12 May 2013

ഓണ്‍ലൈന്‍ ഫെമിനിസം



ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്‌ അമ്മ ആയിരുന്നു...

അച്ഛന്‍റെ സ്ഥായിയായ ഗൌരവം വിട്ട് സ്നേഹത്തോടെ ഒരു സാരി വാങ്ങിക്കൊടുക്കാനും പുറത്തു പോകുമ്പോള്‍ കൂടെ കൊണ്ട് പോകാനും ആവശ്യപ്പെട്ടു നിരന്തരം കലഹിച്ചിരുന്ന അമ്മ...

അടുക്കളയിലെ മിക്സിയോ ഗ്രൈന്‍ഡറോ കേടാകുമ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ അച്ഛന്‍ താല്പര്യം കാണിച്ചില്ലെങ്കില്‍ ഞാന്‍ വീട്ടുജോലി ചെയ്യുന്നതിന്‍റെ കണക്കില്‍ പെടുത്തി നന്നാക്കാന്‍ കാശ് താ എന്ന് പറഞ്ഞു കലഹിച്ചിരുന്ന വീട്ടമ്മ ...!!

പക്ഷെ ഒരു സന്നിഗ്ധഘട്ടം വരുമ്പോള്‍ അച്ഛന്‍ ആദ്യം ഓടി എത്തിയിരുന്നത് അമ്മയുടെ അടുത്തേക്ക്‌ ആയിരുന്നു..ഏതു പ്രതിസന്ധി ഘട്ടത്തിലും അമ്മയ്ക്ക് ഒരു ധൈര്യം പകരാന്‍ ആകുമായിരുന്നു...
വീട് ഭരിക്കാന്‍ ആയിരുന്നുഎന്നും അമ്മയ്ക്കിഷ്ടം...
അമ്മയോടുള്ള അച്ഛന്റെ ബഹുമാനം ആണോ ഗൌരവമാര്‍ന്ന മുഖത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ചത് എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട് ഞാന്‍...,..!!

പിന്നെ കണ്ട ഫെമിനിസ്റ്റ്‌ സഹോദരി ആയിരുന്നു...
പെണ്ണ് കാണാന്‍ വന്ന ചെക്കനോട് കല്യാണം കഴിഞ്ഞാലും എനിക്ക് ജോലി ചെയ്യണം എന്നാവശ്യപ്പെട്ട, സ്ത്രീധനം വാങ്ങാതെ കെട്ടാമോ എന്ന് ചോദിച്ച പ്രിയ സഹോദരി... !!

അത് കഴിഞ്ഞു വിശാലമായ ലോകത്തേക്ക് ഇറങ്ങിയപ്പോള്‍ ഒരു കൂട്ടം ഫെമിനിസ്ട്ടുകളെ കണ്ടു..ഭര്‍ത്താവ് അറിയപ്പെടുന്നത് പോലും തന്‍റെ നാമത്തില്‍ ആക്കി മാറ്റിയ ആര്‍ജ്ജവമുള്ള കുറച്ചു സ്ത്രീകള്‍..,.വാര്‍ഡ്‌ മെമ്പര്‍ ദേവ്യേടത്തി,പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാദേവി, പാര്‍ട്ടി പ്രവര്‍ത്തകമാരായ, വര്‍ഗ്ഗബഹുജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം സ്ത്രീകള്‍..,..!!
ബഹുമാനം ആയിരുന്നു അവരോടൊക്കെ സ്ത്രീ വീടിനുളിലെ അടുക്കളയില്‍ കരിപുരണ്ടു കിടക്കേണ്ട, കൊച്ചുങ്ങളെ പ്രസവിച്ചു നല്‍കേണ്ട ഒരു യന്ത്രമല്ല എന്ന് ഉറച്ചു വിശ്വസിക്കാന്‍ അന്നും ഇന്നും കഴിയുന്നത് ഈ വെയിലത്ത്‌ വാടാത്ത ഉദാഹരണങ്ങള്‍ മുന്നില്‍ ഉള്ളത് കൊണ്ടാണ്...!!

