12 May 2013

മകന്‍

അഛനും അമ്മയും രണ്ടു ഘട്ടങ്ങളിലായി ഓപ്പറേഷനു വേണ്ടി ഹോസ്പിറ്റലൈസ്‌ ചെയ്യപ്പെട്ട സമയമാണു എന്റെ ജീവിതത്തിലെ ഏറ്റവും 'സന്തോഷകരവും' ധന്യവുമായ ദിവസങ്ങൾ..!! 
ഇത്‌ ഞാൻ പറയുമ്പോൾ നിങ്ങൾ തുറിച്ചു നോക്കുന്നതും അമ്പരക്കുന്നതും എനിക്ക്‌ കാണാം.. 
പക്ഷെ നിങ്ങൾ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ എന്നും ഞാൻ നല്ല അസ്സലായി സെന്റിയടിക്കാൻ പോകുകയാണെന്നും മുന്നറിയിപ്പ്‌ തരാൻ ഞാൻ ആഗ്രഹിക്കുന്നു.. !!
ഗർജ്ജിക്കുന്ന പ്രതികരണത്തൊഴിലാളികൾ സെന്റി അടിക്കാൻ പാടില്ല എന്നാണു സംഘടനാനിയമമെങ്കിലും ഒരു സംഘടനയുടെ നിയമാവലിക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കാത്ത ആളാണെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ വേണ്ടി ഞാൻ ചിലത്‌ അയവിറക്കട്ടെ..

രണ്ടു മാസത്തിന്‍റെ ഇടവേളയില്‍ ഏതാണ്ട് ഒന്നര മാസക്കാലം രണ്ടു പേരും കൂടി ഹോസ്പ്പിറ്റ്ലില്‍ ആയിരുന്നു...
മുന്‍പേ ഫിക്സ് ചെയ്തതായിരുന്നു രണ്ടു ഓപ്പറേഷന്‍സും..
രണ്ടു പേരുടെയും ഓപ്പറേഷൻസ്‌ മേജർ ആയിരുന്നെങ്കിലും വലിയ കോമ്പ്ലിക്കേഷൻസ്‌ ഒന്നും ഇല്ലായിരുന്നു..
ഒരു പണിയും ഇല്ലാതെ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന എന്നെ ആയിരുന്നു ഹോസ്പിറ്റലിൽ കൂട്ടുകിടക്കാൻ നിയോഗിച്ചത്‌.. ഹോസ്പിറ്റൽ പരിസരത്ത്‌ പോകുന്നത്‌ പോലും എന്നിൽ ഭയം ജനിപ്പിക്കുന്ന കാര്യമായിരുന്നെങ്കിലും പെട്ടെന്ന് തന്നെ സാഹചര്യങ്ങളോട്‌ ഇണങ്ങാൻ പറ്റിയത്‌ മാതാപിതാക്കളുടെ കാര്യമായത്‌ കൊണ്ട്‌ മാത്രമായിരുന്നു..

ഇള്ളക്കുട്ടിയായിരുന്നപ്പോൾ ശ്വാസതടസ്സവും അല്ലറചില്ലറ അസുഖങ്ങളും മൂലം സ്ഥിരമായി എന്നെയും കൊണ്ട്‌ അവർക്ക്‌ ഹോസ്പിറ്റലിലേക്ക്‌ ഓടെണ്ടി വന്നിട്ടുണ്ട്‌. ഞാൻ ജീവിച്ചിരിക്കും എന്ന് പോലും ഗ്യാരണ്ടിയില്ലാത്ത അവസ്ഥയിൽ അവർ എന്നെയും കൊണ്ട്‌ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്‌.. അതൊക്കെ ഓർത്തപ്പോൾ ഇനി എന്റെ ഊഴമാണെന്ന് എന്റെ മനസ്സ്‌ പറഞ്ഞു.. മൂന്ന് നേരവും ഭക്ഷണം വാങ്ങിക്കൊണ്ട്‌ വരാനും ഓരോ ദിവസവും പലതവണ ഡോക്റ്റർ കുറിച്ച്‌ തരുന്ന മരുന്നുകൾ ഷോപ്പുകൾ തോറും ഓടിനടന്ന് വാങ്ങാനും എനിക്ക്‌ ഒരു നിമിഷം പോലും മടി അനുഭവപ്പെട്ടിരുന്നില്ല..

ഒരു തവണ പോലും ക്ഷീണം തോന്നിയിട്ടില്ല.. അവരുടെ വസ്ത്രങ്ങൾ മാറ്റാനും ടോയിലെറ്റിൽ കൊണ്ടു പോകാനും ഒക്കെ എന്തോ വല്ലാത്തൊരു ആവേശം പോലെ ആയിരുന്നു.. ബന്ധുബലം ഇഷ്ടം പോലെ ഉണ്ടായിരുന്നെങ്കിലും എല്ലാം ഒറ്റയ്ക്‌ ചെയ്യണം എന്ന് ഭയങ്കര ആശയായിരുന്നു.. അവരെ ശുശ്രൂഷിക്കുന്നതിൽ എന്തോ അമൂർത്തമായ ഒരു ആനന്ദം ഉണ്ടായിരുന്നു..!!
കൂട്ടുകിടക്കാൻ പലരും സന്നദ്ധത പ്രകടിപ്പിച്ചിട്ടും എന്നും ഞാൻ തന്നെ ഉറക്കമിളച്ചും അല്ലാതെയും കാവലിരിക്കുമായിരുന്നു.. അവരുടെ മുഖത്തേയ്ക്‌ നോക്കുമ്പോൾ ആ കണ്ണുകളിലെ സ്നേഹം കാണുമ്പോൾ ഉറക്ക ക്ഷീണമൊക്കെ പമ്പ കടക്കും..
സ്നേഹപൂർവ്വം നിർബന്ധിപ്പിച്ച്‌ ഭക്ഷണം കഴിപ്പിക്കുമ്പോൾ എന്റെ ജീവിതത്തിനും എന്തൊക്കെയോ അർത്ഥങ്ങൾ വന്നതു പോലെയായിരുന്നു.. ആശുപത്രിയിലെ ഓരൊ നിമിഷവും സേവനം ചെയ്യുന്നതിന്റെ സുഖവും സംതൃപ്തിയും ഞാനറിഞ്ഞു.. പരുക്കനായ അൽപം മുൻശുണ്ഠിയുള്ള അച്ഛൻ ഒരു കൊച്ചുകുട്ടിയെപ്പോലെ എന്നോട്‌ കൂടുതൽ അടുത്തു.. എന്നും കണ്ടു തുടങ്ങുന്നതും കണ്ടുകൊണ്ടിരിക്കുന്നതും കണ്ടുറങ്ങുന്നതും അവരുടെ മുഖം.. സ്നേഹം,ദയ,വാൽസല്യം എന്നതൊക്കെ എന്താണെന്ന് ശരിക്കും അറിഞ്ഞ ദിവസങ്ങൾ..!!

അഛനെയും അമ്മയെയും ഏറ്റവും അടുത്തറിഞ്ഞ ദിവസങ്ങൾ.. സ്നേഹം എന്നതിന്റെ അർത്ഥം മനസ്സിലാക്കിയ ദിവസങ്ങൾ.. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാജ്ജ്‌ ആയ ദിവസം ഒരു ജന്മം സഫലമായതു പോലെ തോന്നി രണ്ടു പേരെ ഡിസ്ചാർജ്ജ്‌ ചെയ്തപ്പോഴും ആ ഒരു പ്രത്യേക അവസ്ഥ ഞാൻ അനുഭവിച്ചു..!! പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം.. അവർക്ക്‌ വേണ്ടി എന്തൊ വലിയ കാര്യം ചെയ്തത്‌ പോലെ അല്ല..
ഇതൊന്നും ഒരു ത്യാഗമല്ലെന്നും കടമയാണെന്നും എനിക്ക്‌ നല്ലതുപോലെ അറിയാം.. എന്നാലും ഇത്തരം കൊച്ചു കൊച്ചു നിമിഷങ്ങൾ ജീവിതത്തിൽ എത്രമാത്രം വിലപ്പെട്ടതാണെന്നും ആർക്കും ഒരുപകാരവുമില്ലാതെ നീങ്ങുകയായിരുന്ന എന്റെ ജീവിതത്തിൽ ഓർമ്മയിൽ സൂക്ഷിക്കാൻ അൽപം വെളിച്ചം ഇതൊക്കെയേ ഉള്ളൂവെന്നും ഞാൻ തിരിച്ചറിയുന്നു.. മാതാപിതാഗുരുർ ദൈവം എന്നതിൽ ഗുരുവിന്റെ കാര്യം എനിക്കറിയില്ലെങ്കിലും മാതാവും പിതാവും ദൈവം തന്നെയാണു..അവരാണു എന്റെ ദൈവം..!! അവരെ സ്നേഹിക്കുന്നതിലും പരിചരിക്കുന്നതിലും വലിയ ഒരു പുണ്യവും ഒരു സുഖവും ഈ ജീവിതത്തില്‍ ഇല്ല എന്ന് എനിക്ക് ഉത്തമവിശ്വാസമുണ്ട്...!!

അവരെ രണ്ടു പേരെയും അനിയത്തിയെയും വല്ലാതെ മിസ്സ്‌ ചെയ്യുകയും ഗൃഹാതുരത്വം വല്ലാണ്ടങ്ങ് കൂടുകയും ചെയ്യുന്നു..!!
ഈ അവസ്ഥയില്‍ ഇത്തരം ചില നിമിഷങ്ങള്‍ ഓര്‍ത്തിരിക്കാന്‍ വല്ലാത്തൊരു സുഖവും ഉണ്ട്... നൊമ്പരം നിറഞ്ഞ സുഖം...!!

4 comments:

  1. I came across your blog accidentally when searching for something else and i m so incredibly moved.All the best :) :)

    ReplyDelete
  2. The clouds give way to sunshine and so will it be for your family too

    ReplyDelete
  3. വന്നതിനും അഭിപ്രായങ്ങള്‍ പറയുന്നതിനും വളരെ നന്ദി പൂച്ചക്കുട്ടീ.... സന്തോഷം ... :)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete