25 May 2013

താരാരാധന അഥവാ ഭ്രാന്ത്‌

മമ്മൂട്ടി എന്ന നടന്‍ സിനിമയില്‍ കയറി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിട്ട് മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ടു...കൃത്യമായി പറഞ്ഞാല്‍ അദ്ദേഹം ആദ്യമായി ഒരു പടത്തില്‍ മുഖം കാണിച്ചത്‌ 1971ല്‍ ആയിരുന്നു...അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നാ സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി....ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കാലചക്രം
എന്ന സിനിമയില്‍ അദ്ദേഹം തന്‍റെ ആദ്യത്തെ ഡയലോഗ് പറഞ്ഞു...പക്ഷെ അദ്ധേഹത്തിന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്‌ 1980കളില്‍ ആയിരുന്നു എന്ന് പറയാം...അന്ന് മുതല്‍ ഇന്നോളം ഏകദേശം മുന്നൂറ്റി അറുപതില്‍ പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു...കാല്‍ നൂറ്റാണ്ടു മുന്‍പേ മലയാളികള്‍ ഒന്നടങ്കം ആരാധിക്കുന്ന രീതിയില്‍ സൂപ്പര്‍ താര പദവിയില്‍ എത്താനും അദ്ദേഹത്തിനായി...തമിഴന്മാരുടെയും തെലുങ്കന്മാരുടെയും രീതിയില്‍ മലയാളത്തില്‍ ആദ്യമായി ആരാധകരുടെ കൂട്ടായ്മകള്‍ അല്ലെങ്കില്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപം കൊണ്ടതും മമ്മൂട്ടിക്ക് വേണ്ടി ആയിരുന്നു....
ഏകദേശം അതേ കാലഘട്ടത്തില്‍ തന്നെയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയും മറ്റും മോഹന്‍ലാല്‍ എന്നാ പ്രതിഭയുടെ ഉദയവും...രണ്ടു പേരും ഒരേ കാലഘട്ടത്തില്‍ വന്നു സൂപ്പര്‍താരപദവി അലങ്കരിക്കുന്ന മലയാളത്തിന്റെ അഭിമാനതാരങ്ങളാണ്...ഇവരെ ചുറ്റിപ്പറ്റിയാണ് കുറച്ചു കാലങ്ങളായി മലയാള സിനിമ ചലിച്ചു കൊണ്ടിരിക്കുന്നത്...കൂടാതെ സാമൂഹ്യസാംസ്ക്കരികരംഗങ്ങളിലും ഇവര്‍ സജീവമാണ്..അതായത് ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും മലയാളി ഇവരെക്കുറിച്ച് പറയുന്നു,ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയുന്നു...പക്ഷെ ഇവരെ ചുറ്റിപ്പറ്റി തീരെ ആശാസ്യമല്ലാത്ത രീതിയിലുള്ള ചില പേക്കൂത്തുകള്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി...ഫാന്‍സ്‌ അസോസിയേഷനുകള്‍ എന്നറിയപെടുന്ന ചില ഇത്തിള്‍ക്കണ്ണികളുടെ അനാരോഗ്യകരമായ ഭ്രാന്തമായ ആരാധനയെക്കുറിച്ചു അനേകമനേകം പരാതികള്‍ പലരും പ്രകടിപ്പിച്ചു കഴിഞ്ഞു ,ചര്‍ച്ചകളും മുറയ്ക്ക് നടന്നു വരുന്നു...പക്ഷെ യാതൊരു മാറ്റവും ഈ ഭ്രാന്തന്മാര്‍ക്ക് ഉണ്ടാവുന്നില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്...