പക്ഷെ ഓണ്‍ലൈനില്‍ എത്തിയപ്പോള്‍ ഫെമിനിസം ഫെമിനിസ്റ്റുകള്‍ എന്നൊക്കെ വെച്ചാല്‍ എന്താണെന്ന് പഠിപ്പിക്കാന്‍ കുറെ കണ്ണട വെച്ചതും വെക്കാതതുമായ ബുദ്ധിജീവികള്‍ വന്നു...
ആണിനെ തെറി വിളിച്ചു നാല് പോസ്റ്റ്‌ ഇടുക, ആണിനെക്കൊണ്ട് ചായ ഉണ്ടാക്കിച്ചു കുടിക്കുന്നതാണ് തന്‍റെ സ്വപ്നം എന്നും പേരിന്റെ വാലായി ഭര്‍ത്താവിന്‍റെ പേര് ചെര്‍ക്കുന്നവല്‍ പെണ്ണല്ല എന്നും പ്രഖ്യാപിച്ച കുറെ ഓണ്‍ലൈന്‍ ഫെമിനിസ്റ്റുകള്‍,..!!
നിലനില്‍പ്പിന് വേണ്ടി സാധാരണ ജനങ്ങള്‍ നടത്തുന്ന സമരങ്ങളില്‍ പോലും സ്ത്രീവിരുദ്ധത ചികഞ്ഞു നോക്കുന്ന ഫെമിനിസ്റ്റുകള്‍...,..
ആണിനെ പോലെ ഡ്രസ്സ്‌ ചെയ്‌താല്‍ , മാറ് മറയ്ക്കാതെ തെരുവില്‍ കിടന്നു അലറി വിളിച്ചാല്‍ സമത്വം ഉണ്ടാകുമെന്ന് വൃഥാമോഹിക്കുന്നവര്‍,..!!

കള്ളുകുടിച്ച് വീട്ടില്‍ കയറി വന്നു തല്ലുണ്ടാക്കുന്ന, അയല്‍പക്കത്തെ ചേച്ചിയുമായി രഹസ്യബന്ധം പുലര്‍ത്തുന്ന, കെട്ടിയോനോട് ഒരു വാക്ക് പോലും എതിര്‍ത്ത് പറയാതെ ഫേസ്ബുക്കില്‍ വന്നു നാട്ടിലുള്ള ആണുങ്ങള്‍ മുഴുവന്‍ കാമവേറിയന്മാരും കള്ളുകുടിയന്‍മാരും ആണെന്നും ഉദ്ഘോഷിച്ചു മറ്റു സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്ന ഒരു സ്ത്രീയും അതില്‍ ഉണ്ടായിരുന്നു...!!

ഇതാണോ ഫെമിനിസം എന്ന് അന്തം വിട്ട് പോയ ...!!
കഷ്ടപ്പെടുന്ന ഒരു പെണ്ണിന് താങ്ങാകാന്‍, അല്‍പ്പം ധൈര്യം പകരാന്‍ അവള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഇവള്‍ക്കൊന്നും നേരമില്ല...
പെണ്ണെ ആണിനെപ്പോലെ ആകാന്‍ നടക്കുന്നതല്ല ഫെമിനിസം..
നിന്നിലെ പെണ്ണിനെ, പെണ്ണിന്റെ ശക്തിയെ കണ്ടെത്തുന്നതാണ് ഫെമിനിസം...!!!

പുറത്തു പോയി ജോലി ചെയ്തു കാശുണ്ടാക്കി സ്വന്തം കാലില്‍ നില്‍ക്കുന്നത് മാത്രമല്ല ഫെമിനിസം..
വീട് ഭരിക്കുന്നതും വീടിനു വേണ്ടി കഷ്ടപ്പെടുന്നതും ഫെമിനിസം തന്നെയാണ്..!!
രണ്ടും സ്വന്തം കുടുംബത്തിന് വേണ്ടിയാണ്..തന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി..!!!!

3 comments:

  1. പുനര്ജനി യും ശ്യാം -ന്റെ തന്നെ ബ്ലോഗ്‌ ആണോ ?

    ReplyDelete
  2. അതെന്ത് ചോദ്യമാ സുഹൃത്തേ.. എന്‍റെ ബ്ലോഗില്‍ ഞാന്‍ വേറെ ഒരു ഐഡിയില്‍ വന്നു അഭിപ്രായം പറയുമോ? അജ്ഞാതന്‍ ആയാലും ചോദിക്കുന്നതിനു ഒരു മര്യാദ വേണ്ടേ?

    ReplyDelete