ അയച്ചു തരുമോ എന്നാ ചോദ്യം വരുമ്പോള്‍ ഇവിടെ ഈന്തപ്പനയില്‍ മൊബൈല്‍ അല്ല ഈന്തപ്പഴം ആണ് കായ്ക്കുന്നത് എന്ന് പറയാന്‍ ശ്രമിക്കുക...അങ്ങനെ പറയാതിരിക്കാന്‍ മാത്രം വേണ്ടപ്പെട്ടവര്‍ ആണെങ്കില്‍ സൌഹാര്‍ദ്ധപരമായി സംസാരിച്ചു നാട്ടിലെ അതെ പൈസയാണ് ഇവിടെ പിന്നെ അങ്ങോട്ട്‌ അയച്ചു തരാന്‍ വേറെ ചിലവും ഉണ്ടാകും എന്നൊക്ക പറഞ്ഞു അവരെ പരമാവധി നിരുല്സാഹപ്പെടുത്തുക...
പിന്നെ നാട്ടില്‍ പോകുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം വാങ്ങി ബാഗില്‍ നിറയ്ക്കുന്ന ഷോപ്പിംഗ്‌ മാമാങ്കം ഒഴിവാക്കുക...ഗള്‍ഫുകാരന്‍ പത്തു വലിയ ബാഗുകളുമായി വന്നിറങ്ങണം എന്നാ പഴയ സങ്കല്പം മാറ്റി മറിച്ച് നിങ്ങള്‍ക്ക്‌ ഏറ്റവും ആവശ്യമുള്ളതും നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ലാഭത്തില്‍ കിട്ടും എന്ന് ഉറപ്പുള്ളതും ആയ കുറച്ചു സാധനങ്ങള്‍ മാത്രം വാങ്ങുക...നാട്ടുകാര്‍ക്ക് മൊത്തം സ്പ്രേ...പിള്ളേര്‍ക്ക് മുഴുവന്‍ കളിപ്പാട്ടങ്ങള്‍ എന്നിവ വാങ്ങി പോക്കറ്റ്‌ കാലിയാക്കാതിരിക്കുക...
ഒന്നും കിട്ടിയില്ലെങ്കില്‍ ഉള്ള മുറുമുറുപ്പ് ആയാലും സാധനം കൊടുത്താല്‍ ഉള്ള നന്ദി ആയാലും രണ്ടു ദിവസം മാത്രമേ രണ്ടിനും  ആയുസ്സുള്ളൂ എന്നാ സത്യം മനസ്സിലാക്കുക...

സേവിംഗ്സ് എന്നാ അമൂല്യശേഖരം...
ഓരോ മാസാവസാനവും എണ്ണി വാങ്ങുന്ന കാശ് അതേപോലെ തന്നെ നാട്ടിലേക്ക് അയച്ചു കൊടുക്കുന്നവരാണ് ഭൂരിഭാഗവും...നാട്ടിലെ ജീവിതചിലവ് വര്‍ദ്ധിച്ചു എന്നതൊക്കെ കണക്കിലെടുത്താല്‍ തന്നെ മിക്കവാറും പ്രവാസികളുടെയൊക്കെ ശമ്പളത്തിന്റെ മുഴുവനും വേണ്ടി വരില്ല അയാളുടെ കുടുംബത്തിന് ജീവിക്കാന്‍...,..(അങ്ങനെ അല്ലാത്ത അവസ്ഥയുള്ളവരും ഉണ്ട്,അവരെപ്പറ്റിയല്ല പറയുന്നത് )...അതുകൊണ്ട് തന്നെ അയക്കുന്ന കാശ് വക മാറ്റി അനാവശ്യമായി ചിലവഴിക്കപ്പെടുന്നുണ്ട് എന്നത് ഒരു സത്യമാണ്...
കാശ് കയ്യില്‍ കിട്ടുമ്പോള്‍ അച്ഛന്‍ അറിയാതെ ഒന്ന് അടിച്ചു പൊളിക്കാം എന്ന് വിചാരിക്കുന്ന കുട്ടികളും സ്വതന്ത്രമായി പര്‍ച്ചേസ്‌ ചെയ്യാന്‍ അവസരം കിട്ടിയാല്‍ കണ്ണും മൂക്കും ഇല്ലാതെ സാരിയും മറ്റും വാങ്ങി കൂട്ടുന്ന ഭാര്യാ-പെങ്ങന്മാരും, ഒരല്‍പം ആര്‍ഭാടം ആയി മദ്യപാനവും കമ്പനിയും ഒക്കെ ആയി അടിച്ചു പൊളിക്കുന്ന അച്ഛനോ സഹോദരങ്ങളോ മിക്കവാറും കുടുംബങ്ങളില്‍ ഉണ്ടാകും...പ്രവാസി നാട്ടില്‍ വന്നു ബാങ്ക് ബാലന്‍സ്‌ നോക്കിയാല്‍ ചിലപ്പോള്‍  തിരിച്ചു പ്രവാസത്തിലേക്കു തന്നെ മടങ്ങാന്‍ ആവശ്യമായ തുക പോലും കാണില്ല എന്നത് പലരുടെയും ജീവിതത്തില്‍ നിന്നും നാം കാണുന്ന ഒരു ദുരന്തം ആണ്... അതുകൊണ്ട് നാട്ടിലേക്ക് കാഷ്‌ അയക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുക...കുറച്ചു കാശ് സ്വന്തം അക്കൌണ്ടില്‍ സുരക്ഷിതമായി നിക്ഷേപിക്കുക...അതിന്റെ ബാക്കി മാത്രം അയക്കുക...മാസാമാസം ഒരു ചെറിയ തുക നിക്ഷേപിച്ചാലും നാട്ടില്‍ പോയാല്‍ വിശ്വസിച്ചവര്‍ ചതിചാലും ഒരു ചെറുകിട ബിസിനസ് തുടങ്ങിയെങ്കിലും ജീവിക്കാന്‍ കഴിയും...അതുകൊണ്ട് സുരക്ഷിതമായ നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുക...


ഇതിലൊക്കെ ഉപരിയായി ഒരു കാര്യം മാത്രം എപ്പോഴും ചിന്തിക്കുക അമ്പത് വയസ്സ് വരെ എല്ല് മുറിയെ പണി എടുത്തിട്ട് ധാരാളം കാശ് സമ്പാദിച്ചിട്ടു കാര്യം ഒന്നുമില്ല...അത് അനുഭവിക്കാന്‍ നിങ്ങള്ക്ക് യോഗം ഉണ്ടായി എന്ന് വരില്ല...അതുകൊണ്ട് പ്രവാസത്തില്‍ ആയാലും ജീവിതം നല്ല രീതിയില്‍ തിന്നും കുടിച്ചും വിനോദങ്ങളില്‍ ഏര്‍പ്പെട്ടും നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവോ അത് പോലെ ജീവിച്ചു തന്നെ തീര്‍ക്കുക...പ്രവാസം ഒരു പ്രയാസം ആയി കാണാതെ ഒരു അവസരം ആയി കാണുക...ജീവിതവും വിവിധ സംസ്കാരങ്ങളും അറിയാനുള്ള യാത്രയിലെ ഒരു ഏട്...

No comments:

Post a Comment