25 May 2013

ഒരു സിനിമാപ്രേമിയ്ക്ക് പറയാനുള്ളത്‌.

ഒരു സിനിമാപ്രേമിയ്ക്ക് പറയാനുള്ളത്‌...,..

മലയാളം സിനിമാ ഇന്‍ഡസ്ട്രി ഇപ്പോള്‍ തിരിച്ചു വരവിന്‍റെ പാതയിലാണ്...ധാരാളം പുതു സംവിധായകരും അഭിനേതാക്കളും നിര്‍മാതാക്കളും സാങ്കേതികപ്രവര്‍ത്തകരും കടന്നു വന്നു കൊണ്ടിരിക്കുന്നു...
അത് കൂടാതെ സിനിമയിലേക്കുള്ള ചവിട്ടു പടി എന്നാ നിലയില്‍ തങ്ങളുടെ കഴിവ് പരീക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച യുവപ്രതിഭകളുടെ പരീക്ഷണ ഷോര്‍ട്ട് മൂവികളും ദിനംപ്രതി ഇറങ്ങുന്നുണ്ട്...വ്യക്തമായ ഒരു സിനിമാ സംസ്കാരം തന്നെ രൂപപ്പെട്ടു വരുന്നുണ്ട് എന്ന് പറയാം...

താരാധിപത്യവും കഥയില്ലായ്മയും സംഘടന വഴക്കുകളും ചേര്‍ന്ന് വെട്ടി തുണ്ടം തുണ്ടമാക്കിയ മലയാള സിനിമയെ ചോരയും നീരും കൊടുത്തു കൂട്ടിയോജിപ്പിച്ച് പഴയ സുവര്‍ണ്ണകാലത്തേയ്ക്ക് കൊണ്ട് പോകാന്‍ ഈ പുതുതലമുറയില്‍ ആളുകള്‍ ഉണ്ട് എന്നും ആ മാറ്റത്തിന് അനുസരിച്ച് മാറാന്‍ പഴയ തലമുറ ശ്രമിക്കുന്നുവെന്നും കുറച്ചു നാളുകള്‍ കൊണ്ട് സിനിമാപ്രേമികള്‍ക്ക് മനസ്സിലായി വരുന്നു...

ആകാംക്ഷയോടെയാണ് ഈ മാറ്റങ്ങളെ എല്ലാവരും നോക്കി കാണുന്നത്...പക്ഷെ ഒരു വിഭാഗം ഇതിനെ വളരെ സംശയ കണ്ണുകളോടെ വീക്ഷിക്കുന്നുണ്ട്...പല സിനിമകളുടെയും കഥകളും പാട്ടുകളുമൊക്കെ കോപ്പിയടി ആണെന്നും സ്വന്തമായി ഒന്നും ഉണ്ടാക്കാന്‍ കഴിവില്ലാത്തവര്‍ ആണ് ഈ പുതുതലമുറ സിനിമാപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും എന്നും അവര്‍ ആക്ഷേപിക്കുന്നു...പക്ഷെ പണ്ടും കോപ്പി അടി ഉണ്ടായിരുന്നു എന്ന് മറുപക്ഷം വാദിക്കുന്നു... അന്ന് പാശ്ചാത്യ സിനിമകള്‍ കാണാന്‍ അധികം അവസരങ്ങള്‍ ഇല്ലായിരുന്നത് കൊണ്ട് അന്നുള്ളവര്‍ക്ക് കോപ്പി അടി ആണെന്ന് മനസ്സിലാവാഞ്ഞതാണെന്നും അവര്‍ വാദിക്കുന്നു.. തന്‍റെ ഹിറ്റ്‌ സിനിമകള്‍ പലതും താന്‍ കോപ്പി അടിച്ചു ഉണ്ടാക്കിയതാണ് എന്നാ പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍ ആണ് ഇന്നത്തെ കോപ്പി അടിയെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത്...

ഇത്തരം വാദപ്രതിവാദങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ കോപ്പി അടിക്കപ്പെട്ടിട്ടുള്ളതും ഇല്ലാത്തതുമായ ഒട്ടുമിക്ക ചിത്രങ്ങളും നല്ല പ്രതികരണം ഉണ്ടാക്കിക്കൊണ്ട് നിറഞ്ഞോടുന്നുണ്ട്...പക്ഷെ കോപ്പി അടിയെ കോപ്പി അടി എന്ന് തുറന്നു പറയുവാനും ക്രെഡിറ്റ്‌ നല്‍കുവാനും സിനിമാപ്രവര്‍ത്തകര്‍ തയ്യാറാകണം അതാണ്‌ മാന്യത...

എന്ത് തന്നെ ആയാലും ഈ ആവേശം നിലനില്‍ക്കട്ടെ എന്നും ഇനിയുമിനിയും പ്രതിഭകള്‍ കടന്നു വരട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് ഒരു സാദാസിനിമാപ്രേമിയുടെ ചില ആഗ്രഹങ്ങള്‍ ഇവിടെ രേഖപ്പെടുത്തട്ടെ...

ആദ്യമായി പറയാനുള്ളത്‌ ഒരു കാലത്ത് തിയേറ്ററുകള്‍ പൂരപ്പറമ്പ് ആക്കിയിരുന്ന അമാനുഷികനായകര്‍ ഹീറോയിസം കാണിച്ചിരുന്ന വണ്‍മാന്‍ഷോ സിനിമകള്‍ ഇനി ഇറക്കരുത് എന്നാണു...നൂറാളുകളെ നായകന്‍ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തുന്ന തരം സിനിമകള്‍ കണ്ടു മടുത്തു...ഇനിയും അത്തരം ചവറുകളുമായി വരരുത്...കണ്ടിരിക്കാനുള്ള സമനില കാണിച്ചു എന്ന് വരില്ല...അതിപ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആയാലും ശരി സൂപ്പര്‍സ്റ്റാറുകളുടെ മക്കള്‍ ആയാലും ശരി,യുവസൂപ്പര്‍സ്റ്റാറുകള്‍ ആയാലും ശരി...

സിനിമകളുടെ സമയദൈര്‍ഘ്യവും അതിലെ പാട്ടുകളും ഫൈറ്റ് സീനുകളും ഒക്കെ നന്നായി ശ്രദ്ധ ചെലുത്തേണ്ട സംഗതികള്‍ തന്നെയാണ്...മൂന്നു മണിക്കൂറില്‍ അധികം ദൈര്‍ഘ്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നു...അത്രയും നേരം തിയേറ്ററില്‍ ഇരിക്കാന്‍ ഇന്ന് സമയവും ഇല്ല താല്പര്യവും ഇല്ല...അതുകൊണ്ട് പാശ്ചാത്യ സിനിമകള്‍ പോലെ ഒന്നരമണിക്കൂര്‍ അല്ലെങ്കില്‍ രണ്ടു മണിക്കൂറില്‍ താഴെ ദൈര്‍ഘ്യം ഉള്ള സിനിമകള്‍ ഉണ്ടാക്കിയാല്‍ വളരെ ഉപകാരമായിരുന്നു...നായകന് നായികയെ ഓരോ വട്ടം കാണുമ്പോഴും അവളെ സ്വപ്നം കാണുമ്പോഴും അവസാനം തെറ്റി പിരിയുമ്പോഴും ഒക്കെ ഉള്ള അഞ്ചും ആറും പാട്ടുകള്‍ കുത്തി തിരുകി വെറുപ്പിക്കുന്നതിനു പകരം പാട്ടുകള്‍ക്കായി ഓഡിയോ സിഡികള്‍ പുറത്തിറക്കി കഥാഗതിയെ നിര്‍ണായകമായി സ്വാധീനിക്കുന്ന പാട്ട് മാത്രം തിയേറ്ററില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു... പിന്നെ അന്നും ഇന്നും മലയാള സിനിമയിലെ ഫൈറ്റ് സീനുകളുടെ നിലവാരം വെറും 'തറ' നിലവാരം തന്നെയാണ്...പത്തും പതിനഞ്ചും മിനുറ്റ് നീണ്ടു നില്‍ക്കുന്ന കൂട്ടതല്ലുകള്‍ വ്യാപകമായിരുന്നു ഒരു കാലത്ത്‌.....,..വില്ലന്മാരുടെ മൂക്കില്‍ പത്തു ഇടി ഇടിച്ചാലും ഒരു തുള്ളി ചോര പോലും വരാത്ത രീതിയിലുള്ള ഇടി...ആ സംഭവങ്ങള്‍ ഒക്കെ ഒന്ന് മാറ്റി കുറച്ചെങ്കിലും റിയലിസ്റ്റിക് ആയ ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തും എന്ന് ആശിക്കുന്നു...

പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം താരങ്ങള്‍ക്ക് വേണ്ടി കഥകള്‍ ഉണ്ടാക്കാതെ സിനിമക്ക് വേണ്ടി നല്ല കഥകള്‍ ഉണ്ടാക്കാനും അതില്‍ പറ്റിയ താരങ്ങളെ കാസ്റ്റ് ചെയ്യാനും ധൈര്യവും കഴിവും പ്രകടിപ്പിക്കുക...താരങ്ങളെ കാണാന്‍ വേണ്ടി മാത്രം തിയേറ്ററില്‍ പോകുന്ന പരിപാടി ഞങ്ങള്‍ പ്രേക്ഷകര്‍ നിര്‍ത്തി...കഥയാണ്‌ താരം...താരപ്രഭ കൊണ്ട് മാത്രം ചിത്രങ്ങള്‍ ഓടില്ല എന്നതിന്റെ ഒരു ഉദാഹരണമാണ് ഒരു താരരാജാവിന്റെ പടങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പരാജയപ്പെടുന്നത്....

ഇത്തരം കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിച്ചു നല്ല കാമ്പും കഥയും ഉള്ള സിനിമകള്‍ ചെയ്യാന്‍ സിനിമാപ്രവര്‍ത്തകര്‍ മുന്നോട്ടു വരട്ടെ എന്നും ഇത്തരം നല്ല സിനിമകള്‍ വിജയിപ്പിക്കാന്‍ സിനിമാപ്രേമികള്‍ തയ്യാറാകട്ടെ എന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു...

No comments:

Post a Comment