മലയാള സിനിമയിലെ ആദ്യകാല സൂപ്പര്‍ താരങ്ങള്‍ക്കും ആരാധകര്‍ ഉണ്ടായിരുന്നു....വെറുതെ അങ്ങ് ആരാധിക്കുക,ഇഷ്ട്ടപ്പെടുക,അവരുടെ സിനിമകള്‍ കാണുക,അവരെപ്പറ്റി നല്ലത് പറയുക,അവരുടെ ഫോട്ടോകള്‍ ശേഖരിക്കുക,അനുകരിക്കാന്‍ ശ്രമിക്കുക തുടങ്ങിയ നിരുപദ്രവകകരമായ കാര്യങ്ങള്‍ ആയിരുന്നു അന്നത്തെ ആരാധകര്‍ ചെയ്തുകൊണ്ടിരുന്നത്....പക്ഷെ ഇവരുടെ കാലഘട്ടം വന്നതോട് കൂടി സംഘടിതമായ ഫാന്‍സ്‌ കൂട്ടായ്മകള്‍ രൂപപ്പെട്ടു തുടങ്ങി...ഈ താരങ്ങളുടെ ഒരു സിനിമ പ്രഖ്യാപിക്കുമ്പോള്‍ ടെന്‍ഷന്‍ തുടങ്ങുന്നത് ഫാന്‍സ്‌ എന്ന് പറയുന്ന വികാരജീവികള്‍ക്ക് കൂടെയാണ്...പിന്നെ ഇവന്മാര്‍ക്ക് ഊണും ഉറക്കവും ഇല്ല...ആ സിനിമ വിജയിപ്പിച്ചു കൊടുക്കുക എന്നാ ഉത്തരവാദിത്വം തങ്ങളുടെ നെഞ്ചത്താണ് എന്നാ വിചാരവുമായി ഊണും ഉറക്കവും ഇല്ലാതെ അതിനു വേണ്ടിയുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു...

വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാത്തവന്‍ പോലും പടത്തിനെപ്പറ്റി പുതിയ വല്ല വിവരങ്ങളും പുറത്തു വരുന്നുണ്ടോ എന്ന് സാകൂതം അന്വേഷിച്ചു അറിയും...നാല് നേരം ഉരുട്ടി വിഴുങ്ങാനുള്ള അരിയും സാധനങ്ങളും വാങ്ങി കൊടുക്കാന്‍ പോലും കൂട്ടാക്കാത്ത ഈ ഫാന്‍ സിനിമയുടെ പ്രമോഷന്‍ സ്വയമേവ ഏറ്റെടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ മുഖേനയും മറ്റും പടത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നാട്ടുകാരില്‍ എത്തിക്കും..
ഈ താരത്തിന്റെ പടം വിജയിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്ന് ഓരോ ഫാനും ധരിക്കുന്നു...പ്രചാരവേലകള്‍ കഴിഞ്ഞു പടം തിയേറ്ററില്‍ എത്തുമ്പോള്‍ പണ്ട് തമിഴ്നാട്ടിലും ആന്ധ്രയിലും ഒക്കെ കണ്ടതുപോലെ താരങ്ങളുടെ കട്ടൌട്ട്കള്‍ക്ക് പാലഭിഷേകവും പൂജയും ശത്രുസംഹാരപൂജയും ഒക്കെ സംഘടിപ്പിച്ചാണ് ആദ്യ ഷോ ഗംഭീരമാക്കുന്നത്...ഇതിനു വേണ്ടി എന്തെങ്കിലും ജോലി ഉള്ളവന്‍ ആണെങ്കില്‍ കൂടി ലീവെടുക്കാന്‍ വരെ തയ്യാറാകുന്നു...ഒടുവില്‍ പടം കണ്ടിറങ്ങി നാലാളോട് പടത്തെപ്പറ്റി നല്ലവാക്ക് പറഞ്ഞാലേ ഇവനൊക്കെ മുഖം തെളിയൂ..

ഇതൊക്കെ മാത്രമായിരുന്നു ഇവന്റെയൊക്കെ പരിപാടി എങ്കില്‍ സഹിക്കാമായിരുന്നു...പക്ഷെ ഇതും കടന്നു ഒരു പടികൂടി മുന്നോട്ടു പോയാല്‍ മറ്റു താരങ്ങളുടെ സിനിമകളെ പരാജയപ്പെടുത്താന്‍ കൂവല്‍ ,നെഗറ്റീവ് പബ്ലിസിറ്റി തുടങ്ങിയ വൃത്തികെട്ട കലാപരിപാടികളിലൂടെ കച്ച കെട്ടി ഇറങ്ങുന്നിടത്താണ് ഇവരുടെ കേളികള്‍ ഉപദ്രവകരമാകുന്നത്...പ്രധാനമായും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ ബേസ് ചെയ്തു കൊണ്ടാണ് ഇന്ന് ഫാന്‍സ്‌ തറവേലകള്‍ കാണിക്കുന്നത്...ഇവര്‍ രണ്ടു പേരും അടുത്ത സുഹൃത്തുക്കള്‍ ആണ് എന്ന് പോലും മനസ്സിലാക്കാതെ ഇവരുടെ പടങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ചാലി വാരി എറിയുക ,ഇവരുടെ ഫോട്ടോകള്‍ എഡിറ്റ്‌ ചെയ്തു വികൃതമാക്കുക എന്നിട്ട് വികലമായ കോമഡികള്‍ പ്രചരിപ്പിക്കുക എന്നതൊക്കെ ഇവന്മാരുടെ ലീലാവിലാസങ്ങള്‍ ആണ്...സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ഫേസ്ബുക്കില്‍ ഇവരുടെ ഫാന്‍സ്‌ രണ്ടു പേര്‍ക്കും വേണ്ടി പലതരം കമ്മ്യൂണിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്...അതില്‍ ഇവരെപ്പറ്റി മോശമായ രീതിയില്‍ സംസാരിക്കുക,അപഹസിക്കുക എന്നിവയൊക്കെയാണ് നടക്കുന്നത് ഇല്ലാതെ സിനിമയുടെ പുരോഗതിക്ക് വേണ്ടി ഇവന്മാര്‍ ഒന്നും ചെയ്യില്ല...
ഈ ആരാധകരില്‍ ഭൂരിഭാഗവും യുവാക്കളാണ്...ഇവര്‍ കണ്ടു തുടങ്ങിയതോ ഈ അടുത്ത കാലത്ത് ഇറങ്ങിയ ചില പടങ്ങള്‍ മാത്രവും...എണ്‍പതുകളിലും തൊണ്ണൂറുകളിലും ഈ താരങ്ങള്‍ അഭിനയിച്ച ക്ലാസ്സിക്‌ ചിത്രങ്ങള്‍ കണ്ടവര്‍ ഇക്കൂട്ടത്തില്‍ എണ്ണത്തില്‍ വളരെ കുറച്ചേ കാണൂ...അത്തരം നല്ല സിനിമകള്‍ക്ക് പിടിച്ചു ഇരുത്തിയാല്‍ ഇവന്മാര്‍ക്കൊക്കെ ഇരിപ്പ് ഉറയ്കില്ല...മസാല ചിത്രങ്ങള്‍ കണ്ടു കൈയ്യടിക്കാനും സൂപ്പര്‍ എന്ന് ഉദ്ഘോഷിക്കാനും മാത്രമേ ഇവന്മാരെക്കൊണ്ട് പറ്റൂ...ഈ നടന്മാര്‍ക്ക് വേണ്ടി അമ്പലങ്ങള്‍ നിര്‍മ്മിക്കാന്‍ ധൈര്യം കാണിക്കാഞ്ഞത് ഇത് കേരളമായത് കൊണ്ട് മാത്രമായിരിക്കും...അല്ലെങ്കില്‍ അതും ചെയ്തേനെ ഈ വിവരമില്ലാത്തവന്മാര്‍....,...

ഇത് ആരാധനയുടെ ഭാഗമായി ഉണ്ടാകുന്ന ഭ്രാന്ത്‌ എന്ന നിലയില്‍ നിന്നും ഒരുതരം ഉന്മാദ അവസ്ഥയില്‍ എത്തിയിട്ടുണ്ട് ഈയിടെയായി...പരാജയപ്പെടുന്ന സിനിമകള്‍ പോലും വിജയം നേടിയവ ആണെന്ന് കാണിക്കാനും തര്‍ക്കിക്കാനും എത്ര സമയം വേണമെങ്കിലും ഇവര്‍ ചെലവഴിക്കും...ഏതറ്റം വരെ പോകുകയും ചെയ്യും...ഒടുവില്‍ തര്‍ക്കിക്കുന്നവന്റെ കുടുംബത്തിലുള്ള സകലരെയും തെറി വിളിച്ചിട്ടായാലും സിനിമ വിജയമാണെന്ന് സമ്മതിപ്പിക്കും...പക്ഷെ ഈ കോപ്രായങ്ങള്‍ കൊണ്ട് കുത്തുപാള എടുത്തു വീട്ടില്‍ ഇരിക്കുന്ന നിര്‍മാതാവിന് അഞ്ചു നയാപൈസ കൂടുതല്‍ കിട്ടില്ല എന്ന് ഈ മരമണ്ടന്മാര്‍ മനസ്സിലാക്കുന്നുമില്ല...ഇനി അഥവാ നിര്‍മാതാവ് തന്നെ വന്നു പറഞ്ഞാലും കുറച്ചു തെറി വാങ്ങി വെച്ച് വീട്ടില്‍ പോകുക എന്നല്ലാതെ പരാജയം ആയി എന്ന് ഇവന്മാര്‍ സമ്മതിക്കില്ല...
മമ്മൂട്ടിയുടെ പത്തു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത് ഫാന്‍സുകള്‍ തമ്മിലുള്ള ഈ ചെളി വാരി എറിയല്‍ ഒന്ന് കൂടാന്‍ കാരണമായിട്ടുണ്ട്..

ഈ പരാജയപ്പെടുന്ന സിനിമകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ഈ ആരാധകക്രിമിനലുകള്‍ കൂട്ടത്തോടെ പോയി വിമര്‍ശിക്കുന്ന ആളിനെ പച്ചയായി തെറി പറയുന്ന സംഭവങ്ങള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്...ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ത്യവിഷനിലെ ശ്രീ മനീഷ്‌ നാരായണന്‍ എന്ന അവതാരകന്‍ ഈ ഫാന്‍സിന്റെ ക്രിമിനല്‍ സ്വഭാവത്തിന്റെ ഇരയായ വാര്‍ത്ത നമ്മള്‍ വായിച്ചതാണ്...ഒടുവില്‍ ഈ ക്രിമിനലുകള്‍ക്ക് എതിരെ കേസ് കൊടുക്കും എന്ന് വരെ ചിലര്‍ക്ക് പറയേണ്ടി വന്നു...
മറ്റൊരു സംഭവം എടുത്തുപറയാന്‍ ഉള്ളത് എഴുത്തുകാരനും സംവിധായകനും ഒക്കെയായ ചിന്തരവിയുടെ ശവസംസ്കാരച്ചടങ്ങ്‌ നടന്നപ്പോള്‍ ഉണ്ടായ ഫാന്‍സിന്റെ ഇടപെടല്‍ ആണ്...ഷൂട്ടിങ്ങില്‍ ആയിരുന്ന മമ്മൂട്ടിക്ക് വേണ്ടി അല്പസമയം കാത്തിരിക്കേണ്ടി വന്നതില്‍ മംമൂട്ടിയോടെ കവിയും സംവിധായകനും ഒക്കെയായ ഒരാള്‍ അല്പം വികാരവിക്ഷോഭതോടെ സംസാരിച്ചു...പക്ഷെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയ മമ്മൂക്ക എതിര്‍ത്ത് ഒന്നും പറയാതെ തന്റെ കാറില്‍ കയറിപ്പോയി...പക്ഷെ സൂപ്പര്‍താരത്തെ ഒരാള്‍ ചോദ്യം ചെയ്തത് ഇഷ്ട്ടപ്പെടാത്ത ഈ ആരാധകഭ്രാന്തന്മാര്‍ അയാളെ അവിടെത്തന്നെ ഇട്ടു ആക്രമിച്ചു പരിക്കേല്‍പ്പിച്ചു തനി ഗുണ്ടകളെപ്പോലെ പെരുമാറി...ഇങ്ങനെ ഇന്റര്‍നെറ്റ്‌ ലോകത്തായും അല്ലാതെയും താരങ്ങളുടെ പേരില്‍ നിരവധി പേക്കൂത്തുകള്‍ ആണ് നടക്കുന്നത്...ആദ്യമൊക്കെ സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമായിരുന്നു ഫാന്‍സ്‌ അസോസിയേഷനുകള്‍ എങ്കില്‍ ഇപ്പോള്‍ പ്രിത്വിരാജിനും ഈ അടുത്ത കാലത്ത് മാത്രം വന്ന ആസിഫ്‌ അലിക്കും എന്തിനു വിരലില്‍ എണ്ണാവുന്ന നാലാംകിട സിനിമകളില്‍ മാത്രം അഭിനയിച്ച കൊച്ചു നടന്മാര്‍ക്ക് പോലും ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപം കൊള്ളുന്നുണ്ട്...

ഇനി അവരും ഈ അങ്കത്തട്ടിലേക്ക് ഇറങ്ങുന്നതോടെ രംഗം കൂടുതല്‍ മലീമസമാകും...

എന്നാല്‍ ഇവന്മാര്‍ക്കൊക്കെ ഈ കോപ്രായങ്ങള്‍ കൊണ്ട് മലയാളസിനിമയ്ക്ക് ഗുണകരമാകുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് പരിതാപകരമായ്‌ ഏറ്റവും കാര്യം.. പോരാഞ്ഞിട്ട് കൂക്കുവിളിയും ബഹളങ്ങളുമായി തിയേറ്റര്‍ അലമ്പാക്കുന്നത് കൊണ്ട് നേരെ വിപരീതഫലമുണ്ടായി കാണികളെ തിയേറ്ററില്‍ നിന്നും അകറ്റുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട് താനും...ചില ഫാന്‍സ്‌ അസോസിയേഷനുകള്‍ പറയുന്ന ന്യായം തങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനവും നടത്തുന്നുണ്ട് എന്നാണു...പക്ഷെ സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ നിരവധി സാംസ്കാരിക കൂട്ടായ്മകള്‍ ഇന്നുണ്ട്...സാമൂഹ്യപ്രവര്‍ത്തനം നടത്തണം എന്ന് അതിയായ താല്പര്യം ഉള്ളവര്‍ക്ക് അവയോട് കൂടി പ്രവര്‍ത്തിച്ചാല്‍ മതിയാകും....അല്ലാതെ അതിന്റെ മറവില്‍ എന്ത് തോന്നിവാസവും കാണിക്കാന്‍ ശ്രമിക്കരുത്...

ഇവരെ ഇനിയും ഇങ്ങനെ കയറൂരി വിടുകയാണെങ്കില്‍ നടന്മാര്‍ക്ക് തന്നെ പേരുദോഷം ഉണ്ടാകുന്ന സമയം വിദൂരമല്ല....ഇടക്കാലത്ത് ഫാന്‍സിന്റെ അഭിരുചിക്കനുസരിച്ച് തീരെ കലാമൂല്യം ഇല്ലാത്ത തട്ടിക്കൂട്ട് മസാലപടങ്ങളില്‍ അഭിനയിക്കുന്ന പരിപാടി താരങ്ങള്‍ക്കും ഉണ്ടായിരുന്നു...പക്ഷെ ഫാന്‍സ്‌ കിണഞ്ഞു ശ്രമിച്ചിട്ടും അവയൊന്നും വിജയിപ്പിക്കാന്‍ ആയില്ല എന്ന് മാത്രമല്ല വളരെയധികം വിമര്‍ശന ശരങ്ങള്‍ താരങ്ങള്‍ക്ക് നേരെ നീണ്ടിരുന്നു...അതില്‍ നിന്നും താരങ്ങള്‍ പാഠം ഉള്‍ക്കൊള്ളണം..
ഇവരല്ല സിനിമ വിജയിപ്പിക്കുന്നത് എന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കണം..ഉച്ചിയില്‍ വെച്ച കൈ കൊണ്ട് തന്നെ ഉദക ക്രിയയും നടത്തി ഫാന്‍സ്‌ അസോസിയേഷനുകള്‍ പിരിച്ചു വിട്ടു നല്ല സിനിമകളുടെ ഭാഗമായി മാറുക എന്ന ധീരമായ തീരുമാനം താരങ്ങള്‍ എടുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം...

No comments:

Post a Comment