25 May 2013

പ്രതികരണം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം..

വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് മുതല്‍ ക്യാമറക്കണ്ണുകള്‍ കൊണ്ടുള്ള തുറിച്ചു നോട്ടം ഏതു സ്ത്രീയും നേരിടേണ്ടി വരും. പ്രത്യേകിച്ച് അവള്‍ കുറച്ചു സുന്ദരി കൂടെ ആണെങ്കില്‍ കുറച്ചധികം നേരിടേണ്ടി വരും. അത് തിരക്കുള്ള പൊതു ഇടങ്ങളിലേക്ക് എത്തിയാല്‍ കണ്ണുകള്‍ കൊണ്ടുള്ള അക്രമം കൂടാതെ ശരീരം കൊണ്ടുള്ള അക്രമങ്ങളും നേരിടേണ്ടി വരുന്നു. ബസുകളിലും മറ്റു തിരക്കുള്ള സ്ഥലങ്ങളിലും മുട്ടാനും ഉരുമ്മാനും വരുന്ന ആണുങ്ങള്‍ അനവധി ഉണ്ടാകും. ഇതില്‍ ദര്‍ശന സുഖത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ മുതല്‍ സ്പര്‍ശനസുഖത്തിന്റെ ലഹരിയിലേക്ക് പോകുന്നവരും അതും കടന്നു ബലാല്‍ക്കാരത്തിന്റെ വന്യമായ വഴിയിലേക്ക് പോകുന്നവരും ഉണ്ട്. ഇങ്ങനെ ഒരേ സമൂഹത്തിലെ തന്നെ പല തരം ആള്‍ക്കാരെ നേരിട്ട് കൊണ്ട് വേണം ഒരു സ്ത്രീക്ക് പുറത്തിറങ്ങി നടക്കാന്‍ അല്ലെങ്കില്‍ ജോലി ചെയ്തു തിരിച്ചു വീട്ടില്‍ എത്താന്‍.,.നമ്മുടെ സമൂഹത്തിന്‍റെ മൂല്യച്യുതി,ഞരമ്പ് രോഗം എന്നൊക്കെ എന്ത് പേരിട്ടു വിളിച്ചാലും അതൊരു പച്ചയായ യാഥാര്‍ത്ഥ്യം തന്നെയാണ്. ഒരു ദിവസം കൊണ്ട് ഇല്ലാതാക്കാനോ മാറ്റിയെടുക്കാനോ കഴിയുന്ന ഒരു കാര്യമല്ല അത്. അതുകൊണ്ട് തല്‍ക്കാലം നമുക്ക് സമൂഹം മാറണം എന്ന് അലമുറയിട്ടു കരയാതെ നമ്മെ ശല്യപ്പെടുത്തുന്ന ഓരോരുത്തരെയും മാറ്റാന്‍ അല്ലെങ്കില്‍ ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ് കൊടുക്കാന്‍ മാത്രം ശ്രമിക്കാം. കുറച്ചു കൂടി പ്രായോഗികമായ വഴി അത് തന്നെയാണ്.

അതിനു വേണ്ടത് ഈ ഭൂമി ഇതിലെ ഇടവഴികള്‍ ,റോഡുകള്‍,ബസ്സുകള്‍,സിനിമാ തിയേറ്ററുകള്‍ എന്നിങ്ങനെ ഓരോ പൊതു ഇടവും എന്റേത് കൂടിയാണ് എന്നാ തിരിച്ചറിവ് സ്ത്രീക്ക് വരണം. അങ്ങനെ ഇറങ്ങി നടക്കുമ്പോള്‍ എന്‍റെ നേരെ ഉയരുന്ന ഓരോ കമന്റിന് നേരെയും ഓരോ കൈയ്ക്ക് നേരെയും പ്രതികരിക്കാന്‍ ഉള്ള അവകാശം എനിക്കുണ്ട് എന്നാ സ്വയം ബോധ്യം ആദ്യം ഉണ്ടാക്കി എടുക്കണം. എന്‍റെ ശരീരവും സ്വകാര്യതയും എന്റേത് മാത്രമാണ്. മറ്റൊരാള്‍ക്ക് എന്‍റെ അനുവാദമില്ലാതെ അതിലേക്കു കടന്നു കയറാന്‍ അവകാശമില്ല എന്ന ബോധം സ്വയം ഉണ്ടാകണം.അങ്ങനെ കടന്നു കയറുന്നവന് നേരെ പ്രതികരിക്കാനുള്ള അവകാശം എനിക്കുണ്ട് എന്നും അതിനു സമൂഹത്തിന്‍റെ പിന്തുണ ഉണ്ട് എന്നുമുള്ള സത്യം മനസ്സില്‍ അരക്കിട്ടുറപ്പിക്കണം.

ഇനിയെങ്കിലും തല ഉയര്‍ത്തി നടക്കാന്‍ പഠിക്കുക..സ്വന്തം ശരീരത്തിലേക്ക് ചുഴിഞ്ഞു നോക്കുന്നവനെ നോക്കി എന്താടാ എന്ന് ചോദിക്കാന്‍ പഠിക്കുക.. സ്വന്തം ശരീരത്തില്‍ തൊടുന്നവന്റെ കൈ തട്ടിമാറ്റി അവന്‍റെ കരണം പുകയ്ക്കാന്‍ പഠിക്കുക..കാമവെറിയന്‍മാര്‍ക്ക് നേരെ കൈ ഉയര്‍ത്താന്‍ ചങ്കൂറ്റം കാണിക്കുക. പ്രതികരിക്കാന്‍ പഠിക്കുക. അതാണ്‌ നിങ്ങളുടെ ആയുധം. അല്ലാതെ ഓരോ അപമാനങ്ങളും സഹിച്ചു വീട്ടില്‍ പോയിരുന്നു കരഞ്ഞും സങ്കടം പങ്കിട്ടും ഇരുന്നാല്‍ ഇനിയുമിനിയും നിങ്ങള്ക്ക് അതെ അനുഭവം ഉണ്ടാകാം. നിങ്ങള്‍ ഒരു കൈ ഉയര്‍ത്തിയാല്‍ നിങ്ങളെ കാണുന്ന ഓരോ സഹോദരിക്കും അവളുടെ കൈയും ഉയര്‍ത്താന്‍ ഉള്ള ധൈര്യം വരും.

നിങ്ങളുടെ ഇടയിലും പ്രതികരിക്കുന്ന സഹോദരിമാര്‍ ഉണ്ട് എന്ന് അറിയുക. ഒരു അനുഭവം ഇവിടെ ഷെയര്‍ ചെയ്യട്ടെ.
കുറച്ച്‌ ദിവസങ്ങളായി എന്റെ ഒരു സുഹൃത്തിനെ ഞരമ്പ് രോഗം കൂടി നില്‍ക്കുന്ന ഒരുത്തൻ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു..
ചില സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ഉള്ള അവളുടെ ഫോട്ടോസ്‌ ഒക്കെ എടുത്തു മോർഫ്‌ ചെയ്ത്‌ പ്രചരിപ്പിക്കും..പല പല അപവാദങ്ങളും പറഞ്ഞുണ്ടാക്കും എന്നൊക്കെ ആയിരുന്നു അവന്‍റെ ഭീഷണി .ഇതൊന്നും ചെയ്യാതിരിക്കണമെങ്കില്‍ അവന്‍റെ ചില ഇംഗിതങ്ങള്‍ സാധിച്ചു കൊടുക്കണം എന്ന് ബ്ലാക്ക്മെയിലിംഗ് രൂപത്തില്‍ അവന്‍ ഭീഷണി തുടങ്ങി.ആദ്യം അത് കാര്യമായി എടുക്കാതിരുന്ന അവള്‍ ക്ഷമിച്ച്‌ അവനെ ഒഴിവാക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല...ശല്യം നിരന്തരം തുടര്‍ന്ന്. ഒടുവില്‍ സഹികെട്ട അവള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ അവളുടെ കൃത്യമായ തെളിവുകളോടെ ഉള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അവന്‍ അഴിയെണ്ണുകായും കൂടുതല്‍ നിയമനടപടികള്‍ കാത്തിരിക്കുകയും ചെയ്യുന്നു. പ്രതികരിച്ചത് കൊണ്ട് അവള്‍ക്കു എന്നെന്നേക്കുമായി ആ ശല്യം ഒഴിഞ്ഞു കിട്ടി. കൂടാതെ അവള്‍ ഒരു മാതൃകയും ആയി.

ഇതുപോലെ പ്രതികരിക്കേണ്ട സമയത്ത് കൃത്യമായി പ്രതികരിച്ചാല്‍ നിങ്ങളുടെ പിന്നാലെ മുട്ടിയുരുമ്മി നടക്കാന്‍ ശ്രമിക്കാനോ കമന്റ് അടിക്കാനോ ഒരാള്‍ക്കും ധൈര്യം ഉണ്ടാവില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. ബസില്‍ വച്ച് പുറകില്‍ വന്നു നിന്ന് സ്പര്‍ശന സുഖം ആസ്വടിക്കുന്നവനെ തിരിഞ്ഞു നനിന്ന് അടിക്കാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ നിങ്ങള്‍ അടിച്ചു തീരുന്നതിനു മുന്‍പേ അവനെ അടിച്ചു പുറത്തു കളയാന്‍ പുരുഷന്മാര്‍ തന്നെ നിങ്ങളുടെ കൂടെ ഉണ്ടാകും എന്നത് ഒരു സത്യമാണ്.നിങ്ങളുടെ അഭിമാനം ഉയരുകയെ ഉള്ളൂ..അല്ലാതെ എല്ലാം സഹിച്ചു നിന്നിട്ട് അവസാനം തന്നെ രക്ഷിക്കാനും മാനം സംരക്ഷിക്കാനും ഒരു രാജകുമാരന്‍ കുതിരപ്പുറത്തു വരും എന്ന് വിചാരിച്ചു ഇരുന്നാല്‍ പിന്നെ നിങ്ങള്‍ ജീവിതകാലം മുഴുവന്‍ അങ്ങനെ പീഡന അപമാനങ്ങള്‍ സഹിച്ചു ഇരിക്കേണ്ടി വരും. ആരും കൂടെ നില്‍ക്കും എന്ന ബോധം ഒന്നും ഇല്ലാതെ തന്നെ സ്വയം സംരക്ഷിക്കാന്‍ അറിയാം എന്നാ ഒരു ഉള്‍ബോധം തന്നെ മതി സ്വയരക്ഷയ്ക്ക്. പിന്നെ പെപ്പര്‍ സ്പ്രേ മുതലായ പ്രതിരോധ ഉപാധികള്‍ കയ്യില്‍ കൊണ്ട് നടക്കുന്നതും ഒരു ആത്മധൈര്യം തരും.

വരും തലമുറ ഇതാണോ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി വെച്ച സമൂഹം എന്ന് ചോദിക്കാന്‍ ഇടവരുത്താതെ പ്രതികരിക്കുക ,പ്രതിരോധിക്കുക..നമുക്കും നമ്മുടെ സഹോദരികള്‍ക്കും വേണ്ടി...നമ്മുടെ വരും തലമുറയ്ക്ക് നിര്‍ഭയരായി നടക്കാന്‍ വേണ്ടി..

2 comments:

  1. "എല്ലാം സഹിച്ചു നിന്നിട്ട് അവസാനം തന്നെ രക്ഷിക്കാനും മാനം സംരക്ഷിക്കാനും ഒരു രാജകുമാരന്‍ കുതിരപ്പുറത്തു വരും എന്ന് വിചാരിച്ചു ഇരുന്നാല്‍ പിന്നെ നിങ്ങള്‍ ജീവിതകാലം മുഴുവന്‍ അങ്ങനെ പീഡന അപമാനങ്ങള്‍ സഹിച്ചു ഇരിക്കേണ്ടി വരും"

    correct

    ReplyDelete
  2. പ്രതികരിക്കുക ,പ്രതിരോധിക്കുക...നമ്മുടെ വരും തലമുറയ്ക്ക് നിര്‍ഭയരായി നടക്കാന്‍ വേണ്ടി.. :)

    ReplyDelete