25 May 2013

വസ്ത്രധാരണക്കമ്മിറ്റിക്കാര്‍ അഥവാ കാഴ്ചയെ ബലാല്‍സംഘം ചെയ്യുന്നവര്‍.

പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അതിനെതിരെ എഴുതാനോ പറയാനോ ഇരിക്കാനാവില്ല...പീഡനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്നവര്‍ എന്നാ ഒരു ദുഷ്പേരും നമുക്കുണ്ട്..അത് മാറ്റിയെടുക്കാനും നിരന്തരമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയര്‍ത്താനും നമ്മള്‍ പഠിച്ചിരിക്കുന്നു എന്നാണു ചില ദിവസങ്ങളായി നടക്കുന്ന സമരങ്ങള്‍ തെളിയിക്കുന്നത്..പക്ഷെ,കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചു കളയാം എന്ന ഉദ്ദേശത്തോടെ വളരെ വ്യക്തമായ ലക്ഷ്യങ്ങളുമായി ചിലര്‍ നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവന്‍ ഇരുമ്പ്‌ ചട്ട കൊണ്ട് മൂടി ഒരു താഴിട്ടു പൂട്ടി വീട്ടില്‍ ഇരുത്തണം എന്ന വാദവുമായി രംഗത്ത്‌ എത്തിയിട്ടുണ്ട്... പ്രകോപനപരമായി വസ്ത്രം ധരിക്കരുത് എന്നാണു ഇവരുടെ ആവശ്യം...പ്രകോപനം എന്നത് എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്ന് തെളിച്ചു പറയുന്നില്ലെങ്കിലും ശരീരഭാഗങ്ങള്‍ എല്ലാം മറച്ചു വെക്കണം അല്ലെങ്കില്‍ മറച്ചു വെക്കേണ്ടതാണ് എന്നാണു ഇവര്‍ വാദിച്ചു കൊണ്ടിരിക്കുന്നത്..

സ്വന്തം വീട് തുറന്നിട്ടിട്ടു കള്ളന്മാരെ നിങ്ങള്‍ മോഷ്ട്ടിക്കരുത് നിങ്ങള്‍ നല്ല മനുഷ്യര്‍ ആവൂ എന്ന് പറയുന്നത് പോലെയാണ് പീഡകരുടെ മുന്നിലേക്ക്‌ ശരീരം മുഴുവന്‍ മറയ്ക്കാതെ ഇറങ്ങുന്നത് എന്നാണു ഇവര്‍ പറയുന്നത്..ഇവന്മാരുടെയൊക്കെ വാദങ്ങള്‍ കേട്ടാല്‍ തോന്നും അടച്ചിട്ട വീടുകളില്‍ ഒന്നും കള്ളന്‍ കയറുന്നില്ലെന്ന്...വീടുകള്‍ക്കെല്ലാം ഇരുമ്പിന്‍റെ പൂട്ടും താക്കോലും ഫിറ്റ്‌ ചെയ്തത് കൊണ്ട് കള്ളന്മാര്‍ എല്ലാം മാനസാന്തരപ്പെട്ട് ഇപ്പോള്‍ ബ്ലോഗ്‌ എഴുത്ത്,വാഴ നടല്‍ തുടങ്ങിയ ക്രിയാത്മക ജോലികളിലേക്ക് നീങ്ങിയെന്ന്..കേരളത്തില്‍ ദിനംപ്രതി ഓരോ മൂലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മോഷണക്കേസുകള്‍ എത്രയാണെന്ന് ഇവന്മാര്‍ക്കൊക്കെ വല്ല പിടുത്തവും ഉണ്ടോ ആവോ? മോഷ്ടിക്കണം എന്നാ ഉദ്ധേഷവുമായി നടക്കുന്നവന്‍ വീട് എത്ര അടച്ചു പൂട്ടി വെച്ചാലും എങ്ങനെയെങ്കിലും കുത്തി തുറന്നു അതിനുള്ളിലുല്ലത് അടിച്ചു കൊണ്ട് പോകും..അതുപോലെ തന്നെയാണ് പീഡിപ്പിക്കുന്നവനും...എന്തൊക്കെ വസ്ത്രങ്ങള്‍ ധരിച്ചു ശരീരം മുഴുവന്‍ മൂടിയാലും പെണ്ണിനെ കാണുമ്പോള്‍ അവന്റെ ലിംഗം ഉദ്ധരിക്കുകയും അവനിലെ ഞരമ്പ്‌ രോഗി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും..അതിനു ഉത്തമ ഉദാഹരണമാണ് ഈയിടെ കോളിളക്കം സൃഷ്ടിച്ച പീഡനത്തിലെ ഇരയായ സൌമ്യ എന്നാ സഹോദരി...ആ കുട്ടി ചുരിദാര്‍ കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ യൂണിഫോമും ധരിച്ചിരുന്നു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്...എന്നിട്ടും ഒരുത്തന് അവളിലെ പെണ്ണിനെ കണ്ടപ്പോള്‍ ഉദ്ധാരണം ഉണ്ടാകുകയും പീഡിപ്പിക്കുകയും ചെയ്തു..

ഒരു പടി കൂടി കടന്നു ചിലര്‍ പറയുന്നത് നിരന്തരം അല്പ്പവസ്ത്രധാരിണികളായ സ്ത്രീകളെ കാണുന്നതിലൂടെ ഒരുവനില്‍ നിരന്തരം കാമോദ്ധീപനം നടക്കുമെന്നും ആ മാനസികാവസ്ഥ വികസിച്ചാണ് അവന്‍ പീഡകനായി മാറുന്നത് എന്നുമാണ്..അങ്ങനെ ആണെങ്കില്‍ നിരന്തരം ഹിന്ദി ഇംഗ്ലീഷ് തമിഴ്‌ സിനിമകളും  ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ സണ്ണി ലിയോനിയുടെ പോണ്‍ വീഡിയോകളും കാണുന്നവന്മാര്‍ എല്ലാം റോഡില്‍ ഇറങ്ങി പീഡിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...അപ്പോള്‍ അങ്ങനെ സംഭാവിക്കാതിടത്തോളം കാലം സണ്ണി ലിയോനിയെ കണ്ടു നാട്ടിലുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ആണുങ്ങള്‍ ഇറങ്ങും എന്നാ വാദത്തിനു പ്രസക്തി നഷ്ട്ടപെടുന്നു...

വസ്ത്രം വസ്ത്രം എന്ന് മുറവിളി കൂട്ടുന്നവന്മാര്‍ കാണേണ്ട മറ്റൊരു വസ്തുതയുണ്ട്..ഈയിടെയായി കേരളത്തില്‍ നടക്കുന്ന പീഡനങ്ങളില്‍ നാലും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളും ഇരകളാകുന്നുണ്ട്..അതും വസ്ത്രധാരണത്തിലെ പിഴവ് എന്ന് പറഞ്ഞു നിസ്സാരവല്‍ക്കരിക്കാന്‍ കഴിയില്ല..ശരിക്കും പീടിപ്പിക്കുന്നവരുടെ മാനസികാവസ്ഥയാണ് പീടനങ്ങള്‍ക്ക് കാരണമാകുന്നത്...ചില പ്രത്യേക മാനസിക അവസ്ഥയിലുള്ളവര്‍ മാനസിക നില ചില തലങ്ങളില്‍ എത്തുമ്പോള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് അപ്പോള്‍ മുന്നില്‍ വന്നു പെടുന്നവര്‍ ആരാണോ അവര്‍ ആണ് ഇരയാകുക...അത് ആറുമാസം പ്രായമുള്ള കുഞ്ഞു ആയാലും ശരി അറുപതു വയസ്സുള്ള വൃദ്ധ ആയാലും ശരി ശരീരം മുഴുവന്‍ തുണി ചുറ്റിയ ഒരു പെണ്‍രൂപം ആയാലും ശരി ബിക്കിനി ധരിച്ച സുന്ദരി ആയാലും ശരി...ഇതൊരു രോഗമാണ്..ചികില്‍സ ലഭിക്കേണ്ട ഒരു തരം മാനസിക വൈകല്യം..അതിനു രോഗികളെയാണ് ചികിത്സിക്കേണ്ടത്..അല്ലാതെ നാട്ടുകാരെ മുഴുവന്‍ രോഗിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കുകയല്ല..

"ലോകത്തെ മാറ്റി മറിക്കുന്ന കാര്യം എല്ലാവരും ആലോചിച്ചു തല പുകയ്ക്കുന്നു..എന്നാല്‍ സ്വയം മാറുന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല" എന്ന് പണ്ട് ലിയോ ടോള്‍സ്റ്റോയ്‌ പറഞ്ഞിട്ടുണ്ട്...അതുപോലെ തന്നെയാണ് വസ്ത്രധാരണകമ്മിറ്റിക്കാരുടെ കാര്യവും..സ്ത്രീകളുടെ വസ്ത്രധാരണവും സമൂഹത്തിലുള്ള ഇടപെടലും പ്രകോപനപരം എന്ന് കുറ്റം ചുമത്തി അങ്ങ് നിയന്ത്രിച്ചു കളയാമെന്നു കരുതുന്നവര്‍ എന്ത് കൊണ്ട് ആ പ്രകോപനത്തിന് അടിപ്പെടാതെ തന്റെ വികാരങ്ങളും വിചാരങ്ങളും സ്വയം നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നില്ല...മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് ഉപദേശിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ താന്‍ എങ്ങനെ നടക്കണം എന്ന് തീരുമാനിക്കുന്നത്...

നിങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഞങ്ങള്‍ ഒഴിവാക്കി തരാം പകരം നിങ്ങള്‍ എങ്ങനെ,എന്ത് വസ്ത്രം ധരിക്കണമെന്ന് ഞങ്ങള്‍ പറയും എന്ന് പറയുന്നവര്‍ ഭംഗ്യന്തരേണ പറഞ്ഞു വെക്കുന്നത് നിങ്ങള്‍ അവര്‍  പറയുന്നത് പോലെ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് നിങ്ങളെ പീഡിപ്പിക്കാന്‍ ഉള്ള ലൈസന്‍സ്‌ ആണ് എന്നതാണ്..വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണെന്ന് മനസ്സിലാക്കാത്തവര്‍ അല്ല ഇവര്‍..,..പക്ഷെ വസ്ത്രധാരണമാണ് ഇത്തരം പീഡനങ്ങള്‍ക്ക് കാരണം എന്ന് വരുത്തി തീര്‍ത്താല്‍ സ്ത്രീകളെ തങ്ങള്‍ ഉദ്ദേശിക്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കമെന്നും തങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ തളച്ചിടാം എന്നും വിചാരിച്ചാണ് ഇവര്‍  ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നത് ഗൌരവത്തോടെ കാണേണ്ടതാണ്...


പീഡിപ്പിക്കുന്നവരെയാണ് മാറ്റുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യേണ്ടത് അല്ലാതെ സ്ത്രീകളെ മൊത്തം പീഡിപിക്കുന്നവന്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് മാറ്റുക എന്നത് ഉട്ടോപ്പിയന്‍ ആശയമാണ്..എം എന്‍ കാരശ്ശേരി പറഞ്ഞത് പോലെ "കാഴ്ചയെ മൂടി വെക്കാന്‍ കല്‍പ്പിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ദുഷിച്ച കണ്ണുകള്‍ മൂടിക്കെട്ടി വെക്കുക,അല്ലെങ്കില്‍ അങ്ങ് കുത്തിപ്പോട്ടിക്കുക.."

5 comments:

  1. well said !Its the worst here.Shame on such typical mentality !!!

    ReplyDelete
  2. യപ്‌,.. ഓരോ ദിവസം കൂടുന്തോറും ചിലരുടെ മനസ്സ് ഇടുങ്ങി വരികയാണ്.. ചിലര്‍ മതം വളര്‍ത്താനുള്ള അവസരമായും കാണുന്നു...

    ReplyDelete
  3. ആരുവാടെ ഈ പൂച്ചകുട്ടി ! അതും നീ തന്നെ ആണോ?

    ReplyDelete
  4. നിനക്ക് എന്തുവാടെയ്‌ വേണ്ടത്? ഒളിച്ചിരിക്കാതെ പുറത്തോട്ടു ഇറങ്ങി വന്നു ചോദീര് ..തംശ്യങ്ങള്‍ എല്ലാം തീര്‍ത്തു തരാം...

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete